യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എത്രത്തോളം മനക്കട്ടിയുണ്ട്?
നിങ്ങൾക്ക് എത്രത്തോളം മനക്കട്ടിയുണ്ട്? പിൻവരുന്ന സാഹചര്യങ്ങളിലൂടെ നിങ്ങൾ കടന്നുപോയിട്ടുണ്ടോ?
പ്രിയപ്പെട്ട ഒരാളുടെ മരണം
നീണ്ടുനിൽക്കുന്ന ഒരു രോഗം
പ്രകൃതിവിപത്ത്
വലിയവലിയ കാര്യങ്ങൾ നേരിടുന്നതിനു മാത്രമല്ല ചെറിയചെറിയ കാര്യങ്ങൾ നേരിടുന്നതിനും മനക്കട്ടി വേണമെന്നാണു ഗവേഷകരുടെ അഭിപ്രായം. നിങ്ങളെ രോഗിയാക്കാൻ നിത്യജീവിതത്തിലെ ചെറിയചെറിയ പ്രശ്നങ്ങൾതന്നെ ധാരാളം. അതുകൊണ്ട് നിങ്ങളുടെ പ്രശ്നം ചെറുതോ വലുതോ ആകട്ടെ മനക്കട്ടി വളർത്തേണ്ടത് വളരെ പ്രധാനമാണ്.
എന്താണ് മനക്കട്ടി?
ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെയും പ്രശ്നങ്ങളെയും നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവിനെയാണു മനക്കട്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനക്കട്ടിയുള്ള ആളുകൾക്കു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല എന്നല്ല അർഥം. കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായാലും അവർ അതിനെ അതിജീവിച്ച് പുറത്തുവരും, കൂടുതൽ കരുത്തോടെ.
കൊടുങ്കാറ്റിൽ ആടിയുലയുന്ന മരം അതിനു ശേഷം നേരെ നിൽക്കുന്നതുപോലെ ജീവിതത്തിലെ പ്രശ്നങ്ങളിൽനിന്ന് നമുക്കും മോചനം ലഭിക്കും
നിങ്ങൾക്ക് മനക്കട്ടി വേണ്ടത് എന്തുകൊണ്ട്?
പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ട്. ‘വേഗമുള്ളവർ ഓട്ടത്തിൽ എപ്പോഴും വിജയിക്കുന്നില്ല. അറിവുള്ളവരും എപ്പോഴും വിജയിക്കുന്നില്ല. കാരണം, സമയവും അപ്രതീക്ഷിതസംഭവങ്ങളും അവരെയെല്ലാം പിടികൂടുന്നു.’ (സഭാപ്രസംഗകൻ 9:11) നമുക്കുള്ള പാഠം: നല്ല ആളുകൾക്കും പ്രശ്നങ്ങൾ സഹിക്കേണ്ടിവരുന്നു. മിക്കപ്പോഴും, അത് അവരുടെ കുഴപ്പംകൊണ്ട് ആയിരിക്കണമെന്നില്ല.
മനക്കട്ടി നിങ്ങളെ സംരക്ഷിക്കുന്നു. ഒരു ഹൈസ്കൂൾ കൗൺസിലർ ഇങ്ങനെ പറയുന്നു: “പരീക്ഷയ്ക്കു മാർക്കു കുറഞ്ഞെന്നോ സമൂഹമാധ്യമത്തിൽ തങ്ങളെ മോശക്കാരാക്കിയെന്നോ ഒക്കെ പറഞ്ഞ് എന്റെ ഓഫീസിൽ കരഞ്ഞുതളർന്ന് വരുന്ന കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്നു.” ചെറുതെന്നു തോന്നിയേക്കാവുന്ന ഈ പ്രശ്നങ്ങൾപോലും നേരിടാൻ അവർക്കുള്ള പ്രാപ്തിക്കുറവ് അവരിൽ “മാനസികവും വൈകാരികവും ആയ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.” a
ഇപ്പോഴും ഭാവിയിലും പ്രയോജനം ചെയ്യും. ജീവിതത്തിലെ തിരിച്ചടികളെക്കുറിച്ച് ഡോക്ടർ റിച്ചാർഡ് ലെണർ എഴുതിയത് ഇങ്ങനെയാണ്: “ജീവിതത്തിൽ വിജയിക്കണമെങ്കിൽ തിരിച്ചടികൾ ഉണ്ടാകുമ്പോൾ നിങ്ങൾ പിടിച്ചുനിൽക്കുകയും അതിൽനിന്ന് തിരിച്ചുവരുകയും വേണം. പുതിയ ലക്ഷ്യങ്ങൾ വെക്കുകയോ ലക്ഷ്യത്തിൽ എത്താൻ പുതിയ മാർഗങ്ങൾ കണ്ടുപിടിക്കുകയോ ചെയ്യണം.” b
നിങ്ങൾക്ക് എങ്ങനെ മനക്കട്ടി വളർത്താം?
