വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 അവരുടെ വിശ്വാ​സം അനുക​രി​ക്കുക | ഹാനോക്ക്

“ഹാനോക്ക് ദൈവത്തെ പ്രസാ​ദി​പ്പി​ച്ചു”

“ഹാനോക്ക് ദൈവത്തെ പ്രസാ​ദി​പ്പി​ച്ചു”

വളരെ​ക്കാ​ലം ജീവി​ച്ചി​രുന്ന ഒരാളാണ്‌ ഹാനോക്ക്. 365 വർഷം! ഇന്ന് നമുക്ക് അതു ചിന്തി​ക്കാൻപോ​ലും പറ്റില്ല. ഇന്നത്തെ ആയുസ്സു​വെ​ച്ചു​നോ​ക്കി​യാൽ ഒരു മനുഷ്യൻ ജീവി​ക്കു​ന്ന​തി​ന്‍റെ നാല്‌ ഇരട്ടി​യോ​ളം കാലം! പക്ഷേ ഹാനോ​ക്കി​ന്‍റെ കാലത്തെ ആളുക​ളു​ടെ ആയുസ്സു​മാ​യി തട്ടിച്ചു​നോ​ക്കി​യാൽ അതു വളരെ കുറവാ​യി​രു​ന്നു. അന്നത്തെ കാലത്ത്‌, അതായത്‌ ഇന്നേക്ക് 50 നൂറ്റാണ്ടു മുമ്പ്, ആളുകൾ വളരെ​ക്കാ​ലം ജീവി​ച്ചി​രു​ന്നു. ഹാനോക്ക് ജനിക്കുമ്പോൾ 600-ലധികം വയസ്സുള്ള ആദ്യമ​നു​ഷ്യ​നായ ആദാം അപ്പോ​ഴും ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. അതിനു ശേഷം മൂന്ന് നൂറ്റാ​ണ്ടു​കൾകൂ​ടെ ആദാം ജീവിച്ചു. എന്തിന്‌, ആദാമി​ന്‍റെ ചില പിൻഗാ​മി​കൾ അതില​ധി​കം വർഷം ജീവി​ച്ചി​രു​ന്നി​ട്ടുണ്ട്. അപ്പോൾ 365 വയസ്സുള്ള ചുറു​ചു​റു​ക്കുള്ള ഹാനോ​ക്കി​നു മുന്നിൽ ജീവിതം വളരെ​ക്കാ​ലം ശേഷി​ച്ചി​രു​ന്നു. എന്നാൽ സംഭവി​ച്ച​തോ?

സാധ്യ​ത​യ​നു​സ​രിച്ച് ഹാനോ​ക്കി​ന്‍റെ ജീവൻ വലിയ അപകട​ത്തി​ലാണ്‌. ദൈവ​ത്തിൽനി​ന്നുള്ള സന്ദേശം ആളുകളെ അറിയി​ച്ച​പ്പോ​ഴുള്ള അവരുടെ പ്രതി​ക​രണം അവന്‍റെ മനസ്സിൽ ഇപ്പോ​ഴും അലയടി​ക്കു​ന്നുണ്ട്. ജീവനെ പേടിച്ച് ഓടി​പ്പോ​കേണ്ട അവസ്ഥ ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കൂ. ആളുക​ളു​ടെ ഉഗ്രേ​കാ​പം അവരുടെ മുഖത്ത്‌ കാണാ​നുണ്ട്. ഹാനോ​ക്കി​നെ​യും അദ്ദേഹ​ത്തി​ന്‍റെ സന്ദേശ​ത്തെ​യും അതിന്‍റെ ഉറവി​ട​മായ ദൈവ​ത്തെ​യും അവർ അങ്ങേയറ്റം വെറു​ക്കു​ന്നു. എന്തായാ​ലും അവർക്ക് ഹാനോ​ക്കി​ന്‍റെ ദൈവത്തെ ഒന്നും ചെയ്യാൻ കഴിയില്ല, അതു​കൊ​ണ്ടു​തന്നെ ഹാനോ​ക്കി​നെ വകവരു​ത്താൻ അവർ തീരു​മാ​നി​ച്ചു! തന്‍റെ കുടും​ബത്തെ ഇനി എന്നെങ്കി​ലും കാണാ​നാ​കു​മോ എന്നു ഹാനോക്ക് ചിന്തി​ച്ചി​രി​ക്കാം. ഭാര്യ, പെൺമക്കൾ, മകനായ മെഥൂ​ശ​ലഹ്‌, പേരക്കു​ട്ടി​യായ ലാമെക്ക് എന്നിവ​രു​ടെ​യൊ​ക്കെ മുഖം ഹാനോ​ക്കി​ന്‍റെ മനസ്സിൽ തെളി​ഞ്ഞി​ട്ടു​ണ്ടാ​കാം. (ഉൽപത്തി 5:21, 23, 25) എല്ലാറ്റി​ന്‍റെ​യും അവസാ​ന​മാ​യി​രി​ക്കു​മോ ഇത്‌?

ഹാനോ​ക്കി​നെ​ക്കു​റി​ച്ചുള്ള മങ്ങിയ ഒരു രേഖാ​ചി​ത്രമേ ബൈബി​ളിൽ കാണാ​നാ​കു​ന്നു​ള്ളൂ. ആകെക്കൂ​ടെ മൂന്ന് ഹ്രസ്വ​വി​വ​ര​ണങ്ങൾ. (ഉൽപത്തി 5:21-24; എബ്രായർ 11:5; യൂദ 14, 15) എന്നിരു​ന്നാ​ലും വലിയ വിശ്വാ​സം പ്രകട​മാ​ക്കിയ ഒരു വ്യക്തി​യാ​ണെന്ന് തിരി​ച്ച​റി​യി​ക്കു​ന്ന​തി​നുള്ള തൂലി​ക​പ്പാ​ടു​കൾ ആ രേഖാ​ചി​ത്ര​ത്തി​ലുണ്ട്. നിങ്ങൾ കുടും​ബ​ത്തി​നാ​യി കരുതേണ്ട ഒരാളാ​ണോ? ശരിയായ കാര്യ​ത്തി​നു​വേണ്ടി നിലപാട്‌ എടുക്കാൻ നിങ്ങൾക്ക് ബുദ്ധി​മുട്ട് തോന്നു​ന്നു​ണ്ടോ? എങ്കിൽ ഹാനോ​ക്കി​ന്‍റെ വിശ്വാ​സ​ത്തിൽനിന്ന് നിങ്ങൾക്ക് വളരെ കാര്യങ്ങൾ പഠിക്കാ​നാ​വും.

