വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജനുവരി 

ദുർദിവസങ്ങൾ വരുംമുമ്പേ യഹോവയെ സേവിക്കുക

ദുർദിവസങ്ങൾ വരുംമുമ്പേ യഹോവയെ സേവിക്കുക

“നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.”—സഭാ. 12:1.

1, 2. (എ) യുവജനങ്ങൾക്ക് എന്തു ബുദ്ധിയുപദേശം നൽകാൻ ശലോമോൻ നിശ്ശ്വസ്‌തനാക്കപ്പെട്ടു? (ബി) 50-കളിലും അതിനു മുകളിലും ഉള്ള ക്രിസ്‌ത്യാനികൾക്ക് ശലോമോന്‍റെ ബുദ്ധിയുപദേശം താത്‌പര്യജനകമായിരിക്കുന്നത്‌ എന്തുകൊണ്ട്?

യുവജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് ശലോമോൻ രാജാവ്‌ നിശ്ശ്വസ്‌തതയിൽ ഇങ്ങനെ പറഞ്ഞു: ‘നിന്‍റെ യൌവനകാലത്തു നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരുന്നതിനുമുമ്പേ തന്നേ.’ ഏതാണ്‌ ആ “ദുർദ്ദിവസങ്ങൾ?” വാർധക്യത്തിന്‍റെ ക്ലേശകരമായ നാളുകളെയാണ്‌ അവൻ ഉദ്ദേശിച്ചത്‌. വിറയ്‌ക്കുന്ന കൈകൾ, ഇടറുന്ന കാലുകൾ, കൊഴിയുന്ന പല്ലുകൾ, മങ്ങുന്ന കാഴ്‌ച, ക്ഷയിക്കുന്ന കേൾവി, നരച്ച മുടി, കൂനിയ ശരീരം എന്നിങ്ങനെ വാർധക്യകാലവൈഷമ്യങ്ങളെയെല്ലാം കൗതുകമുണർത്തുന്ന കാവ്യാത്മകഭാഷയിൽ ശലോമോൻ വർണിച്ചു. യഹോവയെ സേവിച്ചുതുടങ്ങാനുള്ള തീരുമാനം ജീവിതത്തിലെ ആ ഘട്ടത്തോളം ആരും വെച്ചുതാമസിപ്പിക്കരുത്‌.—സഭാപ്രസംഗി 12:1-5 വായിക്കുക.

2 അമ്പതും അറുപതും അതിനു മുകളിലും ഒക്കെ പ്രായമുള്ള അനേകം ക്രിസ്‌ത്യാനികൾക്ക് ഇപ്പോഴും ഭേദപ്പെട്ട ആരോഗ്യവും ചുറുചുറുക്കും ഉണ്ട്. തലമുടിയിൽ നര കയറിയിട്ടുണ്ടാകാമെങ്കിലും ശരീരം ശലോമോൻ വിവരിച്ച അവസ്ഥയിൽ എത്തിയിട്ടുണ്ടാവില്ല. “നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന നിശ്ശ്വസ്‌തബുദ്ധിയുപദേശം യുവജനങ്ങളെ ലാക്കാക്കി എഴുതിയതാണെങ്കിലും ഈ പ്രായമേറിയ ക്രിസ്‌ത്യാനികൾക്ക് അതിൽനിന്ന് പ്രയോജനം ഉൾക്കൊള്ളാനാകുമോ? എന്താണ്‌ ആ ബുദ്ധിയുപദേശത്തിന്‍റെ പ്രസക്തി?

3. നമ്മുടെ മഹാസ്രഷ്ടാവിനെ ഓർക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?

 3 നാം യഹോവയെ സേവിച്ച് തുടങ്ങിയിട്ട് വർഷങ്ങളായിട്ടുണ്ടാകാമെങ്കിലും നമ്മുടെ മഹാനായ സ്രഷ്ടാവിനെക്കുറിച്ച് വിലമതിപ്പുനിറഞ്ഞ ഹൃദയത്തോടെ ഇടയ്‌ക്കിടെ ധ്യാനിക്കുന്നത്‌ വളരെ പ്രയോജനകരമാണ്‌. ജീവന്‍റെ വരദാനം നമ്മിൽ ഭയാദരവുണർത്തുന്നില്ലേ? സൃഷ്ടിജാലങ്ങളിൽ ദൃശ്യമായ സങ്കീർണരൂപകല്‌പന മനുഷ്യഗ്രാഹ്യത്തിന്‌ അതീതമാണ്‌. വൈവിധ്യസമ്പന്നമാണ്‌ യഹോവയുടെ കരുതലുകൾ. ജീവിതം ആസ്വദിക്കാൻ അനന്തമായ സാധ്യതകൾ അവ തുറന്നുതരുന്നു. യഹോവയുടെ സൃഷ്ടിക്രിയകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോൾ അവന്‍റെ സ്‌നേഹം, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങളെക്കുറിച്ചുള്ള നമ്മുടെ വിലമതിപ്പ് ഒന്നിനൊന്ന് വർധിക്കുന്നു. (സങ്കീ. 143:5) എന്നാൽ, നമ്മുടെ മഹാസ്രഷ്ടാവിനെ ഓർക്കുന്നതിൽ നമുക്ക് അവനോടുള്ള കടപ്പാടുകളെക്കുറിച്ച് ചിന്തിക്കുന്നതും ഉൾപ്പെടുന്നു. അങ്ങനെ ധ്യാനിക്കുമ്പോൾ, ജീവിച്ചിരിക്കുന്നിടത്തോളം കാലം നമ്മുടെ സ്രഷ്ടാവിനെ സാധ്യമായത്ര പൂർണമായി സേവിച്ചുകൊണ്ട് അവനോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാൻ നാം തീർച്ചയായും പ്രചോദിതരാകും.—സഭാ. 12:13.

