വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ എങ്ങനെ പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കാം?

 “ഞാൻ നന്മ ചെയ്യാൻ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലും തിന്മ എന്നോ​ടൊ​പ്പ​മുണ്ട്‌” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞി​ട്ടുണ്ട്‌. (റോമർ 7:21) നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ തെറ്റു ചെയ്യാ​നുള്ള പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കാ​നുള്ള സഹായം ഈ ലേഖന​ത്തി​ലൂ​ടെ നിങ്ങൾക്കു കിട്ടും.

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 പ്രലോ​ഭ​ന​ങ്ങ​ളും മറ്റുള്ള​വ​രു​ടെ സമ്മർദ​വും മിക്ക​പ്പോ​ഴും കൈ​കോർത്തു​പോ​കു​ന്നു. “ചീത്ത കൂട്ടു​കെട്ടു നല്ല ധാർമി​ക​മൂ​ല്യ​ങ്ങളെ നശിപ്പി​ക്കു​ന്നു” എന്നാണു ബൈബിൾ പറയു​ന്നത്‌. (1 കൊരി​ന്ത്യർ 15:33, അടിക്കു​റിപ്പ്‌) ചില വിനോ​ദ​പ​രി​പാ​ടി​ക​ളും മറ്റുള്ള​വ​രു​ടെ സമ്മർദ​വും നമ്മുടെ ഉള്ളിൽ മോഹങ്ങൾ ജനിപ്പി​ക്കു​ക​യും തെറ്റു ചെയ്യാൻ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തേ​ക്കാം. അങ്ങനെ നിങ്ങൾ “ബഹുജ​ന​ത്തി​നു പിന്നാലെ പോയി തിന്മ” ചെയ്യാൻപോ​ലും ഇടയാ​യേ​ക്കാം.—പുറപ്പാട്‌ 23:2

 “മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെ​ട​ണ​മെ​ന്നും അംഗീ​ക​രി​ക്ക​ണ​മെ​ന്നും ഉള്ള ആഗ്രഹം കാരണം അവർ ചെയ്യു​ന്നത്‌ എന്തും ചെയ്യാൻ നിങ്ങൾ തയ്യാറാ​യേ​ക്കാം.”—ജെറമി

 ചിന്തി​ക്കാ​നാ​യി: മറ്റുള്ളവർ നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തു വിചാ​രി​ക്കു​മെന്ന്‌ അമിത​മാ​യി ചിന്തി​ക്കു​ന്നെ​ങ്കിൽ പ്രലോ​ഭനം ചെറു​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. എന്തു​കൊണ്ട്‌?—സുഭാ​ഷി​തങ്ങൾ 29:25.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: മറ്റുള്ള​വ​രു​ടെ സമ്മർദ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നിങ്ങളു​ടെ മൂല്യങ്ങൾ മറന്നു​ക​ള​യ​രുത്‌.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ ഉറപ്പി​ല്ലെ​ങ്കിൽ നിങ്ങൾ മറ്റുള്ള​വ​രു​ടെ കൈയി​ലെ കളിപ്പാ​വ​യാ​യേ​ക്കാം. “എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തി നല്ലതു മുറുകെ പിടി​ക്കുക” എന്ന ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കു​ന്ന​താ​ണു കൂടുതൽ നല്ലത്‌. (1 തെസ്സ​ലോ​നി​ക്യർ 5:21) നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എത്ര​ത്തോ​ളം നന്നായി അറിയാ​മോ അത്ര​ത്തോ​ളം എളുപ്പ​മാ​യി​രി​ക്കും അവ മുറുകെ പിടി​ക്കാ​നും പ്രലോ​ഭ​ന​ങ്ങളെ ചെറുത്ത്‌ കീഴട​ക്കാ​നും.

 ചിന്തി​ക്കാ​നാ​യി: ദൈവം വെച്ചി​രി​ക്കുന്ന ധാർമി​ക​നി​ല​വാ​രങ്ങൾ നിങ്ങൾക്കു ഗുണം ചെയ്യു​മെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 “എന്റെ വിശ്വാ​സ​മ​നു​സ​രിച്ച്‌ ഞാൻ പ്രവർത്തി​ക്കു​ക​യും പ്രലോ​ഭ​ന​ത്തിൽ വീഴാ​തി​രി​ക്കു​ക​യും ചെയ്യു​മ്പോൾ ആളുകൾ എന്നെ കൂടുതൽ ആദരി​ക്കു​ന്ന​താ​യി ഞാൻ ശ്രദ്ധി​ച്ചി​ട്ടുണ്ട്‌.”—കിംബർളി.

