വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ഞാൻ പഠിപ്പു നിറു​ത്ത​ണോ?

ഞാൻ പഠിപ്പു നിറു​ത്ത​ണോ?

നിങ്ങൾ ചിന്തി​ക്കേണ്ട കാര്യങ്ങൾ

നിങ്ങളു​ടെ ദേശത്തെ നിയമം ആവശ്യ​പ്പെ​ടു​ന്ന അടിസ്ഥാ​ന​വി​ദ്യാ​ഭ്യാ​സം ഏതുവ​രെ​യാണ്‌? നിങ്ങൾ അത്രയും വിദ്യാ​ഭ്യാ​സം നേടി​യോ? അടിസ്ഥാ​ന​വി​ദ്യാ​ഭ്യാ​സം നേടാതെ പഠിപ്പു നിറുത്തിയാൽ “ഉന്നതാ​ധി​കാ​ര​ങ്ങൾക്കു കീഴ്‌പെ​ട്ടി​രി”ക്കാനുള്ള ബൈബി​ളി​ന്റെ ഉപദേശം അവഗണി​ക്കു​ക​യാ​ണു നിങ്ങൾ.—റോമർ 13:1.

വിദ്യാ​ഭ്യാ​സം​കൊണ്ട്‌ നേടാൻ ആഗ്രഹി​ച്ച​തു നിങ്ങൾ നേടി​യോ? വിദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ എന്തു ലക്ഷ്യം കൈവ​രി​ക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? എന്താ, പ്രത്യേ​കിച്ച്‌ ലക്ഷ്യങ്ങ​ളൊ​ന്നും ഇല്ലെന്നാ​ണോ? വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായി​രി​ക്ക​ണം. അല്ലാത്ത​പ​ക്ഷം എങ്ങോട്ടു പോക​ണ​മെ​ന്നു തീരു​മാ​നി​ക്കാ​തെ ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാ​ളെ​പ്പോ​ലെ​യാ​യി​രി​ക്കും നിങ്ങൾ. അതു​കൊണ്ട്‌ മാതാ​പി​താ​ക്ക​ളു​ടെ കൂടെ​യി​രുന്ന്‌ “എന്റെ ലക്ഷ്യങ്ങൾ” എന്ന ഉപതലക്കെട്ടിൻകീഴിലുള്ള ഭാഗം ചർച്ച ചെയ്യുക. മാതാ​പി​താ​ക്ക​ളും നിങ്ങളും ചേർന്ന്‌ തീരു​മാ​നി​ച്ച അത്രയും പഠിക്കുന്നില്ലെങ്കിൽ നിങ്ങൾ ഇടയ്‌ക്കു​വെച്ച്‌ പഠിപ്പു നിറു​ത്തു​ന്ന ഒരാളാണ്‌.

ഇറങ്ങേണ്ട സ്ഥലം എത്തുന്ന​തി​നു​മുമ്പ്‌ ട്രെയിനിൽനിന്ന്‌ എടുത്തു​ചാ​ടു​ന്ന​തു​പോ​ലെ​യാണ്‌ ഇടയ്‌ക്കു​വെച്ച്‌ പഠിപ്പു നിറു​ത്തു​ന്നത്‌.

ഇടയ്‌ക്കു​വെച്ച്‌ നിറുത്താൻ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കുടും​ബ​ത്തെ സാമ്പത്തി​ക​മാ​യി സഹായി​ക്കാ​നോ ആത്മീയപ്രവർത്തനങ്ങളിൽ പങ്കെടു​ക്കാ​നോ വേണ്ടി ചിലർ അങ്ങനെ ചെയ്‌തേ​ക്കാം. ഇനി സ്വാർഥകാരണങ്ങളാൽ പഠിപ്പു നിറു​ത്തു​ന്ന​വ​രു​മുണ്ട്‌, അതായത്‌ പരീക്ഷയിൽനിന്നും ഹോംവർക്കിൽനിന്നും രക്ഷപ്പെടാൻവേണ്ടി അങ്ങനെ ചെയ്യുന്നവർ. മുഖ്യ​മാ​യും എന്താണു നിങ്ങളെ അതിനു പ്രേരി​പ്പി​ക്കു​ന്ന​തെ​ന്നു കണ്ടുപി​ടി​ക്കു​ന്ന​താണ്‌ ഏറ്റവും വലിയ വെല്ലു​വി​ളി—ന്യായ​മാ​യ കാരണ​ങ്ങ​ളാ​ലാ​ണോ അതോ സ്വാർഥകാരണങ്ങളാലാണോ നിങ്ങൾ അങ്ങനെ ചെയ്യു​ന്നത്‌? പ്രശ്‌നങ്ങളിൽനിന്ന്‌ ഒളി​ച്ചോ​ടാ​നാ​ണു നിങ്ങൾ പഠനം ഉപേക്ഷിക്കുന്നതെങ്കിൽ അതു കൂടുതൽ പ്രശ്‌ന​ങ്ങ​ളി​ലേ​ക്കു നയി​ച്ചേ​ക്കാം.