മധ്യവയസ്സ് പിന്നിടവെ കൈവരുന്ന അവസരങ്ങൾ

4. ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ക്രിസ്‌ത്യാനികൾക്ക് ഏതു ചോദ്യം സ്വയം ചോദിക്കാനാകും, എന്തുകൊണ്ട്?

4 മുതിർന്ന ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ പതിറ്റാണ്ടുകളുടെ അനുഭവപരിചയം ആർജിച്ചിട്ടുണ്ടെങ്കിൽ ഈ സുപ്രധാനചോദ്യം നിങ്ങൾ സ്വയം ചോദിക്കണം: ‘ഊർജവും ശക്തിയും കുറെയെങ്കിലും ബാക്കിയുള്ള ഈ നാളുകളിൽ ഞാൻ എന്‍റെ ജീവിതംകൊണ്ട് എന്തു ചെയ്യും?’ ക്രിസ്‌തീയജീവിതത്തിൽ അനുഭവസമ്പത്തുള്ള നിങ്ങൾക്കു മുന്നിൽ മറ്റുള്ളവർക്കില്ലാത്ത നിരവധി അവസരങ്ങൾ തുറന്നുകിടപ്പുണ്ട്. യഹോവയിൽനിന്നു പഠിച്ച കാര്യങ്ങൾ ഇളമുറക്കാർക്ക് പകർന്നുകൊടുക്കാൻ നിങ്ങൾക്കാകും. ദൈവസേവനത്തിൽ ആസ്വദിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരെ കെട്ടുപണിചെയ്യാനും നിങ്ങൾക്കു കഴിയും. അത്തരം അവസരങ്ങൾക്കായി ദാവീദ്‌ രാജാവ്‌ പ്രാർഥിക്കുകയുണ്ടായി. അവൻ ഇങ്ങനെ എഴുതി: “ദൈവമേ, എന്‍റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; . . . ദൈവമേ, അടുത്ത തലമുയോടു ഞാൻ നിന്‍റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്‍റെ വീര്യ പ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.”—സങ്കീ. 71:17, 18.

5. പ്രായമേറിയ ക്രിസ്‌ത്യാനികൾക്ക് തങ്ങൾ പഠിച്ചിട്ടുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ എങ്ങനെ കഴിയും?

5 വർഷങ്ങൾകൊണ്ട് നിങ്ങൾ ആർജിച്ച ജ്ഞാനം നിങ്ങൾക്ക് എങ്ങനെ ഉപയോഗപ്പെടുത്താനാകും? കെട്ടുപണി ചെയ്യുന്ന സഹവാസത്തിനായി യുവക്രിസ്‌ത്യാനികളെ നിങ്ങൾക്ക് വീട്ടിലേക്ക് വിളിക്കാനാകുമോ? ക്രിസ്‌തീയശുശ്രൂഷയിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ നിങ്ങൾക്ക് അവരെ ക്ഷണിക്കാനാകുമോ? അങ്ങനെ, യഹോവയുടെ സേവനത്തിൽ നിങ്ങൾ ആസ്വദിക്കുന്ന സന്തോഷം രുചിച്ചറിയാൻ നിങ്ങൾക്ക് അവരെ സഹായിക്കാനാകുമോ? പുരാതനനാളിലെ എലീഹൂ ഇങ്ങനെ പറഞ്ഞു: “പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ.” (ഇയ്യോ. 32:7) അനുഭവപരിചയമുള്ള ക്രിസ്‌തീയസ്‌ത്രീകളോട്‌ വാക്കാലും മാതൃകയാലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ അപ്പൊസ്‌തലനായ പൗലോസ്‌ ആവശ്യപ്പെട്ടു. ‘പ്രായംചെന്ന സ്‌ത്രീകൾ നന്മ ഉപദേശിക്കുന്നവർ ആയിരിക്കട്ടെ’ എന്ന് അവൻ എഴുതി.—തീത്തൊ. 2:3.

നിങ്ങളുടെ അനുഭവസമ്പത്ത്‌ മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കുക

6. പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള ക്രിസ്‌ത്യാനികൾ തങ്ങൾക്കുള്ള സാധ്യതകളെ താഴ്‌ത്തിമതിക്കരുതാത്തത്‌ എന്തുകൊണ്ട്?

