വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഡിസംബര്‍ 

ഈ പഴയ ലോക​ത്തി​ന്‍റെ അന്ത്യം നമുക്ക് ഒറ്റക്കെ​ട്ടാ​യി നേരി​ടാം​

ഈ പഴയ ലോക​ത്തി​ന്‍റെ അന്ത്യം നമുക്ക് ഒറ്റക്കെ​ട്ടാ​യി നേരി​ടാം​

“നാം ഒരേ ശരീര​ത്തി​ലെ അവയവ​ങ്ങ​ള​ല്ലോ.”—എഫെ. 4:25.

1, 2. തന്‍റെ ആബാല​വൃ​ദ്ധം ആരാധ​ക​രും തന്നെ എങ്ങനെ സേവി​ക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌?

യുവ​പ്രാ​യ​ത്തി​ലു​ള്ള ഒരാളാ​ണോ നിങ്ങൾ? എങ്കിൽ യഹോ​വ​യു​ടെ ലോക​വ്യാ​പക സഭയുടെ വളരെ വേണ്ടപ്പെട്ട അംഗങ്ങ​ളിൽ ഒരാളാണ്‌ നിങ്ങൾ. പല നാടു​ക​ളി​ലും യുവജ​ന​ങ്ങ​ളാണ്‌ സ്‌നാ​ന​മേൽക്കു​ന്ന​വ​രിൽ ഏറെയും. യഹോ​വ​യെ സേവി​ക്കാ​നാ​യി ജീവിതം ഉഴിഞ്ഞു​വെ​ച്ചി​ട്ടു​ള്ള​വ​രു​ടെ നിരക​ളി​ലേക്ക് നിങ്ങൾ, യുവതി​ക​ളും യുവാ​ക്ക​ളും, അണി​ചേ​രു​ന്നത്‌ എത്ര ഹൃദ​യോ​ഷ്‌മ​ള​മാ​യ കാഴ്‌ച​യാണ്‌!

2 കൂട്ടു​കാ​രോ​ടൊത്ത്‌ ചുറ്റി​യ​ടി​ക്കാ​നും സമയം ചെലവ​ഴി​ക്കാ​നും ഒക്കെ നിങ്ങൾക്ക് വലിയ ഇഷ്ടമാ​യി​രി​ക്കു​മെ​ന്ന​തിൽ സംശയ​മി​ല്ല. തരപ്പടി​ക്കാ​രു​മൊത്ത്‌ ചെലവി​ടു​ന്ന നിമി​ഷ​ങ്ങൾ ഒന്നു​വേ​റെ​ത​ന്നെ​യാണ്‌. എന്നിരു​ന്നാ​ലും, നാം യുവാ​ക്ക​ളാ​യാ​ലും പ്രായ​മു​ള്ള​വ​രാ​യാ​ലും, നമ്മുടെ പശ്ചാത്തലം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, നാമെ​ല്ലാം ഒരുമ​ന​പ്പെട്ട് തികഞ്ഞ ഐക്യ​ത്തോ​ടെ തന്നെ ആരാധി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. “സകലതരം മനുഷ്യ​രും രക്ഷ പ്രാപി​ക്ക​ണ​മെ​ന്നും സത്യത്തി​ന്‍റെ പരിജ്ഞാ​ന​ത്തിൽ എത്തണ​മെ​ന്നു​മ​ത്രേ” ദൈവം ആഗ്രഹി​ക്കു​ന്നത്‌ എന്ന് അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ എഴുതി. (1 തിമൊ. 2:3, 4) “സകല ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും നിന്നുള്ള” സത്യാ​രാ​ധ​ക​രെ​ക്കു​റിച്ച് വെളി​പാട്‌ 7:9 വിവരി​ക്കു​ന്നു.

3, 4. (എ) ഇന്നത്തെ അനേകം യുവാ​ക്കൾക്കി​ടി​യിൽ ഏതു മനോ​ഭാ​വം സാധാ​ര​ണ​മാണ്‌? (ബി) എന്നാൽ ഏതാണ്‌ എഫെസ്യർ 4:25-നു ചേർച്ച​യി​ലു​ള്ള മനോ​ഭാ​വം?

3 യഹോ​വ​യെ സേവി​ക്കു​ന്ന യുവാ​ക്ക​ളും ഈ ലോക​ത്തി​ലെ യുവാ​ക്ക​ളും തമ്മിൽ എത്ര വലിയ വ്യത്യാ​സ​മാ​ണു​ള്ളത്‌! യഹോ​വ​യെ സേവി​ക്കാ​ത്ത അനേകം യുവജ​ന​ങ്ങൾ ‘സ്വന്തം കാര്യം സിന്ദാ​ബാദ്‌’ എന്ന മട്ടിൽ ഒരു സ്വാർഥ​ജീ​വി​ത​മാണ്‌  നയിക്കു​ന്നത്‌. അത്തരക്കാ​രെ “ഞാൻ തലമുറ” എന്നാണ്‌ ചില ഗവേഷകർ വിളി​ക്കു​ന്നത്‌. ‘പഴഞ്ചന്മാ​രെന്ന്’ അവർ കരുതുന്ന പഴമക്കാ​രോ​ടു​ള്ള പുച്ഛം വിളി​ച്ചോ​തു​ന്ന​താണ്‌ മിക്ക​പ്പോ​ഴും അവരുടെ വർത്തമാ​ന​വും വസ്‌ത്ര​ധാ​ര​ണ​വും.

