വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 മാര്‍ച്ച് 

നിങ്ങൾക്കിടയിലെ പ്രാ​യമാ​യവരെ ബഹുമാനിക്കുക

നിങ്ങൾക്കിടയിലെ പ്രാ​യമാ​യവരെ ബഹുമാനിക്കുക

‘വൃദ്ധന്‍റെ മുഖം ബഹു​മാനി​ക്കുക.’—ലേവ്യ. 19:32.

1. മനു​ഷ്യ​രാശി ഇപ്പോൾ ഏതു പരി​താ​പകര​മായ അവ​സ്ഥയി​ലാണ്‌?

മനുഷ്യർ വാർധ​ക്യം പ്രാ​പി​ച്ച് ദുർബ​ലരാ​യിത്തീ​രാൻ യഹോവ ഒരി​ക്ക​ലും ആ​ഗ്രഹി​ച്ചില്ല. നേ​രെമ​റിച്ച്, യ​ഹോവ​യുടെ ഉദ്ദേശം മനുഷ്യർ പറു​ദീ​സയിൽ പൂർണാ​രോ​ഗ്യം ആസ്വദി​ക്കണ​മെന്നാ​യി​രുന്നു. എന്നാൽ ഇപ്പോൾ “സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദന​പ്പെട്ടി​രി​ക്കുന്നു.” (റോമ. 8:22) മനു​ഷ്യവർഗത്തി​ന്മേൽ പാപം വരു​ത്തി​വെച്ച കെ​ടുതി​കൾ നിരീ​ക്ഷി​ക്കു​മ്പോൾദൈവത്തി​ന്‌ എന്തു തോ​ന്നു​ന്നെന്നാ​ണു നിങ്ങൾ ചി​ന്തിക്കു​ന്നത്‌? ജീ​വിത​ത്തിൽ കൂടുതൽ പിന്തുണ ആവ​ശ്യ​മുള്ള ചില സമയത്ത്‌ തങ്ങൾ തഴയ​പ്പെടു​ന്നതാ​യി പ്രാ​യ​മായ അ​നേകർക്ക് അനു​ഭവ​പ്പെടു​ന്നു എന്നതും സങ്ക​ടകര​മാണ്‌.—സങ്കീ. 39:5; 2 തിമൊ. 3:3.

2. പ്രാ​യമാ​യവ​രോട്‌ ക്രിസ്‌ത്യാ​നി​കൾക്കു പ്രത്യേക താത്‌പര്യ​മു​ള്ളത്‌ എന്തു​കൊ​ണ്ട്?

2 സഭയിൽ പ്രായ​മായ​വരു​ള്ളതിൽ യ​ഹോവ​യുടെ ജനം നന്ദി​യു​ള്ളവരാ​ണ്‌. അവരുടെ അറി​വിൽനിന്ന് നാം പ്ര​യോ​ജനം നേ​ടുക​യും വിശ്വാസത്തിന്‍റെ മാതൃകയാൽ പ്രചോ​ദിതരാ​കു​കയും ചെയ്യുന്നു. പ്രി​യങ്ക​രരായ ഇവരിൽ ചി​ലരു​ടെ കുടും​ബാം​ഗ​ങ്ങളോ ബന്ധു​ക്ക​ളോ ആയി​രി​ക്കും നമ്മിൽ പലരും. അവർ നമ്മുടെ ജഡി​കബ​ന്ധുക്കൾ ആ​ണെങ്കി​ലും അ​ല്ലെങ്കി​ലും പ്രാ​യം​ചെന്ന ഈ സഹോ​ദരീ​സ​ഹോദ​രന്മാ​രുടെ ക്ഷേമത്തിൽ നമ്മൾ താത്‌പര്യ​മെടു​ക്കുന്നു. (ഗലാ. 6:10; 1 പത്രോ. 1:22) പ്രായ​മായ​വരോ​ടുള്ള ദൈവത്തിന്‍റെ വീക്ഷണം പരി​ശോ​ധിക്കു​ന്നത്‌ നമു​ക്കേവർക്കും പ്രയോ​ജനക​രമാ​യിരി​ക്കും. പ്രാ​യ​മായ നമ്മുടെ പ്രി​യപ്പെ​ട്ടവരു​ടെ കാ​ര്യ​ത്തിൽ കുടും​ബാം​ഗങ്ങൾക്കും സഭ​യ്‌ക്കും ഉള്ള ഉത്തര​വാദി​ത്വ​ങ്ങളും നാം പരി​ചിന്തി​ക്കും.

“എന്നെ തള്ളി​ക്കളയ​രുതേ”

3, 4. (എ) 71-‍ാ‍ം സങ്കീർത്തനത്തിന്‍റെ എഴു​ത്തു​കാരൻ യഹോ​വ​യോട്‌ ഏത്‌ അപേക്ഷ നടത്തി? (ബി) തങ്ങൾക്കുവേണ്ടി എന്തു ചെയ്യാൻ സഭയിലെ പ്രാ​യമാ​യവർക്കുദൈവ​ത്തോട്‌ അപേ​ക്ഷിക്കാ​നാ​കും?

3 സങ്കീർത്തനം 71:9-ന്‍റെ നി​ശ്വ​സ്‌ത എഴു​ത്തു​കാരൻദൈവ​ത്തോട്‌ ഇങ്ങനെ  അപേക്ഷിച്ചു: “വാർദ്ധക്യ​കാ​ലത്തു നീ എന്നെ തള്ളി​ക്കളയ​രുതേ; ബലം ക്ഷയി​ക്കു​മ്പോൾ എന്നെ ഉപേ​ക്ഷിക്ക​യുമ​രുതേ.” “ദാവീദിന്‍റെ” എന്ന മേ​ലെഴു​ത്ത്‌ അധി​കരി​ച്ചുള്ള 70-‍ാ‍ം സങ്കീർത്തനത്തിന്‍റെ ഒരു തുടർച്ചയാ​യിരി​ക്കാം 71-‍ാ‍ം സങ്കീർത്തനം. അതു​കൊ​ണ്ട് സങ്കീർത്തനം 71:9-ൽ നാം വാ​യി​ക്കുന്ന അപേക്ഷ ദാവീ​ദാ​യിരി​ക്കണം നട​ത്തി​യത്‌. തന്‍റെ യൗ​വനം​മുതൽ വാർധക്യം​വ​രെയുള്ള ഘട്ടങ്ങളിൽ അവൻ ദൈവത്തെ സേവി​ക്കു​കയും യഹോവ അവനെ അതി​ശയക​രമായ വി​ധങ്ങ​ളിൽ ഉപ​യോഗി​ക്കു​കയും ചെയ്‌തു. (1 ശമൂ. 17:33-37, 50; 1 രാജാ. 2:1-3, 10) ഇങ്ങനെ​യൊ​ക്കെയാ​യി​രുന്നി​ട്ടും, തന്നോടു പ്രീതി കാണി​ക്കു​ന്നതിൽ തുടരാൻ യഹോ​വ​യോടു ചോദിക്കേണ്ടതിന്‍റെ ആവശ്യ​മു​ണ്ടെന്ന് അവനു തോന്നി.—സങ്കീർത്തനം 71:17, 18 വായിക്കുക.