6 നിങ്ങൾ അനുഭവപരിചയമുള്ള ഒരു ക്രിസ്‌ത്യാനിയാണെങ്കിൽ മറ്റുള്ളവരെ സഹായിക്കാനായി നിങ്ങൾക്ക് പലതും ചെയ്യാനാകും. 30-ഓ 40-ഓ വർഷം മുമ്പ് നിങ്ങൾക്ക് അറിയില്ലായിരുന്ന പല കാര്യങ്ങളും ഇപ്പോൾ നിങ്ങൾക്ക് അറിയാം. ഇന്ന്, ബൈബിൾതത്ത്വങ്ങൾ തക്കസമയത്ത്‌ വേണ്ടപോലെ ബാധകമാക്കാൻ നിങ്ങൾക്ക് കഴിയും. ബൈബിൾസത്യം ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരുംവിധം പറയാനും പഠിപ്പിക്കാനും ഉള്ള പ്രാപ്‌തിയും നിങ്ങൾക്കുണ്ട്. നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ തെറ്റു ചെയ്യുന്ന സഹോദരങ്ങളെ യഥാസ്ഥാനപ്പെടുത്തേണ്ടത്‌ എങ്ങനെയെന്നും നിങ്ങൾക്ക് അറിയാം. (ഗലാ. 6:1) സഭാപ്രവർത്തനങ്ങൾ, സമ്മേളന ഡിപ്പാർട്ടുമെന്‍റുകൾ, രാജ്യഹാൾ നിർമാണം തുടങ്ങിയവയ്‌ക്ക് മേൽനോട്ടം വഹിക്കാനും ഒരുപക്ഷേ നിങ്ങൾ പഠിച്ചിട്ടുണ്ടാകും. രക്തത്തിന്‍റെ ഉപയോഗം ഒഴിവാക്കുന്ന ഇതര ചികിത്സാരീതികൾ സംബന്ധിച്ച് ഡോക്‌ടർമാരെ പറഞ്ഞ് മനസ്സിലാക്കാൻ നിങ്ങൾക്ക് അറിയാമായിരിക്കും. ഇനിയും, അടുത്തിടെയാണ്‌ നിങ്ങൾ സത്യം പഠിച്ചതെങ്കിൽപ്പോലും ജീവിതത്തിൽ നിങ്ങൾക്ക് വിലയേറിയ അനുഭവപരിചയമുണ്ട്. ദൃഷ്ടാന്തത്തിന്‌, നിങ്ങൾ മക്കളെ വളർത്തിയിട്ടുണ്ടെങ്കിൽ ധാരാളം പ്രായോഗികജ്ഞാനം നിങ്ങൾ നേടിയിട്ടുണ്ടായിരിക്കും. സഹോദരീസഹോദരന്മാരെ പഠിപ്പിച്ചും നയിച്ചും ബലപ്പെടുത്തിയും കൊണ്ട് യഹോവയുടെ ജനത്തിന്‌ പ്രോത്സാഹനത്തിന്‍റെ  ശക്തമായ സ്രോതസ്സുകളായി വർത്തിക്കാൻതക്ക പ്രാപ്‌തിയുള്ളവരാണ്‌ പ്രായമേറിയ ക്രിസ്‌ത്യാനികൾ.—ഇയ്യോബ്‌ 12:12 വായിക്കുക.

7. ചെറുപ്പക്കാർക്ക് എന്ത് പരിശീലനം നൽകാൻ പ്രായമേറിയ ക്രിസ്‌ത്യാനികൾക്ക് കഴിയും?

7 നിങ്ങൾക്കുള്ള അനുഭവപരിചയം മറ്റുള്ളവരുടെ പ്രയോജനത്തിനായി കുറെക്കൂടെ നന്നായി ഉപയോഗപ്പെടുത്താൻ എങ്ങനെ കഴിയും? ബൈബിളധ്യയനങ്ങൾ തുടങ്ങേണ്ടതും നടത്തേണ്ടതും എങ്ങനെയെന്ന് യുവസഹോദരങ്ങൾക്ക് കാണിച്ചുകൊടുക്കാൻ ഒരുപക്ഷേ നിങ്ങൾക്കാകും. നിങ്ങൾ ഒരു സഹോദരിയാണെങ്കിൽ, കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനോടൊപ്പം ആത്മീയപ്രവർത്തനങ്ങളും എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് ചെറുപ്പക്കാരായ അമ്മമാർക്ക് ചില നിർദേശങ്ങൾ നൽകാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങൾ ഒരു സഹോദരനാണെങ്കിൽ, എങ്ങനെ ഉത്സാഹത്തോടെ പ്രസംഗങ്ങൾ നടത്താമെന്നും സുവാർത്തയുടെ ഏറെ ഫലപ്രദരായ ശുശ്രൂഷകരായിരിക്കാമെന്നും യുവസഹോദരന്മാരെ പഠിപ്പിക്കാൻ നിങ്ങൾക്കാകുമോ? പ്രായംചെന്ന സഹോദരീസഹോദരന്മാരെ സന്ദർശിച്ച് ആത്മീയമായി പ്രോത്സാഹിപ്പിക്കുന്ന വിധം ആ യുവസഹോദരന്മാർക്ക് കാണിച്ചുകൊടുക്കാൻ നിങ്ങൾക്കാകില്ലേ? പണ്ടത്തെപ്പോലുള്ള ആരോഗ്യം ഇപ്പോൾ നിങ്ങൾക്കില്ലെങ്കിലും ചെറുപ്പക്കാരെ പരിശീലിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ നിങ്ങൾക്കു മുന്നിലുണ്ട്. ദൈവവചനം ഇങ്ങനെ പറയുന്നു: “യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.”—സദൃ. 20:29.

ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കാനാകുമോ?

8. ജീവിതത്തിലെ പിൽക്കാലവർഷങ്ങളിൽ പൗലോസ്‌ എന്തു ചെയ്‌തു?

8 ദൈവത്തെ സേവിക്കാൻ ജീവിതത്തിന്‍റെ പിൽക്കാലവർഷങ്ങളിൽ അപ്പൊസ്‌തലനായ പൗലോസ്‌ തന്‍റെ സകല പ്രാപ്‌തിയും കഴിവും ഉപയോഗിച്ചു. ഏകദേശം എ.ഡി. 61-ൽ റോമിലെ തടവിൽനിന്ന് മോചിതനായപ്പോഴേക്കും തീവ്രമായ മിഷനറിപ്രവർത്തനത്തിൽ പൗലോസ്‌ നിരവധി വർഷങ്ങൾ ചെലവഴിച്ചുകഴിഞ്ഞിരുന്നു. റോമിൽ പ്രസംഗപ്രവർത്തനം തുടർന്നുകൊണ്ട് അവന്‌ വേണമെങ്കിൽ അവിടെ സ്ഥിരതാമസമാക്കാമായിരുന്നു. (2 കൊരി. 11:23-27) അവൻ അവിടെത്തന്നെ തുടർന്ന് തങ്ങൾക്ക് പിന്തുണ നൽകുന്നത്‌ ആ വലിയ നഗരത്തിലെ സഹോദരന്മാർ തീർച്ചയായും വിലമതിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ആവശ്യം അധികമുള്ള മറ്റു ദേശങ്ങളെക്കുറിച്ചാണ്‌ പൗലോസ്‌ ചിന്തിച്ചത്‌. തിമൊഥെയൊസിനോടും തീത്തൊസിനോടും ഒപ്പം മിഷനറിപ്രവർത്തനം പുനരാരംഭിച്ച അവൻ എഫെസൊസിലേക്കും തുടർന്ന് ക്രേത്തയിലേക്കും സാധ്യതയനുസരിച്ച് മാസിഡോണിയയിലേക്കും യാത്രചെയ്‌തു. (1 തിമൊ. 1:3; തീത്തൊ. 1:5) അവൻ സ്‌പെയ്‌ൻ സന്ദർശിച്ചോ എന്ന് നമുക്ക് അറിയില്ല. പക്ഷേ, അങ്ങോട്ടു പോകാനും അവൻ ആഗ്രഹിച്ചിരുന്നു.—റോമ. 15:24, 28.

9. ത്രോസ്‌ ആവശ്യം അധികമുള്ളിടത്തേക്ക് മാറിത്താമസിച്ചത്‌ ഏത്‌ പ്രായത്തിലായിരിക്കണം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

9 ആവശ്യം അധികമുള്ളിടത്തേക്ക് മാറിത്താമസിക്കുമ്പോൾ അപ്പൊസ്‌തലനായ പത്രോസിന്‌ 50-നു മേൽ പ്രായമുണ്ടായിരുന്നിരിക്കണം. നമുക്ക് അത്‌ എങ്ങനെ അറിയാം? യേശുവിന്‍റെ അതേ പ്രായമോ ഒരുപക്ഷേ അല്‌പം കൂടുതലോ പത്രോസിനുണ്ടായിരുന്നെങ്കിൽ, എ.ഡി. 49-ൽ യെരുശലേമിൽവെച്ച് മറ്റ്‌ അപ്പൊസ്‌തലന്മാരുമായി കൂടിവരുമ്പോൾ അവന്‌ ഉദ്ദേശം 50 വയസ്സുണ്ടായിരുന്നിരിക്കണം. (പ്രവൃ. 15:7) ആ കൂടിവരവിന്‌ അല്‌പകാലത്തിനു ശേഷം പത്രോസ്‌ ബാബിലോണിലേക്കു മാറിത്താമസിച്ചു. ധാരാളം യഹൂദന്മാർ അവിടെ പാർത്തിരുന്നതിനാൽ അവരോട്‌ പ്രസംഗിക്കുകയായിരുന്നു അവന്‍റെ ലക്ഷ്യം. (ഗലാ. 2:9) അവിടെ താമസിക്കുമ്പോഴാണ്‌, ഏകദേശം എ.ഡി. 62-ൽ, അവൻ തന്‍റെ ആദ്യനിശ്ശ്വസ്‌തലേഖനം എഴുതുന്നത്‌. (1 പത്രോ. 5:13) ഒരു വിദേശരാജ്യത്ത്‌ താമസം ഉറപ്പിക്കുന്നതുതന്നെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നേക്കാം. അതോടൊപ്പം പത്രൊസ്‌ ഇപ്പോൾ വാർധക്യത്തിലേക്ക് പദമൂന്നുകയുമാണ്‌. ഇതൊന്നും യഹോവയെ തികവോടെ സേവിക്കുന്നതിലെ സന്തോഷം കവർന്നുകളയാൻ അവൻ അനുവദിച്ചില്ല.

