വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 സെപ്റ്റംബര്‍ 

സത്യം കണ്ടെത്തി​യെന്ന് നിങ്ങൾക്ക് ബോധ്യ​മു​ണ്ടോ? എന്തു​കൊണ്ട്?

സത്യം കണ്ടെത്തി​യെന്ന് നിങ്ങൾക്ക് ബോധ്യ​മു​ണ്ടോ? എന്തു​കൊണ്ട്?

‘നല്ലതും സ്വീകാ​ര്യ​വും​ പരിപൂർണ​വു​മാ​യ ദൈവ​ഹി​തം എന്തെന്നു തിരി​ച്ച​റി​യു​ക.’—റോമ. 12:2.

1. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പുരോ​ഹി​ത​ന്മാർ യുദ്ധകാ​ലത്ത്‌ എന്തു ചെയ്‌തി​രി​ക്കു​ന്നു?

യഥാർഥ​ക്രി​സ്‌ത്യാ​നി​കൾ യുദ്ധത്തി​നു പോയി അന്യ​ദേ​ശ​ക്കാ​രെ കൊല്ല​ണ​മെ​ന്നു​ള്ളത്‌ ദൈവ​ഹി​ത​മാ​ണോ? കഴിഞ്ഞ 100 വർഷത്തെ ചരിത്രം നോക്കി​യാൽ, ക്രിസ്‌ത്യാ​നി​കൾ എന്നു സ്വയം വിശേ​ഷി​പ്പി​ക്കു​ന്ന അനേകർ ചെയ്‌തി​ട്ടു​ള്ളത്‌ അതാണ്‌. ശത്രു​രാ​ജ്യ​ത്തെ കത്തോ​ലി​ക്ക​രെ കൊ​ന്നൊ​ടു​ക്കാൻ കത്തോ​ലി​ക്ക​രു​ടെ​ത​ന്നെ പ്രത്യേക സൈനി​ക​വൈ​ദി​ക​ന്മാർ പടക്കോ​പ്പു​കൾ വെഞ്ചരിച്ച് പടയണി​ക​ളെ പോർമു​ഖ​ത്തേക്ക് പ്രാർഥിച്ച് പറഞ്ഞയ​ച്ചി​ട്ടുണ്ട്. പ്രൊ​ട്ട​സ്റ്റ​ന്‍റു​കാ​രു​ടെ പട്ടക്കാ​രും​ ഇക്കാര്യ​ത്തിൽ ഒട്ടും പിന്നി​ലാ​യി​രു​ന്നി​ല്ല. അതിന്‍റെ ഏറ്റവും വലിയ ദൃഷ്ടാ​ന്ത​മാണ്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​വും​ അത്‌ ഒഴുക്കിയ ചോര​പ്പു​ഴ​യും​.

2, 3. രണ്ടാം ലോക​യു​ദ്ധ​കാ​ല​ത്തും​ അതിനു​ശേ​ഷ​വും​ യഹോ​വ​യു​ടെ സാക്ഷികൾ എന്ത് നിലപാട്‌ സ്വീക​രി​ച്ചു, എന്തു​കൊണ്ട്?

2 ആ യുദ്ധകാ​ലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്താണ്‌ ചെയ്‌തത്‌? ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ അവർ തികച്ചും നിഷ്‌പ​ക്ഷ​രാ​യി നില​കൊ​ണ്ടു എന്നാണ്‌ ചരി​ത്ര​രേഖ വ്യക്തമാ​ക്കു​ന്നത്‌. അവരുടെ ആ നിലപാ​ടി​ന്‍റെ അടിസ്ഥാ​നം എന്തായി​രു​ന്നു? മുഖ്യ​മാ​യും​, യേശു​വി​ന്‍റെ മാതൃ​ക​യും​ പഠിപ്പി​ക്ക​ലു​ക​ളും​ ആയിരു​ന്നു അവരെ നയിച്ചത്‌. അവൻ പറഞ്ഞു: “നിങ്ങൾക്കു പരസ്‌പ​രം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യ​ന്മാ​രാ​കു​ന്നു​വെന്ന് എല്ലാവ​രും​ അറിയും.” (യോഹ. 13:35) കൂടാതെ, പൗലോസ്‌ അപ്പൊ​സ്‌ത​ലൻ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾക്ക് എഴുതി​യ​പ്പോൾ വ്യക്തമാ​ക്കി​യ ആശയത്തി​ന്‍റെ അന്തഃസത്ത അവർ സഗൗരവം ഉൾക്കൊ​ള്ളു​ക​യും​ ചെയ്‌തു.—2 കൊരിന്ത്യർ 10:3, 4 വായിക്കുക.

