വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

കാര്യങ്ങൾ വെച്ചു​താ​മ​സി​പ്പി​ക്കു​ന്ന ശീലം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

കാര്യങ്ങൾ വെച്ചു​താ​മ​സി​പ്പി​ക്കു​ന്ന ശീലം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

ദൈനം​ദി​ന​കാ​ര്യ​ങ്ങ​ളും ഗൃഹപാ​ഠ​വും ഒക്കെ താമസിച്ച്‌ ചെയ്‌തു​തീർക്കു​ന്ന സ്വഭാവം കാരണം നിങ്ങൾ ആകെ മടുത്തി​രി​ക്കു​ക​യാ​ണോ? കാര്യങ്ങൾ പിന്ന​ത്തേ​ക്കു മാറ്റി​വെ​ക്കു​ന്ന ശീലം എങ്ങനെ​യെ​ങ്കി​ലും ഒന്നു നിറു​ത്തി​യാൽമ​തി എന്നായി​രി​ക്കും നിങ്ങൾക്കു തോന്നു​ന്നത്‌. ഈ ശീലം മാറ്റാൻ ഈ ലേഖനം നിങ്ങളെ സഹായി​ക്കും. പിൻവ​രു​ന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും നിങ്ങൾക്ക്‌ അതിനു കഴിയും:

ലേഖനം വായി​ച്ച​തി​നു ശേഷം  ക്വിസി​ന്റെ ഉത്തരം കണ്ടെത്താൻ ശ്രമി​ച്ചു​നോ​ക്കൂ.

 കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്ന​തി​ന്റെ സങ്കടക​ര​മാ​യ ഒരു പരിണ​ത​ഫ​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “കാറ്റിനെ നോക്കു​ന്ന​വൻ വിതയ്‌ക്കി​ല്ല. മേഘത്തെ നോക്കു​ന്ന​വൻ കൊയ്യു​ക​യു​മി​ല്ല.”—സഭാ​പ്ര​സം​ഗ​കൻ 11:4.

 കാര്യങ്ങൾ നീട്ടി​വെ​ക്കാൻ ഇടയാ​ക്കു​ന്ന ചില ഘടകങ്ങ​ളും, അവ സമയത്ത്‌ ചെയ്‌തു​തീർക്കാൻ സഹായി​ക്കു​ന്ന ചില നുറു​ങ്ങു​ക​ളും നമുക്കു നോക്കാം.

 ജോലി വളരെ ബുദ്ധി​മു​ട്ടാ​യി തോന്നു​ന്നു.

 ചില ജോലി​കൾ പിന്നെ ചെയ്യാ​മെ​ന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. അതു വളരെ ബുദ്ധി​മു​ട്ടു​ള്ള​താ​യി തോന്നു​ന്ന​താ​കാം കാരണം. എന്നാൽ ചില നല്ല നിർദേ​ശ​ങ്ങൾ ഇതാ:

  •   ജോലിയെ ചെറി​യ​ചെ​റി​യ ഭാഗങ്ങ​ളാ​യി തിരി​ക്കു​ക. “ഞാൻ വളരെ പുറകി​ലാ​ണെ​ന്നു തോന്നി​യാ​ലും, ഒരു സമയത്ത്‌ ഒരു കാര്യം ചെയ്‌തു​കൊണ്ട്‌ ഞാൻ അതു ചെയ്‌തു​തീർക്കാൻ ശ്രമി​ക്കും” എന്നു മെലിസ എന്ന പെൺകു​ട്ടി പറയുന്നു.

  •   കിട്ടുന്ന ഉടനെ ചെയ്‌തു​തു​ട​ങ്ങു​ക. “ചെയ്യാ​നു​ള്ളത്‌ പെട്ടെ​ന്നു​ത​ന്നെ ചെയ്‌തു​തു​ട​ങ്ങു​ക. ചെയ്യേണ്ട കാര്യ​ങ്ങ​ളു​ടെ പട്ടിക​യിൽ ഇതു ചേർക്കുക, മനസ്സിൽ വരുന്ന സഹായ​ക​മാ​യ കാര്യങ്ങൾ മറന്നു​പോ​കു​ന്ന​തി​നു മുമ്പ്‌ കുറി​ച്ചു​വെ​ക്കു​ക എന്നിങ്ങ​നെ​യു​ള്ള ചെറിയ കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌ ജോലി തുടങ്ങി​വെ​ക്കാ​നാ​കും.”​—വീര.

