വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഉത്‌ക​ണ്‌ഠ​യെ എനിക്ക്‌ എങ്ങനെ നേരിടാം?

ഉത്‌ക​ണ്‌ഠ​യെ എനിക്ക്‌ എങ്ങനെ നേരിടാം?

 ഉത്‌ക​ണ്‌ഠ​യു​ടെ കാരണം എന്താണ്‌?

 താഴെ കൊടു​ത്തി​രി​ക്കു​ന്ന​തു​പോ​ലെ നിങ്ങൾക്കും ചില​പ്പോ​ഴൊ​ക്കെ തോന്നാ​റു​ണ്ടോ?

 “ഞാൻ എപ്പോ​ഴും ഇങ്ങനെ ചിന്തി​ക്കു​ന്നു: ‘അങ്ങനെ​യെ​ങ്ങാ​നും സംഭവി​ച്ചാൽ...’ ‘ഞങ്ങളുടെ കാർ അപകട​ത്തിൽപ്പെ​ടു​മോ...’ ‘ഞങ്ങളുടെ വിമാനം താഴേ​ക്കെ​ങ്ങാ​നും വീഴു​മോ...’ ഇങ്ങനെ ആരും ചിന്തി​ക്കാ​ത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്താണ്‌ ഞാൻ എപ്പോ​ഴും ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌.”—ചാൾസ്‌.

 “എനിക്ക്‌ ഏതു​നേ​ര​വും ഉത്‌ക​ണ്‌ഠ​യാണ്‌. എങ്ങു​മെ​ങ്ങും എത്താതെ ഒരു വളയത്തിൽക്കൂ​ടി കറങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒരു എലിക്കു​ഞ്ഞി​നെ​പ്പോ​ലെ​യാ​ണു ഞാൻ. ഞാൻ ചത്തുപ​ണി​യെ​ടു​ക്കു​ന്നുണ്ട്‌, പക്ഷേ ഒന്നും സാധി​ക്കു​ന്നു​മി​ല്ല!”—അന്ന.

 “സ്‌കൂൾജീ​വി​തം എന്ത്‌ രസമാ​ണെന്ന്‌ ആളുകൾ എന്നോട്‌ പറയാ​റുണ്ട്‌. ‘പക്ഷേ അത്‌ എത്രമാ​ത്രം സമ്മർദം നിറഞ്ഞ​താ​ണെന്ന്‌ അവർക്ക്‌ അറിയി​ല്ല​ല്ലോ’ എന്നു ഞാൻ അപ്പോൾ എന്നോ​ടു​ത​ന്നെ പറയും.”—ദാനി​യേൽ.

 “ഞാൻ ഒരു പ്രഷർകു​ക്കർ പോ​ലെ​യാണ്‌. ഇനി എന്താകും സംഭവി​ക്കു​ന്നത്‌, അല്ലെങ്കിൽ അടുത്ത​താ​യി ഞാൻ എന്തു ചെയ്യണം ഇതൊ​ക്കെ​യാണ്‌ എപ്പോ​ഴും എന്റെ ചിന്ത.”—ലോറ.

 ജീവി​ത​യാ​ഥാർഥ്യം: “ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ” എന്നു ബൈബിൾ വിളി​ക്കു​ന്ന കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) അതു​കൊ​ണ്ടു​ത​ന്നെ മുതിർന്ന​വ​രെ ബാധി​ക്കു​ന്ന​തു​പോ​ലെ ഉത്‌ക​ണ്‌ഠ ചെറു​പ്പ​ക്കാ​രെ​യും ബാധി​ക്കു​ന്നു.

 ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ എപ്പോ​ഴും തെറ്റാ​ണോ?

 അല്ല എന്നതാണ്‌ ഉത്തരം. തങ്ങൾ സ്‌നേ​ഹി​ക്കു​ന്ന​വ​രെ എങ്ങനെ സന്തോ​ഷി​പ്പി​ക്കാ​മെന്ന്‌ ഓർത്ത്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ അതിൽത്ത​ന്നെ തെറ്റ​ല്ലെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌.—1 കൊരിന്ത്യർ 7:32-34; 2 കൊരിന്ത്യർ 11:28.

 കൂടാതെ, ഇതുകൂ​ടി ചിന്തിക്കൂ—ഉത്‌ക​ണ്‌ഠ​യ്‌ക്കു വലി​യൊ​രു പ്രേര​ക​ശ​ക്തി​യാ​യി​രി​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌ അടുത്ത ആഴ്‌ച നിങ്ങൾക്കു സ്‌കൂ​ളിൽ ഒരു പരീക്ഷ ഉണ്ടെന്നു വിചാ​രി​ക്കു​ക. അങ്ങനെ​യാ​കു​മ്പോൾ ഈ ആഴ്‌ച​ത​ന്നെ പഠിക്കാൻ ഉത്‌ക​ണ്‌ഠ നിങ്ങളെ പ്രചോ​ദി​പ്പി​ച്ചേ​ക്കാം—അതിന്റെ ഫലമായി നിങ്ങൾക്കു നല്ല മാർക്കും കിട്ടി​യേ​ക്കാം!