 അനുക​രി​ക്കാ​വു​ന്ന ബൈബിൾക​ഥാ​പാ​ത്രം: ദാനി​യേൽ. സാധ്യ​ത​യ​നു​സ​രിച്ച്‌ കൗമാ​ര​ത്തിൽത്തന്നെ, ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കു​മെന്ന്‌ ‘ദാനി​യേൽ ഹൃദയ​ത്തിൽ തീരു​മാ​നിച്ച്‌ ഉറപ്പി​ച്ചി​രു​ന്നു.’—ദാനി​യേൽ 1:8.

നിങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ ഉറപ്പി​ല്ലെ​ങ്കിൽ നിങ്ങൾ മറ്റുള്ള​വ​രു​ടെ കൈയി​ലെ കളിപ്പാ​വ​യാ​യേ​ക്കാം

 നിങ്ങളു​ടെ ബലഹീ​ന​തകൾ മനസ്സി​ലാ​ക്കുക. ‘യൗവന​ത്തി​ന്റേ​തായ മോഹ​ങ്ങ​ളെ​ക്കു​റിച്ച്‌,’ അതായത്‌ യുവ​പ്രാ​യ​ത്തിൽ തോന്നുന്ന ശക്തമായ മോഹ​ങ്ങ​ളെ​ക്കു​റിച്ച്‌, ബൈബിൾ പറയു​ന്നുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 2:22) ഇതിൽ ലൈം​ഗി​ക​മോ​ഹങ്ങൾ മാത്രമല്ല, മറ്റുള്ള​വ​രു​ടെ അംഗീ​കാ​രം നേടാ​നും എന്തിനും ഏതിനും സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കാ​നും ഉള്ള ആഗ്രഹ​വും ഉൾപ്പെ​ടു​ന്നു.

 ചിന്തി​ക്കാ​നാ​യി: “സ്വന്തം മോഹ​ങ്ങ​ളാണ്‌ ഓരോ​രു​ത്ത​രെ​യും ആകർഷിച്ച്‌ മയക്കി പരീക്ഷ​ണ​ങ്ങ​ളിൽ അകപ്പെ​ടു​ത്തു​ന്നത്‌” എന്നു ബൈബിൾ പറയുന്നു. (യാക്കോബ്‌ 1:14) ഏതു മോഹ​മാ​ണു നിങ്ങൾക്ക്‌ ഏറ്റവും കൂടുതൽ പ്രലോ​ഭ​ന​മു​ണ്ടാ​ക്കു​ന്നത്‌?

 “നിങ്ങൾ ഏതു പ്രലോ​ഭ​ന​ത്തിൽ വീണു​പോ​കാ​നാ​ണു കൂടുതൽ സാധ്യ​ത​യെന്നു സത്യസ​ന്ധ​മാ​യി വിലയി​രു​ത്തുക. ആ പ്രലോ​ഭ​നത്തെ എങ്ങനെ ചെറു​ക്കാ​മെന്നു നന്നായി പഠിച്ചിട്ട്‌, ഉപയോ​ഗി​ക്കാ​വുന്ന പോയി​ന്റു​കൾ എഴുതി​വെ​ക്കുക. അപ്പോൾ അടുത്ത തവണ പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോൾ എന്തു ചെയ്യണ​മെന്ന വ്യക്തമായ ധാരണ നിങ്ങൾക്കു​ണ്ടാ​കും.”—സിൽവിയ.

 അനുക​രി​ക്കാ​വു​ന്ന ബൈബിൾക​ഥാ​പാ​ത്രം: ദാവീദ്‌. ചില സമയങ്ങ​ളിൽ ദാവീദ്‌ മറ്റുള്ള​വ​രു​ടെ സമ്മർദ​ത്തി​നും സ്വന്തം മോഹ​ങ്ങൾക്കും വഴി​പ്പെ​ട്ടു​പോ​യി​ട്ടുണ്ട്‌. പക്ഷേ ദാവീദ്‌, തനിക്ക്‌ പറ്റിയ തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിക്കു​ക​യും കാര്യങ്ങൾ നന്നായി ചെയ്യാൻ ശ്രമി​ക്കു​ക​യും ചെയ്‌തു. അദ്ദേഹം യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “ശുദ്ധമാ​യൊ​രു ഹൃദയം എന്നിൽ സൃഷ്ടി​ക്കേ​ണമേ; അചഞ്ചല​മായ പുതി​യൊ​രു ആത്മാവ്‌ എനിക്കു നൽകേ​ണമേ.”—സങ്കീർത്തനം 51:10.

