വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഫെബ്രുവരി 

സാരെഫാത്തിലെ വിധവയുടെ വിശ്വാത്തിന്‌ പ്രതിഫലം ലഭിച്ചു

സാരെഫാത്തിലെ വിധവയുടെ വിശ്വാത്തിന്‌ പ്രതിഫലം ലഭിച്ചു

ഒരു സാധുവിധവ തന്‍റെ കുഞ്ഞിനെ, തന്‍റെ ഏകമകനെ വാരിപ്പുണരുന്നു. അവൾക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. അല്‌പനേരം മുമ്പ്, അവന്‍റെ ചേതനയറ്റ ശരീരം അവൾ തന്‍റെ കൈകളിൽ വാരിയെടുത്തതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ ഉയിർപ്പിക്കപ്പെട്ട തന്‍റെ മകന്‍റെ മുത്തേക്ക് നോക്കിയ അവൾ, അവന്‍റെ വിടർന്ന പുഞ്ചിരി കണ്ട് ആനന്ദാശ്രു പൊഴിക്കുകയാണ്‌. “ഇതാ, നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു,” അവളുടെ വീട്ടിൽ വന്ന അതിഥി പറയുന്നു.

ഏകദേശം 3,000 വർഷങ്ങൾക്കു മുമ്പാണ്‌ നാടകീയമായ ആ പുനരുത്ഥാനം നടന്നത്‌. 1 രാജാക്കന്മാർ 17-‍ാ‍ം അധ്യാത്തിൽ നിങ്ങൾക്ക് ആ വിവരണം വായിക്കാനാകും. വീട്ടിലെത്തിയ അതിഥി ദൈവത്തിന്‍റെ പ്രവാചകനായ ഏലിയാവാണ്‌. അമ്മയോ? സാരെഫാത്ത്‌ പട്ടണത്തിൽ ജീവിക്കുന്ന പേര്‌ വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു വിധവയാണ്‌ അവൾ. അവളുടെ വിശ്വാസം അങ്ങേയറ്റം ബലിഷ്‌ഠമാക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു അവളുടെ മകന്‍റെ പുനരുത്ഥാനം. അവളുടെ ജീവിത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിക്കൊണ്ട് മൂല്യവത്തായ ചില പാഠങ്ങൾ നമുക്കു പഠിക്കാം.

ഏലിയാവ്‌ വിശ്വാസമുള്ള ഒരു വിധവയെ കണ്ടെത്തുന്നു

ഇസ്രായേലിലെ ദുഷ്ടരാജാവായ ആഹാബിന്‍റെ സാമ്രാജ്യത്തിൽ, നീണ്ടുനിൽക്കുന്ന ഒരു കൊടുംവരൾച്ച വരുത്താൻ യഹോവ നിശ്ചയിച്ചിരുന്നു. ആ വരൾച്ചയെക്കുറിച്ച് ഏലിയാവ്‌ പ്രഖ്യാപിച്ചതിനു ശേഷം ആഹാബിൽനിന്ന് ദൈവം അവനെ ഒളിപ്പിച്ചു. അവന്‌ അപ്പവും ഇറച്ചിയും എത്തിച്ചുകൊടുക്കാൻ കാക്കകളെ നിയമിച്ചുകൊണ്ട് അവൻ അത്ഭുതകരമായി ആ പ്രവാചകനെ പോഷിപ്പിക്കുകയും ചെയ്‌തു. തുടർന്ന് യഹോവ ഏലിയാവിനോടു പറഞ്ഞു: “നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്‌പിച്ചിരിക്കുന്നു.”—1 രാജാ. 17:1-9.