10, 11. പിൽക്കാലജീവിതത്തിൽ, ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കാനായി മാറിത്താമസിച്ച ഒരാളുടെ അനുഭവം വിവരിക്കുക.

10 ഇന്ന്, 50-ഓ 60-ഓ അതിലധികമോ പ്രായമുള്ള അനേകം ക്രിസ്‌ത്യാനികൾ തങ്ങളുടെ ജീവിതസാഹചര്യം മാറിയിരിക്കുന്നതായും തന്നിമിത്തം യഹോവയെ സേവിക്കാൻ പല പുതിയ മാർഗങ്ങളും തങ്ങളുടെ മുന്നിൽ തുറന്നുവന്നിരിക്കുന്നതായും കണ്ടെത്തിയിരിക്കുന്നു. ആവശ്യം അധികമുള്ളിടത്തേക്ക് ചിലർ മാറിത്താമസിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്‌, റോബർട്ട് എന്നു പേരുള്ള ഒരു സഹോദരൻ ഇങ്ങനെ എഴുതി: “50-നു മേൽ പ്രായമുണ്ടായിരുന്നപ്പോഴാണ്‌ ഞാനും ഭാര്യയും ഞങ്ങളുടെ മുന്നിൽ നിരവധി അവസരങ്ങളുണ്ടെന്ന് തിരിച്ചറിയാനിടയായത്‌. ഞങ്ങളുടെ ഏകമകൻ മാറിത്താമസിച്ചിരുന്നു; വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങൾക്കില്ലായിരുന്നു. കൂടാതെ, കുടുംസ്വത്ത്‌ വീതംവെച്ചപ്പോൾ ഒരു ചെറിയ പങ്ക് ഞങ്ങൾക്ക് ലഭിച്ചിരുന്നു. എന്‍റെ റിട്ടയർമെന്‍റ് പെൻഷൻ ലഭിച്ചുതുടങ്ങുന്നതുവരെ കഴിഞ്ഞുകൂടാനും കടം വീട്ടാനും വീടു വിറ്റാൽ കിട്ടുന്ന പണം മതിയാകും എന്നു ഞാൻ കണക്കുകൂട്ടി. ബൊളീവിയയിൽ ബൈബിളധ്യയനം ആഗ്രഹിക്കുന്ന അനേകരുണ്ടെന്നും ജീവിച്ചെലവ്‌ കുറവാണെന്നും ഞങ്ങൾ  മനസ്സിലാക്കി. മാറിത്താമസിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പുതിയ സ്ഥലവുമായി പൊരുത്തപ്പെടുക അത്ര എളുപ്പമല്ലായിരുന്നു. വടക്കെ അമേരിക്കയിൽ ഞങ്ങൾ ശീലിച്ചിരുന്ന രീതികളിൽനിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു എല്ലാം. പക്ഷേ ഞങ്ങളുടെ ശ്രമങ്ങൾക്ക് നല്ല ഫലം ലഭിച്ചു.”

11 റോബർട്ട് തുടരുന്നു: “ഞങ്ങളുടെ മുഴുജീവിതവും ഇപ്പോൾ സഭാപ്രവർത്തനങ്ങളെ ചുറ്റിപ്പറ്റിയാണ്‌. ബൈബിൾ പഠിക്കാൻ ഞങ്ങൾ സഹായിച്ച പലരും സ്‌നാനമേറ്റു. അതിൽ ഒരു കുടുംബം ദൂരെ ഒരു ഗ്രാമത്തിൽ എളിയ ചുറ്റുപാടുകളിലാണ്‌ കഴിയുന്നത്‌. പട്ടണത്തിലേക്കുള്ള യാത്ര ദുഷ്‌കരമാണെങ്കിലും, എല്ലാ ആഴ്‌ചയും അവർ യോഗങ്ങൾക്ക് എത്തിച്ചേരുന്നു. ആ കുടുംബം സത്യത്തിൽ പുരോഗമിക്കുന്നതും അവരുടെ മൂത്ത മകൻ പയനിയർസേവനം ഏറ്റെടുക്കുന്നതും കണ്ടപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം ഒന്ന് ഊഹിച്ചുനോക്കൂ!”

അന്യഭാഷ സംസാരിക്കുന്നവരെ സഹായിക്കാനാകുമോ?

