വിവരങ്ങള്‍ കാണിക്കുക

വരവ്‌ കുറയു​മ്പോൾ; ചെലവും കുറയ്‌ക്കാം

സാമ്പത്തി​ക​പ്ര​തി​സന്ധി കാരണം കുറഞ്ഞ ചെലവിൽ ജീവി​ക്കേണ്ട ഒരു സാഹച​ര്യ​മാ​ണോ നിങ്ങളു​ടേത്‌? പകർച്ച​വ്യാ​ധി​കൾ, പ്രകൃ​തി​വി​പ​ത്തു​കൾ, രാഷ്ട്രീ​യ​ക​ലാ​പങ്ങൾ, യുദ്ധങ്ങൾ എന്നിവ​യൊ​ക്കെ ചില​പ്പോൾ സമ്പദ്‌ വ്യവസ്ഥയെ പെട്ടെന്ന്‌ താറു​മാ​റാ​ക്കും. ഇങ്ങനെ പെട്ടെന്ന്‌ വരുമാ​നം കുറയു​മ്പോൾ നമ്മൾ ആകെ സമ്മർദ​ത്തി​ലാ​യേ​ക്കാം. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ നമ്മുടെ വരുമാ​ന​ത്തിൽ ഒതുങ്ങി ജീവി​ക്കാൻ സഹായി​ക്കുന്ന പ്രാ​യോ​ഗി​ക​മായ ചില നിർദേ​ശങ്ങൾ ബൈബിൾ തരുന്നു.

1. സാഹച​ര്യം മാറി എന്ന്‌ അംഗീ​ക​രി​ക്കുക.

ബൈബിൾ തത്ത്വം: “ഇല്ലായ്‌മ​യിൽ കഴിയാ​നും സമൃദ്ധി​യിൽ കഴിയാ​നും ഞാൻ പഠിച്ചി​രി​ക്കു​ന്നു.”—ഫിലി​പ്പി​യർ 4:12.

മുമ്പത്തെ അത്ര വരുമാ​നം നിങ്ങൾക്ക്‌ ഇപ്പോൾ ഇല്ലെങ്കി​ലും ആ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ നിങ്ങൾക്കു കഴിയും. എത്ര പെട്ടെന്ന്‌ ആ മാറിയ സാഹച​ര്യം മനസ്സി​ലാ​ക്കി നമ്മൾ പ്രവർത്തി​ക്കു​ന്നോ, അത്ര എളുപ്പ​മാ​യി​രി​ക്കും നിങ്ങളു​ടെ മുന്നോ​ട്ടുള്ള കാര്യങ്ങൾ.

ഗവൺമെ​ന്റോ മറ്റു സംഘട​ന​ക​ളോ നൽകുന്ന സഹായ​ങ്ങ​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കുക. മിക്ക​പ്പോ​ഴും അപേക്ഷകൾ സ്വീക​രി​ക്കു​ന്ന​തി​നു ഒരു പരിമി​ത​മായ കാലയ​ളവേ ഉണ്ടാകൂ. അതു​കൊണ്ട്‌ അവ പെട്ടെന്ന്‌ കൊടു​ക്കു​ന്ന​താണ്‌ നല്ലത്‌.

2. ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കുക.

ബൈബിൾ തത്ത്വം: “കൂടി​യാ​ലോ​ചി​ക്കാ​ത്ത​പ്പോൾ പദ്ധതികൾ തകരുന്നു; എന്നാൽ അനേകം ഉപദേ​ശ​ക​രു​ണ്ടെ​ങ്കിൽ വിജയം നേടാം.”—സുഭാ​ഷി​തങ്ങൾ 15:22.

നിങ്ങളു​ടെ ഇണയോ​ടും കുട്ടി​ക​ളോ​ടും കുടും​ബ​ത്തി​ന്റെ സാമ്പത്തി​ക​പ്ര​ശ്‌ന​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക. ഇങ്ങനെ തുറന്ന്‌ സംസാ​രി​ച്ചാ​ലേ കുടും​ബ​ത്തി​ലു​ള്ള​വർക്ക്‌ സാഹച​ര്യം മനസ്സി​ലാ​ക്കാ​നും നിങ്ങളെ പിന്തു​ണ​യ്‌ക്കാ​നും കഴിയൂ. പണം സൂക്ഷിച്ച്‌ കൈകാ​ര്യം ചെയ്യാൻ ഒറ്റക്കെ​ട്ടാ​യി ശ്രമി​ക്കു​മ്പോൾ ആ പണം​കൊണ്ട്‌ പ്രാധാ​ന്യ​മുള്ള മറ്റു പല കാര്യ​ങ്ങ​ളും നിങ്ങൾക്കു ചെയ്യാ​നാ​കും.