ഏലിയാവ്‌ സാരെഫാത്തിൽ എത്തിപ്പോൾ ദരിദ്രയായ ഒരു വിധവ വിറകു പെറുക്കുന്നതു കണ്ടു. ഈ സ്‌ത്രീയായിരിക്കുമോ പ്രവാചകന്‌ ഭക്ഷണം പ്രദാനം ചെയ്യാൻ പോകുന്നത്‌? കൊടിയ ദാരിദ്ര്യംകൊണ്ട് വലയുന്ന അവൾക്ക് അത്‌ എങ്ങനെ ചെയ്യാനാകും? ഇങ്ങനെ ചില സംശയങ്ങളും ചോദ്യങ്ങളും ഏലിയാവിന്‍റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകണം. ഏതായാലും അതെല്ലാം മാറ്റിവെച്ചിട്ട് അവൻ ആ സ്‌ത്രീയോട്‌ സംസാരിക്കാൻ തുടങ്ങി. “എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ” എന്ന് അവൻ അവളോട്‌ അഭ്യർഥിച്ചു. അവൾ വെള്ളം കൊണ്ടുവരാൻ പോപ്പോൾ, “ഒരു കഷണം അപ്പവുംകൂടെ നിന്‍റെ കയ്യിൽ കൊണ്ടുപോരേണമേ” എന്ന് ഏലിയാവ്‌ ആവശ്യപ്പെട്ടു. (1 രാജാ. 17:10, 11) അപരിചിതനായ ആ അതിഥിക്ക് അല്‌പം വെള്ളം കുടിക്കാൻ കൊടുക്കുന്നത്‌ ആ വിധവയ്‌ക്ക് ബുദ്ധിമുട്ടുള്ള  കാര്യമായിരുന്നില്ല. പക്ഷേ, അപ്പം കൊടുക്കുക, അതൊരു പ്രശ്‌നംതന്നെയായിരുന്നു.

അവൾ ഇങ്ങനെ മറുപടി പറഞ്ഞു: “നിന്‍റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്‌പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു.” (1 രാജാ. 17:12) ഈ സംഭാഷണശകലങ്ങളിൽനിന്ന് അനേകം കാര്യങ്ങൾ നമുക്കു മനസ്സിലാക്കാനുണ്ട്.

ദൈവഭയമുള്ള ഒരു ഇസ്രായേല്യനായിട്ടുതന്നെ ആ വിധവ ഏലിയാവിനെ തിരിച്ചറിഞ്ഞു. “നിന്‍റെ ദൈവമായ യഹോവയാണ” എന്ന അവളുടെ വാക്കുകളിൽനിന്ന് ഇത്‌ വ്യക്തമാണ്‌. ഇസ്രായേലിന്‍റെ ദൈവത്തെക്കുറിച്ച് അവൾക്ക് കുറെയൊക്കെ അറിയാമായിരുന്നെന്ന് തോന്നുന്നു. എങ്കിലും, യഹോവയെ “എന്‍റെ ദൈവം” എന്ന് വിളിക്കാൻമാത്രമുള്ള അറിവ്‌ അവൾക്കില്ലായിരുന്നു. അവൾ ജീവിച്ചിരുന്ന സാരെഫാത്ത്‌, ഫൊയ്‌നീക്യൻ നഗരമായ “സീദോനോടു ചേർന്ന” ഒരു പട്ടണം അഥവാ തെളിവനുസരിച്ച് അതിന്‍റെ ഒരു ആശ്രിതദേശം ആയിരുന്നു. സാധ്യതയനുസരിച്ച്, ബാൽ ആരാധകരായിരുന്നു സാരെഫാത്തിൽ ഉണ്ടായിരുന്നത്‌. എന്നിരുന്നാലും, വ്യതിരിക്തമായ എന്തോ ഒരു വിശേഷത യഹോവ ഈ വിധവയിൽ കണ്ടിരുന്നു.

വിഗ്രഹാരാധകരുടെ ഇടയിലാണ്‌ സാരെഫാത്തിലെ ഈ ദരിദ്രവിധവ ജീവിച്ചിരുന്നതെങ്കിലും അവൾ വിശ്വാസമുള്ള സ്‌ത്രീയായിരുന്നു. യഹോവ ഏലിയാവിനെ ആ വിധവയുടെ അടുക്കലേക്ക് അയച്ചത്‌ അവളുടെയും ഏലിയാവിന്‍റെയും നന്മയെ കരുതിയാണ്‌. സുപ്രധാനമായ ഒരു പാഠം നമുക്കു ഇതിൽനിന്ന് പഠിക്കാനാകും.