 “വരാൻ പോകുന്ന അപകട​ത്തെ​ക്കു​റിച്ച്‌ നമ്മളെ ബോധ​വാ​നാ​ക്കു​ന്ന​തി​നു ചെറിയ തോതി​ലു​ള്ള ഉത്‌ക​ണ്‌ഠ​യ്‌ക്കു കഴിയും. നിങ്ങൾ തെറ്റായ ഒരു കാര്യ​മാ​ണു ചെയ്യാൻ പോകു​ന്ന​തെന്ന്‌ അറിയു​മ്പോൾ ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌ ആ ഗതിയിൽനിന്ന്‌ പിന്മാ​റ​ണ​മെന്ന ചിന്ത ഉളവാ​ക്കാൻ ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ കഴിയും” എന്ന്‌ സെറിന എന്ന കൗമാ​ര​പ്രാ​യ​ക്കാ​രി പറയുന്നു.—യാക്കോബ്‌ 5:14 താരത​മ്യം ചെയ്യുക.

 ജീവി​ത​യാ​ഥാർഥ്യം: ഉത്‌ക​ണ്‌ഠ നിങ്ങൾക്കു ഗുണം ചെയ്യും—അതു നിങ്ങളെ ശരിയായ ദിശയിൽ പ്രവർത്തി​ക്കാൻ അനുവ​ദി​ക്കു​ന്നെ​ങ്കിൽ.

 ഉത്‌ക​ണ്‌ഠ​യാ​ലുള്ള അശുഭ​ചി​ന്ത​കൾ നിങ്ങളു​ടെ ജീവി​ത​ത്തെ വഴിമു​ട്ടി​ക്കു​ന്നെ​ങ്കി​ലോ?

നിങ്ങൾ ഒരു ‘ഊരാ​ക്കു​രു​ക്കിൽ’ അകപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി തോന്നാൻ ഉത്‌ക​ണ്‌ഠ ഇടയാ​ക്കി​യേ​ക്കാം. എന്നാൽ മറ്റൊരു വീക്ഷണ​കോ​ണിൽനിന്ന്‌ കാര്യങ്ങൾ കാണുന്ന ഒരാൾക്ക്‌ പുറത്ത്‌ കടക്കാ​നു​ള്ള വഴി പറഞ്ഞു​ത​രാൻ കഴിയും

 ഉദാഹ​ര​ണം: “സമ്മർദ​പൂ​രി​ത​മാ​യ ഒരു സാഹച​ര്യം എങ്ങനെ ആവസാ​നി​ക്കും, ഇങ്ങനെ​യാ​കു​മോ, അങ്ങനെ​യാ​കു​മോ എന്നെല്ലാ​മോർത്ത്‌ ഞാൻ അസ്വസ്ഥ​നാ​കു​ന്നു” എന്ന്‌ 19-കാരനായ റിച്ചാർഡ്‌ പറയുന്നു. “അതെക്കു​റിച്ച്‌ ചിന്തി​ച്ചു​ചി​ന്തിച്ച്‌ ഞാൻ അങ്ങേയറ്റം ഉത്‌ക​ണ്‌ഠാ​കു​ല​നാ​കു​ന്നു.”

 “ശാന്തഹൃ​ദ​യം ശരീര​ത്തി​നു ജീവ​നേ​കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 14:30) അതേസ​മ​യം ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ തലവേദന, തലകറക്കം, വയറ്‌ സംബന്ധ​മാ​യ പ്രശ്‌ന​ങ്ങൾ, അമിത​മാ​യ ഹൃദയ​മി​ടിപ്പ്‌ എന്നിവ​പോ​ലു​ള്ള പല ശാരീ​രി​ക അസ്വാ​സ്ഥ്യ​ങ്ങൾക്കും വഴി​വെ​ക്കു​ന്നു.

 ഇങ്ങനെ ഗുണ​ത്തെ​ക്കാൾ അധികം ദോഷ​മാണ്‌ ഉത്‌ക​ണ്‌ഠ വരുത്തി​വെ​ക്കു​ന്ന​തെ​ങ്കിൽ നിങ്ങൾക്കു എന്തു ചെയ്യാ​നാ​കും?

 നിങ്ങൾക്ക്‌ എന്തു ചെയ്യാം?

