വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഏപ്രില്‍ 

നിങ്ങൾക്ക് അറിയാമോ?

നിങ്ങൾക്ക് അറിയാമോ?

 നിങ്ങൾക്ക് അറിയാമോ?

ചില സാഹചര്യങ്ങളിൽ ആളുകൾ സ്വന്തം ‘വസ്‌ത്രം കീറിയതായി’ ബൈബിൾവിവരണങ്ങളിൽ നാം വായിക്കുന്നു. എന്തായിരുന്നു അതിന്‍റെ പ്രയുക്തി?

വ്യക്തികൾ സ്വന്തം വസ്‌ത്രം കീറിയ നിരവധി സന്ദർഭങ്ങൾ തിരുവെഴുത്തുകൾ വർണിക്കുന്നുണ്ട്. ആധുനികകാല വായനക്കാർക്ക് അത്തരം ഒരു നടപടി വളരെ വിചിത്രമായി തോന്നിയേക്കാം. എന്നിരുന്നാലും, യഹൂദന്മാരെ സംബന്ധിച്ചിത്തോളം അത്‌ നിരാശ, ദുഃഖം, അപമാനം, ക്രോധം, വിലാപം എന്നിത്യാദി തീവ്രവികാരങ്ങളുടെ ഒരു പ്രകടനമായിരുന്നു.

ഉദാഹരണത്തിന്‌, യോസേഫ്‌ ഒരു അടിമയായി വിൽക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയപ്പോൾ അവന്‍റെ സഹോദരനായ രൂബേൻ തനിക്ക് അവനെ രക്ഷിക്കാൻ കഴിയാഞ്ഞതു നിമിത്തം “തന്‍റെ വസ്‌ത്രം കീറി.” അവരുടെ പിതാവായ യാക്കോബ്‌, യോസേഫിനെ ഏതോ ദുഷ്ടമൃഗം തിന്നുകളഞ്ഞു എന്ന് കരുതി “വസ്‌ത്രം കീറി.” (ഉല്‌പ. 37:18-35) തന്‍റെ മക്കളെല്ലാം കൊല്ലപ്പെട്ടെന്നു കേട്ടപ്പോൾ ഇയ്യോബ്‌ തന്‍റെ “വസ്‌ത്രം കീറി.” (ഇയ്യോ. 1:18-20) ഇസ്രായേല്യർ യുദ്ധത്തിൽ പരാജയപ്പെട്ടെന്നും ഏലിയുടെ രണ്ടു പുത്രന്മാർ കൊല്ലപ്പെട്ടെന്നും ശത്രുക്കൾ ദൈവത്തിന്‍റെ പെട്ടകം പിടിച്ചെടുത്തെന്നും മഹാപുരോഹിതനായ ഏലിയെ അറിയിക്കാനായി ഓടിയെത്തിയ സന്ദേശവാഹകനും തന്‍റെ “വസ്‌ത്രം കീറി”യിരുന്നു. (1 ശമൂ. 4:12-17) ന്യായപ്രമാണപുസ്‌തകം വായിച്ചുകേൾക്കുകയും ജനം ചെയ്‌തുകൂട്ടിയിരിക്കുന്ന പാപങ്ങളെക്കുറിച്ച് അതുവഴി തിരിച്ചറിയുകയും ചെയ്‌ത യോശീയാവ്‌ തന്‍റെ “വസ്‌ത്രം കീറി.”—2 രാജാ. 22:8-13.

യേശു വിചാരണചെയ്യപ്പെട്ടപ്പോൾ അവന്‍റെ വാക്കുകളെ ദൈവദൂഷണമായി വിധിച്ചുകൊണ്ട് മഹാപുരോഹിതനായ കയ്യഫാവ്‌ തന്‍റെ “മേലങ്കി കീറി.” (മത്താ. 26:59-66) ആരെങ്കിലും ദൈവനാമത്തിനെതിരെ ദൂഷണം പറയുന്നത്‌ കേൾക്കുന്ന ഒരുവൻ സ്വന്തം വസ്‌ത്രം കീറാനുള്ള കടപ്പാടിൻകീഴിലാണെന്ന് റബ്ബിമാരുടെ സമ്പ്രദായം അനുശാസിച്ചിരുന്നു. എന്നിരുന്നാലും, അങ്ങനെപോയാൽ അങ്കി ഒടുവിൽ ഒരു കീറത്തുണിയായി പരിണമിക്കും എന്നതുകൊണ്ട് “ഇക്കാലത്ത്‌, ദിവ്യനാമത്തിന്‌ എതിരെയുള്ള ദൂഷണം ആരെങ്കിലും കേൾക്കുന്ന പക്ഷം വസ്‌ത്രം കീറേണ്ടതില്ല” എന്ന് യെരുശലേമിന്‍റെ നാശത്തിനുശേഷമുള്ള റബ്ബിമാരുടെ മറ്റൊരു പാരമ്പര്യലിഖിതം പ്രസ്‌താവിക്കുന്നു.

ഒരു വ്യക്തി പ്രകടമാക്കുന്ന ദുഃഖം ആത്മാർഥമല്ലാത്തപക്ഷം വസ്‌ത്രം കീറുന്നതുപോലുള്ള പ്രവൃത്തികൾ ദൈവദൃഷ്ടിയിൽ നിരർഥകമാണ്‌. അതുകൊണ്ടാണ്‌ “വസ്‌ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി” ‘തന്‍റെ അടുക്കലേക്കു തിരിവാൻ’ യഹോവ തന്‍റെ ജനത്തോട്‌ ആവശ്യപ്പെട്ടത്‌.—യോവേ. 2:13.