വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 മെയ് 

 ജീവിതകഥ

അതെ, യഹോവ എന്നെ സഹാ​യിച്ചി​രി​ക്കുന്നു!

അതെ, യഹോവ എന്നെ സഹാ​യിച്ചി​രി​ക്കുന്നു!

കാനഡയിലെ, കുറ്റി​ക്കാ​ടുകൾ നിറഞ്ഞ വടക്കൻ ഒ​ണ്ടേറി​യോ പ്ര​ദേ​ശത്തെ ഹോൺപാ​നിൽ ഞാൻ എന്‍റെ നവവധു എവ്‌ലീ​നുമാ​യി ട്രെ​യിനി​റങ്ങി. നേരം പുല​രുന്ന​തേയു​ള്ളൂ, മര​വിപ്പി​ക്കുന്ന തണുപ്പ്. അവി​ടെ​യുള്ള ഒരു സ​ഹോ​ദരൻ വന്ന് ഞങ്ങളെ കൂ​ട്ടി​ക്കൊ​ണ്ടു​പോയി. അ​ദ്ദേഹ​വും ഭാ​ര്യ​യും മകനും ഒന്നിച്ച് ഞങ്ങൾ ഹൃദ്യമായ പ്രാതൽ കഴിച്ചു. പിന്നെ ഞങ്ങൾ വീടു​തോ​റും സാക്ഷീ​കരി​ക്കാൻ പോയി, വഴി​യെ​ല്ലാം മഞ്ഞിൽ പുത​ഞ്ഞുകി​ടന്നു! സർക്കിട്ട് മേൽവിചാ​രക​നായ ശേഷമുള്ള ആദ്യത്തെ പരസ്യ​പ്ര​സംഗം അന്നു വൈകു​ന്നേരം ഞാൻ നടത്തി. യോ​ഗത്തിന്‌ ഞങ്ങൾ അഞ്ച് പേർ മാത്രം, വേറെ ആരു​മു​ണ്ടാ​യിരു​ന്നില്ല!

ഞാൻ നടത്തിയ 1957-ലെ ആ പ്ര​സംഗ​ത്തിന്‌ ചെ​റി​യൊരു സദസ്സേ ഉണ്ടാ​യി​രുന്നു​ള്ളൂ എന്നത്‌ എനി​ക്കൊ​രു വിഷയമേ അല്ലാ​യി​രുന്നു. കാ​രണമുണ്ട്, ഞാൻ ഉൾവലി​യുന്ന പ്രകൃതക്കാരനായിരുന്നു. ചെ​റുപ്പ​ത്തിൽ, അതി​ഥി​കൾ വീട്ടി​ലെ​ത്തു​മ്പോൾ ഞാൻ ഒളി​ച്ചിരി​ക്കും, അവരെ എനിക്കു പരി​ചയ​മു​ണ്ടെങ്കിൽപ്പോ​ലും.

രസകരമെന്നു പറയട്ടെ, യ​ഹോവ​യുടെ സം​ഘടന​യിൽ എനിക്കു ലഭി​ച്ചി​ട്ടുള്ള നി​യമന​ങ്ങളിൽ മി​ക്കവ​യും ആളു​കളു​മായി ഇട​പഴ​കേണ്ടി​വരു​ന്നവയാ​യി​രുന്നു; അതും പരിചയം ഉള്ളവരും ഇല്ലാ​ത്തവ​രും ആയ ഒട്ടേ​റെ​പ്പേരു​മായി. ആത്മ​വിശ്വാ​സ​മില്ലായ്‌മയും ലജ്ജാ​ശീ​ലവും ഇന്നും എന്നെ പി​ന്തുട​രുന്നു. അതു​കൊണ്ട്, എന്‍റെ നിയ​മനങ്ങ​ളിലു​ണ്ടായ വി​ജയങ്ങൾക്ക് ഒരു പു​കഴ്‌ചയും എനിക്ക് അവകാ​ശ​പ്പെടാ​നില്ല. പകരം, യ​ഹോവ​യുടെ ഈ വാഗ്‌ദാനത്തിന്‍റെ സത്യത ഞാൻ എന്‍റെ ജീവി​ത​ത്തിലൂ​ടെ കണ്ടി​രി​ക്കുന്നു: “നീ ഭയ​പ്പെ​ടേണ്ടാ; ഞാൻ നി​ന്നോ​ടുകൂ​ടെ ഉണ്ടു; ഭ്രമി​ച്ചു​നോ​ക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീ​കരി​ക്കും; ഞാൻ നിന്നെ സഹാ​യി​ക്കും; എന്‍റെ നീ​തി​യുള്ള വല​ങ്കൈ​കൊണ്ടു ഞാൻ നിന്നെ താങ്ങും.” (യെശ. 41:10) സഹ​വി​ശ്വാ​സിക​ളുടെ പിന്തു​ണയി​ലൂടെ​യാണ്‌ യഹോവ എന്നെ പ്രധാ​നമാ​യും സഹാ​യി​ച്ചത്‌. അവരിൽ ചില​രെ​ക്കുറിച്ച് ഞാൻ പറയാം, എന്‍റെ കുട്ടി​ക്കാ​ലംമു​തൽ എനിക്കു ലഭിച്ച പിന്തു​ണ​യെക്കു​റിച്ച്.

