വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ എങ്ങനെ തടി കുറയ്‌ക്കാം?

 ഞാൻ ശരിക്കും തടി കുറയ്‌ക്ക​ണോ?

 തടി കുറയ്‌ക്ക​ണ​മെന്നു പല ചെറു​പ്പ​ക്കാർക്കും ആഗ്രഹ​മുണ്ട്‌. പക്ഷേ . . .

 •   പലരും ആരോ​ഗ്യ​മല്ല ആകാര​മാ​ണു നോക്കു​ന്നത്‌. തടി കുറയ്‌ക്കാ​നുള്ള എളുപ്പ​മാർഗ​മാ​യി പലരും കണ്ടിരി​ക്കു​ന്നതു ഭക്ഷണം കഴിക്കാ​തി​രി​ക്കുക, തടി കുറയ്‌ക്കാ​നുള്ള മരുന്നു കഴിക്കുക ഇതൊ​ക്കെ​യാണ്‌. അത്തരം കുറു​ക്കു​വ​ഴി​കൾ നമുക്കു പ്രയോ​ജനം ചെയ്യണ​മെ​ന്നില്ല. ചില​പ്പോ​ഴൊ​ക്കെ അതു വലിയ അപകട​വും വരുത്തി​വെ​ച്ചേ​ക്കാം.

   “ചില പെൺകു​ട്ടി​കൾ പെട്ടെന്നു തടി കുറയ്‌ക്കു​ന്ന​തി​നു​വേണ്ടി പട്ടിണി കിടക്കു​ന്നു. ഇതു ശരിക്കും അവരുടെ ശരീര​ത്തി​നു വലിയ ദോഷം ചെയ്യും. പിന്നെ ശരീരം പഴയപ​ടി​യാ​കാൻ ഒരുപാട്‌ സമയം എടുക്കും.”—ഹെയ്‌ലി.

 •   തടി എന്നു പറയുന്ന പലർക്കും തടിയില്ല. പലരു​ടെ​യും പ്രശ്‌നം അവർ അവരെ കൂട്ടു​കാ​രു​മാ​യി താരത​മ്യം ചെയ്‌തു​നോ​ക്കു​ന്ന​താണ്‌. ഇനി മാധ്യ​മങ്ങൾ ഏറെ ഭംഗി​യെന്നു വിശേ​ഷി​പ്പി​ക്കു​ന്നതു മെലി​ഞ്ഞി​രി​ക്കു​ന്ന​വ​രെ​യാണ്‌. ആ താരങ്ങ​ളെ​ക്കാൾ അല്‌പം തടി കൂടി​യാൽ അതും അവർക്കു പ്രശ്‌ന​മാണ്‌.

   “എനിക്ക്‌ 13 വയസ്സു​ള്ള​പ്പോൾ ഞാൻ എന്നെയും കൂട്ടു​കാ​രെ​യും താരത​മ്യം ചെയ്‌തു​നോ​ക്കാൻതു​ടങ്ങി. ഞാൻ അവരെ​പ്പോ​ലെ ആയിരു​ന്നെ​ങ്കിൽ അവർക്ക്‌ എന്നെ ഇഷ്ടപ്പെ​ട്ടേനെ എന്നു ഞാൻ ചിന്തിച്ചു. പക്ഷേ അതിനു ഞാൻ കോലു​പോ​ലെ മെലി​യ​ണ​മാ​യി​രു​ന്നു.”—പവോലാ.

 അതേസ​മ​യം അനേകം ചെറു​പ്പ​ക്കാർക്കും അമിത​ഭാ​രം ഒരു യഥാർഥ പ്രശ്‌നം​ത​ന്നെ​യാണ്‌. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഒരു റിപ്പോർട്ട്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ . . .

 •   ലോക​വ്യാ​പ​ക​മാ​യി 5 വയസ്സി​നും 19 വയസ്സി​നും ഇടയി​ലുള്ള 34 കോടി യുവ​പ്രാ​യ​ക്കാർ അമിത​ഭാ​ര​മു​ള്ള​വ​രാണ്‌.