‘ഹാനോക്ക് സത്യ​ദൈ​വ​ത്തോ​ടൊ​പ്പം നടന്നു’

ഹാനോ​ക്കി​ന്‍റെ കാലമാ​യ​പ്പോ​ഴേ​ക്കും മനുഷ്യർ വളരെ അധഃപ​തി​ച്ചി​രു​ന്നു. ആദാമിൽനിന്ന് ഏഴാം​ത​ല​മു​റ​യാ​യി​രു​ന്നു അത്‌. ആദാമും ഹവ്വയും ഒരിക്കൽ ആസ്വദി​ച്ചി​രു​ന്ന​തും പിന്നീട്‌ നഷ്ടപ്പെ​ടു​ത്തി​ക്ക​ള​ഞ്ഞ​തും ആയ പൂർണ​ത​യു​മാ​യി അവർ ഏറ്റവും അടുത്താ​യി​രു​ന്നു എന്നതു ശരിതന്നെ. അതു​കൊ​ണ്ടാണ്‌ അവർ കൂടുതൽ കാലം ജീവി​ച്ച​തും. എന്നാൽ ശരി​തെ​റ്റു​ക​ളെ​ക്കു​റിച്ച് വികല​മായ വീക്ഷണ​മാണ്‌ അവർക്കു​ണ്ടാ​യി​രു​ന്നത്‌. ദൈവ​ത്തോ​ടുള്ള ബന്ധമാ​കട്ടെ തകർന്ന അവസ്ഥയി​ലും! എങ്ങും അക്രമം കൊടി​കു​ത്തി​വാ​ണി​രു​ന്നു. കയീൻ തന്‍റെ അനുജ​നായ ഹാബേ​ലി​നെ കൊന്ന രണ്ടാം​ത​ല​മുറ മുതൽ ആ പ്രവണത ആരംഭി​ച്ചു. പിന്നീട്‌, കയീന്‍റെ പിൻത​ല​മു​റ​ക്കാ​രിൽ ഒരാൾ അവനെ​ക്കാൾ അധികം അക്രമ​വും പ്രതി​കാ​ര​മ​നോ​ഭാ​വ​വും കാണി​ക്കു​ന്ന​തിൽ അഹങ്കരി​ച്ചി​രു​ന്ന​താ​യി ചരിത്രം വ്യക്തമാ​ക്കു​ന്നു. മൂന്നാം​ത​ല​മു​റ​യാ​യ​പ്പോ​ഴേ​ക്കും ഒരു പുതിയ തിന്മ ഉടലെ​ടു​ത്തു. ആളുകൾ യഹോ​വ​യു​ടെ നാമത്തിൽ ആരാധന തുടങ്ങി, പക്ഷേ അതു ഭക്തിനിർഭ​ര​മായ വിധത്തി​ലാ​യി​രു​ന്നില്ല, പകരം ആ പരിശു​ദ്ധ​നാ​മത്തെ നിന്ദി​ച്ചു​കൊ​ണ്ടും അനാദ​ര​വോ​ടെ ഉപയോ​ഗി​ച്ചു​കൊ​ണ്ടും ആയിരു​ന്നു.—ഉൽപത്തി 4:8, 23-26.

സാധ്യ​ത​യ​നു​സ​രിച്ച്, അത്തരത്തി​ലുള്ള വ്യാജാ​രാ​ധന ഹാനോ​ക്കി​ന്‍റെ നാളു​ക​ളിൽ എവി​ടെ​യും കാണാ​മാ​യി​രു​ന്നു. വളർന്നു​വ​ന്ന​പ്പോൾ ഹാനോ​ക്കിന്‌ ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​വന്നു. ബഹുജ​ന​ത്തി​നൊ​പ്പം പോക​ണോ? അതോ ആകാശ​വും ഭൂമി​യും സൃഷ്ടിച്ച സത്യ​ദൈ​വ​മായ യഹോ​വയെ അനുസ​രിച്ച് നടക്കണോ? ഹാബേ​ലി​നെ​ക്കു​റിച്ച് മനസ്സി​ലാ​ക്കി​യത്‌ നല്ലൊരു തീരു​മാ​ന​മെ​ടു​ക്കാൻ ഹാനോ​ക്കി​നെ സഹായി​ച്ചി​ട്ടു​ണ്ടാ​കാം. യഹോ​വ​യ്‌ക്ക് ഇഷ്ടമുള്ള വിധത്തിൽ ആരാധി​ച്ച​തു​കൊണ്ട് രക്തസാ​ക്ഷി​യാ​കേ​ണ്ടി​വന്ന വ്യക്തി​യാണ്‌ ഹാബേൽ. സമാന​മായ ഒരു നിലപാ​ടെ​ടു​ക്കാൻ ഹാനോ​ക്കും തീരു​മാ​നി​ച്ചു. ‘ഹാനോക്ക് സത്യ​ദൈ​വ​ത്തോ​ടൊ​പ്പം നടന്നതാ​യി’ ഉൽപത്തി 5:22 പറയുന്നു. ആ ശ്രദ്ധേ​യ​മായ  പ്രസ്‌താ​വന, അഭക്തരായ അന്നത്തെ മനുഷ്യ​രു​ടെ ഇടയിൽനിന്ന് ഹാനോ​ക്കി​നെ വേർതി​രി​ച്ചു​കാ​ണി​ക്കു​ന്നു. ആ വിധത്തിൽ ബൈബിൾ വർണി​ക്കുന്ന ആദ്യമ​നു​ഷ്യ​നാ​ണു ഹാനോക്ക്.

