വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 മാര്‍ച്ച് 

അവിശ്വാസികളായ കുടും​ബാം​ഗങ്ങ​ളുടെ ഹൃദയത്തിൽ എത്തിച്ചേരുക

അവിശ്വാസികളായ കുടും​ബാം​ഗങ്ങ​ളുടെ ഹൃദയത്തിൽ എത്തിച്ചേരുക

യേശു ഇപ്പോൾ ഗലീലക്കടലിന്‍റെ തെക്കു​കി​ഴക്കുള്ള ഗാദര ദേശത്ത്‌ ആണെന്നു തോ​ന്നു​ന്നു. തന്‍റെ അനു​ഗാമി​യാ​കാൻ ആഗ്രഹിച്ച ഒരു വ്യ​ക്തി​യോട്‌ യേശു​​ക്രിസ്‌തു പറഞ്ഞു: “നീ നിന്‍റെ വീട്ടു​കാ​രുടെ അടു​​ത്തേക്കു പോയി യഹോവ നിനക്കു ചെയ്‌തിരി​ക്കു​ന്നതും നി​ന്നോ​ടു കരുണ കാ​ണിച്ച​തും പറയുക.” ഒരു അടിസ്ഥാന മാനു​ഷ​പ്രവണത യേശു മനസ്സിലാ​ക്കിയി​രു​ന്നെന്ന് ആ വാക്കുകൾ വ്യ​ക്തമാ​ക്കുന്നു—താത്‌പര്യ​മു​ള്ളതും പ്രധാ​ന​പ്പെട്ട​തും ആയ വിവരങ്ങൾ കുടും​ബാംഗ​ങ്ങളോ​ടും ബന്ധു​ക്കളോ​ടും പങ്കു​വെക്കാ​നുള്ള ആഗ്രഹം.—മർക്കോ. 5:19.

ഇന്നും അതേ പ്രവണത നാം മി​ക്കപ്പോ​ഴും കാണുന്നു; സംസ്‌കാര​ങ്ങൾക്ക​നുസ​രിച്ച് അതിൽ ഏറ്റക്കു​റ​ച്ചിലു​കൾ ഉണ്ടാ​യേക്കാ​മെങ്കി​ലും. അതു​കൊ​ണ്ട്, ഒരു വ്യക്തി സത്യ​ദൈ​വമായ യ​ഹോവ​യുടെ ആരാധ​കനാ​യിത്തീ​രു​മ്പോൾ താൻ പു​തുതാ​യി കണ്ടെത്തിയ വി​ശ്വാ​സം കുടും​ബാംഗ​ങ്ങളോ​ടും ബന്ധു​ക്കളോ​ടും പങ്കു​വെ​ക്കാൻ മി​ക്കപ്പോ​ഴും ആ​ഗ്രഹി​ക്കുന്നു. എന്നാൽ അ​ദ്ദേഹത്തി​ന്‌ അത്‌ എങ്ങനെ ചെ​യ്യാനാ​കും? മറ്റൊരു മത​ത്തിൽപ്പെട്ട അല്ലെങ്കിൽ ഒരു വിശ്വാ​സ​വുമി​ല്ലാത്ത കുടും​ബാം​ഗങ്ങ​ളുടെ ഹൃദയത്തിൽ എങ്ങനെ എത്തി​ച്ചേരാ​നാ​കും? ഇക്കാ​ര്യ​ത്തിൽ ക്രി​യാത്മ​കവും വസ്‌തുനി​ഷ്‌ഠവും ആയ നിർദേ​ശങ്ങൾ ബൈബിൾ നൽകുന്നു.

“ഞങ്ങൾ മി​ശിഹാ​യെ കണ്ടെ​ത്തിയി​രി​ക്കുന്നു”

ഒന്നാം നൂ​റ്റാ​ണ്ടിൽ യേ​ശുവി​നെ മിശി​ഹാ​യായി തി​രിച്ച​റിഞ്ഞ ആദ്യത്തെ വ്യ​ക്തിക​ളിൽ ഒരാ​ളാ​യിരു​ന്നു അ​ന്ത്രെയാ​സ്‌. താൻ കണ്ടെത്തി​യതി​നെക്കു​റിച്ച് അവൻ ഉടനെ ആ​രോടാ​ണ്‌ പറഞ്ഞത്‌? ‘അവൻ (അ​ന്ത്രെയാ​സ്‌) ആദ്യം തന്‍റെ സ​ഹോദ​രനായ ശി​മോ​നെ തേ​ടി​ച്ചെന്ന് അവ​നോ​ട്‌, “ഞങ്ങൾ മി​ശിഹാ​യെ (എന്നു​വെ​ച്ചാൽ ക്രി​സ്‌തുവി​നെ) കണ്ടെ​ത്തിയി​രി​ക്കുന്നു” എന്നു പറഞ്ഞു.’ അ​ന്ത്രെയാ​സ്‌ പ​ത്രോ​സിനെ യേശുവിന്‍റെ അടു​ക്ക​ലേക്കു നയിച്ചു, അതുവഴി യേശുവിന്‍റെ ശി​ഷ്യന്മാ​രിൽ ഒരാ​ളായി​ത്തീ​രാൻ പ​ത്രോ​സിന്‌ അവസരം നൽകി.—യോഹ. 1:35-42.

