വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞാൻ ഒറ്റയ്‌ക്കു താമസിക്കാറായോ?

ഞാൻ ഒറ്റയ്‌ക്കു താമസിക്കാറായോ?

 വീട്ടിൽനിന്ന്‌ മാറി താമസി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ചിന്തതന്നെ ഒരേ സമയം രസകര​വും എന്നാൽ പേടി​പ്പി​ക്കു​ന്ന​തും ആയേക്കാം. ഒറ്റയ്‌ക്കു താമസി​ക്കാ​റാ​യോ എന്നു നിങ്ങൾക്ക്‌ എങ്ങനെ അറിയാം?

 കാരണങ്ങൾ പരി​ശോ​ധി​ക്കു​ക

 മാറി താമസി​ക്കാൻ അനേകം കാരണങ്ങൾ കണ്ടേക്കാം. ചിലത്‌ ശുദ്ധ മണ്ടത്തര​മാ​യേ​ക്കാം! ഉദാഹ​ര​ണ​ത്തിന്‌ ചെറു​പ്പ​ക്കാ​ര​നായ മാരി​യോ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “ഞാൻ മാറി താമസി​ക്കാൻ ആഗ്രഹി​ച്ചത്‌ വീട്ടിലെ ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​യി​രു​ന്നു.”

 മാറി താമസി​ച്ചാൽ നിങ്ങളു​ടെ സ്വാത​ന്ത്ര്യം കുറയാ​നാ​ണു സാധ്യത. 18 വയസ്സുള്ള ഒണിയ പറയുന്നു: “മാറി താമസി​ക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾതന്നെ താമസി​ക്കുന്ന സ്ഥലം നോക്കണം, ഭക്ഷണത്തിന്റെ കാര്യം നോക്കണം, ബില്ലു​ക​ളെ​ല്ലാം അടയ്‌ക്കണം. നിങ്ങളെ സഹായി​ക്കാൻ മാതാ​പി​താ​ക്കളെ കിട്ടില്ല.”

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: വീട്ടിൽനിന്ന്‌ മാറി താമസി​ക്കാ​റാ​യോ എന്ന്‌ അറിയു​ന്ന​തിന്‌, മാറി താമസി​ക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ആദ്യം നിങ്ങൾ മനസ്സി​ലാ​ക്കണം.

 ചെലവ്‌ കണക്കാ​ക്കു​ക

 യേശു പറഞ്ഞു: “നിങ്ങളിൽ ഒരാൾ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയി​ലു​ണ്ടോ എന്ന്‌ അറിയാൻ ആദ്യം ഇരുന്ന്‌ ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കി​ല്ലേ?” (ലൂക്കോസ്‌ 14:28) മാറി താമസി​ച്ചാൽ ഉണ്ടാകുന്ന ‘ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കാൻ’ നിങ്ങൾക്ക്‌ എന്തു ചെയ്യാം? പിൻവ​രുന്ന മേഖല​ക​ളിൽ നിങ്ങൾ എങ്ങനെ​യു​ണ്ടെന്ന്‌ വിലയി​രു​ത്തുക.

പണം ഉത്തരവാ​ദി​ത്വ​ത്തോ​ടെ കൈകാ​ര്യം ചെയ്യാൻ നിങ്ങൾക്കു കഴിയു​ന്നു​ണ്ടോ?

 ബൈബിൾ പറയുന്നു: ‘പണം ഒരു സംരക്ഷ​ണ​മാണ്‌.’—സഭാ​പ്ര​സം​ഗകൻ 7:12.

  •  കാശു മിച്ചം പിടി​ക്കാൻ നിങ്ങൾക്ക്‌ ബുദ്ധി​മു​ട്ടാ​ണോ?

  •  നിങ്ങൾ ഒരു നിയ​ന്ത്ര​ണ​വു​മി​ല്ലാ​തെ കാശു ചെലവാ​ക്കു​ന്ന​യാ​ളാ​ണോ?

  •  നിങ്ങൾ കൂടെ​ക്കൂ​ടെ കടം വാങ്ങു​ന്ന​യാ​ളാ​ണോ?

 ഇതിൽ ഏതെങ്കി​ലും ചോദ്യ​ത്തി​നുള്ള നിങ്ങളു​ടെ ഉത്തരം അതെ എന്നാ​ണെ​ങ്കിൽ ഒറ്റയ്‌ക്കു താമസി​ക്കാ​നുള്ള നിങ്ങളു​ടെ സ്വപ്‌നം ഒരു പേടി​സ്വ​പ്‌ന​മാ​യേ​ക്കാം.

 “19-ാം വയസ്സിൽ എന്റെ ചേട്ടൻ വീടു വിട്ടു. ഒരു വർഷത്തി​നു​ള്ളിൽ കാശെ​ല്ലാം തീർന്നു, ബാങ്കു​കാർ കാർ കൊണ്ടു​പോ​യി, ആരും കടം കൊടു​ക്കാ​താ​യി. അവസാനം വീട്ടിൽ തിരി​ച്ചു​വ​രാൻ കെഞ്ചാൻ തുടങ്ങി.”—ഡാനി​യേൽ.

 നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌: ഒരു മാസത്തെ വീട്ടു​ചെ​ലവ്‌ എത്രയാ​ണെന്ന്‌ മാതാ​പി​താ​ക്ക​ളോ​ടു ചോദി​ക്കുക. ഏതൊക്കെ ബില്ലാണ്‌ വരുന്നത്‌, അത്‌ അടയ്‌ക്കാൻ ശമ്പളത്തിൽനിന്ന്‌ അവർ കാശു മാറ്റി​വെ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? അവർ കാശു മിച്ചം പിടി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ഇപ്പോൾ വീട്ടിൽ താമസി​ക്കു​മ്പോൾത്തന്നെ കാശു നന്നായി കൈകാ​ര്യം ചെയ്യാൻ പഠിച്ചാൽ ഒറ്റയ്‌ക്കു താമസി​ക്കു​മ്പോ​ഴു​ണ്ടാ​കുന്ന സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​കൾ നേരി​ടാൻ നിങ്ങൾക്കു കഴിയും.

നിങ്ങളു​ടെ ജീവി​ത​ത്തിന്‌ അടുക്കും ചിട്ടയും ഉണ്ടോ?

 ബൈബിൾ പറയുന്നു: “ഓരോ​രു​ത്ത​രും സ്വന്തം ചുമടു ചുമക്ക​ണ​മ​ല്ലോ.”—ഗലാത്യർ 6:5.

  •  നിങ്ങൾ കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്ന​യാ​ളാ​ണോ?

  •  വീട്ടു​കാ​ര്യ​ങ്ങൾ ചെയ്യാൻ മാതാ​പി​താ​ക്കൾ ഓർമി​പ്പി​ച്ചാൽ മാത്രമേ നിങ്ങൾ അത്‌ ചെയ്യു​ക​യു​ള്ളോ?

  •  മാതാ​പി​താ​ക്കൾ പറഞ്ഞി​രി​ക്കുന്ന സമയത്തി​ലും വൈകി​യാ​ണോ നിങ്ങൾ മിക്ക​പ്പോ​ഴും വീട്ടിൽ എത്തുന്നത്‌?

 ഇതിൽ ഏതെങ്കി​ലും ചോദ്യ​ത്തി​നുള്ള നിങ്ങളു​ടെ ഉത്തരം അതെ എന്നാ​ണെ​ങ്കിൽ ഒറ്റയ്‌ക്കു താമസി​ക്കു​മ്പോൾ ഉത്തരവാ​ദി​ത്വ​ബോ​ധം കാണി​ക്കാൻ നിങ്ങൾക്കു കൂടുതൽ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

 “ഒറ്റയ്‌ക്കു താമസി​ക്കു​മ്പോൾ നിങ്ങൾക്കു രസം തോന്നാത്ത കാര്യ​ങ്ങൾപോ​ലും ചെയ്യാൻ സമയം കണ്ടെ​ത്തേ​ണ്ടി​വ​രും. ‘അതു ചെയ്യ്‌, ഇതു ചെയ്യ്‌’ എന്നൊ​ന്നും ആരും പറയാ​നു​ണ്ടാ​കില്ല. അതു​കൊ​ണ്ടു​തന്നെ അതൊക്കെ സ്വയം തോന്നി ചെയ്യാൻ നിങ്ങൾക്കു നല്ലൊരു ദിനചര്യ വേണ്ടി​വ​രും.”—ജെസീക്ക.

 നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌: ഒരു മാസ​ത്തേക്കു വീട്ടിലെ പരമാ​വധി ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടുത്ത്‌ ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, ഒറ്റയ്‌ക്കു വീടു വൃത്തി​യാ​ക്കുക, നിങ്ങളു​ടെ തുണി അലക്കുക, പലചരക്കു സാധനങ്ങൾ വാങ്ങുക, എല്ലാ രാത്രി​യും ഭക്ഷണം പാകം ചെയ്‌തു കഴിക്കുക, പാത്രങ്ങൾ കഴുകി​വെ​ക്കുക. ഒറ്റയ്‌ക്കു താമസി​ക്കു​മ്പോൾ കാര്യങ്ങൾ എങ്ങനെ​യാ​യി​രി​ക്കും എന്നതി​നെ​ക്കു​റി​ച്ചുള്ള ഒരു ധാരണ അപ്പോൾ നിങ്ങൾക്കു കിട്ടും.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ഒറ്റയ്‌ക്ക്‌ താമസി​ക്കു​ന്ന​തിന്‌ ജീവി​ത​ത്തിൽ അടുക്കും ചിട്ടയും അത്യാ​വ​ശ്യ​മാണ്‌.

