വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഈ വ്യക്തി എനിക്കു ചേരു​മോ?

ഈ വ്യക്തി എനിക്കു ചേരു​മോ?

 ഒരു നല്ല വിവാ​ഹ​പ​ങ്കാ​ളി​യാ​യി​രി​ക്കു​മെന്നു തോന്നുന്ന ആരെ​യെ​ങ്കി​ലും നിങ്ങൾ കണ്ടെത്തി​യോ? കണ്ടെത്തി​യെ​ങ്കിൽ, ആ വ്യക്തി ശരിക്കും നിങ്ങൾക്കു ചേരുന്ന ആളാ​ണെന്ന്‌ എങ്ങനെ അറിയാം?

 പുറമേ കാണുന്ന കാര്യ​ങ്ങൾക്കും അപ്പുറ​ത്തേ​ക്കു നോ​ക്കേ​ണ്ടത്‌ വളരെ പ്രധാ​ന​മാണ്‌. ചില​പ്പോൾ, ഏറ്റവും സൗന്ദര്യം ഉള്ളതായി തോന്നുന്ന പെൺകു​ട്ടി വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​ളാ​യി​രി​ക്കാം, എല്ലാവ​രു​ടെ​യും സൂപ്പർതാ​ര​മാ​യ പയ്യൻ സദാചാ​ര​ത്തി​ന്റെ കാര്യ​ത്തിൽ വട്ടപ്പൂ​ജ്യ​വു​മാ​യി​രി​ക്കാം. ഒത്തു​പോ​കാൻ പറ്റുന്ന ഒരാ​ളെ​യാണ്‌ നിങ്ങൾക്ക്‌ ആവശ്യം. നിങ്ങളു​ടെ വ്യക്തി​ത്വ​വു​മാ​യി ചേരുന്ന, നിങ്ങളു​ടെ അതേ ലക്ഷ്യങ്ങ​ളു​ള്ള ഒരാൾ.—ഉൽപത്തി 2:18; മത്തായി 19:4-6.

വ്യക്തി​ത്വ​ത്തി​ന്റെ കാണാ​പ്പു​റ​ങ്ങ​ളി​ലേക്ക്‌

 ആ വ്യക്തി​യു​ടെ സ്വഭാ​വ​സ​വി​ശേ​ഷ​ത​കൾ ശ്രദ്ധി​ക്കു​ക. പക്ഷേ അപ്പോ​ഴും സൂക്ഷി​ക്ക​ണം കേട്ടോ! നമുക്ക്‌ ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്ര​മാ​യി​രി​ക്കും നമ്മുടെ കണ്ണിൽപ്പെ​ടു​ന്നത്‌. അതു​കൊണ്ട്‌ തിരക്കു​കൂ​ട്ടേ​ണ്ടാ. ആ വ്യക്തി​യു​ടെ യഥാർഥ​സ്വ​ഭാ​വം മനസ്സി​ലാ​ക്കാ​നാ​യി​രി​ക്കണം ശ്രമി​ക്കേ​ണ്ടത്‌.

 പ്രണയി​ക്കു​ന്ന പലരും പുറമേ കാണുന്ന കാര്യ​ങ്ങ​ളി​ലേ​ക്കു മാത്രമേ നോക്കാ​റു​ള്ളൂ. അവർക്കു രണ്ടു​പേർക്കും ഒരു​പോ​ലെ ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രമേ അവർ കണ്ടെന്നു​വ​രൂ. “ഞങ്ങൾക്കു രണ്ടു​പേർക്കും ഈ പാട്ട്‌ ഇഷ്ടമാ” എന്നോ “ഞങ്ങളുടെ ഇഷ്ടങ്ങ​ളൊ​ക്കെ ഒരു​പോ​ലെ​യാ” എന്നോ “ഏതു കാര്യ​ത്തി​ലും ഞങ്ങളെ​ടു​ക്കു​ന്ന തീരു​മാ​നം ഒന്നായി​രി​ക്കും!” എന്നോ ഒക്കെ അവർ പറഞ്ഞേ​ക്കാം. എന്തായാ​ലും, പുറമേ കാണുന്ന കാര്യ​ങ്ങൾക്കും അപ്പുറ​ത്തേ​ക്കു നോ​ക്കേ​ണ്ടത്‌ വളരെ പ്രധാ​ന​മാണ്‌. ‘ആന്തരി​ക​മ​നു​ഷ്യ​നെ’ വിവേ​ചി​ച്ച​റി​യേ​ണ്ട​തുണ്ട്‌. (1 പത്രോസ്‌ 3:4; എഫെസ്യർ 3:16) ഏതെല്ലാം കാര്യ​ങ്ങ​ളിൽ നിങ്ങൾ ഒരു​പോ​ലെ ചിന്തി​ക്കു​ന്നു എന്നതല്ല ശരിക്കും പ്രധാനം. അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ വരു​മ്പോ​ഴാണ്‌ ഒരാളു​ടെ ശരിയായ വ്യക്തി​ത്വം പുറത്തു​വ​രു​ന്നത്‌.