ഏതാണ്ട് ആറു വർഷങ്ങൾക്കു ശേഷം, പ​ത്രോ​സ്‌ യോ​പ്പ​യിൽ താമ​സി​ക്കു​മ്പോൾ വടക്ക് കൈ​സര്യ​യി​ലുള്ള ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥനായ കൊർന്നേല്യൊസിന്‍റെ ഭവനം സന്ദർശി​ക്കാൻ അവനു ക്ഷണം ലഭിച്ചു. ആ ഭവനത്തിൽ ആരെല്ലാം കൂടിവ​ന്നിരി​ക്കു​ന്നതാ​യാണ്‌ പ​ത്രോ​സ്‌ കണ്ടത്‌? “കൊർന്നേ​ല്യൊ​സ്‌ ബന്ധു​ക്ക​ളെയും ഉറ്റമി​ത്ര​ങ്ങളെ​യും വിളി​ച്ചു​കൂട്ടി, (പത്രോസി​നെ​യും അവ​നോ​ടൊപ്പം ഉണ്ടായി​രു​ന്നവ​രെയും) കാത്തി​രിക്കു​കയാ​യി​രുന്നു.” അങ്ങനെ പ​ത്രോ​സ്‌  പ്രസംഗിക്കുന്നതു കേൾക്കാ​നും അത​നുസ​രിച്ചു തീരുമാ​നമെ​ടുക്കാ​നും കൊർന്നേ​ല്യൊ​സ്‌ തന്‍റെ ബന്ധു​ക്കൾക്ക് അവസരം നൽകി.—പ്രവൃ. 10:22-33.

അന്ത്രെയാസും കൊർന്നേ​ല്യൊ​സും ബന്ധു​ക്ക​ളോട്‌ ഇടപെട്ട വിധ​ത്തിൽനിന്ന് നമുക്ക് എന്തു പഠി​ക്കാനാ​കും?

അന്ത്രെയാസും കൊർന്നേ​ല്യൊ​സും കാര്യങ്ങൾ വരു​ന്നതു​പോ​ലെ വര​ട്ടെ​യെന്നു ചി​ന്തി​ച്ചില്ല. അ​ന്ത്രെയാ​സ്‌ പ​ത്രോ​സിനെ യേ​ശുവി​ന്‌ വ്യക്തി​പര​മായി പരിചയ​പ്പെടു​ത്തി​ക്കൊ​ടുത്തു. പ​ത്രോ​സിനു പറ​യാ​നുള്ള കാര്യങ്ങൾ കേൾക്കാ​നുള്ള ക്ര​മീക​രണങ്ങൾ കൊർന്നേ​ല്യൊ​സ്‌ തന്‍റെ ബന്ധു​ക്കൾക്കു ചെയ്‌തു​കൊ​ടുത്തു. എന്നാൽ അ​ന്ത്രെയാ​സോ കൊർന്നേ​ല്യൊ​സോ തങ്ങളുടെ ബന്ധുക്കളെ സമ്മർദ​ത്തിലാ​ക്കു​കയോ ക്രിസ്‌തുവിന്‍റെ അനു​ഗാമി​കളാ​ക്കാൻ ത​ന്ത്രപൂർവം കരുക്കൾ നീ​ക്കുക​യോ ചെ​യ്‌തില്ല. ഇതിൽനി​ന്നും നിങ്ങൾക്ക് എ​ന്തെങ്കി​ലും പാഠം ഉൾക്കൊ​ള്ളാനാ​കുന്നു​ണ്ടോ? നമ്മളും അവ​രെ​പ്പോലെ പ്രവർത്തി​ക്കാനാ​ണു ശ്ര​മിക്കു​ന്നത്‌. ചില ആശയങ്ങൾ ബന്ധു​ക്കളോ​ടും കുടും​ബാംഗ​ങ്ങളോ​ടും പങ്കു​വെ​ക്കാൻ നമു​ക്കാ​യേക്കും. അവർക്ക് ബൈബിൾസ​ത്യങ്ങ​ളുമാ​യും സഹവി​ശ്വാ​സിക​ളുമാ​യും പരി​ചിത​രാകാ​നുള്ള അവ​സരങ്ങ​ളും നമുക്കു സൃഷ്ടിക്കാനാകും. എങ്കിലും തിര​ഞ്ഞെടു​ക്കാ​നുള്ള അവരുടെ സ്വാ​ത​ന്ത്ര്യത്തെ നാം ആദരി​ക്കു​കയും അവരുടെ മേൽ അനാ​വശ്യ​മായ സമ്മർദം ചെ​ലുത്തു​ന്നത്‌ ഒഴി​വാ​ക്കുക​യും ചെയ്യുന്നു. നമ്മുടെ കുടും​ബാം​ഗ​ങ്ങളെ എങ്ങനെ സഹാ​യിക്കാ​നാകു​മെന്ന് അറിയാൻ ജർമ​നിയി​ലുള്ള ഒരു ദമ്പ​തിക​ളായ യർഗെന്‍റെയും പെ​റ്റ്രയു​ടെ​യും ഉദാ​ഹ​രണം പരി​ചിന്തി​ക്കുക.