ഒരു ബൈബി​ളും ചെ​റി​യൊരു കറുത്ത നോട്ടുബുക്കും

തെക്കുപടിഞ്ഞാറൻ ഒണ്ടേ​റി​യോയി​ലെ ഞങ്ങളുടെ കൃഷിയിടത്തിൽ

1940-കളിലെ തെളിഞ്ഞ ഒരു പ്രഭാതം. അന്നു ഞായ​റാഴ്‌ചയാ​യി​രുന്നു. എൽസി ഹണ്ടിങ്‌ഫേർഡ്‌ എന്നൊരു വനിത തെക്കു​പ​ടിഞ്ഞാ​റൻ ഒണ്ടേ​റി​യോയി​ലെ ഞങ്ങളുടെ ഫാം ഹൗസിൽ എത്തി.  എന്‍റെ അമ്മ ചെന്ന് വാതിൽ തുറന്നു. എന്നെ​പ്പോ​ലെ​തന്നെ ലജ്ജാ​ലു​വായ അച്ഛൻ അവർ പറ​യു​ന്നതു കേ​ട്ടു​കൊണ്ട് എന്‍റെകൂടെ അക​ത്തു​തന്നെ ഇരുന്നു. എൽസി സ​ഹോ​ദരി സാധനങ്ങൾ വിൽക്കാൻ വന്ന ഏതോ സ്‌ത്രീയാ​ണെ​ന്നാണ്‌ അച്ഛൻ വി​ചാരി​ച്ചത്‌. അമ്മ ആവ​ശ്യമി​ല്ലാത്ത എ​ന്തെങ്കി​ലും വാങ്ങി​ച്ചേക്കു​മോ എന്നു ഭയന്ന് അദ്ദേഹം ഒടുവിൽ വാതിൽക്ക​ലേക്കു ചെന്ന് ‘ഞങ്ങൾക്ക് ഒന്നും വാങ്ങാൻ താത്‌പര്യ​മില്ല’ എന്നു പറഞ്ഞു. അതു കേട്ടതും സ​ഹോ​ദരി ചോ​ദി​ച്ചു: “നിങ്ങൾ ബൈബിൾ പഠി​ക്കാ​നും താത്‌പ​ര്യമി​ല്ലാ​ത്തവരാ​ണോ?” “ഓ, അതിന്‌ ഞങ്ങൾക്ക് താത്‌പ​ര്യമാണ്‌,” അദ്ദേഹം പറഞ്ഞു.

പറ്റിയ സമ​യത്താണ്‌ എൽസി സ​ഹോ​ദരി ഞങ്ങളുടെ വീട്ടിൽ വന്നത്‌. കാരണം, യു​ണൈ​റ്റഡ്‌ ചർച്ച് ഓഫ്‌ കാനഡ എന്ന സഭാ​വിഭാ​ഗത്തി​ലെ സജീ​വയംഗ​ങ്ങളായി​രുന്ന എന്‍റെ മാതാ​പി​താക്കൾ ആ സഭ വിട്ടു​പോ​രാൻ തീ​രു​മാനി​ച്ചി​രിക്കു​കയാ​യി​രുന്നു. എന്താ​യി​രുന്നു കാരണം? പള്ളിക്ക് സംഭാവന നൽകിയ ആളു​കളു​ടെ പേരുകൾ അവരുടെ സംഭാ​വന​ത്തുക​യുടെ വലു​പ്പക്ര​മത്തിൽ പള്ളിയിൽ പ്ര​ദർശി​പ്പി​ക്കുമാ​യി​രുന്നു. സാധാ​രണക്കാ​രായി​രുന്ന എന്‍റെ മാതാ​പി​താക്ക​ളുടെ പേരുകൾ പല​പ്പോ​ഴും ലിസ്റ്റിൽ താ​ഴെ​യായി​ട്ടാ​യിരി​ക്കും. കൂടുതൽ കൊ​ടു​ക്കാനാ​യി പള്ളി​യധി​കാരി​കൾ അവരെ നിർബന്ധി​ക്കുക​യും ചെയ്‌തി​രുന്നു. അതി​നി​ടെ മറ്റൊരു സംഭ​വവു​മുണ്ടാ​യി. ഒരു മതശു​ശ്രൂ​ഷകൻ, താൻ വി​ശ്വസി​ക്കുന്ന കാ​ര്യ​ങ്ങളല്ല സഭയിൽ പഠി​പ്പിക്കു​ന്ന​തെന്നും തന്‍റെ ജോലി പോ​കാതി​രിക്കാ​നാണ്‌ ഇതു ചെയ്യു​ന്ന​തെന്നും തുറ​ന്നു​സമ്മതി​ച്ചു. പിന്നെ രണ്ടുവട്ടം ആ​ലോചി​ച്ചില്ല, ഞങ്ങൾ പള്ളി​വി​ട്ടു. പക്ഷേ, ആത്മീ​യകാര്യ​ങ്ങളോ​ടുള്ള ദാഹവും വാഞ്‌ഛ​യും ഞങ്ങളിൽ അപ്പോ​ഴു​മുണ്ടാ​യി​രുന്നു.

യഹോവയുടെ സാ​ക്ഷിക​ളുടെ പ്ര​വർത്ത​നങ്ങൾ അക്കാലത്ത്‌ കാ​നഡ​യിൽ നി​രോ​ധി​ച്ചിരു​ന്നതി​നാൽ എൽസി സ​ഹോ​ദരി, ബൈബി​ളും കറു​ത്തനി​റമുള്ള ഒരു കൊ​ച്ചു​നോട്ടു​ബു​ക്കിലെ ചില കുറി​പ്പു​കളും മാത്രം ഉപ​യോ​ഗിച്ചാണ്‌ ഞങ്ങൾക്ക് അധ്യ​യന​മെടു​ത്തിരു​ന്നത്‌. ഞങ്ങൾ സ​ഹോദ​രിയെ അധി​കാ​രികൾക്ക് ഒറ്റി​ക്കൊടു​ക്കു​കയി​ല്ലെന്ന് ബോ​ധ്യ​മാ​യിക്ക​ഴിഞ്ഞ​പ്പോൾ സ​ഹോ​ദരി ഞങ്ങൾക്ക് ബൈബിൾപ്രസി​ദ്ധീക​രണങ്ങൾ നൽകിത്തു​ടങ്ങി. ഓരോ അധ്യ​യന​വും കഴി​യു​മ്പോൾ ഞങ്ങൾ പ്രസി​ദ്ധീ​കര​ണങ്ങൾ ഒളി​പ്പിച്ചു​വെ​ക്കുമാ​യി​രുന്നു. *