4 ആ മനോ​ഭാ​വം ഇന്ന് എവി​ടെ​യും സർവസാ​ധാ​ര​ണ​മാണ്‌. അതു​കൊ​ണ്ടു​ത​ന്നെ, ഈ വീക്ഷണം തള്ളിക്ക​ളഞ്ഞ് ദൈവി​ക​വീ​ക്ഷ​ണം സ്വീക​രി​ക്കാൻ നല്ല ശ്രമം ആവശ്യ​മാ​ണെന്ന് ദൈവ​ദാ​സ​രാ​യ യുവജ​ന​ങ്ങൾ തിരി​ച്ച​റി​യു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽപ്പോ​ലും ഈ മനോ​ഭാ​വ​ത്തി​നെ​തി​രെ മുന്നറി​യി​പ്പു നൽകേ​ണ്ട​തി​ന്‍റെ ആവശ്യം പൗലോ​സിന്‌ കാണാ​നാ​യി. അവൻ അതിനെ, “അനുസ​ര​ണ​ക്കേ​ടി​ന്‍റെ മക്കളിൽ ഇപ്പോൾ വ്യാപ​രി​ക്കു​ന്ന ആത്മാവ്‌” എന്ന് വിളിച്ചു. (എഫെസ്യർ 2:1-3 വായിക്കുക.) അത്തരം ആത്മാവ്‌ ഒഴിവാ​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യ​വും സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ക്കേ​ണ്ട​തി​ന്‍റെ ആവശ്യ​വും തിരി​ച്ച​റി​യു​ന്ന യുവാക്കൾ തീർച്ച​യാ​യും അഭിന​ന്ദ​നം അർഹി​ക്കു​ന്നു. ആ മനോ​ഭാ​വം, “നാം ഒരേ ശരീര​ത്തി​ലെ അവയവ​ങ്ങ​ള​ല്ലോ” എന്ന പൗലോ​സി​ന്‍റെ പ്രസ്‌താ​വ​ന​യു​മാ​യി ചേർച്ച​യി​ലാണ്‌. (എഫെ. 4:25) ഈ പഴയ ലോക​ത്തി​ന്‍റെ അന്ത്യം അതിശീ​ഘ്രം അടുത്തു​വ​ര​വേ, നാം ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കേ​ണ്ടത്‌ മുമ്പെ​ന്ന​ത്തെ​ക്കാൾ പ്രധാ​ന​മാണ്‌. പരസ്‌പ​രം പറ്റിനിൽക്കേ​ണ്ട​തി​ന്‍റെ, ഐക്യ​ത്തിൽ ഏകീഭ​വി​ക്കേ​ണ്ട​തി​ന്‍റെ, ആവശ്യ​ക​ത​യ്‌ക്ക് അടിവ​ര​യി​ടു​ന്ന ചില ബൈബിൾ ദൃഷ്ടാ​ന്ത​ങ്ങൾ നമുക്ക് പരിചി​ന്തി​ക്കാം.

അവർ പരസ്‌പ​രം പറ്റിനി​ന്നു

5, 6. ലോത്തി​ന്‍റെ​യും പുത്രി​മാ​രു​ടെ​യും വിവരണം ഒത്തിണ​ക്ക​ത്തോ​ടെ പ്രവർത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം വരച്ചു​കാ​ട്ടു​ന്നത്‌ എങ്ങനെ?

5 പുരാ​ത​ന​നാ​ളിൽ, ദൈവ​ജ​നം പല ദുഷ്‌ക​ര​മാ​യ സാഹച​ര്യ​ങ്ങ​ളെ​യും നേരിട്ടു. അവർ ഒരുമ​യോ​ടെ അന്യോ​ന്യം സഹായി​ച്ച​പ്പോ​ഴെ​ല്ലാം അവരെ കാത്തു​ര​ക്ഷി​ക്കാൻ യഹോവ ഒരുക്ക​മു​ള്ള​വ​നാ​യി​രു​ന്നു. ചെറു​പ്പ​ക്കാ​രാ​യാ​ലും പ്രായ​മു​ള്ള​വ​രാ​യാ​ലും, ദൈവ​ത്തി​ന്‍റെ ആധുനി​ക​കാ​ല ദാസന്മാർക്ക് ബൈബിൾദൃ​ഷ്ടാ​ന്ത​ങ്ങൾ ശക്തമായ പാഠങ്ങൾ നൽകുന്നു. ഉദാഹ​ര​ണ​ത്തിന്‌ ലോത്തി​ന്‍റെ കാര്യ​മെ​ടു​ക്കു​ക.

6 ലോത്തും കുടും​ബ​വും വളരെ അപകട​ക​ര​മാ​യ ഒരു സാഹച​ര്യ​ത്തെ നേരിട്ടു. അവർ താമസി​ച്ചി​രു​ന്ന സൊ​ദോം നഗരം നശിപ്പി​ക്ക​പ്പെ​ടാൻ പോവു​ക​യാ​യി​രു​ന്നു. ദൈവ​ത്തി​ന്‍റെ ദൂതന്മാർ സുരക്ഷി​ത​മാ​യ മലമ്പ്ര​ദേ​ശ​ങ്ങൾ ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട് എത്രയും​പെ​ട്ടെന്ന് “ജീവര​ക്ഷെ​ക്കാ​യി ഓടി​പ്പോ​ക” എന്ന് ലോത്തി​നോ​ടു പറഞ്ഞു. (ഉല്‌പ. 19:12-22) ലോത്ത്‌ അത്‌ അനുസ​രി​ച്ചു. അവന്‍റെ രണ്ട് പെൺമ​ക്ക​ളും ആ നഗരം​വി​ടു​ന്ന​തിൽ പിതാ​വി​നോ​ടു സഹകരി​ച്ചു. എന്നാൽ സങ്കടക​ര​മെ​ന്നു പറയട്ടെ, അവരോട്‌ അടുപ്പ​മു​ണ്ടാ​യി​രു​ന്ന മറ്റുചി​ലർ സഹകരി​ച്ചി​ല്ല. ലോത്തി​ന്‍റെ പുത്രി​മാ​രെ വിവാഹം ചെയ്യാ​നി​രു​ന്ന പുരു​ഷ​ന്മാർക്ക് ആ വയസ്സൻ “കളി പറയുന്ന”തായാണ്‌ തോന്നി​യത്‌. പക്ഷേ അതിന്‌ അവർ ഒടു​ക്കേ​ണ്ടി​വ​ന്നത്‌ തങ്ങളുടെ ജീവനാണ്‌. (ഉല്‌പ. 19:14) ലോത്തും അവനോ​ടു പറ്റിനിന്ന പുത്രി​മാ​രും മാത്ര​മാണ്‌ അതിജീ​വി​ച്ചത്‌.

