വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 മാര്‍ച്ച് 

ക്രിയാത്മകവീക്ഷണം എങ്ങനെ നിലനിറുത്താം?

ക്രിയാത്മകവീക്ഷണം എങ്ങനെ നിലനിറുത്താം?

“മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ.”—സഭാ. 11:8.

1. യഹോവയിൽനിന്നുള്ള ഏതെല്ലാം അനുഗ്രഹങ്ങൾ സന്തുഷ്ടരായിരിക്കാൻ നമ്മെ സഹായിക്കുന്നു?

നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. സന്തുഷ്ടിയിലേക്കു നയിക്കുന്ന ധാരാളം അനുഗ്രഹങ്ങൾ അവൻ നമ്മുടെ മേൽ ചൊരിയുന്നു. അതിലൊന്നാണ്‌ നാം ജീവനോടിരിക്കുന്നു എന്നത്‌. അതുകൊണ്ടാണ്‌ സത്യാരാധനയിലേക്ക് നമ്മെ ആകർഷിച്ച ദൈവത്തെ സ്‌തുതിക്കാനായി നമ്മുടെ ജീവിതം വിനിയോഗിക്കാനാകുന്നത്‌. (സങ്കീ. 144:15; യോഹ. 6:44) നമ്മോടുള്ള സ്‌നേഹം സംബന്ധിച്ച് യഹോവ ഉറപ്പുനൽകുകയും അവനെ സേവിക്കുന്നതിൽ തുടരാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. (യിരെ. 31:3; 2 കൊരി. 4:16) സമൃദ്ധമായ ആത്മീയാഹാരവും സ്‌നേഹമുള്ള സഹോദരവർഗവും അടങ്ങിയ ഒരു ആത്മീയപറുദീസ നാം ആസ്വദിക്കുന്നു. അതുകൂടാതെ, നമുക്കു ഭാവി സംബന്ധിച്ച് അമൂല്യമായൊരു പ്രത്യായുമുണ്ട്.

2. ദൈവത്തിന്‍റെ ചില വിശ്വസ്‌തദാസർ ഏതു ചിന്തകളുമായി പൊരുതുന്നു?

2 സന്തോഷിക്കുന്നതിന്‌ ഈ കാരണങ്ങളെല്ലാമുണ്ടെങ്കിലും ദൈവത്തിന്‍റെ ചില വിശ്വസ്‌തദാസർ തങ്ങളെക്കുറിച്ചുന്നെയുള്ള നിഷേധാത്മകചിന്തകളുമായി പൊരുതുന്നു. തങ്ങൾക്കോ തങ്ങളുടെ സേവനത്തിനോ യഹോവയുടെ മുമ്പാകെ മൂല്യമില്ലെന്ന് അവർ ചിന്തിച്ചേക്കാം. എപ്പോഴും നിഷേധാത്മകവികാരങ്ങൾ വെച്ചുപുലർത്തുന്നവർക്ക്, “ബഹുകാലം” സന്തോഷിക്കാനാകുമെന്ന ആശയം ഒരു മിഥ്യാസങ്കല്‌പമായി തോന്നിയേക്കും. ജീവിതം എന്നത്‌ അന്ധകാരകാലങ്ങളുടെ ഒരു തുടർക്കഥയായി അവർക്കു അനുഭവപ്പെട്ടേക്കാം.—സഭാ. 11:8.

3. നിഷേധാത്മകവികാരങ്ങൾ ഉടലെടുക്കാൻ എന്ത് ഇടയാക്കിയേക്കാം?

3 നിരുത്സാഹമോ രോമോ വാർധക്യസഹജമായ പരിമിതികളോ ആയിരിക്കാം ചില സഹോദരങ്ങളിൽ നിഷേധാത്മകവികാരങ്ങൾ ഉടലെടുക്കാൻ കാരണം. (സങ്കീ. 71:9; സദൃ. 13:12; സഭാ. 7:7) അതിനുപുറമെ, ഹൃദയം കപടമുള്ളതാകയാൽ  ദൈവം നമ്മിൽ സംപ്രീതനാണെങ്കിലും ഹൃദയം നമ്മെ കുറ്റപ്പെടുത്തിയേക്കാമെന്ന യാഥാർഥ്യം എല്ലാ ക്രിസ്‌ത്യാനികളും തിരിച്ചറിയേണ്ടതുണ്ട്. (യിരെ. 17:9; 1 യോഹ. 3:20) പിശാച്‌ ദൈവദാസർക്കെതിരെ വ്യാജാരോപണങ്ങൾ ഉന്നയിക്കുന്നു. സാത്താന്‍റെ അത്തരം ചിന്തയുള്ളവർ അവിശ്വസ്‌തനായ എലീഫസ്‌ പറഞ്ഞതുപോലെ ദൈവമുമ്പാകെ നാം മൂല്യമില്ലാത്തവരാണെന്നു ചിന്തിക്കാൻ ഇടയാക്കിയേക്കാം. ഇയ്യോബിന്‍റെ നാളിൽ ഉണ്ടായിരുന്ന അത്തരം നുണ ഇന്നും നിലവിലുണ്ട്.—ഇയ്യോ. 4:18, 19.