3 തന്നിമി​ത്തം, ബൈബിൾത​ത്ത്വ​ങ്ങൾ ഉപയോ​ഗി​ച്ചു തങ്ങളുടെ  മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ച്ചി​രി​ക്കുന്ന സത്യ​ക്രി​സ്‌ത്യാ​നി​കൾ യുദ്ധം അഭ്യസി​ക്കു​ക​യോ യുദ്ധത്തിൽ പങ്കെടു​ക്കു​ക​യോ ചെയ്യില്ല. പ്രായ​ലിം​ഗ​ഭേ​ദ​മെ​ന്യേ, ആയിര​ക്ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ഈ ക്രിസ്‌തീ​യ​നി​ല​പാട്‌ നിമിത്തം പീഡന​ത്തിന്‌ ഇരകളാ​യി​ട്ടുണ്ട്. അവരിൽ അനേകർ നിർബ​ന്ധി​ത തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലും തടവറ​ക​ളി​ലും​ യാതന സഹിച്ചി​ട്ടുണ്ട്. ജർമനി​യിൽ നാസി​ക​ളു​ടെ നിഷ്‌ഠു​ര​വാ​ഴ്‌ച​യിൽ, അവരിൽ ചിലർ നിഷ്‌ക​രു​ണം കൊല​ചെ​യ്യ​പ്പെ​ട്ടു. യൂറോ​പ്പിൽ നേരി​ടേ​ണ്ടി​വന്ന ക്രൂര​പീ​ഡ​ന​ങ്ങൾക്കു മധ്യേ​യും​ ദൈവ​രാ​ജ്യ​സു​വാർത്ത പ്രസം​ഗി​ക്കാ​നു​ള്ള തങ്ങളുടെ നിയോ​ഗം സാക്ഷികൾ ഒരിക്ക​ലും​ മറന്നു​ക​ള​ഞ്ഞി​ല്ല. തടവറ​ക​ളി​ലും​ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലും​ പ്രവാ​സ​ത്തിൽ കഴി​യേ​ണ്ടി​വന്ന നാടു​ക​ളി​ലും​ ഒക്കെ അവർ സവിശ്വ​സ്‌തം സുവാർത്ത പ്രസം​ഗി​ച്ചു. * പിന്നീട്‌ 1994-ൽ റുവാ​ണ്ട​യിൽ നടമാ​ടി​യ യുദ്ധസ​മാ​ന വംശീ​യ​കൂ​ട്ട​ക്കൊ​ല​യിൽ സാക്ഷികൾ പങ്കെടു​ത്തി​ല്ല. കുറെ​ക്കൂ​ടെ അടുത്ത​കാ​ലത്ത്‌, മുൻ യുഗോ​സ്ലാ​വി​യ​യു​ടെ വിഭജ​ന​കാ​ലത്ത്‌ ബാൾക്കൻ നാടു​ക​ളിൽ രക്തപ്പുഴ ഒഴുകി​യ​പ്പോ​ഴും​ അവർ നിഷ്‌പ​ക്ഷ​രാ​യി നില​കൊ​ണ്ടു.

4. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പ​ക്ഷത അവരെ നിരീ​ക്ഷി​ക്കു​ന്ന​വ​രിൽ എന്തു മതിപ്പു​ള​വാ​ക്കി​യി​രി​ക്കു​ന്നു?

4 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിട്ടു​വീ​ഴ്‌ച​യി​ല്ലാ​ത്ത നിഷ്‌പ​ക്ഷ​നി​ല​പാട്‌ ലോക​മെ​മ്പാ​ടു​മു​ള്ള അനേകം ആളുക​ളും​ നിരീ​ക്ഷി​ക്കു​ന്നു. സാക്ഷി​കൾക്കു ദൈവ​ത്തോ​ടും​ അയൽക്കാ​രോ​ടും​ യഥാർഥ​സ്‌നേ​ഹ​മു​ണ്ടെന്ന് അവർക്കു ബോധ്യം​വ​ന്നി​രി​ക്കു​ന്നു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, സാക്ഷി​കൾക്ക് സത്യ​ക്രി​സ്‌ത്യാ​നി​ത്വം അവരുടെ ജീവി​ത​മാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളെ നിരീ​ക്ഷി​ക്കു​മ്പോൾ അവരാണ്‌ സത്യ​ക്രി​സ്‌ത്യാ​നി​ക​ളെന്ന് അനേകരെ ബോധ്യ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മറ്റു ചില സവി​ശേ​ഷ​ത​ക​ളും​ നമ്മുടെ ആരാധ​ന​യി​ലുണ്ട്.

ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ വിദ്യാ​ഭ്യാ​സ​വേല

5. ക്രിസ്‌തു​വി​ന്‍റെ ആദ്യകാല അനുഗാ​മി​കൾ ഏതു ഗതിമാ​റ്റ​ത്തി​ലൂ​ടെ കടന്നു​പോ​യി?

5 ദൈവ​രാ​ജ്യ​സു​വാർത്ത ഘോഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം​ യേശു തന്‍റെ ശുശ്രൂ​ഷ​യു​ടെ പ്രാരം​ഭം മുതൽത്ത​ന്നെ വ്യക്തമാ​ക്കു​ക​യു​ണ്ടാ​യി. ആഗോള സുവി​ശേ​ഷ​വേ​ല​യ്‌ക്ക് അടിത്ത​റ​പാ​കു​ന്ന​തിൽ പങ്കുപ​റ്റാൻ അവൻ 12 ശിഷ്യ​ന്മാ​രെ തിര​ഞ്ഞെ​ടു​ത്തു. തുടർന്ന്, 70 ശിഷ്യ​ന്മാ​രു​ടെ ഒരു ഗണത്തെ​യും​ അവൻ പരിശീ​ലി​പ്പി​ച്ചു. (ലൂക്കോ. 6:13; 10:1) സുവാർത്ത മറ്റുള്ള​വ​രി​ലേക്ക് എത്തിക്കാൻ അവൻ അവരെ ഒരുക്കി. ആദ്യം അവർ യഹൂദ​ന്മാ​രെ സഹായി​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ ഒട്ടും പ്രതീ​ക്ഷി​ക്കാ​ത്ത ഒന്ന് അവരെ കാത്തി​രു​ന്നു! യേശു​വി​ന്‍റെ ശിഷ്യ​ന്മാർ പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത വിജാ​തീ​യ​രു​ടെ അടുക്ക​ലേക്ക് സുവാർത്ത​യു​മാ​യി കടന്നു​ചെ​ല്ല​ണ​മാ​യി​രു​ന്നു. തീക്ഷ്ണ​മ​തി​ക​ളാ​യ ആ യഹൂദ​ശി​ഷ്യ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര വിപ്ലവാ​ത്മ​ക​മാ​യ ഒരു മാറ്റത്തിന്‌ അത്‌ വഴി​തെ​ളി​ക്കു​മാ​യി​രു​ന്നു!—പ്രവൃ. 1:8.

6. യഹോ​വ​യു​ടെ പക്ഷപാ​ത​മി​ല്ലാ​യ്‌മ പത്രോസ്‌ തിരി​ച്ച​റി​ഞ്ഞത്‌ എങ്ങനെ?