തന്‍റെ മകനായ മെഥൂ​ശ​ലഹ്‌ ജനിച്ച​ശേ​ഷ​വും ഹാനോക്ക് ദൈവ​ത്തോ​ടു​കൂ​ടെ നടന്നു​വെന്ന് അതേ ബൈബിൾവാ​ക്യം തുടർന്നു​പ​റ​യു​ന്നു. 65 വയസ്സുള്ള ഹാനോക്ക് നല്ലൊരു കുടും​ബ​നാ​ഥ​നാ​യി​രു​ന്നെന്ന് ഈ വാക്യം തെളി​യി​ക്കു​ന്നു. ഹാനോ​ക്കി​ന്‍റെ ഭാര്യ​യു​ടെ പേരോ, ‘ആൺമക്ക​ളു​ടെ​യും പെൺമ​ക്ക​ളു​ടെ​യും’ എണ്ണമോ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നില്ല. ദൈവ​ത്തി​ന്‍റെ വഴിയിൽ നടക്കു​ന്ന​തോ​ടൊ​പ്പം കുടും​ബ​ത്തി​നു​വേണ്ടി കരുതു​ക​യും മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ക​യും ചെയ്യണ​മെ​ന്നു​ണ്ടെ​ങ്കിൽ ഒരു പിതാവ്‌ ദൈവ​ത്തി​ന്‍റെ മാർഗ​നിർദേശം അനുസ​രി​ക്കേ​ണ്ട​തുണ്ട്. അതു​പോ​ലെ തന്‍റെ ഭാര്യ​യോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ടെന്നും ഹാനോക്ക് മനസ്സിലാക്കിയിരുന്നു. (ഉൽപത്തി 2:24) കൂടാതെ യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച് തന്‍റെ കുട്ടി​കളെ പഠിപ്പി​ക്കാൻ ഹാനോക്ക് കഠിന​ശ്രമം ചെയ്‌തു. എന്തായി​രു​ന്നു ഫലം?

ഈ വിവര​ണ​ത്തെ​ക്കു​റിച്ച് ബൈബിൾ അധിക​മൊ​ന്നും പറയു​ന്നില്ല. അതു​പോ​ലെ, ഹാനോ​ക്കി​ന്‍റെ മകനായ മെഥൂ​ശ​ല​ഹി​ന്‍റെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും. ബൈബിൾരേഖയനുസരിച്ച് ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവി​ച്ചി​രുന്ന വ്യക്തി​യാണ്‌ മെഥൂ​ശ​ലഹ്‌. അദ്ദേഹം മരിച്ച വർഷമാണ്‌ ജലപ്ര​ളയം ഉണ്ടായത്‌. മെഥൂ​ശ​ല​ഹിന്‌ ലാമെക്ക് എന്ന മകനു​ണ്ടാ​യി​രു​ന്നു. ലാമെക്ക് ജനിച്ച് ഒരു നൂറ്റാണ്ടു കഴിയു​ന്ന​തു​വരെ മുത്തച്ഛ​നായ ഹാനോക്ക് ജീവി​ച്ചി​രു​ന്നു. ലാമെ​ക്കി​നു ദൈവ​ത്തിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. തന്‍റെ മകനായ നോഹ​യെ​ക്കു​റിച്ച് ഒരു പ്രവചനം ഉച്ചരി​ക്കാൻ യഹോവ ലാമെ​ക്കി​നെ ഉപയോ​ഗി​ച്ചു. അതു ജലപ്ര​ള​യ​ത്തി​നു ശേഷം സത്യമാ​യി​ത്തീ​രു​ക​യും ചെയ്‌തു. തന്‍റെ മുതു​മു​ത്ത​ച്ഛ​നായ ഹാനോ​ക്കി​നെ​പ്പോ​ലെ നോഹ​യും ദൈവ​ത്തി​ന്‍റെ​കൂ​ടെ നടന്നു​കൊണ്ട് മറ്റുള്ള​വ​രിൽനിന്ന് വേറി​ട്ടു​നി​ന്നു. നോഹ ഹാനോ​ക്കി​നെ നേരിട്ട് കണ്ടിട്ടി​ല്ലെ​ങ്കി​ലും നല്ലൊരു പൈതൃ​കം അവശേ​ഷി​പ്പി​ച്ചാണ്‌ ഹാനോക്ക് കടന്നു​പോ​യത്‌. ഈ പൈതൃ​ക​ത്തെ​ക്കു​റിച്ച് നോഹ എങ്ങനെ​യാ​യി​രി​ക്കും മനസ്സി​ലാ​ക്കി​യത്‌? ഒരുപക്ഷേ പിതാ​വായ ലാമെ​ക്കിൽനി​ന്നോ മുത്തച്ഛ​നായ മെഥൂ​ശ​ല​ഹിൽനി​ന്നോ ആയിരി​ക്കാം. അതുമ​ല്ലെ​ങ്കിൽ ഹാനോ​ക്കി​ന്‍റെ പിതാ​വായ യാരെ​ദിൽനി​ന്നാ​യി​രി​ക്കാം. കാരണം യാരെദ്‌ മരിച്ചത്‌ നോഹ​യ്‌ക്ക് 366 വയസ്സാ​യ​പ്പോ​ഴാ​യി​രു​ന്നു.—ഉൽപത്തി 5:25-29; 6:9; 9:1.

