വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഏപ്രില്‍ 

രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധ്യമല്ല

രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധ്യമല്ല

“രണ്ടുയജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല . . . നിങ്ങൾക്ക് ഒരേസമയംദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല.”—മത്താ. 6:24.

1-3. (എ) എന്തെല്ലാം സാമ്പത്തികക്ലേശങ്ങൾ ഇന്ന് അനേകർ നേരിടുന്നു, ചിലർ അത്‌ പരിഹരിക്കാൻ ശ്രമിക്കുന്നത്‌ എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) കുട്ടികളെ വളർത്തുന്നത്‌ സംബന്ധിച്ച് ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?

“പകലന്തിയോളം പണിയെടുത്ത്‌ ക്ഷീണിച്ചവശനായാണ്‌ എന്‍റെ ഭർത്താവ്‌ ജയിംസ്‌ എല്ലാ ദിവസവും വീട്ടിലേക്ക് വന്നിരുന്നത്‌. എന്നിട്ടും, കഷ്ടിച്ച് കഴിഞ്ഞുകൂടാനുള്ള വരുമാനമേ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നുള്ളൂ,” മെർളിൻ പറയുന്നു. * “അദ്ദേഹത്തിന്‍റെ ഭാരം അല്‌പമൊന്ന് ഇളച്ചുകൊടുക്കാനും, ഞങ്ങളുടെ മകൻ ജിമ്മിക്ക് അവന്‍റെ കൂടെപ്പഠിക്കുന്ന കുട്ടികൾക്കുള്ളതുപോലെ ഓരോന്നൊക്കെ വാങ്ങിക്കൊടുക്കാനും എനിക്ക് ആഗ്രഹമുണ്ടായിരുന്നു.” കൂടാതെ, കൂടെപ്പിറപ്പുകളെ സഹായിക്കണമെന്നും നാളേക്കുവേണ്ടി അല്‌പസ്വല്‌പം എന്തെങ്കിലും കരുതിവെക്കണമെന്നും മെർളിന്‍റെ ഉള്ളിലുണ്ടായിരുന്നു. അവളുടെ പല സുഹൃത്തുക്കളും പണമുണ്ടാക്കാനായി അതിനോടകംതന്നെ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നു. പക്ഷേ, താൻ ഒരു മറുനാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ സമ്മിശ്രവികാരങ്ങളാണ്‌ അവളുടെ മനസ്സിൽ ഓളംവെട്ടിയത്‌. എന്തായിരുന്നു കാരണം?

2 തന്‍റെ എല്ലാമായ കുടുംബവും സ്ഥിരത കൈവരിച്ചിരുന്ന ആത്മീയചര്യയും ഉപേക്ഷിച്ച് പോകുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് ഭയം തോന്നി. എങ്കിലും, ‘കുറച്ചുകാലം വിദേശത്ത്‌ ജോലിചെയ്‌ത്‌ മടങ്ങിവന്ന എത്രയോ പേരുണ്ട്. അവരുടെയൊക്കെ കുടുംങ്ങൾക്ക് ആത്മീയമായി വലിയ കോട്ടമൊന്നും സംഭവിച്ചിട്ടുള്ളതായി തോന്നുന്നുമില്ല,’ അവൾ ന്യായീകരിച്ചു. പക്ഷേ, ദൂരെയിരുന്ന് താൻ ജിമ്മിയെ എങ്ങനെ വളർത്തിക്കൊണ്ടുവരും എന്ന ചിന്ത അവളെ അലട്ടി. “യഹോവയുടെ ശിക്ഷണത്തിലും അവന്‍റെ ചിന്തകൾക്ക് അനുസൃതമായും” ഇന്‍റർനെറ്റിലൂടെ തന്‍റെ മകനെ വളർത്തിക്കൊണ്ടുവരാൻ അവൾക്ക് സാധിക്കുമായിരുന്നോ?—എഫെ. 6:4.

3 മെർളിൻ പലരോടും മാർഗനിർദേശം ആരാഞ്ഞു. അവളെ വിടാൻ തനിക്ക്  ഒട്ടും ആഗ്രഹമില്ലെന്നും, പക്ഷേ പോകാൻ തീരുമാനിച്ചാൽ താൻ തടസ്സം പറയില്ലെന്നുമായിരുന്നു ഭർത്താവിന്‍റെ നിലപാട്‌. കുടുംബത്തെ വിട്ട് വിദേശത്തു പോകുന്നത്‌ ജ്ഞാനമല്ലെന്ന് സഭയിലെ മൂപ്പന്മാരും മറ്റു പലരും അവളെ ബുദ്ധിയുപദേശിച്ചു. പക്ഷേ, പല സഹോദരിമാരും പോകുന്നതിനുവേണ്ടി അവളെ ഉത്സാഹിപ്പിക്കുകയാണ്‌ ഉണ്ടായത്‌. “കുടുംബത്തോട്‌ സ്‌നേഹമുണ്ടെങ്കിൽ, നീ തീർച്ചയായും പോകും. അവിടെച്ചെന്നാലും നിനക്ക് യഹോവയെ സേവിക്കാമല്ലോ,” അവർ പറഞ്ഞു. എന്തായാലും ആശങ്കകളെല്ലാം തത്‌കാലം മാറ്റിവെച്ച്, ഭർത്താവിനോടും കുഞ്ഞിനോടും വിടപറഞ്ഞ് മെർളിൻ വിദേശത്തേക്ക് യാത്രയായി. “അധികം നാളൊന്നും ഞാൻ അവിടെ നിൽക്കാൻപോകുന്നില്ല,” അവൾ ഉറപ്പുനൽകി.