എന്‍റെ മാതാ​പി​താക്കൾ സത്യം സ്വീ​കരിച്ച് 1948-ൽ സ്‌നാനമേറ്റു

എതിർപ്പുകളും മറ്റു തട​സ്സങ്ങ​ളും എല്ലാ​മുണ്ടാ​യി​രുന്നി​ട്ടും എൽസി സ​ഹോ​ദരി തീക്ഷ്ണ​തയോ​ടെ സുവാർത്ത പ്ര​സംഗി​ച്ചു. സഹോ​ദ​രിയു​ടെ തീക്ഷ്ണത എന്നെ ആകർഷി​ക്കുക​യും സത്യ​ത്തി​നു​വേണ്ടി നട​പടി​കൾ സ്വീ​കരി​ക്കാൻ എന്നെ പ്ര​ചോദി​പ്പിക്കു​കയും ചെയ്‌തു. എന്‍റെ മാതാ​പി​താക്കൾ സ്‌നാന​മേറ്റ്‌ ഒരു വർഷം കഴി​ഞ്ഞ​പ്പോൾ ദൈ​വത്തോ​ടുള്ള എന്‍റെ സമർപ്പണത്തിന്‍റെ തെ​ളിവാ​യി ഞാനും സ്‌നാന​മേറ്റു. കന്നു​കാ​ലികൾക്ക് വെള്ളം നൽകാൻ ഉപ​യോഗി​ച്ചി​രുന്ന വലി​യൊ​രു ലോ​ഹത്തൊ​ട്ടി​യിലാ​യി​രുന്നു എന്‍റെ സ്‌നാനം, 1949 ഫെ​ബ്രു​വരി 27-ന്‌. അന്ന് എനിക്ക് 17 വയസ്സാ​യി​രുന്നു. മുഴു​സമ​യശു​ശ്രൂ​ഷയിൽ പ്ര​വേശി​ക്കാൻ ഞാൻ തീരു​മാ​നിച്ചു​റച്ചു.

ധൈര്യമുള്ളവനായിരിക്കാൻ യഹോവ എന്നെ സഹായിക്കുന്നു

1952-ൽ എനിക്ക് ബെ​ഥേലി​ലേ​ക്കുള്ള ക്ഷണം ലഭിച്ചു

നേരേ പയ​നിയ​റിങ്‌ തുടങ്ങാൻ എനിക്ക് അല്‌പം ധൈ​ര്യക്കു​റവു തോന്നി. പയ​നിയ​റിങ്‌ ചെയ്യാൻ കുറച്ചു പണം  കരുതിവെക്കേണ്ടതുണ്ടെന്ന് ചിന്തിച്ച ഞാൻ കു​റച്ചു​നാൾ ഒരു ബാ​ങ്കി​ലും ഒരു ഓ​ഫീസി​ലും ജോലി ചെയ്‌തു. പക്ഷേ, ഉണ്ടാക്കുന്ന പണ​മെ​ല്ലാം ഞാൻ അ​പ്പോൾത്തന്നെ ചെ​ലവഴി​ച്ചു​തീർക്കുമാ​യി​രുന്നു. കാരണം പണം എങ്ങനെ ചെല​വഴി​ക്കണ​മെന്ന് എനിക്ക് അറി​യില്ലാ​യി​രുന്നു, പോ​രാത്ത​തിന്‌ ചെ​റുപ്പ​വും. അങ്ങ​നെയി​രിക്കെ, റ്റെഡ്‌ സാർജെന്‍റ് സ​ഹോ​ദരൻ എനിക്കു ധൈര്യം പകർന്നു; യ​ഹോവ​യിൽ വിശ്വാ​സമർപ്പിക്കാ​നും സ​ഹോ​ദരൻ എന്നോടു പറഞ്ഞു. (1 ദിന. 28:10) ആ പ്രോ​ത്സാ​ഹനവാ​ക്കു​കളാൽ ധൈര്യ​പ്പെട്ട് ഞാൻ 1951 നവം​ബ​റിൽ പയ​നിയ​റിങ്‌ തുടങ്ങി. എനിക്ക് ആ​കെയു​ണ്ടാ​യിരു​ന്നത്‌ 40 ഡോ​ള​റും ഒരു പുതിയ ബ്രീഫ്‌കെയ്‌സും ഒരു പഴയ സൈക്കി​ളും ആയി​രു​ന്നു. പക്ഷേ, യഹോവ എല്ലായ്‌പോ​ഴും എനിക്ക് ആവ​ശ്യ​മായ​തെല്ലാ​മു​ണ്ടെന്ന് ഉറ​പ്പുവ​രുത്തി. പയനി​യർസേ​വനം ഏ​റ്റെടു​ക്കാൻ റ്റെഡ്‌ എന്നെ പ്രോ​ത്സാഹി​പ്പിച്ച​തിന്‌ എനിക്ക് എത്ര നന്ദി​യു​ണ്ടെന്നോ! കൂ​ടുത​ലായ അനു​ഗ്ര​ഹങ്ങൾ എന്നെ കാ​ത്തി​രിക്കു​കയാ​യി​രുന്നു.