 •   1975-ൽ 5-നും 19-നും ഇടയ്‌ക്കു പ്രായ​മുള്ള കുട്ടി​ക​ളിൽ പൊണ്ണ​ത്ത​ടി​യു​ള്ളത്‌ 4 ശതമാ​ന​ത്തി​നാ​യി​രു​ന്നെ​ങ്കിൽ 2016-ൽ അത്‌ 18 ശതമാ​ന​മാ​യി വർധി​ച്ചി​രി​ക്കു​ന്നു.

 •   ലോക​ത്തി​ന്റെ പല ഭാഗത്തും തൂക്കക്കു​റ​വു​ള്ള​വ​രെ​ക്കാൾ പൊണ്ണ​ത്ത​ടി​യു​ള്ള​വ​രാ​ണു കൂടുതൽ.

 •   വരുമാ​നം കുറവുള്ള രാഷ്ട്ര​ങ്ങ​ളി​ലും പൊണ്ണ​ത്തടി സാധാ​ര​ണ​മാണ്‌. അവിട​ങ്ങ​ളിൽ വേണ്ടത്ര പോഷ​ക​മൂ​ല്യ​മുള്ള ഭക്ഷണം കിട്ടാത്ത കുടും​ബ​ങ്ങ​ളി​ലെ ചിലർക്കു​പോ​ലും പൊണ്ണ​ത്ത​ടി​യുണ്ട്‌.

 തടി കുറയ്‌ക്കാ​നുള്ള ഏറ്റവും നല്ല വഴി എന്താണ്‌?

 നിങ്ങൾ എന്തു ചെയ്യും?

 1.   ചില നേരത്തെ ഭക്ഷണം ഒഴിവാ​ക്കും.

 2.   സമീകൃ​താ​ഹാ​ര​ത്തോ​ടൊ​പ്പം വ്യായാ​മ​വും ചെയ്യും.

 3.   തടി കുറയ്‌ക്കാ​നുള്ള മരുന്നു കഴിക്കും.

 ശരിയായ ഉത്തരം, രണ്ടാമ​ത്തേ​താണ്‌: സമീകൃ​താ​ഹാ​ര​ത്തോ​ടൊ​പ്പം വ്യായാ​മ​വും ചെയ്യും.

 ചില നേരം ഭക്ഷണം കഴിക്കാ​തി​രി​ക്കു​ന്ന​തോ ചില തരം ഭക്ഷണസാ​ധ​നങ്ങൾ ഒഴിവാ​ക്കു​ന്ന​തോ ഒക്കെ പെട്ടെന്നു ഫലം ചെയ്‌തേ​ക്കാം എന്നതു ശരിയാണ്‌. എന്നാൽ അതൊ​ന്നും ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യണ​മെ​ന്നില്ല. ഒരിക്കൽ നിങ്ങളു​ടെ പഴയ ഭക്ഷണരീ​തി​യി​ലേക്കു മടങ്ങു​മ്പോൾ പോയ തടി പിന്നെ​യും വരും.