സാരെഫാത്ത്‌ ബാലാരാധനയുടെ കേന്ദ്രമായിരുന്നെങ്കിലും, അവിടെയുണ്ടായിരുന്ന സകലരും മുഴുവനായി അധഃപതിച്ചവരായിരുന്നില്ല. ഏലിയാവിനെ ഈ വിധവയുടെ അടുക്കലേക്ക് അയച്ചതിലൂടെ, തന്നെ ഇനിയും സേവിച്ച് തുടങ്ങിയിട്ടില്ലാത്ത, ആത്മാർഥഹൃദയരായ ആളുകളെ താൻ ശ്രദ്ധിക്കുന്നുണ്ടെന്ന് യഹോവ വ്യക്തമാക്കി. അതെ, ‘ഏതൊരു ജനതയിലും ദൈവത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്‌.’—പ്രവൃ. 10:35.

സാരെഫാത്തിലെ വിധവയെപ്പോലെയുള്ള എത്രയോ ആളുകൾ നിങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തും ഉണ്ടാകും! വ്യാജമത വിശ്വാസികൾക്കിടയിലാണ്‌ ജീവിക്കുന്നതെങ്കിലും ആ മതങ്ങൾ വെച്ചുനീട്ടുന്നതിനെക്കാൾ മെച്ചപ്പെട്ട ഒന്നിനായി അവർ വാഞ്‌ഛിക്കുന്നുണ്ടാകാം. അവരിൽ ചിലർ യഹോയെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാകില്ല. മറ്റു ചിലരാകട്ടെ അവനെക്കുറിച്ച് അല്‌പമൊക്കെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നേക്കാം. എന്തായാലും, സത്യാരാധകരാകണമെങ്കിൽ അവർക്കെല്ലാം സഹായം ആവശ്യമാണ്‌. അത്തരം വ്യക്തികളെ കണ്ടെത്താനും അവരെ സഹായിക്കാനും നിങ്ങൾ ശ്രമിക്കുന്നുണ്ടോ?

“ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക”

ഏലിയാവ്‌ ആ വിധവയോടു ചെയ്യാൻ ആവശ്യപ്പെട്ടത്‌ എന്താണെന്ന് ശ്രദ്ധാപൂർവം പരിചിന്തിക്കുക. തനിക്കും തന്‍റെ മകന്നും വേണ്ടി ‘അന്ത്യക്ഷണം’ ഒരുക്കി അതു കഴിച്ചിട്ട് തങ്ങൾ മരിക്കാനിരിക്കുകയാണെന്ന് അവൾ ഏലിയാവിനോടു പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഏലിയാവ്‌ എന്താണ്‌ പറഞ്ഞത്‌? “ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്‌ക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്‍റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക. യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.”—1 രാജാ. 17:11-14.

‘മരിക്കുംമുമ്പുള്ള ഞങ്ങളുടെ അവസാനത്തെ ഭക്ഷണം നിങ്ങൾക്ക് നൽകാനോ? നിങ്ങൾ എന്താ കളി പറയുകയാണോ’ എന്നു ചിലർ ചോദിച്ചേക്കാം. എന്നാൽ ഈ വിധവയുടെ പ്രതികരണം അങ്ങനെയായിരുന്നില്ല. യഹോയെക്കുറിച്ച് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവൾ ഏലിയാവിനെ വിശ്വസിക്കുകയും അവൻ ആവശ്യപ്പെട്ടപ്രകാരം പ്രവർത്തിക്കുകയും ചെയ്‌തു. വിശ്വാസത്തിന്‍റെ എത്ര വലിയൊരു പരിശോധനയായിരുന്നു അത്‌! പക്ഷേ അവൾ ജ്ഞാനപൂർവംതന്നെ പ്രവർത്തിച്ചു.