കുടുംബത്തോടുള്ള കടപ്പാടും ബൈബിൾ തത്ത്വങ്ങളും

4. പലരും വിദേശത്ത്‌ പോകാൻ തീരുമാനിക്കുന്നത്‌ എന്തുകൊണ്ട്, പലപ്പോഴും കുട്ടികളെ ആരെ ഏൽപ്പിച്ചിട്ടാണ്‌ അവർ പോകുന്നത്‌?

4 തന്‍റെ ദാസീദാസന്മാർ കൊടിയ ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടണമെന്ന് യഹോവ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ദാരിദ്ര്യനിവൃത്തിക്ക് ഏറ്റവും പുരാതനമായ ഒരു മാർഗമാണ്‌ കുടിയേറ്റം. (സങ്കീ. 37:25; സദൃ. 30:8) കുടുംബം പട്ടിണിയിലേക്ക് നീങ്ങിയപ്പോൾ ഭക്ഷണം വാങ്ങിരാനായി ഗോത്രപിതാവായ യാക്കോബ്‌ തന്‍റെ പുത്രന്മാരെ ഈജിപ്‌റ്റിലേക്ക് അയച്ചു. * (ഉല്‌പ. 42:1, 2) എന്നാൽ ഇന്ന് മറുനാട്ടിലേക്ക് കുടിയേറുന്നവരിൽ ഏറിയപങ്കും പട്ടിണിയും പരിവട്ടവുമായി കഴിയുന്നവരൊന്നുമല്ല. പകരം, സാമ്പത്തിക പരാധീനതകളും തീരാത്ത കടവും ആയിരിക്കാം അവരെ അതിന്‌ പ്രേരിപ്പിക്കുന്നത്‌. എന്നാൽ മറ്റുചിലരാകട്ടെ തങ്ങളുടെ ജീവിതനിലവാരം ഒന്ന് ഉയർത്താൻവേണ്ടി മാത്രമായിരിക്കാം മറുനാട്‌ പറ്റുന്നത്‌. ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ ജീവിക്കുന്ന അനേകർ തങ്ങളുടെ സ്വപ്‌നങ്ങളും ജീവിതലക്ഷ്യങ്ങളും സാക്ഷാത്‌കരിക്കാനായി അടുത്ത കുടുംബാംങ്ങളെ വിട്ടുപിരിഞ്ഞ് ഒടുവിൽ വിദേശത്തോ സ്വദേശത്തോ ദൂരെ ഏതെങ്കിലും സ്ഥലത്ത്‌ എത്തിപ്പെടുന്നു. പലപ്പോഴും, തങ്ങളുടെ കൊച്ചുകുഞ്ഞുങ്ങളെ വളർത്താൻ ഇണയെ ഒറ്റയ്‌ക്ക് ഏൽപ്പിച്ചിട്ടാണ്‌ അത്തരക്കാർ പോകാറ്‌. മൂത്ത ഒരു കുട്ടിയുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ മറ്റു ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒക്കെ കൈയിൽ കുട്ടിയെ വിട്ടിട്ടു പോകുന്നവരുമുണ്ട്. ഇണയെയോ കുട്ടിളെയോ വിട്ടുപോകുന്നത്‌ ഹൃദയഭേദകമാണെങ്കിലും അതല്ലാതെ മറ്റൊരു പോംവഴിയും തങ്ങൾക്കില്ല എന്നാണ്‌ പ്രവാസികളിൽ പലരും ചിന്തിക്കുന്നത്‌.

5, 6. (എ) സന്തോഷവും സുരക്ഷിതത്വവും സംബന്ധിച്ച് യേശു എന്താണ്‌ പഠിപ്പിച്ചത്‌? (ബി) ഏതു ഭൗതികസംഗതികൾക്കുവേണ്ടി പ്രാർഥിക്കാനാണ്‌ യേശു തന്‍റെ അനുഗാമികളെ പഠിപ്പിച്ചത്‌? (സി) യഹോവ എങ്ങനെയാണ്‌ നമ്മെ അനുഗ്രഹിക്കുന്നത്‌?

5 യേശുവിന്‍റെ നാളിലും അനേകമാളുകൾ ആലംബഹീനരും അർധപട്ടിണിക്കാരും ആയിരുന്നു. കൂടുതൽ പണം സമ്പാദിച്ചാൽ മാത്രമേ സന്തോഷവും സുരക്ഷിതത്വവും ഒക്കെ ഉണ്ടാകൂ എന്ന് അവരിൽ മിക്കവർക്കും തോന്നിയിട്ടുമുണ്ടാകും. (മർക്കോ. 14:7) പക്ഷേ, പ്രത്യാശ മറ്റൊരിടത്ത്‌ പ്രതിഷ്‌ഠിക്കാനാണ്‌ യേശു ആളുകളെ പഠിപ്പിച്ചത്‌. നിലനിൽക്കുന്ന നിക്ഷേപങ്ങളുടെ ഉറവിങ്കൽ, അതേ, യഹോയിൽത്തന്നെ ആശ്രയംവെക്കാൻ അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. യഥാർഥ സന്തോഷവും സുരക്ഷിതത്വവും ഭൗതികസംഗതിളെയോ നമ്മുടെതന്നെ അദ്ധ്വാത്തെയോ ആശ്രയിച്ചല്ല, പ്രത്യുത സ്വർഗീയപിതാവുമായുള്ള നമ്മുടെ സുഹൃദ്‌ബന്ധത്തെ ആശ്രയിച്ചാണ്‌ എന്ന് യേശു തന്‍റെ ഗിരിപ്രഭാഷണത്തിൽ വ്യക്തമാക്കി.