 ഉദാഹ​ര​ണ​ത്തിന്‌, പിൻവ​രു​ന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക:

  •   അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ ഉണ്ടാകു​മ്പോൾ ആ വ്യക്തി എന്തു ചെയ്യുന്നു? കടും​പി​ടി​ത്തം, “ക്രോധം,” “അസഭ്യ​സം​സാ​രം” എന്നിവ​യൊ​ക്കെ​യാ​ണോ ആ വ്യക്തി​യു​ടെ പ്രതി​ക​ര​ണ​ത്തിൽ മുഴച്ചു​നിൽക്കു​ന്നത്‌? (ഗലാത്യർ 5:19, 20; കൊ​ലോ​സ്യർ 3:8) അതോ ആ വ്യക്തി ന്യായ​ബോ​ധം കാണി​ക്കു​ന്നു​ണ്ടോ? തെറ്റും ശരിയും സംബന്ധിച്ച നിയമങ്ങൾ ലംഘി​ക്കാ​ത്തി​ട​ത്തോ​ളം, സമാധാ​നം നിലനി​റു​ത്തു​ന്ന​തി​നു​വേണ്ടി വിട്ടു​വീ​ഴ്‌ച ചെയ്യാൻ അദ്ദേഹം തയ്യാറാ​കു​ന്നു​ണ്ടോ?—യാക്കോബ്‌ 3:17.

  •   ആ വ്യക്തി, ആളുകളെ കൗശല​പൂർവം സ്വന്തം വഴിക്കു​കൊ​ണ്ടു​വ​രാൻ ശ്രമി​ക്കു​ന്ന​യാ​ളാ​ണോ? ‘ഇയാൾ എന്റേതു മാത്ര​മാണ്‌’ എന്നു ചിന്തി​ക്കു​ന്ന​യാ​ളാ​ണോ? അതുമ​ല്ലെ​ങ്കിൽ, അസൂയ​പ്പെ​ടു​ന്ന​യാ​ളാ​ണോ? നിങ്ങളു​ടെ എല്ലാ ചലനങ്ങ​ളും അറിയ​ണ​മെന്ന്‌ അയാൾ നിർബന്ധം പിടി​ക്കാ​റു​ണ്ടോ? “‘എവി​ടെ​യാണ്‌,’ ‘എന്തു​ചെ​യ്യു​ക​യാണ്‌’ എന്നൊക്കെ സമയാ​സ​മ​യം പറയാ​ത്ത​തി​ന്റെ പേരിൽ വഴക്കടി​ക്കു​ന്ന പ്രണയ​ജോ​ഡി​ക​ളെ​ക്കു​റിച്ച്‌ ഞാൻ കേട്ടി​ട്ടുണ്ട്‌. അതൊരു നല്ല ലക്ഷണമാ​ണെന്ന്‌ എനിക്കു തോന്നു​ന്നി​ല്ല,” എന്നു നിക്കോൾ പറയുന്നു.—1 കൊരി​ന്ത്യർ 13:4.

  •   മറ്റുള്ള​വർക്ക്‌ അയാ​ളെ​ക്കു​റിച്ച്‌ എന്താണ്‌ അഭി​പ്രാ​യം? ആ വ്യക്തി​യെ​ക്കു​റിച്ച്‌ നന്നായി അറിയാ​വു​ന്ന, സഭയിലെ പക്വത​യു​ള്ള സഹോ​ദ​ര​ങ്ങ​ളോട്‌ സംസാ​രി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കും. അങ്ങനെ​യാ​കു​മ്പോൾ മറ്റുള്ള​വർക്ക്‌ അവനെ​യോ അവളെ​യോ കുറിച്ച്‌ ‘വളരെ നല്ല അഭി​പ്രാ​യ​മാ​ണോ’ എന്ന്‌ അറിയാ​നാ​കും.—പ്രവൃ​ത്തി​കൾ 16:1, 2.