3. ഒരു ബഡ്‌ജറ്റ്‌ ഉണ്ടാക്കുക.

ബൈബിൾ തത്ത്വം: ‘ഇരുന്ന്‌ ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കുക.’—ലൂക്കോസ്‌ 14:28.

കുറഞ്ഞ വരുമാ​ന​ത്തിൽ ജീവി​ക്ക​ണ​മെ​ങ്കിൽ കൈയി​ലുള്ള പണമെ​ല്ലാം ഏതു വഴിക്കാ​ണു പോകു​ന്ന​തെന്നു നമ്മൾ കൃത്യ​മാ​യി അറിഞ്ഞി​രി​ക്കണം. ബഡ്‌ജറ്റ്‌ ഉണ്ടാക്കു​മ്പോൾ ആദ്യം, വരും മാസങ്ങ​ളിൽ കിട്ടാൻ സാധ്യ​ത​യുള്ള വരുമാ​നം എഴുതി​വെ​ക്കുക. ഇനി ഓരോ മാസവും സാധാ​ര​ണ​യുള്ള ചെലവു​കൾ എഴുതുക. അതിൽ ഇഷ്ടപ്പെട്ട കാര്യ​ങ്ങൾക്കോ ശീലങ്ങൾക്കോ വേണ്ടി എത്ര രൂപ ചെലവ​ഴി​ക്കു​ന്നെ​ന്നും ഉൾപ്പെ​ടു​ത്തണം. ഇതിൽ പലതും വെട്ടി​ച്ചു​രു​ക്കേണ്ടി വരു​മെന്ന്‌ അറിയാ​മെ​ങ്കി​ലും അങ്ങനെ ചെയ്യുക. അപ്രതീ​ക്ഷി​ത​മാ​യോ അടിയ​ന്തി​ര​മാ​യോ വന്നേക്കാ​വുന്ന ചെലവു​കൾക്കാ​യി മാറ്റി​വെ​ക്കാൻ ആഗ്രഹി​ക്കുന്ന തുകയും എഴുതാം.

ഓർക്കുക: ബഡ്‌ജറ്റ്‌ തയാറാ​ക്കു​മ്പോൾ നമുക്ക്‌ വരുന്ന ചെറിയ ചെലവു​കൾപോ​ലും എഴുതാൻ മറക്കരുത്‌. ഓരോ മാസവും ഈ ചെറിയ കാര്യ​ങ്ങൾക്കു​വേണ്ടി ഇത്രയ​ധി​കം രൂപ ചെലവാ​യെന്നു മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ ഞെട്ടി​പ്പോ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരാൾ ചെലവു​കൾ കണക്കു​കൂ​ട്ടി നോക്കി​യ​പ്പോൾ ബബിൾഗം വാങ്ങാൻ മാത്രം ഒരു വർഷം പതിനാ​യി​ര​ത്തി​ല​ധി​കം രൂപ ചെലവ​ഴി​ച്ച​താ​യി മനസ്സി​ലാ​ക്കി.

4. ഏറ്റവും പ്രാധാ​ന്യം ഏതിനാ​ണെന്നു തീരു​മാ​നി​ക്കുക.

ബൈബിൾ തത്ത്വം: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’—ഫിലി​പ്പി​യർ 1:10.

നിങ്ങളു​ടെ വരവും ചെലവും തമ്മിൽ താരത​മ്യം ചെയ്‌ത്‌ അതിൽ ഏതൊക്കെ ചെലവു​കൾ ഒഴിവാ​ക്കാ​മെ​ന്നും ഏതൊക്കെ കുറയ്‌ക്കാ​മെ​ന്നും തീരു​മാ​നി​ക്കുക. അങ്ങനെ​യാ​കു​മ്പോൾ നിങ്ങൾക്ക്‌ വരുമാ​ന​ത്തിൽ ഒതുങ്ങി ജീവി​ക്കാ​നാ​കും. പിൻവ​രുന്ന ചെലവു​ക​ളെ​ക്കു​റിച്ച്‌ ഒന്ന്‌ ചിന്തി​ക്കുക.