7. ഇസ്രാ​യേൽ ജനം ഈജി​പ്‌ത്‌ വിട്ടു​പോ​ന്ന​പ്പോൾ ഐകമ​ത്യ​ത്തോ​ടെ പ്രവർത്തി​ച്ച​വ​രെ യഹോവ അനു​ഗ്ര​ഹി​ച്ചത്‌ എങ്ങനെ?

7 മറ്റൊരു ദൃഷ്ടാന്തം പരിചി​ന്തി​ക്കു​ക. ഇസ്രാ​യേൽ ജനം ഈജി​പ്‌ത്‌ വിട്ട​പ്പോൾ അവർ പരസ്‌പ​രം വഴിപി​രിഞ്ഞ് കൊച്ചു​കൊ​ച്ചു കൂട്ടങ്ങ​ളാ​യി സഞ്ചരി​ച്ചി​ല്ല. യഹോവ ചെങ്കടൽ വിഭജി​ച്ച​പ്പോ​ഴും മോശ തനിച്ചോ ഏതാനും​പേ​രു​മാ​യി മാത്ര​മോ അല്ല ചെങ്കടൽ കടന്നത്‌. മറിച്ച്, ഇസ്രാ​യേൽ സഭ മുഴു​വ​നും യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തിൻകീ​ഴിൽ ഉണങ്ങിയ നിലത്തു​കൂ​ടെ നടന്നു​പോ​യി. (പുറ. 14:21, 22, 29, 30) അവരെ പിന്തുണച്ച, ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത “വലി​യോ​രു സമ്മി​ശ്ര​പു​രു​ഷാ​ര​വും” അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. തികഞ്ഞ ഐകമ​ത്യ​മാണ്‌ അവർ അവിടെ പ്രദർശി​പ്പി​ച്ചത്‌. (പുറ. 12:38) എന്നാൽ ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കു​ക: അതിൽ കുറെ ചെറു​പ്പ​ക്കാർ സംഘം​ചേർന്ന് തങ്ങൾക്ക് തോന്നിയ വഴിക്ക് നീങ്ങി​യി​രു​ന്നെ​ങ്കിൽ കഥയെ​ന്താ​കു​മാ​യി​രു​ന്നു! അത്‌ എത്ര ബുദ്ധി​ശൂ​ന്യ​മാ​യി​രു​ന്നേനെ! യഹോവ അവരെ സംരക്ഷി​ക്കു​മാ​യി​രു​ന്നു എന്ന് നിങ്ങൾ കരുതു​ന്നു​ണ്ടോ?—1 കൊരി. 10:1.

8. യെഹോ​ശാ​ഫാ​ത്തി​ന്‍റെ നാളിൽ ദൈവ​ജ​നം എങ്ങനെ​യാണ്‌ ഐക്യം പ്രദർശി​പ്പി​ച്ചത്‌?

8 യെഹോ​ശാ​ഫാത്ത്‌ രാജാ​വി​ന്‍റെ നാളിൽ ദൈവ​ജ​നം പ്രബല​നാ​യ ഒരു ശത്രു​വി​ന്‍റെ ഭീഷണി നേരിട്ടു. സമീപ​ദേ​ശ​വാ​സി​ക​ളായ “വലി​യോ​രു ജനസമൂ​ഹം” അവർക്കെ​തി​രെ യുദ്ധത്തി​നു വന്നു. (2 ദിന. 20:1, 2) ദൈവ​ദാ​സ​ന്മാർ സ്വന്തം ശക്തിയാൽ ശത്രു​വി​നെ തുരത്താൻ തുനി​ഞ്ഞി​ല്ല. പകരം, അവർ യഹോ​വ​യിൽ ആശ്രയി​ച്ചു. (2 ദിനവൃത്താന്തം 20:3, 4 വായിക്കുക.) എന്നാൽ അവർ തങ്ങൾക്ക് ബോധി​ച്ച​തു​പോ​ലെ ഒറ്റയ്‌ക്കൊ​റ്റ​യ്‌ക്ക് ദൈവത്തെ വിളി​ക്കു​ക​യാ​യി​രു​ന്നോ? അല്ല. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “യെഹൂ​ദ്യർ, ഒക്കെയും അവരുടെ കുഞ്ഞു​ങ്ങ​ളോ​ടും ഭാര്യ​മാ​രോ​ടും മക്കളോ​ടും കൂടെ യഹോ​വ​യു​ടെ സന്നിധി​യിൽ നിന്നു.” (2 ദിന. 20:13) യുവാ​ക്ക​ളെ​ന്നോ വൃദ്ധ​രെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ അവരെ​ല്ലാ​വ​രും യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ങ്ങൾ വിശ്വാ​സ​ത്തോ​ടെ ഒറ്റക്കെ​ട്ടാ​യി അനുസ​രി​ച്ചു. യഹോവ അവരെ ശത്രു​ക്ക​ളിൽനിന്ന് സംരക്ഷി​ക്കു​ക​യും ചെയ്‌തു. (2 ദിന. 20:20-27) ദൈവ​ജ​നം ഭീഷണി​ക​ളെ  എങ്ങനെ നേരി​ട​ണം എന്നതിന്‌ ഉത്തമോ​ദാ​ഹ​ര​ണ​മ​ല്ലേ ഈ ദൃഷ്ടാന്തം?

9. ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളു​ടെ പ്രവർത്ത​ന​ങ്ങ​ളി​ലും മനോ​ഭാ​വ​ത്തി​ലും നിന്ന് ഐക്യ​ത്തെ​ക്കു​റിച്ച് നമുക്ക് എന്തു പഠിക്കാം?

