വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ആഗസ്റ്റ് 

യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ സ്‌ത്രീ​കൾ വഹിക്കുന്ന പങ്ക്

യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ സ്‌ത്രീ​കൾ വഹിക്കുന്ന പങ്ക്

“സുവാർത്താ​ദൂ​തി​കൾ വലി​യോ​രു ഗണമാ​കു​ന്നു.”—സങ്കീ. 68:11.

1, 2. (എ) ദൈവം ആദാമിന്‌ എന്തെല്ലാം വരദാ​നങ്ങൾ നൽകി? (ബി) ദൈവം ആദാമിന്‌ ഒരു ഭാര്യയെ കൊടു​ത്തത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

യഹോവ ഭൂമിയെ സൃഷ്ടി​ച്ചത്‌ ഒരു ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌. “പാർപ്പി​ന്ന​ത്രേ” അവൻ “അതിനെ നിർമ്മി​ച്ചത്‌” എന്ന് ബൈബിൾ പറയുന്നു. (യെശ. 45:18) അവന്‍റെ ആദ്യമ​നു​ഷ്യ​സൃ​ഷ്ടി​യായ ആദാം പൂർണ​നാ​യി​രു​ന്നു. ദൈവം അവന്‌ വിസ്‌മ​യങ്ങൾ നിറഞ്ഞ ഒരു ഭവനം നൽകി: ഏദെൻ തോട്ടം! പൂമരങ്ങൾ, ഫലവൃ​ക്ഷങ്ങൾ, തെളി​നീ​രു​റ​വു​കൾ, ചിറ്റാ​റു​കൾ, കളിച്ചു​തി​മിർക്കുന്ന മൃഗജ​ന്തു​ജാ​ലങ്ങൾ—ഒക്കെ ആദാം എത്ര ആസ്വദി​ച്ചു​കാ​ണും! പക്ഷേ, തനിക്ക് വളരെ വേണ്ടപ്പെട്ട ഒന്ന് അവന്‌ കണ്ടെത്താ​നാ​യില്ല. എന്തായി​രു​ന്നു അത്‌? യഹോ​വയ്‌ക്ക് അത്‌ അറിയാ​മാ​യി​രു​ന്നു: “മനുഷ്യൻ ഏകനാ​യി​രി​ക്കു​ന്നതു നന്നല്ല; ഞാൻ അവന്നു തക്കതാ​യൊ​രു തുണ ഉണ്ടാക്കി​ക്കൊ​ടു​ക്കും,” ദൈവം പറഞ്ഞു. അവൻ ആദാമിന്‌ ഒരു ഗാഢനി​ദ്ര വരുത്തി, അവന്‍റെ വാരി​യെ​ല്ലു​ക​ളിൽ ഒന്ന് എടുത്ത്‌ ആ “വാരി​യെ​ല്ലി​നെ ഒരു സ്‌ത്രീ​യാ​ക്കി.” ഉണർന്നെ​ഴു​ന്നേ​റ്റ​പ്പോൾ ആദാം എത്ര ആഹ്ലാദ​ഭ​രി​ത​നാ​യി​രു​ന്നി​രി​ക്കണം! ആദാമി​ന്‍റെ അധരങ്ങ​ളിൽ കവിത വിരിഞ്ഞു: “ഇതു ഇപ്പോൾ എന്‍റെ അസ്ഥിയിൽനി​ന്നു അസ്ഥിയും എന്‍റെ മാംസ​ത്തിൽനി​ന്നു മാംസ​വും ആകുന്നു. ഇവളെ നരനിൽനി​ന്നു എടുത്തി​രി​ക്ക​യാൽ ഇവൾക്കു നാരി എന്നു പേരാ​കും.”—ഉല്‌പ. 2:18-23.

2 ദൈവം ആദാമി​നു നൽകിയ അതുല്യ​മായ ഒരു സമ്മാന​മാ​യി​രു​ന്നു സ്‌ത്രീ. അവൾ പുരു​ഷന്‍റെ പൂർണ​ത​യുള്ള പൂരക​മാ​യി​രി​ക്കു​മാ​യി​രു​ന്നു. ഗർഭം​ധ​രിച്ച് മക്കളെ പ്രസവി​ക്കാ​നുള്ള പ്രത്യേ​ക​പ​ദ​വി​യും അവൾക്കു​ണ്ടാ​യി​രു​ന്നു. “അവൾ ജീവനു​ള്ള​വർക്കെ​ല്ലാം മാതാ​വ​ല്ലോ” എന്നു പറഞ്ഞു​കൊണ്ട് “മനുഷ്യൻ തന്‍റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു.” (ഉല്‌പ. 3:20) ആദ്യദ​മ്പ​തി​കൾക്ക് എത്ര അത്ഭുതാ​വ​ഹ​മായ ഒരു ദാനമാണ്‌ ദൈവം  നൽകി​യത്‌! പൂർണ​ത​യുള്ള മറ്റു മനുഷ്യർക്ക് ജന്മം​കൊ​ടു​ക്കാ​നുള്ള പ്രാപ്‌തി അവർക്കു​ണ്ടാ​യി​രു​ന്നു. അങ്ങനെ, കാലാ​ന്ത​ര​ത്തിൽ പൂർണ​ത​യുള്ള മനുഷ്യ​വർഗം നിത്യം അധിവ​സി​ക്കുന്ന ഒരു പറുദീ​സ​യാ​യി മുഴു​ഭൂ​മി​യും രൂപാ​ന്ത​ര​പ്പെ​ടു​മാ​യി​രു​ന്നു. സകല ജീവജാ​ല​ങ്ങ​ളും അവരുടെ അധീന​ത​യി​ലും ആയിരി​ക്കു​മാ​യി​രു​ന്നു.—ഉല്‌പ. 1:27, 28.

3. (എ) അനു​ഗ്ര​ഹങ്ങൾ പ്രാപി​ക്കാൻ ആദാമും ഹവ്വായും എന്തു ചെയ്യണ​മാ​യി​രു​ന്നു, എന്നാൽ എന്തു സംഭവി​ച്ചു? (ബി) ഏതു ചോദ്യ​ങ്ങൾ നാം പരിചി​ന്തി​ക്കും?