പെറ്റ്ര യ​ഹോവ​യുടെ സാക്ഷി​ക​ളോ​ടൊത്തു ബൈബിൾ പഠി​ക്കു​കയും പിന്നീടു സ്‌നാ​ന​പ്പെടു​കയും ചെയ്‌തു. അവളുടെ ഭർത്താവ്‌ യർഗെൻ ഒരു പട്ടാള ഓഫീ​സറാ​യി​രുന്നു. ഭാ​ര്യയു​ടെ തീ​രുമാ​നം യർഗെന്‌ ആദ്യം ഇഷ്ടമാ​യി​രു​ന്നില്ല. എന്നാൽ സാക്ഷികൾ ബൈ​ബിളിൽനി​ന്നുള്ള സത്യ​ങ്ങളാ​ണു പഠി​പ്പിക്കു​ന്ന​തെന്ന് കാ​ലാന്ത​രത്തിൽ അദ്ദേഹം തി​രിച്ച​റിഞ്ഞു. തന്‍റെ ജീവിതം യ​ഹോവ​യ്‌ക്കു സമർപ്പിച്ച അദ്ദേഹം ഇപ്പോൾ പ്രാ​ദേശി​കസ​ഭയിൽ ഒരു മൂ​പ്പനാ​ണ്‌. അന്യ​മത​ക്കാര​നായ ഒരു കുടുംബാംഗത്തിന്‍റെയോ ബന്ധുവിന്‍റെയോ ഹൃദയത്തിലെത്തിച്ചേരാൻ എന്ത് ഉപ​ദേശ​മാണ്‌ ഇപ്പോൾ അദ്ദേഹം നൽകു​ന്നത്‌?

യർഗെൻ ഇങ്ങനെ നിരീ​ക്ഷി​ക്കുന്നു: “ആത്മീ​യകാര്യ​ങ്ങൾകൊണ്ട് ബന്ധുക്കളെ വീർപ്പു​മു​ട്ടിക്കാ​നോ അത്തരം വിഷയങ്ങൾ അവരിൽ അടി​ച്ചേൽപ്പിക്കാ​നോ നാം ശ്ര​മിക്ക​രുത്‌. അത്‌ അവരുടെ താ​ത്‌പ​ര്യം കു​റയാ​നേ ഇടയാക്കൂ. ആത്മീ​യവി​ഷയങ്ങൾ ഇടയ്‌ക്കി​ടയ്‌ക്ക് അൽപ്പാൽപ്പ​മായി നയ​പൂർവം പങ്കു​വെക്കു​ന്നത്‌ കാ​ലക്ര​മത്തിൽ പ്രയോ​ജന​പ്പെ​ട്ടേക്കാം. സമ​പ്രാ​യക്കാ​രോ സമാ​ന​മായ താ​ത്‌പ​ര്യങ്ങൾ ഉള്ളവരോ ആയ സഹോ​ദര​ങ്ങളു​മായി നമ്മുടെ ബന്ധുക്കളെ പരിച​യപ്പെ​ടുത്തു​ന്നത്‌ പ്ര​യോജ​നകര​മാണ്‌. ഇങ്ങനെ ചെ​യ്യു​ന്നത്‌ ബന്ധുക്കളെ സഹാ​യിക്കു​ന്നത്‌ എളുപ്പ​മാക്കി​ത്തീർക്കും.”

“ആത്മീ​യകാര്യ​ങ്ങൾകൊണ്ട് ബന്ധുക്കളെ വീർപ്പു​മു​ട്ടിക്കാ​നോ അത്തരം വിഷയങ്ങൾ അവരിൽ അടി​ച്ചേൽപ്പിക്കാ​നോ ശ്ര​മിക്ക​രുത്‌.”—യർഗെൻ

അപ്പൊസ്‌തലനായ പ​ത്രോ​സും കൊർന്നേല്യൊസിന്‍റെ ബന്ധു​ക്ക​ളും ബൈബിൾ സ​ന്ദേശ​ത്തോട്‌ പെട്ടെന്നു പ്ര​തിക​രിച്ചു. എന്നാൽ ഒന്നാം നൂ​റ്റാ​ണ്ടിൽ സത്യ​മറി​യാൻ ഇടയായ മറ്റു ചിലർക്ക് തീരു​മാന​മെടു​ക്കാൻ കൂടുതൽ സമയം വേ​ണ്ടി​വന്നു.

യേശുവിന്‍റെ സഹോ​ദര​ന്മാരെ സം​ബന്ധി​ച്ചെന്ത്?

യേശുവിന്‍റെ പരസ്യ​ശു​ശ്രൂഷ​യുടെ സമയത്ത്‌ അവന്‍റെ ബന്ധു​ക്ക​ളിൽ പലരും അവനിൽ വി​ശ്വസി​ച്ചു. ഉദാ​ഹരണ​ത്തിന്‌, അപ്പൊ​സ്‌തലന്മാ​രായ യാ​ക്കോ​ബും യോ​ഹന്നാ​നും യേശുവിന്‍റെ അമ്മയുടെ സഹോ​ദരി​യായി​രുന്ന ശ​ലോമ​യുടെ പു​ത്രന്മാ​രായി​രു​ന്നിരി​ക്കാം. “തങ്ങളുടെ സ്വത്തു​ക്കൾകൊ​ണ്ട് അവരെ (യേശു​വി​നെ​യും അപ്പൊ​സ്‌ത​ലന്മാ​രെയും) ഉപച​രി​ച്ചു​പോന്ന” അനേകം സ്‌ത്രീ​കളി​ലൊ​രാൾ ശലോമ​യായി​രു​ന്നിരി​ക്കണം.—ലൂക്കോ. 8:1-3.