12, 13. റിട്ടയർമെന്‍റ് പ്രായത്തിലെത്തിയ ഒരു സഹോദരൻ യഹോവയെ സേവിക്കാൻ പുതിയ വിധങ്ങൾ കണ്ടെത്തിയതിന്‍റെ അനുഭവം വിവരിക്കുക.

12 പ്രായമേറിയ സഹോദരീസഹോദരന്മാരുടെ മാതൃകയിൽനിന്ന് അന്യഭാഷാ സഭകൾക്കും കൂട്ടങ്ങൾക്കും ധാരാളം പ്രയോജനം നേടാൻ കഴിയും. ഈ മേഖലയിലെ പ്രവർത്തനം വളരെ ആസ്വാദ്യകരവുമാണ്‌. ഉദാഹരണത്തിന്‌ ബ്രയൻ എഴുതുന്നു: “65 വയസ്സാണ്‌ ബ്രിട്ടനിലെ റിട്ടയർമെന്‍റ് പ്രായം. ആ പ്രായമായപ്പോഴേക്കും എനിക്കും ഭാര്യക്കും ജീവിതത്തിൽ ഒരു വിരസത അനുഭവപ്പെടാൻ തുടങ്ങി. മക്കൾ വീട്ടിൽനിന്നു മാറിത്താമസിച്ചിരുന്നു. താത്‌പര്യമുള്ള ആളുകൾ കുറവായിരുന്നതിനാൽ ബൈബിളധ്യയനങ്ങൾ അപൂർവമായിരുന്നു. അങ്ങനെയിരിക്കെ, പ്രാദേശികസർവകലാശാലയിൽ ഗവേഷണം ചെയ്‌തുകൊണ്ടിരുന്ന ഒരു ചൈനാക്കാരൻ യുവാവിനെ ഞാൻ കണ്ടുമുട്ടി. അദ്ദേഹം സഭായോഗത്തിന്‌ സംബന്ധിക്കാനുള്ള ക്ഷണം സ്വീകരിച്ചു. ഞാൻ അദ്ദേഹത്തിന്‌ ഒരു ബൈബിളധ്യയനവും ആരംഭിച്ചു. ഏതാനും ആഴ്‌ചകൾക്കു ശേഷം ചൈനാക്കാരനായ ഒരു സഹപ്രവർത്തകനെ അദ്ദേഹം കൂട്ടിക്കൊണ്ടുവന്നു. രണ്ടാഴ്‌ചയ്‌ക്കു ശേഷം മൂന്നാമത്‌ ഒരാളെയും പിന്നെ നാലാമത്‌ മറ്റൊരാളെയും.

13 “ചൈനാക്കാരനായ അഞ്ചാമത്‌ ഒരു ഗവേഷകൻ കൂടി ബൈബിളധ്യയനം ആവശ്യപ്പെട്ടപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘65 വയസ്സായെന്നു കരുതി ഞാൻ യഹോവയുടെ സേവനത്തിൽനിന്ന് റിട്ടയർ ചെയ്യേണ്ട ആവശ്യമില്ലല്ലോ.’ അതുകൊണ്ട്, നമുക്ക് ചൈനീസ്‌ ഭാഷ പഠിച്ചാലോ എന്ന് എന്നെക്കാൾ രണ്ട് വയസ്സ് ഇളപ്പമായ ഭാര്യയോട്‌ ഞാൻ ചോദിച്ചു. റെക്കോർഡ്‌ ചെയ്‌ത ഒരു ഭാഷാപഠനസഹായിയാണ്‌ ഞങ്ങൾ ഉപയോഗിച്ചത്‌. പത്ത്‌ വർഷം മുമ്പായിരുന്നു അത്‌. ചെറുപ്പം തിരികെ കിട്ടുന്നതുപോലുള്ള ഒരു അനുഭവമാണ്‌ അന്യഭാഷാവയലിലെ പ്രസംഗവേല ഞങ്ങൾക്ക് തന്നത്‌. ഇതുവരെ 112 ചൈനാക്കാർക്ക് ബൈബിളധ്യയനമെടുക്കാൻ ഞങ്ങൾക്കായി! അതിൽ മിക്കവരും യോഗങ്ങൾക്ക് വന്നിട്ടുണ്ട്. അതിൽ ഒരാൾ ഇപ്പോൾ ഞങ്ങളോടൊപ്പം ഒരു പയനിയറായി സേവിക്കുകയാണ്‌.”

ഇനിയും ശുശ്രൂഷ വികസിപ്പിക്കാനാകാത്ത വിധം നിങ്ങൾക്ക് പ്രായം കടന്നുപോയിട്ടുണ്ടോ? (12, 13 ഖണ്ഡികകൾ കാണുക)

 നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്‌ ആസ്വദിക്കുക

14. എന്ത് മനസ്സിൽപ്പിടിക്കുന്നത്‌ പ്രായമേറിയ ക്രിസ്‌ത്യാനികളെ സന്തുഷ്ടരായി നിലനിർത്തും, പൗലോസിന്‍റെ മാതൃക അവരെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?