6 യേശു തന്‍റെ മാതൃകാപ്രാർഥനയിൽ സാമ്പത്തികഭദ്രതയ്‌ക്കു വേണ്ടിയല്ല, പിന്നെയോ “ഇന്നത്തേക്കുള്ള അപ്പ”ത്തിനുവേണ്ടി, അതായത്‌ അന്നന്നത്തെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാനാണ്‌ നമ്മെ പഠിപ്പിച്ചത്‌. “ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കുവിൻ; പകരം, . . . സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുവിൻ” എന്ന് യാതൊരു അർഥശങ്കയും കൂടാതെ അവൻ തന്‍റെ ശ്രോതാക്കളെ പഠിപ്പിച്ചു. (മത്താ. 6:9, 11, 19, 20) യഹോവ വാഗ്‌ദാനം ചെയ്‌തിട്ടുള്ളതുപോലെ അവൻ നമ്മെ അനുഗ്രഹിക്കും എന്ന് നമുക്ക് ഉറപ്പോടെ വിശ്വസിക്കാനാകും. ദൈവത്തിന്‍റെ അനുഗ്രഹം അംഗീകാരത്തിന്‍റെ കേവലം ഒരു അംഗവിക്ഷേപത്തിൽ ഒതുങ്ങുന്നില്ല. പകരം, നമുക്ക് യഥാർഥത്തിൽ ആവശ്യമായത്‌ പ്രദാനംചെയ്യുന്ന കാര്യത്തിൽ ഉത്സാഹപൂർവം ഇടപെട്ടുകൊണ്ടാണ്‌ അവൻ നമ്മെ അനുഗ്രഹിക്കുന്നത്‌. അതെ, യഥാർഥ സന്തുഷ്ടിയും സുരക്ഷിതത്വവും നേടാനുള്ള ഒരേയൊരു മാർഗം നമുക്കുവേണ്ടി കരുതുന്ന നമ്മുടെ സ്വർഗീയപിതാവിൽ ആശ്രയം അർപ്പിക്കുക എന്നതാണ്‌. ഭൗതിധനത്തിന്‌ അവ ഒരിക്കലും നേടിത്തരാനാകില്ല.മത്തായി 6:24, 25, 31-34 വായിക്കുക.

7. (എ) കുട്ടികളെ വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം യഹോവ ആരെയാണ്‌ ഭരമേൽപ്പിച്ചിരിക്കുന്നത്‌? (ബി) മക്കളെ വളർത്തുന്ന കാര്യത്തിൽ മാതാപിതാക്കൾ ഇരുരും ക്രിയാത്മകമായി ഉൾപ്പെടേണ്ടത്‌ എന്തുകൊണ്ട്?

7 ‘ഒന്നാമത്‌ ദൈവത്തിന്‍റെ നീതി അന്വേഷിക്കുന്നതിൽ’ കുടുംത്തോടുള്ള കടപ്പാടുകൾ യഹോവയുടെ കണ്ണിലൂടെ നോക്കിക്കാണുന്നത്‌ ഉൾപ്പെടുന്നു. മോശൈകന്യാപ്രമാണത്തിൽ ക്രിസ്‌ത്യാനികൾക്ക് ബാധകമാകുന്ന ഈ തത്ത്വം അടങ്ങിയിരിക്കുന്നു: ഓരോരുത്തരും സ്വന്തം മക്കൾക്ക് ആത്മീയപരിശീലനം നൽകണം. (ആവർത്തനപുസ്‌തകം 6:6, 7 വായിക്കുക.) മക്കളെ പരിശീലിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ദൈവം ഭരമേൽപ്പിച്ചിരിക്കുന്നത്‌ മാതാപിതാക്കളെയാണ്‌, അല്ലാതെ മുത്തശ്ശീമുത്തശ്ശന്മാരെയോ മറ്റാരെയെങ്കിലുമോ അല്ല. ശലോമോൻ രാജാവ്‌  ഇങ്ങനെ പ്രസ്‌താവിച്ചു: “മകനേ, അപ്പന്‍റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.” (സദൃ. 1:8) കുട്ടികളെ പഠിപ്പിക്കാനും വഴിനയിക്കാനും മാതാപിതാക്കൾ ഇരുരും വീട്ടിൽ അവരോടൊപ്പം ഉണ്ടായിരിക്കണമെന്നാണ്‌ യഹോവ ഉദ്ദേശിച്ചത്‌. (സദൃ. 31:10, 27, 28) യഹോവയെക്കുറിച്ചുള്ള മാതാപിതാക്കളുടെദൈനംദിന സംഭാഷണങ്ങൾ കേട്ടും അവരുടെ മാതൃക നേരിട്ട് കണ്ടും ഒക്കെയാണ്‌ കുട്ടികൾ ഒട്ടുമിക്ക കാര്യങ്ങളും പഠിക്കുന്നത്‌, വിശേഷിച്ചും ആത്മീയകാര്യങ്ങൾ.

ഉദ്ദേശിക്കാത്ത പരിണതഫലങ്ങൾ

8, 9. (എ) മാതാപിതാക്കളിൽ ആരെങ്കിലും കുടുംത്തിൽനിന്ന് അകലെ പോയി താമസിക്കുന്നപക്ഷം കുടുംബാന്തരീക്ഷത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉളവാകുന്നു? (ബി) പ്രവാസജീവിതം നാട്ടിലുള്ള കുടുംബത്തിൽ ധാർമികവും വൈകാരികവും ആയ എന്തെല്ലാം പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം?

