വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഫെബ്രുവരി 

യഹോവ—നമ്മുടെ മഹാദാതാവും സംരക്ഷകനും

യഹോവ—നമ്മുടെ മഹാദാതാവും സംരക്ഷകനും

“അവൻ സ്‌നേഹത്തിൽ എന്നോട്‌ ഒട്ടിനില്‌ക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും; അവൻ എന്‍റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും.”—സങ്കീ. 91:14, പി.ഒ.സി.

1, 2. കുടുംബസാഹചര്യങ്ങളിലും ആത്മീയപശ്ചാത്തലങ്ങളിലും നാം ഏതൊക്കെ തരത്തിൽ വ്യത്യസ്‌തരാണ്‌?

കുടുംബക്രമീകരണത്തിന്‍റെ കാരണഭൂതൻ യഹോവയാണ്‌. (എഫെ. 3:14, 15) നാം ഒരേ കുടുംത്തിലെ അംഗങ്ങൾ ആണെങ്കിൽപ്പോലും നമുക്കെല്ലാം വ്യത്യസ്‌ത സ്വഭാവസവിശേഷതകളും സാഹചര്യങ്ങളും ആണുള്ളത്‌. പ്രായപൂർത്തിയാകുന്നതുവരെ ഒരുപക്ഷേ നിങ്ങൾ മാതാപിതാക്കളോടൊപ്പമായിരിക്കാം ജീവിച്ചുപോന്നിട്ടുള്ളത്‌. വേറെ ചിലർക്ക് രോഗത്താലോ അപകടത്താലോ മറ്റ്‌ ദുരന്തങ്ങളാലോ തങ്ങളുടെ മാതാപിതാക്കളെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇനിയും മറ്റു ചിലർക്ക് തങ്ങളുടെ മാതാപിതാക്കൾ ആരാണെന്നു പോലും അറിയില്ല.

2 ദൈവാരാധകർ ചേർന്ന യഹോവയുടെ കുടുംബത്തിൽ വ്യത്യസ്‌ത ആത്മീയപശ്ചാത്തലങ്ങൾ ഉള്ളവരുണ്ട്. ചിലർ പറയാറുള്ളതുപോലെ, നിങ്ങൾ ‘സത്യത്തിലായിരിക്കാം വളർന്നു’ വന്നത്‌. നിങ്ങളുടെ മാതാപിതാക്കൾ ദൈവികതത്ത്വങ്ങൾ നിങ്ങളിൽ ഉൾനടുകയും ചെയ്‌തിട്ടുണ്ടാകാം. (ആവ. 6:6, 7) അതുല്ലെങ്കിൽ യഹോവയുടെ മറ്റ്‌ ദാസരുടെ പ്രസംഗവേല മുഖാന്തരം സത്യം പഠിക്കാൻ ഇടയായ ആയിരക്കണക്കിന്‌ ആളുളിൽ ഒരാളായിരിക്കാം നിങ്ങൾ.—റോമ. 10:13-15; 1 തിമൊ. 2:3, 4.

3. നമുക്കെല്ലാവർക്കും പൊതുവായ ചില കാര്യങ്ങൾ എന്തെല്ലാമാണ്‌?

3 ഇങ്ങനെ പല വ്യത്യസ്‌തതകൾ നമുക്കിടയിൽ ഉണ്ടെങ്കിലും, നമുക്കെല്ലാവർക്കും പൊതുവായ ചില കാര്യങ്ങളുണ്ട്. നാമെല്ലാം ആദാമിന്‍റെ അനുസരണക്കേടിന്‍റെ പരിണതഫലങ്ങൾ അനുഭവിക്കുന്നു; അവനിൽനിന്ന് അപൂർണതയും പാപവും മരണവും നമുക്ക് പാരമ്പര്യമായി കൈമാറിക്കിട്ടുകയും ചെയ്‌തിരിക്കുന്നു. (റോമ. 5:12) എന്നിരുന്നാലും സത്യാരാധകരെന്നനിലയിൽ നമുക്ക്  യഹോവയെ ‘നമ്മുടെ പിതാവെന്ന്’ ഉചിതമായും അഭിസംബോധന ചെയ്യാനാകും. ദൈവത്തിന്‍റെ പുരാതനനാളിലെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെക്കുറിച്ച് പരാമർശിക്കവെ, അവർ ദൈവത്തെക്കുറിച്ച് “യഹോവേ, നീ ഞങ്ങളുടെ പിതാവ്‌” എന്ന് പറഞ്ഞതായി യെശയ്യാവു 64:8 പ്രസ്‌താവിക്കുന്നു. കൂടാതെ, “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന വാക്കുകളോടെയായിരുന്നു യേശു തന്‍റെ മാതൃകാ പ്രാർഥന ആരംഭിച്ചത്‌.—മത്താ. 6:9.