 അതു​കൊണ്ട്‌ ഭക്ഷണം ഒഴിവാ​ക്കു​ന്ന​തി​നെ​ക്കാ​ളും നല്ലത്‌ ആരോ​ഗ്യ​ത്തി​നു പ്രാധാ​ന്യം കൊടു​ക്കു​ന്ന​താ​യി​രി​ക്കും. അതു നിങ്ങളു​ടെ ശരീര​ത്തി​നും മനസ്സി​നും ഉണർവും ഉന്മേഷ​വും തരും. ഡോ. മൈക്കിൾ ബ്രാഡ്‌ലി * പറയുന്നു: “നിലനിൽക്കുന്ന പ്രയോ​ജനം ലഭിക്ക​ണ​മെ​ങ്കിൽ നിങ്ങൾ ജീവി​ത​ശൈ​ലി​ക്കു​തന്നെ മാറ്റം വരുത്തണം. അതു നിങ്ങളു​ടെ ജീവി​ത​കാ​ലം മുഴുവൻ തുടർന്നു​കൊ​ണ്ടു​പോ​കാ​നും പറ്റണം. . . . ഏറ്റവും സുരക്ഷി​ത​വും ആരോ​ഗ്യ​ക​ര​വും ആയ രീതി അതാണ്‌.” മനസ്സിൽപ്പി​ടി​ക്കേണ്ട ആശയം എന്താണ്‌? നിങ്ങൾ തടി കുറയ്‌ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഏതെങ്കി​ലും പ്രത്യേക ഭക്ഷണരീ​തി​യി​ലേക്കു മാറു​ന്ന​തി​നെ​ക്കാൾ നല്ലതു നിങ്ങളു​ടെ ജീവി​ത​ശൈ​ലി​ക്കു മാറ്റം വരുത്തു​ന്ന​താ​യി​രി​ക്കും.

 നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌?

 ‘ശീലങ്ങ​ളിൽ മിതത്വം പാലി​ക്കാൻ’ ബൈബിൾ പറയുന്നു. അതിൽ ഭക്ഷണശീ​ല​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 3:11) അമിത ഭക്ഷണം ഒഴിവാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അത്‌ എടുത്തു പറയു​ന്നുണ്ട്‌. (സുഭാ​ഷി​തങ്ങൾ 23:20; ലൂക്കോസ്‌ 21:34) ആ തത്ത്വങ്ങൾ മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ പിൻവ​രുന്ന കാര്യങ്ങൾ പരീക്ഷി​ച്ചു​നോ​ക്കുക. അതു നിങ്ങൾക്ക്‌ ആരോ​ഗ്യ​ക​ര​മായ ജീവി​ത​ശൈലി സമ്മാനി​ക്കും.

 •   ആരോ​ഗ്യം തരുന്ന ഭക്ഷണസാ​ധ​നങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു മനസ്സി​ലാ​ക്കുക.

   ഇതി​നെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ വളരെ​യ​ധി​കം തലപു​ക​യ്‌ക്കേ​ണ്ട​തി​ല്ലെ​ങ്കി​ലും പോഷ​ക​പ്ര​ദ​മായ ആഹാരം ഏതൊ​ക്കെ​യാ​ണെന്ന്‌ അല്‌പ​മെ​ങ്കി​ലും മനസ്സി​ലാ​ക്കി​വെ​ക്കു​ന്നതു സമീകൃ​താ​ഹാ​രം കഴിക്കാൻ നിങ്ങളെ വളരെ സഹായി​ക്കും. തടി കൂടാ​തി​രി​ക്കാ​നുള്ള മികച്ച മാർഗ​ങ്ങ​ളിൽ ഒന്നാണ്‌ സമീകൃ​താ​ഹാ​രം കഴിക്കു​ന്നത്‌.

 •   മുടങ്ങാ​തെ വ്യായാ​മം ചെയ്യുക.

   ഊർജ​സ്വ​ല​ത​യോ​ടെ ഇരിക്കാൻ ദിവസ​വും എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ലിഫ്‌റ്റ്‌ ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം പടികൾ കയറി​പ്പോ​കാൻ തീരു​മാ​നി​ക്കുക. മൊ​ബൈ​ലിൽ ഗെയിം കളിക്കാൻ ഉപയോ​ഗി​ക്കുന്ന സമയത്തിൽനിന്ന്‌ അര മണിക്കൂ​റെ​ങ്കി​ലും നടക്കാൻ പോകു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കാ​നാ​കു​മോ?

 •   വറപൊ​രി​ക്കും മറ്റും പകരമാ​യി പോഷ​കാ​ഹാ​രം കഴിക്കുക.

