യുവജനങ്ങൾ ചോദിക്കുന്നു
എനിക്കു പ്രണയിക്കാൻ പ്രായമായോ?
എന്താണു പ്രണയം?
നിങ്ങൾ എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി പതിവായി പുറത്ത് പോകാറുണ്ട്. അതിനർഥം നിങ്ങൾ പ്രണയിക്കുകയാണെന്നാണോ?
നിങ്ങൾക്കും എതിർലിംഗത്തിൽപ്പെട്ട ആ വ്യക്തിക്കും തമ്മിൽ ആകർഷണം തോന്നുന്നു. ദിവസത്തിൽ പല പ്രാവശ്യം നിങ്ങൾ മെസേജുകൾ അയയ്ക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നു. അതിനർഥം നിങ്ങൾ പ്രണയിക്കുകയാണെന്നാണോ?
സുഹൃത്തുക്കളുമൊത്ത് കൂടിവരുമ്പോഴൊക്കെ ആ വ്യക്തിയോടൊപ്പമാണ് നിങ്ങൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്. അതിനർഥം നിങ്ങൾ പ്രണയിക്കുകയാണെന്നാണോ?
ആദ്യത്തെ ചോദ്യത്തിന് ഉത്തരം പറയാൻ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവില്ല. എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും ചോദ്യം വായിച്ചപ്പോൾ നിങ്ങൾ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാകും. ഈ പ്രണയം എന്നൊക്കെ പറയുന്നത് യഥാർഥത്തിൽ എന്താണ്?
നിങ്ങൾക്ക് ഒരാളോട് പ്രേമം തോന്നുകയും അയാൾക്കും അതുപോലുള്ള താത്പര്യം നിങ്ങളോടു തോന്നുകയും ചെയ്യുന്നെങ്കിൽ അതിനെ പ്രണയമെന്ന് വിശേഷിപ്പിക്കാം.
അതുകൊണ്ട്, മുകളിൽ കൊടുത്തിട്ടുള്ള മൂന്ന് ചോദ്യങ്ങളുടെയും ഉത്തരം അതെ എന്നുതന്നെയാണ്. ഫോണിലൂടെയോ നേരിട്ടോ, പൊതുസ്ഥലത്തോ സ്വകാര്യതയിലോ, നിങ്ങൾ മറ്റേ വ്യക്തിയോട് പ്രത്യേക താത്പര്യം കാണിക്കുകയും അത് പതിവായി തുടരുകയും ചെയ്യുമ്പോൾ നിങ്ങൾ അയാളെ പ്രണയിക്കുന്നു എന്ന് തെളിയിക്കുകയാണ്.
പ്രണയിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്?
മാന്യമായ ഒരു ഉദ്ദേശ്യമാണ് അതിനുള്ളത്. വിവാഹിതർ ആകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഒരു സ്ത്രീയെയും പുരുഷനെയും അതു സഹായിക്കുന്നു.
എന്നാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഒരുപക്ഷേ ഇതൊക്കെ വെറുമൊരു നേരംപോക്കായിരിക്കാം. വിവാഹംകഴിക്കുക എന്ന ഉദ്ദേശ്യം ലവലേശമില്ലാതെ എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി കറങ്ങുന്നത് അവർക്ക് ഇഷ്ടമാണ്. ചിലരാകട്ടെ തങ്ങൾ ഏതോ വലിയ കാര്യം സാധിച്ചതായോ തങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കുന്നതിന് മറ്റുള്ളവരുടെ മുമ്പിൽ ആളാകാനുള്ള ഒരു കാര്യമായോ ഒക്കെ അതിനെ വീക്ഷിക്കുന്നു.
ഇത്തരത്തിലുള്ള ബന്ധങ്ങൾക്ക് മിക്കപ്പോഴും ആയുസ്സില്ല. “ഒരിക്കലും പിരിയില്ലെന്ന് മറ്റുള്ളവർ കരുതിയേക്കാവുന്ന പല പ്രണയബന്ധങ്ങൾപോലും രണ്ട് ആഴ്ചപോലും ആയുസ്സില്ലാതെ തകരുന്നു” എന്ന് ഹീതർ എന്ന ചെറുപ്പക്കാരി പറയുന്നു. ഇതിലൂടെ “ആളുകൾ തമ്മിലുള്ള ബന്ധങ്ങൾ താത്കാലികമാണെന്ന ധാരണയാണ് അവർക്കു ലഭിക്കുന്നത്. ഇത്, നീണ്ടുനിൽക്കുന്ന വിവാഹബന്ധത്തിലേക്കല്ല പകരം എത്രയും പെട്ടെന്ന് വിവാഹമോചിതരാകാനാണ് അവരെ ഒരുക്കുന്നത്” എന്ന് അവൾ പറയുന്നു.