4 ഇന്നുള്ള അനേകർ ദാവീ​ദി​നെപ്പോ​ലെ​യാണ്‌. വാർധ​ക്യം ചെ​ന്നി​ട്ടും “ദുർദ്ദി​വസങ്ങൾ” വന്നിട്ടും തങ്ങളുടെ കഴിവിന്‍റെ പര​മാ​വധി ദൈവത്തെ സ്‌തു​തി​ക്കുന്ന​തിൽ അവർ തു​ടരു​ന്നു. (സഭാ. 12:1-7) ശു​ശ്രൂഷ​യുൾപ്പെടെ ജീവിതത്തിന്‍റെ വ്യത്യ​സ്‌ത​മണ്ഡല​ങ്ങളിൽ ഒരിക്കൽ ചെയ്‌തി​രുന്ന​തു​പോലെ ഇപ്പോൾ ചെയ്യാൻ അവരിൽ പലർക്കും കഴിയു​ന്നുണ്ടാ​യിരി​ക്കില്ല. എന്നി​രുന്നാ​ലും അവർക്കും യഹോ​വ​യോട്‌ തങ്ങളുടെ മേൽ അനു​ഗ്രഹാ​ശി​സ്സുകൾ ചൊ​രി​യുന്ന​തിൽ തു​ടരാ​നും തങ്ങളെ പരി​പാലി​ക്കാ​നും അപേ​ക്ഷിക്കാ​നാ​കും. തങ്ങളുടെ പ്രാർഥന​കൾക്ക് ദൈവം ഉത്തരം നൽകു​മെന്നു വിശ്വ​സ്‌തരായ ഇത്തരം വയോ​ധി​കർക്ക് ഉറപ്പു​ള്ളവരാ​യിരി​ക്കാം. കാരണം, അവരുടെ പ്രാർഥ​നകൾ ദിവ്യ​നിശ്വ​സ്‌തതയിൻകീ​ഴിൽ ദാവീദ്‌ പ്ര​കടമാ​ക്കിയ ന്യാ​യ​മായ അതേ വി​കാ​രങ്ങൾ പ്രതി​ധ്വനി​പ്പി​ക്കുന്നു.

5. പ്രാ​യ​മായ വി​ശ്വസ്‌തരെ യഹോവ എങ്ങനെ വീ​ക്ഷിക്കു​ന്നു?

5 പ്രാ​യ​മായ വി​ശ്വസ്‌തരെ യഹോവ അങ്ങേയറ്റം മൂല്യ​മു​ള്ളവരാ​യി കാ​ണു​ന്നെന്നും തന്‍റെ ദാസർ അവരെ ബഹു​മാനി​ക്കാൻ അവൻ പ്രതീ​ക്ഷി​ക്കു​ന്നെന്നും തിരു​വെ​ഴുത്തു​കൾ വ്യ​ക്തമാ​ക്കുന്നു. (സങ്കീ. 22:24-26; സദൃ. 16:31; 20:29) “നരച്ചവന്‍റെ മുമ്പാകെ എഴു​ന്നേ​ല്‌ക്ക​യും വൃദ്ധന്‍റെ മുഖം ബഹു​മാ​നിക്ക​യും നിന്‍റെ ദൈവത്തെ ഭയ​പ്പെടു​കയും വേണം; ഞാൻ യഹോവ ആകുന്നു” എന്ന് ലേവ്യ​പു​സ്‌തകം 19:32 പറയുന്നു. ഇസ്ര​യേൽസഭയി​ലെ പ്രാ​യമാ​യവരെ ബഹു​മാനി​ക്കുക​യെന്നത്‌ അന്ന് ഗൗ​രവ​മേറിയ ഒരു ഉത്തരവാ​ദി​ത്വമാ​യി​രുന്നു; ഇന്നും അത്‌ അങ്ങ​നെത​ന്നെയാ​ണ്‌. എന്നാൽ അവർക്കാ​യി കരു​തു​ന്നതിൽ യഥാർഥ​ത്തിൽ എന്താണ്‌ ഉൾപ്പെട്ടി​രിക്കു​ന്നത്‌? അത്‌ ആരുടെ ഉത്തര​വാദി​ത്വ​മാണ്‌?

കുടുംബത്തിന്‍റെ ഉത്തരവാദിത്വം

6. മാതാപി​താക്കൾക്കു​വേണ്ടി കരു​തു​ന്നതിൽ യേശു എന്തു മാതൃക വെച്ചു?

6 ദൈവവ​ചനം നമ്മോട്‌ ഇ​പ്രകാ​രം പറയുന്നു: “നിന്‍റെ അപ്പ​നെ​യും അമ്മ​യെ​യും ബഹു​മാ​നിക്ക.” (പുറ. 20:12; എഫെ. 6:2) ഈ കല്‌പന​യുടെ അടി​സ്ഥാ​നത്തിൽ, തങ്ങളുടെ മാതാപി​താക്കൾക്കു​വേണ്ടി കരുതാൻ വി​സമ്മ​തിച്ച പരീ​ശന്മാ​രെ​യും ശാസ്‌ത്രി​മാ​രെയും യേശു കുറ്റം​വി​ധിച്ചു. (മർക്കോ. 7:5, 10-13) മാതാപി​താക്കൾക്കു​വേണ്ടി കരു​തു​ന്നതിൽ യേ​ശു​തന്നെ നല്ലൊരു മാതൃക വെച്ചു. ഉദാ​ഹരണ​ത്തിന്‌, സ്‌തംഭ​ത്തിലെ മര​ണസമ​യത്ത്‌, സാധ്യ​തയ​നുസ​രിച്ച് അപ്പോൾ വിധ​വയാ​യി​രുന്ന തന്‍റെ അമ്മയെ പരി​പാലി​ക്കാ​നുള്ള ഉത്തര​വാദി​ത്വം യേശു പ്രി​യശി​ഷ്യ​നായ യോ​ഹന്നാ​നെ ഭര​മേൽപ്പിച്ചു.—യോഹ. 19:26, 27.

