വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഗുരു​ത​ര​മാ​യ ഒരു ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ എനിക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും? (ഭാഗം 3)

ഗുരു​ത​ര​മാ​യ ഒരു ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ എനിക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും? (ഭാഗം 3)

 നല്ല ചുറു​ചു​റു​ക്കും ഉത്സാഹ​വും തോന്നുന്ന ഒരു കാലഘ​ട്ട​മാണ്‌ കൗമാരം. എന്നാൽ, ഈ പ്രായ​ത്തി​ലു​ള്ള ചിലർ ഗുരു​ത​ര​മാ​യ ആരോഗ്യപ്രശ്‌നങ്ങൾ നേരി​ടു​ന്നു. നിങ്ങളു​ടെ കാര്യത്തിൽ ഇത്‌ സത്യമാ​ണോ? എങ്കിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ വ്‌ലോ​റി​യ, ജസ്റ്റിൻ, നിസ എന്നിവ​രു​ടെ അനുഭവങ്ങൾ നിങ്ങൾക്ക്‌ പ്രചോ​ദ​ന​മേ​കും. അനുദി​നം മോശ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​മാ​യി അവർ പൊരു​ത്ത​പ്പെ​ട്ടു​പോ​കു​ന്നത്‌ എങ്ങനെ​യെന്ന്‌ ശ്രദ്ധി​ക്കു​ക.

 വ്‌ലോറിയ

 14 വയസ്സുള്ളപ്പോൾമുതൽ ഫൈബ്രോമയാൾജിയ (ശരീര​മാ​സ​ക​ലം വേദന​യു​ണ്ടാ​ക്കു​ന്ന ഒരു രോഗം) എന്ന രോഗ​ത്തിന്‌ അടിമ​യാണ്‌ ഞാൻ. 20 വയസ്സ്‌ ആയപ്പോ​ഴേ​ക്കും ആർത്രൈറ്റിസ്‌, ലൂപസ്‌, ലൈം എന്നീ രോഗ​ങ്ങ​ളും എന്നെ ബാധിച്ചു. എല്ലായ്‌പോ​ഴും തളർച്ച അനുഭവപ്പെടുന്നതിനാൽ ആഗ്രഹി​ക്കു​ന്ന കാര്യ​ങ്ങ​ളൊ​ന്നും എനിക്ക്‌ ചെയ്യാൻ കഴിയില്ല. ചില സമയങ്ങളിൽ അരമുതൽ താഴേ​യ്‌ക്ക്‌ തളർന്നുപോകുകയും എനിക്ക്‌ വീൽച്ചെയറിന്റെ സഹായം വേണ്ടി​വ​രി​ക​യും ചെയ്യും.

 ഒന്ന്‌ എഴുതു​ക​യോ ഒരു പാത്ര​ത്തി​ന്റെ അടപ്പ്‌ എടുത്ത്‌ മാറ്റു​ക​യോ പോലുള്ള നിസ്സാരകാര്യങ്ങൾ ചെയ്യാൻ കഴിയാ​തെ വരുമ്പോൾ എനിക്ക്‌ അനുഭ​വ​പ്പെ​ടു​ന്ന മാനസികസമ്മർദം ആണ്‌ ഇതി​നെ​ക്കാ​ളൊ​ക്കെ എന്നെ ബാധി​ക്കു​ന്നത്‌. കുട്ടി​ക​ളെ​ല്ലാം ഓടി​ച്ചാ​ടി നടക്കു​ന്ന​തു കാണുമ്പോൾ “എനിക്ക്‌ അങ്ങനെ​യൊ​ന്നും ചെയ്യാൻ കഴിയു​ന്നി​ല്ല​ല്ലോ, ഞാൻ ഒരു പരാജ​യ​മാണ്‌” എന്നൊക്കെ ചിന്തി​ക്കാ​റുണ്ട്‌.

 സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, എന്റെ കുടുംബാംഗങ്ങൾ മാത്രമല്ല, ഞാൻ സഹവസി​ക്കു​ന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയിലെ സഹോ​ദ​ര​ങ്ങ​ളും എനിക്കു​വേണ്ട സഹായം ചെയ്‌തു​ത​രാ​റുണ്ട്‌. സഭയിലുള്ളവർ മിക്ക​പ്പോ​ഴും എന്നെ സന്ദർശിക്കുന്നതിനാൽ ഒറ്റയ്‌ക്കാ​ണെന്ന തോന്നൽ എനിക്കില്ല. പലരും എന്നെ കൂടിവരവുകൾക്ക്‌ ക്ഷണിക്കാ​റുണ്ട്‌, വീൽച്ചെയറിൽനിന്ന്‌ എഴുന്നേൽപ്പിച്ച്‌ കാറിൽ കയറ്റാ​നും ഇറക്കാ​നും ഒക്കെ ബുദ്ധിമുട്ടാണെങ്കിൽപ്പോലും!

 ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ടെ ബുദ്ധി​മുട്ട്‌ എത്ര​ത്തോ​ള​മു​ണ്ടെന്ന്‌ അറിയാവുന്നതിനാൽ സഭയിലെ പ്രായമേറിയവരിൽനിന്ന്‌ വിശേഷാൽ എനിക്ക്‌ സഹായം ലഭിക്കു​ന്നു. നമ്മുടെ പരിമിതികൾ അംഗീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മറ്റുള്ള​വ​രെ​പ്പോ​ലെ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തതിൽ കുറ്റ​ബോ​ധം തോ​ന്നേ​ണ്ട​തി​ല്ലെ​ന്നും മനസ്സിലാക്കാൻ അവർ എന്നെ സഹായി​ച്ചു. സഭയി​ലാ​യി​രി​ക്കു​മ്പോ​ഴും ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോ​ഴും ആണ്‌ ഞാൻ ഏറ്റവും അധികം സന്തോ​ഷ​വ​തി​യാ​യി​രി​ക്കു​ന്ന​തെന്ന്‌ എനിക്ക്‌ ആത്മാർഥമായി പറയാൻ കഴിയും. (എബ്രായർ 10:25) രോഗങ്ങൾ ഉണ്ടെങ്കി​ലും അത്തരം സന്ദർഭങ്ങളിൽ, മറ്റുള്ള​വ​രെ​പ്പോ​ലെ​യുള്ള ഒരു ആൾ തന്നെയാ​ണു ഞാനും എന്ന്‌ എനിക്ക്‌ തോന്നാ​റുണ്ട്‌.

 പ്രയാസങ്ങൾ സഹി​ക്കേ​ണ്ട​തിന്‌ ആവശ്യ​മാ​യ സഹായങ്ങൾ യഹോവ നമുക്ക്‌ ചെയ്‌തു​ത​രു​മെന്ന കാര്യം ഞാൻ എപ്പോ​ഴും മനസ്സിൽപ്പിടിക്കുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു വ്യക്തി​യി​ലെ ബാഹ്യമനുഷ്യൻ ക്ഷയിച്ചു​കൊ​ണ്ടി​രി​ക്കു​ന്നെ​ങ്കി​ലും ആന്തരികമനുഷ്യൻ “ഓരോ ദിവസ​വും പുതു​ക്ക​പ്പെ​ടു​ക​യാണ്‌” എന്ന്‌ ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 4:16) അതുത​ന്നെ​യാണ്‌ എനിക്ക്‌ അനുഭ​വ​പ്പെ​ടു​ന്ന​തും!

 ചിന്തിക്കാൻ: ഗുരു​ത​ര​മാ​യ ഏതെങ്കി​ലും ഒരു രോഗം നിമിത്തം നിങ്ങൾ വേദന അനുഭവിക്കുകയാണെങ്കിൽ മറ്റുള്ളവരിൽനിന്ന്‌ സഹായം സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? നിങ്ങൾ ആരോഗ്യവാനാണെങ്കിൽ, രോഗി​യാ​യ ഒരു വ്യക്തിയെ എങ്ങനെ സഹായിക്കാൻ കഴിയും?—സുഭാഷിതങ്ങൾ 17:17.