  • വാഹനം. നിങ്ങൾക്ക്‌ ഒന്നില​ധി​കം വണ്ടികൾ ഉണ്ടെങ്കിൽ അതിൽ ഒന്ന്‌ വിൽക്കാൻ പറ്റുമോ? വിലകൂ​ടിയ വണ്ടിയാണ്‌ നിങ്ങൾക്കു​ള്ള​തെ​ങ്കിൽ അതു മാറ്റി ചെലവ്‌ കുറഞ്ഞ ഒരെണ്ണം വാങ്ങാ​നാ​കു​മോ? ഇനി ആവശ്യ​മു​ള്ളി​ട​ത്തേക്ക്‌ ഒരു പൊതു​വാ​ഹ​ന​ത്തി​ലോ സൈക്കി​ളി​ലോ പോകാൻ പറ്റുമോ? അതുമ​ല്ലെ​ങ്കിൽ നടന്നു​പോ​കാൻ കഴിയു​മോ?

  • വിനോ​ദം. പണം മുടക്കി സാറ്റ​ലൈറ്റ്‌ വഴിയോ കേബിൾ വഴിയോ ഒക്കെ എന്തെങ്കി​ലും വിനോ​ദ​പ​രി​പാ​ടി​കൾ കാണാ​റു​ണ്ടെ​ങ്കിൽ കുറച്ചു​കാ​ല​ത്തേ​ക്കെ​ങ്കി​ലും നിങ്ങൾക്ക്‌ അവ വേണ്ടെന്നു വെക്കാൻ പറ്റുമോ? അതിനു​വേണ്ടി ചെലവ്‌ കുറഞ്ഞ മറ്റ്‌ എന്തെങ്കി​ലും മാർഗം കണ്ടെത്താ​നാ​കു​മോ?

  • അവശ്യ​സാ​ധ​നങ്ങൾ. വെള്ളത്തി​ന്റെ​യും വൈദ്യു​തി​യു​ടെ​യും ഇന്ധനത്തി​ന്റെ​യും ഒക്കെ ചെലവ്‌ കുറയ്‌ക്കാൻ എന്തു ചെയ്യാ​നാ​കു​മെന്ന്‌ കുടും​ബ​മൊ​ന്നിച്ച്‌ ചർച്ച ചെയ്യുക. ആവശ്യ​മി​ല്ലാ​ത്ത​പ്പോൾ ലൈറ്റു​കൾ ഓഫ്‌ ആക്കുന്ന​തും അനാവ​ശ്യ​മാ​യി ദീർഘ​നേ​രത്തെ കുളി ഒഴിവാ​ക്കു​ന്ന​തും നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ ചെലവ്‌ കുറയ്‌ക്കും.

  • ഭക്ഷണം. പുറത്തു​പോ​യി ഭക്ഷണം കഴിക്കു​ന്ന​തി​നു പകരം വീട്ടിൽത്തന്നെ ഉണ്ടാക്കുക. എന്താണ്‌ ഉണ്ടാക്കാൻ പോകു​ന്ന​തെന്ന്‌ നേരത്തേ തീരു​മാ​നി​ക്കാം. ഇനി ഓരോ പ്രാവ​ശ്യ​വും സാധനങ്ങൾ കുറേശ്ശെ വാങ്ങു​ന്ന​തി​നു പകരം ചെലവ്‌ കുറയ്‌ക്കു​ന്ന​തി​നാ​യി പറ്റു​മ്പോ​ഴൊ​ക്കെ കുറച്ച​ധി​കം വാങ്ങി​വെ​ക്കുക, കുറച്ചു​ദി​വ​സ​ത്തേക്ക്‌ ഉള്ളതും ഉണ്ടാക്കി​വെ​ക്കാം. ഭക്ഷണസാ​ധ​നങ്ങൾ മിച്ചം വന്നാൽ അത്‌ കളയാതെ ഉപയോ​ഗി​ക്കുക. വാങ്ങാ​നുള്ള സാധന​ങ്ങ​ളു​ടെ ലിസ്റ്റ്‌ ഉണ്ടാക്കി​വെ​ക്കു​ക​യാ​ണെ​ങ്കിൽ കാണു​ന്ന​തെ​ല്ലാം വാങ്ങു​ന്നത്‌ ഒഴിവാ​ക്കാ​നാ​കും. പഴങ്ങളും പച്ചക്കറി​ക​ളും മറ്റും സീസണ​നു​സ​രിച്ച്‌ വാങ്ങി​യാൽ വില കുറവാ​യി​രി​ക്കും. ജങ്ക്‌ ഫുഡ്‌ വാങ്ങു​ന്നത്‌ ഒഴിവാ​ക്കുക. ഇനി ഒരു പച്ചക്കറി​ത്തോ​ട്ടം ഉണ്ടാക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ ആലോ​ചി​ച്ചു​കൂ​ടേ.

