വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

എങ്ങനെ നല്ലൊരു അച്ഛനാ​കാം?

എങ്ങനെ നല്ലൊരു അച്ഛനാ​കാം?

 ഒരു അച്ഛൻ ചെയ്യേ​ണ്ടത്‌

  •   കുഞ്ഞ്‌ ജനിക്കു​ന്ന​തി​നു മുമ്പ്‌. നിങ്ങൾ ഭാവി​യിൽ എങ്ങനെ​യുള്ള ഒരു അച്ഛനാ​കും എന്നു മനസ്സി​ലാ​ക്കാൻ നിങ്ങൾ ഇപ്പോൾ എങ്ങനെ​യുള്ള ഒരു ഭർത്താ​വാ​ണെന്നു നോക്കി​യാൽമതി. പിതാ​ക്ക​ന്മാ​രെ​ക്കു​റി​ച്ചുള്ള ഒരു ഇംഗ്ലീഷ്‌ പുസ്‌തകം ഇങ്ങനെ പറയുന്നു:

     “തന്റെ ഗർഭി​ണി​യായ ഭാര്യ​ക്കു​വേണ്ടി സാധനങ്ങൾ മേടി​ക്കു​ക​യും അവളെ ഡോക്ട​റു​ടെ അടുത്ത്‌ കൊണ്ടു​പോ​കു​ക​യും സ്‌കാൻ ചെയ്യു​മ്പോൾ തന്റെ കുഞ്ഞിനെ കാണു​ക​യും അതിന്റെ ഹൃദയ​മി​ടിപ്പ്‌ കേൾക്കു​ക​യും ഒക്കെ ചെയ്യുന്ന ഒരു ഭർത്താവ്‌ നല്ലൊരു പിതാ​വു​മാ​യി​രി​ക്കും. കുഞ്ഞ്‌ ജനിച്ച​ശേ​ഷ​വും അദ്ദേഹം ആ കുഞ്ഞി​നു​വേ​ണ്ടി​യും തന്റെ ഇണയ്‌ക്കു​വേ​ണ്ടി​യും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധ്യ​ത​യുണ്ട്‌.”

     “ഭാര്യ ഗർഭി​ണി​യായ സമയത്ത്‌ താൻ ഒറ്റയ്‌ക്കാ​ണെ​ന്നൊ​രു തോന്നൽ അവൾക്കു​ണ്ടാ​കാൻ ഞാൻ ആഗ്രഹി​ച്ചില്ല. എന്നെ​ക്കൊണ്ട്‌ പറ്റുന്ന​തെ​ല്ലാം അവൾക്കു​വേണ്ടി ചെയ്‌തു. കുഞ്ഞി​നു​വേ​ണ്ടി​യുള്ള റൂം ഞങ്ങൾ ഒരുമിച്ച്‌ റെഡി​യാ​ക്കി. ഞങ്ങളുടെ പൊ​ന്നോ​മ​ന​യ്‌ക്കാ​യുള്ള കാത്തി​രിപ്പ്‌ ഒരിക്ക​ലും മറക്കാൻ പറ്റില്ല.”—ജയിംസ്‌.

     ബൈബിൾത​ത്ത്വം: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:4.

  •   കുഞ്ഞ്‌ ജനിച്ച​ശേഷം. കുഞ്ഞു​മാ​യി നല്ലൊരു ബന്ധത്തി​ലേ​ക്കു​വ​രാൻ കുഞ്ഞിനെ കൈയിൽ എടുത്ത്‌ ലാളി​ക്കു​ക​യും കളിപ്പി​ക്കു​ക​യും വേണം. കുഞ്ഞിനെ നോക്കാൻ നിങ്ങളും സഹായി​ക്കണം. ഒരു പിതാവ്‌ എന്ന നിലയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കുഞ്ഞിന്റെ വളർച്ചയെ വളരെ​യ​ധി​കം സ്വാധീ​നി​ക്കും. കുഞ്ഞു​മാ​യി അടുക്കാൻ നിങ്ങൾ ചെയ്യു​ന്ന​തെ​ല്ലാം കുഞ്ഞിനെ നിങ്ങൾ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ കാണി​ക്കു​ന്നു.