 ജസ്റ്റിൻ

 ഞാൻ താഴെ വീണു. എനിക്ക്‌ എഴുന്നേൽക്കാനാകുന്നില്ല. നെഞ്ചിന്‌ ഭാരം അനുഭ​വ​പ്പെ​ടു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ അനങ്ങാ​നാ​യി​ല്ല. പെട്ടെ​ന്നു​ത​ന്നെ എന്നെ അടിയ​ന്തി​ര​വി​ഭാ​ഗ​ത്തി​ലേക്ക്‌ മാറ്റി. എന്റെ പ്രശ്‌നം എന്താ​ണെന്ന്‌ ഡോക്‌ടർമാർക്ക്‌ ആദ്യ​മൊ​ന്നും പിടി​കി​ട്ടി​യി​ല്ല. ഈ സംഭവം പലതവണ ആവർത്തിച്ചു. ഒടുവിൽ അവർ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു—ലൈം എന്ന രോഗം.

 ലൈം രോഗം എന്റെ നാഡീ​വ്യൂ​ഹ​ത്തെ ഒന്നാകെ ബാധിച്ചു. ചികിത്സ ആരംഭി​ച്ചിട്ട്‌ വളരെ വർഷങ്ങളായെങ്കിലും പലപ്പോ​ഴും എനിക്ക്‌ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വിറയൽ ഉണ്ടാകാ​റുണ്ട്‌. ചില ദിവസങ്ങളിൽ എന്റെ ശരീരം മുഴു​വ​നും വേദന​യാ​യി​രി​ക്കും. ചില​പ്പോൾ, വിരലുകൾപ്പോലും ഒന്നു ചലിപ്പിക്കാൻ കഴിയില്ല. സന്ധിക​ളെ​ല്ലാം ദ്രവി​ച്ചു​പോ​യ​തു​പോ​ലെ​യാണ്‌ എനിക്ക്‌ അനുഭ​വ​പ്പെ​ടു​ന്നത്‌.

 ‘ഇത്ര ചെറുപ്പത്തിൽത്തന്നെ ഒരു രോഗി​യാ​യ​ല്ലോ’ എന്ന്‌ ഞാൻ എപ്പോ​ഴും ചിന്തി​ക്കു​മാ​യി​രു​ന്നു. അത്‌ എന്നിൽ ദേഷ്യ​വും ഈർഷ്യയും ഉളവാക്കി. “ഈ അവസ്ഥയി​ലൂ​ടെ കടന്നുപോകാൻ അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌” എന്ന്‌ ഓരോ ദിവസ​വും ദൈവ​ത്തോട്‌ ഞാൻ കണ്ണുനീ​രോ​ടെ ചോദി​ക്കു​മാ​യി​രു​ന്നു. ദൈവം എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ക​യാണ്‌ എന്നു​പോ​ലും ഞാൻ ചിന്തിക്കാൻ തുടങ്ങി. എന്നാൽ, ആ സമയത്താണ്‌ ബൈബിളിൽ പറഞ്ഞി​രി​ക്കു​ന്ന ഇയ്യോ​ബി​നെ​ക്കു​റിച്ച്‌ ഞാൻ ചിന്തി​ച്ചത്‌. തനിക്ക്‌ ഇത്രമാ​ത്രം പ്രയാസങ്ങൾ നേരി​ടേ​ണ്ടി​വ​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്ന്‌ പൂർണമായി മനസ്സിലാക്കാൻ ഇയ്യോ​ബി​നാ​യി​ല്ല. എന്നിട്ടും, ഇയ്യോബ്‌ ദൈവ​ത്തോട്‌ വിശ്വ​സ്‌ത​നാ​യി നില​കൊ​ണ്ടു. ഇത്രയ​ധി​കം സങ്കീർണമായ പ്രശ്‌നങ്ങൾ അഭിമു​ഖീ​ക​രി​ച്ച ഇയ്യോ​ബിന്‌ അത്‌ സാധിച്ചെങ്കിൽ എനിക്കും എന്തു​കൊണ്ട്‌ ആയിക്കൂ​ടാ എന്നു ഞാൻ ചിന്തിച്ചു.