7. (എ) മാതാപി​താക്കൾക്കു​വേണ്ടി കരു​തു​ന്നതു സം​ബന്ധി​ച്ച് അപ്പൊ​സ്‌തല​നായ പൗ​ലോ​സ്‌ ഏതു തത്ത്വം എടു​ത്തു​കാണി​ച്ചു? (ബി) ഏതു സാഹച​ര്യ​ത്തെക്കു​റിച്ചു പരാമർശിക്കു​മ്പോ​ഴാണ്‌ പൗ​ലോ​സ്‌ ഈ വാക്കുകൾ എഴു​തി​യത്‌?

7 ക്രി​സ്‌ത്യാ​നി​കൾ തങ്ങ​ളു​ടെതന്നെ കുടും​ബാം​ഗങ്ങൾക്കായി കരു​തണ​മെന്ന് അപ്പൊ​സ്‌തല​നായ പൗ​ലോ​സ്‌ നിശ്വ​സ്‌തത​യിൽ രേ​ഖപ്പെ​ടുത്തി. (1 തിമൊഥെയൊസ്‌ 5:4, 8, 16 വായിക്കുക.) പൗ​ലോ​സ്‌ തിമൊ​ഥെ​യൊ​സിന്‌ എഴുതിയ കാ​ര്യങ്ങ​ളുടെ സാ​ഹച​ര്യം കണക്കി​ലെടു​ക്കുക. സഭ​യിൽനിന്നു സാമ്പ​ത്തി​കപി​ന്തുണ ലഭിക്കാൻ അർഹത ഉള്ള​വരെ​യും ഇല്ലാ​ത്തവ​രെയും കുറിച്ച് അതിൽ പൗ​ലോ​സ്‌ പരാ​മർശിച്ചു. പ്രാ​യ​മായ വിധ​വമാർക്കു​വേണ്ടി പ്രാ​ഥമി​കമാ​യി കരു​തേ​ണ്ടത്‌ അവരുടെ വിശ്വാ​സിക​ളായ മക്കളും കൊ​ച്ചുമ​ക്കളും കുടും​ബാം​ഗ​ങ്ങളും മറ്റു ബന്ധു​ക്ക​ളും ആണെന്ന് അവൻ വ്യ​ക്തമാ​ക്കി. അത്‌ സഭയുടെ മേൽ അനാ​വശ്യ​മായ സാമ്പ​ത്തി​കബാ​ധ്യത വരു​ത്തി​വെക്കു​ന്നത്‌ ഒഴി​വാ​ക്കും. അതു​പോ​ലെ ക്രി​സ്‌ത്യാ​നി​കൾ ഇന്നും “​ദൈവ​ഭക്തി” ആച​രി​ക്കുന്ന ഒരു വിധം സഹാ​യമാ​വശ്യ​മുള്ള തങ്ങളുടെ കുടും​ബാം​ഗങ്ങൾക്കു​വേണ്ടി സാമ്പ​ത്തിക​മായി കരു​തി​ക്കൊണ്ടാ​ണ്‌.

8. പ്രാ​യ​മായ മാതാ​പി​താ​ക്കളെ കരു​തു​ന്നതു സം​ബന്ധി​ച്ച് ബൈബിൾ വി​ശദ​മായ നിർദേ​ശങ്ങൾ നൽകാ​ത്തത്‌ ജ്ഞാനമാ​യി​രിക്കു​ന്നത്‌ എന്തു​കൊ​ണ്ട്?

8 ലളി​തമാ​യി പറഞ്ഞാൽ, തങ്ങളുടെ മാതാ​പി​താക്ക​ളുടെ ഭൗതി​കാ​വശ്യ​ങ്ങൾ സാധിച്ചു​കൊ​ടുക്കാ​നുള്ള കടപ്പാട്‌ പ്രാ​യപൂർത്തി​യായ ക്രി​സ്‌തീ​യമക്കൾക്കുണ്ട്. പൗ​ലോ​സ്‌ പരാ​മർശി​ച്ചത്‌ ‘വിശ്വാ​സിക​ളായ ബന്ധു​ക്കളെ​ക്കുറി​ച്ചാ​ണെങ്കി​ലും’ വിശ്വാ​സി​കള​ല്ലാത്ത മാതാ​പിതാ​ക്ക​ളെയും തഴ​യരു​ത്‌. പല വിധ​ങ്ങളിലാ​യിരി​ക്കാം മക്കൾ  കരുതൽ കാ​ണിക്കു​ന്നത്‌. എല്ലാ​വരു​ടെ​യും സാ​ഹചര്യ​ങ്ങൾ ഒരി​ക്ക​ലും ഒരു​പോ​ലെയാ​യിരി​ക്കില്ല. ഉൾപ്പെട്ടി​രിക്കു​ന്നവ​രുടെ ആവ​ശ്യങ്ങ​ളും മനോ​ഭാ​വവും ആ​രോഗ്യ​വും വ്യത്യ​സ്‌തമാ​ണ്‌. പ്രാ​യ​മായ ചിലർക്ക് ഒന്നോ അതി​ലധി​കമോ മക്കൾ ഉണ്ടാ​യിരി​ക്കാം. ചിലർക്കു ഗവൺമെന്‍റിൽനിന്ന് ആനു​കൂ​ല്യങ്ങൾ ലഭി​ക്കു​മ്പോൾ, മറ്റു ചിലർക്ക് അതു ലഭ്യമല്ല. പരി​ച​രണം ആവശ്യമാ​യി​രിക്കു​ന്നവ​രുടെ വ്യ​ക്തിപ​രമായ താത്‌പ​ര്യങ്ങ​ളും വ്യത്യ​സ്‌തമാ​ണ്‌. അതു​കൊ​ണ്ട്, പ്രാ​യ​മായ കുടും​ബാം​ഗ​ങ്ങളെ ചിലർ പരി​പാലി​ക്കാൻ ശ്ര​മി​ക്കുന്ന വിധത്തെ വിമർശി​ക്കു​ന്നത്‌ ജ്ഞാനമോ അവ​രോ​ടുള്ള സ്‌നേഹ​മോ ആയി​രി​ക്കില്ല. എല്ലാ​റ്റിലു​മു​പരി, തിരു​വെ​ഴുത്ത​ധിഷ്‌ഠി​തമായ തീരു​മാ​നങ്ങളെ അനു​ഗ്രഹി​ക്കാ​നും അതു സഫല​മാക്കാ​നും യഹോ​വയ്‌ക്കാ​കും. മോ​ശയു​ടെ നാളു​കൾമുതൽ അത്‌ സത്യ​മായി​രുന്നി​ട്ടുണ്ട്.—സംഖ്യാ. 11:23.