1952 ആഗസ്റ്റ് അവസാനം ഒരു വൈകു​ന്നേരം, എനിക്ക് ടൊറൊന്‍റോയിൽനിന്ന് ഒരു ഫോൺസ​ന്ദേശം ലഭിച്ചു. സെപ്‌റ്റം​ബർമു​തൽ ബെ​ഥേൽസേവന​ത്തിന്‌ എന്നെ ക്ഷണി​ച്ചു​കൊണ്ട് യ​ഹോവ​യുടെ സാ​ക്ഷിക​ളുടെ കാനഡ ബ്രാ​ഞ്ചോ​ഫീസിൽനി​ന്നുള്ള സന്ദേ​ശമാ​യിരു​ന്നു അത്‌. ഇതി​നു​മുമ്പ് ഞാൻ ബെഥേൽ സന്ദർശിച്ചി​ട്ടില്ല. പോ​രാത്ത​തിന്‌, ലജ്ജാ​ലു​വും. എന്നിട്ടും ഞാൻ ആവേ​ശഭരി​തനാ​യി. കാരണം, മറ്റു പയ​നിയർമാർ ബെ​ഥേലി​നെ​പ്പറ്റി പറഞ്ഞ കാര്യങ്ങൾ എന്‍റെ മനസ്സി​ലേക്കു​വന്നു. ബെ​ഥേലു​മായി ഞാൻ വേഗം ഇണ​ങ്ങി​ച്ചേർന്നു.

“സഹോ​ദ​രങ്ങളു​ടെ കാ​ര്യ​ത്തിൽ താത്‌പര്യ​മു​ണ്ടെന്ന് അവർ കാണട്ടെ”

ബെഥേലിലെത്തി രണ്ട് വർഷം കഴി​ഞ്ഞ​പ്പോൾ ഞാൻ ടൊറന്‍റോയിലെ ഷാ ‘യൂ​ണി​റ്റിൽ’ * സഭാ​ദാസ​നായി (ഇന്ന്, മൂ​പ്പന്മാ​രുടെ സംഘത്തിന്‍റെ ഏ​കോ​പകൻ എന്ന് അറി​യപ്പെ​ടുന്നു) നിയ​മിക്ക​പ്പെട്ടു. മുമ്പ് ബിൽ യേക്ക​സാ​യിരു​ന്നു കമ്പനി ദാസൻ. ഞാ​നാ​കട്ടെ, വെറും 23 വയസ്സുള്ള ഒരു പാവം കർഷകബാ​ലൻ! എന്നാൽ ചെ​യ്യേ​ണ്ടത്‌ എന്താ​ണെന്ന് യേക്കസ്‌ സ​ഹോ​ദരൻ താഴ്‌മ​യോ​ടും സ്‌നേഹ​ത്തോ​ടും കൂടെ എനിക്കു കാ​ണിച്ചു​തന്നു. അതെ, യഹോവ ഇവി​ടെ​യും എന്നെ സഹാ​യി​ച്ചു!

പൊക്കം കുറഞ്ഞ് നന്നായി തടിച്ച യേക്കസ്‌ സ​ഹോ​ദരൻ എ​പ്പോ​ഴും പു​ഞ്ചിരി​ക്കുന്ന, ആളുളിൽ ആത്മാർത്ഥതാത്‌പര്യമെടുക്കുന്ന ആളാ​യി​രുന്നു. അദ്ദേഹം സ​ഹോദ​രങ്ങളെ സ്‌നേഹി​ച്ചു, അവർ അ​ദ്ദേഹ​ത്തെയും! സഹോ​ദര​ങ്ങൾക്കു പ്രശ്‌നങ്ങ​ളുള്ള​പ്പോൾ മാത്രമല്ല മറ്റു സമ​യങ്ങളി​ലും അദ്ദേഹം അവരെ ക്ര​മമാ​യി സന്ദർശി​ച്ചിരു​ന്നു. അങ്ങ​നെ​തന്നെ ചെയ്യാൻ യേക്കസ്‌ സ​ഹോ​ദരൻ എ​ന്നോ​ടും പറഞ്ഞു; കൂടാതെ, സ​ഹോ​ദരീ​സഹോ​ദര​ന്മാ​രോ​ടൊപ്പം വയൽശു​ശ്രൂഷ​യിൽ ഒരു​മി​ച്ചു പ്രവർത്തി​ക്കാ​നും. “കെൻ, നിനക്ക് സഹോ​ദ​രങ്ങളു​ടെ കാ​ര്യ​ത്തിൽ താത്‌പര്യ​മു​ണ്ടെന്ന് അവർ കാണട്ടെ. നിന്‍റെ എല്ലാ പോ​രായ്‌മക​ളും അതിൽ മൂടി​പ്പൊയ്‌ക്കൊ​ള്ളും!” എന്ന് അദ്ദേഹം പറയു​മാ​യിരു​ന്നു.

ഭാര്യയുടെ സ്‌നേഹ​വും പിന്തുണയും

1957 മുതൽ യഹോവ എന്നെ ഒരു സവി​ശേഷ​വിധ​ത്തിൽ സഹാ​യിച്ചി​രി​ക്കുന്നു. ഗി​ലെയാദ്‌ സ്‌കൂളിന്‍റെ 14-‍ാമത്തെ ക്ലാസ്സിൽനി​ന്നും ബിരുദം നേടിയ എവ്‌ലീ​നെ ആ ജനു​വരി​യിലാണ്‌ ഞാൻ വിവാഹം ചെയ്‌തത്‌. വി​വാഹ​ത്തിനു മുമ്പ് അവൾ ഫ്രഞ്ച് സം​സാരി​ക്കുന്ന ക്യു​ബെക്ക് പ്ര​വിശ്യ​യിൽ സേ​വിച്ചു​വരി​കയാ​യി​രുന്നു. അക്കാ​ലങ്ങ​ളിൽ ക്യു​ബെക്ക് മു​ഖ്യമാ​യും റോമൻ ക​ത്തോലി​ക്കാ സഭയുടെ നിയ​ന്ത്രണ​ത്തിലാ​യി​രുന്നു. വളരെ വിഷ​മംപി​ടിച്ച ഒരു നി​യമന​മായി​രു​ന്നെങ്കി​ലും എവ്‌ലീൻ ആ നിയ​മന​ത്തോട്‌ പറ്റി​നി​ന്നു, യഹോ​വ​യോ​ടും.