സാരെഫാത്തിലെ വിധവ ഏലിയാവിന്‍റെ ദൈവമായ യഹോവയിൽ വിശ്വസിച്ചത്‌ അവളുടെയും അവളുടെ മകന്‍റെയും ജീവൻ രക്ഷിച്ചു

ദരിദ്രയായ ആ വിധവയെ ദൈവം കൈവിട്ടില്ല. ഏലിയാവ്‌ വാഗ്‌ദാനം ചെയ്‌തതുപോലെതന്നെ, വരൾച്ച അവസാനിക്കുന്നതുവരെ ഏലിയാവിനെയും വിധവയെയും അവളുടെ മകനെയും പോറ്റാനാകുംവിധം, തുച്ഛമായ അവളുടെ ഭക്ഷ്യവിഭവങ്ങൾ യഹോവ അത്ഭുതകരമായി വർധിപ്പിച്ചു. അതെ, “യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്‌ത വചനപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.” (1 രാജാ. 17:16; 18:1) ഏലിയാവ്‌ പറഞ്ഞതുപോലെ ആ സ്‌ത്രീ ചെയ്‌തില്ലായിരുന്നെങ്കിൽ, തന്‍റെ പക്കലുണ്ടായിരുന്ന  അല്‌പം മാവും എണ്ണയും ഉപയോഗിച്ച് അവൾ ഉണ്ടാക്കിയ ആ അപ്പം അവളുടെ ജീവിതത്തിലെ അവസാത്തേതാകുമായിരുന്നു. പകരം അവൾ വിശ്വാസത്തോടെ പ്രവർത്തിച്ചു; യഹോവയിൽ ആശ്രയിച്ചു; ആദ്യം ഏലിയാവിന്‌ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു.

ഇതിൽനിന്ന് നാം പഠിക്കുന്ന സുപ്രധാനമായ പാഠം, തന്നിൽ വിശ്വാസം അർപ്പിക്കുന്നവരെ ദൈവം എല്ലായ്‌പോഴും അനുഗ്രഹിക്കുന്നു എന്നാണ്‌. നിർമലതയുടെ ഒരു പരിശോധന അഭിമുഖീകരിക്കുമ്പോൾ വിശ്വാസത്തോടെ പ്രവർത്തിക്കുന്നെങ്കിൽ യഹോവ നിങ്ങളെ സഹായിക്കും. പരിശോധന സഹിച്ചുനിൽക്കാൻ കഴിയേണ്ടതിന്‌ ഒരു ദാതാവും സംരക്ഷകനും സുഹൃത്തും ആയിത്തീർന്നുകൊണ്ട് അവൻ തീർച്ചയായും നിങ്ങളുടെ സഹായത്തിനെത്തും.—പുറ. 3:13-15.

1898-ൽ സീയോന്‍റെ വീക്ഷാഗോപുരം, വിധവയുടെ കഥയിൽനിന്ന് ഇങ്ങനെയൊരു പാഠം അവതരിപ്പിച്ചു: “അനുസരിക്കാനാവശ്യമായ വിശ്വാസം ആ സ്‌ത്രീക്കുണ്ടായിരുന്നെങ്കിൽ പ്രവാചകൻ മുഖാന്തരമുള്ള കർത്താവിന്‍റെ സഹായത്തിനും ആദരവിനും അവൾ അർഹയായിത്തീരുമായിരുന്നു. അവൾ വിശ്വസിച്ചില്ലായിരുന്നെങ്കിൽ, അങ്ങനെ ചെയ്യാൻ സാധ്യതയുള്ള മറ്റൊരു വിധവയ്‌ക്ക് ആ പദവി ലഭിക്കുമായിരുന്നു. നമ്മുടെ കാര്യവും അങ്ങനെതന്നെയാണ്‌. ജീവിതയാത്രയിൽ വ്യത്യസ്‌തഘട്ടങ്ങളിലൂടെ നാം കടന്നുപോകുമ്പോൾ നമ്മുടെ വിശ്വാസം പരിശോധനാവിധേയമാകുന്ന ചില സാഹചര്യങ്ങളിലേക്ക് കർത്താവ്‌ നമ്മെ എത്തിക്കുന്നു. നാം വിശ്വാസം പ്രകടിപ്പിക്കുന്നെങ്കിൽ അനുഗ്രഹം പ്രാപിക്കും, അല്ലാത്തപക്ഷം നാം അത്‌ നഷ്ടപ്പെടുത്തും.”