എന്നിരുന്നാലും യേശുവിന്‍റെ കുടും​ബ​ത്തിലെ മറ്റംഗങ്ങൾ അവനിൽ പെട്ടെന്നു വി​ശ്വാ​സം അർപ്പി​ച്ചില്ല. ഉദാ​ഹരണ​ത്തിന്‌, യേശുവിന്‍റെ സ്‌നാനം കഴിഞ്ഞ് ഏതാണ്ട് ഒരു വർഷത്തി​നു ശേഷം, അവൻ പറ​യു​ന്നതു കേൾക്കാ​നായി ജനക്കൂട്ടം ഒരു ഭവനത്തിൽ തി​ങ്ങിക്കൂ​ടി. ‘എന്നാൽ ഇതെല്ലാം അവന്‍റെ വീ​ട്ടു​കാർ കേ​ട്ട​പ്പോൾ, “അവനു ബു​ദ്ധി​ഭ്രമം പിടി​ച്ചി​രിക്കു​ന്നു” എന്നു പറഞ്ഞ് അവനെ പിടി​ച്ചു​കൊണ്ടു​പോ​കാൻ പു​റ​പ്പെട്ടു.’ കുറച്ചു നാ​ളുകൾക്കു ശേഷം, യേശുവിന്‍റെ അർധ​സഹോ​ദര​ന്മാർ അവന്‍റെ യാത്രാ​പദ്ധതി​ക​ളെക്കു​റിച്ച് അവ​നോ​ടു സംസാ​രി​ച്ച​പ്പോൾ, യേശു അവർക്കു കൃത്യമായ വി​ശദീ​കരണം നൽകി​യില്ല. എന്തു​കൊ​ണ്ട്? കാരണം, “അവന്‍റെ സ​ഹോദ​രന്മാർ അവനിൽ വിശ്വ​സി​ച്ചിരു​ന്നില്ല.”—മർക്കോ. 3:21; യോഹ. 7:5.

യേശു ബന്ധു​ക്ക​ളോട്‌ ഇട​പെട്ടവി​ധത്തിൽനിന്ന് നമുക്ക് എന്തു പഠി​ക്കാനാ​കും? തനിക്കു ബു​ദ്ധി​ഭ്രമം പിടിച്ചി​രിക്കു​ന്നു​വെന്ന്  ചിലർ ആരോ​പി​ച്ച​പ്പോൾ യേശു അതിൽ മു​ഷി​ഞ്ഞില്ല. തന്‍റെ മര​ണത്തി​നും പുന​രുത്ഥാ​നത്തി​നും ശേഷവും അർധ​സഹോ​ദര​നായ യാ​ക്കോ​ബിനു പ്രത്യ​ക്ഷപ്പെ​ട്ടു​കൊണ്ട് യേശു ബന്ധു​ക്കൾക്കു കൂ​ടുത​ലായ പ്രോത്സാ​ഹനം നൽകി. യേശു യഥാർഥ​ത്തിൽ മിശിഹാ​യായി​രു​ന്നെന്നു യാ​ക്കോ​ബിനെ മാത്രമല്ല, അവന്‍റെ മറ്റ്‌ അർധസ​ഹോദര​ന്മാ​രെയും ബോ​ധ്യ​പ്പെടു​ത്താൻ ഈ പ്ര​ത്യക്ഷ​പ്പെടൽ ഉപകരി​ച്ചിരു​ന്നിരി​ക്കണം. പിന്നീട്‌ അവർ അപ്പൊസ്‌തലന്മാ​രോ​ടും മറ്റു​ള്ളവ​രോ​ടും ഒപ്പം യെരു​ശ​ലേമിൽ ഒരു മാളി​കമു​റി​യിലാ​യി​രുന്ന​പ്പോൾ അവർക്കു പരി​ശു​ദ്ധാത്മാ​വ്‌ ലഭിച്ചു. അധികം താ​മസി​യാതെ, യാ​ക്കോ​ബും യേശുവിന്‍റെ മറ്റൊരു അർധ​സഹോ​ദര​നായ യൂ​ദാ​യും മഹത്തായ പദവികൾ ആസ്വദി​ക്കാ​നിട​യായി.—പ്രവൃ. 1:12-14; 2:1-4; 1 കൊരി. 15:7.

ചിലർ കൂടുതൽ സമയം എടുത്തേക്കാം

“കാ​ത്തിരി​ക്കുക, കാ​ത്തിരി​ക്കുക, ക്ഷമ​യോ​ടെ കാ​ത്തിരി​ക്കുക; അങ്ങനെ വളരെ നേട്ടങ്ങൾ കൊ​യ്യാനാ​കും.”—റോസ്‌വിറ്റ

ഒന്നാം നൂറ്റാ​ണ്ടി​ലേതു​പോലെ ഇന്നും, ജീവന്‍റെ പാ​തയി​ലേക്കു വരാൻ ചില ബന്ധുക്കൾ സമയം എടു​ത്തേ​ക്കാം. ഉദാ​ഹരണ​ത്തിന്‌ റോ​സ്‌വി​റ്റയു​ടെ കാര്യ​​മെടു​ക്കുക. 1978-ൽ ഭർത്താവ്‌ യ​ഹോവ​യുടെ സാ​ക്ഷിക​ളിൽ ഒരാ​ളാ​യി സ്‌നാ​ന​മേറ്റ​പ്പോൾ അവൾ റോമൻ കത്തോ​ലിക്കാ​സഭ​യിലെ ഒരു സജീ​വാംഗ​മായി​രുന്നു. തന്‍റെ വിശ്വാ​സ​ങ്ങളോ​ട്‌ ആത്മാർഥതയു​ണ്ടായി​രുന്ന റോ​സ്‌വിറ്റ, ആദ്യ​മൊ​ക്കെ ഭർത്താവി​നെ എതിർത്തു. എന്നാൽ വർഷങ്ങൾ കടന്നു​പോ​യ​തോടെ അവളുടെ എതിർപ്പു കു​റയു​കയും യ​ഹോവ​യുടെ സാക്ഷികൾ സത്യ​മാ​ണ്‌ പഠി​പ്പിക്കു​ന്ന​തെന്ന് അവൾ തിരി​ച്ചറി​യു​കയും ചെയ്‌തു. 2003-ൽ അവൾ സ്‌നാന​മേറ്റു. എന്താ​യി​രുന്നു ആ മാ​റ്റത്തി​നു കാരണം? അവളുടെ എതിർപ്പിൽ അസ്വ​സ്ഥനാ​കുന്ന​തിനു പകരം റോ​സ്‌വി​റ്റയു​ടെ ചി​ന്താഗ​തിക്കു മാറ്റം വരാൻ ഭർത്താവ്‌ സമയം നൽകി. ഇപ്പോൾ അവൾക്ക് എന്ത് ഉപ​ദേശ​മാണ്‌ നൽകാനു​ള്ളത്‌? “കാ​ത്തിരി​ക്കുക, കാ​ത്തിരി​ക്കുക, ക്ഷമ​യോ​ടെ കാ​ത്തിരി​ക്കുക; അങ്ങനെ വളരെ നേട്ടങ്ങൾ കൊ​യ്യാനാ​കും.”

