വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഫെബ്രുവരി 

 ചരിത്രസ്‌മൃതികൾ

നൂറിന്‍റെ നിറവിൽ ഒരു ഇതിഹാസകാവ്യം!

നൂറിന്‍റെ നിറവിൽ ഒരു ഇതിഹാസകാവ്യം!

“അത്‌ കണ്ടിട്ട്, റസ്സൽ സഹോദരനെ നേരിൽ കാണുന്നതിനെക്കാൾ യാഥാർഥ്യമായിത്തോന്നുന്നു!”—1914-ൽ “ഫോട്ടോ-നാടകം” കണ്ട ഒരു പ്രേക്ഷകൻ.

ദൈവവചനമെന്നനിലയിൽ ബൈബിളിലുള്ള വിശ്വാസം കെട്ടുപണി ചെയ്യാനായി രൂപകല്‌പന ചെയ്‌ത “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകം” എന്ന ഐതിഹാസിക ദൃശ്യാവിഷ്‌കാരത്തിന്‍റെ 100-‍ാ‍ം പ്രദർശനവാർഷികമാണ്‌ 2014. പരിണാമവാദവും സന്ദേഹവാദവും വിമർശനചിന്താഗതികളും അനേകരുടെ വിശ്വാസം ചുവടുലച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ “ഫോട്ടോ-നാടകം” സ്രഷ്ടാവെന്നനിലയിൽ യഹോവയെ ഉയർത്തിക്കാണിക്കുകയും പ്രകീർത്തിക്കുകയും ചെയ്‌തു.

ബൈബിൾ വിദ്യാർഥികൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്ന ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ, ബൈബിൾസത്യം ഏറ്റവും ഫലകരമായി അതിശീഘ്രം വ്യാപിപ്പിക്കാനാകുന്ന മാർഗങ്ങളെക്കുറിച്ച് അക്കാലത്ത്‌ ആരാഞ്ഞുവരികയായിരുന്നു. അച്ചടിച്ച പ്രസിദ്ധീകരണങ്ങളുടെ ശക്തി ബൈബിൾ വിദ്യാർഥികൾ നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നു. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി അവർ അത്‌ നന്നായി ഉപയോഗപ്പെടുത്തിപ്പോരുകയും ചെയ്‌തിരുന്നു. എന്നാൽ, ഇപ്പോൾ ഒരു പുതിയ സാങ്കേതികവിദ്യ അവരുടെ ശ്രദ്ധ ആകർഷിച്ചു: ‘ചലിക്കുന്ന ചിത്രങ്ങൾ.’

സുവിശേഷം ചലച്ചിത്രങ്ങളിലൂടെ!

1890-കളിലാണ്‌ നിശ്ശബ്ദചലച്ചിത്രങ്ങൾ പൊതുജനസമക്ഷം അവതരിപ്പിക്കപ്പെട്ടത്‌. 1903-ൽത്തന്നെ മതപരമായ പ്രമേയത്തിലൂന്നിയ ഒരു ചലച്ചിത്രം ന്യൂയോർക്ക് സിറ്റിയിലെ ഒരു പള്ളിയിൽ പ്രദർശിപ്പിക്കുകയുണ്ടായി. അങ്ങനെ ചലച്ചിത്രവ്യവസായം പിച്ചവെച്ചുതുടങ്ങിയ കാലത്താണ്‌, 1912-ൽ “ഫോട്ടോ-നാടക”ത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളുമായി റസ്സൽ സഹോദരൻ ധൈര്യപൂർവം ഇറങ്ങിപ്പുറപ്പെട്ടത്‌. അച്ചടിച്ച സാഹിത്യങ്ങൾകൊണ്ടുമാത്രം ചെയ്യാനാകാത്ത ഒരു വിധത്തിൽ ബൈബിൾസത്യം ജനഹൃദയത്തിലെത്തിക്കാൻ നവീമായ ഈ മാധ്യത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