3 എന്നാൽ ആ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്ന​തിന്‌ ആദാമും ഹവ്വായും യഹോ​വയെ അനുസ​രി​ക്കു​ക​യും അവന്‍റെ ഭരണാ​ധി​പ​ത്യ​ത്തെ അംഗീ​ക​രി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. (ഉല്‌പ. 2:15-17) അങ്ങനെ​യെ​ങ്കിൽ മാത്രമേ അവർക്ക് തങ്ങളെ​ക്കു​റി​ച്ചുള്ള ദൈ​വോ​ദ്ദേ​ശ്യം നിവർത്തി​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, അവർ ‘പഴയ പാമ്പായ’ സാത്താന്‍റെ സ്വാധീ​ന​ത്തിന്‌ വഴി​പ്പെട്ട് ദൈവ​ത്തോട്‌ പാപം ചെയ്‌തു. (വെളി. 12:9; ഉല്‌പ. 3:1-6) ഈ മത്സരഗതി എങ്ങനെ​യാണ്‌ സ്‌ത്രീ​കളെ ബാധി​ച്ചത്‌? അതേസ​മയം, പുരാ​ത​ന​കാ​ലത്തെ ദൈവ​ഭ​ക്ത​രായ സ്‌ത്രീ​കൾ ദൈ​വോ​ദ്ദേ​ശ്യ​ത്തി​നു ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ച്ചു? ഇന്നത്തെ ക്രിസ്‌തീയ സ്‌ത്രീ​കളെ “വലി​യോ​രു ഗണ”മെന്നു വിശേ​ഷി​പ്പി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്?—സങ്കീ. 68:11.

മത്സരം വരുത്തി​വെച്ച വിന

4. ആദ്യദ​മ്പ​തി​ക​ളു​ടെ പാപത്തിന്‌ ദൈവം ആരെയാണ്‌ ഉത്തരവാ​ദി​യാ​യി വീക്ഷി​ച്ചത്‌?

4 ആദാമി​ന്‍റെ മത്സരഗ​തി​യെ​പ്പറ്റി ദൈവം ചോദി​ച്ച​പ്പോൾ, “എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്‌ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നു​ക​യും ചെയ്‌തു” എന്ന തൊടു​ന്യാ​യം പറഞ്ഞ് ഒഴിയാ​നാണ്‌ അവൻ തുനി​ഞ്ഞത്‌. (ഉല്‌പ. 3:12) തന്‍റെ പാപത്തി​ന്‍റെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ അവൻ തയ്യാറാ​യില്ല. പകരം സ്‌നേ​ഹ​വാ​നായ തന്‍റെ പിതാ​വി​ലും അവൻ കനിഞ്ഞു​നൽകിയ സ്‌ത്രീ​യി​ലും ആദാം പഴിചാ​രി! ആദാമും ഹവ്വായും ദൈവ​കല്‌പന ലംഘി​ച്ചെ​ങ്കി​ലും ആദാമി​നെ​യാണ്‌ പാപത്തിന്‌ ഉത്തരവാ​ദി​യാ​യി ദൈവം വീക്ഷി​ച്ചത്‌. അതു​കൊ​ണ്ടാണ്‌ അപ്പൊസ്‌ത​ല​നായ പൗലോസ്‌ ആദാമെന്ന “ഏകമനു​ഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു” എന്ന് എഴുതി​യത്‌.—റോമ. 5:12.

5. തന്നെക്കൂ​ടാ​തെ​യുള്ള സ്വത​ന്ത്ര​ഭ​ര​ണ​ത്തിന്‌ ദൈവം കുറെ സമയം അനുവ​ദി​ച്ചതു മുഖാ​ന്തരം എന്തു തെളി​ഞ്ഞി​രി​ക്കു​ന്നു?

5 ഒരു ഭരണാ​ധി​കാ​രി​യാ​യി തങ്ങൾക്ക് യഹോ​വയെ ആവശ്യ​മി​ല്ലെന്ന വഴിവിട്ട ചിന്തയ്‌ക്ക് ആദ്യദ​മ്പ​തി​കൾ വശംവ​ദ​രാ​യി. അത്‌ പരമാ​ധി​കാ​രം സംബന്ധിച്ച ഈ സുപ്ര​ധാ​ന​ചോ​ദ്യം ഉന്നയിച്ചു: ആർക്കാണ്‌ യഥാർഥ​ത്തിൽ ഭരിക്കാൻ അവകാ​ശ​മു​ള്ളത്‌? ഈ വിവാ​ദ​ത്തിന്‌ എക്കാല​ത്തേ​ക്കു​മാ​യി തീർപ്പു​കല്‌പി​ക്കു​ന്ന​തിന്‌ താൻ കുറെ​ക്കാ​ല​ത്തേക്ക് മാറി​നി​ന്നു​കൊ​ണ്ടുള്ള സ്വത​ന്ത്ര​മായ ഒരു ഭരണം ദൈവം അനുവ​ദി​ച്ചു. താൻ ഉൾപ്പെ​ടാ​തെ​യുള്ള സ്വത​ന്ത്ര​ഭ​രണം പരാജ​യ​പ്പെ​ടു​മെന്ന സത്യം കാലം തെളി​യി​ക്കു​മെന്ന് ദൈവ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. നൂറ്റാ​ണ്ടു​ക​ളി​ലി​ന്നോ​ളം അത്തരം ഭരണപ​രീ​ക്ഷ​ണങ്ങൾ, മനുഷ്യ​വർഗം ദുരന്ത​ങ്ങ​ളു​ടെ നിലയി​ല്ലാ​ക്ക​യ​ത്തിൽ മുങ്ങി​ത്താ​ഴാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. കഴിഞ്ഞു​പോയ ഒരു നൂറ്റാ​ണ്ടിൽമാ​ത്രം നിരപ​രാ​ധി​ക​ളായ ദശലക്ഷ​ക്ക​ണ​ക്കിന്‌ സ്‌ത്രീ​പു​രു​ഷ​ന്മാ​രും കുട്ടി​ക​ളും ഉൾപ്പെടെ 10 കോടി​യോ​ളം ആളുകൾ യുദ്ധങ്ങ​ളിൽ കൊല്ല​പ്പെട്ടു. അതെ, ‘മനുഷ്യ​ന്നു തന്‍റെ കാലടി​കളെ നേരെ ആക്കുന്നതു സ്വാധീ​നമല്ല’ എന്നതിന്‌ അസംഖ്യം തെളി​വു​ക​ളു​മാ​യി ചരിത്രം സാക്ഷ്യം​നിൽക്കു​ന്നു. (യിരെ. 10:23) ആ യാഥാർഥ്യം തിരി​ച്ച​റി​ഞ്ഞു​കൊണ്ട് നാം യഹോ​വയെ നമ്മുടെ ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കു​ന്നു.—സദൃശവാക്യങ്ങൾ 3:5, 6 വായിക്കുക.