 സഭയിലെ മൂപ്പന്മാ​രു​ടെ പിന്തുണ എനിക്ക്‌ വേണ്ടു​വോ​ളം ഉണ്ടായി​രു​ന്നു. അവർ എപ്പോ​ഴും എന്റെ രോഗ​വി​വ​രം അന്വേ​ഷി​ക്കും. മൂപ്പന്മാരിൽ ഒരാൾ, എപ്പോൾ വേണ​മെ​ങ്കി​ലും അദ്ദേഹ​ത്തോട്‌ സംസാ​രി​ക്കാ​നു​ള്ള അനുവാ​ദം തന്നു, അസമയ​ത്തു​പോ​ലും! ഇത്തരം നല്ല സുഹൃ​ത്തു​ക്ക​ളെ തന്നതിന്‌ ഞാൻ എല്ലാ ദിവസ​വും യഹോ​വ​യോട്‌ എന്റെ നന്ദി പറയാ​റുണ്ട്‌.—യെശയ്യാ​വു 32:1, 2.

 ഗുരു​ത​ര​മാ​യ ഒരു രോഗാ​വ​സ്ഥ​യി​ലാണ്‌ നമ്മളെങ്കിൽ ഈ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ യഹോവ ബോധ​വാ​നാണ്‌ എന്ന ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം ചില സമയങ്ങളിൽ നമ്മൾ മറന്നു​പോ​കു​ന്നു. ബൈബിൾ പറയുന്നു: “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) അതുത​ന്നെ​യാണ്‌ ഞാൻ ഓരോ ദിവസ​വും ചെയ്യാൻ ശ്രമി​ക്കു​ന്ന​തും.

 ചിന്തിക്കാൻ: ഒരു ആരോ​ഗ്യ​പ്ര​ശ്‌നം നിങ്ങൾക്കുണ്ടെങ്കിൽ മറ്റുള്ളവർക്ക്‌ എങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയും?—സുഭാഷിതങ്ങൾ 24:10; 1 തെസ്സലോനിക്യർ 5:11.

 നിസ

 എന്റെ കൗമാ​ര​പ്രാ​യ​ത്തി​ലാണ്‌, സന്ധികളെ ക്ഷയിപ്പി​ക്കു​ന്ന മാർഫൻ സിൻഡ്രോം എന്ന രോഗം എനിക്കു​ണ്ടെന്ന്‌ കണ്ടെത്തു​ന്നത്‌. ഈ രോഗം ഹൃദയ​ത്തെ​യും കണ്ണുക​ളെ​യും മറ്റ്‌ പ്രധാ​ന​പ്പെട്ട അവയവ​ങ്ങ​ളെ​യും ബാധി​ക്കു​ന്നു. എല്ലാ ദിവസ​വും എനിക്ക്‌ വേദന ഇല്ലെങ്കി​ലും വന്നുകഴിഞ്ഞാൽ അത്‌ കഠിന​മാ​യി​രി​ക്കും.

 എനിക്ക്‌ രോഗ​മു​ണ്ടെന്ന്‌ അറിഞ്ഞ ആ നിമിഷം ഞാൻ പൊട്ടി​ക്ക​ര​ഞ്ഞു. ഇന്ന്‌ ആസ്വദി​ക്കു​ന്ന പല കാര്യ​ങ്ങ​ളും എനിക്ക്‌ ഭാവിയിൽ ചെയ്യാ​നാ​വി​ല്ല​ല്ലോ എന്നോർത്ത്‌ ഞാൻ വളരെ വിഷമി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഡാൻസ്‌ ചെയ്യു​ന്നത്‌ എനിക്ക്‌ വളരെ​യ​ധി​കം ഇഷ്ടമാണ്‌. എന്നാൽ വരുംദിനങ്ങളിൽ ഒരുപക്ഷെ, വേദന കാരണം ഡാൻസ്‌ ചെയ്യാ​നോ എന്തിന്‌, ഒന്നു നടക്കാൻപോലും കഴിയു​മോ എന്ന്‌ ഞാൻ ചിന്തിച്ചു. ഭാവി​യെ​ക്കു​റിച്ച്‌ ഓർത്തപ്പോൾ എനിക്ക്‌ വല്ലാത്ത പേടി തോന്നി.