8 വിദേശത്ത്‌ പോകുന്നതിനുമുമ്പ് പലരും ലാഭചേതങ്ങൾ പലവുരു കൂട്ടിയും കിഴിച്ചും നോക്കാറുണ്ടെങ്കിലും കുടുംബത്തെ നാട്ടിൽ വിട്ടിട്ടുപോകുന്നതിന്‍റെ എല്ലാ ഭവിഷ്യത്തുകളും മുൻകൂട്ടിക്കാണുന്നവർ നന്നേ വിരളമാണ്‌. (സദൃ. 22:3) * വീടിനോടും വീട്ടുകാരോടും വിട പറഞ്ഞ നിമിഷംമുതൽ വിരഹദുഃവും വിഷാദവും മെർളിനെ വേട്ടയാടാൻ തുടങ്ങി. വീട്ടിൽ ഭർത്താവിന്‍റെയും മകന്‍റെയും അവസ്ഥയും മറ്റൊന്നായിരുന്നില്ല. “അമ്മ എന്നെ ഇട്ടിട്ട് പോയത്‌ എന്തിനാ” എന്ന് കൊച്ചുജിമ്മി ചോദ്യവും തുടങ്ങി. ഏതാനും മാസം മാത്രമേ നിൽക്കൂ എന്നു പറഞ്ഞ് പോയ മെർളിന്‍റെ പ്രവാജീവിതം വർഷങ്ങളിലേക്കു നീണ്ടപ്പോൾ വീട്ടിൽ അസ്വസ്ഥജനകമായ ചില മാറ്റങ്ങൾ അവൾ ശ്രദ്ധിച്ചുതുടങ്ങി. നാൾ ചെല്ലുന്തോറും ജിമ്മി സ്വയം ഉൾവലിയാനും അമ്മയിൽനിന്ന് വൈകാരികമായി അകന്നുപോകാനും തുടങ്ങിയിരുന്നു. “അവന്‌ എന്നോടുള്ള സ്‌നേഹം പൊയ്‌പ്പോയിരുന്നു,” മെർളിൻ ദുഃത്തോടെ ഓർക്കുന്നു.

9 മാതാപിതാക്കളും കുട്ടികളും ഒരു കുടുംമായി ഒരുമിച്ച് ജീവിക്കുന്നില്ലെങ്കിൽ, അവർക്ക് ധാർമികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. * കുട്ടികൾ എത്ര ചെറുപ്പമാണോ, വേർപാട്‌ എത്ര ദീർഘിച്ചതാണോ, അത്രകണ്ട് ആഴത്തിലായിരിക്കും ഉടലെടുക്കുന്ന വടുക്കളും. താൻ ഈ കഷ്ടപ്പെടുന്നതെല്ലാം ജിമ്മിയുടെ നന്മയ്‌ക്കുവേണ്ടിയാണെന്ന് മെർളിൻ പറയുമായിരുന്നു. പക്ഷേ ഉപേക്ഷിച്ചിട്ടുപോയ ഒരു അമ്മയുടെ ചിത്രമായിരുന്നു ജിമ്മിയുടെ മനസ്സിൽ. ആദ്യമൊക്കെ അമ്മ പോയതിലായിരുന്നു അവന്‌ ബുദ്ധിമുട്ട്; പക്ഷേ പിന്നെപ്പിന്നെ, അമ്മ അവധിക്കു വരുന്നതിലായി അവനു ബുദ്ധിമുട്ട്. തന്നെ ഇട്ടിട്ടുപോയ അമ്മയ്‌ക്ക് തന്‍റെ അനുസരണവും സ്‌നേഹവും ആവശ്യപ്പെടാൻ എന്തവകാശമിരിക്കുന്നു എന്ന മട്ടിലായിരുന്നു ജിമ്മിയുടെ ചിന്ത. നാട്ടിൽ നിറുത്തിയിട്ടുപോകുന്ന കുഞ്ഞുങ്ങൾക്കിടയിൽ ഇത്തരം വികാരങ്ങൾ സാധാരണമാണ്‌.സദൃശവാക്യങ്ങൾ 29:15 വായിക്കുക.

10. (എ) മാതാവോ പിതാവോ മറുനാട്ടിൽനിന്ന് സമ്മാനങ്ങൾ അയച്ചുകൊണ്ട് തന്‍റെ സാമീപ്യത്തിന്‍റെ കുറവു നികത്താൻ ശ്രമിക്കുന്നത്‌ കുട്ടികളെ ബാധിക്കുന്നത്‌ എങ്ങനെ? (ബി) അകലെയിരുന്ന് മക്കളെ വളർത്തിക്കൊണ്ടുവരാൻ ഒരു മാതാവോ പിതാവോ ശ്രമിക്കുമ്പോൾ എന്തു കഴിയാതെപോകുന്നു?