6. മിക്ക ദേശങ്ങ​ളി​ലും സ്‌ത്രീ​ക​ളോ​ടുള്ള പെരു​മാ​റ്റം എങ്ങനെ​യു​ള്ള​താണ്‌?

6 സാത്താന്‍റെ അധികാ​ര​ത്തി​ലുള്ള ഈ ലോക​ത്തിൽ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ദുഷ്‌പെ​രു​മാ​റ്റം അനുഭ​വി​ച്ചി​ട്ടുണ്ട്. (സഭാ. 8:9; 1 യോഹ. 5:19) എന്നാൽ, സമൂഹ​ത്തിൽ നടമാ​ടുന്ന ഏറ്റവും ഹീനമായ പല കുറ്റകൃ​ത്യ​ങ്ങ​ളും സ്‌ത്രീ​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റ​വും ക്രൂര​ത​യും ഉൾപ്പെ​ട്ട​വ​യാണ്‌. ആഗോ​ളാ​ടി​സ്ഥാ​ന​ത്തിൽ, ഏകദേശം 30 ശതമാനം വനിതകൾ ഭർത്താ​ക്ക​ന്മാ​രാ​ലോ പുരുഷ‘സുഹൃ​ത്തു​ക്ക​ളാ​ലോ’ ആക്രമി​ക്ക​പ്പെ​ടു​ന്ന​താ​യി റിപ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നു. പല സമൂഹ​ങ്ങ​ളി​ലും ആൺകു​ട്ടി​ക​ളോ​ടാണ്‌ പൊതു​വേ ആഭിമു​ഖ്യം. കാരണം, അവരാ​കു​മ്പോൾ കുടും​ബ​പാ​ര​മ്പ​ര്യം നിലനി​റു​ത്തു​മെ​ന്നും പ്രായ​മായ അപ്പനപ്പൂ​പ്പ​ന്മാ​രെ പരിപാ​ലി​ക്കു​മെ​ന്നും കരുതി​പ്പോ​രു​ന്നു. ചില നാടു​ക​ളിൽ പെൺകു​ഞ്ഞു​ങ്ങൾ അനഭി​കാ​മ്യ​രാണ്‌. ഭ്രൂണ​ഹ​ത്യ​യിൽ പൊലി​ഞ്ഞു​പോ​കുന്ന അജാത​ശി​ശു​ക്ക​ളിൽ അധിക​പ​ങ്കും പെൺകു​രു​ന്നു​ക​ളാണ്‌.

7. ഏതു തരത്തി​ലുള്ള തുടക്ക​മാണ്‌ ദൈവം പുരു​ഷ​നും സ്‌ത്രീ​ക്കും നൽകി​യത്‌?

7 സ്‌ത്രീ​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റം തീർച്ച​യാ​യും ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നു. അവൻ സ്‌ത്രീ​കളെ മാനി​ക്കു​ക​യും അവരോട്‌ ന്യായ​ത്തോ​ടും നീതി​യോ​ടും കൂടെ ഇടപെ​ടു​ക​യും ചെയ്യുന്നു. ഹവ്വായെ പൂർണ​ത​യോ​ടെ സൃഷ്ടി​ച്ച​തിൽനി​ന്നും സ്‌ത്രീ​ക​ളോ​ടുള്ള യഹോ​വ​യു​ടെ വിലമ​തിപ്പ് ദർശി​ക്കാ​നാ​കും. അവൻ അവളെ ഒരു അടിമ​യാ​യി​ട്ടല്ല, പിന്നെ​യോ ആദാമിന്‌ തികവുറ്റ ഒരു പൂരക​മാ​യി​രി​ക്കാ​നുള്ള അതുല്യ​മായ  സവി​ശേ​ഷ​ത​ക​ളോ​ടെ​യാണ്‌ സൃഷ്ടി​ച്ചത്‌. ആറാമത്തെ സൃഷ്ടി​പ്പിൻദി​വ​സ​ത്തിന്‌ ഒടുവിൽ “താൻ ഉണ്ടാക്കി​യ​തി​നെ ഒക്കെയും . . . നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു” എന്ന് ദൈവം പറഞ്ഞതി​ന്‍റെ ഒരു കാരണം അതാണ്‌. (ഉല്‌പ. 1:31) അതെ, യഹോവ സൃഷ്ടി​ച്ചത്‌ “ഒക്കെയും” “എത്രയും നല്ലത്‌” ആയിരു​ന്നു. പുരു​ഷ​നും സ്‌ത്രീ​ക്കും അവൻ ഏറ്റവും മികച്ച ഒരു തുടക്കം തന്നെയാണ്‌ നൽകി​യത്‌!

യഹോവയുടെ പിന്തു​ണ​യു​ണ്ടാ​യി​രുന്ന സ്‌ത്രീ​കൾ

8. (എ) മനുഷ്യ​ന്‍റെ പൊതു​വേ​യുള്ള പെരു​മാ​റ്റ​രീ​തി​കൾ എങ്ങനെ​യു​ള്ള​താണ്‌? വിവരി​ക്കുക. (ബി) ചരി​ത്ര​ത്തിൽ ഉടനീളം ആരുടെ മേലാണ്‌ ദൈവം പ്രീതി ചൊരി​ഞ്ഞി​ട്ടു​ള്ളത്‌?