1974-ൽ മോനിക്ക സ്‌നാന​മേറ്റു, ഏതാണ്ട് പത്തു വർഷങ്ങൾക്കു ശേഷം അവളുടെ രണ്ട് ആൺമക്ക​ളും സാക്ഷി​കളാ​യിത്തീർന്നു. ഭർത്താവ്‌ ഹാൻസ്‌ അവരുടെ വി​ശ്വാ​സത്തെ എതിർത്തിരു​ന്നി​ല്ലെങ്കി​ലും 2006-ൽ മാ​ത്രമാ​ണ്‌ അദ്ദേഹം സ്‌നാ​ന​മേറ്റത്‌. അനുഭവത്തിന്‍റെ വെ​ളിച്ച​ത്തിൽ ആ കുടും​ബ​ത്തിന്‌ എന്താണു പറ​യാനു​ള്ളത്‌? “യഹോ​വ​യോടു വിശ്വ​സ്‌തമാ​യി പറ്റി​നിൽക്കുക, വിശ്വാ​സപര​മായ കാ​ര്യങ്ങ​ളിൽ വി​ട്ടുവീ​ഴ്‌ച ചെ​യ്യരു​ത്‌.” അവർ അദ്ദേഹത്തെ സ്‌നേഹി​ക്കു​ന്നെന്ന് എ​പ്പോ​ഴും ഉറപ്പു​കൊ​ടു​ക്കേണ്ടത്‌ പ്രധാ​നമാ​യി​രുന്നു. അതു​പോ​ലെ അദ്ദേഹം ക്രമേണ വി​ശ്വാ​സത്തിൽ വരുമെന്ന പ്ര​ത്യാ​ശയും അവർ ഒരി​ക്ക​ലും ​കൈവി​ട്ടില്ല.

സത്യത്തിന്‍റെ ജലത്താൽ നവോന്മിഷിതർ

സത്യത്തിന്‍റെ സന്ദേശം നി​ത്യജീ​വൻ പ്രദാനം ചെയ്യുന്ന ജലം​പോ​ലെയാ​ണെന്ന് യേശു ഒരിക്കൽ വിശ​ദീക​രിച്ചു. (യോഹ. 4:13, 14) നമ്മുടെ ബന്ധുക്കൾ സത്യത്തിന്‍റെ ഉണർവേ​കുന്ന ശുദ്ധജലം കുടിച്ച് നവോ​ന്മിഷി​തരാ​കാൻ നാം ആ​ഗ്രഹി​ക്കുന്നു. എന്നാൽ കുറെ വെള്ളം ഒരു​മി​ച്ചു കു​ടിപ്പി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ട് അവരെ ശ്വാസം മു​ട്ടി​ക്കാൻ നാം തീർച്ചയാ​യും ആ​ഗ്രഹി​ക്കില്ല. അവർക്കു ന​വോ​ന്മേഷം ലഭി​ക്കു​മോ അതോ വീർപ്പു​മുട്ടൽ അനു​ഭവ​പ്പെടു​മോ എന്നത്‌, നമ്മുടെ വി​ശ്വാ​സം നാം അവർക്ക് എങ്ങനെ വിശ​ദീക​രിച്ചു​കൊ​ടു​ക്കുന്നു എന്നതിനെ ആശ്ര​യിച്ചി​രി​ക്കും. “നീ​തി​മാൻ മനസ്സിൽ ആ​ലോചി​ച്ചു ഉത്തരം പറയുന്നു” എന്നും “ജ്ഞാ​നിയു​ടെ ഹൃദയം അവന്‍റെ വായെ പഠി​പ്പി​ക്കുന്നു; അവന്‍റെ അധ​രങ്ങൾക്കു വിദ്യ വർദ്ധി​പ്പി​ക്കുന്നു” എന്നും ബൈബിൾ പറയുന്നു. ഈ നിർദേശം നമുക്ക് എങ്ങനെ ബാ​ധകമാ​ക്കാം?—സദൃ. 15:28; 16:23.

