വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

നിങ്ങളു​ടെ കുട്ടിക്കു ബോറ​ടി​ക്കു​ന്നു​ണ്ടോ?

 “എനിക്കു ബോറ​ടി​ക്കു​ന്നു!” ഒന്നും ചെയ്യാ​നി​ല്ലാ​തെ വീട്ടിൽത്തന്നെ ഇരി​ക്കേ​ണ്ടി​വ​രുന്ന നിങ്ങളു​ടെ കുട്ടി ഇങ്ങനെ പറഞ്ഞേ​ക്കാം. അവനോ​ടു ടിവി കാണാ​നോ ഇഷ്ടപ്പെട്ട വീഡി​യോ ഗെയിം കളി​ച്ചോ​ളാ​നോ പറയാൻ വരട്ടെ. അതിനു മുമ്പ്‌ ചില കാര്യ​ങ്ങ​ളൊന്ന്‌ ചിന്തി​ക്കാം.

ബോറ​ടി​ച്ചി​രി​ക്കുന്ന കുട്ടികൾ—ചില മാതാ​പി​താ​ക്ക​ളു​ടെ അഭി​പ്രാ​യ​ങ്ങൾ

 •   വിനോ​ദം—എത്ര​ത്തോ​ളം സമയം, ഏതുതരം എന്നതിൽ കാര്യ​മുണ്ട്‌. ഒരു അച്ഛനായ റോബർട്ട്‌ പറയുന്നു: “ചില കുട്ടി​കൾക്കു ടിവി കാണു​ന്ന​തും വീഡി​യോ ഗെയിം കളിക്കു​ന്ന​തും ഒക്കെയാ​യി താരത​മ്യം ചെയ്യു​മ്പോൾ ജീവിതം ബോറാ​യി​ട്ടാണ്‌ തോന്നു​ന്നത്‌. അവർക്ക്‌ ജീവി​ത​ത്തി​ലെ സാധാരണ കാര്യ​ങ്ങ​ളിൽ താത്‌പ​ര്യം കുറഞ്ഞു​വ​രും.”

   അദ്ദേഹ​ത്തി​ന്റെ ഭാര്യ​യായ ബാർബ​റ​യു​ടെ അഭി​പ്രാ​യ​വും ഇതുത​ന്നെ​യാണ്‌. ബാർബറ പറയുന്നു: “ശരിക്കു​മുള്ള ജീവി​ത​ത്തിൽ ചിന്തയും പ്രയത്‌ന​വും ആവശ്യ​മാണ്‌. ഇനി, അതി​ന്റെ​യൊ​ക്കെ ഫലം അറിയാൻ കഴിയു​ന്നത്‌ മിക്ക​പ്പോ​ഴും പതു​ക്കെ​യു​മാ​യി​രി​ക്കും. എന്നാൽ കൂടുതൽ നേരം ടിവി കാണു​ക​യും വീഡി​യോ ഗെയിം കളിക്കു​ക​യും ചെയ്യുന്ന കുട്ടി​കൾക്ക്‌ ഇതൊക്കെ ബോറാ​യി തോന്നും.”

 •   സോഷ്യൽമീ​ഡിയ ഉപയോ​ഗി​ക്കു​ന്നത്‌ അനാവശ്യ താരത​മ്യ​ങ്ങൾക്ക്‌ വഴി​വെ​ച്ചേ​ക്കാം. സോഷ്യൽമീ​ഡി​യ​യി​ലൂ​ടെ കൂട്ടു​കാർ ചെയ്യുന്ന കാര്യ​ങ്ങ​ളൊ​ക്കെ കാണു​മ്പോൾ, തങ്ങളുടെ ജീവി​ത​ത്തിന്‌ ഒരു രസവു​മി​ല്ലെന്ന്‌ കുട്ടി​കൾക്കു തോന്നാൻ സാധ്യ​ത​യുണ്ട്‌. ബെത്ത്‌ എന്നു പേരുള്ള ഒരു പെൺകു​ട്ടി പറയുന്നു: “‘ഞാൻ വീട്ടിൽത്തന്നെ ഇരിക്കു​ന്നു, പക്ഷേ എന്റെ കൂട്ടു​കാ​രൊ​ക്കെ അടിച്ചു​പൊ​ളി​ക്കു​ക​യാണ്‌’ എന്നെനിക്ക്‌ പലപ്പോ​ഴും തോന്നാ​റുണ്ട്‌.”