6 പരി​ച്ഛേ​ദി​ത​ന​ല്ലാ​ഞ്ഞ, വിജാ​തീ​യ​നാ​യി​രു​ന്ന കൊർന്നേ​ല്യൊ​സി​ന്‍റെ ഭവനത്തി​ലേക്ക് ദൈവം പത്രോസ്‌ അപ്പൊ​സ്‌ത​ല​നെ അയച്ചു. ദൈവം പക്ഷപാ​ത​മി​ല്ലാ​ത്ത​വ​നാ​ണെന്ന് അപ്പോൾ അവൻ തിരി​ച്ച​റി​ഞ്ഞു. അങ്ങനെ, കൊർന്നേ​ല്യൊ​സി​നെ​യും അവന്‍റെ ഭവനക്കാ​രെ​യും​ സ്‌നാ​ന​പ്പെ​ടു​ത്താൻ അവൻ കൽപിച്ചു. ക്രിസ്‌ത്യാ​നി​ത്വം​ വിശാ​ല​മാ​യ ഒരു പുതിയ വയലി​ലേക്ക് വ്യാപി​ക്കു​ക​യാ​യി​രു​ന്നു; സകലജ​ന​ത​ക​ളി​ലും​പെട്ട ആളുകൾക്ക് സത്യം കേൾക്കാ​നും​ സ്വീക​രി​ക്കാ​നും​ തന്മൂലം വഴി​തെ​ളി​ഞ്ഞു. (പ്രവൃ. 10:9-48) അതെ, ഒരു ആഗോ​ള​വ​യൽ അവിടെ ആവിർഭ​വി​ച്ചു!

7, 8. യഹോ​വ​യു​ടെ സംഘടന ഏതു കാര്യ​ത്തിൽ മുൻ​കൈ​യെ​ടു​ത്തി​രി​ക്കു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

7 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനി​ക​കാ​ല ചരി​ത്ര​ത്തി​ലു​ട​നീ​ളം, ലോക​വ്യാ​പ​ക​മാ​യി സുവാർത്ത പ്രസം​ഗി​ക്കു​ക​യും​ പഠിപ്പി​ക്കു​ക​യും​ ചെയ്യുന്ന വേലയെ അവർക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ ഉത്സാഹ​പൂർവം ഉന്നമി​പ്പി​ച്ചി​ട്ടുണ്ട്. ഇന്ന് 80 ലക്ഷത്തോ​ളം വരുന്ന സതീക്ഷ്ണ​സാ​ക്ഷി​കൾ 600-ലധികം ഭാഷക​ളിൽ ക്രിസ്‌തു​വി​ന്‍റെ സന്ദേശം പ്രചരി​പ്പി​ക്കാ​നാ​യി ജീവിതം ഉഴിഞ്ഞു​വെ​ച്ചി​ട്ടു​ള്ള​വ​രാണ്‌. ഇനിയും അധിക​മ​ധി​കം ഭാഷാ​ക്കൂ​ട്ട​ങ്ങ​ളി​ലേക്ക് കടന്നു​ചെ​ല്ലാ​നു​ള്ള തീവ്ര​യ​ത്‌ന​ത്തി​ലാണ്‌ അവർ! യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വീടു​വീ​ടാ​ന്ത​ര​മു​ള്ള പ്രവർത്ത​ന​വും​, പലയി​ട​ങ്ങ​ളി​ലും​ പ്രദർശ​ന​പീ​ഠ​ങ്ങ​ളും​ സാഹി​ത്യ​മേ​ന്തി​യ കൈവ​ണ്ടി​ക​ളും​ ഉപയോ​ഗി​ച്ചു​ള്ള തെരു​വു​സാ​ക്ഷീ​ക​ര​ണ​വും നിമിത്തം ഇന്ന് ലോക​മെ​ങ്ങും​ അവരെ എളുപ്പ​ത്തിൽ തിരി​ച്ച​റി​യാ​നാ​കും​.

8 ബൈബി​ളും​ ബൈബിൾസാ​ഹി​ത്യ​ങ്ങ​ളും വിവർത്ത​നം ചെയ്യു​ന്ന​തിന്‌ 2,900-ത്തിലധി​കം പരിഭാ​ഷ​കർക്ക് വിദഗ്‌ധ​പ​രി​ശീ​ല​നം ലഭിച്ചി​ട്ടുണ്ട്. പ്രമു​ഖ​ഭാ​ഷ​ക​ളാ​യി പൊതു​വേ കരുത​പ്പെ​ടു​ന്ന​വ​യിൽ മാത്രമല്ല അവർ തർജമ നിർവ​ഹി​ക്കു​ന്നത്‌. പരക്കെ അറിയ​പ്പെ​ടാ​ത്ത​തെ​ങ്കി​ലും ദശലക്ഷങ്ങൾ സംസാ​രി​ക്കു​ന്ന നൂറു​ക​ണ​ക്കിന്‌ ഭാഷക​ളി​ലേ​ക്കും​ അവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ മൊഴി​മാ​റ്റം ചെയ്യു​ന്നുണ്ട്. ദൃഷ്ടാ​ന്ത​ത്തിന്‌, സ്‌പെ​യി​നിൽ ദശലക്ഷ​ക്ക​ണ​ക്കിന്‌  കാറ്റ​ലോ​ണി​യർ അനുദി​നം സംസാ​രി​ക്കു​ന്നത്‌ കാറ്റലൻ എന്ന തദ്ദേശ​ഭാ​ഷ​യാണ്‌. എന്നാൽ അടുത്തി​ടെ​യാ​യി അൻഡോറ, അലികാ​ന്‍റി, ബലേറിക്‌ ദ്വീപു​കൾ, വലെൻസി​യ എന്നിവി​ട​ങ്ങ​ളിൽ കാറ്റല​നും​ അതിന്‍റെ പ്രാ​ദേ​ശി​ക​ഭേ​ദ​ങ്ങൾക്കും ഒരു പുത്തൻ ഉണർവു​ണ്ടാ​യി. ഇന്ന് യഹോ​വ​യു​ടെ സാക്ഷികൾ കാറ്റലൻ ഭാഷയിൽ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കു​ന്നുണ്ട്. അതു​പോ​ലെ, ആ ഭാഷയിൽ ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾ നടത്തി​ക്കൊണ്ട് കാറ്റലൻ മാതൃ​ഭാ​ഷ​യാ​യു​ള്ള ഒരു ജനതയു​ടെ മനസ്സു​തൊ​ടാ​നും​ അവർക്കാ​യി​രി​ക്കു​ന്നു.