10 നാട്ടിലേക്ക് പണവും സമ്മാനങ്ങളും അയച്ചുകൊണ്ട് തന്‍റെ സാമീപ്യത്തിന്‍റെ കുറവു നികത്താൻ മെർളിൻ ശ്രമിച്ചു. പക്ഷേ, അതെല്ലാം മകനെ തന്നിലേക്ക് അടുപ്പിക്കുകയല്ല, പകരം അകറ്റുകയാണ്‌ ചെയ്‌തുകൊണ്ടിരുന്നതെന്ന് അവൾവൈകിയാണ്‌ തിരിച്ചറിഞ്ഞത്‌. വാസ്‌തവത്തിൽ, കുടുംബന്ധങ്ങൾക്കും ആത്മീയതാത്‌പര്യങ്ങൾക്കും മേലെ ഭൗതികവസ്‌തുക്കളെ പ്രതിഷ്‌ഠിക്കാനുള്ള പരിശീലനമാണ്‌ മനഃപൂർവമല്ലെങ്കിലും താൻ മകന്‌ നൽകിക്കൊണ്ടിരുന്നതെന്ന് അവൾ മനസ്സിലാക്കി. (സദൃ. 22:6) “അമ്മ അവിടെത്തന്നെ നിന്നോ, മുടങ്ങാതെ ‘ഗിഫ്‌റ്റയച്ചാൽ’ മതി,” ജിമ്മിയുടെ മാനസികാവസ്ഥയിൽ ആ മാറ്റം വളരെ വ്യക്തമായിരുന്നു. കത്തിലൂടെയും ഫോൺവിളികളിലൂടെയും  വീഡിയോ ‘ചാറ്റിലൂടെയും’ അകലെയിരുന്ന് കുട്ടിയെ വളർത്തിയെടുക്കുക സാധ്യമല്ലെന്ന് മെർളിന്‌ ബോധ്യപ്പെട്ടുതുടങ്ങി. “നിങ്ങളുടെ കുഞ്ഞോമനയെ ഒന്നു കെട്ടിപ്പിടിക്കാനോ അവന്‌ ഒരു മുത്തം കൊടുത്ത്‌ കിടത്തിയുറക്കാനോ ഇന്‍റർനെറ്റിലൂടെ സാധിക്കില്ലല്ലോ,” അവൾ പറയുന്നു.

11. (എ) ജോലിക്കുവേണ്ടി പരസ്‌പരം അകന്നുകഴിയുന്നത്‌ വിവാഹബന്ധത്തെ ബാധിക്കുന്നത്‌ എങ്ങനെ? (ബി) മടങ്ങിപ്പോയി കുടുംത്തോടൊപ്പം ജീവിക്കുകയാണ്‌ വേണ്ടതെന്ന് ഒരു സഹോദരി തിരിച്ചറിഞ്ഞത്‌ എങ്ങനെ?

11 യഹോവയുമായും സ്വന്തം ഭർത്താവുമായും ഉള്ള മെർളിന്‍റെ ബന്ധവും ആടിയുലഞ്ഞു. ക്രിസ്‌തീയ സഹവാസത്തിനും ശുശ്രൂഷയ്‌ക്കും വാരത്തിൽ ഒരു ദിവസംമാത്രമാണ്‌ അവൾക്ക് ലഭിച്ചിരുന്നത്‌; ചിപ്പോൾ അതും മുടങ്ങി. തൊഴിൽസ്ഥലത്ത്‌ ‘ബോസിന്‍റെ’ ശൃംഗാരശ്രമങ്ങളെയും അവൾക്ക് ചെറുത്തുനിൽക്കേണ്ടിവന്നു. പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ ഇണയുടെ സാമീപ്യവും വൈകാരികപിന്തുണയും ലഭ്യമല്ലാതിരുന്നതിനാൽ മെർളിനും ജയിംസും മറ്റു പലരുമായി വൈകാരികമായി അടുക്കുകയും അധാർമികതയുടെ വക്കോളം വഴുതിച്ചെല്ലുകയും ചെയ്‌തു. താനും ഭർത്താവും വ്യഭിചാരത്തിലേക്ക് വീണില്ലെങ്കിലും അന്യോന്യം അകന്നുകഴിയുന്നതു നിമിത്തം മറ്റേയാളിന്‍റെ വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ബൈബിളിന്‍റെ മാർഗനിർദേശം പിൻപറ്റാൻ തങ്ങൾക്കാകുന്നില്ല എന്ന് മെർളിൻ തിരിച്ചറിയാൻ തുടങ്ങി. കൊച്ചുവർത്തമാനങ്ങളോ കളിചിരികളോ കരുണാർദ്രമായ ഒരു കണ്ണോട്ടമോ ഒരു മൃദുസ്‌പർശമോ ആലിംനമോ, വൈവാഹികബന്ധത്തിലെ “പ്രേമ”പ്രകടനങ്ങളോ “ദാമ്പത്യധർമം” നിറവേറ്റുന്നതോ ഒന്നും അവർക്കിടയിൽ സാധ്യമായിരുന്നില്ല. (ഉത്ത. 1:2; 1 കൊരി. 7:3, 5) അതുമാത്രമോ, മകനോടൊപ്പം ഒത്തൊരുമിച്ച് യഹോവയെ തികവോടെ ആരാധിക്കാനും അവർക്ക് കഴിയുമായിരുന്നില്ല. “യഹോവയുടെ മഹാദിവസത്തെ അതിജീവിക്കാൻ നമുക്ക് ക്രമമായ കുടുംബാരാധന ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഒരു കൺവെൻനിൽവെച്ച് കേട്ടപ്പോൾ, ഞാൻ വീട്ടിലേക്ക് മടങ്ങിപ്പോകുകയാണ്‌ വേണ്ടത്‌ എന്ന് എനിക്കു മനസ്സിലായി,” മെർളിൻ ഓർക്കുന്നു. അതെ, അവൾ നാട്ടിലേക്ക് തിരികെച്ചെന്ന് കുടുംബജീവിതവും ദൈവവുമായുള്ള സുഹൃദ്‌ബന്ധവും വീണ്ടും കെട്ടിപ്പടുക്കുകയായിരുന്നു വേണ്ടിയിരുന്നത്‌.

നല്ലതും മോശവുമായ ബുദ്ധിയുപദേശങ്ങൾ

12. കുടുംബത്തെ വിട്ട് ദൂരെപ്പോയി താമസിക്കുന്നവർക്ക് ഏതു തിരുവെഴുത്തു ബുദ്ധിയുദേശം നൽകാവുന്നതാണ്‌?