ആദാമും ഹാനോ​ക്കും തമ്മിലുള്ള വ്യത്യാ​സ​ത്തെ​ക്കു​റിച്ച് ചിന്തി​ക്കുക. ആദാം പൂർണ​നാ​യി​രു​ന്നെ​ങ്കി​ലും തന്‍റെ പിൻഗാ​മി​കൾക്ക് മത്സരത്തി​ന്‍റെ​യും ദുരി​ത​ത്തി​ന്‍റെ​യും പാരമ്പ​ര്യ​മാണ്‌ കൈമാ​റി​യത്‌. എന്നാൽ ഹാനോ​ക്കോ? അപൂർണ​നാ​യി​രു​ന്നെ​ങ്കി​ലും ദൈവ​ത്തി​ന്‍റെ​കൂ​ടെ നടക്കു​ക​യും വിശ്വാ​സ​ത്തി​ന്‍റെ ഒരു ശ്രേഷ്‌ഠ​മായ പൈതൃ​കം അവശേ​ഷി​പ്പി​ക്കു​ക​യും ചെയ്‌തു. ഹാനോ​ക്കി​നു 308 വയസ്സു​ള്ള​പ്പോ​ഴാണ്‌ ആദാം മരിക്കു​ന്നത്‌. സ്വാർഥ​നായ ആ പൂർവ​പി​താവ്‌ മരിച്ച​തി​നെ ഓർത്ത്‌ ആരെങ്കി​ലും വിലപി​ച്ചു​കാ​ണു​മോ? നമുക്ക് അറിയില്ല. എന്തായാ​ലും “ഹാനോക്ക് സത്യ​ദൈ​വ​ത്തി​ന്‍റെ​കൂ​ടെ നടന്നു.”—ഉൽപത്തി 5:24.

കുടും​ബ​ത്തി​നു​വേണ്ടി കരുതാ​നുള്ള ഉത്തരവാ​ദി​ത്വം നിങ്ങൾക്കു​ണ്ടെ​ങ്കിൽ ഹാനോ​ക്കി​ന്‍റെ വിശ്വാ​സ​ത്തിൽനിന്ന് എന്തു പഠിക്കാമെന്നു ചിന്തിക്കുക. നിങ്ങൾ കുടും​ബ​ത്തി​നു​വേണ്ടി ഭൗതി​ക​മാ​യി കരുതണം. എന്നാൽ ആത്മീയ​മാ​യി കരുതു​ന്ന​തി​നെ​ക്കാൾ പ്രധാ​നമല്ല അത്‌. (1 തിമൊ​ഥെ​യൊസ്‌ 5:8) ആത്മീയ​മാ​യി കരുതുക എന്നത്‌ വാക്കു​കൾകൊണ്ട് മാത്രമല്ല പ്രവൃ​ത്തി​കൾകൊ​ണ്ടും ചെയ്യേണ്ട ഒരു കാര്യ​മാണ്‌. ബൈബി​ളി​ലെ മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ച്ചു​കൊണ്ട് ഹാനോ​ക്കി​നെ​പ്പോ​ലെ ദൈവ​ത്തി​ന്‍റെ​കൂ​ടെ നടക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ കുടും​ബ​ത്തിന്‌ അനുക​രി​ക്കാ​വുന്ന നല്ലൊരു മാതൃക നിങ്ങൾക്കും അവശേ​ഷി​പ്പി​ക്കാ​നാ​കും. ഇതി​നെ​ക്കാൾ മികച്ച ഏത്‌ പൈതൃ​ക​മാണ്‌ അവർക്കു നൽകാ​നാ​കുക!

‘ഹാനോക്ക് അവരെ​ക്കു​റിച്ച് പ്രവചി​ച്ചു’

അഭക്തരായ ആളുകൾ നിറഞ്ഞ ആ ലോകത്ത്‌ ദൈവ​ഭ​ക്ത​നായ താൻ തനിച്ചാ​ണെന്നു ഹാനോ​ക്കി​നു തോന്നി​യി​രി​ക്കാം. എന്നാൽ ഹാനോ​ക്കി​ന്‍റെ ദൈവ​മായ യഹോവ അദ്ദേഹത്തെ ശ്രദ്ധി​ക്കാ​തെ​പോ​യോ? ഇല്ല. ഒരു ദിവസം തന്‍റെ ഈ വിശ്വ​സ്‌ത​ദാ​സ​നോ​ടു ദൈവം സംസാ​രി​ച്ചു. അന്നത്തെ ആളുകളെ അറിയി​ക്കാൻ ഹാനോ​ക്കി​നെ ഒരു സന്ദേശം ഏൽപ്പി​ക്കു​ക​യും ചെയ്‌തു. അങ്ങനെ ദൈവം ഹാനോ​ക്കി​നെ ഒരു പ്രവാ​ച​ക​നാ​യി നിയമി​ച്ചു. ആ വാക്കു​ക​ളാണ്‌ ബൈബി​ളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആദ്യത്തെ പ്രവാ​ച​ക​വ​ച​നങ്ങൾ. പല നൂറ്റാ​ണ്ടു​കൾക്കു ശേഷം  ഹാനോക്ക് പ്രവചി​ച്ചി​രുന്ന വാക്കുകൾ എഴുതി​വെ​ക്കാൻ യേശു​വി​ന്‍റെ അർധസ​ഹോ​ദ​ര​നായ യൂദയെ ദൈവം നിയോ​ഗി​ച്ചു. *

ഹാനോക്ക് എന്താണ്‌ പ്രവചി​ച്ചത്‌? അത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “ഇതാ, യഹോവ തന്‍റെ ആയിര​മാ​യി​രം വിശു​ദ്ധ​രോ​ടു​കൂ​ടെ വന്നിരി​ക്കു​ന്നു; എല്ലാവർക്കും എതിരെ ന്യായ​വി​ധി നടപ്പാ​ക്കാ​നും ദൈവ​ഭ​ക്തി​യി​ല്ലാ​ത്തവർ ഭക്തിവി​രു​ദ്ധ​മാ​യി ചെയ്‌ത എല്ലാ ദുഷ്‌ചെ​യ്‌തി​ക​ളെ​യും ദൈവ​ഭ​ക്തി​യി​ല്ലാത്ത പാപികൾ തനിക്ക് എതിരെ പറഞ്ഞ മോശ​മായ എല്ലാ കാര്യ​ങ്ങ​ളെ​യും പ്രതി അവരെ കുറ്റം വിധി​ക്കാ​നും വേണ്ടി ദൈവം വന്നിരി​ക്കു​ന്നു.” (യൂദ 14, 15) ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ അപ്പോൾത്തന്നെ സംഭവി​ക്കു​ന്ന​താ​യി​ട്ടോ സംഭവി​ച്ചു​ക​ഴി​ഞ്ഞ​താ​യി​ട്ടോ ആണ്‌ നമ്മൾ ഇവിടെ കാണു​ന്നത്‌. അതിനു​ശേ​ഷ​മുള്ള പല ബൈബിൾപ്ര​വ​ച​ന​ങ്ങ​ളും ഇതേ രീതി പിൻപ​റ്റു​ന്നു. ആശയം ഇതാണ്‌: സംഭവി​ക്കു​മെന്ന് അത്ര ഉറപ്പു​ള്ള​തു​കൊണ്ട് അക്കാര്യം സംഭവി​ച്ചു​ക​ഴി​ഞ്ഞ​താ​യി പ്രവാ​ചകൻ അവതരി​പ്പി​ക്കു​ക​യാണ്‌ ഇവിടെ!—യശയ്യ 46:10.