  •   സഹായം തേടുക. നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളും അധ്യാ​പ​ക​രും ഒക്കെ ഇതേ പ്രശ്‌നം നേരി​ട്ടി​ട്ടു​ണ്ടാ​കും. അവർ എങ്ങനെ​യാണ്‌ അതു കൈകാ​ര്യം ചെയ്‌ത​തെ​ന്നു ചോദി​ച്ചു​കൂ​ടെ? കാര്യങ്ങൾ ഒന്നു ക്രമീ​ക​രി​ക്കാ​നും ഒരു പ്ലാൻ തയ്യാറാ​ക്കാ​നും അവർ നിങ്ങളെ സഹായി​ക്കും.

 ചെയ്യാ​നാ​കു​ന്നത്‌ “ഒരു പ്ലാൻ തയ്യാറാ​ക്കു​ക. വേണ്ട​തെ​ല്ലാം ക്രമീ​ക​രി​ച്ചു​വെ​ക്കു​ക, തയ്യാറാ​ക്കി​യ പ്ലാൻ പിൻപ​റ്റാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കുക. അങ്ങനെ​യാ​കു​മ്പോൾ സമയത്തു​ത​ന്നെ എല്ലാം ചെയ്‌തു​തീർക്കാൻ പറ്റും.”​—ആബി.

 ജോലി ചെയ്യാ​നു​ള്ള ഉത്സാഹം തോന്നു​ന്നി​ല്ല.

 പലപ്പോ​ഴും നിങ്ങൾക്കു ചെയ്യേണ്ട ജോലി​യിൽ, ഒട്ടും താത്‌പ​ര്യം ഇല്ലാത്ത കാര്യ​ങ്ങ​ളും വന്നേക്കാം. അതു​കൊണ്ട്‌, നിങ്ങൾക്ക്‌ അത്ര ഇഷ്ടമല്ലാത്ത കാര്യ​മാണ്‌ ചെയ്യാ​നു​ള്ള​തെ​ങ്കിൽ എന്തു ചെയ്യും? പിൻവ​രു​ന്ന നിർദേശങ്ങൾ പരീക്ഷി​ച്ചു​നോ​ക്കു​ക.

  •   അതു പെട്ടെന്നു ചെയ്യു​ന്ന​തു​കൊ​ണ്ടു​ള്ള പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക. ഉദാഹ​ര​ണ​ത്തിന്‌, ജോലി ചെയ്‌തു​തീർത്തു​ക​ഴി​യു​മ്പോൾ നിങ്ങൾക്കു തോന്നുന്ന സംതൃ​പ്‌തി ഒന്നു ഭാവന​യിൽ കണ്ടു​നോ​ക്കൂ. “കൃത്യ​സ​മ​യ​ത്തോ സമയത്തി​നു​മു​മ്പോ ഒരു കാര്യം ചെയ്‌തു​തീർത്തിട്ട്‌ ആശ്വാ​സ​ത്തോ​ടെ​യി​രി​ക്കു​മ്പോൾ തോന്നുന്ന ആ വികാരം എനിക്കു വളരെ ഇഷ്ടമാണ്‌” എന്ന്‌ എയ്‌മി എന്ന പെൺകു​ട്ടി പറയുന്നു.

  •   പരിണതഫലങ്ങളെക്കുറിച്ച്‌ ചിന്തി​ക്കു​ക. വെച്ചു​താ​മ​സി​പ്പി​ക്കു​മ്പോൾ നിങ്ങളു​ടെ ടെൻഷൻ കൂടും, വിജയി​ക്കാ​നു​ള്ള സാധ്യ​ത​യും കുറയും. “ഒരാൾ വിതയ്‌ക്കു​ന്ന​തു​ത​ന്നെ കൊയ്യും” എന്നു ബൈബിൾ പറയുന്നു.​—ഗലാത്യർ 6:7.