12 വീട്ടിലേക്കു മടങ്ങാനുള്ള മെർളിന്‍റെ തീരുമാനം വലിയ ചലനങ്ങൾ സൃഷ്ടിച്ചു. അവളുടെ വിശ്വാസത്തിനും ധൈര്യത്തിനും ആ വിദേശസഭയിലെ മൂപ്പന്മാർ അവളെ അനുമോദിച്ച് സംസാരിച്ചു. അതേസമയം, ഇണയെയും കുടുംബത്തെയും വിട്ട് അവിടെ വന്ന് പാർത്തിരുന്ന മറ്റു ചിലർ നെറ്റിചുളിച്ചു. അവളുടെ നല്ല മാതൃക പകർത്തുന്നതിനു പകരം അവളെ നിരുത്സാഹപ്പെടുത്താനാണ്‌ അവർ ശ്രമിച്ചത്‌. “നോക്കിക്കോ, അധികംതാമസിയാതെ നീ ഇവിടെത്തന്നെ തിരിച്ചെത്തും,” അവർ പറഞ്ഞു. “മടങ്ങിപ്പോയിട്ട് ജീവിക്കാൻ പിന്നെ പണത്തിന്‌ നീ എന്തു ചെയ്യും?” അത്തരം പിന്തിരിപ്പൻ പ്രസ്‌താവനകൾക്കു പകരം, ‘ഭർത്താക്കന്മാരെയും മക്കളെയും സ്‌നേഹിക്കുന്നവരും വീട്ടുകാര്യം നോക്കുന്നവരും ആയിരുന്നുകൊണ്ട്’ സ്വന്തം ഭവനത്തിൽ കഴിയാൻ ‘യൗവനക്കാരികളെ ഉപദേശിക്കുകയാണ്‌’ സഹക്രിസ്‌ത്യാനികൾ ചെയ്യേണ്ടത്‌. “അങ്ങനെയായാൽ, ദൈവത്തിന്‍റെ വചനം ദുഷിക്കപ്പെടാൻ ഇടവരുകയില്ല.”തീത്തൊസ്‌ 2:3-5 വായിക്കുക.

13, 14. കുടുംക്കാരുടെ പ്രതീക്ഷകൾ വിഗണിച്ച് യഹോവയെ പ്രസാദിപ്പിക്കാൻ വിശ്വാസം ഒഴിച്ചുകൂടാനാകാത്തത്‌ ആയിരിക്കുന്നത്‌ എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.

13 കുടുംത്തോടും മാതാപിതാക്കളോടും ഉള്ള കടമയെയും നാട്ടുനടപ്പുളെയും മറ്റെന്തിനും മീതെ ഉയർത്തിപ്പിടിക്കുന്ന സാംസ്‌കാരികപശ്ചാത്തലത്തിലാണ്‌ പല പ്രവാസികളും വളർന്നുവന്നിട്ടുള്ളത്‌. യഹോവയെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തിൽ, ജനസമ്മതമായ പതിവുവഴക്കങ്ങൾക്കും കുടുംക്കാരുടെ ആശയാഭിലാഷങ്ങൾക്കും പുറംതിരിഞ്ഞ്, ‘ഒഴുക്കിനെതിരെ നീന്താൻ’ അടിയുറച്ച വിശ്വാസം കൂടിയേതീരൂ.

14 ഇനി കാരെന്‍റെ കഥ കേൾക്കുക: “ഞങ്ങളുടെ മകൻ  ഡോൺ പിറന്നപ്പോൾ ഞാനും ഭർത്താവും വിദേശത്തായിരുന്നു. ഞാൻ ആയിടയ്‌ക്ക് ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾ സാമ്പത്തികമായി ഒന്ന് പച്ചപിടിക്കുന്നതുവരെ കുഞ്ഞിനെ ഞാൻ എന്‍റെ മാതാപിതാക്കളുടെ അടുത്ത്‌ വളർത്താൻ കൊടുത്തുവിടുമെന്നാണ്‌ എന്‍റെ കുടുംത്തിലെ സകലരും കരുതിയത്‌.” ഡോണിനെ താൻതന്നെ വളർത്തിക്കോളാം എന്ന് കാരെൻ നിർബന്ധംപിടിച്ചപ്പോൾ അത്‌ ജോലിക്കുപോകാനുള്ള മടികൊണ്ടാണെന്ന് പറഞ്ഞ് ഭർത്താവും ബന്ധുക്കളും അവളെ കളിയാക്കി. “സത്യംറഞ്ഞാൽ, കുഞ്ഞിനെ ഏതാനും വർഷത്തേക്ക് എന്‍റെ മാതാപിതാക്കളെ ഏൽപ്പിക്കുന്നതിലെ വരുംവരായ്‌കകളെക്കുറിച്ചൊന്നും എനിക്കന്ന് കാര്യമായ തിരിച്ചറിവ്‌ ഉണ്ടായിരുന്നില്ല,” കാരെൻ പറയുന്നു. “പക്ഷേ, ഒന്നെനിക്ക് അറിയാമായിരുന്നു, ഞങ്ങളുടെ മോനെ വളർത്തുന്ന ജോലി ഞങ്ങൾ മാതാപിതാക്കൾക്കാണ്‌ യഹോവ നൽകിയിരിക്കുന്നത്‌.” പിന്നീട്‌ കാരെൻ രണ്ടാമത്‌ ഗർഭിണിയായപ്പോൾ ഒരു ഗർഭച്ഛിദ്രത്തിനായിരുന്നു അവിശ്വാസിയായ ഭർത്താവിന്‍റെ ശുപാർശ. പക്ഷേ അവൾ മുമ്പ്കൈക്കൊണ്ട നല്ല തീരുമാനം അവളുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കിയിരുന്നു. തത്‌ഫലമായി ഇക്കുറിയും അവൾ യഹോവയുടെ പക്ഷത്ത്‌ സവിശ്വസ്‌തം നിലകൊണ്ടു. ഇന്ന് കാരെനും ഭർത്താവും അവരുടെ മക്കളും തങ്ങൾ പിരിയാതെ ഒരുമിച്ചുതന്നെ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു. എന്നാൽ തന്‍റെ മക്കളെ വളർത്താൻ കാരെൻ മറ്റുള്ളവരെ ഏൽപ്പിച്ചിരുന്നെങ്കിൽ കഥ ഇന്ന് മറ്റൊന്നാകുമായിരുന്നു.