ശത്രുത നിറഞ്ഞ ലോകത്ത്‌ ഹാനോക്ക് ധീരമാ​യി ദിവ്യ​സ​ന്ദേശം ഘോഷി​ച്ചു

അന്നുള്ള എല്ലാ ആളുക​ളോ​ടും ആ ദൂത്‌ പ്രഖ്യാ​പി​ക്കുക എന്നത്‌ ഹാനോ​ക്കിന്‌ എളുപ്പ​മാ​യി​രു​ന്നോ? എത്ര ശക്തമായ മുന്നി​റി​യി​പ്പിൻ സന്ദേശ​ങ്ങ​ളാ​യി​രു​ന്നു അത്‌! ആളുക​ളെ​യും അവരുടെ പ്രവൃ​ത്തി​ക​ളെ​യും അവരുടെ പ്രവർത്ത​ന​വി​ധ​ങ്ങ​ളെ​യും കുറ്റം വിധി​ക്കാ​നാ​യി ‘ദൈവ​ഭ​ക്തി​യി​ല്ലാത്ത,’ ‘ഭക്തിവി​രു​ദ്ധ​മായ,’ ‘മോശ​മായ’ എന്നീ വാക്കുകൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്. ഏദെന്‌ പുറത്ത്‌ മനുഷ്യർ പണിതു​യർത്തിയ ലോകം അപ്പാടെ ദുഷി​ച്ചി​രി​ക്കു​ന്നു എന്ന് ആ പ്രവചനം അന്നത്തെ ആളുകളെ ഓർമി​പ്പി​ച്ചു. അത്‌ അവർക്കൊ​രു താക്കീ​താ​യി​രു​ന്നു. യഹോവ “ആയിര​മാ​യി​രം വിശു​ദ്ധ​രോ​ടു​കൂ​ടെ,” അതായത്‌ അസംഖ്യം വരുന്ന ദൂതന്മാ​രോ​ടൊ​പ്പം, യുദ്ധത്തി​നാ​യി അണിനി​ര​ക്കു​മ്പോൾ അന്നത്തെ ലോകം അതിഭ​യ​ങ്ക​ര​മായ നാശത്തെ നേരി​ടു​മാ​യി​രു​ന്നു. ആ ദിവ്യ​മു​ന്ന​റി​യിപ്പ് ഹാനോക്ക് നിർഭയം അറിയി​ച്ചു, അതും ഒറ്റയ്‌ക്ക്! ധൈര്യ​ത്തോ​ടെ പ്രസം​ഗി​ക്കുന്ന മുത്തച്ഛനെ കണ്ട യുവാ​വായ ലാമെക്ക് അതിശ​യി​ച്ചു​കാ​ണു​മോ? എങ്കിൽ നമുക്ക് അത്‌ മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ.

ദൈവം കാണു​ന്ന​തു​പോ​ലെ​യാ​ണോ നമ്മൾ ഇന്നത്തെ ലോകത്തെ കാണു​ന്നത്‌ എന്നു പരി​ശോ​ധി​ക്കാൻ ഹാനോ​ക്കി​ന്‍റെ വിശ്വാ​സം നമ്മളെ പ്രേരി​പ്പി​ച്ചേ​ക്കാം. ഹാനോക്ക് ധൈര്യ​പൂർവം പ്രഖ്യാ​പിച്ച ന്യായ​വി​ധി സന്ദേശ​ത്തിന്‌ ഇന്നും പ്രസക്തി​യുണ്ട്. ഹാനോ​ക്കി​ന്‍റെ നാളിലെ ലോക​ത്തി​നു മാത്രമല്ല ഇന്നത്തെ ലോക​ത്തി​നും അത്‌ ഒരു മുന്നറി​യി​പ്പാണ്‌. ഹാനോ​ക്കു കൊടുത്ത മുന്നറി​യി​പ്പി​നു ചേർച്ച​യിൽ നോഹ​യു​ടെ നാളി​ലു​ണ്ടാ​യി​രുന്ന അഭക്തരായ ആളുകൾക്കെ​തി​രെ വലിയ ജലപ്ര​ളയം വരുത്തി​ക്കൊണ്ട് യഹോവ പ്രവർത്തി​ച്ചു. ആ നാശം നമ്മുടെ നാളിൽ വരാനി​രി​ക്കുന്ന വലിയ നാശത്തി​ന്‍റെ ഒരു മാതൃ​ക​യാണ്‌. (മത്തായി 24:38, 39; 2 പത്രോസ്‌ 2:4-6) അന്നത്തെ​പ്പോ​ലെ ഇന്നും ഭക്തികെട്ട ലോകത്തെ നീതി​യോ​ടെ ന്യായം വിധി​ക്കാൻ ദൈവം ആയിര​മാ​യി​രം വിശു​ദ്ധ​രോ​ടു​കൂ​ടെ തയ്യാറാ​യി​നിൽക്കു​ന്നു. അതു​കൊണ്ട് ഹാനോ​ക്കി​ന്‍റെ മുന്നറി​യി​പ്പു​കൾ നമ്മൾ ഗൗരവ​മാ​യി എടുക്കണം, അതു മറ്റുള്ള​വ​രോട്‌ പറയു​ക​യും വേണം. ഒരുപക്ഷേ കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും നമ്മളിൽനിന്ന് അകന്നു​മാ​റി​യേ​ക്കാം, നമ്മൾ ഒറ്റപ്പെ​ട്ട​താ​യി നമുക്കു തോന്നി​യേ​ക്കാം. പക്ഷേ യഹോവ ഒരിക്ക​ലും ഹാനോ​ക്കി​നെ ഉപേക്ഷി​ച്ചി​ല്ലെന്ന് ഓർക്കുക. ഇന്നുള്ള തന്‍റെ വിശ്വ​സ്‌ത​ദാ​സ​രെ​യും യഹോവ ഉപേക്ഷി​ക്കില്ല.