9, 10. സകല മനുഷ്യ​രു​ടെ​യും​ ആത്മീയാ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച് ദൈവ​ത്തി​ന്‍റെ സംഘട​ന​യ്‌ക്കു താത്‌പ​ര്യ​മു​ണ്ടെന്ന് എന്തു തെളി​യി​ക്കു​ന്നു?

9 ഈ വിധമുള്ള പരിഭാ​ഷ​യും​ പഠിപ്പി​ക്ക​ലും​ ലോക​ത്തി​ലെ മറ്റു നിരവധി സംസ്‌കാ​ര​ങ്ങ​ളിൽ സാക്ഷികൾ മുന്നോട്ട് കൊണ്ടു​പൊ​യ്‌ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. സ്‌പാ​നിഷ്‌ സംസാ​രി​ക്കു​ന്ന ഒരു രാജ്യ​മാണ്‌ മെക്‌സി​ക്കോ. എങ്കിലും ഇതര ഭാഷകൾ സംസാ​രി​ക്കു​ന്ന അത്ര ചെറു​ത​ല്ലാ​ത്ത മറ്റു തദ്ദേശ​ജ​ന​സ​മൂ​ഹ​ങ്ങ​ളും​ അവി​ടെ​യുണ്ട്. അത്തരം ഒരു കൂട്ടമാണ്‌ മായാ. മെക്‌സി​ക്കോ​യി​ലെ ബ്രാ​ഞ്ചോ​ഫീസ്‌, മായാ പരിഭാ​ഷാ​സം​ഘ​ത്തെ ആ ഭാഷ അനുദി​നം സംസാ​രി​ക്കു​ക​യും​ കേൾക്കു​ക​യും​ ചെയ്യാ​നാ​കു​ന്ന ഒരു പ്രദേ​ശ​ത്തേക്ക് മാറ്റി​പ്പാർപ്പി​ച്ചു. നേപ്പാ​ളി​ലെ മുഖ്യ​ഭാ​ഷ​യാ​യ നേപ്പാ​ളി​യാണ്‌ മറ്റൊരു ഉദാഹ​ര​ണം. മൂന്ന് കോടി​യോ​ള​മാണ്‌ നേപ്പാ​ളി​ലെ ജനസംഖ്യ. ആ രാജ്യത്ത്‌ 120-ഓളം സംസാ​ര​ഭാ​ഷ​ക​ളു​ണ്ടെ​ങ്കി​ലും ഒരു കോടി​യി​ല​ധി​കം ആളുകൾ സംസാ​രി​ക്കു​ന്നത്‌ നേപ്പാ​ളി​യാണ്‌. മറ്റനേ​ക​രു​ടെ​യും​ രണ്ടാം​ഭാ​ഷ​യു​മാണ്‌ നേപ്പാളി. ആ ഭാഷയി​ലും​ നമ്മുടെ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാണ്‌.

10 മുഴു​ഭൂ​മി​യി​ലും​ രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കാ​നു​ള്ള നിയമ​ന​ത്തെ യഹോ​വ​യു​ടെ സംഘടന അതീവ​ഗൗ​ര​വ​ത്തോ​ടെ എടുത്തി​രി​ക്കു​ന്നു. അതിന്‍റെ തെളി​വാണ്‌ ലോക​മെ​ങ്ങു​മാ​യി വിന്യ​സി​ച്ചി​രി​ക്കു​ന്ന നിരവ​ധി​യാ​യ പരിഭാ​ഷാ​സം​ഘ​ങ്ങൾക്കു ലഭിച്ചു​വ​രു​ന്ന അവിരാ​മ​പി​ന്തു​ണ. ലോക​വ്യാ​പ​ക​മാ​യി സംഘടി​പ്പി​ക്ക​പ്പെ​ടു​ന്ന പ്രചാ​ര​ണ​പ​രി​പാ​ടി​ക​ളി​ലൂ​ടെ ലഘു​ലേ​ഖ​കൾ, ലഘുപ​ത്രി​ക​കൾ, മാസി​ക​കൾ എന്നിവ​യു​ടെ കോടി​ക്ക​ണ​ക്കിന്‌ പ്രതി​ക​ളാണ്‌ വില ഈടാ​ക്കാ​തെ പൊതു​ജ​ന​ങ്ങൾക്ക് വിതരണം ചെയ്‌തി​ട്ടു​ള്ളത്‌. “സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു; സൗജന്യ​മാ​യി​ത്ത​ന്നെ കൊടു​ക്കു​വിൻ” എന്ന യേശു​വി​ന്‍റെ വാക്കുകൾ ഹൃദയ​ത്തി​ലേ​റ്റു​ന്ന യഹോ​വ​യു​ടെ സാക്ഷികൾ സ്വമന​സ്സാ​ലെ നൽകുന്ന സംഭാ​വ​ന​കൾ ഉപയോ​ഗി​ച്ചാണ്‌ ചെല​വേ​റി​യ ഈ വേല മുന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്നത്‌.—മത്താ. 10:8.