8 ഏദെനി​ലെ മത്സരത്തി​നു ശേഷം പൊതു​വേ പുരു​ഷ​ന്‍റെ​യും സ്‌ത്രീ​യു​ടെ​യും പെരു​മാ​റ്റം അധഃപ​തി​ച്ചു. കഴിഞ്ഞ നൂറ്റാണ്ട് മുതൽ, അത്‌ മുമ്പെ​ന്ന​ത്തെ​ക്കാൾ മോശ​മാ​യി​രി​ക്കു​ന്നു. “അന്ത്യകാ​ലത്ത്‌” ദുഷ്ടത ഭൂമി​യിൽ അരങ്ങു​വാ​ഴു​മെന്ന് ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. തീർത്തും “ദുഷ്‌ക​ര​മായ സമയങ്ങ”ളിലാണ്‌ നാം ജീവി​ക്കു​ന്നത്‌, മനുഷ്യ​ന്‍റെ ദുഷ്‌ചെയ്‌തി​കൾ ഇന്ന് അത്രമേൽ വ്യാപ​ക​മാ​യി​രി​ക്കു​ന്നു. (2 തിമൊ. 3:1-5) എന്നിരു​ന്നാ​ലും, മാനവ​ച​രി​ത്ര​ത്തിൽ ഉടനീളം പരമാ​ധി​കാ​രി​യാം “കർത്താ​വായ യഹോവ” തന്നിൽ ആശ്രയി​ക്കു​ക​യും തന്‍റെ കല്‌പ​നകൾ അനുസ​രി​ക്കു​ക​യും തന്‍റെ ഭരണത്തി​നു കീഴ്‌പെ​ടു​ക​യും ചെയ്‌തി​ട്ടുള്ള സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മേൽ പ്രീതി ചൊരി​ഞ്ഞി​ട്ടുണ്ട്.—സങ്കീർത്തനം 71:5 വായിക്കുക.

9. ജലപ്ര​ള​യത്തെ അതിജീ​വി​ച്ചത്‌ എത്ര പേരാണ്‌, എന്തു​കൊണ്ട്?

9 നോഹ​യു​ടെ നാളിൽ അക്രമം നിറഞ്ഞ പുരാ​ത​ന​ലോ​കത്തെ ജലപ്ര​ള​യ​ത്തി​ലൂ​ടെ ദൈവം നശിപ്പി​ച്ച​പ്പോൾ ഏതാനും​പേർ മാത്രമേ അതിജീ​വി​ച്ചു​ള്ളൂ. നോഹ​യു​ടെ കൂടപ്പി​റ​പ്പു​കൾ ആരെങ്കി​ലും അന്ന് ജീവി​ച്ചി​രു​ന്നി​ട്ടു​ണ്ടെ​ങ്കിൽ അവരും പ്രളയ​ത്തിൽ മുങ്ങി​ന​ശി​ച്ചി​ട്ടുണ്ട്. (ഉല്‌പ. 5:30) എങ്കിലും പുരു​ഷ​ന്മാ​രു​ടെ അത്രതന്നെ സ്‌ത്രീ​ക​ളും പ്രളയത്തെ അതിജീ​വി​ച്ചു. നോഹ​യും ഭാര്യ​യും മൂന്നു മക്കളും അവരുടെ ഭാര്യ​മാ​രും ആയിരു​ന്നു അവർ. ദൈവത്തെ ഭയപ്പെട്ട് അവന്‍റെ ഹിതം ചെയ്‌ത​തു​കൊ​ണ്ടാണ്‌ ദൈവം അവരെ കാത്തു​സം​ര​ക്ഷി​ച്ചത്‌. യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടാ​യി​രുന്ന ആ എട്ടു പേരുടെ സന്തതി​പ​ര​മ്പ​ര​ക​ളാണ്‌ ഇന്നു ജീവി​ക്കുന്ന കോടി​ക്ക​ണ​ക്കിന്‌ മനുഷ്യർ.—ഉല്‌പ. 7:7; 1 പത്രോ. 3:20.

10. വിശ്വസ്‌ത ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​ടെ ദൈവ​ഭ​ക്ത​രായ ഭാര്യ​മാർക്ക് യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊണ്ട്?

10 പിൽക്കാല വർഷങ്ങ​ളിൽ, വിശ്വസ്‌ത ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​ടെ ദൈവ​ഭ​ക്ത​രായ ഭാര്യ​മാർക്കും ദിവ്യ​പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. തങ്ങളുടെ ജീവി​താ​വ​സ്ഥ​ക​ളിൽ അസ്വസ്ഥ​രും അസംതൃപ്‌ത​രും ആയി ആവലാതി പറയു​ന്ന​വ​രാ​യി​രു​ന്നു അവരെ​ങ്കിൽ ആ പിന്തുണ ലഭിക്കു​മാ​യി​രു​ന്നില്ല. (യൂദാ 16) ഊർ ദേശത്തെ സുഖസൗ​ക​ര്യ​ങ്ങൾ വിട്ടു​പോ​രു​മ്പോ​ഴും അന്യ​ദേ​ശത്ത്‌ കൂടാ​ര​ങ്ങ​ളിൽ പ്രവാ​സി​ക​ളാ​യി പാർക്കു​മ്പോ​ഴും അബ്രാ​ഹാ​മി​ന്‍റെ വിശ്വസ്‌ത​ഭാ​ര്യ സാറാ​യു​ടെ അധരങ്ങ​ളിൽനിന്ന് ഇച്ഛാഭം​ഗ​ത്തി​ന്‍റെ​യോ അസംതൃപ്‌തി​യു​ടെ​യോ പരിഭ​വ​സ്വ​രങ്ങൾ ഉയർന്ന​താ​യി നമുക്ക് ഒരിക്ക​ലും സങ്കൽപ്പി​ക്കാ​നാ​വില്ല. പകരം, ‘സാറാ അബ്രാ​ഹാ​മി​നെ, “നാഥാ” എന്നു വിളിച്ച് അനുസ​രി​ച്ചി​രു​ന്നു.’ (1 പത്രോ. 3:6) ഇനി, റിബേ​ക്ക​യു​ടെ കാര്യ​മെ​ടു​ക്കുക. ഒരു ഉത്തമഭാ​ര്യ​യാ​യി​ത്തീർന്ന അവൾ യഹോ​വ​യിൽനി​ന്നുള്ള ഒരു അനർഘ​സ​മ്മാ​ന​മാ​യി​രു​ന്നു. അവളുടെ ഭർത്താ​വി​നെ​ക്കു​റിച്ച്, “അവന്നു അവളിൽ സ്‌നേ​ഹ​മാ​യി. ഇങ്ങനെ യിസ്‌ഹാ​ക്കി​ന്നു തന്‍റെ അമ്മയുടെ മരണദുഃ​ഖം തീർന്നു” എന്ന് പറഞ്ഞി​രി​ക്കു​ന്ന​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല. (ഉല്‌പ. 24:67) സാറാ​യെ​യും റിബേ​ക്ക​യെ​യും പോലു​ളള ദൈവ​ഭ​ക്ത​രായ സ്‌ത്രീ​കൾ ഇന്ന് നമ്മുടെ ഇടയി​ലു​ള​ള​തിൽ നാം എത്ര സന്തുഷ്ട​രാണ്‌!