വിശ്വാസത്തിന്‍റെ ചില പ്രത്യേക പരിശോധനകൾ നേരിടുമ്പോൾ ദിവ്യമാർഗനിർദേശത്തിനായി നാം തിരുവെഴുത്തുകളിലേക്കും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലേക്കും തിരിയണം. എന്നിട്ട് അതനുസരിച്ച് നാം പ്രവർത്തിക്കണം, ആ മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ വ്യക്തിപരമായി നമുക്ക് എത്ര ബുദ്ധിമുട്ടായിരുന്നാലും. പിൻവരുന്ന ജ്ഞാനമൊഴി പ്രാവർത്തികമാക്കുന്നെങ്കിൽ നാം തീർച്ചയായും അനുഗ്രഹിക്കപ്പെടും: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്‍റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരെയാക്കും.”—സദൃ. 3:5, 6.

‘എന്‍റെ മകനെ കൊല്ലേണ്ടതിന്‌ ആകുന്നുവോ നീ എന്‍റെ അടുക്കൽ വന്നത്‌?’

വിധവയുടെ വിശ്വാസം ഇപ്പോൾ വേറൊരു പരിശോധനയ്‌ക്കു വിധേയമാകാൻ പോകുകയായിരുന്നു. ബൈബിൾ വിവരണം തുടരുന്നു: “അനന്തരം വീട്ടുടമക്കാരത്തിയായ സ്‌ത്രീയുടെ മകൻ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.” ഇങ്ങനെയൊരു ദുരന്തത്തിന്‍റെ കാരണമറിയാതെ ആ സന്തപ്‌തമാതാവ്‌ ഏലീയാവിനോട്‌ “അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്‍റെ പാപം ഓർപ്പിക്കേണ്ടതിന്നും എന്‍റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്‍റെ അടുക്കൽ വന്നത്‌” എന്നു ചോദിച്ചു. (1 രാജാ. 17:17, 18) കയ്‌പു നിറഞ്ഞ ആ വാക്കുകൾ പറയാൻ എന്തായിരിക്കാം അവളെ പ്രേരിപ്പിച്ചത്‌?

മനസ്സാക്ഷിക്കുത്തിന്‌ ഇടയാക്കിയ തന്‍റെ ഏതെങ്കിലും കഴിഞ്ഞകാലപാത്തെക്കുറിച്ച് ആ സ്‌ത്രീ ഓർത്തിരിക്കുമോ? മകന്‍റെ മരണം ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്നും ഏലിയാവ്‌ ദൈവം അയച്ച മരണദൂതനാണെന്നും അവൾ ചിന്തിച്ചിട്ടുണ്ടാകുമോ? ബൈബിൾ അതേക്കുറിച്ച് നമ്മോടൊന്നും പറയുന്നില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്‌, ദൈവം തന്നോട്‌ അനീതിയോടെ ഇടപെട്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ആ വിധവ ദൈവത്തിനെതിരെ കുറ്റം ആരോപിച്ചില്ല.

വിധവയുടെ മകന്‍റെ മരണവും, കൂടാതെ അവളുടെ കൊടിയ ദുഃഖത്തിന്‌ പ്രവാചകനായ തന്‍റെ സാന്നിധ്യമാണ്‌ കാരണമായിരിക്കുന്നത്‌ എന്ന അവളുടെ വ്യാഖ്യാനവും ഏലിയാവിനെ തീർച്ചയായും ഞെട്ടിച്ചിട്ടുണ്ടാകും. കുട്ടിയുടെ ജീവനറ്റ്‌ മരവിച്ച ശരീരം മാളികമുറിയിലേക്ക് എടുത്തുകൊണ്ടുപോയിട്ട് ഏലിയാവ്‌ യഹോയോട്‌ നിലവിളിച്ചു: “എന്‍റെ ദൈവമായ യഹോവേ, ഞാൻ വന്നുപാർക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്കു അനർത്ഥം വരുത്തിയോ?” ദയയും ആതിഥ്യമര്യാദയും ഉള്ള ആ സ്‌ത്രീ ഇനിയും കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നെങ്കിൽ അത്‌ അവന്‍റെ നാമത്തിന്‌ നിന്ദ വരുത്തുമെന്ന ചിന്ത പ്രവാചകനെ അലട്ടി. അതുകൊണ്ട് ഏലിയാവ്‌ ദൈവത്തോട്‌ മുട്ടിപ്പായി പ്രാർഥിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “എന്‍റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ.”—1 രാജാ. 17:20, 21.