“മരണം കാണാ​തി​രി​ക്കാൻവേണ്ടി മാറ്റി”

ഹാനോ​ക്കി​ന്‍റെ ജീവി​താ​വ​സാ​നം എങ്ങനെ​യാ​യി​രു​ന്നു? ഒരർഥ​ത്തിൽ, ഹാനോ​ക്കി​ന്‍റെ ജീവി​ത​ത്തെ​ക്കാൾ സങ്കീർണ​വും നിഗൂ​ഢ​വും ആയിരു​ന്നു അദ്ദേഹ​ത്തി​ന്‍റെ മരണം. ഉൽപത്തി പുസ്‌തകം അതി​നെ​ക്കു​റിച്ച് ഇങ്ങനെ പറയുന്നു: “ഹാനോക്ക് സത്യ​ദൈ​വ​ത്തി​ന്‍റെ​കൂ​ടെ നടന്നു. ദൈവം ഹാനോ​ക്കി​നെ എടുത്ത​തു​കൊണ്ട് പിന്നെ ആരും ഹാനോ​ക്കി​നെ കണ്ടിട്ടില്ല.” (ഉൽപത്തി 5:24) ഹാനോ​ക്കി​നെ ദൈവം എടുത്തു എന്നു പറയു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? കുറെ കാലം കഴിഞ്ഞ് അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അതിനെ ഇങ്ങനെ വിശദീ​ക​രി​ച്ചു: “വിശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ ഹാനോ​ക്കി​നെ ദൈവം, മരണം കാണാ​തി​രി​ക്കാൻവേണ്ടി മാറ്റി. ഹാനോക്ക് ദൈവത്തെ പ്രസാ​ദി​പ്പി​ച്ചു എന്ന ഉറപ്പ് ഹാനോ​ക്കിന്‌ അതിനു മുമ്പു​തന്നെ ലഭിച്ചി​രു​ന്നു. ദൈവം ഹാനോ​ക്കി​നെ മാറ്റി​യ​തു​കൊണ്ട് പിന്നെ ആരും ഹാനോ​ക്കി​നെ കണ്ടില്ല.” (എബ്രായർ 11:5) ദൈവം “മരണം കാണാ​തി​രി​ക്കാൻവേണ്ടി മാറ്റി” എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ ഉദ്ദേശി​ച്ചത്‌? ദൈവം ഹാനോ​ക്കി​നെ സ്വർഗ​ത്തി​ലേക്ക് എടുത്ത​താ​യി ചില ബൈബിൾഭാ​ഷാ​ന്ത​രങ്ങൾ പറയുന്നു. പക്ഷേ അത്‌ അങ്ങനെ​യാ​യി​രി​ക്കാൻ യാതൊ​രു കാരണ​വു​മില്ല. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച് യേശു​ക്രി​സ്‌തു മാത്ര​മാണ്‌ സ്വർഗ​ത്തി​ലേക്ക് ആദ്യമാ​യി ഉയിർപ്പി​ക്ക​പ്പെട്ട വ്യക്തി.—യോഹ​ന്നാൻ 3:13.

“മരണം കാണാ​തി​രി​ക്കാൻവേണ്ടി മാറ്റി.” എങ്ങനെ​യാ​യി​രി​ക്കാം മാറ്റി​യത്‌? യഹോവ ഹാനോ​ക്കി​നെ ജീവനിൽനിന്ന് പതിയെ മരണത്തി​ലേക്കു മാറ്റി​യ​തി​നെ​യാ​കാം ഇതു കുറി​ക്കു​ന്നത്‌. അങ്ങനെ, ക്രൂര​രായ ആളുക​ളു​ടെ കൈയാൽ മരിക്കു​ന്ന​തിൽനിന്ന് ഹാനോക്ക് രക്ഷപ്പെട്ടു. എന്നാൽ മരിക്കു​ന്ന​തി​നു​മുമ്പ് താൻ “ദൈവത്തെ പ്രസാ​ദി​പ്പി​ച്ചു എന്ന ഉറപ്പു” ഹാനോ​ക്കി​നു കിട്ടി. എങ്ങനെ? ഒരുപക്ഷേ മരണത്തി​നു തൊട്ടു​മുമ്പ് പറുദീ​സ​യെ​ക്കു​റി​ച്ചുള്ള  ഒരു ദർശനം ദൈവം ഹാനോ​ക്കി​നെ കാണി​ച്ചി​ട്ടു​ണ്ടാ​കും. അങ്ങനെ യഹോ​വ​യു​ടെ അംഗീ​കാ​ര​ത്തി​ന്‍റെ വ്യക്തമായ തെളിവ്‌ കണ്ട് ഹാനോക്ക് മരണത്തി​ലേക്ക് വഴുതി​വീ​ണു. പൗലോസ്‌ അപ്പൊ​സ്‌തലൻ ഹാനോ​ക്കി​നെ​യും മറ്റ്‌ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​യും കുറിച്ച് എഴുതി​യത്‌ ഇങ്ങനെ​യാണ്‌: “എല്ലാവ​രും വിശ്വാ​സ​മു​ള്ള​വ​രാ​യി​ത്തന്നെ മരിച്ചു.” (എബ്രായർ 11:13) ഒരുപക്ഷേ ശത്രുക്കൾ ഹാനോ​ക്കി​ന്‍റെ ശരീരം അന്വേ​ഷി​ച്ചു​ന​ട​ന്നി​ട്ടു​ണ്ടാ​കാം, എന്നാൽ അത്‌ ‘ആർക്കും കണ്ടെത്താ​നാ​യില്ല.’ അവർ അതു വികൃ​ത​മാ​ക്കാ​നോ വ്യാജാ​രാ​ധ​ന​യ്‌ക്കാ​യി ഉപയോ​ഗി​ക്കാ​നോ ഇടനൽകാ​തി​രി​ക്കാൻ ദൈവം​തന്നെ ഹാനോ​ക്കി​ന്‍റെ ശരീരം മറവ്‌ ചെയ്‌തി​രി​ക്കും. *