15, 16. (എ) മാതാപിതാക്കളിൽനിന്ന് അകന്ന് വളർന്നുവന്ന ഒരു സഹോരിയുടെ അനുഭവം പറയുക. (ബി) സ്വന്തം മകളുടെ കാര്യത്തിൽ വ്യത്യസ്‌തമായ ഒരു നിലപാട്‌ സഹോദരി സ്വീകരിച്ചത്‌ എന്തുകൊണ്ട്?

15 വിക്കി എന്നു പേരുള്ള ഒരു സഹോദരി തന്‍റെ ജീവിതാനുഭവം ഇങ്ങനെ വിവരിക്കുന്നു: “ചെറുപ്പത്തിൽ കുറെക്കാലം മുത്തശ്ശിയാണ്‌ എന്നെ വളർത്തിയത്‌, പക്ഷേ അനിയത്തിയെ അച്ഛനും അമ്മയും അവരുടെ കൂടെനിർത്തി. ഒടുവിൽ ഞാൻ വീട്ടിൽ തിരികെച്ചെന്നപ്പോൾ പഴയതുപോലെ എനിക്ക് അവരോട്‌ അടുക്കാനായില്ല. പക്ഷേ, അവളാകട്ടെ അച്ഛനോടും അമ്മയോടും തുറന്നു സംസാരിക്കുകയും അവരെ കെട്ടിപ്പിടിക്കുകയും നല്ലൊരു അടുത്ത ബന്ധം ആസ്വദിക്കുകയും ചെയ്‌തിരുന്നു. എന്തോ ഒരു അകൽച്ച എനിക്ക് എപ്പോഴും അനുഭവപ്പട്ടു, വലുതായിട്ടും എനിക്കിന്നും അവരോട്‌ മനസ്സുതുറക്കാൻ ബുദ്ധിമുട്ടാണ്‌. വാർധക്യനാളുകളിൽ ഞങ്ങൾ അവരെ പരിചരിച്ചുകൊള്ളാമെന്ന് അനിയത്തിയും ഞാനും മാതാപിതാക്കൾക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്. അനിയത്തിക്ക് സ്‌നേഹവാത്സല്യങ്ങളോടെ അവരെ പരിപാലിക്കാനായേക്കും, പക്ഷേ എനിക്ക് കൂടുതലും കടപ്പാടിന്‍റെ പുറത്തേ അങ്ങനെ ചെയ്യാനാകൂ.

16 “അന്ന് അമ്മ എന്നെ അവരുടെ അമ്മയുടെ അടുക്കലേക്ക് അയച്ചതുപോലെ ഇന്ന് ഞാൻ എന്‍റെ മകളെ അമ്മയുടെ അടുക്കലേക്ക് അയയ്‌ക്കാനാണ്‌ അമ്മയുടെ ആവശ്യം. അതു പറ്റില്ലെന്ന് ഞാൻ നയപൂർവം അമ്മയോടു വ്യക്തമാക്കി,” വിക്കി പറയുന്നു. “ഞങ്ങളുടെ കുഞ്ഞിനെ യഹോവയുടെ വഴിളിൽ വളർത്തണമെന്നാണ്‌ ഞാനും ഭർത്താവും ആഗ്രഹിക്കുന്നത്‌. മാത്രമല്ല, എന്‍റെ മകളുമായുള്ള എന്‍റെ ബന്ധത്തിന്‌ ഭാവിയിൽ ഒരിക്കലും ഒരു കോട്ടവും വരാൻ പാടില്ല.” സാമ്പത്തികലാക്കുകൾക്കും കുടുംക്കാരുടെ പ്രതീക്ഷകൾക്കും മീതെ യഹോയെയും അവന്‍റെ തത്ത്വങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്‌ യഥാർഥ ജീവിതവിജയത്തിലേക്കു വഴിനയിക്കുന്നത്‌ എന്ന് വിക്കി മനസ്സിലാക്കിയിരിക്കുന്നു. ഒട്ടും വളച്ചുകെട്ടില്ലാതെ യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “രണ്ടുയജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല. . . . ഒരേസമയംദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല.”—മത്താ. 6:24; പുറ. 23:2.

നമ്മുടെ യത്‌നങ്ങൾ ‘വിജയപ്രദമാകാൻ’ യഹോവ ഇടയാക്കുന്നു

17, 18. (എ) ഏതുകാര്യത്തിൽ ക്രിസ്‌ത്യാനികൾക്ക് ഒരിക്കലും വഴിമുട്ടുകയില്ല? (ബി) അടുത്ത ലേഖനത്തിൽ നാം ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?