9 സ്വരു​മ​യോ​ടെ പ്രവർത്തി​ക്കു​ന്ന കാര്യ​ത്തിൽ ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളും നല്ല മാതൃക വെച്ചു. ഉദാഹ​ര​ണ​ത്തിന്‌, നിരവധി യഹൂദ​ന്മാ​രും യഹൂദ​മ​തം സ്വീക​രി​ച്ച​വ​രും ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന​പ്പോൾ, “ഉത്സാഹ​ത്തോ​ടെ അപ്പൊ​സ്‌ത​ല​ന്മാ​രിൽനി​ന്നു പഠിക്കു​ക​യും ഉള്ളതെ​ല്ലാം മറ്റുള്ള​വ​രു​മാ​യി പങ്കിടു​ക​യും ഒരുമി​ച്ചു​കൂ​ടി ഭക്ഷണം കഴിക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌തു​പോ​ന്നു.” (പ്രവൃ. 2:42) അവർക്ക് പരസ്‌പര സഹായം ഏറ്റവും ആവശ്യ​മാ​യി​രു​ന്ന പീഡന​കാ​ലത്ത്‌ അവരുടെ ഇടയിലെ ഒരുമ വിശേ​ഷാൽ ദൃശ്യ​മാ​യി​രു​ന്നു. (പ്രവൃ. 4:23, 24) ദുഷ്‌ക​ര​മാ​യ സമയങ്ങ​ളിൽ ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌ എന്നതി​നോട്‌ നിങ്ങൾ യോജി​ക്കു​ന്നി​ല്ലേ?

യഹോ​വ​യു​ടെ ദിവസം അടുത്തു​വ​ര​വെ ഐക്യ​ത്തിൽ ഒന്നായി​ത്തീ​രു​വിൻ!

10. ഐക്യ​ത്തി​ന്‍റെ മൂല്യം നാം ഏറ്റവും അധികം തിരി​ച്ച​റി​യാൻ പോകു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും?

10 മാനവ​ച​രി​ത്ര​ത്തി​ലെ ഏറ്റവും ഇരുളടഞ്ഞ നാളുകൾ ഇങ്ങടുത്ത്‌ എത്തിയി​രി​ക്കു​ന്നു. “ഇരുട്ടും അന്ധകാ​ര​വു​മു​ള്ളോ​രു ദിവസം” എന്നാണ്‌ യോവേൽ പ്രവാ​ച​കൻ അതിനെ വിശേ​ഷി​പ്പി​ക്കു​ന്നത്‌. (യോവേ. 2:1, 2; സെഫ. 1:14) ദൈവ​ജ​ന​ത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം, ഒറ്റക്കെ​ട്ടാ​യി നിൽക്കാ​നു​ള്ള ദിവസ​മാണ്‌ അത്‌. യേശു​വി​ന്‍റെ വാക്കുകൾ നമ്മുടെ കാതിൽ മുഴങ്ങട്ടെ: “ഛിദ്രി​ച്ചി​രി​ക്കു​ന്ന ഏതൊരു രാജ്യ​വും നശിച്ചു​പോ​കും!”—മത്താ. 12:25.

11. സങ്കീർത്ത​നം 122:3, 4-ലെ വർണന​യിൽ ഐക്യം സംബന്ധിച്ച് നമുക്ക് എന്തു പാഠമുണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

11 വരാൻപോ​കു​ന്ന പ്രശ്‌ന​പൂ​രി​ത​മാ​യ നാളു​ക​ളിൽ തികഞ്ഞ ഐക്യ​ത്തോ​ടും യോജി​പ്പോ​ടും കൂടെ നാം പ്രവർത്തി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാ​യി​രി​ക്കും. പുരാതന യെരു​ശ​ലേം നഗരത്തിൽ വീടുകൾ ഒന്നോ​ടൊന്ന് ചേർത്താണ്‌ പണിതി​രു​ന്നത്‌. “തമ്മിൽ ഇണക്കിയ നഗരമാ​യി പണിതി​രി​ക്കു​ന്ന യെരൂശ”ലേം എന്ന് സങ്കീർത്ത​ന​ക്കാ​രൻ അതിനെ വർണിച്ചു. തന്നിമി​ത്തം, അതിലെ നിവാ​സി​കൾക്ക് അന്യോ​ന്യം സഹായി​ക്കാ​നും സംരക്ഷി​ക്കാ​നും കഴിഞ്ഞി​രു​ന്നു. കൂടാതെ, ആ വീടുകൾ പരസ്‌പ​രം ചേർന്നു​നി​ന്നത്‌, “യഹോ​വ​യു​ടെ ഗോ​ത്ര​ങ്ങൾ” ആരാധ​ന​യ്‌ക്കാ​യി സമ്മേളി​ച്ച​പ്പോൾ ആ മുഴു ജനതയും ആസ്വദിച്ച ആത്മീയ ഐക്യത്തെ ചിത്രീ​ക​രി​ച്ചു. (സങ്കീർത്തനം 122:3, 4 വായിക്കുക.) ഇപ്പോ​ഴും വരാനി​രി​ക്കു​ന്ന നിർണാ​യ​ക​നാ​ളു​ക​ളി​ലും, ‘തമ്മിൽ ഇണക്കിയ നഗരമാ​യി പണിതി​രു​ന്ന യെരൂ​ശ​ലേ​മി​ലെ’ ഒന്നോ​ടൊന്ന് ഒട്ടിനിന്ന ആ വീടു​ക​ളെ​പ്പോ​ലെ നാമും ക്രിസ്‌തീ​യ സഹോ​ദ​ര​ങ്ങ​ളു​മാ​യി പരസ്‌പ​രം പറ്റിനിൽക്ക​ണം.

12. ദൈവ​ജ​ന​ത്തി​നെ​തി​രെ വരാൻപോ​കു​ന്ന ആക്രമ​ണ​ത്തെ അതിജീ​വി​ക്കാൻ നമ്മെ എന്തു സഹായി​ക്കും?