4. ഈ ലേഖനത്തിൽ നാം എന്ത് പരിചിന്തിക്കും?

4 ‘കൂരിരുൾതാഴ്‌വരയിൽ കൂടി നടക്കുന്നവരോടൊപ്പം’ താൻ ഉണ്ടാകുമെന്ന് തിരുവെഴുത്തുകളിലൂടെ യഹോവ വ്യക്തമാക്കുന്നു. (സങ്കീ. 23:4) യഹോവ നമ്മോടൊപ്പമായിരിക്കുന്ന ഒരു വിധം അവന്‍റെ വചനത്തിലൂടെയാണ്‌. അബദ്ധധാരണകളും നിഷേധാത്മകമായ ആശയങ്ങളും പോലെയുള്ള “കോട്ടകളെപ്പോലും തകർത്തുകളയാൻതക്ക ശക്തിയുള്ള ദൈവിക ആയുധ”മാണ്‌ ബൈബിൾ. (2 കൊരി. 10:4, 5) അതുകൊണ്ട് ക്രിയാത്മകവീക്ഷണം നട്ടുവളർത്താനും നിലനിറുത്താനും ബൈബിൾ നമ്മെ എങ്ങനെ സഹായിക്കുമെന്ന് നമുക്കു പരിചിന്തിക്കാം. വ്യക്തിപരമായി പ്രയോജനം നേടാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനാകുന്ന വഴികൾ കണ്ടെത്താനും നിങ്ങൾക്കു സാധിച്ചേക്കും.

ക്രിയാത്മകവീക്ഷണം നട്ടുവളർത്താൻ ബൈബിൾ ഉപയോഗിക്കുക

5. ക്രിയാത്മകവീക്ഷണമുള്ളവരായിരിക്കാൻ നാം എന്ത് പരിശോധന നടത്തേണ്ടതുണ്ട്?

5 ക്രിയാത്മകവീക്ഷണം നട്ടുവളർത്താൻ നമ്മെ സഹായിക്കുന്ന ചില കാര്യങ്ങൾ അപ്പൊസ്‌തലനായ പൗലോസ്‌ വിശദീകരിച്ചു. കൊരിന്ത്യസഭയിലുള്ളവരെ അവൻ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുവിൻ.” (2 കൊരി. 13:5) “വിശ്വാസം” എന്നത്‌ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ക്രിസ്‌തീയവിശ്വാസങ്ങളുടെ ആകെത്തുകയാണ്‌. നമ്മുടെ വാക്കുകളും പ്രവൃത്തികളും ആ വിശ്വാങ്ങൾക്കു ചേർച്ചയിലാണെങ്കിൽ നാം പരിശോധനയിൽ വിജയിച്ചിരിക്കുന്നു; “വിശ്വാസത്തിൽ നിലനിൽക്കുന്നു” എന്നു കാണിക്കുകയും ചെയ്യുന്നു. തീർച്ചയായും, നമ്മുടെ ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും മുഴുക്രിസ്‌തീയപഠിപ്പിക്കലുകളും നാം ബാധകമാക്കേണ്ടതുണ്ട്. അല്ലാതെ, ഏതെല്ലാം വിശ്വാസങ്ങൾ അനുസരിക്കണമെന്ന് നമ്മുടെ താത്‌പര്യമനുസരിച്ചു തിരഞ്ഞെടുക്കാനാവില്ല.—യാക്കോ. 2:10, 11.

6. “വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന്” നാം നമ്മെത്തന്നെ പരിശോധിക്കേണ്ടത്‌ എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