14 അമ്പതുകളിലെത്തിയ അനേകം സഹോദരങ്ങൾക്ക് യഹോവയുടെ സേവനത്തിൽ പല പുതിയ കാര്യങ്ങളും ചെയ്യാനുള്ള അവസരങ്ങളുണ്ടെങ്കിലും എല്ലാവർക്കും അത്‌ സാധിച്ചെന്നു വരില്ല. ചിലരുടെ ആരോഗ്യം മോശമാണ്‌. മറ്റുചിലർക്കാകട്ടെ വൃദ്ധമാതാപിതാക്കളെയോ കുട്ടിളെയോ പരിപാലിക്കേണ്ടതുണ്ട്. എന്നിരുന്നാലും, യഹോവയുടെ സേവനത്തിൽ നിങ്ങൾ ചെയ്യുന്നതെന്തും അവൻ വിലമതിക്കുന്നു എന്ന് അറിയുന്നതിൽ നിങ്ങൾക്ക് സന്തുഷ്ടരായിരിക്കാനാകും. അതുകൊണ്ട്, ചെയ്യാൻ കഴിയാത്തതിനെപ്രതി നിരാശപ്പെടുന്നതിനു പകരം ഇപ്പോൾ ചെയ്യാൻ കഴിയുന്നതിൽ സന്തോഷം കണ്ടെത്തുക. അപ്പൊസ്‌തലനായ പൗലോസ്‌ വെച്ച മാതൃകയെക്കുറിച്ച് ചിന്തിക്കുക. മിഷനറിയാത്രകൾ തുടരാനാകാതെ വർഷങ്ങളോളം അവന്‌ വീട്ടുതടങ്കലിൽ കഴിയേണ്ടിവന്നു. പക്ഷേ, ആളുകൾ സന്ദർശിച്ചപ്പോഴെല്ലാം അവൻ തിരുവെഴുത്തുളെപ്പറ്റി അവരോട്‌ സംസാരിക്കുകയും അവരെ വിശ്വാസത്തിൽ ബലിഷ്‌ഠരാക്കുകയും ചെയ്‌തു.—പ്രവൃ. 28:16, 30, 31.

15. പ്രായംചെന്ന ക്രിസ്‌ത്യാനികൾ വിലപ്പെട്ടവരായിരിക്കുന്നത്‌ എന്തുകൊണ്ട്?

15 പ്രായംചെന്ന ക്രിസ്‌ത്യാനികൾക്ക് തന്‍റെ സേവനത്തിൽ ചെയ്യാനാകുന്ന കാര്യങ്ങളെയും യഹോവ വിലമതിക്കുന്നു. ആരോഗ്യം ക്ഷയിക്കുന്ന വാർധക്യനാളുകൾ ജീവിതത്തിലെ ഉത്തമമായ ഒരു കാലഘട്ടമല്ല എന്ന് ശലോമോൻ സൂചിപ്പിച്ചെങ്കിലും, തന്‍റെ സ്‌തുതിക്കായി പ്രായംചെന്ന ക്രിസ്‌ത്യാനികൾക്ക് ചെയ്യാനാകുന്നതെന്തും യഹോവ വിലയേറിയതായി വീക്ഷിക്കുന്നു. (ലൂക്കോ. 21:2-4) തങ്ങളുടെ ഇടയിലുള്ള ദീർഘകാലദൈവദാസരുടെ വിശ്വസ്‌തമാതൃക സഭകൾ വിലമതിക്കുന്നു.

16. വൃദ്ധയായ ഹന്നായ്‌ക്ക് സാധ്യതയനുസരിച്ച് ആസ്വദിക്കാൻ കഴിയാതെ പോയ ചില കാര്യങ്ങൾ ഏവ, എന്നാൽ ദൈവത്തെ ആരാധിക്കാനായി അവൾക്ക് എന്തു ചെയ്യാൻ കഴിഞ്ഞു?

16 ഹന്നാ എന്നു പേരുള്ള വൃദ്ധയായ ഒരു സ്‌ത്രീ ആ പ്രായത്തിലും യഹോവയെ വിശ്വസ്‌തമായി സ്‌തുതിക്കുന്നതിൽ തുടർന്നെന്ന് ബൈബിൾ പറയുന്നു. യേശു ജനിച്ച സമയത്ത്‌ അവൾ 84 വയസ്സുള്ള ഒരു വിധവയായിരുന്നു. യേശുവിന്‍റെ ഒരു അനുഗാമിയായിത്തീരാനോ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാനോ രാജ്യസുവാർത്ത പ്രസംഗിക്കുന്നതിന്‍റെ സന്തോഷം ആസ്വദിക്കാനോ സാധ്യതയനുസരിച്ച് അവൾ ജീവിച്ചിരുന്നില്ല. എങ്കിലും തന്നെക്കൊണ്ടാകുന്നത്‌ ചെയ്യുന്നതിൽ അവൾ സന്തോഷം കണ്ടെത്തി. “അവൾ രാവും പകലും മുടങ്ങാതെ ദൈവാലയത്തിൽ ആരാധന കഴിച്ചുപോന്നു.” (ലൂക്കോ. 2:36, 37) ദിവസവും രാവിലെയും വൈകുന്നേരവും പുരോഹിതൻ ആലയത്തിൽ പരിമളധൂപം അർപ്പിക്കുമ്പോൾ പ്രാകാരത്തിൽ കൂടിവന്നിരുന്നവരോടൊപ്പം ഹന്നാ അര മണിക്കൂറോളം മൗനമായി പ്രാർഥിക്കുമായിരുന്നു. ശിശുവായിരുന്ന യേശുവിനെ കണ്ടപ്പോൾ അവൾ “യെരുശലേമിന്‍റെ വിമോചനത്തിനായി കാത്തിരിക്കുന്ന സകലരോടും ശിശുവിനെക്കുറിച്ചു സംസാരി”ക്കാൻ തുടങ്ങി.—ലൂക്കോ. 2:38.