നിങ്ങൾ ആരോടെങ്കിലും പ്രേമപൂർവം ഇടപെടുന്നെങ്കിൽ ആ വ്യക്തിയുടെ വികാരങ്ങളെ ഇളക്കുകയാണെന്ന് ഓർക്കുക. അതുകൊണ്ട്, മാന്യവും പവിത്രവും ആയ ലക്ഷ്യത്തോടെയാണ് നിങ്ങൾ അതിനു തുനിയുന്നതെന്ന് ഉറപ്പുവരുത്തുക.—ലൂക്കോസ് 6:31.
വിവാഹംകഴിക്കുക എന്ന ഉദ്ദേശ്യമില്ലാതെയാണ് നിങ്ങൾ പ്രണയിക്കുന്നതെങ്കിൽ ഒരു പുതിയ കളിപ്പാട്ടവുമായി കളിച്ചതിനു ശേഷം അത് വലിച്ചെറിഞ്ഞുകളയുന്ന ഒരു കുട്ടിയെപ്പോലെയായിരിക്കും നിങ്ങൾ
ചിന്തിച്ചു നോക്കുക: ഒന്ന് എടുത്തുനോക്കി ഓമനിച്ചശേഷം വലിച്ചെറിഞ്ഞുകളയുന്ന ഒരു കളിപ്പാവയെപ്പോലെ, നിങ്ങളുടെ വികാരങ്ങളെ പന്താടുന്ന ഒരാളെ നിങ്ങൾ ഇഷ്ടപ്പെടുമോ? ഇല്ല അല്ലേ? എങ്കിൽ മറ്റുള്ളവരോടും അങ്ങനെ ചെയ്യാതിരിക്കുക! കാരണം, സ്നേഹം “അയോഗ്യമായി പെരുമാറുന്നില്ല” എന്നാണു ബൈബിൾ പറയുന്നത്.—1 കൊരിന്ത്യർ 13:4, 5.
ചെൽസി എന്ന ചെറുപ്പക്കാരി പറയുന്നു: പ്രേമിച്ചുനടക്കുന്നത് ഒരു രസമുള്ള കാര്യമാണെന്ന് ഞാൻ ചിന്തിച്ചുപോകാറുണ്ട്. എന്നാൽ ഒരു വ്യക്തി അതിനെ ഗൗരവമായി കാണുകയും മറ്റേ വ്യക്തി അതിന് പുല്ലുവില കല്പിക്കുകയും ചെയ്യുമ്പോൾ അത് തീരെ രസിക്കുന്ന കാര്യമല്ല.
ചെയ്യാനാകുന്നത്: പ്രേമത്തിനായും വിവാഹത്തിനായും നിങ്ങളെ ഒരുക്കുന്നതിന് 2 പത്രോസ് 1:5-7 വായിച്ച് പുരോഗതി വരുത്തേണ്ട ഒരു ഗുണം തിരഞ്ഞെടുക്കുക. ഒരു മാസത്തിനു ശേഷം ആ ഗുണത്തെക്കുറിച്ച് എന്തെല്ലാം പഠിച്ചെന്നും ആ ഗുണം പ്രകടിപ്പിക്കുന്നതിൽ എത്രത്തോളം പുരോഗതി വരുത്തിയിട്ടുണ്ടെന്നും കാണുക.
എനിക്ക് പ്രണയിക്കാനുള്ള പ്രായമായോ?
പ്രണയം തുടങ്ങാനുള്ള പ്രായം എത്രയാണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
ഈ ചോദ്യം മാതാപിതാക്കളിൽ ആരോടെങ്കിലും ചോദിക്കുക.