     “ഗൗരവം മാറ്റി​വെ​ക്കുക. കുട്ടി​യോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ നിങ്ങളും ഒരു കുട്ടി​യാ​യി മാറണം. അവരോ​ടൊ​പ്പം കളിക്കണം, അവരെ കൊഞ്ചി​ക്കണം. സ്‌നേഹം എന്താ​ണെന്ന്‌ നിങ്ങളു​ടെ പൊ​ന്നോ​മന ആദ്യം അറിയു​ന്നത്‌ നിങ്ങളി​ലൂ​ടെ​യാണ്‌.”—റിച്ചാർഡ്‌.

     ബൈബിൾത​ത്ത്വം: “മക്കൾ യഹോവ നൽകുന്ന സ്വത്ത്‌; ഉദരഫലം ഒരു സമ്മാനം.”—സങ്കീർത്തനം 127:3.

  •   കുട്ടി വളരു​മ്പോൾ. പഠനങ്ങൾ കാണി​ക്കു​ന്നത്‌ അച്ഛനു​മാ​യി നല്ല അടുപ്പ​മുള്ള കുട്ടികൾ കൂടുതൽ മിടു​ക്ക​രാ​യി​രി​ക്കും എന്നാണ്‌. അവർ സ്‌കൂ​ളിൽ നല്ല കുട്ടി​ക​ളാ​യി​രി​ക്കും. അവർക്ക്‌ വൈകാ​രി​ക​പ്ര​ശ്‌നങ്ങൾ കുറവാ​യി​രി​ക്കും. മയക്കു​മ​രുന്ന്‌ ദുരു​പ​യോ​ഗം ചെയ്യാ​നും അക്രമ​സ്വ​ഭാ​വം കാണി​ക്കാ​നും ഉള്ള സാധ്യ​ത​യും കുറവാണ്‌. അതു​കൊണ്ട്‌ കുട്ടി​യു​മാ​യി നല്ലൊരു സുഹൃ​ദ്‌ബന്ധം വളർത്താൻ ആവശ്യ​ത്തിന്‌ സമയ​മെ​ടു​ക്കുക.

     “വൈകിട്ട്‌ ഭക്ഷണം കഴിക്കുന്ന സമയത്തും നീണ്ട യാത്ര​കൾക്കി​ട​യി​ലും ഞാനും മോനും ഒരുപാട്‌ സംസാ​രി​ക്കു​മാ​യി​രു​ന്നു. അവൻ വീട്ടിൽനിന്ന്‌ പോകു​ന്ന​തി​നു മുമ്പ്‌ പറഞ്ഞത്‌ അവൻ അത്‌ ഒത്തിരി മിസ്സ്‌ ചെയ്യു​മെ​ന്നാണ്‌. ഞാൻ വെറുതെ അവന്റെ​കൂ​ടെ നടക്കുന്ന സമയത്താ​യി​രി​ക്കും അവൻ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളും എന്നോടു പറയു​ന്നത്‌. അവന്റെ​കൂ​ടെ ഞാൻ കുറെ സമയം ചെലവ​ഴി​ച്ച​തു​കൊ​ണ്ടാണ്‌ അവന്‌ അങ്ങനെ തുറന്ന്‌ സംസാ​രി​ക്കാൻ പറ്റിയത്‌.”—ഡെനസ്‌.

     ബൈബിൾത​ത്ത്വം: “നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധി​യോ​ടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—എഫെസ്യർ 5:15, 16.