  •   തീർക്കേണ്ട തീയതി നേര​ത്തേ​യാ​ക്കു​ക. “മനസ്സിനെ പറ്റിക്കാ​നു​ള്ള ഒരു പണിയാണ്‌ ഇത്‌. ഒരു കാര്യം ചെയ്‌തു​തീർക്കേണ്ട ദിവസ​ത്തിന്‌ ഒന്നുരണ്ടു ദിവസം മുമ്പാണ്‌ അതു തീർക്കേ​ണ്ട​തെ​ന്നു ചിന്തി​ക്കാൻ ഇത്‌ എന്നെ സഹായി​ക്കു​ന്നു. അങ്ങനെ​യാ​കു​മ്പോൾ അതു ചെയ്‌തു​തീർത്തിട്ട്‌ വീണ്ടും ഒന്ന്‌ പരി​ശോ​ധി​ക്കാൻ സമയം കിട്ടും, ഒന്നുരണ്ടു ദിവസം മിച്ചവും കിട്ടും” എന്ന്‌ അലീഷ്യ എന്ന പെൺകു​ട്ടി പറയുന്നു.

 ചെയ്യാ​നാ​കു​ന്നത്‌ “മനോ​ഭാ​വ​മാണ്‌ ഇവിടെ പ്രധാനം. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യു​മെ​ന്നും അതിനു തടസ്സം നിൽക്കാൻ ഒന്നി​നെ​യും അനുവ​ദി​ക്കി​ല്ലെ​ന്നും നിങ്ങ​ളോ​ടു​ത​ന്നെ പറയുക. ഞാൻ എന്നോ​ടു​ത​ന്നെ അങ്ങനെ പറയു​മ്പോൾ നടക്കേ​ണ്ട​തു​പോ​ലെ എല്ലാം നടക്കും.”​—അലക്‌സിസ്‌.

 ഇപ്പോൾത്ത​ന്നെ പല കാര്യങ്ങൾ ചെയ്യാ​നുണ്ട്‌.

 “എല്ലാം വെച്ചു​താ​മ​സി​പ്പി​ക്കു​ന്ന ഒരാളാണ്‌ ഞാൻ എന്നാണ്‌ എല്ലാവ​രും പറയു​ന്നത്‌. പക്ഷേ അത്‌ ശരിയല്ല! എന്റെ തിരക്കി​നെ​ക്കു​റി​ച്ചൊ​ന്നും അവർക്ക്‌ അറിയില്ല!” എന്നാണ്‌ നേഥൻ എന്ന ചെറു​പ്പ​ക്കാ​രൻ പറയു​ന്നത്‌. ഇതു​പോ​ലെ​യാണ്‌ നിങ്ങൾക്കും തോന്നു​ന്ന​തെ​ങ്കിൽ പിൻവ​രു​ന്ന കാര്യങ്ങൾ പരീക്ഷി​ച്ചു​നോ​ക്കു​ക.

  •   എളുപ്പമുള്ള കാര്യങ്ങൾ ആദ്യം ചെയ്യുക. “അഞ്ച്‌ മിനി​ട്ടു​കൊണ്ട്‌ ചെയ്യാ​വു​ന്ന ഒരു കാര്യ​മു​ണ്ടെ​ങ്കിൽ അത്‌ ആദ്യം ചെയ്യണം എന്ന്‌ ഒരിക്കൽ ഒരാൾ എനിക്കു പറഞ്ഞു​ത​ന്നു. അതായത്‌, വൃത്തി​യാ​ക്കു​ക, വസ്‌ത്ര​ങ്ങൾ കഴുകുക, പാത്രങ്ങൾ കഴുകുക, ഒന്ന്‌ ഫോൺ ചെയ്യുക മുതലായ കാര്യങ്ങൾ” എന്ന്‌ അംബർ എന്ന പെൺകു​ട്ടി പറയുന്നു.