9-11. (എ) ബുദ്ധി​മു​ട്ടേ​റിയ ഏതു സാ​ഹചര്യ​ങ്ങൾ ചിലർ അഭി​മുഖീ​കരി​ച്ചേക്കാം? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.) (ബി) മുഴുസമയ സേവനം ഉ​പേക്ഷി​ക്കാൻ മക്കൾ തിടുക്കം​കൂട്ട​രുതാ​ത്തത്‌ എന്തു​കൊ​ണ്ട്? ദൃഷ്ടാന്തീകരിക്കുക.

9 മക്കൾ പ്രാ​യ​മായ മാതാപി​താക്ക​ളിൽനിന്ന് വളരെ അക​ലെയാ​ണു താമ​സിക്കു​ന്ന​തെങ്കിൽ, മാതാ​പി​താക്കൾക്ക് ആവ​ശ്യ​മായ സഹായം നൽകു​ക​യെന്നത്‌ പ്രയാ​സമാ​യിരി​ക്കാം. വീ​ഴുക​യോ അസ്ഥി​കൾക്കു പൊട്ടൽ ഉണ്ടാ​കു​കയോ സമാ​ന​മായ മറ്റെ​ന്തെങ്കി​ലും സംഭ​വി​ക്കുക​യോ നിമിത്തം മാതാ​പി​താക്ക​ളിൽ ഒരാ​ളു​ടെ ആ​രോ​ഗ്യം പെട്ടെന്നു മോ​ശമാ​യാൽ അവരെ എത്രയും വേഗം ചെന്നു കാണേണ്ട ഒരു അവസ്ഥ​യുണ്ടാ​യേ​ക്കാം. അത്ത​രമൊ​രു സാ​ഹചര്യ​ത്തിൽ താത്‌കാലി​കമാ​യോ ദീർഘകാ​ലത്തേ​ക്കോ അവർക്കു പിന്തുണ ആവ​ശ്യമാ​യി വന്നേക്കാം. *

10 തങ്ങളുടെ ദിവ്യാ​ധി​പത്യ​നിയ​മനങ്ങൾ നിറ​വേറ്റു​ന്നതി​നായി വീ​ട്ടിൽനിന്ന് അകലെ മാറി താ​മസി​ക്കേണ്ടി വരുന്ന മു​ഴു​സമയ ശു​ശ്രൂഷ​കർക്ക് കൂടുതൽ ബുദ്ധി​മു​ട്ടേ​റിയ തീ​രുമാ​നങ്ങൾ എടു​ക്കേണ്ട​തായി വന്നേക്കാം. ബെ​ഥേ​ലിൽ സേവി​ക്കു​ന്നവ​രും മിഷ​നറി​മാ​രും സഞ്ചാര​മേൽവി​ചാ​രകന്മാ​രും തങ്ങളുടെ നി​യമ​നത്തെ യഹോ​വയിൽനി​ന്നുള്ള അമൂ​ല്യമാ​യൊ​രു അനു​ഗ്രഹ​മായി കരു​തു​ന്നു. എങ്കിൽത്ത​ന്നെയും, തങ്ങളുടെ മാതാ​പി​താക്കൾ രോഗാ​വസ്ഥ​യിലാ​കു​മ്പോൾ പെട്ടെന്ന് അവർ ഇങ്ങനെ ചി​ന്തി​ച്ചേക്കാം, ‘മാതാ​പി​താ​ക്കളെ പരി​പാലി​ക്കാ​നായി ഞങ്ങൾ ഈ നിയമനം ഉ​പേക്ഷി​ച്ച് തിരി​ച്ചു​പോകേ​ണ്ടതല്ലേ?’ എന്നാൽ, മാതാ​പി​താക്കൾക്കു വാ​സ്‌ത​വത്തിൽ ആവശ്യമാ​യിരി​ക്കു​ന്നതും അവർ ആഗ്ര​ഹി​ക്കുന്ന​തും അതു​ത​ന്നെയാ​ണോ എന്ന് പ്രാർഥനാ​പൂർവം ചി​ന്തിക്കു​ന്നതു ജ്ഞാന​മായി​രി​ക്കും. ആരും തങ്ങളുടെ സേവ​നപദ​വികൾ തി​ടുക്ക​ത്തിൽ ഉപേ​ക്ഷിക്ക​രുത്‌, കാരണം എല്ലാ​യ്‌പ്പോ​ഴും അതത്ര ആവശ്യ​മായി​രി​ക്കണ​മെന്നില്ല. മാതാ​പി​താക്ക​ളുടെ സഭ​യി​ലെതന്നെ ആർക്കെങ്കി​ലും സന്തോ​ഷ​ത്തോടെ അവരെ സഹാ​യിക്കാ​നാ​കുന്ന തരം താത്‌കാ​ലിക​മാ​യൊരു ആരോഗ്യ​പ്രശ്‌നമാ​ണോ അത്‌?—സദൃ. 21:5.