6 നിങ്ങൾ ഈ പരിശോധന നടത്താൻ മടിച്ചേക്കാം, പ്രത്യേകിച്ച് പരാജയപ്പെടുമെന്നു തോന്നിയാൽ. എന്നാൽ നമുക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായത്തെക്കാൾ പ്രധാനമാണ്‌ യഹോവയ്‌ക്കു നമ്മെക്കുറിച്ചുള്ള അഭിപ്രായം. കാരണം യഹോവയുടെ ചിന്തകൾ നമ്മുടേതിനെക്കാൾ ഉയർന്നതാണ്‌. (യെശ. 55:8, 9) അവൻ തന്‍റെ ആരാകരെ പരിശോധിക്കുന്നത്‌ അവരെ കുറ്റപ്പെടുത്താനല്ല, മറിച്ച് അവരുടെ നല്ല ഗുണങ്ങൾ കണ്ടെത്തി സഹായിക്കാനാണ്‌. “നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന്” പരിശോധിക്കാനായിദൈവവചനം ഉപയോഗിക്കുമ്പോൾ, ദൈവം നിങ്ങളെ വീക്ഷിക്കുന്നതുപോലെ നിങ്ങൾ നിങ്ങളെത്തന്നെ വീക്ഷിച്ചു തുടങ്ങും. ദൈവമുമ്പാകെ നിങ്ങൾ യോഗ്യതയില്ലാത്തവരാണെന്ന ഏതൊരു ചിന്തയും ഒഴിവാക്കിക്കൊണ്ട് ‘നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ അമൂല്യരാണ്‌’ എന്ന ബൈബിളധിഷ്‌ഠിതമായ ഉറപ്പുള്ളവരായിരിക്കാൻ ഈ പരിശോധന സഹായിക്കും. ഇരുളടഞ്ഞ ഒരു മുറിയിലേക്കു സൂര്യകിരണങ്ങൾ കടന്നുവരുന്നതിനുവേണ്ടി ജനാലകൾ തുറക്കുന്നതുപോലൊരു അനുഭവമായിരിക്കും അത്‌.

7. വിശ്വസ്‌തതയുടെ ബൈബിൾദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും?

7 ഈ ആത്മപരിശോധന ഫലപ്രദമായി നടത്താനാകുന്ന ഒരു വിധംബൈബിളിൽ പരാമർശിച്ചിരിക്കുന്ന വിശ്വസ്‌തരായ ആളുകളുടെ ഉദാഹരണങ്ങൾ ധ്യാനിക്കുന്നതിലൂടെയാണ്‌. അവരുടെ സാഹചര്യങ്ങളോ വികാരങ്ങളോ നിങ്ങളുടേതുമായി താരതമ്യം ചെയ്‌തുകൊണ്ട് ആ സാഹചര്യത്തിൽ നിങ്ങൾ എങ്ങനെ പ്രവർത്തിക്കുമായിരുന്നെന്നു ചിന്തിക്കുക. നിങ്ങൾ “വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന്” പരിശോധിക്കാൻ ബൈബിൾ എങ്ങനെ ഉപയോഗിക്കാനാകുമെന്നു വിശദമാക്കുന്ന മൂന്ന് ഉദാഹരണങ്ങൾ നോക്കാം. നിങ്ങളെക്കുറിച്ചുതന്നെ ഒരു ക്രിയാത്മകവീക്ഷണം നട്ടുവളർത്താനും ഇത്‌ സഹായിക്കും.

ദരിദ്രയായ വിധവ

8, 9. (എ) ദരിദ്രയായ വിധവയുടെ സാഹചര്യങ്ങൾ എന്തായിരുന്നു? (ബി) എന്ത് നിഷേധാത്മകവികാരങ്ങൾ വിധവയ്‌ക്ക് ഉണ്ടായിരുന്നിട്ടുണ്ടാകാം?

8 യെരുശലേം ആലയത്തിൽവെച്ച് യേശു ദരിദ്രയായ ഒരു വിധവയെ നിരീക്ഷിച്ചു. ആ വിധവയുടെ മാതൃക, പരിമിതികളുള്ളപ്പോൾപ്പോലും ഒരു ക്രിയാത്മകവീക്ഷണം നിലനിറുത്താൻ നമ്മെ സഹായിക്കും. (ലൂക്കോസ്‌ 21:1-4 വായിക്കുക.) വിധവയുടെ സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കുക: ഭർത്താവിനെ നഷ്ടപ്പെട്ട ദുഃഖം അവൾ സഹിക്കേണ്ടിയിരുന്നു. അതു കൂടാതെ, അവിടത്തെ മതനേതാക്കന്മാർ അവളെപ്പോലുള്ള ബലഹീനരെ സഹായിക്കുന്നതിനു പകരം “വിധവമാരുടെ വീടുകൾ വിഴുങ്ങു”ന്നവരായിരുന്നു. അത്തരം മതനേതാക്കന്മാരുടെ അധീനതയിലുള്ള മതപരമായ അന്തരീക്ഷത്തിലും അവൾക്കു സഹിച്ചുനിൽക്കേണ്ടതുണ്ടായിരുന്നു.  (ലൂക്കോ. 20:47) അവൾ വളരെ ദരിദ്രയായിരുന്നതിനാൽ രണ്ടു ചെറുതുട്ടുകൾ മാത്രമാണ്‌ അവൾക്ക് ആലയത്തിൽ സംഭാവന നൽകാൻ സാധിച്ചത്‌; ഒരു കൂലിപ്പണിക്കാരന്‌ ഏതാനും മിനിട്ടുകൊണ്ടു സമ്പാദിക്കാനാകുന്ന വേതനത്തിനു തുല്യമായ തുക.