 പകരം​വെ​ക്കാ​നാ​കാത്ത ഒരു റോൾ

 പൊതു​വേ ആളുക​ളു​ടെ വീക്ഷണ​ത്തിൽ, അച്ഛൻ കുടും​ബ​ത്തി​ന്റെ ഭൗതി​കാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റുന്ന, കുടും​ബത്തെ സംരക്ഷി​ക്കുന്ന ആളും അമ്മ കുടും​ബാം​ഗ​ങ്ങ​ളു​ടെ വൈകാ​രി​കാ​വ​ശ്യ​ങ്ങൾക്ക്‌ കൂടുതൽ ശ്രദ്ധ കൊടു​ക്കു​ന്ന​യാ​ളും ആണ്‌. (ആവർത്തനം 1:31; യശയ്യ 49:15) എന്നാൽ എല്ലാ കുടും​ബ​ങ്ങ​ളി​ലും അത്‌ അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കണം എന്നില്ല. ചില കുടും​ബ​ങ്ങ​ളിൽ ഇക്കാര്യ​ത്തിൽ വലിയ മാറ്റങ്ങൾതന്നെ ഉണ്ടാകാം. എന്തൊ​ക്കെ​യാ​ണെ​ങ്കി​ലും പഠനങ്ങൾ കാണി​ക്കു​ന്നത്‌ കുടും​ബ​ത്തിൽ അച്ഛനും അമ്മയ്‌ക്കും പകരം​വെ​ക്കാ​നാ​കാത്ത റോളു​കൾ ഉണ്ടെന്നാണ്‌. a

 ഇക്കാര്യം എത്ര സത്യമാ​ണെന്ന്‌ കുടും​ബ​ത്തെ​ക്കു​റിച്ച്‌ ഗവേഷണം നടത്തുന്ന ജൂഡിത്ത്‌ വാലൻസ്റ്റി തന്റെ അനുഭ​വ​ത്തി​ലൂ​ടെ വിശദീ​ക​രി​ക്കു​ന്നു: “എന്റെ 12 വയസ്സുള്ള മകളെ കാർ ഇടിച്ച​പ്പോൾ ആംബു​ലൻസിൽ അവളുടെ പപ്പയു​ണ്ടാ​യി​രി​ക്ക​ണ​മെന്ന്‌ അവൾ നിർബ​ന്ധം​പി​ടി​ച്ചു. പപ്പയു​ണ്ടെ​ങ്കിൽപ്പി​ന്നെ ഒന്നും പേടി​ക്കാ​നി​ല്ലെന്ന്‌ അവൾക്ക്‌ ഉറപ്പാ​യി​രു​ന്നു. എന്നാൽ ആശുപ​ത്രി​യിൽ എത്തിക്ക​ഴി​ഞ്ഞ​പ്പോൾ, മുഴുവൻ ദിവസ​വും അമ്മയായ ഞാനാ​യി​രു​ന്നു അവൾക്ക്‌ വേണ്ടി​യി​രു​ന്നത്‌. കാരണം ആ സമയത്ത്‌ അവളെ ആശ്വസി​പ്പി​ക്കാൻ എനിക്കു കഴിയു​മെന്ന്‌ അവൾക്കു തോന്നി.” b

 “കുടും​ബ​ത്തി​ന്റെ സുരക്ഷ​യും ഭദ്രത​യും ഉറപ്പാ​ക്കാൻ ഒരു പിതാ​വിന്‌ കൂടുതൽ എളുപ്പ​മാണ്‌. ഒരമ്മയ്‌ക്ക്‌ അത്‌ തനിയെ ചെയ്യുക ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. എന്നാൽ മക്കൾ പറയു​ന്നത്‌ ആർദ്ര​ത​യോ​ടെ കേട്ടു​കൊണ്ട്‌ കുടും​ബ​ത്തിൽ സ്‌നേ​ഹ​ത്തി​ന്റെ ഒരു അന്തരീക്ഷം ഒരുക്കു​ന്ന​തിൽ അമ്മമാർക്ക്‌ വലിയ പങ്കുണ്ട്‌. അതു​കൊണ്ട്‌ അച്ഛനും അമ്മയും ഒരു ടീമായി പ്രവർത്തി​ക്കണം.”—ഡാനി​യേൽ.