ലോ ജർമൻ ഭാഷയിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ തയ്യാറാ​ക്കു​ന്ന പരിഭാ​ഷാ​സം​ഘം (10-‍ാ‍ം ഖണ്ഡിക കാണുക)

ലോ ജർമൻ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പരാ​ഗ്വേ​യി​ലു​ള്ള​വ​രെ സഹായി​ക്കു​ന്നു (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കൂടെ കാണുക)

11, 12. യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യുന്ന ആഗോ​ള​പ്ര​സം​ഗ​വേല മറ്റുള്ള​വ​രെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

11 തങ്ങൾ സത്യം കണ്ടെത്തി​യി​രി​ക്കു​ന്നു എന്ന് യഹോ​വ​യു​ടെ സാക്ഷി​കൾക്ക് ഉറച്ച ബോധ്യ​മു​ള്ള​തി​നാൽ, അർപ്പി​ത​രാ​യ ക്രിസ്‌തീ​യ സുവി​ശേ​ഷ​ക​രും​ അധ്യാ​പ​ക​രും​ എന്ന നിലയിൽ മറ്റു ദേശക്കാ​രോ​ടും​ വംശജ​രോ​ടും​ ആ സത്യം പങ്കു​വെ​ക്കാൻ ജീവി​ത​ത്തിൽ വലിയ ത്യാഗ​ങ്ങൾക്ക് അവർ സന്നദ്ധരാ​യി​രി​ക്കു​ന്നു. ജീവത്‌പ്ര​ധാ​ന​മാ​യ ഈ ക്രിസ്‌തീ​യ​വേ​ല​യിൽ പങ്കുപ​റ്റു​ന്ന​തി​നാ​യി അവരിൽ അനേകർ തങ്ങളുടെ ജീവിതം ലളിത​മാ​ക്കു​ക​യും​ മറ്റൊരു ഭാഷ പഠിക്കു​ക​യും​ മറ്റൊരു സംസ്‌കാ​ര​വു​മാ​യി ചേർന്നി​ണ​ങ്ങു​ക​യും​ ചെയ്‌തി​ട്ടുണ്ട്. യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ ക്രിസ്‌തു​യേ​ശു​വി​ന്‍റെ യഥാർഥ അനുഗാ​മി​ക​ളെന്ന് അനേകരെ ബോധ്യ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന  മറ്റൊരു ഘടകം ഈ അന്തർദേ​ശീ​യ പ്രസംഗ-പഠിപ്പി​ക്കൽ വേലയാണ്‌.

12 സത്യം കണ്ടെത്തി​യി​രി​ക്കു​ന്നു എന്ന് തികഞ്ഞ ബോധ്യ​മു​ള്ള​തി​നാ​ലാണ്‌ സാക്ഷികൾ ഇതെല്ലാം ചെയ്യു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പക്കൽ സത്യമു​ണ്ടെന്ന് ദശലക്ഷ​ങ്ങ​ളെ ബോധ്യ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മറ്റെ​ന്തെ​ങ്കി​ലു​മു​ണ്ടോ?—റോമർ 14:17, 18 വായിക്കുക.

അവർ വിശ്വ​സി​ക്കു​ന്ന​തി​ന്‍റെ കാരണം

13. സാക്ഷികൾ സംഘട​ന​യെ ശുദ്ധമാ​യി കാത്തു​സൂ​ക്ഷി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

13 സത്യം കണ്ടെത്തി​യി​രി​ക്കു​ന്നു എന്ന് ഉത്തമ​ബോ​ധ്യം​ വന്നിട്ടുള്ള നമ്മുടെ നാളിലെ അർപ്പി​ത​രാ​യ ക്രിസ്‌ത്യാ​നി​ക​ളു​ടെ അനുഭ​വ​സാ​ക്ഷ്യ​ങ്ങ​ളിൽനിന്ന് നമുക്ക് പ്രയോ​ജ​നം നേടാ​നാ​കും​. ദീർഘ​കാ​ല​മാ​യി യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​യി​രു​ന്നി​ട്ടുള്ള ഒരു വ്യക്തി തന്‍റെ വികാ​ര​ങ്ങൾ ഇങ്ങനെ പങ്കു​വെ​ച്ചു: “ബുദ്ധി​യു​പ​ദേ​ശ​മോ ശിക്ഷണ​മോ ആവശ്യ​മാ​യി​ട്ടു​ള്ളത്‌ ആർക്കാ​യി​രു​ന്നാ​ലും​ ശരി, അതു നൽകി​ക്കൊണ്ട് യഹോ​വ​യു​ടെ സംഘട​ന​യെ ധാർമി​ക​മാ​യി ശുദ്ധവും കറയറ്റ​തും​ ആയി കാത്തു​സൂ​ക്ഷി​ക്കാൻ എല്ലാ ശ്രമങ്ങ​ളും​ ചെയ്യു​ന്നുണ്ട്.” ധാർമി​ക​മാ​യി ഈ ഉന്നതനി​ല​വാ​ര​ത്തിൽ എത്തി​ച്ചേ​രാൻ എങ്ങനെ​യാണ്‌ സാധി​ക്കു​ന്നത്‌? ദൈവ​വ​ച​ന​ത്തിൽ നിഷ്‌കർഷി​ച്ചി​ട്ടു​ള്ള നിലവാ​ര​വും​ യേശു​വും​ ശിഷ്യ​ന്മാ​രും​ വെച്ചി​ട്ടു​പോ​യ മാതൃ​ക​യും​ പിൻപ​റ്റു​ന്ന​തു മുഖാ​ന്ത​ര​മാണ്‌ അത്‌ സാധ്യ​മാ​കു​ന്നത്‌. തന്നിമി​ത്തം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനി​ക​കാ​ല​ച​രി​ത്രം പരി​ശോ​ധി​ച്ചാൽ, ദൈവി​ക​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാ​ത്ത​തി​ന്‍റെ പേരിൽ താരത​മ്യേ​ന ചുരുക്കം ചിലരെ മാത്രമേ ക്രിസ്‌തീ​യ​സ​ഭ​യിൽനിന്ന് പുറത്താ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ള്ളൂ. ദൈവാം​ഗീ​കാ​ര​മി​ല്ലാത്ത ജീവിതം നയിച്ചി​രു​ന്ന​വ​രെ​ങ്കി​ലും മനഃപ​രി​വർത്ത​നം വരുത്തി​യ​വർ ഉൾപ്പെടെ, ബഹുഭൂ​രി​പ​ക്ഷ​വും​ ശുദ്ധവും മാതൃ​കാ​യോ​ഗ്യ​വും​ ആയ ഒരു ജീവി​ത​രീ​തി നിലനി​റു​ത്തു​ന്നു.—1 കൊരിന്ത്യർ 6:9-11 വായിക്കുക.

