വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജനുവരി 

“നിന്‍റെ രാജ്യം വരേണമേ”—ഇനിയെത്ര നാൾ?

“നിന്‍റെ രാജ്യം വരേണമേ”—ഇനിയെത്ര നാൾ?

“ഇവയെല്ലാം നിങ്ങൾ കാണുമ്പോൾ അവൻ അടുത്ത്‌, വാതിൽക്കൽ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കിക്കൊള്ളുക.”—മത്താ. 24:33.

1, 2. (എ) നമ്മുടെ കാഴ്‌ചയെ എന്തു സ്വാധീനിച്ചേക്കാം? (ബി) ദൈവരാജ്യത്തോടുള്ള ബന്ധത്തിൽ നമുക്ക് എന്ത് ഉറപ്പുള്ളവരായിരിക്കാനാകും?

ഒരു സംഭവത്തിന്‌ ദൃക്‌സാക്ഷികളായവർ മിക്കപ്പോഴും അതിന്‍റെ വിശദാംശങ്ങൾ ഓർക്കുന്നത്‌ വ്യത്യസ്‌ത വിധത്തിലായിരിക്കും എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അതുപോലെ, രോഗനിർണയത്തിനു ശേഷം ഡോക്‌ടർ പറഞ്ഞത്‌ എന്താണെന്ന് കൃത്യമായി ഓർത്തെടുക്കാൻ ചിലർക്ക് ബുദ്ധിമുട്ടായിരുന്നേക്കാം. മറ്റു ചിലർക്കാകട്ടെ തൊട്ടടുത്തിരിക്കുന്ന താക്കോലോ കണ്ണടയോപോലും പെട്ടെന്ന് കണ്ണിൽപ്പെട്ടെന്നുവരില്ല. ഇങ്ങനെ, ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടാത്തതും മറന്നുപോകുന്നതും മറ്റെന്തെങ്കിലും കാര്യത്തിൽ ആമഗ്നരായിപ്പോകുന്നതുകൊണ്ടാണ്‌. ഗവേഷകർ ഇത്തരം സാഹചര്യങ്ങളെ അന്ധതയുടെ ഒരു വകഭേദമായി കണക്കാക്കുന്നു. സാധാരണഗതിയിൽ നമ്മുടെ തലച്ചോറിന്‌ ഒരു സമയത്ത്‌ ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനേ കഴിയാറുള്ളൂ.

2 ലോകസംഭവങ്ങളോടുള്ള ബന്ധത്തിൽ സമാനമായ ഒരു ‘അന്ധത’ അനേകം ആളുകളെ പിടികൂടിയിരിക്കുന്നു. 1914-നു ശേഷം ലോകത്തിന്‌ അടിമുടി മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് അവർ അംഗീകരിച്ചേക്കാമെങ്കിലും ഈ സംഭവങ്ങളുടെ യഥാർഥപൊരുൾ അവർ ഗ്രഹിക്കുന്നില്ല. യേശു 1914-ൽ സ്വർഗത്തിൽ രാജാവായി സ്ഥാനാരോഹണം ചെയ്‌തപ്പോൾ ഒരർഥത്തിൽ ദൈവരാജ്യം വന്നു എന്ന് ബൈബിൾ വിദ്യാർഥികൾ എന്ന നിലയിൽ നാം മനസ്സിലാക്കുന്നു. എന്നിരുന്നാലും “നിന്‍റെ രാജ്യം വരേണമേ. നിന്‍റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന പ്രാർഥനയ്‌ക്കുള്ള ഉത്തരത്തിന്‌ അതിലും അധികം അർഥവ്യാപ്‌തിയുള്ളതായി നമുക്ക് അറിയാം. (മത്താ. 6:10) വ്യക്തമായും ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യവും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ മാത്രമാണ്‌ ദൈവത്തിന്‍റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടാൻ കളമൊരുങ്ങുന്നത്‌.

3. ദൈവവചനം പഠിക്കുന്നതുകൊണ്ട് നമുക്ക് എന്തു നേട്ടമാണുള്ളത്‌?