മുന്നൊരുക്കമില്ലാതെ ഒറ്റയ്‌ക്കു താമസി​ക്കാൻ പോകു​ന്നത്‌ പാരച്യൂട്ട്‌ ഉപയോ​ഗി​ക്കാൻ അറിയാ​തെ വിമാ​ന​ത്തിൽനിന്ന്‌ ചാടു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും

നിങ്ങൾ മറ്റുള്ള​വ​രു​മാ​യി ഒത്തു​പോ​കു​ന്ന​വ​രാ​ണോ?

 ബൈബിൾ പറയുന്നു: “ക്രോധം, കോപം, വഷളത്തം, അസഭ്യ​സം​സാ​രം എന്നിവ​യെ​ല്ലാം ഉപേക്ഷി​ക്കാ​നുള്ള സമയമാ​യി.”—കൊ​ലോ​സ്യർ 3:8.

  •  നിങ്ങൾക്ക്‌ മറ്റുള്ള​വ​രു​മാ​യി ചേർന്നു​പോ​കാൻ ബുദ്ധി​മുട്ട്‌ തോന്നു​ന്നു​ണ്ടോ?

  •  ദേഷ്യം നിയ​ന്ത്രി​ക്കാൻ നിങ്ങൾക്ക്‌ ബുദ്ധി​മു​ട്ടു​ണ്ടോ?

  •  എപ്പോ​ഴും കാര്യങ്ങൾ നിങ്ങൾ വിചാ​രി​ക്കുന്ന വിധത്തിൽ നടക്കണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ?

 ഇതിൽ ഏതെങ്കി​ലും ചോദ്യ​ത്തി​നുള്ള നിങ്ങളു​ടെ ഉത്തരം ഉണ്ട്‌ എന്നാ​ണെ​ങ്കിൽ മറ്റൊ​രാ​ളോ​ടൊ​പ്പം താമസി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. പിന്നീട്‌ വിവാ​ഹ​ജീ​വി​ത​ത്തി​ലും ഇതൊരു പ്രശ്‌ന​മാ​കും.

 “ഒരു റൂംമേറ്റിന്റെ കൂടെ താമസി​ച്ച​പ്പോ​ഴാണ്‌ എന്റെ കുറവു​കൾ എനിക്കു മനസ്സി​ലാ​കാൻ തുടങ്ങി​യത്‌. എന്റെ മൂഡ്‌ മാറു​മ്പോൾ മറ്റുള്ളവർ അത്‌ സഹിച്ച്‌ ജീവി​ക്ക​ണ​മെന്ന്‌ ഞാൻ വിചാ​രി​ക്കാൻ പാടി​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഇതു പരിഹ​രി​ക്കാൻ ഞാൻ ഒരു നല്ല വഴി കണ്ടുപി​ടി​ക്ക​ണ​മാ​യി​രു​ന്നു.”—ഹെലന.

 നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌: മാതാ​പി​താ​ക്ക​ളോ​ടും കൂടപ്പി​റ​പ്പു​ക​ളോ​ടും കൂടെ ഒത്തു​പോ​കാൻ പഠിക്കുക. ഇപ്പോൾ നിങ്ങ​ളോ​ടൊ​പ്പ​മു​ള്ള​വ​രു​ടെ കുറവു​കളെ നിങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യുന്നു എന്നതിൽനിന്ന്‌ ഭാവി​യിൽ നിങ്ങളു​ടെ​കൂ​ടെ ജീവി​ക്കു​ന്ന​വ​രു​ടെ കുറവു​കളെ എങ്ങനെ കൈകാ​ര്യം ചെയ്യു​മെന്നു മനസ്സി​ലാ​ക്കാം.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ഒറ്റയ്‌ക്കു ജീവി​ക്കു​ന്നത്‌ ഒരു രക്ഷപ്പെടൽ അല്ല. അത്‌ പരിശീ​ല​ന​ത്തി​ലൂ​ടെ നേടി​യെ​ടു​ക്കേണ്ട ഒരു കഴിവാണ്‌. ഇക്കാര്യ​ത്തിൽ വിജയി​ച്ച​വ​രോ​ടു കാര്യങ്ങൾ ചോദി​ച്ചു​കൂ​ടേ? നിങ്ങൾക്ക്‌ ഒരു അവസരം കൂടി കിട്ടി​യി​രു​ന്നെ​ങ്കിൽ എന്തൊക്കെ കാര്യങ്ങൾ വ്യത്യ​സ്‌ത​മാ​യി ചെയ്യു​മാ​യി​രു​ന്നു? അല്ലെങ്കിൽ, ഇപ്പോൾ അറിയാ​വുന്ന ഏതു കാര്യ​മാണ്‌ നേരത്തെ അറിഞ്ഞി​രു​ന്നെ​ങ്കിൽ നല്ലതാ​യി​രു​ന്നെന്ന്‌ അവർക്കു തോന്നു​ന്നത്‌? ഏതൊരു പ്രധാ​ന​തീ​രു​മാ​നം എടുക്കു​മ്പോ​ഴും ഇങ്ങനെ ചെയ്യു​ന്നത്‌ നല്ലതാ​യി​രി​ക്കും.