9 രണ്ടു ചെറുനാണയത്തുട്ടുകളുമായി ആലയപ്രാകാരത്തിൽ പ്രവേശിച്ചപ്പോൾ ആ വിധവയുടെ വികാരം എന്തായിരുന്നിരിക്കുമെന്നു ചിന്തിക്കുക. തന്‍റെ ഭർത്താവ്‌ ജീവിച്ചിരുന്നപ്പോൾ തനിക്കു നൽകാൻ കഴിയുമായിരുന്നതിനെക്കാൾ എത്രയോ തുച്ഛമായ തുകയാണ്‌ താനിപ്പോൾ നൽകാൻപോകുന്നതെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകുമോ? തനിക്കു മുമ്പു വന്നവർ നൽകുന്ന വലിയ സംഭാവനകൾ കണ്ടിട്ട് താൻ നൽകുന്നതു മൂല്യമില്ലാത്തതാണെന്നു ചിന്തിച്ചുകൊണ്ട് അവൾക്കു ജാള്യം തോന്നിക്കാണുമോ? അവൾക്ക് ഇത്തരം വികാരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ, സത്യാരാധനയ്‌ക്കുവേണ്ടി തനിക്കു ചെയ്യാൻ കഴിയുന്നത്‌ അവൾ ചെയ്‌തു.

10. ദൈവം വിധവയെ മൂല്യമുള്ളവളായി വീക്ഷിച്ചുവെന്ന് യേശു ചൂണ്ടിക്കാണിച്ചത്‌ എങ്ങനെ?

10 വിധവയും അവൾ നൽകിയ സംഭാവനയും യഹോവയ്‌ക്കു മൂല്യമുള്ളതാണെന്ന് യേശു ചൂണ്ടിക്കാണിച്ചു. “ഈ വിധവ മറ്റെല്ലാവരെക്കാളും (ധനികരായവരെക്കാളും) അധികം ഇട്ടിരിക്കുന്നു” എന്ന് യേശു പറഞ്ഞു. അവൾ ഇട്ട സംഭാവന മറ്റുള്ളവരുടേതുമായി കൂടിക്കലർന്നിട്ടുണ്ടാകുമെങ്കിലും അവളുടെ പ്രവൃത്തിയെ എടുത്തുപറഞ്ഞ് യേശു പ്രശംസിച്ചു. ആ രണ്ടു നാണയത്തുട്ടുകളും അതു നൽകിയ വ്യക്തിയും യഹോവയ്‌ക്ക് എത്ര അമൂല്യമാണെന്ന് പിന്നീടു പണം എണ്ണിത്തിട്ടപ്പെടുത്തിയവർ ചിന്തിച്ചിരിക്കില്ല. മറ്റുള്ളവർ എന്തു ചിന്തിച്ചു എന്നതോ വിധവ തന്നെത്തന്നെ എങ്ങനെ വീക്ഷിച്ചു എന്നതോ അല്ല, മറിച്ച് ദൈവത്തിന്‍റെ വീക്ഷണമാണ്‌ യഥാർഥത്തിൽ പ്രധാനമായിരുന്നത്‌. നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോ എന്നു പരിശോധിച്ചുനോക്കാൻ ഈ വിവരണം ഉപയോഗിക്കാനാകുമോ?

11. ദരിദ്രയായ വിധവയുടെ വിവരണത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാനാകും?

11 യഹോവയ്‌ക്കുവേണ്ടി എത്രത്തോളം നൽകാനാകുമെന്നത്‌ നിങ്ങളുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. പ്രായാധിക്യമോ ശാരീരികപരിമിതികളോ നിമിത്തം, സുവാർത്താവേലയിൽ പരിമിതമായ സമയമേ ചിലർക്കു ചെലവിടാനാകുന്നുള്ളൂ. തങ്ങളുടെ സേവനം മൂല്യമുള്ളതല്ലെന്ന് അവർ ചിന്തിക്കേണ്ടതുണ്ടോ? നിങ്ങൾക്ക് അത്രയധികം പരിമിതികളില്ലെങ്കിലും സേവനത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ദൈവത്തെ ആരാധിക്കാനായി ഓരോ വർഷവുംദൈവജനം ചെലവിടുന്ന സമയത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്ന് നിങ്ങൾക്കു തോന്നിയേക്കാം. എന്നിരുന്നാലും യഹോയ്‌ക്കായി ചെയ്യുന്ന ഓരോ പ്രവൃത്തിയും, പ്രത്യേകിച്ച് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ചെയ്യുന്നവ, അവൻ നിരീക്ഷിക്കുകയും  മൂല്യവത്തായി കരുതുകയും ചെയ്യുന്നുവെന്ന് ദരിദ്രയായ വിധവയുടെ വിവരണത്തിൽനിന്നു നാം മനസ്സിലാക്കുന്നു. കഴിഞ്ഞ വർഷം യഹോയ്‌ക്കായി നിങ്ങൾ ചെയ്‌ത സേവനത്തെക്കുറിച്ച് ചിന്തിക്കുക. അതിൽ ഏതെങ്കിലുമൊരു മണിക്കൂറിനുവേണ്ടി നിങ്ങളുടെ ഭാഗത്തു പ്രത്യേകത്യാഗങ്ങൾ ആവശ്യമായി വന്നോ? അങ്ങനെയെങ്കിൽ ആ മണിക്കൂറിൽ നിങ്ങൾ അവനുവേണ്ടി ചെയ്‌ത കാര്യങ്ങൾ യഹോവ മൂല്യവത്തായി കാണുന്നുവെന്ന് ഉറപ്പുണ്ടായിരിക്കാനാകും. ദരിദ്രയായ വിധയെപ്പോലെ യഹോവയുടെ സേവനത്തിൽ നിങ്ങളാലാവുന്നതെല്ലാം ചെയ്യുമ്പോൾ നിങ്ങൾ “വിശ്വാസത്തിൽ നിലനിൽക്കുന്നു”വെന്ന് ഉറപ്പാക്കാൻ ഈടുറ്റ അടിസ്ഥാനമുണ്ട്.

“എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ”

12-14. (എ) നിഷേധാത്മകവികാരങ്ങൾ ഏലിയാവിനെ എങ്ങനെ ബാധിച്ചു? (ബി) അവന്‌ അങ്ങനെ തോന്നാൻ കാരണം എന്തായിരിക്കാം?

12 ഏലിയാവ്‌ യഹോയോടു ശക്തമായ വിശ്വാസമുണ്ടായിരുന്ന വിശ്വസ്‌തനായ ഒരു പ്രവാചകനായിരുന്നു. എന്നിട്ടും, അങ്ങേയറ്റം നിരുത്സാഹിതനായ ഒരു സാഹചര്യത്തിൽ, തന്നെ മരിക്കാൻ അനുവദിക്കണമെന്നു യഹോയോട്‌ ആവശ്യപ്പെട്ടുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ മതി, യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ.” (1 രാജാ. 19:4) ഇത്തരം നിരാശ അനുഭവിച്ചിട്ടില്ലാത്തവർ, അവന്‍റെ “വാക്കുകൾ വിവേകശൂന്യമായിപ്പോയി” എന്നു പറഞ്ഞുകൊണ്ട് ഏലിയാവിന്‍റെ പ്രാർഥനയെ വിമർശിക്കാൻ മുതിർന്നേക്കാം. (ഇയ്യോ. 6:3, പി.ഒ.സി.) എന്നിരുന്നാലും, അവന്‍റെ വികാരങ്ങൾ യഥാർഥമായിരുന്നു. അതുകൊണ്ടുതന്നെ, മരിക്കാൻ ആഗ്രഹിച്ചതിൽ ഏലിയാവിനെ ശാസിക്കുന്നതിനു പകരം യഹോവ അവനെ സഹായിച്ചു.

13 ഏലിയാവിന്‌ മരിക്കണമെന്നു തോന്നിയത്‌ എന്തുകൊണ്ടായിരിക്കാം? യഹോവയാണു സത്യദൈവം എന്നു തെളിയിച്ച ഒരു നിർണായകപരിശോധന ഏലിയാവിന്‍റെ നേതൃത്വത്തിൻകീഴിൽ ഇസ്രായേലിൽ നടന്നു കഴിഞ്ഞതേ ഉള്ളൂ. അത്‌ 450 ബാൽപ്രവാചകന്മാർ വധിക്കപ്പെടുന്നതിന്‌ ഇടയാക്കി. (1 രാജാ. 18:37-40) ഈ സാഹചര്യത്തിൽദൈവജനം നിർമലാരാധനയിലേക്കു തിരിച്ചുവരുമെന്ന് ഏലിയാവ്‌ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കൂടാതെ, ഏലിയാവിനെ വധിക്കാൻ താൻ ആസൂത്രണം ചെയ്യുയാണെന്ന് ദുഷ്ടരാജ്ഞിയായ ഇസബേൽ അവനെ അറിയിച്ചു. ജീവരക്ഷയ്‌ക്കായി ഏലിയാവ്‌ തെക്കോട്ട്, സമീപപ്രദേശമായ യെഹൂദയിലെ വരണ്ട മരുഭൂമിയിലേക്ക്, പലായനം ചെയ്‌തു.—1 രാജാ. 19:2-4.