12 ‘തമ്മിൽ ഇണക്കി പണിതി​രി​ക്കു​ന്ന നഗര​ത്തെ​പ്പോ​ലെ’ ആ നാളു​ക​ളിൽ നാം ഒറ്റക്കെ​ട്ടാ​യി നിൽക്കേ​ണ്ടത്‌ അതി​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ദൈവ​ജ​ന​ത്തി​നെ​തി​രെ മാഗോ​ഗ്‌ദേ​ശ​ത്തി​ലെ ഗോഗ്‌ നടത്തുന്ന ഒരു ആക്രമ​ണ​ത്തെ​ക്കു​റിച്ച് യെഹെ​സ്‌കേൽ 38-‍ാ‍ം അധ്യായം പ്രാവ​ച​നി​ക​മാ​യി പ്രസ്‌താ​വി​ക്കു​ന്നു. ഛിദ്രി​പ്പി​നും വിഭാ​ഗീ​യ​ത​യ്‌ക്കും ഇടംനൽകാ​നു​ള്ള സമയമല്ല അത്‌. സഹായ​ത്തി​നാ​യി അന്ന് സാത്താന്‍റെ ലോക​ത്തി​ലേക്ക് നാം ഒരു കാരണ​വ​ശാ​ലും കൈ നീട്ടു​ക​യി​ല്ല. പകരം നമ്മുടെ സഹോ​ദ​ര​ങ്ങ​ളോട്‌ നാം പറ്റി​ച്ചേർന്ന് നിൽക്കും. ഒരു കൂട്ടത്തി​ന്‍റെ ഭാഗമാണ്‌ എന്നതു​കൊ​ണ്ടു​മാ​ത്രം നാം അതിജീ​വി​ക്ക​ണ​മെ​ന്നി​ല്ല എന്നത്‌ ശരിതന്നെ. യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വരെ അവനും അവന്‍റെ പുത്ര​നും വിപത്‌ക​ര​മാ​യ ആ ദിനങ്ങ​ളിൽ കൈക​ളി​ലേ​ന്തി മറുകര കടത്തും. (യോവേ. 2:32; മത്താ. 28:20) എന്നാൽ, ദൈവ​ത്തി​ന്‍റെ ആട്ടിൻകൂ​ട്ട​ത്തോട്‌ പറ്റിനിൽക്കാ​തെ തന്നിഷ്ട​പ്ര​കാ​രം ഒറ്റതി​രിഞ്ഞ് നടക്കു​ന്ന​വ​രെ അവൻ സംരക്ഷി​ക്കു​മെന്ന് നിങ്ങൾ കരുതു​ന്നു​ണ്ടോ?—മീഖാ 2:12.

13. ഇതുവരെ പരിചി​ന്തി​ച്ച കാര്യങ്ങൾ ദൈവ​ഭ​യ​മു​ള്ള യുവാ​ക്കൾക്ക് എന്തു ശക്തമായ പാഠങ്ങൾ നൽകുന്നു?

13 ചെറു​പ്പ​ക്കാ​രു​ടേ​താ​യ ഒരു വൃത്തം സൃഷ്ടിച്ച് അതിൽ കഴിഞ്ഞു​കൂ​ടു​ന്ന​വ​രെ അനുക​രി​ക്കു​ന്നത്‌ ഭോഷ​ത്ത​വും ബുദ്ധി​ശൂ​ന്യ​വു​മാ​ണെന്ന് ഇപ്പോൾ നിങ്ങൾക്ക് വ്യക്തമല്ലേ? നമ്മിൽ ഓരോ​രു​ത്തർക്കും, യുവാ​ക്കൾക്കും വൃദ്ധന്മാർക്കും, മറ്റുള്ള​വ​രു​ടെ കൈത്താങ്ങ് ഏറെ ആവശ്യ​മാ​യി വരുന്ന ഒരു സമയ​ത്തോട്‌ നാം അനുദി​നം അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതെ, ഒത്തൊ​രു​മ ശീലി​ക്കേണ്ട സമയം ഇതാണ്‌. സ്വരു​മ​യോ​ടും സ്വര​ച്ചേർച്ച​യോ​ടും കൂടെ പ്രവർത്തി​ക്കാൻ നാം ഇന്നു ശീലി​ക്കു​ന്നെ​ങ്കിൽ നാളെ അത്‌ നമ്മുടെ ജീവനെ അർഥമാ​ക്കും!

“നാം ഒരേ ശരീര​ത്തി​ലെ അവയവ​ങ്ങ​ള​ല്ലോ”

14, 15. (എ) ഏതു ലക്ഷ്യം മുൻനി​റു​ത്തി​യാണ്‌ യുവാ​ക്ക​ളെ​യും പ്രായ​മാ​യ​വ​രെ​യും യഹോവ ഇന്ന് പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌? (ബി) ഏകീകൃ​ത​രാ​യി​രി​ക്കാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട് യഹോവ എന്തെല്ലാം ബുദ്ധി​യു​പ​ദേ​ശം നമുക്കു തരുന്നു?

14 നാം യഹോ​വ​യെ “ഏകമന​സ്സോ​ടെ” സേവി​ക്കാൻ അവൻ നമ്മെ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.  (സെഫ. 3:8, 9) അവന്‍റെ നിത്യോ​ദ്ദേ​ശ്യ​ത്തിൽ നമുക്ക് ഓരോ​രു​ത്തർക്കും ഒരു പങ്ക് നിർവ​ഹി​ക്കാ​നുണ്ട്. അതിനാ​യി അവൻ നമ്മെ ഇന്നു പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കുക​യാണ്‌. എന്താണ്‌ യഹോ​വ​യു​ടെ നിത്യോ​ദ്ദേ​ശ്യം? “സകലവും ക്രിസ്‌തു​വിൽ ഒന്നായി​ച്ചേർക്കു​ക” എന്നതാണ്‌ അത്‌. (എഫെസ്യർ 1:9, 10 വായിക്കുക.) അതെ, മുഴു​പ്ര​പ​ഞ്ച​ത്തി​ലെ​യും സന്മനസ്സും സന്നദ്ധത​യു​മു​ള്ള സൃഷ്ടി​ക​ളെ ഏകീക​രി​ക്കു​ക​യാണ്‌ അവന്‍റെ ലക്ഷ്യം. അതിൽ അവൻ സമ്പൂർണ​വി​ജ​യം കൈവ​രി​ക്കു​ക​യും ചെയ്യും. ഒരു യുവാ​വോ യുവതി​യോ എന്ന നിലയിൽ, നിങ്ങൾ യഹോ​വ​യു​ടെ സംഘട​ന​യോട്‌ ചേർന്ന് ഒത്തിണ​ക്ക​ത്തോ​ടെ പ്രവർത്തി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാ​ണെന്ന് ഇതിൽനി​ന്നും വ്യക്തമാ​കു​ന്നി​ല്ലേ?