  •   മുൻഗണനകൾ വെക്കുക. ബൈബിൾ പറയുന്നു: ‘കൂടുതൽ പ്രാധാ​ന്യ​മു​ള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തു​ക.’ (ഫിലിപ്പിയർ 1:10) ഈ ഉപദേ​ശ​ത്തി​നു ചേർച്ച​യിൽ എങ്ങനെ കാര്യങ്ങൾ ചെയ്യാം? “ചെയ്യാ​നു​ള്ള കാര്യ​ങ്ങ​ളും അവ ചെയ്‌തു​തീർക്കേണ്ട തീയതി​യും ഉള്ള ഒരു ലിസ്റ്റ്‌ ഞാൻ ഉണ്ടാക്കും. ഏറ്റവും പ്രധാ​ന​മാ​യി, ഓരോ ജോലി​യും എന്നാണ്‌ തുട​ങ്ങേ​ണ്ട​തെ​ന്നും തീർക്കേ​ണ്ട​തെ​ന്നും ഞാൻ കൃത്യ​മാ​യി പട്ടിക​പ്പെ​ടു​ത്തും” എന്ന്‌ അന്ന എന്ന പെൺകു​ട്ടി പറയുന്നു.

 അത്‌ ഒരു കൂച്ചു​വി​ല​ങ്ങാ​യി തോന്നു​ന്നു​ണ്ടോ? ഒന്ന്‌ ചിന്തിച്ചേ, ഒരു പട്ടിക ഉണ്ടാക്കു​മ്പോൾ ശരിക്കും നിങ്ങൾ സമയത്തെ നിയ​ന്ത്രി​ക്കു​ക​യാണ്‌, അല്ലാതെ സമയം നിങ്ങളെ നിയ​ന്ത്രി​ക്കാൻ അനുവ​ദി​ക്കു​ക​യല്ല. അതു നിങ്ങളു​ടെ സമ്മർദം കുറയ്‌ക്കും. “ഒരു പ്ലാനു​ണ്ടെ​ങ്കിൽ എനിക്ക്‌ സമാധാ​നം തോന്നും. കാര്യങ്ങൾ വേണ്ട വിധത്തിൽ കാണാ​നും സഹായി​ക്കും,” എന്ന്‌ കെല്ലി എന്ന പെൺകു​ട്ടി പറയുന്നു.

  •   ശ്രദ്ധ പതറി​ക്കു​ന്ന കാര്യങ്ങൾ ഒഴിവാ​ക്കു​ക. “ഞാൻ ഒരു പ്രോ​ജ​ക്‌ട്‌ ചെയ്യാൻ തുടങ്ങു​മ്പോൾ അക്കാര്യം വീട്ടിൽ എല്ലാവ​രോ​ടും പറയും. വീട്ടിൽ എന്തെങ്കി​ലും ചെയ്യാ​നു​ണ്ടെ​ങ്കിൽ ഈ പ്രോ​ജ​ക്‌ട്‌ തുടങ്ങു​ന്ന​തി​നു മുമ്പ്‌ എന്നോടു പറയണം എന്നും അവരോ​ടു പറയും. കൂടാതെ ഫോണും ഇ-മെയി​ലും ഞാൻ ഓഫാക്കി വെക്കും” എന്നു ജെന്നിഫർ പറയുന്നു.

 ചെയ്യാ​നാ​കു​ന്നത്‌ “നിങ്ങൾ ചെയ്യേ​ണ്ടത്‌ നിങ്ങൾത്ത​ന്നെ ചെയ്യണം, അല്ലാതെ അതു തീരില്ല. വെറുതെ വേവലാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നു പകരം അതു ചെയ്‌തു​തീർക്കു​ക. അങ്ങനെ​യാ​കു​മ്പോൾ ബാക്കി സമയം നിങ്ങൾക്കു സ്വസ്ഥമാ​യി​രി​ക്കാം.”​—ജോർദാൻ.