യുവജനങ്ങൾ ചോദിക്കുന്നു
ബൈബിളിന് എങ്ങനെ എന്നെ സഹായിക്കാനാകും?—ഭാഗം 3: വായനയിൽനിന്ന് പരമാവധി പ്രയോജനം നേടാം
ബൈബിൾ തുറന്ന് നോക്കുമ്പോൾ ‘ഇതെല്ലാം എങ്ങനെ വായിച്ചുതീർക്കാനാണ്’ എന്നു നിങ്ങൾക്കു തോന്നിയേക്കാം. അങ്ങനെ ചിന്തിച്ച് മടുപ്പ് തോന്നേണ്ടാ. പകരം ബൈബിളിനെ ധാരാളം വിഭവങ്ങൾ നിരത്തിവെച്ചിരിക്കുന്ന ഒരു വിരുന്നായി കാണുക. അവിടെയുള്ളത് മുഴുവൻ നിങ്ങൾക്കു കഴിക്കാൻ പറ്റിയെന്നു വരില്ല. പക്ഷേ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്: ആ സമയത്ത് വേണ്ടത് എത്രത്തോളമാണോ അത്രയും തിരഞ്ഞെടുത്ത് കഴിക്കാം.
നിങ്ങൾ വായിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന ബൈബിൾഭാഗത്തിൽനിന്ന് പൂർണപ്രയോജനം കിട്ടണമെങ്കിൽ എന്താണ് വായിക്കുന്നത് എന്നതിനു നിങ്ങൾ നല്ല ശ്രദ്ധ കൊടുക്കണം. ഈ ലേഖനം അതിനു നിങ്ങളെ സഹായിക്കും.
ഈ ലേഖനത്തിൽ
ബൈബിൾ വെറുതെ വായിച്ചുവിട്ടാൽ പോരാത്തത് എന്തുകൊണ്ട്?
ബൈബിൾ വായിക്കുമ്പോൾ നിങ്ങൾ എത്രത്തോളം ശ്രമം ചെയ്യുന്നോ അത്രത്തോളം നിങ്ങൾക്കു പ്രയോജനം കിട്ടും. ഇങ്ങനെയൊന്നു ചിന്തിക്കുക: ഒരു ടീ ബാഗ് ചൂടുവെള്ളത്തിൽ പെട്ടെന്നൊന്ന് മുക്കിയെടുത്താൽ അതിന്റെ രുചി വളരെ കുറച്ചേ അതിലേക്ക് ഇറങ്ങുകയുള്ളൂ. എന്നാൽ ആ ടീ ബാഗ് കുറച്ചധികം നേരം ചൂടുവെള്ളത്തിൽ മുക്കിയിട്ടാൽ ചായയുടെ സ്വാദ് കൂടുതൽ ഇറങ്ങും.
ബൈബിൾവായനയുടെ കാര്യവും ഇങ്ങനെതന്നെയാണ്. ഓടിച്ചുവായിച്ചുതീർക്കുന്നതിനു പകരം വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് സമയമെടുത്ത് ചിന്തിക്കണം. 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനും അതുതന്നെയാണ് ചെയ്തത്. ദൈവനിയമത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ദിവസം മുഴുവൻ ഞാൻ അതു ധ്യാനിക്കുന്നു.”—സങ്കീർത്തനം 119:97.
അതിനർഥം ഒരു ദിവസം മുഴുവനും ബൈബിൾ വായിക്കുകയും അതെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യണം എന്നല്ല. പകരം അവിടെ ഉദ്ദേശിച്ചിരിക്കുന്നത് ഇതാണ്: ദൈവത്തിന്റെ വചനത്തെക്കുറിച്ച് ചിന്തിക്കാൻ സങ്കീർത്തനക്കാരൻ സമയമെടുത്തു. അങ്ങനെ ചെയ്തത് നല്ല തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു.—സങ്കീർത്തനം 119:98-100.
“അമ്മ ഒരു ദിവസം എന്നോട് ഇങ്ങനെ പറഞ്ഞു: ‘ഒരു ആഴ്ചയിൽ ഏഴു ദിവസം ഉണ്ട്. ആ ദിവസങ്ങളിൽ നീ നിനക്കുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാറുണ്ടല്ലോ. അപ്പോൾ യഹോവയ്ക്കുവേണ്ടിയും കുറച്ച് സമയം കൊടുക്കണ്ടേ. അതു ന്യായമല്ലേ?’”—മെലാനി.
നിങ്ങൾ ഇങ്ങനെ ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ചിന്തിച്ചാൽ നല്ല തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്കാകും. ഉദാഹരണത്തിന്, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴോ തെറ്റായ ഒരു കാര്യം ചെയ്യാൻ പ്രലോഭനം തോന്നുമ്പോഴോ ഒക്കെ.
ബൈബിൾവായനയിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാം?
ഒരു പ്ലാൻ ഉണ്ടാക്കുക. കൗമാരക്കാരിയായ ജൂലിയയുടെ അഭിപ്രായം ഇതാണ്: “ബൈബിൾവായനയ്ക്കു നല്ലൊരു ഷെഡ്യൂൾ വേണം. എന്തു വായിക്കും, എപ്പോൾ വായിക്കും, എവിടെയിരുന്ന് വായിക്കും എന്നൊക്കെ നേരത്തേ തീരുമാനിക്കുക.”
