യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ വിവാഹം കഴിക്കാൻ തയ്യാറാണോ?
ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനു മുമ്പ് നിങ്ങൾ നിങ്ങളെത്തന്നെ നന്നായി അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് പിൻവരുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക:
ബന്ധങ്ങൾ
നിങ്ങൾ മാതാപിതാക്കളോടും കൂടപ്പിറപ്പുകളോടും എങ്ങനെയാണ് ഇടപെടുന്നത്? അവരോട് ഇടപെടുമ്പോൾ പലപ്പോഴും ആത്മനിയന്ത്രണം നഷ്ടമാകുകയും പരുഷമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യാറുണ്ടോ? ഇക്കാര്യത്തിൽ നിങ്ങളെക്കുറിച്ച് അവർ എന്തായിരിക്കും പറയുക? നിങ്ങൾ കുടുംബാംഗങ്ങളോട് ഇടപെടുന്ന അതേ വിധത്തിലായിരിക്കില്ലേ ഇണയോടും ഇടപെടുക?—എഫെസ്യർ 4:31.
സ്വഭാവം
നിങ്ങൾ ശുഭാപ്തിവിശ്വാസം ഉള്ള ഒരാളാണോ? നിങ്ങൾ ന്യായബോധമുള്ള ആളാണോ? അതോ തന്നിഷ്ടം നടക്കണമെന്ന് വാശിപിടിക്കുന്ന ആളോ? സമ്മർദം നിറഞ്ഞ സാഹചര്യത്തെ ശാന്തമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്കാകുമോ? നിങ്ങൾ ക്ഷമയുള്ള ആളാണോ? ദൈവാത്മാവിന്റെ ഗുണങ്ങൾ ഇപ്പോഴേ നട്ടുവളർത്തുന്നെങ്കിൽ ഭാവിയിൽ നല്ലൊരു ഭാര്യയോ ഭർത്താവോ ആകാൻ നിങ്ങൾ നിങ്ങളെ ഒരുക്കുകയാണ്.—ഗലാത്യർ 5:22, 23.
പണം
നിങ്ങൾ എങ്ങനെയാണ് പണം കൈകാര്യം ചെയ്യുന്നത്? നിങ്ങൾ എപ്പോഴും കടത്തിലാണോ? നിങ്ങൾക്ക് ഒരു ജോലിയിൽത്തന്നെ തുടരാനാകുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? അതിന്റെ കാരണം ജോലിയോ തൊഴിലുടമയോ ആണോ? അതോ നിങ്ങൾ മാറ്റം വരുത്തേണ്ട ഏതെങ്കിലും സ്വഭാവരീതിയോ ശീലമോ ആണോ? നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ പിന്നെ എങ്ങനെയാണ് ഒരു കുടുംബത്തിനുവേണ്ടി കരുതാനാകുക?—1 തിമൊഥെയൊസ് 5:8.
ആത്മീയത
നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെങ്കിൽ, ദൈവവുമായുള്ള നിങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത്? ദൈവവചനം വായിക്കാനും ശുശ്രൂഷയിൽ ഏർപ്പെടാനും ക്രിസ്തീയയോഗങ്ങളിൽ പങ്കുപറ്റാനും നിങ്ങൾ മുൻകൈയെടുക്കാറുണ്ടോ? നിങ്ങളുടെ ഭാവി ഇണ നിങ്ങൾ ഒരു ആത്മീയവ്യക്തിയായിരിക്കാൻ പ്രതീക്ഷിക്കും.—സഭാപ്രസംഗകൻ 4:9, 10.
നിങ്ങൾ നിങ്ങളെക്കുറിച്ച് മനസ്സിലാക്കുംതോറും നിങ്ങളുടെ ബലഹീനതകളെയല്ല, കഴിവുകളെ വളർത്താൻ സഹായിക്കുന്ന ഒരു ഇണയെ നിങ്ങൾ കണ്ടെത്തും.