14 തന്‍റെ ചിന്തകളുമായി ഒറ്റയ്‌ക്ക് ഇരിക്കവെ, ഒരു പ്രവാചകനെന്ന നിലയിലുള്ള തന്‍റെ ദൗത്യം നിഷ്‌ഫലമായെന്ന് അവനു തോന്നി. അവൻ യഹോയോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്‍റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ.” തന്‍റെ മരിച്ചുപോയ പൂർവികരുടെ പൊടിയും അസ്ഥിയും പോലെ തന്നെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് അവനു തോന്നിയതായി ഈ വാക്കുകൾ സൂചിപ്പിക്കുന്നു. ഒരർഥത്തിൽ, അവൻ തന്‍റേതായ നിലവാരങ്ങൾവെച്ച് ആത്മപരിശോധന നടത്തിക്കൊണ്ട് താനൊരു പരാജയമാണെന്നും യഹോവയുടെയും മറ്റാരുടെയും മുമ്പാകെ തനിക്കു മൂല്യമില്ലെന്നും സ്വയം തീരുമാനിക്കുകയായിരുന്നു.

15. താൻ തുടർന്നും ഏലിയാവിനെ മൂല്യമുള്ളവനായി കരുതുന്നുവെന്ന് ദൈവം ഉറപ്പുനൽകിയത്‌ എങ്ങനെ?

15 എന്നാൽ സർവശക്തൻ ഏലിയാവിനെ വ്യത്യസ്‌തമായൊരു വിധത്തിലാണു വീക്ഷിച്ചത്‌. ഏലിയാവ്‌ ദൈവദൃഷ്ടിയിൽ മൂല്യമുള്ളവനായിത്തന്നെ തുടർന്നു. ആ യാഥാർഥ്യം സംബന്ധിച്ച് അവന്‌ ഉറപ്പുനൽകുന്നതിന്‌ യഹോവ നടപടികൾ സ്വീകരിച്ചു. ഏലിയാവിനെ ശക്തിപ്പെടുത്തുന്നതിനു ദൈവം ഒരു ദൂതനെ അയച്ചു. തുടർന്ന്, തെക്ക് ഹോരേബ്‌ പർവതത്തിലേക്കുള്ള 40 ദിവസത്തെ പ്രയാണത്തിന്‌ ആവശ്യമായ ഭക്ഷണവും വെള്ളവും യഹോവ നൽകി. കൂടാതെ, മറ്റ്‌ ഇസ്രായേല്യരാരും യഹോയോടു വിശ്വസ്‌തരായി നിലനിന്നില്ല എന്ന ഏലിയാവിന്‍റെ തെറ്റായ ചിന്താഗതി ദൈവം ദയാപൂർവം തിരുത്തി. ശ്രദ്ധേയമായി, ദൈവം അവനു പുതിയ നിയമനങ്ങൾ നൽകുകയും അവൻ അത്‌ സ്വീകരിക്കുകയും ചെയ്‌തു. യഹോവയുടെ സഹായത്തിൽനിന്ന് ഏലിയാവ്‌ പ്രയോജനം നേടി. പുതുക്കപ്പെട്ട ശക്തിയാർജിച്ച് ഒരു പ്രവാചകനെന്ന തന്‍റെ ദൗത്യത്തിലേക്ക് അവൻ മടങ്ങി.—1 രാജാ. 19:5-8, 15-19.

16. ദൈവം നിങ്ങളെ പിന്തുണച്ചിരിക്കുന്ന ചില വിധങ്ങൾ ഏവ?

16 വിശ്വാസത്തിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാനും ഒരു ക്രിയാത്മകവീക്ഷണം വളർത്തിയെടുക്കാനും ഏലിയാവിന്‍റെ അനുഭവം നിങ്ങളെ സഹായിക്കും. ആദ്യംതന്നെ, യഹോവ നിങ്ങളെ പിന്തുണച്ചിരിക്കുന്ന വഴികളെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾക്കൊരു സഹായം ആവശ്യമായിവന്നപ്പോൾ ഒരുദൈവദാസൻ, ഒരുപക്ഷേ ഒരു മൂപ്പനോ പക്വയുള്ള ഒരു ക്രിസ്‌ത്യാനിയോ, നിങ്ങളെ സഹായിച്ചിട്ടുണ്ടോ? (ഗലാ. 6:2) ബൈബിളിൽനിന്നും ക്രിസ്‌തീയപ്രസിദ്ധീകരണങ്ങളിൽനിന്നും സഭായോഗങ്ങളിൽനിന്നും നിങ്ങൾക്ക് ആത്മീയപരിപോഷണം ലഭിച്ചിട്ടുണ്ടോ? ഇതിലേതെങ്കിലും കരുതലുകളിൽനിന്ന് അടുത്ത പ്രാശ്യം നിങ്ങൾ പ്രയോജനം നേടുമ്പോൾ സഹായത്തിന്‍റെ യഥാർഥ ഉറവിനെ തിരിച്ചറിഞ്ഞുകൊണ്ട് അവനൊരു കൃതജ്ഞതാപ്രാർഥന അർപ്പിക്കുക.—സങ്കീ. 121:1, 2.

17. തന്‍റെ ദാസന്മാരിൽ യഹോവ മൂല്യമുള്ളതായി കാണുന്നത്‌ എന്താണ്‌?