  • വസ്‌ത്രം. മാറുന്ന ഫാഷന​നു​സ​രിച്ച്‌ അനാവ​ശ്യ​മാ​യി വസ്‌ത്രം വാങ്ങാതെ ശരിക്കും ആവശ്യ​മു​ള്ള​പ്പോൾ മാത്രം വാങ്ങുക. വസ്‌ത്രങ്ങൾ വിലക്കു​റ​വുള്ള കടകളിൽനി​ന്നോ അല്ലെങ്കിൽ വിലക്കി​ഴിവ്‌ വരുന്ന സമയങ്ങ​ളി​ലോ വാങ്ങാൻ കഴിയു​മോ? വസ്‌ത്രങ്ങൾ ഡ്രയറിൽ ഇട്ട്‌ ഉണക്കു​ന്ന​തി​നു പകരം വെയി​ല​ത്തിട്ട്‌ ഉണക്കാൻ കഴിയു​മെ​ങ്കിൽ അങ്ങനെ ചെയ്യുക. അതും ചെലവ്‌ കുറയ്‌ക്കും.

  • മറ്റു സാധനങ്ങൾ. ഒരു സാധനം വാങ്ങു​ന്ന​തി​നു മുമ്പ്‌ ഇങ്ങനെ ചിന്തി​ക്കു​ന്നത്‌ നല്ലതാണ്‌: എന്റെ കൈയിൽ അതിനുള്ള പണമു​ണ്ടോ? എനിക്ക്‌ ശരിക്കും അത്‌ ആവശ്യ​മാ​ണോ? വീട്ടു​പ​ക​ര​ണ​ങ്ങ​ളോ ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളോ വാഹന​ങ്ങ​ളോ ഇപ്പോൾത്തന്നെ മാറ്റി വാങ്ങു​ക​യോ അവ പുതു​ക്കു​ക​യോ ചെയ്യേ​ണ്ട​തു​ണ്ടോ? ഇനി ഇപ്പോൾ ഉപയോ​ഗി​ക്കാ​ത്ത​തോ ആവശ്യ​മി​ല്ലാ​ത്ത​തോ ആയ സാധനങ്ങൾ നിങ്ങൾക്ക്‌ വിൽക്കാൻ പോലും കഴി​ഞ്ഞേ​ക്കും. അപ്പോൾ മൊത്ത​ത്തി​ലുള്ള ചെലവ്‌ കുറയു​മെന്നു മാത്രമല്ല വരുമാ​നം കൂട്ടാ​നു​മാ​കും.

ഓർക്കുക: വരുമാ​നം കുറയു​മ്പോൾ, പുകവ​ലി​യും മദ്യപാ​ന​വും ചൂതാ​ട്ട​വും പോലുള്ള ശീലങ്ങൾ നിറു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​കൂ​ടേ. ആരോ​ഗ്യ​ത്തെ ബാധി​ക്കുന്ന ഇത്തരം കാര്യ​ങ്ങൾക്ക്‌ ചെലവും വളരെ കൂടു​ത​ലാണ്‌. നിറു​ത്താൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഇതാണ്‌ പറ്റിയ സമയം. ഇതിലൂ​ടെ പണം ലാഭി​ക്കാൻ കഴിയു​മെന്നു മാത്രമല്ല, നിങ്ങളു​ടെ ജീവി​ത​നി​ല​വാ​രം കൂട്ടാ​നു​മാ​കും.

5. ബൈബിൾ പറയു​ന്നത്‌ ശ്രദ്ധി​ക്കുക.

ബൈബിൾ തത്ത്വം: “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ.”—മത്തായി 5:3.

ബൈബിൾ നമ്മളോട്‌ ഇങ്ങനെ പറയുന്നു: “പണം ഒരു സംരക്ഷ​ണ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ ജ്ഞാനവും ഒരു സംരക്ഷ​ണ​മാണ്‌. പക്ഷേ, അറിവി​ന്റെ മേന്മ ഇതാണ്‌: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷി​ക്കു​ന്നു.” (സഭാ​പ്ര​സം​ഗകൻ 7:12) ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കാൻ ബൈബിൾ സഹായി​ക്കും. ബൈബി​ളി​ലെ ഈ നിർദേ​ശങ്ങൾ അനുസ​രി​ച്ച​തി​ലൂ​ടെ ഒരുപാട്‌ പേർക്ക്‌ സാമ്പത്തിക കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അനാവ​ശ്യ​മായ ഉത്‌കണ്‌ഠ ഒഴിവാ​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌.—മത്തായി 6:31, 32.