17 നാം ദൈവരാജ്യവും യഹോവയുടെ നീതിയും ജീവിതത്തിൽ ഒന്നാമത്‌ വെക്കുന്നപക്ഷം നമ്മെ സഹായിക്കുമെന്ന് നമ്മുടെ പിതാവായ യഹോവ തന്നെത്തന്നെ പ്രതിജ്ഞാബദ്ധനാക്കിയിരിക്കുകയാണ്‌. നമുക്ക് യഥാർഥത്തിൽ ആവശ്യമായ സംഗതികൾ ലഭ്യമാകുന്നുവെന്ന് അവൻ തീർച്ചയായും ഉറപ്പുവരുത്തും. (മത്താ. 6:33) അതുകൊണ്ട് സത്യക്രിസ്‌ത്യാനികൾക്ക് ഒരിക്കലും വഴിമുട്ടുകയില്ല! അവർക്ക് എല്ലായ്‌പോഴും ന്തെങ്കിലും പോക്കുവഴികൾ തുറന്നുകിട്ടും. നേരിടുന്ന വെല്ലുവിളി എന്തുതന്നെയായിരുന്നാലും ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ചയേതും ആവശ്യമില്ലാത്ത ഒരു “പോംവഴി” താൻ ഉണ്ടാക്കുമെന്ന് യഹോവ വാക്കുതരുന്നു. (1 കൊരിന്ത്യർ 10:13 വായിക്കുക.) നാം ‘മിണ്ടാതെയിരുന്ന് യഹോയ്‌ക്കായി പ്രത്യാശിക്കുന്നെങ്കിൽ,’ അവന്‍റെ ജ്ഞാനത്തിനും മാർഗനിർദേശത്തിനുമായി പ്രാർഥിക്കുകയും അവന്‍റെ കല്‌പനകളും തത്ത്വങ്ങളും പ്രമാണിക്കുകയും ചെയ്‌തുകൊണ്ട് ‘അവനിൽതന്നെ ആശ്രയിക്കുന്നെങ്കിൽ,’ നമുക്കുവേണ്ടി “ചെയ്യേണ്ടത്‌ അവൻ ചെയ്യും.” (ഈസി-റ്റു-റീഡ്‌) (സങ്കീ. 37:5, 7) നമ്മുടെ ഒരേയൊരു യഥാർഥ യജമാനൻ എന്ന നിലയിൽ അവൻ നമ്മിൽ താത്‌പര്യമെടുത്ത്‌ നമ്മുടെ ആത്മാർഥശ്രമങ്ങളെ അനുഗ്രഹിക്കും. ജീവിതത്തിൽ നാം അവനെ ഒന്നാമത്‌ വെക്കുന്നെങ്കിൽ നമ്മുടെ ജീവിതം “വിജയപ്രദമാക്കുന്നതിന്നു” വേണ്ടി അവൻ ഇടപെടും.—ഉല്‌പത്തി 39:3 താരതമ്യം ചെയ്യുക.

18 എന്നാൽ, കുടുംബാംഗങ്ങൾ അകന്നുകഴിഞ്ഞതുനിമിത്തം വന്നുപോയ കേടുപാടുകൾ തീർക്കാൻ എന്തു ചെയ്യാൻ കഴിയും? അകന്നുകഴിയാതെതന്നെ സ്വന്തം കുടുംബത്തിനുവേണ്ടി കരുതാൻ നമുക്ക് എന്തെല്ലാം പ്രായോഗികപടികൾ സ്വീകരിക്കാനാകും? ഈ വിഷയത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് സ്‌നേഹപൂർവം മറ്റുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും? പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.

^ ഖ. 1 പേരുകൾ മാറ്റിയിട്ടുണ്ട്.

^ ഖ. 4 ഈജിപ്‌റ്റിലേക്കുള്ള ഓരോ യാത്രയിലും കഷ്ടിച്ച് മൂന്ന് ആഴ്‌ച മാത്രമേ യാക്കോബിന്‍റെ പുത്രന്മാർ തങ്ങളുടെ കുടുംബങ്ങളെ പിരിഞ്ഞിരുന്നുള്ളൂ. പിന്നീട്‌, യാക്കോബും പുത്രന്മാരും ഈജിപ്‌റ്റിലേക്ക് മാറിപ്പാർത്തപ്പോൾ ഭാര്യമാരും കുട്ടികളും അവരോടൊപ്പമുണ്ടായിരുന്നു.—ഉല്‌പ. 46:6, 7.

^ ഖ. 8 2013 ഫെബ്രുവരി ലക്കം ഉണരുക!-യിലെ (ഇംഗ്ലീഷ്‌) “മറുനാടൻ കുടിയേറ്റം—സ്വപ്‌നങ്ങളും സത്യങ്ങളും” എന്ന ലേഖനപരമ്പര കാണുക.

^ ഖ. 9 ഇണയെയോ കുട്ടിളെയോ നാട്ടിലാക്കി ഉദ്യോഗാർഥം മറുനാട്ടിൽ കഴിയുന്നത്‌ ചിലരുടെ കാര്യത്തിൽ ഗുരുതരമായ പ്രശ്‌നങ്ങൾക്ക് വഴിവെച്ചിട്ടുള്ളതായി പല രാജ്യങ്ങളിലുംനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വൈവാഹിക അവിശ്വസ്‌തത, ദാമ്പത്യബാഹ്യബന്ധങ്ങൾ, സ്വവർഗരതി, അഗമ്യഗമനം എന്നിവയ്‌ക്ക് അത്‌ വഴിമരുന്നിട്ടിട്ടുണ്ട്. കൂടാതെ കുട്ടികൾക്കിടയിലെ വർധിച്ചുവരുന്ന പെരുമാറ്റപ്രശ്‌നങ്ങൾ, പഠനവൈകല്യം, അക്രമവാസന, ഉത്‌കണ്‌ഠ, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയ്‌ക്കും അത്‌ കാരണമായിരിക്കുന്നു.