   കൂടാതെ, മണിക്കൂ​റു​ക​ളോ​ളം സോഷ്യൽമീ​ഡിയ ഉപയോ​ഗി​ക്കുന്ന ഒരാൾക്ക്‌ പലപ്പോ​ഴും ശൂന്യ​ത​യാ​യി​രി​ക്കും തോന്നുക, ബോറ​ടി​യാ​ണെ​ങ്കിൽ മാറണ​മെ​ന്നു​മില്ല. ക്രിസ്‌ എന്ന ഒരു ചെറു​പ്പ​ക്കാ​രൻ പറയുന്നു: “ഇത്‌ സമയം പോകാൻ നല്ലൊരു വഴിയാണ്‌. എങ്കിലും, അവസാനം അതു​കൊണ്ട്‌ വലിയ ഗുണ​മൊ​ന്നും ഉണ്ടായി​ല്ലെന്ന്‌ നിങ്ങൾക്കു മനസ്സി​ലാ​കും.”

 •   ബോറ​ടി​യെ ഒരു അവസര​മാ​ക്കി മാറ്റാം. ബോറടി കുട്ടി​കൾക്കു പുതി​യ​പു​തിയ ഐഡി​യ​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ അവസരം തുറന്നു​കൊ​ടു​ക്കു​മെ​ന്നാണ്‌ ഒരു അമ്മയായ കാതറി​ന്റെ അഭി​പ്രാ​യം. കാതറിൻ പറയുന്നു: “ഒരു ചെറിയ പെട്ടി, കാറോ ബസ്സോ ബോട്ടോ ഒക്കെയാ​യി മാറും. ഒരു പുതപ്പു കിട്ടി​യാൽ കുട്ടി അതു​കൊണ്ട്‌ ഒരു ടെന്റ്‌ ഉണ്ടാക്കും.”

   ഒരു സൈ​ക്കോ​ള​ജി​സ്റ്റായ ഷെറി ടെർക്കിൾ പറയു​ന്നത്‌ ഇതാണ്‌: “ബോറടി നമ്മുടെ ഭാവന ഉണർത്താ​നുള്ള ഒരു അവസര​മാണ്‌.” * അതു​കൊണ്ട്‌ ബോറടി തീർത്തും ഒഴിവാ​ക്കേണ്ട ഒന്നല്ല. കുഴങ്ങി​പ്പോ​യവർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ഭാരം എടുക്കു​ന്നത്‌ മസിലിന്‌ എങ്ങനെ​യാ​ണോ ഗുണം ചെയ്യു​ന്നത്‌, അങ്ങനെ​യാണ്‌ ബോറടി തലച്ചോ​റി​നും.”

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: നിങ്ങളു​ടെ കുട്ടി​യു​ടെ ബോറ​ടി​യെ ഒരു പ്രശ്‌ന​മാ​യി കാണു​ന്ന​തി​നു പകരം പുതി​യ​പു​തിയ ഐഡി​യകൾ കണ്ടെത്താൻ അവരെ സഹായി​ക്കാ​നുള്ള അവസര​മാ​യി കാണുക.

ബോറ​ടി​ച്ചി​രി​ക്കുന്ന കുട്ടികൾ—മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാ​നാ​കും

 •   സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്നെ​ങ്കിൽ കുട്ടി​കളെ വീടിനു പുറത്തു കളിക്കാൻ വിടുക. മുമ്പു കണ്ട ബാർബറ പറയുന്നു: “സൂര്യ​പ്ര​കാ​ശ​വും കാറ്റും അടിക്കു​മ്പോൾ ബോറ​ടി​യു​ടെ മൂടൽമഞ്ഞ്‌ നീങ്ങി​പ്പോ​കു​ന്നതു കാണാൻ എന്തു രസമാ​ണെ​ന്നോ! ഞങ്ങളുടെ കുട്ടികൾ പുറത്തു കളിക്കാൻ തുടങ്ങി​യ​പ്പോൾ അവരുടെ ഭാവനാ​ശേഷി കൂടുതൽ വികസി​ച്ചു.”

   ബൈബിൾ തത്ത്വം: “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌. . . ചിരി​ക്കാൻ ഒരു സമയം. . . തുള്ളി​ച്ചാ​ടാൻ ഒരു സമയം.”—സഭാ​പ്ര​സം​ഗകൻ 3:1, 4.

   ചിന്തി​ക്കാ​നാ​യി: കുട്ടികൾ പുറത്തു​പോ​യി കളിക്കാൻവേണ്ടി അവർക്ക്‌ എന്തൊക്കെ സൗകര്യ​ങ്ങൾ ഒരുക്കി​ക്കൊ​ടു​ക്കാൻ എനിക്കാ​കും? ഇനി, പുറത്തു​പോ​യി കളിക്കാ​നാ​കു​ന്നി​ല്ലെ​ങ്കിൽ അവരുടെ ചിന്തയെ ഉണർത്തുന്ന എന്തെല്ലാം കാര്യങ്ങൾ അവർക്ക്‌ വീട്ടി​ലി​രുന്ന്‌ ചെയ്യാൻ പറ്റുന്നുണ്ട്‌?