 ഈ സാഹചര്യത്തിൽ എന്റെ ചേച്ചി എനിക്ക്‌ വലിയ ഒരു താങ്ങാ​യി​രു​ന്നു. എന്നി​ലേ​ക്കു​ത​ന്നെ ഉൾവലിയുന്ന ആ സാഹചര്യത്തിൽനിന്ന്‌ കരകയറാൻ ചേച്ചി എന്നെ സഹായി​ച്ചു. ഭയപ്പാ​ടോ​ടെ ജീവി​ക്ക​രു​തെ​ന്നും അത്‌ നമ്മുടെ ജീവിതം തകർക്കുമെന്നും ചേച്ചി എനിക്ക്‌ പറഞ്ഞു​ത​ന്നു. മാത്രമല്ല, പ്രാർഥനയിൽ ഉറ്റിരി​ക്കാ​നും ചേച്ചി എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. കാരണം, നമ്മൾ ആയിരി​ക്കു​ന്ന സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ പൂർണമായി അറിയാ​വു​ന്നത്‌ യഹോ​വ​യ്‌ക്ക്‌ മാത്ര​മാണ്‌!—1 പത്രോസ്‌ 5:7.

 എന്നെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ച തിരു​വെ​ഴു​ത്താണ്‌ സങ്കീർത്തനം 18:6. അത്‌ ഇങ്ങനെ പറയുന്നു: “എന്റെ കഷ്ടതയിൽ ഞാൻ യഹോ​വ​യെ വിളി​ച്ച​പേ​ക്ഷി​ച്ചു; സഹായ​ത്തി​നാ​യി ഞാൻ നിരന്തരം എന്റെ ദൈവത്തെ വിളിച്ചു. ദൈവം ആലയത്തിൽനിന്ന്‌ എന്റെ സ്വരം കേട്ടു. സഹായ​ത്തി​നാ​യു​ള്ള എന്റെ നിലവി​ളി ദൈവ​ത്തി​ന്റെ കാതി​ലെ​ത്തി.” യഹോ​വ​യോട്‌ പ്രാർഥിക്കുകയും സഹിച്ചുനിൽക്കാനുള്ള ശക്തിക്കാ​യി അപേക്ഷി​ക്കു​ക​യും ചെയ്യുമ്പോൾ യഹോവ കേൾക്കുമെന്നും എനിക്ക്‌ ഉത്തരമ​രു​ളു​മെ​ന്നും മനസ്സിലാക്കാൻ ആ തിരു​വെ​ഴുത്ത്‌ എന്നെ സഹായി​ച്ചു. എന്നെ സഹായി​ക്കാ​നാ​യി എല്ലായ്‌പോ​ഴും യഹോ​വ​യുണ്ട്‌.

 ഉണ്ടായ ഒരു ദുരന്ത​ത്തെ​പ്ര​തി സങ്കടം തോന്നു​ക​യോ മനസ്സ്‌ ഇടിഞ്ഞു​പോ​കു​ക​യോ ചെയ്യു​ന്നത്‌ സ്വാഭാ​വി​കം മാത്ര​മാ​ണെ​ന്നു ഞാൻ പഠിച്ചു. എന്നാൽ, അത്തരം വികാരങ്ങൾ നമ്മുടെ ജീവി​ത​ത്തെ തകർക്കാനോ ദൈവ​വു​മാ​യു​ള്ള ബന്ധത്തെ ബാധി​ക്കാ​നോ അനുവദിക്കാതിരിക്കാൻ നമ്മൾ പ്രത്യേ​കം ശ്രദ്ധി​ക്ക​ണം. കാരണം, നമ്മുടെ പ്രശ്‌നങ്ങൾക്കുള്ള ഉത്തരവാ​ദി ദൈവമല്ല, ജീവിതത്തിൽ ദൈവ​ത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ ദൈവം നമ്മെ ഉപേക്ഷി​ക്കു​ക​യു​മി​ല്ല.—യാക്കോബ്‌ 4:8.

 ചിന്തിക്കാൻ: നമ്മുടെ കഷ്ടപ്പാടുകൾക്ക്‌ ദൈവ​മാ​ണോ ഉത്തരവാ​ദി?—യാക്കോബ്‌ 1:13.