   “ശരീര​ത്തി​നു ഗുണം ചെയ്യാത്ത ഭക്ഷണസാ​ധ​നങ്ങൾ ഒരുപാട്‌ കഴിക്കാ​നുള്ള പ്രലോ​ഭ​നത്തെ ചെറു​ക്കാൻ പോഷ​ക​മൂ​ല്യ​മുള്ള പഴങ്ങളോ പച്ചക്കറി​ക​ളോ പോലുള്ള ഭക്ഷണസാ​ധ​നങ്ങൾ എപ്പോ​ഴും എന്റെ അടുത്തു​തന്നെ വെക്കും” എന്ന്‌ കൗമാ​ര​പ്രാ​യ​ത്തി​ലുള്ള സോഫിയ പറയുന്നു.

 •   സാവകാ​ശം കഴിക്കുക.

   വയറു നിറ​ഞ്ഞെന്ന്‌ ശരീരം നൽകുന്ന സന്ദേശം “കേൾക്കാൻ” കഴിയാ​ത്തത്ര വേഗത്തി​ലാ​ണു ചില ആളുകൾ ഭക്ഷണം കഴിക്കു​ന്നത്‌. അതു​കൊണ്ട്‌ സാവകാ​ശം ഭക്ഷണം കഴിക്കുക. രണ്ടാമത്‌ എടുക്കു​ന്ന​തി​നു മുമ്പ്‌ നന്നായി ഒന്നു ചിന്തി​ക്കുക. നിങ്ങൾ വിചാ​രി​ക്കു​ന്നത്ര വിശപ്പ്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കില്ല.

 •   എത്ര കലോറി കഴി​ച്ചെന്ന്‌ നോക്കുക.

   നിങ്ങളു​ടെ ഭക്ഷണത്തിൽ എന്തുമാ​ത്രം കലോറി അടങ്ങി​യി​രി​ക്കു​ന്നു എന്നറി​യാൻ ചേരു​വ​ക​ളെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ വായി​ച്ചു​മ​ന​സ്സി​ലാ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, മധുര​പാ​നീ​യങ്ങൾ, മധുര​പ​ല​ഹാ​രങ്ങൾ, ഫാസ്റ്റ്‌ഫുഡ്‌ ഇവയി​ലൊ​ക്കെ ഒരുപാട്‌ കലോറി അടങ്ങി​യി​രി​ക്കു​ന്നു. ഇതു തടി കൂടാൻ ഇടയാ​ക്കും.

 •   പരിധി വിടരുത്‌.

   16 വയസ്സുള്ള സാറ പറയുന്നു: “ഒരിട​യ്‌ക്ക്‌ എന്റെ മുമ്പിൽ ഭക്ഷണം വന്നുക​ഴി​ഞ്ഞാൽ അതിൽ എന്തുമാ​ത്രം കലോറി അടങ്ങി​യി​ട്ടു​ണ്ടാ​കും എന്ന ടെൻഷ​നാ​യി​രു​ന്നു എനിക്ക്‌.” എന്നാൽ വല്ലപ്പോ​ഴും ഒക്കെ അല്‌പം കലോറി കൂടിയ ഭക്ഷണം കഴിക്കു​ന്ന​തിൽ തെറ്റില്ല.

 നുറുങ്ങ്‌: തടി കൂടു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്കു തോന്നുന്ന ഉത്‌ക​ണ്‌ഠ​ക​ളൊ​ക്കെ ഒരു ഡോക്ട​റോ​ടു പറയുക. നിങ്ങളെ നന്നായി അറിയാ​വുന്ന ഒരു ഡോക്ടർക്കു നിങ്ങളു​ടെ ആരോ​ഗ്യ​ത്തി​നു പറ്റുന്ന ഒരു ജീവി​ത​ശൈലി എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ പറഞ്ഞു​ത​രാൻ പറ്റും.

^ കൗമാരപ്രായക്കാർ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​മ്പോൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.