എവ്‌ലീനും ഞാനും 1957-ൽ വിവാഹിതരായി

എവ്‌ലീൻ എ​ന്നോ​ടും ഇന്നുവരെ വിശ്വ​സ്‌തമാ​യി പറ്റി​നിന്നി​രി​ക്കുന്നു. (എഫെ. 5:31) ഞങ്ങൾ വിവാ​ഹി​തരായ ഉടനെ ഒരു സാഹ​ചര്യ​മുണ്ടാ​യി. വി​വാഹ​ശേഷം യു.എസ്‌.എ.-യിലെ ഫ്‌ളോ​റി​ഡയി​ലേക്ക് യാത്ര പോകാൻ ഞങ്ങൾ തീ​രു​മാനി​ച്ചി​രുന്നു. പക്ഷേ, വിവാഹത്തിന്‍റെ പിറ്റേന്ന് ബ്രാഞ്ച് എന്നോട്‌ കാ​നഡയി​ലെ ബെ​ഥേ​ലിൽ ഒരാഴ്‌ചത്തെ ഒരു യോ​ഗ​ത്തിൽ സം​ബന്ധി​ക്കാൻ ആവ​ശ്യ​പ്പെട്ടു. ഈ യോഗം ഞങ്ങളുടെ പദ്ധതി​ക​ളെല്ലാം തടസ്സ​പ്പെടു​ത്തി​യെങ്കി​ലും യഹോവ ഞങ്ങ​ളോട്‌ ആവശ്യ​പ്പെടു​ന്നത്‌ എന്താ​യാ​ലും അത്‌ ചെയ്യാൻ ഞങ്ങൾ തീരു​മാ​നിച്ചു. അതു​കൊണ്ട് മധു​വി​ധുയാ​ത്ര ഞങ്ങൾ വേ​ണ്ടെന്നു​വെച്ചു. ആ ആഴ്‌ച എവ്‌ലീൻ ബ്രാ​ഞ്ചിന്‌ അടുത്തുള്ള പ്ര​ദേശ​ങ്ങളിൽ വയൽസേ​വനം ചെയ്‌തു. ക്യു​ബെ​ക്കിനെ അ​പേക്ഷിച്ച് വളരെ വ്യത്യസ്‌തമായ പ്ര​ദേശ​മായി​രു​ന്നെങ്കി​ലും അവൾ ക്ഷമ​യോ​ടെ പിടി​ച്ചു​നിന്നു.

 ആ വാ​രാന്ത​ത്തിൽ ഒരു അപ്ര​തീക്ഷി​തവാർത്ത എന്നെ തേ​ടി​യെത്തി. വടക്കൻ ഒണ്ടേ​റി​യോ​യിൽ ഒരു സർക്കിട്ട് മേൽവിചാ​രക​നായി എന്നെ നിയ​മിച്ചി​രി​ക്കുന്നു! വെറും 25 വയസ്സുള്ള ഒരു നവവരൻ, അനു​ഭവ​പരി​ചയം ഒട്ടുമില്ല! എന്നിട്ടും യ​ഹോവ​യിൽ ആശ്ര​യിച്ചു​കൊണ്ട് ഞങ്ങൾ പു​റ​പ്പെട്ടു. കാ​നഡയി​ലെ കനത്ത ശൈത്യ​ത്തിൽ ഞങ്ങൾ ഒരു രാ​ത്രി​വണ്ടി​യിൽ കയറി. ആ തീ​വണ്ടി​യിൽ തങ്ങളുടെ നി​യമ​നപ്ര​ദേശ​ത്തേക്ക് മടങ്ങു​കയാ​യി​രുന്ന പരി​ചയ​സമ്പന്ന​രായ കുറെ സഞ്ചാര മേൽവി​ചാ​രകന്മാ​രു​മുണ്ടാ​യി​രുന്നു. അവർ ഞങ്ങളെ എത്ര പ്രോ​ത്സാഹി​പ്പി​ച്ചെന്നോ! ഒരു സ​ഹോ​ദരൻ അദ്ദേഹത്തിന്‍റെ ബെർത്ത്‌ ഞങ്ങൾക്കു തന്നു. അല്ലാ​യിരു​ന്നെ​ങ്കിൽ രാത്രി മുഴുവൻ ഞങ്ങൾ ഇരുന്ന് ഉറ​ങ്ങേണ്ടി​വ​ന്നേനെ! പിറ്റേന്നു രാവിലെ, ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 15-‍ാ‍ം ദിവസം, ഞാൻ തു​ടക്ക​ത്തിൽ സൂ​ചി​പ്പിച്ച ഹോൺപാ​നിലെ ആ കൊ​ച്ചുകൂ​ട്ടത്തെ സന്ദർശിച്ചു​കൊണ്ട് ഞങ്ങളുടെ സഞ്ചാ​ര​വേല തുടങ്ങി.