4, 5. നമ്മുടെ പിതാവായ യഹോയോടുള്ള വിലമതിപ്പിന്‍റെ ആഴം പരിശോധിക്കവെ, എന്തെല്ലാം പരിചിന്തിക്കുന്നത്‌ നല്ലതായിരിക്കും?

4 ദൈവനാമത്തെ വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കുന്ന ഒരു ജനമെന്ന നിലയിൽ നമുക്കു വേണ്ട കരുലും സംരക്ഷണവും നമ്മുടെ സ്വർഗീയ പിതാവ്‌ പ്രദാനം ചെയ്യുന്നു. തന്‍റെ ഒരു യഥാർഥ ആരാധകനെക്കുറിച്ച് യഹോവ ഇപ്രകാരം പറയുന്നതായി സങ്കീർത്തനക്കാരൻ ഉദ്ധരിക്കുന്നു: “അവൻ സ്‌നേഹത്തിൽ എന്നോട്‌ ഒട്ടിനില്‌ക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും; അവൻ എന്‍റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും.” (സങ്കീ. 91:14, പി.ഒ.സി.) അതെ, യഹോവയാം ദൈവം നമ്മെ സ്‌നേഹപുരസ്സരം ശത്രുക്കളിൽ നിന്ന് വിടുവിക്കുകയും ഒരു ജനതയെന്ന നിലയിൽ നാമാശേഷമായി പോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

5 നമ്മുടെ സ്വർഗീയപിതാവിനോടുള്ള വിലമതിപ്പ് വർധിപ്പിക്കാൻ നമുക്ക് ഇപ്പോൾ മൂന്ന് സുപ്രധാന കാര്യങ്ങൾ പരിചിന്തിക്കാം: (1) നമ്മുടെ പിതാവ്‌ മഹാദാതാവാണ്‌. (2) യഹോവ നമ്മുടെ സംരക്ഷകനാണ്‌. (3) ദൈവം നമ്മുടെ ഏറ്റവും നല്ല സുഹൃത്താണ്‌. ഈ ആശയങ്ങൾ പരിചിന്തിക്കവെ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് ധ്യാനിക്കാനും ഒരു പിതാവ്‌ എന്ന നിലയിൽ അവനെ ബഹുമാനിക്കാൻ കഴിയുന്നത്‌ എങ്ങനെ എന്ന് വിവേചിക്കാനും ശ്രമിക്കുക. കൂടാതെ, യഹോയോട്‌ അടുത്ത്‌ ചെല്ലുന്നവർക്ക് അവൻ വെച്ചുനീട്ടുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതും പ്രയോജനപ്രദമാണ്‌.—യാക്കോ. 4:8.

യഹോവ മഹാദാതാവ്‌

6. “എല്ലാ നല്ല ദാനങ്ങളു”ടെയും ദാതാവാണ്‌ താൻ എന്ന് യഹോവ തെളിയിക്കുന്ന ഒരു വിധം ഏത്‌?

6 “എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരങ്ങൾ ഒക്കെയും ഉയരത്തിൽനിന്ന്, ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്നുതന്നെ, വരുന്നു” എന്ന് ശിഷ്യനായ യാക്കോബ്‌ എഴുതി. (യാക്കോ. 1:17) നമ്മുടെ ജീവൻതന്നെ ദൈവത്തിൽനിന്നുള്ള അത്ഭുതാവഹമായ ഒരു ദാനമാണ്‌. (സങ്കീ. 36:9) നമ്മുടെ ജീവിതം ദിവ്യേഷ്ടം ചെയ്യാൻ ഉപയോഗിക്കുകവഴി അനവധിയായ അനുഗ്രഹങ്ങൾ ഇപ്പോൾത്തന്നെ ആസ്വദിക്കാനും പുതിലോകത്തിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ വെച്ചുപുലർത്താനും നമുക്കു സാധിക്കുന്നു. (സദൃ. 10:22; 2 പത്രോ. 3:13) എന്നാൽ ആദാമിന്‍റെ അനുസരണക്കേടിന്‍റെ ദാരുണമായ ഭവിഷ്യത്തുകൾക്കുമധ്യേ ഇത്‌ എങ്ങനെയാണ്‌ സാധ്യമാവുക?

7. നമുക്ക് ദൈവവുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതിനുവേണ്ടി അവൻ ഒരു വഴി തുറന്നിരിക്കുന്നത്‌ എങ്ങനെ?