14. പുറത്താ​ക്ക​പ്പെട്ട അനേകർ എന്തു ചെയ്‌തി​രി​ക്കു​ന്നു, എന്തു ഫലത്തോ​ടെ?

14 തിരു​വെ​ഴു​ത്തു മാർഗ​നിർദേ​ശ​ത്തി​നു ചേർച്ച​യിൽ, സഭയിൽനിന്ന് പുറത്താ​ക്ക​പ്പെ​ട്ട​വ​രു​ടെ കാര്യ​മോ? തങ്ങളുടെ ക്രിസ്‌തീ​യ​മ​ല്ലാ​ത്ത പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച് അനുത​പിച്ച് ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ സഭയി​ലേക്ക് തിരി​ച്ചു​വ​ന്നി​ട്ടുണ്ട്. (2 കൊരിന്ത്യർ 2:6-8 വായിക്കുക.) ബൈബി​ളി​ന്‍റെ ഉന്നതമായ പെരു​മാ​റ്റ​ച്ച​ട്ടം ഉയർത്തി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ ഫലമായി, വിശ്വാ​സ​വും​ ആശ്രയ​വും​ അർപ്പി​ക്കാ​നാ​കു​ന്ന ശുദ്ധമായ ഒരു ക്രിസ്‌തീ​യ​സഭ ഇന്ന് ഭൂമി​യിൽ നിലവി​ലി​രി​ക്കു​ന്നു. ‘എന്തുമാ​കാം​’ എന്ന ഒരു അനുവാ​ദാ​ത്മക സമീപനം ഇന്ന് ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പല പള്ളിക​ളും​ വെച്ചു​പൊ​റു​പ്പി​ക്കു​ന്നു. എന്നാൽ ഇതിനു കടകവി​രു​ദ്ധ​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ ദൈവി​ക​നി​ല​വാ​ര​ങ്ങ​ളോട്‌ പറ്റിനിൽക്കു​ന്നത്‌, അവർ സത്യത്തിന്‌ ചേർച്ച​യിൽ ജീവി​ക്കു​ന്ന ആളുക​ളാ​ണെന്ന് അനേകരെ ബോധ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

15. താൻ കണ്ടെത്തി​യി​രി​ക്കു​ന്ന​തു​ത​ന്നെ​യാണ്‌ സത്യം എന്ന് ഒരു സഹോ​ദ​രന്‌ ബോധ്യം​വ​ന്നത്‌ എങ്ങനെ?

15 അനുഭ​വ​പ​രി​ച​യ​മു​ള്ള മറ്റു സാക്ഷികൾ തങ്ങൾ സത്യം കണ്ടെത്തി​യി​രി​ക്കു​ന്നു എന്ന് വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? 50 വയസ്സു കഴിഞ്ഞ ഒരു സഹോ​ദ​രൻ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “പിൻവ​രു​ന്ന മൂന്ന് അടിസ്ഥാ​ന​സ​ത്യ​ങ്ങ​ളിൽ ആണ്‌ എന്‍റെ വിശ്വാ​സം നില​കൊ​ള്ളു​ന്ന​തെന്ന് കൗമാ​ര​പ്രാ​യം​മു​തൽത്തന്നെ ഞാൻ വിശ്വ​സി​ച്ചു​പോ​ന്നി​രു​ന്നു: (1) ദൈവം സ്ഥിതി​ചെ​യ്യു​ന്നുണ്ട്; (2) അവൻ ബൈബിൾ നിശ്ശ്വ​സ്‌ത​മാ​ക്കി; (3) ഇന്ന് യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീ​യ​സ​ഭ​യെ അവൻ ഉപയോ​ഗി​ക്കു​ക​യും​ അനു​ഗ്ര​ഹി​ക്കു​ക​യും​ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. വർഷങ്ങ​ളിൽ ഉടനീളം പഠന​വേ​ള​ക​ളിൽ ആ മൂന്ന് കാര്യ​ങ്ങ​ളെ ഞാൻ പരി​ശോ​ധി​ക്കു​ക​യും​ അവ വാസ്‌ത​വ​ത്തിൽ ഉറച്ച അടിസ്ഥാ​ന​ത്തി​ന്മേ​ലാ​ണോ എന്ന് സ്വയം ചോദി​ക്കു​ക​യും​ ചെയ്യു​മാ​യി​രു​ന്നു. വർഷങ്ങൾ കടന്നു​പോ​ക​വെ, അവയിൽ ഓരോ​ന്നി​നു​മു​ള്ള തെളി​വു​കൾ ഗണ്യമാ​യി വർധി​ച്ചു​വ​ന്നി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി നമുക്കു​ള്ളത്‌ സംശയ​ലേ​ശ​മെ​ന്യേ സത്യം​ത​ന്നെ​യാണ്‌  എന്ന എന്‍റെ വിശ്വാ​സം പൂർവാ​ധി​കം ഈടു​റ്റ​തും​ എന്‍റെ ബോധ്യം ആഴമു​ള്ള​തും​ ആയിത്തീർന്നി​രി​ക്കു​ന്നു.”

16. താൻ സത്യം കണ്ടെത്തി​യെന്ന് ഒരു സഹോ​ദ​രിക്ക് ബോധ്യം​വ​ന്നത്‌ എങ്ങനെ?