11 ഉദാ​ഹരണ​ത്തിന്‌, വീ​ട്ടിൽനിന്ന് അകലെ സേ​വി​ക്കുന്ന രണ്ടു ജഡികസ​ഹോദ​രന്മാ​രുടെ കാര്യ​മെടു​ക്കുക. അതി​ലൊ​രാൾ തെക്കേ അ​മേരി​ക്കയിൽ മിഷന​റിയാ​യി​രുന്നു, മറ്റേയാൾ ന്യൂ​യോർക്കി​ലെ ബ്രു​ക്ലിനി​ലുള്ള ലോ​കാസ്ഥാ​നത്തു സേവി​ക്കുക​യായി​രുന്നു. അവരുടെ പ്രാ​യ​മായ മാതാ​പി​താക്കൾക്കു സഹായം ആവ​ശ്യമാ​യി വന്നപ്പോൾ, ഏറ്റവും മികച്ച സഹായം എങ്ങനെ നൽകാനാ​കു​മെന്നറി​യാൻ അവർ ഭാര്യ​മാ​രുമാ​യി ജപ്പാ​നി​ലുള്ള തങ്ങളുടെ മാതാ​പി​താ​ക്കളെ സന്ദർശി​ച്ചു. തെക്കേ അമേ​രിക്ക​യിലെ ദമ്പതികൾ വീ​ട്ടി​ലേക്കു മടങ്ങു​ന്നതി​നു​വേണ്ടി തങ്ങളുടെ നിയമനം ഉപേക്ഷി​ക്കുന്ന​തി​നെക്കു​റിച്ചു ചിന്തി​ക്കുക​യായി​രുന്നു. അപ്പോൾ മാതാ​പി​താക്ക​ളുടെ സഭയിലെ മൂ​പ്പന്മാ​രുടെ സംഘത്തിന്‍റെ ഏ​കോ​പകൻ അവ​രുമാ​യി ഫോണിൽ ബന്ധപ്പെട്ടു. മൂപ്പന്മാർ സാ​ഹചര്യ​ങ്ങൾ വിലയി​രു​ത്തി​യെന്നും മിഷ​നറി​മാ​രായ ദമ്പതികൾ അവരുടെ നി​യമന​ത്തിൽ സാധ്യ​മാകു​ന്ന​ത്രയും കാലം തുടരാൻ തങ്ങൾ ആഗ്ര​ഹിക്കു​ന്നെ​ന്നും അറി​യി​ച്ചു. ഈ ദമ്പ​തിക​ളുടെ സേവനം വില​മതി​ച്ചു​കൊണ്ട് മൂപ്പന്മാർ അവരുടെ മാതാ​പി​താ​ക്കളെ പരി​ചരി​ക്കുന്ന​തിനു തങ്ങ​ളാലാ​കുന്ന സഹായം ചെയ്‌തു​കൊടു​ക്കാൻ തീരു​മാ​നിച്ചു. സ്‌നേഹമസൃണമായ ആ തീ​രുമാ​നത്തെ കുടും​ബാം​ഗങ്ങ​ളെല്ലാം വള​രെയ​ധികം വി​ലമതി​ച്ചു.

12. പരി​ച​രണം നൽകു​ന്നതി​നോ​ടുള്ള ബന്ധത്തിൽ ഏതൊരു തീരു​മാ​നമെ​ടുക്കു​മ്പോ​ഴും ഒരു ക്രി​സ്‌തീ​യകുടും​ബം എന്തു പരി​ഗണി​ക്കണം?

12 പ്രാ​യ​മായ മാതാ​പി​താക്ക​ളുടെ ആവശ്യ​ങ്ങൾക്കായി കരുതു​ന്നതി​നു​വേണ്ടി ഒരു ക്രി​സ്‌തീ​യകുടും​ബം ഏതെല്ലാം മാർഗങ്ങൾ അവലം​ബി​ച്ചാ​ലും, അത്‌ ദൈ​വനാ​മത്തി​നു ബഹുമതി കൈവ​രുത്തു​ന്നു​വെന്ന് ഉൾപ്പെട്ടി​രി​ക്കുന്ന എല്ലാ​വ​രും ഉറപ്പു​വരു​ത്തണം. യേശുവിന്‍റെ നാളിലെ മത​നേതാ​ക്കന്മാ​രെ​പ്പോ​ലെയാ​യിരി​ക്കാൻ നാം ഒരി​ക്ക​ലും ആഗ്ര​ഹിക്കു​ന്നില്ല. (മത്താ. 15:3-6) നമ്മുടെ തീ​രുമാ​നങ്ങൾദൈവത്തി​നും സഭ​യ്‌ക്കും മഹത്വം കരേറ്റു​ന്നവയാ​യിരി​ക്കാൻ നാം ആ​ഗ്രഹി​ക്കുന്നു.—2 കൊരി. 6:3.

 സഭയുടെ ഉത്തരവാദിത്വം

13, 14. പ്രാ​യ​മായ സ​ഹോദ​രങ്ങളെ പരി​ചരി​ക്കുന്ന​തിൽ സഭയ്‌ക്കു താത്‌പര്യ​മു​ണ്ടെന്ന് തിരു​വെഴു​ത്തുക​ളിൽനിന്നു നിഗമനം ചെയ്യാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ട്?

13 മേൽപ്പറഞ്ഞ വിധത്തിൽ മു​ഴു​സമയ സേവകരെ പിന്തു​ണയ്‌ക്കാൻ എല്ലാ​വർക്കും കഴി​ഞ്ഞെ​ന്നുവ​രില്ല. എന്നി​രുന്നാ​ലും മാതൃകായോഗ്യരായ പ്രാ​യ​മുള്ള സഹോ​ദരീ​സ​ഹോദ​രന്മാ​രുടെ ആവശ്യ​ങ്ങൾക്കായി കരുതാൻ സഭയ്‌ക്കു താത്‌പര്യ​മു​ണ്ടെന്ന് ഒന്നാം നൂ​റ്റാ​ണ്ടിൽ ഉട​ലെ​ടുത്ത ഒരു സാഹ​ചര്യ​ത്തിൽനിന്നു വ്യ​ക്തമാ​ണ്‌. യെരു​ശ​ലേമി​ലെ സഭയിൽ “ഇല്ലായ്‌മ അനു​ഭവി​ക്കുന്ന ആരും . . . ഉണ്ടാ​യിരു​ന്നില്ല” എന്നു ബൈബിൾ പറയുന്നു. അതിന്‌ അർഥം എല്ലാ​വ​രും ധനിക​രായി​രു​ന്നെന്നല്ല. ചിലർക്ക് ഭൗ​തിക​മായി കാര്യ​മാ​യൊ​ന്നും ഉണ്ടാ​യിരു​ന്നില്ല. എങ്കിലും “ഓ​രോരു​ത്തർക്കും ആവശ്യം വരു​ന്നതനു​സരി​ച്ച് അതു വിതരണം ചെയ്യു​മാ​യിരു​ന്നു.” (പ്രവൃ. 4:34, 35) പിന്നീട്‌ പ്രാ​ദേശി​കമാ​യി ഒരു സാ​ഹച​ര്യം ഉട​ലെടു​ത്തു. ‘ദിന​ന്തോ​റു​മുള്ള ഭക്ഷ്യ​വി​തരണ​ത്തിൽ ചില വി​ധവ​മാർ അവഗണി​ക്ക​പ്പെട്ടി​രുന്ന​തായി’ നി​രീക്ഷി​ച്ചു. അതു​കൊ​ണ്ട്, അവരുടെ ആവശ്യങ്ങൾ ഉചി​തമാ​യും ന്യാ​യമാ​യും നിറ​വേ​റു​ന്നെന്ന് ഉറപ്പു​വരു​ത്താ​നായി അപ്പൊ​സ്‌തല​ന്മാർ യോ​ഗ്യ​തയുള്ള ചില പു​രുഷ​ന്മാരെ നി​യമി​ച്ചാക്കി. (പ്രവൃ. 6:1-5) ദിന​ന്തോ​റു​മുള്ള ഈ താത്‌കാലി​ക​ക്രമീ​കരണം, എ.ഡി. 33-ലെ പെ​ന്തെക്കൊ​സ്‌തിൽ ക്രിസ്‌ത്യാ​നി​കളായ ശേഷം ആത്മീ​യമാ​യി വള​രുന്ന​തിന്‌ കുറച്ചു കാലം യെരു​ശ​ലേമിൽ താമ​സി​ച്ചവരു​ടെ ആവശ്യങ്ങൾ നിറവേ​റ്റുന്ന​തിനാ​യി​രുന്നു. അപ്പൊ​സ്‌ത​ലന്മാ​രുടെ ഈ ദൃഷ്ടാന്തം കാ​ണിക്കു​ന്നത്‌ ആവ​ശ്യ​മുള്ള സ​ഹോദ​രങ്ങളെ സഹാ​യി​ക്കാൻ സഭ​യ്‌ക്കാ​കും എന്നാണ്‌.