തന്‍റെ വി​ശ്വാ​സം ഭർത്താ​വി​നോ​ടു വിശ​ദീ​കരി​ക്കാൻ ഒരു ഭാര്യ ആഗ്ര​ഹി​ച്ചേക്കാം. അവൾ “മനസ്സിൽ ആ​ലോചി​ച്ചു ഉത്തരം പറയുന്നു”വെങ്കിൽ മുന്നും​പി​ന്നും നോ​ക്കാ​തെ സംസാ​രി​ക്കുന്ന​തിനു പകരം അവൾ വാക്കുകൾ ശ്ര​ദ്ധാപൂർവം തിര​ഞ്ഞെടു​ക്കും. തനി​ക്കെ​ല്ലാം അറി​യാ​മെന്നും താൻ പറ​യു​ന്നതു മാ​ത്രമാ​ണ്‌ ശരി​യെ​ന്നും ഉള്ള തോ​ന്നലു​ളവാ​ക്കും വിധം അവൾ ഇട​പെടു​കയില്ല. നന്നായി ചിന്തിച്ച് അവൾ സംസാ​രി​ക്കു​ന്നെങ്കിൽ, അത്‌ നവോ​ന്മേഷ​ദായ​കവും സമാ​ധാ​നം ഉന്നമി​പ്പി​ക്കുന്ന​തും ആയി​രു​ന്നേക്കാം. എ​പ്പോഴാ​ണ്‌ ഭർത്താ​വു​മായി സ്വസ്ഥ​മാ​യിരു​ന്ന് അല്‌പ​നേരം സംസാ​രി​ക്കാനാ​കുക? ഏതു തരം വിഷയങ്ങൾ സംസാ​രി​ക്കാ​നും വാ​യിക്കാ​നും ആണ്‌ അദ്ദേഹം ഇഷ്ട​പ്പെടു​ന്നത്‌? ശാസ്‌ത്രത്തി​ലോ രാഷ്‌ട്രീ​യത്തി​ലോ സ്‌പോർട്‌സി​ലോ അദ്ദേഹം തത്‌പരനാ​ണോ? അദ്ദേഹത്തിന്‍റെ വി​കാര​ങ്ങളും താത്‌പ​ര്യങ്ങ​ളും ആദരി​ച്ചു​കൊണ്ടു​തന്നെ അവൾക്ക് ബൈ​ബിളി​നോ​ടുള്ള ആകാംക്ഷ അ​ദ്ദേഹ​ത്തിൽ എങ്ങനെ ജനി​പ്പിക്കാ​നാ​കും? ഈ വിധ​ങ്ങളി​ലെ​ല്ലാം ചി​ന്തിക്കു​ന്നത്‌ ഉൾക്കാ​ഴ്‌ചയോ​ടെ സംസാ​രി​ക്കാ​നും പ്രവർത്തി​ക്കാ​നും അവളെ സഹാ​യി​ക്കും.

അവിശ്വാസികളായ കുടും​ബാം​ഗങ്ങ​ളുടെ ഹൃദയത്തിൽ എത്തി​ച്ചേരു​ന്നതി​ന്‌ ഉചി​ത​മായ സന്ദർഭ​ത്തിൽ വളരെ ശ്ര​ദ്ധാപൂർവം വിശ്വാ​സ​ത്തെക്കു​റിച്ച് വിശ​ദീക​രിക്കു​ന്നതു മാത്രം മതി​യാകു​ന്നില്ല. അ​തോ​ടൊപ്പം, നാം പറയുന്ന കാ​ര്യ​ങ്ങളെ പിന്തു​ണയ്‌ക്കുന്ന നല്ല നടത്തയും കൂടി​യേ​തീരൂ.

മാതൃകായോഗ്യമായ നടത്ത

നേരത്തെ പരാ​മർശിച്ച യർഗെൻ വിശ​ദീക​രിക്കു​ന്നു: “ദൈനം​ദിനജീ​വി​തത്തിൽ ബൈ​ബിൾതത്ത്വ​ങ്ങൾ ബാധ​കമാ​ക്കുന്ന​തിൽ തുടരുക. ഈ തത്ത്വ​ങ്ങ​ളെല്ലാം അംഗീ​കരി​ച്ചി​ല്ലെങ്കിൽപ്പോ​ലും ബന്ധുക്കൾ കാര്യങ്ങൾ ഇരുന്ന് ചി​ന്തിക്കാ​നും നിരീ​ക്ഷി​ക്കാ​നും അത്‌ ഇടയാ​ക്കി​യേ​ക്കാം.” ഭാര്യ സ്‌നാന​പ്പെട്ട് ഏതാണ്ടു 30 വർഷങ്ങൾക്കു ശേഷം സ്‌നാന​പ്പെട്ട ഹാൻസ്‌ ഇങ്ങനെ അം​ഗീക​രിച്ചു പറയുന്നു: “സത്യം ജീ​വിത​ത്തിൽ വരുത്തുന്ന നല്ല ഫലങ്ങൾ ബന്ധുക്കൾ കാ​ണണ​മെങ്കിൽ മാതൃകായോഗ്യമായ ക്രി​സ്‌തീയ​നടത്ത പ്ര​ധാന​മാണ്‌.” നമ്മുടെ വി​ശ്വാ​സം നമ്മെ മറ്റു​ള്ളവരിൽനി​ന്നു വ്യത്യ​സ്‌ത​രാക്കു​ന്നത്‌ ഒരു നല്ല വിധ​ത്തിലാ​ണെ​ന്നും മോശ​മായി​ട്ട​ല്ലെന്നും നമ്മുടെ ബന്ധു​ക്കൾക്കു വ്യ​ക്തമാ​യി കാ​ണാനാ​കണം.