ഇനിയും പല മാറ്റങ്ങൾ ഞങ്ങളെ കാ​ത്തിരി​ക്കു​ന്നുണ്ടാ​യി​രുന്നു. 1960-ന്‍റെ അവസാനം ഞങ്ങൾ ഡിസ്‌ട്രിക്‌റ്റ്‌ വേല​യിലാ​യി​രിക്കെ ഗി​ലെയാദ്‌ സ്‌കൂളിന്‍റെ 36-‍ാമത്തെ ക്ലാസ്സിൽ പങ്കെ​ടുക്കാ​നുള്ള ക്ഷണം എനിക്കു കിട്ടി. ന്യൂ​യോർക്കിൽ ബ്രു​ക്ലിനിൽവെച്ച് 1961 ഫെ​ബ്രു​വരി ആദ്യം തുടങ്ങുന്ന പത്തു​മാ​സത്തെ ഒരു കോഴ്‌സാ​യി​രുന്നു അത്‌. ഞാൻ ആ​വേശ​ഭരി​തനാ​യെങ്കി​ലും എവ്‌ലീന്‌ ക്ഷണം കിട്ടി​യി​ല്ലെന്ന് അറി​ഞ്ഞ​പ്പോൾ എന്‍റെ സന്തോഷം മങ്ങി. കുറഞ്ഞത്‌ പത്ത്‌ മാസ​മെങ്കി​ലും വേർപി​രി​ഞ്ഞിരി​ക്കാൻ സമ്മ​തമാ​ണെന്ന് അറി​യിച്ചു​കൊ​ണ്ടുള്ള ഒരു കത്ത്‌ എഴുതാൻ എവ്‌ലീ​നോട്‌ ആവ​ശ്യ​പ്പെട്ടു. ഇത്തരം സാഹ​ചര്യ​ങ്ങളിൽ ഭാ​ര്യ​മാർ സാധാരണ ഇങ്ങനെ ചെ​യ്യേണ്ടതു​ണ്ടായി​രുന്നു. എവ്‌ലീൻ ആദ്യം കര​ഞ്ഞെങ്കി​ലും പിന്നെ സമ്മതിച്ചു. അങ്ങനെ ഞാൻ ക്ലാസ്സിൽ പ​ങ്കെടു​ക്കാൻ തീരു​മാ​നിച്ചു. എനിക്ക് ഗി​ലെയാ​ദിൽനിന്ന് മികച്ച പരി​ശീ​ലനം ലഭി​ക്കു​ന്നത്‌ അവൾക്കു സന്തോ​ഷമാ​യി​രുന്നു.

ഞാൻ കൂ​ടെയി​ല്ലാതി​രുന്ന കാ​ലയള​വിൽ, എവ്‌ലീൻ കാനഡ ബ്രാഞ്ചിൽ സേവിച്ചു. ആ സമയത്ത്‌ മാർഗ​രറ്റ്‌ ലവ്‌ൽ എന്ന ഒരു അഭി​ഷി​ക്തസ​ഹോദ​രി​യോ​ടൊപ്പം ഒരേ മു​റി​യിൽ താമ​സിക്കാ​നുള്ള അവസരം എവ്‌ലീന്‌ കിട്ടി. ഞാൻ അവ​ളു​ടെയും അവൾ എന്‍റെയും സാ​മീ​പ്യം കൊ​തി​ച്ചു! എങ്കിലും യ​ഹോവ​യുടെ സഹാ​യ​ത്താൽ ഞങ്ങളുടെ ഈ താത്‌കാ​ലി​കനി​യമന​ങ്ങളിൽ ഞങ്ങൾക്ക് മനസ്സു​പതി​പ്പിക്കാ​നായി. യഹോ​വയ്‌ക്കും അവന്‍റെ സംഘ​ടനയ്‌ക്കും കൂടുതൽ പ്ര​യോ​ജന​മുള്ള​വരാ​യിത്തീ​രാൻ, ഞങ്ങൾക്ക് ഒന്നി​ച്ചാ​യി​രിക്കാ​നുള്ള അവസരങ്ങൾ വിട്ടു​കൊ​ടു​ക്കുന്ന​തിന്‌ അവൾക്ക് മനസ്സാ​യി​രുന്നു. അത്‌ എന്നെ ആഴത്തിൽ സ്‌പർശി​ച്ചു!

ഗിലെയാദ്‌ ക്ലാസ്സ് തുടങ്ങി ഏകദേശം മൂന്ന് മാസം കഴി​ഞ്ഞ​പ്പോൾ അന്ന് ലോ​കവ്യാ​പക വേ​ലയ്‌ക്ക് നേതൃത്വം കൊ​ടുത്തി​രുന്ന നേഥൻ എച്ച്. നോർ സ​ഹോ​ദരൻ എനിക്ക് ഒരു അസാ​ധാര​ണമായ ക്ഷണം വെ​ച്ചുനീ​ട്ടി. ക്ലാസ്സ് അവി​ടെ​വെച്ച് അവസാ​നി​പ്പിച്ച് കാനഡ ബ്രാ​ഞ്ചി​ലേക്കു മട​ങ്ങി​പ്പോയി, രാജ്യ​ശു​ശ്രൂ​ഷാ സ്‌കൂ​ളിൽ അധ്യാ​പ​കനാ​യുള്ള ഒരു താത്‌കാ​ലിക നിയമനം സ്വീ​കരി​ക്കാ​മോ എന്ന് അദ്ദേഹം എന്നോടു ചോ​ദി​ച്ചു. ഞാൻ ആ ക്ഷണം സ്വീ​കരി​ക്കണ​മെന്ന് നിർബന്ധമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വേ​ണമെ​ങ്കിൽ എനിക്ക് ഗി​ലെയാദ്‌ കോ​ഴ്‌സ്‌ പൂർത്തീക​രിച്ച് മിഷ​നറി​വേല​യിൽ പ്ര​വേശി​ക്കാം. എന്നാൽ, ഞാൻ കാനഡ ബ്രാ​ഞ്ചി​ലേക്ക് പോകാൻ തീ​രുമാ​നി​ക്കുക​യാ​ണെങ്കിൽ പിന്നീട്‌ ഒരി​ക്ക​ലും ഗി​ലെയാ​ദിൽ പ​ങ്കെടു​ക്കാ​നാ​യെന്നു​വരില്ല എന്നും സാധ്യ​തയ​നുസ​രിച്ച് കാ​നഡയി​ലെ വയലി​ലേക്കു​തന്നെ എന്നെ നിയ​മിക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു. ഭാര്യ​യു​മായി ആലോ​ചി​ച്ചിട്ട് തീരു​മാ​നി​ച്ചാൽ മതി​യെ​ന്നും സ​ഹോ​ദരൻ അറി​യി​ച്ചു.