7 തീർച്ചയായും, എണ്ണമറ്റ വിധങ്ങളിൽ യഹോവ നമ്മുടെ മഹാദാതാവാണ്‌. ഉദാഹരണത്തിന്‌, അവന്‍റെ അനർഹദയയാണ്‌ നമ്മെ രക്ഷയിലേക്ക് നയിക്കുന്നത്‌. അതെ, നാമെല്ലാവരും പാപികളും ആദ്യ മാനുഷപിതാവിൽനിന്ന് അപൂർണത കൈവശമാക്കിയവരും ആണ്‌. (റോമ. 3:23) എന്നിരുന്നാലും, യഹോവ തന്‍റെ ആഴമായ സ്‌നേഹം നിമിത്തം നമ്മുടെ രക്ഷയ്‌ക്കുവേണ്ടി മുൻകൈയെടുത്ത്‌ പ്രവർത്തിച്ചു. നമുക്ക് അവനുമായി ഒരു ഉറ്റബന്ധം ആസ്വദിക്കാൻ കഴിയേണ്ടതിന്‌ അവൻ ഒരു വഴി തുറന്നു നൽകി. “തന്‍റെ ഏകജാതപുത്രനിലൂടെ നാം ജീവൻ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ ലോകത്തിലേക്ക് അയച്ചു” എന്ന് അപ്പൊസ്‌തലനായ യോന്നാൻ എഴുതി. “ഇങ്ങനെ,ദൈവത്തിനു നമ്മോടുള്ള സ്‌നേഹം വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്‌നേഹിച്ചിട്ടല്ല അവൻ തന്‍റെ പുത്രനെ അയച്ചത്‌. അവൻ നമ്മെ സ്‌നേഹിച്ച് താനുമായി നമ്മെ അനുരഞ്‌ജിപ്പിക്കേണ്ടതിന്‌ നമ്മുടെ പാപങ്ങൾക്ക് ഒരു പ്രായശ്ചിത്തയാഗമാകുവാൻ അവനെ അയയ്‌ക്കുകയായിരുന്നു. ഇതത്രേ സാക്ഷാൽ സ്‌നേഹം.”—1 യോഹ. 4:9, 10.

8, 9. അബ്രാഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും കാലത്ത്‌, താൻ ഒരു മഹാദാതാവാണെന്ന് യഹോവ തെളിയിച്ചത്‌ എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

8 അനുസരണമുള്ള മനുഷ്യവർഗത്തിന്‌ നിത്യജീവൻ ആസ്വദിക്കാനായി യഹോവ ഏർപ്പെടുത്തിയിരിക്കുന്ന സ്‌നേഹപൂർവമായ കരുതലിന്‍റെ വ്യാപ്‌തി വെളിപ്പെടുത്തുന്ന ഒരു പ്രാവചനികസംഭവം ബി.സി. 19-‍ാ‍ം നൂറ്റാണ്ടിൽ ചുരുൾ നിവർന്നു. എബ്രായർ 11:17-19 ഇങ്ങനെ വിവരിക്കുന്നു: ‘വിശ്വാസത്താൽ അബ്രാഹാം, “യിസ്‌ഹാക്കിൽനിന്നു ജനിക്കുന്നവൻ ‘നിന്‍റെ സന്തതി’ എന്നു വിളിക്കപ്പെടും” എന്ന അരുളപ്പാടു ലഭിച്ചിട്ട് ആ വാഗ്‌ദാനങ്ങളിൽ സന്തോഷിച്ചവൻതന്നെ, പരീക്ഷിക്കപ്പെട്ടപ്പോൾ തന്‍റെ ഏകജാപുത്രനെ യാഗം കഴിക്കാൻ തയ്യാറായി. ഇത്‌ അവൻ യിസ്‌ഹാക്കിനെ യാഗംകഴിച്ചതിനു തുല്യമായിത്തന്നെ ഗണിക്കപ്പെട്ടു. ഇങ്ങനെ അബ്രാഹാം, മരിച്ചവരിൽനിന്ന് തന്‍റെ പുത്രനെ ഉയിർപ്പിക്കാൻ ദൈവം പ്രാപ്‌തനെന്നു ഗണിച്ചു; ഒരു പ്രതീകാർഥത്തിൽ അബ്രാഹാമിന്‌ അവനെ മരണത്തിൽനിന്നു തിരികെ ലഭിക്കുകയും ചെയ്‌തു.’ ഇവിടെ പൗലോസ്‌ നൽകുന്ന സമാന്തരം തിരിച്ചറിയുക വിഷമകരമല്ല. യഹോവ മനുഷ്യവർഗലോകത്തിനുവേണ്ടി  തന്‍റെ പുത്രനായ യേശുക്രിസ്‌തുവിനെ നല്‌കി.—യോന്നാൻ 3:16, 36 വായിക്കുക.

9 ബലിമരണത്തിൽനിന്ന് വിടുതൽ ലഭിച്ചപ്പോൾ യിസ്‌ഹാക്ക് അത്‌ എത്രത്തോളം വിലമതിച്ചിട്ടുണ്ടാകും! തനിക്കുപകരം ബലിയായിത്തീരാൻ ഒരു ആട്ടുകൊറ്റൻ അടുത്തുള്ള കുറ്റിക്കാട്ടിൽ കൊമ്പ് കുടുങ്ങിക്കിടക്കാൻ ഇടയാക്കിയ ദൈവത്തിന്‍റെ കരുതലിനോട്‌ അവൻ തീർച്ചയായും നന്ദിയും വിലമതിപ്പും പ്രകടിപ്പിച്ചിട്ടുണ്ടാകണം. (ഉല്‌പ. 22:10-13) ആ സ്ഥലത്തിന്‌, “യഹോവ കരുതിക്കൊള്ളും” എന്ന് അർഥമുള്ള “യഹോവ-യിരേ” എന്ന് പേര്‌ വിളിച്ചതിൽ ഒട്ടും അതിശയമില്ല.—ഉല്‌പ. 22:14, NW അടിക്കുറിപ്പ്.