 •   ഉത്‌ക​ണ്‌ഠ ന്യായ​മാ​യ​താ​ണോ എന്ന്‌ വിലയി​രു​ത്തു​ക. “നിങ്ങളു​ടെ ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ആകുല​പ്പെ​ടു​ന്ന​തും എന്നാൽ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തും രണ്ടും രണ്ടാണ്‌. ഒരു ആട്ടുക​സേ​ര​യിൽ ഇരുന്ന്‌ ആടുന്ന​തു​പോ​ലെ​യാണ്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ എന്നു പൊതു​വേ പറയാ​റു​ണ്ട​ല്ലോ. നിങ്ങൾ എന്തൊ​ക്കെ​യോ ചെയ്യു​ന്നുണ്ട്‌, പക്ഷേ അത്‌ നിങ്ങളെ എവി​ടെ​യും എത്തിക്കു​ന്നി​ല്ല.”—കാതറിൻ.

   ബൈബിൾ പറയു​ന്നത്‌: “ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​ലൂ​ടെ ആയുസ്സി​നോട്‌ ഒരു മുഴ​മെ​ങ്കി​ലും കൂട്ടാൻ ആർക്കെ​ങ്കി​ലും കഴിയുമോ?”—മത്തായി 6:27.

   ഇതിന്റെ അർഥം: ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​ലൂ​ടെ ഒരു പരിഹാ​രം കാണാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ, ഒന്നുകിൽ അതു നിങ്ങളു​ടെ പ്രശ്‌ന​ങ്ങൾ കൂട്ടും, അല്ലെങ്കിൽ അത്‌ ഒരു രോഗ​മാ​യി മാറും.

 •   അതതു ദിവസ​ത്തെ​ക്കു​റിച്ച്‌ മാത്രം ചിന്തി​ക്കു​ക. “ഒന്ന്‌ ഇരുന്ന്‌ ചിന്തി​ക്കു​ക. ഇന്നു നിങ്ങൾക്ക്‌ ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ ഇടയാ​ക്കു​ന്ന ഈ കാര്യം നാളെ​യോ ഒരു മാസം കഴിഞ്ഞോ ഒരു വർഷം കഴിഞ്ഞോ അഞ്ചു വർഷം കഴിഞ്ഞോ അത്ര വലിയ പ്രശ്‌ന​മാ​യി​രി​ക്കു​മോ?”—ആന്റണി.

   ബൈബിൾ പറയു​ന്നത്‌: “അതു​കൊണ്ട്‌ അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​താ​യ ഉത്‌കണ്‌ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​കൾത​ന്നെ ധാരാളം.”—മത്തായി 6:34.

   ഇതിന്റെ അർഥം: നാളത്തെ പ്രശ്‌ന​ങ്ങൾ ഇന്ന്‌ എടുത്ത്‌ തലയിൽ വെക്കു​ന്നത്‌ മണ്ടത്തര​മാണ്‌. അതിൽ പലതും ഒരിക്ക​ലും സംഭവി​ക്കി​ല്ല.

 •   മാറ്റാൻ പറ്റാത്ത സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെട്ട്‌ ജീവി​ക്കാൻ പഠിക്കുക. “ഓരോ സാഹച​ര്യ​ത്തെ​യും ഏറ്റവും നന്നായി നേരി​ടാൻ പരമാ​വ​ധി ശ്രമി​ക്കു​ക. അതേസ​മ​യം ചില സാഹച​ര്യ​ങ്ങൾ നിങ്ങളു​ടെ നിയ​ന്ത്ര​ണ​ത്തിന്‌ അതീത​മാ​ണെന്ന വസ്‌തുത അംഗീ​ക​രി​ക്കു​ക.”—റോബർട്ട്‌.

   ബൈബിൾ പറയു​ന്നത്‌: ‘വേഗമു​ള്ള​വർ ഓട്ടത്തിൽ എപ്പോ​ഴും വിജയി​ക്കു​ന്നി​ല്ല... അറിവു​ള്ള​വർ എപ്പോ​ഴും വിജയിക്കുന്നുമില്ല; കാരണം, സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും അവരെ​യെ​ല്ലാം പിടികൂടുന്നു.’—സഭാപ്രസംഗകൻ 9:11.

   ഇതിന്റെ അർഥം: ചില സമയങ്ങ​ളിൽ നിങ്ങളു​ടെ സാഹച​ര്യ​ങ്ങൾ നിങ്ങൾക്കു മാറ്റാ​നാ​കി​ല്ല. പക്ഷേ അവയെ വീക്ഷി​ക്കു​ന്ന വിധത്തി​നു മാറ്റം വരുത്താ​നാ​കും.