 •   മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാ​യി​രി​ക്കാൻ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കുക. ലില്യാൻ എന്ന ഒരു അമ്മ പറയുന്നു: “മറ്റുള്ള​വർക്കു​വേണ്ടി എന്തെങ്കി​ലും ചെയ്‌തു​കൊ​ടു​ക്കു​ന്നത്‌ ശരിക്കും സന്തോഷം തരും. പ്രായ​മായ ആരു​ടെ​യെ​ങ്കി​ലും വീടും മുറ്റവും വൃത്തി​യാ​ക്കു​ന്ന​തോ അവർക്ക്‌ ഭക്ഷണം പാകം​ചെ​യ്‌ത്‌ കൊടു​ക്കു​ന്ന​തോ അവരുടെ സുഖവി​വരം അന്വേ​ഷി​ക്കു​ന്ന​തോ ഒക്കെ അതിൽപ്പെ​ടും.”

   ബൈബിൾ തത്ത്വം: “ഔദാ​ര്യം കാണി​ക്കു​ന്ന​വനു സമൃദ്ധി ഉണ്ടാകും; ഉന്മേഷം പകരു​ന്ന​വന്‌ ഉന്മേഷം ലഭിക്കും.”—സുഭാ​ഷി​തങ്ങൾ 11:25.

   ചിന്തി​ക്കാ​നാ​യി: മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ​യെ​ല്ലാം മക്കളെ സഹായി​ക്കാം?

 •   കുട്ടി​കൾക്ക്‌ ഒരു നല്ല മാതൃക വെക്കുക. ദിവസ​വും ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ സംസാരം കുട്ടി​കളെ ബാധി​ച്ചേ​ക്കാം. സാറാ എന്ന ഒരു അമ്മ പറയുന്നു: “നമ്മുടെ ജീവിതം വളരെ മടുപ്പി​ക്കു​ന്ന​താണ്‌ എന്ന രീതി​യിൽ സംസാ​രി​ച്ചാൽ നമ്മൾ കുട്ടി​കളെ ബോറ​ടി​ക്കാൻ പഠിപ്പി​ക്കു​ക​യാ​യി​രി​ക്കും. എന്നാൽ, ജീവി​ത​ത്തി​ലെ ഓരോ കാര്യ​വും നമ്മൾ ആസ്വദി​ച്ചാണ്‌ ചെയ്യു​ന്ന​തെ​ങ്കിൽ കുട്ടി​ക​ളും അങ്ങനെ​തന്നെ ചെയ്യാ​നുള്ള സാധ്യ​ത​യുണ്ട്‌.”

   ബൈബിൾ തത്ത്വം: “ഹൃദയ​ത്തിൽ സന്തോ​ഷ​മു​ള്ള​വന്‌ എന്നും വിരുന്ന്‌.”—സുഭാ​ഷി​തങ്ങൾ 15:15.

   ചിന്തി​ക്കാ​നാ​യി: അനുദി​ന​ജീ​വി​ത​ത്തെ​ക്കു​റി​ച്ചുള്ള എന്റെ സംസാ​ര​ത്തിൽനിന്ന്‌ കുട്ടികൾ എന്താണ്‌ മനസ്സി​ലാ​ക്കു​ന്നത്‌? ബോറടി മാറ്റു​ന്ന​തി​നാ​യി ഞാൻ എന്തു ചെയ്യു​ന്ന​താ​യി​ട്ടാണ്‌ കുട്ടികൾ കാണു​ന്നത്‌?

 ചെയ്യാ​നാ​കു​ന്നത്‌: കുട്ടി​ക​ളു​ടെ ചിന്താ​പ്രാ​പ്‌തി​യും ഭാവനാ​ശേ​ഷി​യും വളർത്താൻ സഹായി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കാൻ അവരെ സഹായി​ക്കുക. അലിസൺ എന്ന ഒരു അമ്മ പറയുന്നു: “വീട്ടിൽ ഞങ്ങൾ ഒരു ബോക്‌സ്‌ വെച്ചി​ട്ടുണ്ട്‌. ഓരോ​രു​ത്ത​രും മനസ്സിൽ തോന്നുന്ന ഐഡി​യകൾ എഴുതി ആ ബോക്‌സിൽ ഇടും.”

^ ആശയവിനിമയം പുനരാ​രം​ഭി​ക്കു​ന്നു (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.