ഈ തിരു​വെ​ഴു​ത്തു​വി​വ​രണം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട് ഹാനോ​ക്കി​ന്‍റെ ജീവി​താ​വ​സാ​നം നമു​ക്കൊ​ന്നു ഭാവന​യിൽ കണ്ടു​നോ​ക്കാം. ഇത്‌ ഒരു സാധ്യത മാത്ര​മാ​ണെന്ന് ഓർക്കുക. ഹാനോക്ക് ശത്രു​ക്ക​ളിൽനിന്ന് ഓടി​ര​ക്ഷ​പ്പെ​ടാൻ ശ്രമി​ക്കു​ക​യാണ്‌, ഓടി​യോ​ടി തളർന്നു. എതിരാ​ളി​കൾ പിന്നാ​ലെ​ത​ന്നെ​യുണ്ട്. കൈയിൽ കിട്ടി​യാൽ പിച്ചി​ച്ചീ​ന്താ​നുള്ള ദേഷ്യ​ത്തോ​ടെ​യാണ്‌ അവർ. ഹാനോക്ക് പ്രസം​ഗിച്ച ന്യായ​വി​ധി​ദൂ​തു​കൾ അവർക്ക് ഒട്ടും സഹിക്കാ​നാ​കു​ന്നില്ല. ഹാനോക്ക് ഓടി​യോ​ടി അവസാനം ഒരു ഒളിയി​ടം കണ്ടെത്തി. അവിടെ ഇരുന്ന് അല്‌പ​നേരം വിശ്ര​മി​ച്ചെ​ങ്കി​ലും ശത്രു​ക്ക​ളിൽനിന്ന് രക്ഷപ്പെ​ടി​ല്ലെന്ന് ഹാനോ​ക്കിന്‌ ഏറെക്കു​റെ ഉറപ്പായി. അതി​ക്രൂ​ര​മായ ഒരു മരണമാണ്‌ അവനെ കാത്തു​നിൽക്കു​ന്നത്‌. ഹാനോക്ക് ഇപ്പോൾ തന്‍റെ ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ക​യാണ്‌. പ്രാർഥന കഴിഞ്ഞ​പ്പോൾ പറഞ്ഞറി​യി​ക്കാൻ പറ്റാത്ത ഒരു മനസ്സമാ​ധാ​നം തോന്നി. ഇപ്പോൾ ഹാനോക്ക് ഒരു ദർശനം കാണുന്നു. അതിൽ ശത്രു​ക്ക​ളിൽനിന്ന് താൻ വളരെ വിദൂ​ര​ത്തി​ലാണ്‌. ശരിക്കും അവിടെ ആയിരി​ക്കു​ന്ന​തു​പോ​ലെ ഹാനോ​ക്കിന്‌ അനുഭ​വ​പ്പെ​ടു​ന്നു.

ക്രൂരമായ അന്ത്യത്തെ നേരി​ട്ട​പ്പോ​ഴാ​യി​രി​ക്കാം യഹോവ ഹാനോ​ക്കി​നെ എടുത്തത്‌

പ്രകൃ​തി​ര​മ​ണീ​യ​മായ ഒരു കാഴ്‌ച ഹാനോ​ക്കി​ന്‍റെ കണ്മുന്നി​ലേക്കു തെളി​ഞ്ഞു​വന്നു. ഒരിക്ക​ലും കണ്ടിട്ടി​ല്ലാ​ത്തത്ര മനോ​ഹ​ര​മായ ഒരു കാഴ്‌ച! ഒറ്റ നോട്ട​ത്തിൽ ഏദെൻതോ​ട്ടം​പോ​ലെ തോന്നും. എന്നാൽ മനുഷ്യർ അകത്തു കടക്കാ​തി​രി​ക്കാൻ അവിടെ കെരൂ​ബു​ക​ളെ​യൊ​ന്നും കാണു​ന്നില്ല. യുവത്വം തുളു​മ്പുന്ന പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും എവി​ടെ​യു​മുണ്ട്. സമാധാ​നം നിറഞ്ഞു​നിൽക്കുന്ന അന്തരീക്ഷം! ഹാനോക്ക് കണ്ടുവ​ളർന്ന ശത്രു​ത​യോ മതത്തിന്‍റെ പേരി​ലുള്ള പീഡന​ങ്ങ​ളോ അവിടെ ഒരിട​ത്തും കാണാ​നോ കേൾക്കാ​നോ ഇല്ല. തനിക്ക് യഹോ​വ​യു​ടെ സ്‌നേ​ഹ​വാ​ത്സ​ല്യ​വും അംഗീ​കാ​ര​വും എല്ലാ വിധത്തി​ലു​മു​ണ്ടെന്ന് ഹാനോ​ക്കിന്‌ ഉറപ്പുണ്ട്. താൻ ഇവി​ടെ​യാ​ണു ജീവി​ക്കേ​ണ്ട​തെ​ന്നും ശരിക്കും ഇതാണു തന്‍റെ വീടെ​ന്നും ഹാനോ​ക്കി​നു തോന്നു​ന്നു. അങ്ങനെ സന്തോഷം തുളു​മ്പുന്ന ആ നിമി​ഷ​ങ്ങ​ളിൽ ഹാനോക്ക് ആത്മനിർവൃ​തി​യിൽ വെറു​തെ​യൊന്ന് കണ്ണടച്ചു, പതി​യെ​യൊന്ന് ഉറങ്ങി. പിന്നെ അതൊരു ഗാഢനി​ദ്ര​യാ​യി മാറി—സ്വപ്‌നം പോലും കാണാത്ത ഒരു ഗാഢനി​ദ്ര.