 •   പ്രധാ​ന​പ്പെട്ട കാര്യം തിട്ട​പ്പെ​ടു​ത്തു​ക. “ഒരു സാഹച​ര്യ​ത്തി​ന്റെ വിശദാം​ശ​ങ്ങ​ളിൽ മാത്രം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​തെ ഒരു ആകമാ​ന​വീ​ക്ഷ​ണം ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഞാൻ മനസ്സി​ലാ​ക്കി. പ്രധാ​ന​പ്പെട്ട കാര്യങ്ങൾ എന്താ​ണെ​ന്നു മനസ്സി​ലാ​ക്കി അതിനു​വേ​ണ്ടി​യാണ്‌ ഞാൻ ശ്രമി​ക്കേ​ണ്ടത്‌.”—അലക്‌സിസ്‌.

   ബൈബിൾ പറയു​ന്നത്‌: ’കൂടുതൽ പ്രാധാ​ന്യ​മു​ള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തു​ക.’—ഫിലിപ്പിയർ 1:10.

    ഇതിന്റെ അർഥം: ഓരോ ഉത്‌ക​ണ്‌ഠ​യ്‌ക്കും അതി​ന്റേ​താ​യ സ്ഥാനം കൊടു​ക്കു​ന്ന​വർ ഉത്‌ക​ണ്‌ഠ​യിൽ മുങ്ങി​ത്താ​ഴാ​നു​ള്ള സാധ്യത കുറവാണ്‌.

 •   ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ക. “ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം. പിറ്റേ ദിവസ​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ വലിയ ഉത്‌ക​ണ്‌ഠ​യോ​ടെ​യാണ്‌ എന്നും ഞാൻ വീട്ടിൽ വന്നിരു​ന്നത്‌. എനിക്കു പറയാ​നു​ള്ള​തു മുഴുവൻ ഡാഡി​യും മമ്മിയും കേട്ടി​രി​ക്കും. അങ്ങനെ​യു​ള്ള ഒരു ഡാഡി​യും മമ്മിയും ഉണ്ടായി​രു​ന്നത്‌ എന്ത്‌ ആശ്വാ​സ​മാ​യി​രു​ന്നെ​ന്നോ! എനിക്ക്‌ അവരെ നല്ല വിശ്വാ​സ​മാ​യി​രു​ന്നു. എന്തും അവരോ​ടു തുറന്നു​പ​റ​യാ​മാ​യി​രു​ന്നു. പിറ്റേ ദിവസത്തെ നേരി​ടാൻ അത്‌ എന്നെ സഹായി​ച്ചു.”—മാർളിൻ.

   ബൈബിൾ പറയു​ന്നത്‌: “മനുഷ്യ​ന്റെ ഹൃദയ​ത്തി​ലെ ഉത്‌ക​ണ്‌ഠ അവനെ തളർത്തി​ക്ക​ള​യു​ന്നു; എന്നാൽ ഒരു നല്ല വാക്ക്‌ അവനിൽ സന്തോഷം നിറയ്‌ക്കു​ന്നു.”—സുഭാ​ഷി​ത​ങ്ങൾ 12:25.

   ഇതിന്റെ അർഥം: ഉത്‌ക​ണ്‌ഠ കുറയ്‌ക്കാൻ എന്തു ചെയ്യാ​മെ​ന്നു പറഞ്ഞു​ത​രാൻ മാതാ​പി​താ​ക്കൾക്കോ ഒരു സുഹൃ​ത്തി​നോ കഴി​ഞ്ഞേ​ക്കും.

 •   പ്രാർഥി​ക്കു​ക. “ഉച്ചത്തിൽ എന്റെ ശബ്ദം കേൾക്കാൻ കഴിയുന്ന വിധം പ്രാർഥി​ക്കു​ന്നത്‌, എന്നെ സഹായി​ക്കു​ന്നു. ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ ഇടയാ​ക്കു​ന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ ഏതു​നേ​ര​വും തലപു​ക​യു​ന്ന​തി​നു പകരം അതു വാക്കു​ക​ളിൽ പകർത്താൻ പ്രാർഥന എന്നെ സഹായി​ക്കു​ന്നു. എനിക്കുള്ള ഉത്‌ക​ണ്‌ഠ​യെ​ക്കാൾ വളരെ ഉയരത്തി​ലാണ്‌ യഹോവ എന്നു മനസ്സി​ലാ​ക്കാ​നും അത്‌ എന്നെ സഹായി​ക്കു​ന്നു.”—ലോറ.

   ബൈബിൾ പറയു​ന്നത്‌: “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”—1 പത്രോസ്‌ 5:7.

   ഇതിന്റെ അർഥം: സ്വന്തമാ​യി പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു​ള്ള ഒരു ചെപ്പടി​വി​ദ്യ​യല്ല പ്രാർഥന. ദൈവ​മാ​യ യഹോ​വ​യു​മാ​യി നടത്തുന്ന സംഭാ​ഷ​ണ​മാണ്‌ അത്‌. ദൈവം ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “ഭയപ്പെ​ടേ​ണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും.”—യശയ്യ 41:10.