പ്രശ്നം ശരിക്കും ഒരു പ്രശ്നമാണോ? പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, അത് വലിയ പ്രശ്നമാണോ ചെറിയ പ്രശ്നമാണോ എന്ന് മനസ്സിലാക്കുക. ബൈബിൾ പറയുന്നു: “വിഡ്ഢി പെട്ടെന്നു കോപം പ്രകടിപ്പിക്കുന്നു; എന്നാൽ വിവേകമുള്ളവൻ പരിഹാസം വകവെക്കുന്നില്ല.” (സുഭാഷിതങ്ങൾ 12:16) എല്ലാ പ്രശ്നങ്ങളും നിങ്ങളെ കാർന്നുതിന്നാൻ ഇടയാക്കേണ്ട ആവശ്യമില്ല.
“സ്കൂളിൽ നടക്കുന്ന നിസ്സാരകാര്യങ്ങളെ കുട്ടികൾ വലിയ സംഭവമാക്കുന്നു. മറ്റു കുട്ടികൾ അതെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അതും ഇതും ഒക്കെ പറയും. അതു കേൾക്കുമ്പോൾ പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ കൂടുതൽ അസ്വസ്ഥരായി, ചെറിയ പ്രശ്നത്തെ വലിയൊരു പ്രശ്നമായി കാണും.”—ജൊവാൻ.
മറ്റുള്ളവരിൽനിന്ന് പഠിക്കുക. ബൈബിളിലെ ഒരു പഴമൊഴി പറയുന്നു: “ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ കൂട്ടുകാരനു മൂർച്ച കൂട്ടുന്നു.” (സുഭാഷിതങ്ങൾ 27:17) ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നേരിട്ടവരിൽനിന്ന് വിലപ്പെട്ട പല കാര്യങ്ങളും നമുക്കു പഠിക്കാൻ പറ്റും.
“മറ്റുള്ളവരോടു സംസാരിക്കുമ്പോഴാണ് അവർ കടന്നുപോയിട്ടുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെക്കുറിച്ച് നമുക്കു മനസ്സിലാക്കാൻ പറ്റുക. ഇപ്പോൾ അവർ അതിനെയൊക്കെ വിജയകരമായി മറികടന്നിരിക്കുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവർ എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുക.”—ജൂലിയ.
ക്ഷമ കാണിക്കുക. ബൈബിൾ പറയുന്നു: “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും.” (സുഭാഷിതങ്ങൾ 24:16) നിങ്ങൾ ആഗ്രഹിക്കാത്ത വിധത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അത് ഉൾക്കൊള്ളാൻ സമയം എടുത്തേക്കാം. എങ്കിലും ആ സമയത്ത് മനസ്സ് മടുത്തുപോകരുത്. പ്രധാനപ്പെട്ട കാര്യം വീണിടത്തുനിന്ന് ‘എഴുന്നേൽക്കുക’ എന്നതാണ്.