 നിയ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കുക. “തിന്മ നിങ്ങളെ കീഴ്‌പെ​ടു​ത്താൻ അനുവ​ദി​ക്ക​രുത്‌”എന്നു ബൈബിൾ പറയുന്നു. (റോമർ 12:21) അതായത്‌ നിങ്ങൾ പ്രലോ​ഭ​ന​ത്തി​നു കീഴ്‌പെ​ടേണ്ട ആവശ്യ​മില്ല. തീരു​മാ​നം നിങ്ങളു​ടെ കൈയി​ലാണ്‌.

 ചിന്തി​ക്കാ​നാ​യി: തെറ്റു ചെയ്യാൻ പ്രലോ​ഭ​ന​മു​ണ്ടാ​കുന്ന ഒരു സാഹച​ര്യ​ത്തി​ന്റെ നിയ​ന്ത്രണം ഏറ്റെടു​ക്കാ​നും ശരി ചെയ്യാ​നും എങ്ങനെ കഴിയും?

 “പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോൾ അതിനു കീഴ്‌പെ​ട്ടാൽ പിന്നീട്‌ എന്തു തോന്നു​മെന്നു ഞാൻ ചിന്തി​ക്കാ​റുണ്ട്‌. എനിക്കു സന്തോഷം തോന്നു​മോ? ചില​പ്പോൾ കുറച്ച്‌ നേര​ത്തേക്കു തോന്നാം. പക്ഷേ അതു നീണ്ടു​നിൽക്കു​മോ? ഇല്ല. പിന്നെ അത്‌ ഓർത്ത്‌ വിഷമി​ക്കും. അതു​കൊണ്ട്‌ ശരിക്കും പ്രയോ​ജ​ന​മു​ണ്ടോ? ഇല്ല!”—സോഫിയ.

 അനുക​രി​ക്കാ​വു​ന്ന ബൈബിൾക​ഥാ​പാ​ത്രം: പൗലോസ്‌. തനിക്കു തെറ്റു ചെയ്യാ​നുള്ള പ്രവണ​ത​യു​ണ്ടെന്നു പൗലോസ്‌ സമ്മതി​ച്ചെ​ങ്കി​ലും കാര്യങ്ങൾ കൈവി​ട്ടു​പോ​കാൻ അദ്ദേഹം അനുവ​ദി​ച്ചില്ല. “ഞാൻ എന്റെ ശരീരത്തെ, കർശന​മായ ശിക്ഷണ​ത്തി​ലൂ​ടെ ഒരു അടിമ​യെ​പ്പോ​ലെ കൊണ്ടു​ന​ട​ക്കു​ന്നു” എന്ന്‌ അദ്ദേഹം എഴുതി.—1 കൊരി​ന്ത്യർ 9:27, അടിക്കു​റിപ്പ്‌.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോൾ എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കേ​ണ്ടതു നിങ്ങളാണ്‌.

 പ്രലോ​ഭ​ന​ങ്ങൾ താത്‌കാ​ലി​ക​മാ​ണെന്ന്‌ ഓർക്കുക. 20 വയസ്സുള്ള മെലീസ ഇങ്ങനെ പറയുന്നു: “ഹൈസ്‌കൂ​ളിൽ പഠിക്കുന്ന കാലത്ത്‌ വലുതാ​യി​ട്ടു തോന്നിയ പ്രലോ​ഭ​നങ്ങൾ ഇപ്പോൾ ഒന്നുമല്ല. അതു​കൊണ്ട്‌ ഇപ്പോ​ഴു​ണ്ടാ​കുന്ന പ്രലോ​ഭ​ന​ങ്ങ​ളും കുറച്ച്‌ കഴിയു​മ്പോൾ നിസ്സാ​ര​മാ​യി തോന്നും. പിന്നെ ഒരിക്കൽ അതെക്കു​റിച്ച്‌ ഓർക്കു​മ്പോൾ അന്ന്‌ അതു ചെറു​ത്തു​നി​ന്നത്‌ എത്ര നന്നായി എന്നു ഞാൻ ചിന്തി​ക്കു​മെന്ന്‌ എനിക്ക്‌ അറിയാം.”