16 ന്യൂ​യോർക്കി​ലെ ലോകാ​സ്ഥാ​നത്ത്‌ സേവി​ക്കു​ന്ന വിവാ​ഹി​ത​യാ​യ ഒരു സഹോ​ദ​രി യഹോ​വ​യു​ടെ സംഘട​ന​യെ​ക്കു​റിച്ച് ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടു: “യഹോ​വ​യു​ടെ നാമം സധൈ​ര്യം​ പ്രഘോ​ഷി​ക്കു​ന്ന ഒരേ​യൊ​രു സംഘടന ഇതുമാ​ത്ര​മാണ്‌. ബൈബി​ളിൽ ദിവ്യ​നാ​മം 7,000-ത്തോളം പ്രാവ​ശ്യം​ കാണ​പ്പെ​ടു​ന്നു​ണ്ടെന്ന് ഓർക്കു​മ്പോൾ അതു തികച്ചും ന്യായ​യു​ക്ത​മ​ല്ലേ! 2 ദിനവൃ​ത്താ​ന്തം 16:9-ൽ കാണുന്ന പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ ഞാൻ വിലമ​തി​ക്കു​ന്നു. ‘യഹോ​വ​യു​ടെ കണ്ണു തങ്കൽ ഏകാ​ഗ്ര​ചി​ത്ത​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാ​നെ​ന്നു കാണി​ക്കേ​ണ്ട​തി​ന്നു ഭൂമി​യി​ലെ​ല്ലാ​ട​വും​ ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.’” സഹോ​ദ​രി തുടരു​ന്നു: “എന്‍റെ ഹൃദയ​വും​ യഹോ​വ​യി​ങ്കൽ ഏകാ​ഗ്ര​മാ​യി​രു​ന്നാ​ലല്ലേ അവൻ എന്‍റെ കാര്യ​ത്തി​ലും​ തന്നെത്താൻ ബലവാ​നെ​ന്നു കാണി​ക്കു​ക​യു​ള്ളൂ. അതെങ്ങനെ സാധി​ക്കു​മെന്ന് സത്യം എനിക്ക് കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു. യഹോ​വ​യു​മാ​യു​ള്ള എന്‍റെ ബന്ധമാണ്‌ എനിക്ക് ഏറ്റവും വില​യേ​റി​യത്‌. ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള സൂക്ഷ്മ​പ​രി​ജ്ഞാ​ന​മാണ്‌ എന്നെ നിലനി​റു​ത്തു​ന്നത്‌. അതു ലഭ്യമാ​ക്കു​ന്ന​തിൽ യേശു വഹിച്ച പങ്കും ഞാൻ വിലമ​തി​ക്കു​ന്നു.”

17. മുമ്പ് നിരീ​ശ്വ​ര​വാ​ദി​യാ​യി​രുന്ന ഒരാൾക്ക് എന്തു ബോധ്യ​മാ​യി, എന്തു​കൊണ്ട്?

17 മുമ്പ് നിരീ​ശ്വ​ര​വാ​ദി​യാ​യി​രുന്ന ഒരാൾ ഇങ്ങനെ തുറന്നു​പ​റ​ഞ്ഞു: “മനുഷ്യ​വർഗം ജീവിതം ആസ്വദി​ക്ക​ണ​മെ​ന്നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്ന​തെ​ന്നും​ അതു​കൊ​ണ്ടു​ത​ന്നെ അവൻ എക്കാല​ത്തേ​ക്കും​ കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ക​യി​ല്ലെ​ന്നും സൃഷ്ടി​ക്രി​യ​കൾ എന്നെ ബോധ്യ​പ്പെ​ടു​ത്തു​ന്നു. കൂടാതെ, ലോകം അഭക്തി​യി​ലേക്ക് കൂപ്പു​കു​ത്ത​വെ യഹോ​വ​യു​ടെ ജനം വിശ്വാ​സ​ത്തി​ലും​ തീക്ഷ്ണ​ത​യി​ലും​ സ്‌നേ​ഹ​ത്തി​ലും​ മേൽക്കു​മേൽ അഭിവൃ​ദ്ധി പ്രാപി​ക്കു​ക​യാണ്‌. യഹോ​വ​യു​ടെ ആത്മാവി​നു മാത്രമേ ഈ ആധുനി​ക​കാ​ല അത്ഭുതം പ്രവർത്തി​ക്കാ​നാ​കൂ.”—1 പത്രോസ്‌ 4:1-4 വായിക്കുക.

18. മറ്റു രണ്ട് സഹോ​ദ​ര​ന്മാ​രു​ടെ അനുഭ​വ​സാ​ക്ഷ്യ​ത്തെ​ക്കു​റിച്ച് നിങ്ങൾക്ക് എന്തു തോന്നു​ന്നു?