മിക്കവാറും അവർ നൽകുന്ന ഉത്തരം നിങ്ങളുടേതിൽനിന്ന് വ്യത്യസ്തമായിരിക്കും. ചിലപ്പോൾ, നിങ്ങളുടെ അതേ അഭിപ്രായംതന്നെയാണെന്നും വരാം! തങ്ങളെക്കുറിച്ചുതന്നെ നന്നായി മനസ്സിലാകുന്നതുവരെ പ്രേമം തുടങ്ങേണ്ട എന്നു ജ്ഞാനപൂർവം ചില ചെറുപ്പക്കാർ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ ചിലപ്പോൾ അവരുടെ ഗണത്തിലാകാം.
അങ്ങനെ ചെയ്യാനാണ് ഡാന്യേല എന്ന 17-കാരി തീരുമാനിച്ചത്. അവൾ പറയുന്നു: “എന്നെ കല്യാണം കഴിക്കുന്ന വ്യക്തിക്ക് എന്തെല്ലാം ഗുണങ്ങളാണ് ഉണ്ടായിരിക്കേണ്ടതെന്ന് രണ്ടു വർഷം മുമ്പ് ചിന്തിച്ചിരുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ എന്റെ ചിന്ത. ഇപ്പോൾപ്പോലും ഇത്ര ഗൗരവാവഹമായ തീരുമാനമെടുക്കാൻ ഞാൻ പ്രാപ്തയായി എന്ന് എനിക്കു തോന്നുന്നില്ല. അതുകൊണ്ട് എന്റെ ചിന്താഗതി രണ്ടുമൂന്നു വർഷത്തേക്കെങ്കിലും മാറ്റമില്ലാതെ തുടരുന്നത് എപ്പോഴാണോ അപ്പോൾ മാത്രമേ ഞാൻ പ്രണയത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന് ഞാൻ തീരുമാനമെടുത്തു.”
കാത്തിരിക്കുന്നതാണ് ബുദ്ധി എന്നു പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. ലൈംഗികവികാരങ്ങളും പ്രണയചിന്തകളും തിളച്ചുമറിയുന്ന കാലഘട്ടത്തെ വിശേഷിപ്പിക്കാൻ ബൈബിൾ “നവയൗവനം” എന്ന പദമാണ് ഉപയോഗിക്കുന്നത്. (1 കൊരിന്ത്യർ 7:36) നിങ്ങൾ ഈ ഘട്ടത്തിലായിരിക്കെ, എതിർലിംഗത്തിൽപ്പെട്ട ഒരു വ്യക്തിയിൽ പ്രത്യേകതാത്പര്യം കാണിക്കുന്നത് ലൈംഗികാഗ്രഹത്തിന്റെ തീ ആളിക്കത്താനും അങ്ങനെ ദുർനടത്തയിലേക്ക് വഴുതിവീഴാനും ഇടയാക്കിയേക്കും.
ഇത് നിങ്ങളുടെ കൂട്ടുകാർക്ക് ഒരു പ്രശ്നമേ അല്ലായിരിക്കാം. കാരണം അവരിൽ പലരും ലൈംഗികതയിൽ ഏർപ്പെടാൻ അവസരം അന്വേഷിച്ചുനടക്കുന്നവരായിരിക്കാം. അത്തരം ചിന്താഗതിയെ നിങ്ങൾക്കു കീഴടക്കാനാകും. അല്ല, കീഴടക്കുകതന്നെ വേണം. (റോമർ 12:2) “പരസംഗത്തില്നിന്ന് ഓടിയകലുവിൻ” എന്നാണല്ലോ ബൈബിൾ പറയുന്നത്. (1 കൊരിന്ത്യർ 6:18) “നവയൗവനം” പിന്നിടുന്നതുവരെ കാത്തിരിക്കുന്നതിലൂടെ ‘ഹൃദയത്തിൽനിന്നു വ്യസനം അകറ്റാൻ’ നിങ്ങൾക്കു കഴിയും.—സഭാപ്രസംഗകൻ 11:10.
പ്രണയിക്കാൻ ഞാൻ അല്പം കാത്തിരിക്കണോ?
പ്രണയിക്കാനുള്ള സമയമാകുന്നതിനു മുമ്പ് അതിലേക്ക് എടുത്തുചാടുന്നത് പുതുതായി ചേർന്ന ഒരു കോഴ്സിന്റെ അവസാനവർഷപരീക്ഷ എഴുതാനിരിക്കുന്നതുപോലെയാണ്. അതൊരിക്കലും ശരിയാകില്ലെന്നു നിങ്ങൾക്ക് അറിയാം. കാരണം പരീക്ഷയിൽ എന്തെല്ലാം ചോദ്യങ്ങളാണ് വരാൻപോകുന്നതെന്ന് അറിയാൻ ആ വിഷയത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. അതിന് സമയം ആവശ്യമാണ്.