ഇടയ്‌ക്കു​വെച്ച്‌ പഠിപ്പു നിറു​ത്തു​ന്നത്‌ ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്ന​തി​നു മുമ്പ്‌ ട്രെയിനിൽനിന്ന്‌ എടുത്തു​ചാ​ടു​ന്ന​തു​പോ​ലെ​യാണ്‌. ട്രെയി​നി​ലെ യാത്ര ഒട്ടും സുഖമ​ല്ലാ​യി​രി​ക്കാം. കൂടെ യാത്ര ചെയ്യു​ന്ന​വ​രും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ടാ​കാം. പക്ഷേ, അതിന്റെ പേരിൽ ട്രെയിനിൽനിന്ന്‌ എടുത്തു​ചാ​ടി​യാ​ലോ? ലക്ഷ്യസ്ഥാ​നത്ത്‌ എത്തി​ല്ലെ​ന്നു മാത്രമല്ല ഗുരു​ത​ര​മാ​യി പരിക്കേൽക്കാനുള്ള സാധ്യ​ത​യു​മുണ്ട്‌. സമാന​മാ​യി ഇടയ്‌ക്കു​വെച്ച്‌ പഠിത്തം നിറുത്തിക്കളഞ്ഞാൽ നിങ്ങൾക്കു ജോലി കിട്ടാ​നു​ള്ള സാധ്യത കുറയു​ക​യാണ്‌. ഇനി എങ്ങനെ​യെ​ങ്കി​ലും ഒരു ജോലി കണ്ടെത്തി​യാ​ലോ, വിദ്യാ​ഭ്യാ​സം പൂർത്തിയാക്കിയാൽ കിട്ടുമായിരുന്നതിനെക്കാൾ താഴ്‌ന്ന ശമ്പളവും.

ഇടയ്‌ക്കു​വെച്ച്‌ പഠനം നിറു​ത്തു​ന്ന​തി​നു പകരം സ്‌കൂളിൽ നിങ്ങൾക്കുള്ള പ്രശ്‌ന​ങ്ങ​ളെ ക്ഷമയോ​ടെ നേരി​ടു​ക. അപ്പോൾ നിങ്ങളു​ടെ സഹനശീ​ലം വളരും. മാത്രമല്ല പിന്നീടു ജോലി​സ്ഥ​ലത്ത്‌ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അവയെ നന്നായി കൈകാ​ര്യം ചെയ്യാ​നു​ള്ള അനുഭ​വ​പ​രി​ച​യ​വും നിങ്ങൾ നേടും.

എന്റെ ലക്ഷ്യങ്ങൾ

വിദ്യാ​ഭ്യാ​സ​ത്തി​ന്റെ പ്രധാന ലക്ഷ്യം, ഭാവിയിൽ കുടും​ബം പോറ്റാൻ സഹായി​ക്കു​ന്ന ജോലി കണ്ടെത്തു​ക​യാണ്‌. (2 തെസ്സലോനിക്യർ 3:10, 12) ഏതു തരം ജോലി​യാ​ണു വേണ്ട​തെ​ന്നു തീരു​മാ​നി​ച്ചോ? സ്‌കൂ​ളി​ലെ പഠനം അതിനാ​യി നിങ്ങളെ എങ്ങനെ ഒരുക്കും? നിങ്ങളു​ടെ വിദ്യാ​ഭ്യാ​സം ശരിയായ ദിശയിൽ നിങ്ങളെ നയിക്കു​ന്നു​ണ്ടോ എന്നു കണ്ടുപിടിക്കാൻ ഇതാ ചില ചോദ്യങ്ങൾ:

  • എന്റെ കഴിവുകൾ എന്തെല്ലാ​മാണ്‌? (ഉദാഹ​ര​ണ​ത്തിന്‌, ആളുക​ളു​മാ​യി നന്നായി ഇടപെടാൻ കഴിയു​ന്നു​ണ്ടോ? സാധങ്ങൾ ഉണ്ടാക്കു​ന്ന​തോ നന്നാക്കു​ന്ന​തോ പോലുള്ള ജോലികൾ ഇഷ്ടമാ​ണോ? പ്രശ്‌ന​ങ്ങ​ളെ വിലയി​രു​ത്താ​നും പരിഹാ​രം കണ്ടെത്താ​നും ഉള്ള കഴിവ്‌ നിങ്ങൾക്കുണ്ടോ?)

  • എന്റെ കഴിവുകൾ ഉപയോഗിക്കാൻ പറ്റിയ ജോലി ഏതാണ്‌?

  • എന്റെ നാട്ടിൽ എന്തെല്ലാം തൊഴിൽ അവസര​ങ്ങ​ളാ​ണു​ള്ളത്‌?

  • തൊഴിൽ കണ്ടെത്താൻ സഹായി​ക്കു​ന്ന എന്തെങ്കി​ലും ഞാൻ പഠിക്കു​ന്നു​ണ്ടോ?

  • എന്റെ ലക്ഷ്യം കൈവരിക്കാൻ എളുപ്പം സഹായി​ക്കു​ന്ന എന്തെങ്കി​ലും എനിക്കു പഠിക്കാ​നാ​കു​മോ?

ഭാവിയിൽ ഉപകാ​ര​പ്പെ​ടു​ന്ന എന്തെങ്കി​ലും വിദ്യാ​ഭ്യാ​സം നേടു​ക​യാണ്‌ നിങ്ങളു​ടെ ലക്ഷ്യം എന്ന കാര്യ​വും മറക്കാ​തി​രി​ക്കു​ക. അതു​കൊണ്ട്‌ ഉത്തരവാദിത്വങ്ങൾ ഏറ്റെടു​ക്കാ​നു​ള്ള മടി​കൊണ്ട്‌ ജീവി​ത​കാ​ലം മുഴുവൻ പഠിച്ചു​കൊ​ണ്ടി​രി​ക്കാ​മെന്നു കരുത​രുത്‌. അങ്ങനെ ചെയ്‌താൽ, സ്ഥലം എത്തിയി​ട്ടും ട്രെയിനിയിൽനിന്ന്‌ ഇറങ്ങാൻ കൂട്ടാ​ക്കാ​ത്ത യാത്ര​ക്കാ​ര​നെ​പ്പോ​ലെ​യാ​യി​രി​ക്കും നിങ്ങൾ.