എട്ടു മണിക്കൂർ ദൈർഘ്യമുള്ള “ഫോട്ടോ-നാടക” പ്രദർശനം നാലു ഭാഗങ്ങളായാണ്‌ കാണിച്ചിരുന്നത്‌. ഈ ദൃശ്യവിസ്‌മയത്തിൽ കോർത്തിണക്കിയിരുന്ന 96 ഹ്രസ്വ ബൈബിൾപ്രഭാഷണങ്ങൾക്ക് അക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ ശബ്ദത്തിനുടമയും പ്രശസ്‌ത പ്രഭാകനുമായ ഒരു വ്യക്തിയാണ്‌ ശബ്ദം നൽകിയത്‌. ലോകോത്തരസംഗീതം പല രംഗങ്ങൾക്കും പശ്ചാത്തലമൊരുക്കി. വിദഗ്‌ധരായ പിന്നണിപ്രവർത്തകർ ശബ്ദ-സംഗീത റെക്കോർഡിങ്ങുകൾ സ്വനഗ്രാഹിന്ത്രത്തിലൂടെ കേൾപ്പിക്കുകയും വെള്ളിത്തിരയിൽ മിന്നിമറയുന്ന വർണ-സ്ലൈഡുകൾക്കും പ്രസിദ്ധമായ ബൈബിൾകഥകളുടെ അഭ്രപാളിയിലെ പുനരാവിഷ്‌കരണങ്ങൾക്കും ഒപ്പം ശബ്ദം വരത്തക്കവിധം അവ ഒരേസമയം കൂട്ടിയിണക്കുകയും ചെയ്യുമായിരുന്നു.

“അതിൽ നക്ഷത്രസൃഷ്ടി മുതൽ ക്രിസ്‌തുവിന്‍റെ ആയിരംവർഷവാഴ്‌ചയുടെ പ്രോജ്വലപാരമ്യം വരെയുള്ള ആകമാനചിത്രം ഉൾക്കൊള്ളിച്ചിരുന്നു.” —1914-ൽ 14 വയസ്സുണ്ടായിരുന്ന എഫ്‌. സ്റ്റുവർട്ട് ബാൺസ 

ഫിലിമിൽ ചിത്രീകരിച്ച മിക്കവാറും ദൃശ്യരംഗങ്ങളും നിരവധി ഗ്ലാസ്‌-സ്ലൈഡുകളും വാണിജ്യ സ്റ്റുഡിയോകളിൽനിന്നാണ്‌ ലഭിച്ചത്‌. ഫിലദെൽഫ്യ, പാരീസ്‌, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിലെ വിശ്രുത കലാകാരന്മാരുടെ ചായത്തൂലികയിൽ പിറന്നവയാണ്‌ അവയിൽ ഓരോ ഗ്ലാസ്‌-സ്ലൈഡും ഫിലിംഫ്രെയ്‌മും. ബെഥേൽ ചിത്രകലാവിഭാഗത്തിലെ അണിയറശില്‌പികളും ചിത്രങ്ങൾ വരയ്‌ക്കുകയും പൊട്ടിപ്പോയ സ്ലൈഡുകൾക്ക് പകരം പുതിയവ നിർമിക്കുകയും ചെയ്‌തുകൊണ്ട് ഗണ്യമായ പങ്ക് വഹിച്ചു. ഛായാഗ്രഹണംചെയ്‌ത ദൃശ്യഖണ്ഡങ്ങൾ പുറത്തുനിന്ന് വാങ്ങിച്ചതു  കൂടാതെ, അബ്രാഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും, പുത്രനെ ബലിചെയ്യുന്നതിൽ നിന്നു അബ്രാഹാമിനെ തടഞ്ഞ ദൂതന്‍റെയും ഭാഗങ്ങൾ ന്യൂയോർക്കിൽ ബെഥേലിന്‌ അടുത്തുള്ള യോങ്‌കേഴ്‌സിൽവെച്ച് ബെഥേൽ കുടുംബാംഗങ്ങൾ അഭിനയിച്ച് അഭ്രപാളിയിൽ പകർത്തുകയും ചെയ്‌തു.—ഉല്‌പ. 22:9-12.

പ്രവീണരായ പിന്നണിപ്രവർത്തകർ 3.2 കി.മീ. ഫിലിമും 26 ഫോണോഗ്രാഫ്‌ റെക്കോർഡിങ്ങുകളും 500-ഓളം ഗ്ലാസ്‌-സ്ലൈഡുകളും അണുവിടതെറ്റാതെ കോർത്തിണക്കി