11. രണ്ട് എബ്രാ​യ​സൂ​തി​കർമി​ണി​കൾ ധൈര്യം പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

11 ഈജിപ്‌റ്റി​ലെ അടിമ​ത്ത​ത്തി​ന്‍റെ നാളു​ക​ളിൽ ഇസ്രാ​യേ​ല്യർ എണ്ണത്തിൽ പെരു​കി​യ​പ്പോൾ എല്ലാ എബ്രായ ആൺകു​ഞ്ഞു​ങ്ങ​ളെ​യും ജനിക്കു​മ്പോൾത്തന്നെ കൊന്നു​ക​ള​യാൻ ഫറവോൻ ഉത്തരവി​ട്ടു. എന്നാൽ, എബ്രാ​യ​സൂ​തി​കർമി​ണി​ക​ളായ ശിപ്രാ​യും പൂവാ​യും എന്താണ്‌ ചെയ്‌തത്‌? യഹോ​വ​യോട്‌ ആഴമായ ഭയാദ​ര​വു​ണ്ടാ​യി​രു​ന്ന​തി​നാൽ പിഞ്ചു​കു​ഞ്ഞു​ങ്ങളെ കൊ​ന്നൊ​ടു​ക്കാ​നുള്ള ഫറവോ​ന്‍റെ നിഷ്‌ഠു​ര​കല്‌പന ആ ധീരവ​നി​തകൾ ധിക്കരി​ച്ചു. (ഒരുപക്ഷേ, സൂതി​കർമി​ണി​ക​ളു​ടെ മേൽനോ​ട്ടം അവർക്കാ​യി​രു​ന്നി​രി​ക്കണം.) തത്‌ഫ​ല​മാ​യി, സ്വന്തമാ​യി കുടും​ബ​ങ്ങളെ നൽകി​ക്കൊണ്ട് ദൈവം അവർക്ക് പ്രതി​ഫലം നൽകി.—പുറ. 1:15-21, ഓശാന.

12. ദെബോ​രാ, യായേൽ എന്നീ രണ്ടു സ്‌ത്രീ​കളെ യഹോവ നയിച്ചത്‌ എങ്ങനെ?

12 ഇസ്രാ​യേ​ല്യ​ന്യാ​യാ​ധി​പ​ന്മാ​രു​ടെ കാലത്ത്‌ ദിവ്യ​പി​ന്തു​ണ​യു​ണ്ടാ​യി​രുന്ന ഒരു സ്‌ത്രീ​യാ​യി​രു​ന്നു ദെബോ​രാ പ്രവാ​ചകി. ന്യായാ​ധി​പ​നായ ബാരാ​ക്കിന്‌ അവൾ ധൈര്യം പകരു​ക​യും അയൽജ​ന​ത​ക​ളു​ടെ അടിച്ച​മർത്ത​ലിൽനിന്ന് മോചനം നേടാൻ ഇസ്രാ​യേ​ല്യ​രെ സഹായി​ക്കു​ക​യും ചെയ്‌തു. എന്നാൽ കനാന്യർക്കു​മേ​ലുള്ള ആ വിജയ​ത്തി​ന്‍റെ മഹത്ത്വം ബാരാ​ക്കിന്‌ ലഭിക്കി​ല്ലെന്ന് അവൾ പ്രവചി​ച്ചു. പകരം, കനാന്യ​സേ​നാ​പ​തി​യായ സീസെ​രയെ ദൈവം “ഒരു സ്‌ത്രീ​യു​ടെ കയ്യി”ലായി​രു​ന്നു  ഏൽപ്പി​ക്കാ​നി​രു​ന്നത്‌. ഇസ്രാ​യേ​ല്യസ്‌ത്രീ അല്ലാഞ്ഞ യായേൽ അവനെ വകവരു​ത്തി​യ​പ്പോൾ അത്‌ അങ്ങനെ​തന്നെ സംഭവി​ച്ചു.—ന്യായാ. 4:4-9, 17-22.

13. അബീഗ​യി​ലി​നെ​ക്കു​റിച്ച് ബൈബിൾ എന്തു പറയുന്നു?

13 എടുത്തു​പ​റ​യത്തക്ക സവി​ശേ​ഷ​ത​ക​ളുള്ള മറ്റൊരു സ്‌ത്രീ​യാ​യി​രു​ന്നു ബി.സി. 11-‍ാ‍ം ശതകത്തിൽ ജീവി​ച്ചി​രുന്ന അബീഗ​യിൽ. അവൾ വിവേ​ക​മ​തി​യാ​യി​രു​ന്നെ​ങ്കി​ലും ഭർത്താവ്‌ നാബാൽ നിഷ്‌ഠു​ര​നും നിർഗു​ണ​നും ഭോഷ​നും ആയിരു​ന്നു. (1 ശമൂ. 25:2, 3, 25) ദാവീ​ദും കൂട്ടാ​ളി​ക​ളും നാബാ​ലി​ന്‍റെ വസ്‌തു​വ​ക​കൾക്ക് കുറെ​ക്കാ​ലം സംരക്ഷണം നൽകി​യി​രു​ന്നു. എന്നാൽ പിന്നീട്‌ അവർ ഭക്ഷ്യവി​ഭ​വങ്ങൾ തേടി​യെ​ത്തി​യ​പ്പോൾ നാബാൽ “അവരെ ശകാരിച്ച്” വെറു​ങ്ക​യ്യോ​ടെ തിരി​ച്ച​യച്ചു. കുപി​ത​നായ ദാവീദ്‌ നാബാ​ലി​നെ​യും അവന്‍റെ ആളുക​ളെ​യും സംഹരി​ക്കാൻ തീരു​മാ​നി​ച്ചു. അതു കേട്ടമാ​ത്ര​യിൽ അബീഗ​യിൽ ദാവീ​ദി​നും കൂട്ടാ​ളി​കൾക്കും ഭക്ഷണപാ​നീ​യ​ങ്ങ​ളു​മാ​യി അവനെ എതി​രേ​റ്റു​ചെന്നു, അങ്ങനെ രക്തച്ചൊ​രി​ച്ചിൽ ഒഴിവാ​യി. (1 ശമൂ. 25:8-18) ദാവീദ്‌ അവളോട്‌ ഇങ്ങനെ പറഞ്ഞു: “എന്നെ എതി​രേല്‌പാൻ നിന്നെ ഇന്നു അയച്ചി​രി​ക്കുന്ന യിസ്രാ​യേ​ലി​ന്‍റെ ദൈവ​മായ യഹോ​വെക്കു സ്‌തോ​ത്രം.” (1 ശമൂ. 25:32) നാബാ​ലി​ന്‍റെ മരണ​ശേഷം ദാവീദ്‌ അബീഗ​യി​ലി​നെ വിവാഹം കഴിച്ചു.—1 ശമൂ. 25:37-42.