15 അനന്തത​യി​ലെ​ന്നും ഐക്യം നിലനി​റു​ത്തു​ക എന്ന ലക്ഷ്യത്തിൽ, ഐക്യം കൈവ​രി​ക്കാൻ യഹോവ ഇപ്പോൾ നമ്മെ പഠിപ്പി​ക്കു​ക​യാണ്‌. “അന്യോ​ന്യം ഒരു​പോ​ലെ കരുതൽ കാണിക്ക,” “അന്യോ​ന്യം ആർദ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ,” “അന്യോ​ന്യം ആശ്വസി​പ്പി​ച്ചു​കൊ​ള്ളു​വിൻ,” “അന്യോ​ന്യം ആശ്വസി​പ്പി​ക്കു​ക​യും ആത്മീയ​വർധന വരുത്തു​ക​യും ചെയ്യു​വിൻ” എന്നെല്ലാം തിരു​വെ​ഴു​ത്തു​കൾ കൂടെ​ക്കൂ​ടെ പ്രബോ​ധി​പ്പി​ക്കു​ന്നു. (1 കൊരി. 12:24; റോമ. 12:10; 1 തെസ്സ. 4:18; 5:11) ക്രിസ്‌ത്യാ​നി​കൾ അപൂർണ​രാ​ണെ​ന്നും തന്നിമി​ത്തം ഐക്യ​ത്തിൽ ഒന്നായി​ത്തീ​രു​ക അത്ര എളുപ്പ​മ​ല്ലെ​ന്നും യഹോ​വ​യ്‌ക്ക് അറിയാം. അതു​കൊണ്ട് “അന്യോ​ന്യം ഉദാര​മാ​യി ക്ഷമി”ക്കുന്ന കാര്യ​ത്തിൽ നാം മടുത്തു​പോ​കാ​തെ നിരന്തര ശ്രമം നടത്തണം.—എഫെ. 4:32.

16, 17. (എ) എന്താണ്‌ ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളു​ടെ ഒരു ഉദ്ദേശ്യം? (ബി) ചെറു​പ്പ​മാ​യി​രി​ക്കെ യേശു​വെച്ച മാതൃ​ക​യിൽനിന്ന് ചെറു​പ്പ​ക്കാർക്ക് എന്തു പഠിക്കാ​നാ​കും?

16 പരസ്‌പ​രം പറ്റിനിൽക്കാൻ നമ്മെ സഹായി​ക്കു​ന്ന​തി​നാ​യി ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളും യഹോവ നമുക്ക് നൽകി​യി​രി​ക്കു​ന്നു. എബ്രായർ 10:24, 25-ലെ പ്രോ​ത്സാ​ഹ​നം നമുക്ക് സുപരി​ചി​ത​മാണ്‌. “സ്‌നേ​ഹ​ത്തി​നും സത്‌പ്ര​വൃ​ത്തി​കൾക്കും ഉത്സാഹി​പ്പി​ക്കാൻ തക്കവിധം . . . പരസ്‌പ​രം കരുതൽ കാണി”ക്കുക എന്നതാണ്‌ ഈ യോഗ​ങ്ങ​ളു​ടെ ഒരു മുഖ്യ ലക്ഷ്യം. “നാൾ സമീപി​ക്കു​ന്നു എന്നു കാണു​ന്തോ​റും” ‘അധിക​മ​ധി​കം നമുക്ക് അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കും​വി​ധ​മാണ്‌’ അവ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ എന്നതും ശ്രദ്ധേ​യ​മാണ്‌.

17 അത്തരം ക്രമീ​ക​ര​ണ​ങ്ങ​ളെ വിലമ​തി​ക്കു​ന്ന കാര്യ​ത്തിൽ ചെറു​പ്പ​മാ​യി​രി​ക്കെ യേശു നല്ല മാതൃക വെച്ചു. 12 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം അവൻ ഒരു വലിയ ആത്മീയ കൂടി​വ​ര​വിൽ സംബന്ധി​ച്ചു. പക്ഷേ മടക്കയാ​ത്ര​യിൽ അവനെ കാണാഞ്ഞ് മാതാ​പി​താ​ക്കൾ അവനെ അന്വേ​ഷി​ച്ചു തിരി​ച്ചു​പോ​യി. മറ്റു കുട്ടി​ക​ളു​ടെ കൂടെ കറങ്ങി​ന​ട​ക്കാൻ പോയ​താ​യി​രു​ന്നി​ല്ല അവൻ. പകരം, യോ​സേ​ഫും മറിയ​യും തിരഞ്ഞ് ചെന്ന​പ്പോൾ ആലയത്തി​ലെ ഉപദേ​ഷ്ടാ​ക്ക​ന്മാ​രു​മാ​യി ആത്മീയ വിഷയ​ങ്ങ​ളു​ടെ ചർച്ചയിൽ അവൻ മുഴു​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.—ലൂക്കോ. 2:45-47.

18. നമ്മുടെ പ്രാർഥ​ന​കൾ ഐക്യം ഊട്ടി​വ​ളർത്തു​ന്നത്‌ എങ്ങനെ?

18 അന്യോ​ന്യം സ്‌നേഹം നട്ടുവ​ളർത്തു​ന്ന​തും ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്ക് കൂടി​വ​ന്നു​കൊണ്ട് ഐക്യം ഊട്ടി​വ​ളർത്തു​ന്ന​തും കൂടാതെ നമുക്ക് ഓരോ​രു​ത്തർക്കും മറ്റുള്ള​വർക്കു​വേ​ണ്ടി പ്രാർഥി​ക്കാ​നും കഴിയും. സഹോ​ദ​ര​ങ്ങ​ളു​ടെ പ്രത്യേക ആവശ്യങ്ങൾ  എടുത്തു​പ​റഞ്ഞ് അവർക്കു​വേ​ണ്ടി പ്രാർഥി​ക്കു​മ്പോൾ നാം അന്യോ​ന്യം കരുതൽ കാണി​ക്കു​ക​യാണ്‌. മുതിർന്ന ക്രിസ്‌ത്യാ​നി​കൾ മാത്രം ചെയ്യേ​ണ്ട​തോ അവർക്കു​മാ​ത്രം കഴിയു​ന്ന​തോ ആയ കാര്യ​ങ്ങ​ളല്ല ഇവ. നിങ്ങൾ ഒരു ചെറു​പ്പ​ക്കാ​ര​നോ ചെറു​പ്പ​ക്കാ​രി​യോ ആണെങ്കിൽ ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി ഒരു ഉറ്റ ബന്ധം വളർത്തി​യെ​ടു​ക്കു​ക​യെന്ന ലക്ഷ്യത്തിൽ അപ്രകാ​രം ചെയ്‌തു​നോ​ക്കി​യി​ട്ടു​ണ്ടോ? ഈ പഴയ​ലോ​കം കുഴി​ച്ചു​മൂ​ട​പ്പെ​ടു​മ്പോൾ അതോ​ടൊ​പ്പം മൺമറ​ഞ്ഞു​പോ​കു​ന്ന​തിൽനിന്ന് അത്‌ നിങ്ങളെ സംരക്ഷി​ക്കും.