ദിവ്യാധിപത്യനിയമനങ്ങളെ താൻ എങ്ങ​നെയാണ്‌ വീക്ഷി​ക്കു​ന്ന​തെന്ന് എവ്‌ലീൻ നേരത്തെ എന്നോട്‌ പറ​ഞ്ഞിട്ടു​ണ്ടാ​യിരു​ന്നതി​നാൽ ഞാൻ നോർ സഹോ​ദ​രനോട്‌ ഉടൻതന്നെ ഇങ്ങനെ പറഞ്ഞു: “യ​ഹോവ​യുടെ സംഘടന എന്തു ചെ​യ്യാനാ​ണോ ഞങ്ങ​ളോട്‌ ആവശ്യ​പ്പെടു​ന്നത്‌, അതു ചെയ്യാൻ ഞങ്ങൾക്കു സ​ന്തോ​ഷമേ ഉള്ളൂ.” നമ്മുടെ താത്‌പ​ര്യങ്ങൾ എന്തു​തന്നെ​യായി​ക്കൊ​ള്ളട്ടെ, യ​ഹോവ​യുടെ സംഘടന പോകാൻ പറയു​ന്നി​ട​ത്തേക്കു പോകുക! ഞങ്ങൾ അതാണു ചെയ്‌തത്‌!

 അങ്ങനെ, 1961 ഏ​പ്രി​ലിൽ ഞാൻ രാജ്യ​ശു​ശ്രൂ​ഷാ സ്‌കൂ​ളിൽ പഠി​പ്പി​ക്കു​ന്നതി​നായി ബ്രു​ക്ലിനിൽനിന്ന് കാന​ഡയി​ലേക്കു പോയി. പിന്നീട്‌ ഞങ്ങൾ ബെ​ഥേ​ലിൽ സേ​വി​ക്കാൻ തുടങ്ങി. അങ്ങ​നെയി​രിക്കെ, വീണ്ടും എന്നെ അതി​ശയിപ്പി​ച്ചു​കൊണ്ട്, 1965-ൽ ആരം​ഭിക്കാ​നി​രുന്ന 40-‍ാമത്തെ ഗി​ലെയാദ്‌ ക്ലാസ്സിൽ പങ്കെ​ടുക്കാ​നുള്ള ക്ഷണം എന്നെ​ത്തേ​ടി​യെത്തി. പിരി​ഞ്ഞി​രി​ക്കാൻ സമ്മ​തമാ​ണെന്ന് അറി​യിച്ചു​കൊ​ണ്ടുള്ള കത്ത്‌ വീണ്ടും എവ്‌ലീന്‌ എഴു​തേണ്ടി​വന്നു. എന്നാൽ, ഏതാനും ആഴ്‌ചകൾ കഴിഞ്ഞ്, ഞങ്ങളെ രണ്ടു​പേ​രെയും സന്തോ​ഷിപ്പി​ച്ചു​കൊണ്ട് ഒരു ക്ഷണം വന്നു, ഗി​ലെയാ​ദി​ലേക്ക് എവ്‌ലീ​നുള്ള ക്ഷണം!

ഞങ്ങൾ ഗി​ലെയാദ്‌ ക്ലാസ്സിൽ ചെ​ന്ന​പ്പോൾ, ഫ്രഞ്ച് ഭാഷാ​ക്ലാ​സ്സുക​ളിൽ പേ​രു​കൊ​ടുത്തി​ട്ടുള്ള ഞങ്ങ​ളെപ്പോ​ലു​ള്ളവരെ ആ​ഫ്രിക്ക​യി​ലേക്കാ​യിരി​ക്കും നിയ​മിക്കു​ക​യെന്ന് നോർ സ​ഹോ​ദരൻ ഞങ്ങ​ളോ​ടു പറഞ്ഞു. എന്നാൽ ബിരു​ദദാ​നച്ച​ടങ്ങിൽ ഞങ്ങളെ നി​യമി​ച്ചതോ, കാന​ഡയി​ലേക്ക്; അതും, ബ്രാഞ്ച് മേൽവിചാ​രകനാ​യിട്ട്! (ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റി കോർഡി​നേറ്റർ എന്നറി​യ​പ്പെടു​ന്നു.) എനിക്ക് അപ്പോൾ 34 വയസ്സേ ഉണ്ടാ​യി​രുന്നു​ള്ളൂ. ഞാൻ നോർ സഹോ​ദ​രനോ​ടു പറഞ്ഞു: “എന്നാലും ഞാൻ ചെ​റുപ്പ​മല്ലേ സ​ഹോ​ദരാ!” പക്ഷേ അദ്ദേഹം എനിക്കു മന​ക്കരുത്ത്‌ പകർന്നു. തു​ടക്കം​മുതൽ, ഗൗ​രവ​മേറിയ തീ​രുമാ​നങ്ങൾ എടു​ക്കേണ്ടി​വരു​മ്പോൾ ബെ​ഥേലി​ലെ പ്രാ​യ​വും പരി​ചയ​വും ഉള്ള സഹോ​ദര​ന്മാ​രോട്‌ ഞാൻ ആലോ​ചി​ക്കുമാ​യി​രുന്നു.