14. ശല്ലൂമി​ന്‍റെ പുത്രി​മാർ ഏതു വേലയി​ലാണ്‌ പങ്കെടു​ത്തത്‌, ഇന്ന് അനേകം ക്രിസ്‌തീ​യസ്‌ത്രീ​കൾ സമാന​മാ​യി എന്തു ചെയ്യുന്നു?

14 ബി.സി. 607-ൽ ബാബി​ലോ​ണി​യൻ സൈന്യം യെരു​ശ​ലേ​മും അതിന്‍റെ ആലയവും നശിപ്പി​ച്ച​പ്പോൾ അനേകം പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും കൊല്ല​പ്പെട്ടു. നെഹെ​മ്യാ​വി​ന്‍റെ മേൽനോ​ട്ട​ത്തിൻകീ​ഴിൽ ബി.സി. 455-ൽ നഗരമ​തിൽ പുതു​ക്കി​പ്പ​ണി​തു. മതിലു​കൾ അറ്റകുറ്റം തീർത്ത​വ​രു​ടെ കൂട്ടത്തിൽ യെരു​ശ​ലേം​ദേ​ശ​ത്തി​ന്‍റെ ഒരു പാതിക്കു പ്രഭു​വായ ശല്ലൂമി​ന്‍റെ പുത്രി​മാ​രും ഉണ്ടായി​രു​ന്നു. (നെഹെ. 3:12) അന്തസ്സിന്‌ നിരക്കാ​ത്ത​തെന്നു കരുതാ​തെ അവർ മനസ്സോ​ടെ ആ കായി​കാ​ധ്വാ​ന​ത്തിന്‌ തയ്യാറാ​യി. ഇന്ന് വ്യത്യസ്‌ത​വി​ധ​ങ്ങ​ളിൽ, ദിവ്യാ​ധി​പത്യ നിർമാ​ണ​പ​ദ്ധ​തി​കളെ ആഹ്ലാദ​ത്തോ​ടെ പിന്തു​ണയ്‌ക്കുന്ന അനേകം ക്രിസ്‌തീയ സഹോ​ദ​രി​മാ​രുണ്ട്. നമുക്ക് തീർച്ച​യാ​യും അവരോട്‌ അതിയായ നന്ദിയും വിലമ​തി​പ്പും ഉണ്ട്!

ഒന്നാം നൂറ്റാ​ണ്ടി​ലെ ദൈവ​ഭ​ക്ത​രായ സ്‌ത്രീ​കൾ

15. മറിയ എന്നു പേരുള്ള ഒരു യഹൂദ​ക​ന്യ​കയ്‌ക്ക് ദൈവം എന്തു പദവി നൽകി?

15 എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ പല സ്‌ത്രീ​ക​ളെ​യും മികച്ച പദവികൾ നൽകി യഹോവ അനു​ഗ്ര​ഹി​ച്ചു. അവരിൽ ഒരാളാ​യി​രു​ന്നു മറിയ എന്ന കന്യക. ഒന്നാം നൂറ്റാണ്ട് ആരംഭി​ക്കും​മുമ്പ്, യോ​സേ​ഫു​മാ​യി വിവാഹം നിശ്ചയി​ച്ചി​രി​ക്കെ, അവൾ പരിശു​ദ്ധാ​ത്മാ​വി​നാൽ അത്ഭുത​ക​ര​മാ​യി ഗർഭവ​തി​യാ​യി. യേശു​വി​ന്‍റെ അമ്മയാ​കാൻ ദൈവം എന്തു​കൊ​ണ്ടാണ്‌ അവളെ തിര​ഞ്ഞെ​ടു​ത്തത്‌? ഒരു പൂർണ മനുഷ്യ​ശി​ശു​വായ തന്‍റെ കുഞ്ഞിനെ പക്വത​യി​ലേക്കു വളർത്തി​ക്കൊ​ണ്ടു​വ​രാൻ ആവശ്യ​മായ ആത്മീയ​ഗു​ണങ്ങൾ അവൾക്കു​ണ്ടാ​യി​രു​ന്ന​തി​നാ​ലാണ്‌ എന്നതിന്‌ സംശയ​മില്ല. എക്കാല​ത്തെ​യും ഏറ്റവും മഹാനായ മനുഷ്യ​ന്‍റെ അമ്മയാ​കാ​നുള്ള എത്ര അനുപ​മ​മായ പദവി​യാണ്‌ മറിയയ്‌ക്ക് ലഭിച്ചത്‌!—മത്താ. 1:18-25.

16. യേശു​വിന്‌ സ്‌ത്രീ​ക​ളോ​ടു​ണ്ടാ​യി​രുന്ന മനോ​ഭാ​വം വ്യക്തമാ​ക്കുന്ന ഒരു ദൃഷ്ടാന്തം പറയുക.

16 യേശു സ്‌ത്രീ​ക​ളോട്‌ വളരെ ദയയോ​ടെ​യാണ്‌ ഇടപെ​ട്ടി​രു​ന്നത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, 12 വർഷമാ​യി രക്തസ്രാ​വ​ത്താൽ വലഞ്ഞി​രുന്ന ഒരു സ്‌ത്രീ​യു​ടെ കാര്യ​മെ​ടു​ക്കുക. ജനക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ യേശു​വി​ന്‍റെ പിന്നി​ലെത്തി അവൾ അവന്‍റെ മേലങ്കി​യിൽ തൊട്ടു. അവളെ ശകാരി​ക്കു​ന്ന​തി​നു പകരം, യേശു ദയാപൂർവം ഇങ്ങനെ പറഞ്ഞു: “മകളേ, നിന്‍റെ വിശ്വാ​സം നിന്നെ സൗഖ്യ​മാ​ക്കി​യി​രി​ക്കു​ന്നു. സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളുക; നിന്നെ വലച്ചി​രുന്ന കഠിന രോഗ​ത്തിൽനി​ന്നു സ്വത​ന്ത്ര​യാ​യി ആരോ​ഗ്യ​ത്തോ​ടെ ജീവി​ക്കുക.”—മർക്കോ. 5:25-34.