നമുക്ക് ഓരോ​രു​ത്തർക്കും നമ്മുടെ ക്രിസ്‌തീ​യ സഹോ​ദ​ര​ങ്ങൾക്കു​വേ​ണ്ടി പ്രാർഥി​ക്കാ​നാ​കും (18-‍ാ‍ം ഖണ്ഡിക കാണുക)

നാം “ഒരു ശരീര​വും പരസ്‌പ​രം ആശ്രയി​ക്കു​ന്ന അവയവ​ങ്ങ​ളു​മ​ത്രേ” എന്ന് തെളി​യി​ക്കു​ക

19-21. (എ) നാം “ഒരു ശരീര​വും പരസ്‌പ​രം ആശ്രയി​ക്കു​ന്ന അവയവ​ങ്ങ​ളു​മ​ത്രേ” എന്ന് സവി​ശേ​ഷ​മാ​യ ഏതു വിധത്തിൽ നാം തെളി​യി​ക്കു​ന്നു? ഉദാഹ​ര​ണ​ങ്ങൾ പറയുക. (ബി) നമ്മുടെ ചില സഹോ​ദ​ര​ങ്ങൾ ദുരന്തങ്ങൾ ഉണ്ടായ​പ്പോൾ പ്രതി​ക​രി​ച്ച വിധത്തിൽനിന്ന് നാം എന്തു പഠിക്കു​ന്നു?

19 നാം “ഒരു ശരീര​വും പരസ്‌പ​രം ആശ്രയി​ക്കു​ന്ന അവയവ​ങ്ങ​ളു​മ​ത്രേ” എന്ന റോമർ 12:5-ലെ തത്ത്വത്തി​നു ചേർച്ച​യി​ലാണ്‌ യഹോ​വ​യു​ടെ ജനം ഇപ്പോൾത്ത​ന്നെ ജീവി​ക്കു​ന്നത്‌. ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ ഇതിന്‍റെ സത്യത നാം കാണാ​റുണ്ട്. 2011 ഡിസം​ബ​റിൽ ഫിലി​പ്പീൻസി​ലെ മിൻഡ​നാ​വോ ദ്വീപിൽ വീശി​യ​ടി​ച്ച ഒരു കൊടു​ങ്കാറ്റ്‌ ആ പ്രദേ​ശ​ത്തെ പ്രളയ​ത്തി​ലാ​ഴ്‌ത്തി. അധികം വൈകാ​തെ, 40,000-ത്തിലധി​കം വീടുകൾ വെള്ളത്തിന്‌ അടിയി​ലാ​യി. നമ്മുടെ പല സഹോ​ദ​ര​ങ്ങ​ളു​ടെ​യും വീടുകൾ അതിൽ ഉണ്ടായി​രു​ന്നു. എന്നാൽ, “ദുരി​താ​ശ്വാ​സ കമ്മിറ്റി​കൾ പ്രവർത്തി​ച്ചു തുടങ്ങു​ന്ന​തി​നു മുമ്പു​ത​ന്നെ മറ്റു സ്ഥലങ്ങളിൽനിന്ന് സഹോ​ദ​ര​ങ്ങൾ സഹായം എത്തിച്ചു തുടങ്ങി​യി​രു​ന്നു” എന്ന് ബ്രാ​ഞ്ചോ​ഫീസ്‌ റിപ്പോർട്ടു ചെയ്യുന്നു.