14 സഭ​യിൽനിന്നു സാമ്പ​ത്തി​കപി​ന്തുണ ലഭിക്കാൻ ക്രി​സ്‌തീ​യവിധ​വമാർ അർഹ​രായി​രി​ക്കുന്ന സാ​ഹചര്യ​ങ്ങൾ ഏതെ​ല്ലാ​മാ​ണെന്ന് പൗ​ലോ​സ്‌ തിമൊ​ഥെ​യൊ​സിനു നൽകിയ നിർദേശ​ങ്ങളിൽ നാം കാണു​ക​യുണ്ടാ​യി. (1 തിമൊ. 5:3-16) സമാ​നമാ​യി, പീ​ഡനങ്ങ​ളോ മറ്റോ നിമിത്തം സഹായ​മാവ​ശ്യമു​ള്ളവർക്കും അനാ​ഥർക്കും വിധ​വമാർക്കും വേണ്ടി കരു​താ​നുള്ള ഉത്തര​വാദി​ത്വം നിശ്വ​സ്‌തത​യിൽ യാ​ക്കോ​ബ്‌ ഉറപ്പി​ച്ചു​പറയു​ന്നു. (യാക്കോ. 1:27; 2:15-17) അപ്പൊ​സ്‌തല​നായ യോ​ഹ​ന്നാൻ ഇങ്ങനെ ന്യാ​യവാ​ദം ചെയ്‌തു: “ഒരുവന്‌ ലൗകിക സമ്പത്ത്‌ ഉണ്ടാ​യി​രിക്കെ, തന്‍റെ സ​ഹോ​ദരൻ ഞെരു​ക്കത്തി​ലാ​ണെന്നു മനസ്സി​ലാ​ക്കിയി​ട്ടും അവ​നോ​ടു മന​സ്സലി​വു കാ​ണിക്കാ​ഞ്ഞാൽ അവനു ദൈ​വസ്‌നേഹമു​ണ്ടെന്ന് എങ്ങനെ പറ​യാനാ​കും?” (1 യോഹ. 3:17) സഹായം ആവശ്യ​മുള്ള​വരോ​ടുള്ള ബന്ധത്തിൽ ക്രിസ്‌ത്യാ​നി​കൾക്ക് വ്യക്തി​പര​മായി ഇത്തരം ഉത്തര​വാ​ദിത്വ​ങ്ങൾ ഉ​ണ്ടെന്നി​രിക്കെ, സഭകളെ സം​ബന്ധി​ച്ചും അത്‌ അങ്ങ​നെത​ന്നെയല്ലേ?

ഒരു അപക​ടമു​ണ്ടാ​യാൽ സഭയ്‌ക്ക് എങ്ങനെ സഹാ​യിക്കാ​നാ​കും? (15, 16 ഖണ്ഡികകൾ കാണുക)

15. പ്രാ​യ​മായ സഹോദ​രീസ​ഹോ​ദരന്മാർക്കു പിന്തുണ നൽകുന്ന​തിൽ എന്തെല്ലാം ഘടകങ്ങൾ ഉൾപ്പെ​ട്ടേക്കാം?