“സത്യം ജീ​വിത​ത്തിൽ വരുത്തുന്ന നല്ല ഫലങ്ങൾ ബന്ധുക്കൾ കാ​ണണ​മെങ്കിൽ മാതൃകായോഗ്യമായ ക്രി​സ്‌തീയ​നടത്ത പ്ര​ധാന​മാണ്‌.”—ഹാൻസ്‌

അവിശ്വാസിയായ ഭർത്താ​വുള്ള ഭാ​ര്യമാർക്ക് അപ്പൊ​സ്‌തല​നായ പ​ത്രോ​സ്‌ മൂ​ല്യവ​ത്തായ നിർദേശം നൽകി: “നി​ങ്ങളു​ടെ ഭർത്താ​ക്കന്മാർക്കു കീഴ്‌പെട്ടി​രിക്കു​വിൻ. അങ്ങനെ, അവരിൽ ആ​രെങ്കി​ലും വചനം അനുസരി​ക്കാ​ത്തവരാ​യി​ട്ടു​ണ്ടെങ്കിൽ ഭയാ​ദര​വോ​ടെയുള്ള നി​ങ്ങളു​ടെ നിർമല​മായ നടപ്പു കണ്ടിട്ട് ഒരു വാക്കും കൂടാതെ നി​ങ്ങളു​ടെ നട​പ്പി​നാൽ  വിശ്വാസികളായിത്തീരാൻ ഇട​വന്നേ​ക്കാം. നി​ങ്ങളു​ടെ അലങ്കാരം തലമുടി പി​ന്നുന്ന​തും പൊ​ന്നണി​യുന്ന​തും വസ്‌ത്രംധ​രിക്കു​ന്നതും ഇങ്ങനെ ബാഹ്യമാ​യു​ള്ളത്‌ആയി​രിക്ക​രുത്‌; പി​ന്നെ​യോ ശാ​ന്തത​യും സൗമ്യ​തയു​മുള്ള മനസ്സ് എന്ന അക്ഷയാ​ലങ്കാ​രമ​ണിഞ്ഞ ആന്തരി​ക​മനു​ഷ്യൻ ആയി​രി​ക്കണം. അതത്രേ ദൈ​വസന്നി​ധി​യിൽ വില​യേറി​യത്‌.”—1 പത്രോ. 3:1-4.

ഭാര്യയുടെ മാതൃകായോഗ്യമായ പെ​രുമാ​റ്റം ഒരു ഭർത്താവി​നെ സ്വാ​ധീനി​ച്ചേക്കാ​മെന്ന് പ​ത്രോ​സ്‌ എഴുതി. ഈ തിരു​വെ​ഴുത്തു നിർദേശം മനസ്സിൽപ്പിടി​ച്ചു​കൊണ്ട്, 1972-ൽ സ്‌നാന​മേറ്റ​പ്പോൾമുതൽ ക്രിസ്റ്റ എന്ന സ​ഹോ​ദരി തന്‍റെ നടത്തയാൽ ഭർത്താവിന്‍റെ ഹൃദയത്തെ സ്വാ​ധീനി​ക്കാൻ ശ്രമി​ച്ചു​കൊണ്ടി​രി​ക്കുന്നു. അവളുടെ ഭർത്താവ്‌ സാക്ഷി​ക​ളോ​ടൊത്ത്‌ നേരത്തെ ബൈബിൾ പഠിച്ചി​രു​ന്നെങ്കി​ലും ഇതുവരെ വി​ശ്വാ​സത്തിൽ വന്നിട്ടില്ല. അദ്ദേഹം ചില ക്രിസ്‌തീയ​യോഗ​ങ്ങളിൽ സംബ​ന്ധി​ച്ചിട്ടു​ണ്ട്; സഭയി​ലുള്ള​വരു​മായി നല്ല ബന്ധത്തി​ലു​മാണ്‌. തിര​ഞ്ഞെടു​ക്കാ​നുള്ള അദ്ദേഹത്തിന്‍റെ അവ​കാ​ശത്തെ സ​ഹോദ​രങ്ങൾ മാ​നിക്കു​ന്നു. ഭർത്താവിന്‍റെ ഹൃദയത്തിൽ എത്തി​ച്ചേ​രാൻ ക്രിസ്റ്റ എന്താണു ചെ​യ്യു​ന്നത്‌?

“യഹോവ ആ​ഗ്രഹി​ക്കുന്ന രീ​തി​യിൽ മു​ന്നോ​ട്ടു പോകാൻ ഞാൻ തീരു​മാ​നിച്ചു​റച്ചി​രി​ക്കുന്നു. അ​തേസ​മയം, ‘ഒരു വാക്കും കൂടാതെ’ എന്‍റെ നല്ല പെരു​മാ​റ്റത്താൽ ഭർത്താവി​നെ നേടാൻ ഞാൻ ശ്ര​മിക്കു​ന്നു. ബൈബിൾത​ത്ത്വങ്ങ​ളുടെ ലംഘനം ഉൾപ്പെ​ടാത്ത സാഹ​ചര്യ​ങ്ങളിൽ അദ്ദേഹത്തിന്‍റെ ആഗ്ര​ഹങ്ങ​ളുമാ​യി ഒത്തു​പോ​കാൻ എന്നെക്കൊ​ണ്ടാകു​ന്ന​തെല്ലാം ഞാൻ ചെയ്യുന്നു. എന്നി​രുന്നാ​ലും തീരുമാ​നമെ​ടുക്കാ​നുള്ള അദ്ദേഹത്തിന്‍റെ സ്വാ​ത​ന്ത്ര്യത്തെ മാനി​ച്ചു​കൊ​ണ്ട് ഇക്കാര്യം ഞാൻ യ​ഹോവ​യ്‌ക്കു വിട്ടു​കൊ​ടുത്തി​രി​ക്കുന്നു.”