17. ഏത്‌ അത്ഭുത​ക​ര​മായ സംഭവ​മാണ്‌ എ.ഡി. 33-ലെ പെന്തെ​ക്കൊസ്‌തിൽ നടന്നത്‌?

17 യേശു​വി​ന്‍റെ ശിഷ്യ​രായ ചില സ്‌ത്രീ​കൾ അവനെ​യും അവന്‍റെ അപ്പൊസ്‌ത​ല​ന്മാ​രെ​യും ഉപചരി​ച്ചു​പോ​ന്നു. (ലൂക്കോ. 8:1-3) എ.ഡി. 33-ലെ പെന്തെ​ക്കൊസ്‌തിൽ പരിശു​ദ്ധാ​ത്മാ​ഭി​ഷേകം പ്രാപിച്ച 120 പേരിൽ പുരു​ഷ​ന്മാ​രോ​ടൊ​പ്പം സ്‌ത്രീ​ക​ളു​മു​ണ്ടാ​യി​രു​ന്നു. (പ്രവൃത്തികൾ 2:1-4 വായിക്കുക.) പരിശു​ദ്ധാ​ത്മാ​വി​ന്‍റെ സവി​ശേ​ഷ​മായ ആ പകരലി​നെ​ക്കു​റിച്ച് ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “ഞാൻ (യഹോവ) സകലജ​ഡ​ത്തി​ന്മേ​ലും എന്‍റെ ആത്മാവി​നെ പകരും; നിങ്ങളു​ടെ പുത്ര​ന്മാ​രും പുത്രി​മാ​രും പ്രവചി​ക്കും; . . . ദാസന്മാ​രു​ടെ മേലും ദാസി​മാ​രു​ടെ​മേ​ലും കൂടെ ഞാൻ ആ നാളു​ക​ളിൽ എന്‍റെ ആത്മാവി​നെ പകരും.” (യോവേ. 2:28, 29) വിശ്വാ​സ​ത്യാ​ഗം ഭവിച്ച ഇസ്രാ​യേ​ലിൽനി​ന്നും, തന്‍റെ അംഗീ​കാ​ര​വും പിന്തു​ണ​യും “ദൈവ​ത്തി​ന്‍റെ ഇസ്രാ​യേലി”ലേക്കു താൻ മാറ്റി​യെന്ന് പെന്തെ​ക്കൊസ്‌തു​ദി​വ​സത്തെ ആ അത്ഭുത​ക​ര​മായ സംഭവ​ത്തി​ലൂ​ടെ ദൈവം വ്യക്തമാ​ക്കി. ആ ഇസ്രാ​യേ​ലിൽ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ഉൾപ്പെ​ടു​ന്നു. (ഗലാ. 3:28; 6:15, 16) ഒന്നാം നൂറ്റാ​ണ്ടിൽ ശുശ്രൂ​ഷ​യിൽ പങ്കെടുത്ത ക്രിസ്‌തീയ സ്‌ത്രീ​ക​ളിൽ സുവി​ശേ​ഷ​ക​നായ ഫിലി​പ്പോ​സി​ന്‍റെ നാലു പെൺമ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.—പ്രവൃ. 21:8, 9.

 സ്‌ത്രീ​കൾ ഒരു ‘വലിയ ഗണം’

18, 19. (എ) സത്യാ​രാ​ധ​ന​യോ​ടുള്ള ബന്ധത്തിൽ പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും ദൈവം എന്തു പദവി​യാണ്‌ നൽകി​യി​രി​ക്കു​ന്നത്‌? (ബി) സുവാർത്ത പ്രസം​ഗി​ക്കുന്ന സ്‌ത്രീ​കളെ സങ്കീർത്ത​ന​ക്കാ​രൻ വിശേ​ഷി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

18 പതി​നെ​ട്ടാം നൂറ്റാ​ണ്ടി​ന്‍റെ അവസാ​ന​പാ​ദ​ത്തിൽ ഏതാനും സ്‌ത്രീ​പു​രു​ഷ​ന്മാർ സത്യാ​രാ​ധ​ന​യിൽ ആഴമായ താത്‌പ​ര്യം കാണിച്ചു. “രാജ്യ​ത്തി​ന്‍റെ ഈ സുവി​ശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യ​ത്തി​നാ​യി ഭൂലോ​ക​ത്തി​ലെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അന്ത്യം വരും” എന്ന യേശു​വി​ന്‍റെ പ്രാവ​ച​നി​ക​വാ​ക്കു​ക​ളു​ടെ നിവൃ​ത്തി​യിൽ ഇന്ന് പങ്കെടു​ക്കു​ന്ന​വ​രു​ടെ മുൻഗാ​മി​ക​ളാ​യി​രു​ന്നു അവർ.—മത്താ. 24:14.

19 ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ആ ചെറിയ കൂട്ടം ഇന്ന് യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 80 ലക്ഷത്തോ​ളം വരുന്ന ഒരു വൻപു​രു​ഷാ​ര​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. അവരെ​ക്കൂ​ടാ​തെ, 1,10,00,000-ത്തിലധി​കം മറ്റുള്ള​വ​രും യേശു​വി​ന്‍റെ മരണത്തി​ന്‍റെ വാർഷിക സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ ഹാജരാ​യി​ക്കൊണ്ട് ബൈബി​ളി​ലും നമ്മുടെ വേലയി​ലും താത്‌പ​ര്യം കാണി​ക്കു​ന്നു. മിക്ക ദേശങ്ങ​ളി​ലും ഹാജരാ​കു​ന്ന​വ​രിൽ ഭൂരി​ഭാ​ഗ​വും സ്‌ത്രീ​ക​ളാണ്‌. കൂടാതെ, ലോക​മെ​ങ്ങു​മാ​യുള്ള 10,00,000-ത്തിലധി​കം മുഴു​സമയ രാജ്യ​ഘോ​ഷ​ക​രിൽ ഏറിയ​പ​ങ്കും സ്‌ത്രീ​ക​ളാണ്‌. സങ്കീർത്ത​ന​ക്കാ​രന്‍റെ പിൻവ​രുന്ന വാക്കു​ക​ളു​ടെ നിവൃ​ത്തി​യിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ ദൈവം വിശ്വസ്‌ത​രായ സ്‌ത്രീ​കളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു: “കർത്താവു ആജ്ഞ കൊടു​ക്കു​ന്നു; സുവാർത്താ​ദൂ​തി​കൾ വലി​യോ​രു ഗണമാ​കു​ന്നു.”—സങ്കീ. 68:11.