അങ്ങനെ ഹാനോക്ക് ഇന്നുവ​രെ​യും ‘ഉറങ്ങു​ക​യാണ്‌.’ മരണത്തി​ന്‍റെ സുഖനി​ദ്ര​യിൽ, യഹോ​വ​യു​ടെ അതിരറ്റ ഓർമ​യിൽ സുരക്ഷി​ത​നാ​യി കഴിയു​ക​യാണ്‌. പിന്നീട്‌ യേശു ഉറപ്പു​ത​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്‍റെ ഓർമ​യി​ലുള്ള എല്ലാവ​രും ക്രിസ്‌തു​വി​ന്‍റെ ശബ്ദം കേട്ട് ശവക്കു​ഴി​യിൽനിന്ന് എഴു​ന്നേ​റ്റു​വ​രുന്ന ദിവസം വരും. അവർ കണ്ണുതു​റ​ക്കു​ന്നത്‌ അതിമ​നോ​ഹ​ര​വും പ്രശാ​ന്ത​സു​ന്ദ​ര​വും ആയ ഒരു പുതിയ ലോക​ത്തി​ലേ​ക്കാ​യി​രി​ക്കും.—യോഹ​ന്നാൻ 5:28, 29.

അവി​ടെ​യാ​യി​രി​ക്കാൻ നിങ്ങൾക്ക് ആഗ്രഹ​മു​ണ്ടോ? ഹാനോ​ക്കി​നെ നേരി​ട്ടു​കാ​ണുന്ന ആ രംഗം ഒന്ന് ഭാവന​യിൽ കാണുക. അദ്ദേഹ​ത്തിൽനിന്ന് പഠിക്കാ​നാ​കുന്ന, മനം കവരുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കുക. ഹാനോ​ക്കി​ന്‍റെ അവസാ​ന​നാ​ളു​ക​ളെ​ക്കു​റിച്ച് നമ്മൾ ഇപ്പോൾ വിഭാവന ചെയ്‌തത്‌ എത്ര​ത്തോ​ളം കൃത്യ​മാ​യി​രു​ന്നെന്ന് പുനരു​ത്ഥാ​ന​ത്തിൽ വരു​മ്പോൾ അദ്ദേഹം നമുക്കു പറഞ്ഞു​ത​രും. എന്നാൽ ഇപ്പോൾത്തന്നെ നമ്മൾ ഹാനോ​ക്കിൽനിന്ന് പഠിക്കേണ്ട ചില കാര്യ​ങ്ങ​ളുണ്ട്. ഹാനോ​ക്കി​നെ​ക്കു​റിച്ച് പറഞ്ഞ​ശേഷം പൗലോസ്‌ തുടരു​ന്നത്‌ ഇങ്ങനെ​യാണ്‌: “വിശ്വാ​സ​മി​ല്ലാ​തെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയില്ല.” (എബ്രായർ 11:6) ധൈര്യ​ത്തോ​ടെ ഉറച്ചു​നിന്ന ഹാനോക്കിന്‍റെ വിശ്വാസം അനുക​രി​ക്കാൻ നമു​ക്കെ​ല്ലാം എത്ര ശക്തമായ കാരണ​മാ​ണു​ള്ളത്‌!

^ ഖ. 14 ഹാനോക്കിന്‍റെ പുസ്‌ത​ക​മെന്ന് അറിയ​പ്പെ​ടുന്ന ഒരു അപ്പൊ​ക്രിഫ പുസ്‌ത​ക​ത്തിൽനി​ന്നാണ്‌ യൂദ ഉദ്ധരി​ച്ച​തെന്ന് ചില ബൈബിൾപ​ണ്ഡി​ത​ന്മാർ പറയുന്നു. എന്നാൽ വായി​ക്കാൻ രസമുള്ള ഈ പുസ്‌തകം ഹാനോക്ക് എഴുതി​യ​താ​ണെന്നു പറയു​ന്നെ​ങ്കി​ലും ശരിക്കും അത്‌ ആരു​ടേ​താ​ണെന്ന് അറിയില്ല. ഹാനോ​ക്കി​ന്‍റെ പ്രവചനം കൃത്യ​മാ​യി ആ പുസ്‌ത​ക​ത്തിൽ കാണു​ന്നു​ണ്ടെ​ങ്കി​ലും അത്‌ ഇന്ന് ലഭ്യമ​ല്ലാത്ത ഏതോ ഉറവിൽനിന്ന്, അതായത്‌ വാമൊ​ഴി​യാ​യി​ട്ടോ ലിഖി​ത​ങ്ങ​ളിൽനി​ന്നോ, ആയിരി​ക്കാം ലഭിച്ചത്‌. യൂദയ്‌ക്കും ഈ വിവരങ്ങൾ കിട്ടി​യത്‌ അതേ ഉറവിൽനി​ന്നാ​യി​രി​ക്കാം. അല്ലെങ്കിൽ ഹാനോ​ക്കി​ന്‍റെ ജീവിതം സ്വർഗ​ത്തിൽനിന്ന് നേരിൽക്കണ്ട യേശു​വിൽനിന്ന്.

^ ഖ. 20 ഇതുപോലെ മോശ​യു​ടെ​യും യേശു​വി​ന്‍റെ​യും ശരീരം ദുരു​പ​യോ​ഗം ചെയ്യാ​തി​രി​ക്കാ​നാ​യി ദൈവം​തന്നെ നടപടി​യെ​ടു​ത്തി​രി​ക്കാം.—ആവർത്തനം 34:5, 6; ലൂക്കോസ്‌ 24:3-6; യൂദ 9.