ക്രിസ്റ്റയുടെ നി​ലപാ​ട്‌ വഴക്കമുള്ളവരായിരിക്കുന്നതിന്‍റെ മൂല്യം വ്യ​ക്തമാ​ക്കുന്നു. യോ​ഗങ്ങ​ളിൽ ക്ര​മമാ​യി പങ്കെ​ടുത്തു​കൊ​ണ്ടും ക്രിസ്‌തീ​യശു​ശ്രൂ​ഷയിൽ അർഥവത്താ​യി പങ്കു​പറ്റി​ക്കൊ​ണ്ടും അവൾ നല്ലൊരു ആത്മീ​യ​ചര്യ നില​നി​റുത്തു​ന്നു. എങ്കിൽപ്പോ​ലും തന്‍റെ സ്‌നേഹ​വും സമയവും ശ്രദ്ധയും ലഭി​ക്കാ​നുള്ള ന്യാ​യ​മായ അവകാശം ഭർത്താ​വി​നു​ണ്ടെന്നു തിരി​ച്ചറി​ഞ്ഞു​കൊണ്ട് അവൾ വിവേകം പ്രക​ടമാ​ക്കുന്നു. അവി​ശ്വാ​സിക​ളായ ബന്ധു​ക്കളു​മായി ഇട​പെടു​മ്പോൾ നാ​മെ​ല്ലാം വഴക്കവും വി​വേക​വും കാ​ണി​ക്കേണ്ടത്‌ വളരെ പ്ര​ധാന​മാണ്‌. “എല്ലാ​റ്റി​ന്നും ഒരു സമ​യമു​ണ്ട്” എന്നു ബൈബിൾ പറയുന്നു. അവി​ശ്വാ​സിക​ളായ കുടും​ബാംഗ​ങ്ങളു​മായി, പ്ര​ത്യേ​കിച്ച് ഇണ​യുമാ​യി, സമയം ചെല​വിടു​ന്നത്‌ ഇതിൽ ഉൾപ്പെടു​ന്നു. ഒരു​മി​ച്ച് സമയം ചെല​വഴി​ക്കു​ന്നത്‌ കൂടുതൽ ആശയ​വിനി​മയ​ത്തിന്‌ അവസ​രമൊ​രു​ക്കും. ഏകാ​ന്തത​യും ഒറ്റ​പ്പെട​ലും തോന്നാ​തി​രിക്കാ​നും ഇണയുടെ സ്‌നേഹം കുറഞ്ഞു​പോയി​ട്ടി​ല്ലെന്നു ബോധ്യം വരാനും നല്ല ആശയ​വിനി​മയ​ത്തിനാ​കു​മെന്ന് അനു​ഭ​വങ്ങൾ കാ​ണിക്കു​ന്നു.—സഭാ. 3:1.

പ്രത്യാശ കൈവിടരുത്‌

മറ്റു കുടും​ബാം​ഗങ്ങൾ സ്‌നാന​പ്പെട്ട് ഏതാണ്ട് 20 വർഷങ്ങൾക്കു ശേ​ഷമാ​ണ്‌ ഹോൾഗറിന്‍റെ പിതാവ്‌ സ്‌നാ​ന​പ്പെട്ടത്‌. “നമ്മൾ അവി​ശ്വാ​സി​യായ കുടും​ബാം​ഗത്തെ സ്‌നേഹി​ക്കു​ന്നെന്നും അവർക്കാ​യി പ്രാർഥി​ക്കു​ന്നെന്നും അവർ അറി​യേ​ണ്ടത്‌ പ്ര​ധാന​മാണ്‌” എന്ന് ഹോൾഗർ അഭി​പ്രാ​യപ്പെ​ടുന്നു. “തന്‍റെ ഭർത്താവ്‌ എപ്പോ​​ഴെങ്കി​ലും യഹോ​വ​യ്‌ക്കാ​യി ഒരു നി​ലപാ​ട്‌ എടു​ത്തു​കൊണ്ട് സത്യം സ്വീ​കരി​ക്കു​മെന്ന പ്രത്യാശ താൻ ഒരി​ക്ക​ലും കൈ​വി​ടി​ല്ലെന്ന്” ക്രിസ്റ്റ കൂട്ടി​​ച്ചേർക്കു​ന്നു. അവി​ശ്വാ​സിക​ളായ ബന്ധു​ക്ക​ളോടു നാം ക്രി​യാത്മക​മനോ​ഭാവം കാ​ണി​ക്കണം, അവർ വി​ശ്വാ​സത്തിൽ വരുമെന്ന പ്രത്യാ​ശയോ​ടെ.

ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാതെ കുടും​ബാം​ഗങ്ങൾക്കും ബന്ധു​ക്കൾക്കും സത്യം തിരി​ച്ചറി​യാൻ അവസ​രമൊ​രുക്കു​കയും അവരുടെ ഹൃദയത്തിൽ ബൈ​ബിൾസ​ന്ദേശം എത്തി​ക്കു​കയും ചെയ്യുക എന്നതാണു നമ്മുടെ ലക്ഷ്യം. എല്ലാ​യ്‌പ്പോ​ഴും നാം “സൗമ്യ​ത​യോ​ടും ഭയാ​ദരവോ​ടും​കൂടെ” പെ​രുമാ​റണം.—1 പത്രോ. 3:15.