അനുരഞ്‌ജനത്തിനായി ദൈവം പ്രദാനംചെയ്‌തിരിക്കുന്ന ക്രമീകരണം

10, 11. “അനുരഞ്‌ജനത്തിന്‍റെ ശുശ്രൂഷ”യ്‌ക്ക് നേതൃത്വമെടുത്തിരിക്കുന്നത്‌ ആരാണ്‌, അവർ എങ്ങനെയാണ്‌ അത്‌ ചെയ്‌തിരിക്കുന്നത്‌?

10 താൻ ഒരു മഹാദാതാവാണെന്ന് യഹോവ എങ്ങനെ തെളിയിക്കുന്നു എന്നതിനെക്കുറിച്ച് ധ്യാനിക്കവെ, അക്കാര്യത്തിൽ യേശുക്രിസ്‌തു വഹിച്ച നിർണായകപങ്കിനെ പൗലോസിനെപ്പോലെ നാം നന്ദിയോടെ അംഗീരിക്കുന്നു. അവൻ ഇങ്ങനെ എഴുതി: “എന്തെന്നാൽ ആ ഒരുവൻ എല്ലാവർക്കുംവേണ്ടി മരിച്ചുവെന്നു ഞങ്ങൾ ഗ്രഹിച്ചിരിക്കുന്നു. വാസ്‌തവത്തിൽ, എല്ലാരും മരിച്ചവരായിരുന്നല്ലോ. അതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനായിട്ടുതന്നെ ജീവിക്കേണ്ടതിന്‌ അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു.”—2 കൊരി. 5:14, 15.

11 ദൈവത്തോടുള്ള സ്‌നേഹവും അവനെ സേവിക്കാനുള്ള നിസ്‌തുലപദവിയോടുള്ള കൃതജ്ഞതയും നിമിത്തം ആദ്യകാലക്രിസ്‌ത്യാനികൾ “അനുരഞ്‌ജനത്തിന്‍റെ ശുശ്രൂഷ” സന്തോഷപൂർവം ഏറ്റെടുത്തു. അവരുടെ പ്രസംഗ-ശിഷ്യരാക്കൽവേല ആത്മാർഥഹൃദയരായ ആളുകൾക്ക് ദൈവവുമായി സമാധാനത്തിൽവരാനും അവന്‍റെ സൗഹൃദം ആസ്വദിക്കാനും അങ്ങനെ അവന്‍റെ ആത്മീയമക്കളായിത്തീരാനും വഴി തുറന്നു. ഇന്നും യഹോവയുടെ അഭിഷിക്തദാസർ ഇതേ ശുശ്രൂഷയിലാണ്‌ മുഴുകിയിരിക്കുന്നത്‌. ദൈവത്തിന്‍റെയും ക്രിസ്‌തുവിന്‍റെയും സ്ഥാനപതികൾ എന്ന നിലയിൽ അവർ നിർവഹിക്കുന്ന കാര്യങ്ങൾ, ശരിയായ ഹൃദയനിലയുള്ളവർക്ക് യഹോവയാൽ ആകർഷിക്കപ്പെടാനും അവന്‍റെ വിശ്വാസികളായിത്തീരാനും ഉള്ള അവസരം നൽകുന്നു.—2 കൊരിന്ത്യർ 5:18-20 വായിക്കുക; യോഹ. 6:44; പ്രവൃ. 13:48.

12, 13. ഹോവയുടെ അനവധിയായ കരുതലുകളെ വിലമതിക്കുന്നെന്ന് നമുക്ക് എങ്ങനെ പ്രകടിപ്പിക്കാനാകും?