17. സത്യാരാധനയിൽ പങ്കുവഹിക്കാൻ വൃദ്ധരോ രോഗാതുരരോ ആയ ക്രിസ്‌ത്യാനികളെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും?

17 ഇന്ന്, വൃദ്ധരോ രോഗാതുരരോ ആയ ക്രിസ്‌ത്യാനികളെ സഹായിക്കാൻ നാം ശ്രദ്ധവെക്കണം. സഭായോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കാൻ അങ്ങേയറ്റം ആഗ്രഹിക്കുന്ന ചിലർക്ക് അതിന്‌ കഴിയാതെ പോയേക്കാം. ചില സ്ഥലങ്ങളിൽ, പ്രായംചെന്ന അത്തരം സഹോദരങ്ങൾക്ക് ടെലിഫോണിലൂടെ യോഗങ്ങൾ ശ്രദ്ധിക്കാൻ സഭകൾതന്നെ സ്‌നേഹപൂർവം ക്രമീകരണങ്ങൾ ചെയ്യുന്നു. എല്ലായിടത്തും ഇത്‌ സാധിച്ചെന്നുവരില്ല. എന്നിരുന്നാലും, യോഗങ്ങളിൽ സംബന്ധിക്കാൻ സാധിക്കാത്ത ക്രിസ്‌ത്യാനികൾക്കും സത്യാരാധനയെ പിന്തുണയ്‌ക്കുന്നതിൽ പങ്കുവഹിക്കാനാകും. ഉദാഹരണത്തിന്‌, അവരുടെ പ്രാർഥനകൾ ക്രിസ്‌തീയസഭയുടെ അഭ്യുന്നതിയിൽ നല്ലൊരു പങ്കുവഹിക്കുന്നു.—സങ്കീർത്തനം 92:13, 14 വായിക്കുക.

18, 19. (എ) തങ്ങൾ മറ്റുള്ളവർക്ക് എത്രത്തോളം പ്രോത്സാഹനം പകരുന്നുണ്ടെന്ന് പ്രായംചെന്ന ക്രിസ്‌ത്യാനികൾ തിരിച്ചറിഞ്ഞേക്കില്ലാത്തത്‌ എന്തുകൊണ്ട്? (ബി) “നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന ബുദ്ധിയുപദേശം ആർക്ക് ബാധകമാക്കാനാകും?

18 തങ്ങൾ മറ്റുള്ളവർക്ക് പ്രോത്സാഹനത്തിന്‍റെ എത്ര ശക്തമായ ഉറവാണെന്ന് പ്രായംചെന്ന ക്രിസ്‌ത്യാനികൾ ഒരുപക്ഷേ തിരിച്ചറിയുന്നുണ്ടാവില്ല. ഉദാഹരണത്തിന്‌, വിശ്വസ്‌തതയോടെ വർഷങ്ങളോളം ആലയത്തിൽ ചെലവഴിച്ച ഹന്നായുടെ കാര്യമെടുക്കുക. നൂറ്റാണ്ടുകൾക്കു ശേഷംപോലും തന്‍റെ മാതൃക മറ്റുള്ളവർക്ക് പ്രോത്സാഹനം പകരുമെന്ന് അവൾ ഒട്ടുംതന്നെ കരുതിയിട്ടുണ്ടാവില്ല. യഹോവയോടുള്ള ഹന്നായുടെ സ്‌നേഹം തിരുവെഴുത്തുകളിൽ ആലേഖനം ചെയ്യപ്പെട്ടു. ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹവും സഹവിശ്വാസികളുടെ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടുന്നുണ്ട് എന്നതിൽ സംശയം വേണ്ട. “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം” എന്ന് ദൈവവചനം പറയുന്നതിൽ അതിശയിക്കാനില്ല!—സദൃ. 16:31.

19 യഹോവയുടെ സേവനത്തിൽ നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട്. എങ്കിലും, ഒരളവോളം ആരോഗ്യവും ചുറുചുറുക്കും അവശേഷിക്കുന്ന ആർക്കും ഈ നിശ്ശ്വസ്‌തവാക്കുകൾ ഹൃദയത്തിലേറ്റാം: ‘ദുർദ്ദിവസങ്ങൾ വരുന്നതിനുമുമ്പേ തന്നേ നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.’—സഭാ. 12:1.