15 ചില ദേ​ശങ്ങളി​ലെ ഗവൺമെന്‍റ് അധി​കാ​രികൾ പ്രാ​യമാ​യവർക്ക് പെൻഷ​നും വാർധ​ക്യ​ക്ഷേമപ​ദ്ധതി​കളും അവരെ പരി​ചരി​ക്കുന്ന​തിന്‌ ഒരു വ്യ​ക്തിയു​ടെ സഹാ​യ​വും ലഭ്യ​മാ​ക്കുന്നു. (റോമ. 13:6) എന്നാൽ, മറ്റു ചില​യിട​ങ്ങളിൽ ഇത്തരം സേവനങ്ങൾ ലഭ്യമല്ല. അതു​കൊ​ണ്ട്, പ്രാ​യ​മായ സഹോദ​രീസ​ഹോ​ദരന്മാർക്ക് കുടും​ബാം​ഗ​ങ്ങളും സഭയും നൽകേണ്ട ശാരീ​രി​കപി​ന്തുണ സാ​ഹചര്യ​ങ്ങൾ അനു​സരി​ച്ചു വ്യത്യാ​സ​പ്പെട്ടിരി​ക്കും. വിശ്വാ​സിക​ളായ മക്കൾ മാതാപി​താക്ക​ളിൽനിന്ന് അക​ലെയാ​ണു താമ​സിക്കു​ന്ന​തെങ്കിൽ, മാതാ​പിതാ​ക്കൾക്കായി മക്കൾക്കു ന്യാ​യമാ​യും നൽകാനാ​കുന്ന സഹായത്തെ അതു ബാ​ധി​ക്കും. മക്കൾ മാതാ​പി​താക്ക​ളുടെ സഭയിലെ മൂപ്പ​ന്മാ​രുമാ​യി തുറന്ന ആശയ​വിനി​മയം നട​ത്തു​ന്നെങ്കിൽ, ആ കുടുംബത്തിന്‍റെ  സാഹചര്യങ്ങൾ ഇരു​കൂട്ടർക്കും മനസ്സി​ലാ​കു​ന്നെന്ന് ഉറപ്പു​വരു​ത്താനാ​കും. ഉദാ​ഹരണ​ത്തിന്‌, ഗവൺമെന്‍റിൽനിന്നോ പ്രാ​ദേ​ശിക​മായ സാമൂ​ഹിക​പദ്ധതി​കളിൽനി​ന്നോ ലഭ്യ​മാ​കുന്ന ആനു​കൂ​ല്യങ്ങൾ മാതാ​പി​താക്ക​ളുടെ ശ്രദ്ധ​യിൽപ്പെടു​ത്താൻ മൂപ്പ​ന്മാർക്കാ​യേക്കും. മാതാ​പി​താക്ക​ളുടെ കണ്ണിൽപ്പെടാത്ത ബി​ല്ലുക​ളും കൃത്യമായി കഴിക്കാത്ത മരു​ന്നു​കളും ഉൾപ്പെ​ടെയുള്ള കാര്യങ്ങൾ നി​രീക്ഷി​ച്ച് അവ മക്കളെ അറി​യിക്കാ​നും മൂപ്പ​ന്മാർക്കാ​യേക്കും. സദു​ദ്ദേശ​ത്തോ​ടെയും ദയ​യോ​ടെയും ഉള്ള ഇത്തരം ആശയ​ക്കൈ​മാറ്റം, സാ​ഹചര്യ​ങ്ങൾ കൂടുതൽ വഷ​ളാകു​ന്നതു തട​യുക​യും പ്രാ​യോ​ഗിക​പരി​ഹാര​ങ്ങളി​ലേക്കു നയി​ക്കു​കയും ചെയ്യും. അതെ, പെട്ടെന്നു സഹായം എത്തി​ക്കുന്ന​വരും ആവ​ശ്യ​മായ ഉപദേശം നൽകുന്ന​വരും, ഒരർഥ​ത്തിൽ മക്കളുടെ ‘കണ്ണായി’ വർത്തി​ച്ചു​കൊ​ണ്ട് കുടുംബത്തിന്‍റെ ഉത്‌കണ്‌ഠകൾ കു​റച്ചേ​ക്കാം.

16. ചില ക്രി​സ്‌ത്യാ​നി​കൾ സഭയിലെ പ്രാ​യമാ​യവരെ എങ്ങനെ സഹാ​യി​ക്കുന്നു?

16 പ്രാ​യ​മായ പ്രിയ​പ്പെട്ട​വരോ​ടുള്ള ആർദ്രസ്‌നേഹ​ത്താൽ പ്ര​ചോദി​തരാ​യി ചില ക്രി​സ്‌ത്യാ​നി​കൾ തങ്ങ​ളാലാ​കുന്ന വിധത്തിൽ സമയവും ഊർജ​വും അവർക്കാ​യി സ്വ​മേ​ധയാ ചെ​ലവി​ടുന്നു. ഈ സ​ഹോദ​രങ്ങൾ സഭയിലെ പ്രാ​യമാ​യവ​രിൽ കൂടുതൽ താത്‌പര്യ​മെടു​ക്കാൻ പ്ര​ത്യേ​കം ശ്ര​ദ്ധിക്കു​ന്നു. ചിലർ സഭ​യി​ലുള്ള മറ്റു​ള്ളവ​രുമാ​യി പരി​ചരി​ക്കാ​നുള്ള ഉത്തര​വാ​ദിത്വ​ങ്ങൾ പങ്കു​വെച്ചു​കൊ​ണ്ട് ഊഴ​മനു​സരി​ച്ചു പ്രവർത്തി​ക്കുന്നു. തങ്ങളുടെ സാ​ഹച​ര്യം മൂലം മു​ഴു​സമയ സേവനം ഏറ്റെ​ടുക്കാ​നാ​കാത്ത ഇത്തരം ചില സ​ഹോദ​രങ്ങൾ, പ്രാ​യമാ​യവരു​ടെ മക്കളെ അവരുടെ നി​യമന​ത്തിൽ ആവോളം തുടരാൻ പിന്തു​ണയ്‌ക്കു​ന്നതിൽ സന്തു​ഷ്ടരാ​ണ്‌. എത്ര ഉത്‌കൃഷ്ടമായ മനോ​ഭാ​വമാ​ണ്‌ ഈ സ​ഹോദ​രങ്ങൾ പ്രക​ടമാ​ക്കു​ന്നത്‌! എങ്കിലും അവരുടെ ഉദാരത, മാതാ​പിതാ​ക്കൾക്കായി തങ്ങൾ ചെയ്യേണ്ട ഉത്തരവാ​ദി​ത്വങ്ങ​ളിൽനിന്ന് മക്കളെ ഒഴിവു​ള്ളവ​രാക്കു​ന്നില്ല.

ബലപ്പെടുത്തുന്ന വാ​ക്കുക​ളാൽ പ്രാ​യമാ​യവരെ ബഹുമാനിക്കുക

17, 18. പരി​ച​രണം ആസ്വാ​ദ്യ​മാ​ക്കാൻ ഉൾപ്പെട്ടി​രി​ക്കുന്ന ഇരു​കൂ​ട്ടരും എന്തു മ​നോഭാ​വം പ്ര​കടമാ​ക്കണം?