12 മഹാദാതാവെന്നനിലയിൽ യഹോയോടുള്ള വിലമതിപ്പ് നിമിത്തം ഭൗമികപ്രത്യാശയുള്ള എല്ലാ ക്രിസ്‌ത്യാനികളും അഭിഷിക്തരോടൊപ്പം രാജ്യപ്രസംഗവേലയിൽ പങ്കുപറ്റുന്നു. ഈ പ്രവർത്തനത്തിൽ, ദൈവത്തിന്‍റെ മറ്റൊരു വിശിഷ്ടകരുതലായ ബൈബിൾ നാം ഉപയോഗിക്കുന്നു. (2 തിമൊ. 3:16, 17) നമ്മുടെ ശുശ്രൂഷയിൽ ദൈവത്തിന്‍റെ നിശ്വസ്‌തവചനം വിദഗ്‌ധമായി ഉപയോഗിച്ചുകൊണ്ട് നിത്യജീവൻ നേടാനുള്ള അവസരം നാം മറ്റുള്ളവർക്ക് നൽകുന്നു. ഈ വേലയിൽ നമ്മെ സഹായിക്കാൻ യഹോവയുടെ മറ്റൊരു കരുലായ പരിശുദ്ധാത്മാവിലും നാം ഓരോരുത്തരും ആശ്രയിക്കുന്നു. (സെഖ. 4:6; ലൂക്കോ. 11:13) ഇതിന്‍റെയെല്ലാം ശ്രദ്ധേയമായ ഫലങ്ങൾ ഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകത്തിന്‍റെ ഓരോ പതിപ്പിലും ദൃശ്യമാണ്‌. നമ്മുടെ പിതാവും ദാതാവുമായവനെ സ്‌തുതിക്കുന്ന ഈ വേലയിൽ ഒരു പങ്കുണ്ടായിരിക്കുന്നത്‌ എത്ര മഹത്തായ ഒരു പദവിയാണ്‌!

13 ദൈവം നൽകിയിരിക്കുന്ന അനവധിയായ കരുതലുകളോടുള്ള ബന്ധത്തിൽ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നത്‌ തികച്ചും ഉചിതമാണ്‌: ‘ശുശ്രൂഷയിൽ എനിക്ക് സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്‌തുകൊണ്ട് യഹോവയുടെ കരുതലുകളോടുള്ള ആഴമായ വിലമതിപ്പ് ഞാൻ പ്രകടമാക്കുന്നുണ്ടോ? ഏത്‌ വിധങ്ങളിൽ എനിക്ക് പുരോഗമിക്കാനും സുവാർത്ത പ്രസംഗിക്കുന്നതിൽ എന്‍റെ കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കും?’ ജീവിതത്തിൽ രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെച്ചുകൊണ്ട് ദൈവത്തിന്‍റെ അത്ഭുതകരമായ കരുതലുകളോടുള്ള നന്ദി നമുക്കു പ്രകടമാക്കാൻ കഴിയും. അങ്ങനെ നാം ചെയ്യുന്നെങ്കിൽ നമ്മുടെ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുന്നെന്ന് യഹോവ ഉറപ്പുവരുത്തും. (മത്താ. 6:25-33) നമ്മോടുള്ള ദൈവത്തിന്‍റെ സ്‌നേഹം നിമിത്തം അവനെ പ്രസാദിപ്പിക്കാനും അവന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കാനും കഴിവിന്‍റെ പരമാവധി ചെയ്യാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നു.—സദൃ. 27:11.

14. യഹോവ തന്‍റെ ജനത്തിന്‍റെ രക്ഷകനായിരുന്നിട്ടുള്ളത്‌ എങ്ങനെ?

14 സങ്കീർത്തനക്കാരനായ ദാവീദ്‌ യഹോയെക്കുറിച്ച് ഇങ്ങനെ പാടി: “ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; (“കർത്താവിന്‌ എന്നെപ്പറ്റി കരുതലുണ്ട്,” പി.ഒ.സി) നീ തന്നേ എന്‍റെ സഹാവും എന്നെ വിടുവിക്കുന്നവനും ആകുന്നു.” (സങ്കീ. 40:17) ഒരു കൂട്ടമെന്നനിലയിൽ തന്‍റെ ജനത്തെ യഹോവ ആവർത്തിച്ച് വിടുവിച്ചിട്ടുണ്ട്; വിശേഷിച്ചും ശത്രുക്കൾ അവരെ തുടർച്ചയായി വേട്ടയാടുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്‌തിട്ടുള്ള അവസരങ്ങളിൽ. അത്തരം സാഹചര്യങ്ങളിൽ ദൈവം നമുക്കു നൽകുന്ന സഹായത്തിനും തുടർച്ചയായി പ്രദാനംചെയ്യുന്ന സമൃദ്ധമായ ആത്മീയകരുതലുകൾക്കും നാം എത്ര നന്ദിയുള്ളവരാണ്‌!

 യഹോവ സംരക്ഷിക്കുന്നു

15. സ്‌നേഹവാനായ ഒരു പിതാവ്‌ തന്‍റെ കുട്ടിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്‌ എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.