20 അതു​പോ​ലെ, കിഴക്കൻ ജപ്പാനിൽ ശക്തമായ ഒരു ഭൂകമ്പ​വും അതേത്തു​ടർന്ന് സുനാ​മി​യും ഉണ്ടായ​പ്പോൾ അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക് അവരുടെ വസ്‌തു​വ​ക​കൾ നഷ്ടപ്പെട്ടു. ചിലർക്ക് ധരിച്ചി​രു​ന്ന വസ്‌ത്രം മാത്ര​മാ​യി​രു​ന്നു ശേഷി​ച്ചി​രു​ന്നത്‌. രാജ്യ​ഹാ​ളിൽനിന്ന് 40 കിലോ​മീ​റ്റർ അകലെ താമസി​ച്ചി​രു​ന്ന യോഷി​ക്കോ സഹോ​ദ​രിക്ക് വീട്‌ നഷ്ടമായി. സഹോ​ദ​രി പറയുന്നു: “ഭൂകമ്പ​മു​ണ്ടാ​യ​തി​ന്‍റെ പിറ്റേ​ന്നു​ത​ന്നെ സർക്കിട്ട് മേൽവി​ചാ​ര​ക​നും മറ്റൊരു സഹോ​ദ​ര​നും​കൂ​ടെ ഞങ്ങളെ തേടി അവി​ടെ​യെ​ത്തി​യി​രു​ന്നെന്ന് പിന്നീട്‌ കേട്ട​പ്പോൾ ഞങ്ങൾ അതിശ​യി​ച്ചു​പോ​യി.” ഒരു നിറചി​രി​യോ​ടെ യോഷി​ക്കോ ഇങ്ങനെ തുടർന്നു: “സഭ മുഖാ​ന്ത​രം വളരെ സമൃദ്ധ​മാ​യി ഞങ്ങൾക്കു​വേ​ണ്ടി ആത്മീയ​മാ​യി കരുതി​യ​തിൽ ഞങ്ങൾ നന്ദിയു​ള്ള​വ​രാണ്‌. കൂടാതെ, ഞങ്ങൾക്ക് ഉടുപ്പും ചെരി​പ്പും ബാഗും പൈജാ​മ​യും ഒക്കെ ലഭിച്ചു.” ദുരി​താ​ശ്വാ​സ കമ്മിറ്റി​യി​ലെ ഒരു അംഗം ഇങ്ങനെ പറഞ്ഞു: “ജപ്പാനി​ലു​ള്ള സഹോ​ദ​ര​ങ്ങ​ളെ​ല്ലാം പരസ്‌പ​രം സഹായി​ച്ചു​കൊണ്ട് ഒറ്റക്കെ​ട്ടാ​യി നില​കൊ​ണ്ടു. അങ്ങ് അമേരി​ക്ക​യിൽനി​ന്നു​പോ​ലും സഹോ​ദ​ര​ങ്ങൾ സഹായി​ക്കാ​നെ​ത്തി. എന്തിനാണ്‌ ഇത്രദൂ​രം താണ്ടി ഇവി​ടെ​യെ​ത്തി​യത്‌ എന്ന് ഞങ്ങൾ ചോദി​ച്ച​പ്പോൾ, ‘ജപ്പാനി​ലു​ള്ളത്‌ ഞങ്ങളുടെ സ്വന്തം സഹോ​ദ​ര​ങ്ങ​ളാണ്‌. അവരെ ഞങ്ങൾ സഹായി​ക്കേ​ണ്ടേ’ എന്നായി​രു​ന്നു അവരുടെ മറുപടി.” അംഗങ്ങൾക്കാ​യി ഇത്രമാ​ത്രം കരുതുന്ന ഒരു സംഘട​ന​യു​ടെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ നിങ്ങൾക്ക് അഭിമാ​നം തോന്നു​ന്നി​ല്ലേ? അത്തരത്തി​ലു​ള്ള ഐക്യ​വും സഹകര​ണ​വും യഹോ​വ​യെ അതിയാ​യി സന്തോ​ഷി​പ്പി​ക്കു​മെ​ന്ന​തിൽ തെല്ലും സംശയ​മി​ല്ല.

21 മറ്റിട​ങ്ങ​ളി​ലു​ള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി ബന്ധം വിച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന സാഹച​ര്യ​ങ്ങൾ ഇന്നല്ലെ​ങ്കിൽ നാളെ നമ്മിൽ പലർക്കും നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം. ഐക്യ​വും സഹകര​ണ​വും പരസ്‌പ​രാ​ശ്ര​യ​വും ഇന്നേ ശീലി​ക്കു​ന്നെ​ങ്കിൽ അത്തരം പ്രതി​സ​ന്ധി​ക​ളെ നേരി​ടു​മ്പോൾ പ്രാ​ദേ​ശി​ക സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഒറ്റക്കെ​ട്ടാ​യി നില​കൊ​ള്ളാൻ നമുക്കു സാധി​ക്കും. ഈ പഴയവ്യ​വ​സ്ഥി​തിക്ക് തിരശ്ശീ​ല​വീ​ഴ​വേ കടന്നു​വ​രാ​നി​രി​ക്കു​ന്ന കഷ്ടപ്പാ​ടു​ക​ളും ദുരി​ത​ങ്ങ​ളും നേരി​ടാ​നു​ള്ള നല്ലൊരു പരിശീ​ല​ന​വു​മാണ്‌ അത്‌. ജപ്പാനിൽ ആഞ്ഞുവീ​ശി​യ ഒരു ചുഴലി​ക്കാ​റ്റി​നു ശേഷം ഫൂമി​ക്കോ സഹോ​ദ​രി ഇങ്ങനെ പറഞ്ഞു: “വ്യവസ്ഥി​തി​യു​ടെ അന്ത്യം വളരെ അടുത്താണ്‌. വിപത്തു​ക​ളും ദുരന്ത​ങ്ങ​ളും ഇല്ലാത്ത ഒരു കാലത്തി​നാ​യാ​ണ​ല്ലോ നമ്മൾ കാത്തി​രി​ക്കു​ന്നത്‌. എന്നാൽ അതുവരെ സഹവി​ശ്വാ​സി​കൾക്ക് നാം കൈത്താ​ങ്ങാ​കേ​ണ്ട​തുണ്ട്.”

22. ക്രിസ്‌തീ​യ ഐക്യം ഊട്ടി​വ​ളർത്തു​ന്നത്‌ എന്ത് ദീർഘ​കാ​ല പ്രയോ​ജ​ന​ത്തിൽ കലാശി​ക്കും?

22 ഇന്ന് ഐകമ​ത്യ​ത്തി​നാ​യി പരി​ശ്ര​മി​ക്കു​ന്ന ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും, അനൈ​ക്യം കൊടി​കു​ത്തി​വാ​ഴു​ന്ന ഈ ദുഷ്ട​ലോ​ക​ത്തി​ന്‍റെ അന്ത്യത്തെ അതിജീ​വി​ക്കാ​നാ​യി പരിശീ​ലി​ക്കു​ക​യാണ്‌. മുൻകാ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ നമ്മുടെ ദൈവം തന്‍റെ ജനത്തെ വിടു​വി​ക്കും. (യെശ. 52:9, 10) ദൈവ​ത്തി​ന്‍റെ ഏകീകൃ​ത​ജ​ന​ത്തോട്‌ ഏകമന​സ്സോ​ടെ പറ്റിനിൽക്കു​ന്നെ​ങ്കിൽ അതിജീ​വ​ക​രു​ടെ അണിക​ളിൽ നിങ്ങളും ഇടം നേടും. നാം ഇന്ന് ആസ്വദി​ക്കു​ന്ന കാര്യ​ങ്ങ​ളോ​ടു​ള്ള വർധിച്ച വിലമ​തി​പ്പാണ്‌ അതിജീ​വ​ന​ത്തിന്‌ നമ്മെ സഹായി​ക്കു​ന്ന മറ്റൊരു സംഗതി. അടുത്ത​ലേ​ഖ​ന​ത്തിൽ നാം അതി​നെ​ക്കു​റിച്ച് പഠിക്കും.