“ഇതാ, നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു”

യഹോവ ആ പ്രാർഥന കേൾക്കുന്നുണ്ടായിരുന്നു. അവന്‍റെ പ്രവാചകനുവേണ്ടി കരുതുകയും വിശ്വാസം പ്രകടമാക്കുകയും ചെയ്‌തവളാണ്‌ ആ വിധവ. സാധ്യതയനുസരിച്ച്, വരുംതലമുറകൾക്ക് പുനരുത്ഥാനപ്രത്യാശയിൽ വിശ്വസിക്കാൻ അടിയുറച്ച ഒരു കാരണം പ്രദാനം ചെയ്‌തുകൊണ്ട് ഒരു പുനരുത്ഥാനത്തിന്‌—തിരുവെഴുത്തുകളിൽ രേഖപ്പെടുത്തപ്പെട്ട ആദ്യപുനരുത്ഥാനത്തിന്‌—അവസരമൊരുക്കാനായിരുന്നിരിക്കണം കുട്ടിയുടെ രോഗം മൂർച്ഛിക്കാൻ ദൈവം അനുവദിച്ചത്‌. യഹോവ ഏലിയാവിന്‍റെ പ്രാർഥന കേൾക്കുകയും കുട്ടിയെ ജീവനിലേക്കു തിരികെ കൊണ്ടുവരുകയും ചെയ്‌തു. “ഇതാ, നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു” എന്ന് ഏലിയാവ്‌ വിധവയോട്‌ പറഞ്ഞപ്പോൾ അവൾക്കുണ്ടായ സന്തോഷം നിങ്ങൾക്കൊന്ന് സങ്കല്‌പിക്കാനാകുമോ! എന്തായിരുന്നു ആ അമ്മയുടെ പ്രതികരണം? “നീ ദൈവപുരുഷൻ എന്നും നിന്‍റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു” എന്ന് ഏലിയാവിനോടു പറയാൻ അവൾ പ്രചോദിതയായി.—1 രാജാ. 17:22-24.

1 രാജാക്കന്മാർ 17-‍ാ‍ം അധ്യാത്തിലെ വിവരണം ഈ സ്‌ത്രീയെക്കുറിച്ച് കൂടുതലായി ഒന്നും പറയുന്നില്ല. എന്നാൽ പിന്നീട്‌ യേശു അവളെക്കുറിച്ച് അനുകൂലമായി സംസാരിക്കുകയുണ്ടായി. അത്‌ സൂചിപ്പിക്കുന്നത്‌ അവൾ യഹോവയുടെ ഒരു വിശ്വസ്‌തദാസിയായി തന്‍റെ ശിഷ്ടജീവിതം ചെലവഴിച്ചിട്ടുണ്ടാകാം എന്നാണ്‌. (ലൂക്കോ. 4:25, 26) തന്‍റെ ദാസർക്ക് നന്മ ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കുന്നുവെന്ന് അവളുടെ കഥ നമ്മെ പഠിപ്പിക്കുന്നു. (മത്താ. 25:34-40) വിശ്വസ്‌തരായ ദൈവദാസർ എത്ര ക്ലേശപൂർണമായ സാഹചര്യങ്ങളിൽക്കൂടി കടന്നുപോയാലും ദൈവം അവർക്കായി കരുതുമെന്ന് അത്‌ ഉറപ്പുനൽകുന്നു. (മത്താ. 6:25-34) കൂടാതെ, മരിച്ചുപോയ ആളുകളെ ഉയിർപ്പിക്കാനുള്ള ആഗ്രഹവും പ്രാപ്‌തിയും യഹോവയ്‌ക്കുണ്ടെന്ന് ഈ വിവരണം വ്യക്തമാക്കുന്നു. (പ്രവൃ. 24:15) തീർച്ചയായും, സാരെഫാത്തിലെ വിധവയെ ഓർക്കാനുള്ള സവിശേഷമായ കാരണങ്ങളാണ്‌ ഇവ.