15 സ്‌നേഹവാനായ ഒരു പിതാവ്‌ തന്‍റെ മക്കൾക്കായി കരുതുക മാത്രമല്ല അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ആപത്‌ഘട്ടങ്ങളിൽ അവർ അകപ്പെടുമ്പോൾ സ്വാഭാവികമായും അദ്ദേഹം അവരെ രക്ഷിക്കാൻ ശ്രമിക്കും. ഒരു സഹോദരൻ താൻ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ നടന്ന ഒരു സംഭവം ഓർക്കുന്നു. വയൽസേവനത്തിനു ശേഷം അദ്ദേഹത്തിനും പിതാവിനും ഒരു അരുവി കുറുകെക്കടന്ന് വേണമായിരുന്നു വീട്ടിലെത്താൻ. അന്ന് രാവിലത്തെ കോരിച്ചൊരിയുന്ന മഴ നിമിത്തം ആ അരുവി നിറഞ്ഞൊഴുകുകയായിരുന്നു. ഒരു വലിയ കല്ലിൽനിന്ന് അടുത്ത കല്ലിലേക്ക് ചാടിക്കൊണ്ട് മാത്രമേ ആ നദി കുറുകെക്കടക്കാൻ സാധിക്കുമായിരുന്നുള്ളൂ. മുന്നിൽ നടന്ന കുട്ടി ഒരു കല്ലിൽനിന്ന് മറ്റൊന്നിലേക്ക് ചാടിയപ്പോൾ ചുവടുപിഴച്ച് വെള്ളത്തിൽ വീണ്‌ രണ്ടു പ്രാശ്യം മുങ്ങിത്താണു. എന്നാൽ പെട്ടെന്നുതന്നെ അവന്‍റെ ചുമലിൽ എത്തിപ്പിടിച്ച് മുങ്ങിത്താഴുന്നതിൽനിന്ന് പിതാവ്‌ അവനെ രക്ഷിച്ചതിൽ അവൻ എത്ര നന്ദിയുള്ളവനായിരുന്നു! സമാനമായി ഈ ദുഷ്ടലോകത്തിന്‍റെ ഭരണാധിപനായ സാത്താനിൽനിന്നും ഇവിടെ നാം നേരിടുന്ന ആത്മീയ അപകടങ്ങളുടെ കുത്തൊഴുക്കിൽനിന്നും നമ്മുടെ സ്വർഗീയപിതാവ്‌ നമ്മെയും വിടുവിക്കുന്നു. തീർച്ചയായും നമുക്കു സങ്കല്‌പിക്കാൻ കഴിയുന്നതിലേക്കുംവെച്ച് ഏറ്റവും നല്ല സംരക്ഷകൻ യഹോവതന്നെയാണ്‌.—മത്താ. 6:13; 1 യോഹ. 5:19.

16, 17. അമാലേക്യരോട്‌ യുദ്ധം ചെയ്‌തപ്പോൾ യഹോവ ഇസ്രായേല്യരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്‌തത്‌ എങ്ങനെ?

16 ബി.സി. 1513-ൽ യഹോവ തന്‍റെ ജനത്തെ സ്‌നേഹപൂർവം സംരക്ഷിച്ചതിന്‍റെ ഒരു നല്ല ദൃഷ്ടാന്തം നമുക്ക് പരിചിന്തിക്കാം. അവൻ ഇസ്രായേല്യരെ ഈജിപ്‌റ്റിന്‍റെ അടിമത്തത്തിൽനിന്ന് വിടുവിക്കുകയും ചെങ്കടൽ കുറുകെക്കടക്കുമ്പോൾ അത്ഭുതകരമായി അവരെ സംരക്ഷിക്കുകയും ചെയ്‌തതിനു ശേഷം അരങ്ങേറിയ ഒരു സംഭവമാണ്‌ അത്‌. സീനായ്‌ മല ലക്ഷ്യമാക്കി ആ ജനത മരുഭൂമിയിലൂടെ നടന്ന് രെഫീദീമിലെത്തി.

17 ഉല്‌പത്തി 3:15-ലെ ദിവ്യപ്രവചനത്തിന്‍റെ വീക്ഷണത്തിൽ, ആ ദുർബലജനതയെ ആക്രമിക്കാനായി അവസരം അന്വേഷിച്ച് സാത്താൻ സംഭ്രാന്തനായി അലയുകയായിരുന്നിരിക്കണം. ദൈവജനത്തിന്‍റെ ശത്രുക്കളായ അമാലേക്യരെ ഉപയോഗിച്ചുകൊണ്ട് അവൻ അതിന്‌ ഒരു ശ്രമം നടത്തിനോക്കി. (സംഖ്യാ. 24:20) വിശ്വസ്‌തപുരുഷന്മാരായ യോശുവ, മോശ, അഹരോൻ, ഹൂർ എന്നീ നാല്‌ പേരെ ഉപയോഗിച്ച് യഹോവ  നേടിയ വിജയത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. യോശുവ അമാലേക്യരോട്‌ യുദ്ധം ചെയ്‌തപ്പോൾ അടുത്തുള്ള ഒരു കുന്നിന്മുകളിൽ മോയും അഹരോനും ഹൂരും നിലയുറപ്പിച്ചിരുന്നു. മോശയുടെ കൈ ഉയർന്നിരിക്കുമ്പോൾ ഇസ്രായേൽ ജയിക്കും. അവന്‍റെകൈയ്‌ക്ക് ഭാരം തോന്നിപ്പോഴൊക്കെ അഹരോനും ഹൂരും അവന്‍റെ കൈ താങ്ങി. അതുകൊണ്ട് “യോശുവ അമാലേക്കിനെയും അവന്‍റെ ജനത്തെയും വാളിന്‍റെ വായ്‌ത്തലയാൽ തോല്‌പി”ച്ചത്‌ യഹോവയുടെ സഹായത്താലും സംരക്ഷണത്താലുമായിരുന്നു. (പുറ. 17:8-13) മോശ അവിടെ ഒരു യാഗപീഠം പണിതു. അതിന്‌ “യഹോവ എന്‍റെ കൊടി (“സങ്കേതം,” NW അടിക്കുറിപ്പ്)” എന്ന് അർഥമുള്ള “യഹോവ നിസ്സി” എന്ന് പേര്‌ വിളിച്ചു.—പുറപ്പാടു 17:14, 15 വായിക്കുക.