17 പരി​ചര​ണത്തിൽ ഉൾപ്പെട്ടി​രി​ക്കുന്ന ഏവർക്കും ആ അനുഭവം ആകുന്നത്ര ആസ്വാ​ദ്യ​മാ​ക്കാൻ ശ്രമി​ക്കാ​നാ​കും. ഇതിൽ നി​ങ്ങൾക്കൊരു പങ്കു​ണ്ടെ​ങ്കിൽ, ക്രി​യാത്മക​മനോ​ഭാവം നില​നിറു​ത്താൻ പര​മാ​വധി യത്‌നി​ക്കുക. ചില സമ​യങ്ങ​ളിൽ, വാർധ​ക്യം നിരാ​ശയ്‌ക്കോ വിഷാ​ദത്തി​നു​പോലു​മോ ഇടയാ​ക്കി​യേ​ക്കാം. അതു​കൊ​ണ്ട് പ്രാ​യ​മായ സഹോ​ദരീ​സഹോ​ദര​ന്മാരെ ബഹു​മാനി​ക്കാ​നും പ്രോ​ത്സാഹി​പ്പിക്കാ​നും നിങ്ങൾ പ്ര​ത്യേക​ശ്രമം ചെയ്യേണ്ട​തുണ്ടാ​യിരി​ക്കാം. അതി​നു​വേണ്ടി അവ​രുമാ​യി കെ​ട്ടു​പണി ചെയ്യുന്ന സം​ഭാഷ​ണങ്ങൾ നട​ത്തുന്ന​തിൽ തുടരുക. അർപ്പ​ണമ​നോഭാ​വ​ത്തോ​ടെയുള്ള സേവനത്തിന്‍റെ നല്ല രേ​ഖയു​ള്ളവരെ അഭി​നന്ദി​ക്കേണ്ട​താണ്‌. തനി​ക്കാ​യി അവർ ചെയ്‌ത സേവനത്തെ യഹോവ മറ​ക്കു​ന്നില്ല, സഹക്രി​സ്‌ത്യാ​നി​കളായ നാമും അങ്ങനെത​ന്നെയാ​യിരി​ക്കണം.—മലാഖി 3:16; എബ്രായർ 6:10 വായിക്കുക.

18 കൂടാതെ, പ്രാ​യമാ​യവ​രും പരി​ച​രണം നൽകുന്ന​വരും ഇട​യ്‌ക്കൊക്കെ നർമരസം കലർന്ന സം​ഭാഷ​ണങ്ങൾ നട​ത്തു​ന്നെങ്കിൽ, ബുദ്ധി​മു​ട്ടേ​റിയ ദൈനം​ദി​നകാ​ര്യാ​ദികൾ കൂടുതൽ ലഘൂ​കരി​ക്കാനാ​കും. (സഭാ. 3:1, 4) നിർബ​ന്ധബു​ദ്ധി​യോടെ കാര്യങ്ങൾ ആവശ്യ​പ്പെടാ​തിരി​ക്കാൻ പ്രാ​യ​മായ പലരും ശ്ര​ദ്ധിക്കു​ന്നു. തങ്ങൾ പ്ര​കടമാ​ക്കുന്ന മ​നോഭാ​വം സന്ദർശക​രെയും തങ്ങൾക്കു ലഭിക്കുന്ന പരി​ചര​ണത്തെ​യും ബാധി​ക്കു​മെന്ന് അവർ തിരി​ച്ച​റിയു​ന്നു. സന്ദർശകർ ഇങ്ങനെ പറ​യു​ന്നത്‌ സാധാ​രണ​മാണ്‌, “പ്രാ​യ​മായ ഒരു സുഹൃത്തിനെ പ്രോത്സാ​ഹിപ്പി​ക്കാ​നാണ്‌ ഞാൻ പോയത്‌, എന്നാൽ വള​രെയ​ധികം പ്രോ​ത്സാഹി​തനാ​യാണ്‌ ഞാൻ മട​ങ്ങി​യത്‌.”—സദൃ. 15:13; 17:22.

19. ഭാവിയെ സം​ബന്ധി​ച്ച് ചെറു​പ്പ​ക്കാർക്കും പ്രാ​യമാ​യവർക്കും സമാ​ന​മായ എന്തു കാഴ്‌ചപ്പാ​ടു​ണ്ടായി​രി​ക്കാനാ​കും?

19 ദു​രിത​ങ്ങളും അപൂർണത​യുടെ ഫലങ്ങളും അവ​സാനി​ക്കുന്ന നാളു​കൾക്കായി നാം നോക്കി​പ്പാർത്തി​രി​ക്കുന്നു. അതുവരെ, നിത്യ​തയി​ലുള്ള കാ​ര്യങ്ങ​ളിൽദൈവ​ജനം തങ്ങളുടെ പ്രത്യാശ ഉറപ്പി​ച്ചുനി​റു​ത്തേണ്ട​തുണ്ട്. അരി​ഷ്ടത​യോ പീ​ഡന​മോ ഉണ്ടാ​കു​മ്പോൾ ദൈവത്തിന്‍റെ വാഗ്‌ദാ​നങ്ങളി​ലുള്ള വി​ശ്വാ​സം ഒരു നങ്കൂ​രമാ​ണെന്ന് നമുക്ക് അറിയാം. ആ വിശ്വാ​സമു​ള്ളതി​നാൽ “ഞങ്ങൾ മടുത്തു​പി​ന്മാറു​ന്നില്ല. ഞങ്ങളിലെ ബാഹ്യ​മനു​ഷ്യൻ ക്ഷയിച്ചു​കൊ​ണ്ടിരി​ക്കു​ന്നെങ്കി​ലും ആന്തരി​ക​മനു​ഷ്യൻ നാൾക്കു​നാൾ പുതുക്കം പ്രാപി​ച്ചു​കൊണ്ടി​രി​ക്കുന്നു.” (2 കൊരി. 4:16-18; എബ്രാ. 6:18, 19) ദൈവത്തിന്‍റെ വാഗ്‌ദാ​നങ്ങ​ളിൽ ശക്തമായ വി​ശ്വാ​സം നില​നിറു​ത്തു​ന്നതു കൂടാതെ പരി​ചര​ണത്തി​നുള്ള ഉത്തര​വാ​ദിത്വ​ങ്ങൾ നിർവഹി​ക്കാൻ നിങ്ങളെ എന്തു സഹാ​യി​ക്കും? ചില പ്രാ​യോഗി​കനിർദേശങ്ങൾ അടുത്ത ലേ​ഖന​ത്തിൽ പരി​ചിന്തി​ക്കു​ന്നതാ​യിരി​ക്കും.

^ ഖ. 9 മക്കൾക്കും പരി​ചരണം​വേണ്ട അവരുടെ പ്രാ​യ​മായ മാതാ​പി​താക്കൾക്കും മുമ്പാകെ തുറന്നു കിടക്കുന്ന ചില അവസരങ്ങൾ അടുത്ത ലേ​ഖന​ത്തിൽ പരി​ചിന്തി​ക്കും.