റസ്സൽ സഹോദരന്‍റെ ഒരു സഹചാരി, പത്രപ്രവർത്തകരോട്‌ ഇങ്ങനെ പറഞ്ഞു: “മതമുന്നേറ്റത്തിനായി ഇന്നോളം നടന്നിട്ടുള്ള എന്തിനെക്കാളും ശക്തിയോടെ തിരുവെഴുത്തിൽ ജനലക്ഷങ്ങളുടെ താത്‌പര്യമുണർത്താൻ” ഈ മാധ്യമത്തിനു കഴിയും. ആത്മീയദാരിദ്ര്യം അനുഭവിക്കുന്ന ജനസമൂഹങ്ങളിലേക്ക് എത്തിച്ചേരുകയെന്ന ലക്ഷ്യത്തിൽ തുടങ്ങിവെച്ച ഈ നൂതനസംരംഭത്തെ പുരോഹിതവർഗം കയ്യടിച്ച് പിന്തുണയ്‌ക്കുമായിരുന്നോ? ഒരിക്കലുമില്ല. നേരെ മറിച്ച്, ക്രൈസ്‌തവലോകത്തിലെ മതശുശ്രൂഷകർ “ഫോട്ടോ-നാടക”ത്തെ പൊതുവെ അപലപിക്കുകയാണുണ്ടായത്‌. അവരിൽ ചിലർ കുടിലമായ തന്ത്രങ്ങൾ ആവിഷ്‌കരിച്ചുകൊണ്ട്, പൊതുജനങ്ങൾ അതു കാണാതിരിക്കാനുള്ള സകല കുത്സിശ്രമങ്ങളും നടത്തി. ഒരു പ്രദർശനകേന്ദ്രത്തിൽവെച്ച്, പാതിരിമാരുടെ ഒരു സംഘം വൈദ്യുതി വിച്ഛേദിച്ചുകൊണ്ടാണ്‌ തങ്ങളുടെ രോഷം പ്രകടമാക്കിയത്‌.

പ്രാദേശികസഭകളിൽനിന്നുള്ള സേവികമാർ “ഫോട്ടോ-നാടക” ദൃശ്യങ്ങളും തിരക്കഥാസംഗ്രഹവും അടങ്ങിയ ലക്ഷക്കണക്കിന്‌ ചെറുപുസ്‌തകങ്ങൾ വിതരണം ചെയ്‌തു

സന്നിഹിതരായവർക്ക്, വസ്‌ത്രത്തിൽ അണിയാവുന്ന “പാക്‌സ്‌” പിന്നുകൾ ലഭിച്ചു. ബാലനായ യേശുവിന്‍റെ ചിത്രമുള്ള ആ പിന്നുകൾ, അവ ധരിക്കുന്നവരെ തങ്ങൾ “സമാധാനപുത്രന്മാർ” ആണെന്ന് ഓർമിപ്പിച്ചു

എന്നിരുന്നാലും, “ഫോട്ടോ-നാടക”ത്തിന്‍റെ സൗജന്യപ്രദർശനം കാണാനായി തിയേറ്ററുകളിൽ ജനാവലികൾ തിങ്ങിനിറഞ്ഞു. അമേരിക്കയിലെ 80-ഓളം നഗരങ്ങളിൽ പ്രതിദിനം “ഫോട്ടോ-നാടകം” പ്രദർശിപ്പിച്ചു. ആശ്ചര്യരിതരായ അനേകം പ്രേക്ഷകർ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ‘ശബ്ദചിത്രം’ കാണുന്നത്‌. ഒരു മുട്ടവിരിഞ്ഞ് കോഴിക്കുഞ്ഞ് പുറത്തുവരുന്നതും ഒരു പുഷ്‌പമുകുളം അഴകോടെ ഇതൾവിടർത്തുന്നതും അവർ കണ്ടാസ്വദിച്ചു. ചലനം ഘട്ടംഘട്ടമായി ഛായാഗ്രഹണം ചെയ്‌ത്‌ ദൃശ്യങ്ങൾ ഒരു ശൃംഖലയായി കൂട്ടിയോജിപ്പിച്ച് ഓടിക്കുന്ന ഒരു സങ്കേതത്തിന്‍റെ (time-lapse photography) സഹായത്തോടെയായിരുന്നു അത്‌ സാക്ഷാത്‌കരിച്ചത്‌. അന്നുണ്ടായിരുന്ന ശാസ്‌ത്രപരിജ്ഞാനം യഹോവയുടെ വിസ്‌മയാവഹമായ ജ്ഞാനം ഉയർത്തിക്കാട്ടാൻ അവർ ഉപയോഗിച്ചു. തുടക്കത്തിൽ പരാമർശിച്ചതുപോലെ, “ഫോട്ടോ-നാടക”ത്തിന്‍റെ ആമുത്തിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന റസ്സൽ സഹോദരനെ കണ്ടിട്ട് ഒരു പ്രേക്ഷകൻ ഇങ്ങനെ അത്ഭുതംകൂറി: “അത്‌ കണ്ടിട്ട്, റസ്സൽ സഹോദരനെ നേരിൽ കാണുന്നതിനെക്കാൾ യാഥാർഥ്യമായിത്തോന്നുന്നു!”