സാത്താന്‍റെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിതർ

18, 19. ദൈവം നമ്മുടെ നാളിലുള്ള അവന്‍റെ ദാസർക്ക് എന്തു സംരക്ഷണം പ്രദാനം ചെയ്‌തിരിക്കുന്നു?

18 തന്നെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരെ യഹോവ സംരക്ഷിക്കുന്നു. രെഫീദീമിൽ ആയിരുന്ന ഇസ്രായേല്യരെപ്പോലെ ശത്രുക്കളിൽനിന്നുള്ള സംരക്ഷണത്തിനുവേണ്ടി നാംദൈവത്തിൽ ആശ്രയിക്കുന്നു. ഒരു കൂട്ടമെന്നനിലയിൽ യഹോവ ഇന്നോളം നമ്മെ സംരക്ഷിച്ചിട്ടുമുണ്ട്. പിശാചിന്‍റെ ആക്രമണങ്ങളിൽനിന്ന് അവൻ എല്ലായ്‌പോഴും നമ്മെ വിടുവിക്കുന്നു. ക്രിസ്‌തീയനിഷ്‌പക്ഷത മുറുകെപ്പിടിച്ച നമ്മുടെ സഹോദരന്മാരെ ദൈവം സംരക്ഷിച്ച നിരവധി അവസരങ്ങളെക്കുറിച്ച് ചിന്തിക്കുക. ദൃഷ്ടാന്തത്തിന്‌, ജർമനിയിലും മറ്റു രാജ്യങ്ങളിലും നിലനിന്ന നാസി ഭരണകാലത്ത്‌ 1930-കളിലും 1940-കളുടെ തുടക്കത്തിലും അത്തരം അനേകം അനുവങ്ങൾ ദൈവജനത്തിനുണ്ടായി. പീഡനങ്ങളിന്മധ്യേ ദൈവത്തിന്‍റെ സംരക്ഷണം അനുഭവിച്ചറിഞ്ഞവരുടെ ജീവികഥകളും വാർഷികപുസ്‌തകത്തിലുള്ള അനുഭവങ്ങളും വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത്‌ യഹോവയെ നമ്മുടെ സങ്കേതമാക്കാനും അവനിലുള്ള നമ്മുടെ ആശ്രയം പൂർവാധികം ശക്തമാക്കാനും നമ്മെ സഹായിക്കും.—സങ്കീ. 91:2.

19 ഹോവയുടെ സംഘടനയിലൂടെയും അതിന്‍റെ പ്രസിദ്ധീകരണങ്ങളിലൂടെയും നമ്മുടെ സംരക്ഷണത്തിനുവേണ്ട സ്‌നേഹപൂർവമായ ഓർമിപ്പിക്കലുകൾ നമുക്കു ലഭിക്കുന്നു. ഈ അടുത്ത വർഷങ്ങളിൽ ഇത്തരം ഓർമിപ്പിക്കലുകൾ പ്രയോജനം ചെയ്‌തിരിക്കുന്നത്‌ എങ്ങനെയെന്ന് ചിന്തിക്കുക. ഈ ലോകം അശ്ലീലത്തിന്‍റെയും ലൈംഗികാഭാസത്തിന്‍റയും ചേറ്റിൽ ആണ്ടുമുങ്ങവെ, അധാർമികതയുടെ അപകടങ്ങളെക്കുറിച്ച് നമ്മെ ജാഗരൂകരാക്കാൻ അടിയന്തിരമായ ഓർമിപ്പിക്കലുകളും പ്രായോഗികസഹായവും യഹോവ പ്രദാനം ചെയ്‌തിരിക്കുന്നു. ഉദാഹരണത്തിന്‌, സോഷ്യൽ-നെറ്റ്‌വർക്കിങ്ങിന്‍റെ ദുരുപയോഗത്താലുള്ള ദുഷിച്ച സംസർഗം ഒഴിവാക്കുന്നതിന്‌ പിതൃതുല്യമായ ബുദ്ധിയുദേശം നമുക്കു ലഭിച്ചിരിക്കുന്നു. *1 കൊരി. 15:33.

20. ക്രിസ്‌തീയസഭയിലൂടെ ഏത്‌ സംരക്ഷണവും മാർഗനിർദേശവും ആണ്‌ ലഭ്യമായിരിക്കുന്നത്‌?