 17 രണ്ടാമതായി, നിഷേധാത്മകവീക്ഷണം വഞ്ചകമായിരിക്കാമെന്നു തിരിച്ചറിയുക. ദൈവം നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നതാണ്‌ പ്രധാനം. (റോമർ 14:4 വായിക്കുക.) അവനോടുള്ള നമ്മുടെ ഭക്തിയും വിശ്വസ്‌തയും യഹോവ മൂല്യമുള്ളതായി കാണുന്നു. അല്ലാതെ, നമ്മുടെ നേട്ടങ്ങൾ വെച്ചുകൊണ്ട് അവൻ നമ്മെ അളക്കുന്നില്ല. ഏലിയാവിന്‍റെ കാര്യത്തിൽ സത്യമായിരുന്നതുപോലെ, നിങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതിലുമധികം നേട്ടങ്ങൾ യഹോവയുടെ സേവനത്തിൽ നിങ്ങൾ കൈവരിച്ചിട്ടുണ്ടാകും. സഭയിലെ ചിലരെ നിങ്ങൾ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ വയലിൽ കണ്ടുമുട്ടിയ ചിലർ നിങ്ങളുടെ ശ്രമങ്ങളാൽ സത്യത്തിലേക്കു ആകർഷിതരായിട്ടുണ്ടാകാം.

18. യഹോവയിൽനിന്ന് നിങ്ങൾക്കുള്ള നിയമനം എന്തിന്‍റെ തെളിവാണ്‌?

18 അവസാനമായി, യഹോവയിൽനിന്നുള്ള ഓരോ നിയമനത്തെയും അവൻ നമ്മോടുകൂടെയുള്ളതിന്‍റെ തെളിവായി കാണുക. (യിരെ. 20:11) ഏലിയാവിനെപ്പോലെ, നിങ്ങളുടെ സേവനം ഫലകരമല്ലെന്നു തോന്നുന്നതിനാലോ ചില ആത്മീയലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനാകുന്നില്ലെന്നു തോന്നുന്നതിനാലോ നിങ്ങൾ നിരുത്സാഹിതരായേക്കാം. എന്നാൽ ഇന്നു ലഭ്യമായിരിക്കുന്നതിൽവെച്ച് ഏറ്റവും വലിയ പദവി, അതായത്‌, സുവാർത്ത പ്രസംഗിക്കാനുംദൈവനാമം വഹിക്കാനും ഉള്ള പദവി, നമുക്ക് ഇപ്പോഴുമുണ്ട്. വിശ്വസ്‌തരായി നിൽക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ, യേശുവിന്‍റെ ഉപമകളിലൊന്നിൽ പറയുന്നത്‌ നിങ്ങളുടെ കാര്യത്തിലും സത്യമാകും: “നിന്‍റെ യജമാനന്‍റെ സന്തോഷത്തിൽ പങ്കുചേരുക.”—മത്താ. 25:23.

“അരിഷ്ടന്‍റെ പ്രാർഥന”

19. സങ്കീർത്തനം 102-ന്‍റെ എഴുത്തുകാരൻ ഏതു സാഹചര്യത്തെ നേരിട്ടു?

19 സങ്കീർത്തനം 102-ന്‍റെ എഴുത്തുകാരൻ അങ്ങേയറ്റം ആശയറ്റ സാഹചര്യത്തിലായിരുന്നു. ശാരീരികവും വൈകാരികവും ആയി ശക്തമായ ക്ലേശങ്ങളാൽ വലയുകയായിരുന്ന ഒരു “അരിഷ്ടന്‍റെ” അവസ്ഥയായിരുന്നു അവന്‍റേത്‌. കൂടാതെ, തന്‍റെ പ്രശ്‌നങ്ങളെ നേരിടാനുള്ള ശക്തി അവന്‌ ഇല്ലാതെയുമായി. (സങ്കീ. 102, മേലെഴുത്ത്‌) വേദനയിലും ഏകാന്തതയിലും തന്‍റെതന്നെ വികാങ്ങളിലും അവൻ മുങ്ങിപ്പോയതായി അവന്‍റെ വാക്കുകൾ സൂചിപ്പിക്കുന്നു. (സങ്കീ. 102:3, 4, 6, 11) തന്നെ എടുത്ത്‌ എറിഞ്ഞുകളയാൻ യഹോവ ആഗ്രഹിക്കുന്നതായി അവൻ വിശ്വസിച്ചു.—സങ്കീ. 102:10.

20. നിഷേധാത്മകചിന്തകളുമായി പോരാടുന്ന ഒരു വ്യക്തിക്ക് പ്രാർഥന എങ്ങനെ ഗുണം ചെയ്‌തേക്കാം?