ബൈബിൾവിദ്യാഭ്യാസ രംഗത്തെ ഒരു നാഴികക്കല്ല്

1914 ജനുവരി 11-ന്‌ “ഫോട്ടോ-നാടക”ത്തിന്‍റെ ആദ്യപ്രദർശനം നടന്നത്‌ ന്യൂയോർക്ക് നഗരത്തിലെ ഈ തിയേറ്ററിലാണ്‌. അക്കാലത്ത്‌ അത്‌ അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടനയുടെ ഉടമസ്ഥതയിലും നടത്തിപ്പിലുമായിരുന്നു

“ചലിക്കുന്ന ചിത്രങ്ങളും അവയോട്‌ ഏകകാലം ഇണക്കിച്ചേർത്ത ശബ്ദരേഖയും (ശബ്ദലേഖനം ചെയ്‌ത സംഭാഷണം) മായാദീപത്തിലൂടെ വെള്ളിത്തിരയിൽ പതിപ്പിക്കുന്ന വർണ-സ്ലൈഡുകളും സമന്വയിപ്പിച്ച ആദ്യത്തെ തിരക്കഥയായിരുന്നു” “ഫോട്ടോ-നാടക”ത്തിന്‍റേത്‌ എന്ന് എഴുത്തുകാരനും സിനിമാചരിത്രകാരനുമായ റ്റിം ഡർക്‌സ്‌ വിവരിക്കുകയുണ്ടായി. “ഫോട്ടോ-നാടക”ത്തിനു മുമ്പ് നിർമിച്ചിട്ടുള്ള ചില ചിത്രങ്ങളിൽ ഈ സാങ്കേതികവിദ്യകളിൽ പലതും ഉപയുക്തമാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാംതന്നെ ഒരുമിച്ച് കോർത്തിണക്കിക്കൊണ്ടുള്ള ഒരു അവതരണം നടാടെയായിരുന്നു, വിശേഷിച്ചും ബൈബിൾ ഇതിവൃത്തമാക്കിക്കൊണ്ടുള്ള ഒരു ശബ്ദസിനിമ. മാത്രവുമല്ല അവയ്‌ക്കൊന്നിനും ഇത്രയധികം പ്രേക്ഷകബാഹുല്യം ഉണ്ടായിരുന്നിട്ടുമില്ല. വടക്കെ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌ എന്നിവിടങ്ങളിൽ തൊണ്ണൂറ്‌ ലക്ഷത്തോളം കാണികളാണ്‌ ആദ്യവർഷത്തിൽമാത്രം ഇത്‌ കണ്ടത്‌!

“ഫോട്ടോ-നാടക”ത്തിന്‍റെ പ്രഥപ്രദർശനം 1914 ജനുവരി 11-ന്‌ ന്യൂയോർക്ക് നഗരത്തിൽവെച്ചായിരുന്നു. ഏഴ്‌ മാസങ്ങൾക്കു ശേഷം, പിൽക്കാലത്ത്‌ ഒന്നാം ലോകമഹായുദ്ധം എന്ന് അറിപ്പെട്ട മഹാദുരന്തം ആഞ്ഞടിച്ചു. എന്നിരുന്നാലും, വരാനിരിക്കുന്ന രാജ്യാനുഗ്രഹങ്ങളുടെ മിഴിവുറ്റ ദൃശ്യങ്ങളിൽനിന്ന് സമാശ്വാസമാർജിച്ചുകൊണ്ട് ലോകമെമ്പാടുംതന്നെ ജനങ്ങൾ “ഫോട്ടോ-നാടകം” കാണാനായി തുടർന്നും തടിച്ചുകൂടി. 1914-നെ സംബന്ധിച്ചിത്തോളം, എങ്ങനെനോക്കിയാലും “ഫോട്ടോ-നാടകം” ചരിത്രംകുറിച്ച ഒരു അപൂർവക്കാഴ്‌ചതന്നെയായിരുന്നു.

വടക്കെ അമേരിക്കയിൽ ഉടനീളം വ്യത്യസ്‌തസംഘങ്ങൾ “ഫോട്ടോ-നാടക”ത്തിന്‍റെ 20 പകർപ്പുകൾ ഉപയോഗിച്ചിരുന്നു