20 നാം യഥാർഥത്തിൽ “യഹോവയാൽ ഉപദേശിക്കപ്പെ”ടുന്നവരാണ്‌ എന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം? അവന്‍റെ കല്‌പനകൾ ശ്രദ്ധാപൂർവം അനുസരിക്കുന്നതിലൂടെ. (യെശ. 54:13) നമുക്ക് ആവശ്യമായ മാർഗനിർദേശവും സംരക്ഷണവും സഭകളാകുന്ന സുരക്ഷിതസങ്കേതത്തിൽനിന്ന് നമുക്കു ലഭിക്കുന്നു. കാരണം അവിടെയാണ്‌ മൂപ്പന്മാരായി സേവിക്കുന്ന വിശ്വസ്‌തപുരുഷന്മാർ തിരുവെഴുത്തുസഹായവും ബുദ്ധിയുപദേശവും പ്രദാനം ചെയ്യുന്നത്‌. (ഗലാ. 6:1) യഹോവയുടെ ആർദ്രകരുതലുകളിൽ അധിവും നമ്മിലേക്കെത്തുന്നത്‌ ഈ “മനുഷ്യരാകുന്ന ദാനങ്ങ”ളിലൂടെയാണ്‌. (എഫെ. 4:7, 8) ഈ കരുതലിനോട്‌ നാം എങ്ങനെയാണ്‌ പ്രതികരിക്കേണ്ടത്‌? മനസ്സോടെയുള്ള കീഴ്‌പെടലും അനുസരണവും ദൈവാനുഗ്രഹത്തിൽ കലാശിക്കും.—എബ്രാ. 13:17.

21. (എ) എന്തു ചെയ്യാൻ നാം നിശ്ചയിച്ചുറയ്‌ക്കണം? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

21 നമ്മെ നയിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിച്ചുകൊണ്ട് നമ്മുടെ സ്വർഗീയപിതാവിന്‍റെ മാർഗനിർദേശത്തിന്‌ കീഴ്‌പെടാൻ നമുക്ക് നിശ്ചയിച്ചുറയ്‌ക്കാം. അതോടൊപ്പം, അവന്‍റെ പുത്രനായ യേശുക്രിസ്‌തുവിന്‍റെ ജീവിത്തെക്കുറിച്ച് നാം ധ്യാനിക്കുകയും വേണം. കാരണം, ക്രിസ്‌തുവിന്‍റെ അനുപമമായ മാതൃകയാണ്‌ നാം പിൻപറ്റാൻ യത്‌നിക്കുന്നത്‌. മരണത്തോളമുള്ള അവന്‍റെ അനുരണം നിമിത്തം അവന്‌ ശ്രേഷ്‌ഠമായ പ്രതിഫലം ലഭിച്ചു. (ഫിലി. 2:5-11) പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുമ്പോൾ യേശുവിനെപ്പോലെ നാമും അനുഗ്രഹങ്ങൾ പ്രാപിക്കും. (സദൃ. 3:5, 6) അതുകൊണ്ട്, മറ്റാരെക്കാളുമധികം നമുക്കായി കരുതുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ പിതാവായ യഹോവയിൽ നമുക്ക് എല്ലായ്‌പോഴും ആശ്രയിക്കാം. അവനെ സേവിക്കുന്നത്‌ എത്ര ശ്രേഷ്‌ഠവും ആനന്ദദായകവും ആയ ഒരു പദവിയാണ്‌! അങ്ങനെയെങ്കിൽ ഏതു വിധത്തിലാണ്‌ യഹോവ നമ്മുടെ ഉത്തമസുഹൃത്തായിരിക്കുന്നത്‌? അടുത്ത ലേഖനത്തിൽ ഈ ചോദ്യത്തിനുള്ള ഉത്തരം പരിചിന്തിക്കുമ്പോൾ അവനോടുള്ള നമ്മുടെ സ്‌നേഹം കൂടുതൽ ശക്തമായിത്തീരും.

^ ഖ. 19 അത്തരം ഓർമിപ്പിക്കലുകളുടെ ദൃഷ്ടാന്തങ്ങൾ പിൻവരുന്ന ലേഖനങ്ങളിൽ കാണാനാകും: “ഇന്‍റർനെറ്റ്‌—ലോകം കൈപ്പിടിയിലൊതുക്കാം, എന്നാൽ ശ്രദ്ധയോടെ” (2011 ആഗസ്റ്റ് 15 വീക്ഷാഗോപുരം 3-5 പേജുകൾ); “പിശാചിന്‍റെ കെണികളെ സൂക്ഷിക്കുക!” “ഉറച്ചുനിൽക്കുക, സാത്താൻ ഒരുക്കുന്ന കെണികൾ ഒഴിവാക്കുക!” (2012 ആഗസ്റ്റ് 15 വീക്ഷാഗോപുരം 20-29 പേജുകൾ.)