18 നമ്മൾ പ്രസം​ഗി​ക്കു​ന്ന സത്യത്തിൽ വിശ്വ​സി​ക്കു​ന്ന​തിന്‌ തനിക്കുള്ള കാരണ​ങ്ങ​ളെ​ക്കു​റിച്ച് മറ്റൊരു ദീർഘ​കാ​ല​സാ​ക്ഷി പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞു: “ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്‍റെ മാതൃ​ക​യി​ലേക്ക് മടങ്ങി​പ്പോ​കാൻ സാക്ഷികൾ ആത്മാർഥ​മാ​യി പരി​ശ്ര​മി​ച്ചി​രി​ക്കു​ന്നെന്ന് വർഷങ്ങ​ളാ​യു​ള്ള പഠനത്തി​ലൂ​ടെ എനിക്ക് ബോധ്യം​വ​ന്നി​രി​ക്കു​ന്നു. ലോക​മെ​ങ്ങും​ ഞാൻ സഞ്ചരി​ച്ചി​ട്ടുണ്ട്. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആഗോള ഐക്യം സ്വന്തക​ണ്ണാ​ലെ കണ്ടറി​യാൻ എനിക്കാ​യി. ബൈബിൾസ​ത്യം​ എനിക്ക് സന്തോ​ഷ​വും​ സംതൃ​പ്‌തി​യും​ നൽകി​യി​രി​ക്കു​ന്നു.” 60 വയസ്സ് കഴിഞ്ഞ ഒരു സഹോ​ദ​ര​നോട്‌, അദ്ദേഹം സത്യം കണ്ടെത്തി​യി​രി​ക്കു​ന്നു എന്ന് ഉറപ്പോ​ടെ വിശ്വ​സി​ക്കു​ന്ന​തി​ന്‍റെ കാരണം വിശദീ​ക​രി​ക്കാ​മോ എന്നു ചോദി​ച്ച​പ്പോൾ യേശു​ക്രി​സ്‌തു​വിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു​കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യേശു​വി​ന്‍റെ ജീവി​ത​വും​ ശുശ്രൂ​ഷ​യും​ ശ്രദ്ധാ​പൂർവം പഠിച്ച​തി​ലൂ​ടെ, നാം അവന്‍റെ മാതൃക നന്നായി വിലമ​തി​ക്കാൻ ഇടയാ​യി​രി​ക്കു​ന്നു. ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ ജീവി​ത​ശൈ​ലി​യിൽത്തന്നെ നമ്മൾ മാറ്റങ്ങൾ വരുത്തി​യി​രി​ക്കു​ന്നു. രക്ഷയ്‌ക്കു​ള്ള അടിസ്ഥാ​ന​മെന്ന നിലയിൽ ക്രിസ്‌തു​വി​ന്‍റെ മറുവി​ല​യാ​ഗ​ത്തെ നാം തിരി​ച്ച​റിഞ്ഞ് അംഗീ​ക​രി​ക്കു​ന്നു. അവൻ മരിച്ച​വ​രിൽനി​ന്നും​ ഉയിർപ്പി​ക്ക​പ്പെ​ട്ടെന്ന് നമുക്ക​റി​യാം​. ആ വസ്‌തു​ത​യ്‌ക്ക് ദൃക്‌സാ​ക്ഷി​ക​ളാ​യ​വ​രു​ടെ ആശ്രയ​യോ​ഗ്യ​മാ​യ സാക്ഷ്യം നമുക്കുണ്ട്.”—1 കൊരിന്ത്യർ 15:3-8 വായിക്കുക.

സത്യം ഉപയോ​ഗിച്ച് നാം എന്തു ചെയ്യണം?

19, 20. (എ) റോമി​ലെ സഭയ്‌ക്ക് എഴുതവെ ഏത്‌ ഉത്തരവാ​ദി​ത്വ​ത്തെ​ക്കു​റിച്ച് പൗലോസ്‌ ഊന്നി​പ്പ​റ​ഞ്ഞു? (ബി) സമർപ്പി​ത​ക്രി​സ്‌ത്യാ​നി​ക​ളെന്ന നിലയിൽ നമുക്ക് എന്തു പദവി​യുണ്ട്?

19 അയൽക്കാ​രെ സ്‌നേ​ഹി​ക്കു​ന്ന ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ സത്യത്തി​ന്‍റെ അമൂല്യ​പ​രി​ജ്ഞാ​നം മറ്റുള്ള​വ​രിൽനിന്ന് പിടി​ച്ചു​വെ​ക്കാൻ നമുക്കാ​വി​ല്ല. റോമി​ലെ സഭയി​ലു​ള്ള സഹോ​ദ​ര​ങ്ങ​ളോട്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “യേശു കർത്താവ്‌ ആകുന്നു എന്നിങ്ങനെ, ‘നിന്‍റെ വായി​ലു​ള്ള വചനം’ നീ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ക​യും​ ദൈവം അവനെ മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ച്ചെ​ന്നു ഹൃദയ​ത്തിൽ വിശ്വ​സി​ക്കു​ക​യും​ ചെയ്യു​ന്നെ​ങ്കിൽ നീ രക്ഷിക്ക​പ്പെ​ടും​; എന്തെന്നാൽ ഒരുവൻ ഹൃദയം​കൊ​ണ്ടു നീതി​ക്കാ​യി വിശ്വ​സി​ക്കു​ക​യും​ വായ്‌കൊ​ണ്ടു രക്ഷയ്‌ക്കാ​യി പരസ്യ​പ്ര​ഖ്യാ​പ​നം നടത്തു​ക​യും​ ചെയ്യുന്നു.”—റോമ. 10:9, 10.

20 യഹോ​വ​യു​ടെ സമർപ്പി​ത​സാ​ക്ഷി​ക​ളാ​യ നമുക്ക്, സത്യം നമ്മുടെ പക്കലു​ണ്ടെന്ന് തികഞ്ഞ ബോധ്യ​മുണ്ട്. ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള മനംകു​ളിർപ്പി​ക്കു​ന്ന വാർത്ത മറ്റുള്ള​വ​രെ പഠിപ്പി​ക്കാ​നു​ള്ള പദവി​യെ​ക്കു​റിച്ച് ബോധ​വാ​ന്മാ​രു​മാണ്‌ നാം. പ്രസം​ഗ​നി​യ​മ​നം നിറ​വേ​റ്റി​ക്കൊണ്ട് ആളുക​ളോട്‌ സംസാ​രി​ക്ക​വെ ബൈബി​ളിൽനിന്ന് നാം പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ മാത്രമല്ല, നമ്മുടെ വാക്കി​ലും​ നോക്കി​ലും​ സ്‌ഫു​രി​ക്കു​ന്ന ബോധ്യ​വും​ അനേക​രിൽ മതിപ്പു​ള​വാ​ക്കു​മാ​റാ​കട്ടെ!

^ ഖ. 3 യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്‍റെ 191-198, 448-454 പേജുകൾ കാണുക.