ബെഥേൽ, പഠി​ക്കാ​നും പഠി​പ്പിക്കാ​നും ഉള്ള ഒരു സ്ഥലം

ബെഥേൽസേവനം മറ്റു​ള്ളവരിൽനി​ന്നു പഠി​ക്കാ​നുള്ള വി​ലയേ​റിയ അവസരങ്ങൾ എനിക്കു നൽകി. ബ്രാഞ്ച് കമ്മി​റ്റി​യിലെ മറ്റം​ഗ​ങ്ങളെ ഞാൻ അങ്ങേയറ്റം ആദരി​ക്കു​കയും മാനി​ക്കു​കയും ചെയ്യുന്നു. ബെ​ഥേലി​ലെ​യും ഞങ്ങൾ സഹവസിച്ച സഭക​ളി​ലെയും നൂറു​കണ​ക്കിന്‌ ക്രിസ്‌തീയ സഹോ​ദരീ​സ​ഹോദ​രന്മാർ ഞങ്ങൾക്ക് എന്നും പ്ര​ചോദ​നമാ​യിരു​ന്നി​ട്ടുണ്ട്. ഇവരിൽ ചെറു​പ്പക്കാ​രും പ്രാ​യമാ​യവ​രും ഉൾപ്പെടു​ന്നു.

കാനഡ ബെ​ഥേൽകു​ടും​ബത്തിൽ പ്രഭാ​താ​രാധന നടത്തുന്നു

ബെഥേൽസേവനത്തിലൂടെ എനിക്ക് മറ്റു​ള്ള​വരെ പഠി​പ്പിക്കാ​നും അവരുടെ വി​ശ്വാ​സം ശക്തി​പ്പെടു​ത്താ​നും കഴി​ഞ്ഞി​രിക്കു​ന്നു. പൗ​ലോസ്‌ അ​പ്പൊസ്‌തലൻ തി​മൊ​ഥെ​യൊ​സി​നോട്‌ ഇങ്ങനെ പറഞ്ഞു: ‘നീ പഠിച്ച കാ​ര്യങ്ങ​ളിൽ നി​ലനിൽക്കുക.’ കൂടാതെ, അവൻ ഇങ്ങ​നെ​യും പറഞ്ഞു: “നീ എന്നിൽനി​ന്നു കേട്ടതും അനേകം സാ​ക്ഷിക​ളാൽ സ്ഥിരീ​കരി​ക്ക​പ്പെട്ടതു​മായ കാര്യങ്ങൾ വിശ്വസ്‌തരായ പുരു​ഷന്മാർക്കു പകർന്നു​കൊടു​ക്കുക; അങ്ങനെ അവരും മറ്റു​ള്ള​വരെ പഠി​പ്പി​ക്കാൻ സജ്ജരാ​യി​ത്തീ​രും.” (2 തിമൊ. 2:2; 3:14) ചി​ല​പ്പോൾ സ​ഹോദ​രങ്ങൾ എന്നോടു ചോ​ദി​ക്കാറുണ്ട്, 57 വർഷത്തെ ബെ​ഥേൽസേവന​ത്തിൽനിന്ന് ഞാൻ എന്തു പഠിച്ചു എന്ന്. എനിക്ക് ഇത്രയേ പറ​യാനു​ള്ളൂ: “യ​ഹോവ​യുടെ സംഘടന നി​ങ്ങളോട്‌ ചെയ്യാൻ ആവശ്യ​പ്പെടു​ന്നത്‌ മന​സ്സോ​ടെ ചെയ്യുക, അത്‌ ഉടനടി ചെയ്യുക. സഹാ​യത്തി​നായി യ​ഹോവ​യിൽ ആ​ശ്രയി​ക്കുക.”

ജീവിതാനുഭവങ്ങളില്ലാത്ത, നാണം​കു​ണുങ്ങി​യായ ഒരു ചെറു​പ്പക്കാ​രനാ​യി ഞാൻ ബെഥേലിന്‍റെ പടി​കട​ന്നെത്തി​യത്‌ ഇന്ന​ലെ​യെന്നോ​ണം ഓർക്കു​ന്നു. കട​ന്നു​പോയ വർഷ​ങ്ങളി​ലെ​ല്ലാം യഹോവ എന്‍റെ ‘വലങ്കൈ പിടി​ച്ചി​രിക്കു​കയാ​യി​രുന്നു.’ സഹോ​ദ​രങ്ങളു​ടെ കരു​ത​ലും പരി​ഗണ​നയും സമ​യോ​ചിത​മായ സഹാ​യ​വും വഴി യഹോവ ഇ​പ്പോ​ഴും എന്നോട്‌ ഇങ്ങനെ പറ​യുക​യാണ്‌: “ഭയ​പ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹാ​യി​ക്കും.”—യെശ. 41:13.

^ ഖ. 10 1945 മെയ്‌ 22-ന്‌ ക​നേഡി​യൻ ഗവണ്മെന്‍റ് നമ്മുടെ വേല​യു​ടെമേ​ലുള്ള നി​രോ​ധനം നീക്കി.

^ ഖ. 16 അക്കാലത്ത്‌ ഒരു നഗരത്തിൽ ഒന്നി​ലേറെ സഭകൾ പ്രവർത്തിക്കു​ന്നു​ണ്ടെങ്കിൽ ഓരോ സഭ​യെ​യും ഓരോ ‘യൂണി​റ്റു​കളാ​യി’ കണക്കാ​ക്കി​യിരു​ന്നു.