സുവാർത്താദൂതികൾ “വലി​യോ​രു ഗണമാ​കു​ന്നു” (18, 19 ഖണ്ഡികകൾ കാണുക)

ദൈവഭക്തരായ സ്‌ത്രീ​കളെ മഹത്തായ അനു​ഗ്ര​ഹങ്ങൾ കാത്തി​രി​ക്കു​ന്നു

20. നമ്മുടെ പഠന​വേ​ള​ക​ളിൽ പരിചി​ന്ത​നാർഹ​മായ ചില വിഷയങ്ങൾ ഏവ?

20 ദൈവ​വ​ച​ന​ത്തി​ന്‍റെ ഏടുക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള എല്ലാ വിശ്വസ്‌തസ്‌ത്രീ​ക​ളെ​യും കുറിച്ച് ചർച്ച ചെയ്യാൻ ഇവിടെ ഇടം പോരാ. എന്നാൽ ബൈബി​ളി​ലും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്നിട്ടുള്ള ലേഖന​ങ്ങ​ളി​ലും നമുക്ക് അവരെ​ക്കു​റിച്ച് വായി​ക്കാ​വു​ന്ന​താണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, രൂത്തിന്‍റെ വിശ്വസ്‌ത​ത​യെ​ക്കു​റിച്ച് നമുക്ക് ധ്യാനി​ക്കാ​നാ​കും. (രൂത്ത്‌ 1:16, 17) അതു​പോ​ലെ, എസ്ഥേർ രാജ്ഞി​യു​ടെ പേരി​ലുള്ള ബൈബിൾപുസ്‌ത​ക​വും അവളെ​ക്കു​റി​ച്ചുള്ള ലേഖന​ങ്ങ​ളും വായി​ക്കു​ന്നത്‌ നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തും. സായാഹ്ന കുടും​ബാ​രാ​ധ​നാ​വേ​ള​ക​ളിൽ ഇത്തരം ആശയങ്ങൾ പഠിക്കാ​നാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ വളരെ പ്രയോ​ജ​ന​ക​ര​മാണ്‌. ഒറ്റക്കാ​രാ​ണെ​ങ്കിൽ വ്യക്തി​പ​ര​മായ പഠനസ​മ​യത്ത്‌ ഇത്തരം വിഷയങ്ങൾ പരിചി​ന്തി​ക്കാൻ കഴിയും.

21. വിശ്വസ്‌ത​രായ സ്‌ത്രീ​കൾ ദുഷ്‌ക​ര​സ​മ​യ​ങ്ങ​ളിൽ യഹോ​വ​യോ​ടുള്ള തങ്ങളുടെ ഭക്തി പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

21 ക്രിസ്‌തീ​യസ്‌ത്രീ​ക​ളു​ടെ പ്രസം​ഗ​വേ​ലയെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​തിന്‌ യാതൊ​രു സംശയ​വു​മില്ല, ക്ലേശങ്ങ​ളിൽ അവൻ അവരെ താങ്ങു​ക​യും ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, നാസി​ക​ളു​ടെ​യും കമ്മ്യൂ​ണി​സ്റ്റു​ക​ളു​ടെ​യും മർദക​ഭ​ര​ണ​ത്തി​ന്മ​ധ്യേ ദൈവ​ത്തോ​ടുള്ള അനുസ​രണം നിമിത്തം കൊടി​യ​യാ​ത​നകൾ അനുഭ​വി​ച്ച​പ്പോ​ഴും, ചിലരു​ടെ കാര്യ​ത്തിൽ, ജീവൻ നഷ്ടമാ​യ​പ്പോൾപ്പോ​ലും ദൈവ​ഭ​ക്ത​രായ സ്‌ത്രീ​കൾ ദൈവ​ത്തി​ന്‍റെ സഹായ​ത്താൽ നിർമലത കാത്തു​സൂ​ക്ഷി​ച്ചു. (പ്രവൃ. 5:29) അന്നത്തെ​പ്പോ​ലെ ഇന്നും, നമ്മുടെ സഹോ​ദ​രി​മാ​രും മറ്റെല്ലാ സഹാരാ​ധ​ക​രും ദൈവ​ത്തി​ന്‍റെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കു​ന്നു. പുരാതന ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ യഹോവ അവരുടെ വലങ്കൈ പിടി​ച്ചു​കൊണ്ട് ഇങ്ങനെ പറയുന്നു: “ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും.”—യെശ. 41:10-13.

22. ഏതു ഭാവി​പ​ദ​വി​കൾക്കാ​യി നമുക്കു കാത്തി​രി​ക്കാം?

22 തൊട്ട​ടുത്ത ഭാവി​യിൽ, ദൈവ​ഭ​ക്ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാർ ഭൂമിയെ അഴകാർന്ന ഒരു പറുദീ​സ​യാ​ക്കി മാറ്റു​ക​യും ഉയിർത്തെ​ഴു​ന്നേറ്റ്‌ വരുന്ന ദശലക്ഷ​ങ്ങളെ യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച് പഠിപ്പി​ക്കു​ക​യും ചെയ്യും. അതുവ​രേ​ക്കും, സ്‌ത്രീ​പു​രു​ഷ​ഭേ​ദ​മെ​ന്യേ, നമു​ക്കേ​വർക്കും തോ​ളോ​ടു​തോൾ ചേർന്ന് “ഏകമന​സ്സോ​ടെ” യഹോ​വയെ സേവി​ക്കാ​നുള്ള പദവിയെ അമൂല്യ​മാ​യി പിടി​ച്ചു​കൊ​ള്ളാം.—സെഫ. 3:9.