“വിഷമിപ്പിക്കുന്ന ഒരു കാര്യത്തിൽനിന്ന് പുറത്തുകടക്കണമെങ്കിൽ മനസ്സിനും ഹൃദയത്തിനും ഏറ്റ മുറിവ് ഉണങ്ങണം. അതിനു കുറച്ച് സമയമെടുക്കും. പക്ഷേ കാലം കടന്നുപോകുന്നതോടെ നമ്മൾ ആ സങ്കടത്തിൽനിന്ന് പുറത്തുകടക്കും.”—ആൻഡ്രിയ.
നന്ദി കാണിക്കുക. ബൈബിൾ പറയുന്നു: ‘നിങ്ങൾ നന്ദിയുള്ളവരായിരിക്കുക.’ (കൊലോസ്യർ 3:15) നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എത്ര ഗൗരവമുള്ളതാണെങ്കിലും നന്ദി കാണിക്കാൻ പല കാരണങ്ങളുണ്ട്. ജീവിക്കുന്നതുകൊണ്ട് അർഥമുണ്ടെന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനാകുമോ?
“പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരുമ്പോൾ എനിക്ക് ഇത് എന്തുകൊണ്ട് സംഭവിച്ചു? എന്ന് ആരും പറഞ്ഞുപോകും. എന്നാൽ നമ്മുടെ പ്രശ്നങ്ങളെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കാതെ നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക, അതിൽ സംതൃപ്തരായിരിക്കുക. കാര്യങ്ങളൊക്കെ നല്ല വിധത്തിൽ അവസാനിക്കുമെന്നും വിശ്വസിക്കുക. അതാണ് മനക്കട്ടി കാണിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്.”—സമാന്ത.
സംതൃപ്തരായിരിക്കുക. “ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാൻ എനിക്ക് അറിയാം” എന്നാണ് അപ്പോസ്തലനായ പൗലോസ് പറഞ്ഞത്. (ഫിലിപ്പിയർ 4:11) തനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മോശം കാര്യങ്ങളെ നിയന്ത്രിക്കാൻ പൗലോസിനു കഴിയുമായിരുന്നില്ല. എന്നാൽ അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന കാര്യത്തിൽ പൗലോസിന് നിയന്ത്രണമുണ്ടായിരുന്നു. തൃപ്തനായിരിക്കാൻ പൗലോസ് നിശ്ചയിച്ചുറച്ചു.
“ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എന്റെ ആദ്യത്തെ പ്രതികരണം എപ്പോഴും നല്ലതായിരിക്കണമെന്നില്ല എന്നു ഞാൻ തിരിച്ചറിഞ്ഞു. ഏതു സാഹചര്യത്തെയും ശുഭപ്രതീക്ഷയോടെ സമീപിക്കുക എന്നതാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം. അത് എനിക്കു മാത്രമല്ല, കൂടെയുള്ളവർക്കും പ്രയോജനം ചെയ്യും.”—മാത്യൂ.
പ്രാർഥിക്കുക. ബൈബിൾ പറയുന്നു: “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതിമാൻ വീണുപോകാൻ ദൈവം ഒരിക്കലും അനുവദിക്കില്ല.” (സങ്കീർത്തനം 55:22) മനഃശാന്തി കിട്ടാൻവേണ്ടി ചെയ്യുന്ന വെറും ഒരു പ്രവൃത്തിയല്ല പ്രാർഥന. അതു “നിങ്ങളെക്കുറിച്ച് ചിന്തയുള്ള” സ്രഷ്ടാവിനോടുള്ള, ഒരു യഥാർഥ ആശയവിനിമയമാണ്.—1 പത്രോസ് 5:7.
“ഞാൻ ഒറ്റയ്ക്കല്ല. സത്യസന്ധമായി ഞാൻ എന്റെ പ്രശ്നങ്ങളെക്കുറിച്ച് ദൈവത്തോടു പറയും. ദൈവം എനിക്കു തന്നിട്ടുള്ള അനുഗ്രഹങ്ങൾക്കു ഞാൻ നന്ദി പറയും. ആ അനുഗ്രഹങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുമ്പോൾ നിഷേധചിന്തകൾ എനിക്ക് മറക്കാൻ കഴിയുന്നു. പ്രാർഥന വളരെ പ്രധാനമാണ്.”—കാർലോസ്.