പ്രണയത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്.
അത് കുട്ടിക്കളിയല്ല. അതുകൊണ്ട് ഒരു വ്യക്തിയുമായി പ്രണയത്തിലാകുന്നതിനു മുമ്പ് എങ്ങനെ സൗഹൃദം വളർത്തിയെടുക്കാം എന്ന സുപ്രധാനമായ ഒരു “വിഷയത്തെക്കുറിച്ച്” പഠിക്കാൻ നിങ്ങൾ സമയം കണ്ടെത്തണം.
പിന്നീട് നിങ്ങൾക്ക് ഇണങ്ങിയ ആ വ്യക്തിയെ കണ്ടുമുട്ടുമ്പോൾ നല്ല അടിത്തറയുള്ള ഒരു ബന്ധം സ്ഥാപിക്കാനുള്ള സ്ഥാനത്തായിരിക്കും നിങ്ങൾ. കാരണം രണ്ട് നല്ല സുഹൃത്തുക്കളുടെ സംയോജനമാണ് വിജയപ്രദമായ വിവാഹത്തിനു നിദാനം.
പ്രണയിക്കാൻ കാത്തിരിക്കുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നില്ല. പകരം ‘യൗവനകാലം ആസ്വദിക്കാൻ’ കൂടുതൽ ഇടമൊരുക്കുകയാണു ചെയ്യുന്നത്. (സഭാപ്രസംഗകൻ 11:9) കൂടാതെ, നിങ്ങളുടെ വ്യക്തിത്വം മെച്ചെപ്പെടുത്താനും അതിനെക്കാൾ പ്രധാനമായി ദൈവവുമായുള്ള ബന്ധം വളർത്തിയെടുക്കാനും ഉള്ള സമയം നിങ്ങൾക്കു ലഭിക്കുകയും ചെയ്യും.—വിലാപങ്ങൾ 3:27
ഈ സമയത്ത് എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള ചങ്ങാത്തം നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്. അതിന് എങ്ങനെ കഴിയും? മുതിർന്നവർ മേൽനോട്ടം വഹിക്കുന്ന സ്ത്രീപുരുഷന്മാരുടെ കൂടിവരവുകളിൽ സംബന്ധിക്കുക. ഇതെക്കുറിച്ച് ടാമി എന്ന പെൺകുട്ടി പറയുന്നു: “ഇത് നല്ല രസമുള്ള പരിപാടിയാണ്. കുറേ സുഹൃത്തുക്കൾ ഉള്ളത് ഒരു നല്ല കാര്യമാണല്ലോ.” മോണിക്ക അതിനോടു യോജിക്കുന്നു. അവൾ പറയുന്നു: “ഈ കൂടിവരവുകൾ നല്ലൊരു ഐഡിയയാണ്. വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള ആളുകളുമായി ഇടപഴകാൻ അത് അവസരമൊരുക്കുന്നു.”
നേരെമറിച്ച് ഒരാളിൽ മാത്രമായി നിങ്ങളുടെ മുഴുവൻ താത്പര്യവും ഒതുക്കിവെക്കുന്നെങ്കിൽ വലിയ ഹൃദയവേദന നിങ്ങളെ കാത്തിരിക്കുന്നെന്ന് ഓർക്കുക. അതുകൊണ്ട് തിടുക്കം കൂട്ടരുത്. പ്രണയത്തിനു മുമ്പുവരെയുള്ള സമയം ആളുകളുമായുള്ള സൗഹൃദം നട്ടുവളർത്താനും നിലനിറുത്താനും എങ്ങനെ കഴിയുമെന്ന് പഠിക്കാൻ ഉപയോഗിക്കുക. പിന്നീട്, പ്രണയിക്കാൻ തീരുമാനമെടുക്കുമ്പോൾ നിങ്ങൾ ഏതു തരത്തിലുള്ള വ്യക്തിയാണെന്നും നിങ്ങളുടെ ജീവിതസഖിയിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഗുണഗണങ്ങൾ എന്തൊക്കെയാണെന്നും ഉള്ളതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കാൻ അതു നിങ്ങളെ സഹായിക്കും.