നല്ലൊരു അന്തരീക്ഷം ഒരുക്കുക. ചെറുപ്പക്കാരിയായ ജിയാന പറയുന്നത് കേൾക്കൂ: “അധികം ഒച്ചയും ബഹളവും ഒന്നുമില്ലാത്ത ഒരു സ്ഥലം കണ്ടെത്തുക. ബൈബിൾ വായിക്കാനായി നിങ്ങൾ തീരുമാനിച്ചിരിക്കുന്ന സമയം വീട്ടിലെ മറ്റുള്ളവരോടും പറയാം. അതാകുമ്പോൾ ആ സമയത്ത് അവരും നിങ്ങളെ ശല്യം ചെയ്യില്ല.”
നിങ്ങൾ ഒരു ഇലക്ട്രോണിക് ഉപകരണത്തിൽനിന്നാണ് വായിക്കുന്നതെങ്കിൽ അതിലെ നോട്ടിഫിക്കേഷനുകളെല്ലാം ഓഫ് ചെയ്തുവെക്കുക. കഴിയുമെങ്കിൽ നിങ്ങൾക്കു പ്രിന്റ് ചെയ്ത ബൈബിളിൽനിന്നു വായിക്കാം. ചില ഗവേഷണങ്ങൾ കാണിക്കുന്നത് പ്രിന്റ് ചെയ്ത പ്രസിദ്ധീകരണത്തിൽനിന്ന് വായിച്ചാൽ വായിക്കുന്ന കാര്യങ്ങൾ കൂടുതൽ എളുപ്പം മനസ്സിലാക്കാൻ പറ്റുമെന്നാണ്. എന്നാൽ ഒരു സ്ക്രീനിൽനിന്നാണ് വായിക്കുന്നതെങ്കിൽ ശ്രദ്ധിച്ചിരിക്കാൻ നിങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ട് തോന്നിയേക്കാം.
“സ്ക്രീനിൽ നോക്കി വായിക്കുമ്പോൾ എന്റെ ശ്രദ്ധ പെട്ടെന്നു പോകും. കാരണം, ചിലപ്പോൾ നോട്ടിഫിക്കേഷൻ വരും. അല്ലെങ്കിൽ അതിന്റെ ചാർജ് കുറയും. ചിലപ്പോൾ ഇന്റർനെറ്റ് കട്ടാകും. ബുക്ക് നോക്കിയാണ് വായിക്കുന്നതെങ്കിൽ ഈ പ്രശ്നമൊന്നും ഇല്ല. ആവശ്യത്തിന് വെട്ടമുണ്ടോ എന്നു മാത്രം നോക്കിയാൽ മതി.”—എലേന.
ആദ്യം പ്രാർഥിക്കുക. നിങ്ങൾ ബൈബിളിൽനിന്ന് വായിക്കാൻപോകുന്ന ഭാഗം മനസ്സിലാക്കാനും ഓർത്തിരിക്കാനും അതിൽനിന്ന് പ്രയോജനം നേടാനും സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക.—യാക്കോബ് 1:5.
പ്രാർഥനയ്ക്കു ചേർച്ചയിൽ നിങ്ങൾ പ്രവർത്തിക്കുകയും വേണം. അതിനായി നിങ്ങൾ വായിക്കുന്ന വിവരണത്തെക്കുറിച്ച് നന്നായി പഠിക്കുക. അത് എങ്ങനെ ചെയ്യാം? JW ലൈബ്രറിയിലോ ഓൺലൈനിലോ ആണ് നിങ്ങൾ ബൈബിൾ വായിക്കുന്നതെങ്കിൽ ആ വാക്യത്തിലൊന്നു ക്ലിക്ക് ചെയ്താൽ അതെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലേഖനങ്ങളും വായിക്കാൻ കഴിയും.
ചോദ്യങ്ങൾ ചോദിക്കുക. ഉദാഹരണത്തിന് ‘ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്? എനിക്ക് അനുകരിക്കാൻ കഴിയുന്ന യഹോവയുടെ ഏതെങ്കിലും ഗുണം ഈ വിവരണത്തിൽ ഉണ്ടോ?’ (എഫെസ്യർ 5:1) ‘എനിക്കു ജീവിതത്തിൽ പകർത്താൻ കഴിയുന്ന എന്തു പാഠമാണ് ഈ വിവരണത്തിലുള്ളത്?’ (സങ്കീർത്തനം 119:105) ‘ഞാൻ ഈ വായിച്ച കാര്യങ്ങൾ മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടി എനിക്ക് എങ്ങനെയെങ്കിലും ഉപയോഗിക്കാനാകുമോ?’—റോമർ 1:11.
അതോടൊപ്പം ഇങ്ങനെയും ചോദിക്കുക: ‘ഞാൻ ഇപ്പോൾ വായിച്ച ഈ കാര്യം ബൈബിളിന്റെ മുഖ്യവിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്?’ ഈ ചോദ്യം ചോദിക്കുന്നത് പ്രധാനമാണ്. എന്തുകൊണ്ട്? കാരണം ഉൽപത്തി മുതൽ വെളിപാട് വരെയുള്ള മുഴുബൈബിളും ഏതെങ്കിലുമൊരു വിധത്തിൽ ആ മുഖ്യവിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ എന്താണ് ആ വിഷയം? യഹോവ ദൈവരാജ്യത്തിലൂടെ തന്റെ നാമം വിശുദ്ധീകരിക്കും, തനിക്കാണ് ഭരിക്കാൻ അവകാശമുള്ളതെന്നും തന്റെ ഭരണമാണ് ഏറ്റവും നല്ലതെന്നും തെളിയിക്കുകയും ചെയ്യും.