20 എന്നിട്ടും, സങ്കീർത്തനക്കാരനു തന്‍റെ ജീവിതം യഹോവയെ സ്‌തുതിക്കാനായി തുടർന്നും ഉപയോഗിക്കാൻ കഴിഞ്ഞു. (സങ്കീർത്തനം 102:19-21 വായിക്കുക.) സങ്കീർത്തനം 102-ൽ കാണാൻ കഴിയുന്നതുപോലെ, വിശ്വാസത്തിൽ നിലനിൽക്കുന്നവർക്കും വേദനകൾ ഉണ്ടായേക്കാം; മറ്റൊന്നിലും ശ്രദ്ധിക്കാനാകാത്ത വിധം അവർ അത്ര വിഷമത്തിലായേക്കാം. “വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ” പ്രശ്‌നങ്ങൾ മാത്രമാണു തനിക്കു കൂട്ടെന്ന് സങ്കീർത്തനക്കാരനു തോന്നി. (സങ്കീ. 102:7) നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നുന്നെങ്കിൽ, സങ്കീർത്തനക്കാരനെപ്പോലെ യഹോവയുടെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക. അരിഷ്ടാവസ്ഥയിലുണ്ടാകുന്ന നിഷേധാത്മകചിന്തകളുമായി പോരാടാൻ പ്രാർഥനയ്‌ക്ക് നിങ്ങളെ സഹായിക്കാനാകും. താൻ “അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും” ചെയ്യുമെന്നാണ്‌ യഹോവയുടെ വാഗ്‌ദാനം. (സങ്കീ. 102:16) ആ വാഗ്‌ദാനത്തിൽ വിശ്വാസം അർപ്പിക്കുക.

21. നിഷേധാത്മകവികാരങ്ങളുമായി പോരാടുന്ന ഒരു വ്യക്തിക്ക് ക്രിയാത്മകമായ വീക്ഷണം എങ്ങനെ നേടിയെടുക്കാനാകും?

21 ക്രിയാത്മകമായ വീക്ഷണം നേടിയെടുക്കാൻ എങ്ങനെ കഴിയുമെന്നുകൂടി 102-‍ാ‍ം സങ്കീർത്തനം കാണിച്ചുതരുന്നു. യഹോവയുമായുള്ള തന്‍റെ ബന്ധത്തിലേക്കു ശ്രദ്ധതിരിച്ചുകൊണ്ടാണ്‌ സങ്കീർത്തനക്കാരൻ അങ്ങനെ ചെയ്‌തത്‌. (സങ്കീ. 102:12, 27) പരിശോധനകളിൻമധ്യേ തന്‍റെ ജനത്തെ നിലനിറുത്താൻ യഹോവ അവരോടൊപ്പം എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുമെന്ന അറിവിൽനിന്ന് അവൻ ആശ്വാസം കണ്ടെത്തി. ദൈസേവനത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത്രയും ചെയ്യുന്നതിൽനിന്ന് നിഷേധാത്മകവികാരങ്ങൾ താത്‌കാലികമായി നിങ്ങളെ തടയുന്നെങ്കിൽ, അതേക്കുറിച്ചു പ്രാർഥിക്കുക. നിങ്ങളുടെ ക്ലേശങ്ങളിൽനിന്ന് അല്‌പം ആശ്വാസം നേടാൻ മാത്രമല്ല, ‘യഹോവയുടെ നാമം പ്രസ്‌താവിക്കപ്പെടേണ്ടതിന്നും’കൂടി നിങ്ങളുടെ പ്രാർഥന കേൾക്കാൻദൈവത്തോട്‌ അഭ്യർഥിക്കുക.—സങ്കീ. 102:20, 21, ന്യൂ ഇൻഡ്യ ഭാഷാന്തരം.

22.  നമുക്ക് ഓരോരുത്തർക്കും യഹോവയെ എങ്ങനെ പ്രസാദിപ്പിക്കാനാകും?

22 അതെ, നാം വിശ്വാസത്തിൽ നിലനിൽക്കുന്നെന്നും യഹോവയുടെ മുമ്പാകെ നാം മൂല്യമുള്ളവരാണെന്നും ബൈബിൾ ഉപയോഗിച്ച് നമുക്കു നമ്മെത്തന്നെ ബോധ്യപ്പെടുത്താനാകും. നിഷേധാത്മകവികാരങ്ങളോ നിരുത്സാഹമോ പൂർണമായി നീക്കംചെയ്യാൻ ഈ വ്യവസ്ഥിതിയിൽ നമുക്കു സാധിച്ചെന്നു വരില്ല എന്നതു ശരിയാണ്‌. എന്നിരുന്നാലും, ദൈസേവനത്തിൽ വിശ്വാസത്തോടെ സഹിച്ചുനിന്നുകൊണ്ട് നമുക്ക് ഓരോരുത്തർക്കും യഹോവയെ പ്രസാദിപ്പിക്കാനും രക്ഷ നേടാനും സാധിക്കും.—മത്താ. 24:13.