 ബൈബിൾത​ത്ത്വം: “എന്റെ മകനേ, അപ്പന്റെ ശിക്ഷണം ശ്രദ്ധി​ക്കുക; അമ്മയുടെ ഉപദേശം തള്ളിക്ക​ള​യ​രുത്‌.”—സുഭാ​ഷി​തങ്ങൾ 1:8.

 അച്ഛനും മകളും

 പുരു​ഷ​ന്മാ​രിൽനിന്ന്‌ എങ്ങനെ​യു​ള്ളൊ​രു പെരു​മാ​റ്റ​മാണ്‌ മകൾ അർഹി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കേ​ണ്ടത്‌ അച്ഛനാണ്‌. അവൾ അതു മനസ്സി​ലാ​ക്കു​ന്നത്‌ പ്രധാ​ന​മാ​യും രണ്ടു വിധങ്ങ​ളി​ലൂ​ടെ​യാണ്‌:

  •   അവളുടെ അമ്മയോട്‌ നിങ്ങൾ ഇടപെ​ടുന്ന വിധത്തിൽനിന്ന്‌. നിങ്ങൾ നിങ്ങളു​ടെ ഭാര്യ​യോട്‌ സ്‌നേ​ഹ​വും ബഹുമാ​ന​വും കാണി​ക്കണം. കാരണം നിങ്ങളു​ടെ മകൾ ഭാവി​യിൽ ഒരാളെ ഭർത്താ​വാ​യി തിര​ഞ്ഞെ​ടു​ക്കു​മ്പോൾ അയാൾക്ക്‌ എന്തൊക്കെ ഗുണങ്ങൾ വേണ​മെന്നു മനസ്സി​ലാ​ക്കാൻ അത്‌ അവളെ സഹായി​ക്കും.—1 പത്രോസ്‌ 3:7.

  •   അവളോട്‌ നിങ്ങൾ ഇടപെ​ടുന്ന വിധത്തിൽനിന്ന്‌. മകളോട്‌ നിങ്ങൾ ബഹുമാ​നം കാണി​ക്കു​മ്പോൾ അവൾക്ക്‌ ആത്മാഭി​മാ​നം തോന്നും. മറ്റു പുരു​ഷ​ന്മാ​രും തന്നോട്‌ അങ്ങനെ​യാണ്‌ ഇടപെ​ടേ​ണ്ട​തെന്ന്‌ അവൾ മനസ്സി​ലാ​ക്കും.

     എന്നാൽ ഇതിനു വിപരീ​ത​മാ​യി ഒരു അച്ഛൻ മകളെ എപ്പോ​ഴും കുറ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നാൽ താൻ വില​കെ​ട്ട​വ​ളാ​ണെന്ന്‌ അവൾക്കു തോന്നും. തന്നെ അംഗീ​ക​രി​ക്കുന്ന മറ്റു പുരു​ഷ​ന്മാ​രി​ലേക്ക്‌ അവൾ തിരി​യും. അവർ ചില​പ്പോൾ തെറ്റായ ഉദ്ദേശ്യം ഉള്ളവരാ​യി​രി​ക്കും.

     “ഒരച്ഛന്റെ സ്‌നേ​ഹ​വും പിന്തു​ണ​യും കിട്ടി വേണം മകൾ വളർന്നു​വ​രാൻ. അങ്ങനെ​യാ​കു​മ്പോൾ ഒരു ഭർത്താ​വാ​കാൻ വേണ്ട ഗുണങ്ങ​ളൊ​ന്നു​മി​ല്ലാത്ത ഒരാളു​മാ​യി അവൾ പ്രണയ​ത്തി​ലാ​കാൻ സാധ്യ​ത​യില്ല.”—വെയ്‌ൻ.

a പല അമ്മമാ​രും ഭർത്താ​വി​ന്റെ സഹായ​മി​ല്ലാ​തെ​തന്നെ മക്കളെ നല്ല രീതി​യിൽ വളർത്തി​ക്കൊ​ണ്ടു​വ​ന്നി​ട്ടുണ്ട്‌.

b വിവാഹമോചനത്തിന്റെ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.