 3 നാം ദൈവവചനം പതിവായി പഠിക്കുന്നതുകൊണ്ട് ബൈബിൾപ്രവചനങ്ങൾ ഇന്ന് നിവൃത്തിയേറുന്നത്‌ നമുക്ക് തിരിച്ചറിയാനാകുന്നു. എന്നാൽ ആളുകൾ പൊതുവെ അതേക്കുറിച്ച് ബോധവാന്മാരല്ല. അനുദിനജീവിതകാര്യാദികളിൽ മുഴുകിപ്പോയിരിക്കുന്നതിനാൽ, 1914 മുതൽ ക്രിസ്‌തു രാജാവാണെന്നും പെട്ടെന്നുതന്നെ അവൻ ദിവ്യന്യായവിധി നടപ്പിലാക്കുമെന്നും ചൂണ്ടിക്കാണിക്കുന്ന സുവ്യക്തമായ തെളിവുകൾക്ക് അവർ ശ്രദ്ധ നൽകുന്നില്ല. എന്നിരുന്നാലും നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: പതിറ്റാണ്ടുകളായി ദൈവത്തെ സേവിച്ചുവരുന്ന ഒരു വ്യക്തിയാണ്‌ നിങ്ങളെങ്കിൽ, നാം ജീവിക്കുന്ന കാലത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച് വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന അതേ ബോധ്യവും അടിയന്തിരതയും ഇന്നും നിങ്ങൾക്കുണ്ടോ? ഇനി, അടുത്തകാലത്ത്‌ സാക്ഷിയായിത്തീർന്ന ഒരാളാണ്‌ നിങ്ങളെങ്കിൽ, ജീവിതത്തിൽ നിങ്ങൾ ശ്രദ്ധയൂന്നിയിരിക്കുന്നത്‌ എന്തിലാണ്‌? നമ്മുടെ പ്രതികരണം എന്തുതന്നെയായിരുന്നാലും, ദൈവത്തിന്‍റെ അഭിഷിക്തരാജാവ്‌ ഭൂമിയിൽ ദിവ്യേഷ്ടം പൂർണമായി നടപ്പിലാക്കാൻ ആവശ്യമായ സകല നടപടികളും സത്വരം സ്വീകരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. എന്തുകൊണ്ട്? മൂന്ന് പ്രധാനപ്പെട്ട കാരണങ്ങൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം.

കുതിരക്കാരുടെ രംഗപ്രവേശം

4, 5. (എ) 1914 മുതൽ ഇന്നോളം യേശു എന്തു ചെയ്‌തിരിക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) മൂന്ന് കുതിരക്കാരുടെ സവാരി എന്തിനെ പ്രതീപ്പെടുത്തുന്നു, കാര്യങ്ങൾ എങ്ങനെ ഉരുത്തിരിഞ്ഞിരിക്കുന്നു?

4 സ്വർഗത്തിൽ യേശുക്രിസ്‌തുവിന്‍റെ കിരീടധാരണം 1914-ൽ ആയിരുന്നു നടന്നത്‌. വെളിപാട്‌ 6-‍ാ‍ം അധ്യായത്തിൽ, അവൻ വെള്ളക്കുതിരപ്പുറത്ത്‌ എഴുന്നള്ളുന്നതായി ചിത്രീകരിച്ചിരിക്കുന്നു. സാത്താന്‍റെ ദുഷ്ടവ്യവസ്ഥിതിയെ ജയിച്ചടക്കിക്കൊണ്ട് തന്‍റെ ജൈത്രയാത്ര പൂർത്തിയാക്കാനായി അവൻ ഉടൻതന്നെ പുറപ്പെട്ടു. (വെളിപാട്‌ 6:1, 2 വായിക്കുക.) വെളിപാട്‌ 6-‍ാ‍ം അധ്യായത്തിൽ വർണിച്ചിരിക്കുന്ന പ്രാവചനികരംഗങ്ങൾ, ദൈവരാജ്യസ്ഥാപനത്തെത്തുടർന്ന് യുദ്ധവും ഭക്ഷ്യക്ഷാമവും പകർച്ചവ്യാധികളും മരണംവിതയ്‌ക്കുന്ന മറ്റനേകം സംഗതികളും നിമിത്തം ലോകാവസ്ഥകൾ അതിശീഘ്രം അധഃപതിക്കുമെന്ന് പ്രതീക്ഷിക്കാൻ തക്കതായ കാരണങ്ങൾ നൽകി. യേശുവിനെ അടുത്തു പിന്തുടരുന്ന മൂന്നു കുതിരക്കാരുടെ സവാരി ഈ സംഭവവികാസങ്ങളെയാണ്‌ ചിത്രീകരിക്കുന്നത്‌.—വെളി. 6:3-8.

5 രാഷ്‌ട്രങ്ങൾ തമ്മിലുള്ള സഹകരണവാഗ്‌ദാനങ്ങളും നയതന്ത്രശ്രമങ്ങളും ഒക്കെ ഉണ്ടായിരുന്നിട്ടും മുൻകൂട്ടിപ്പറഞ്ഞതുപോലെ, ‘ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയപ്പെട്ടു.’ വിനാശകരമായ ഒട്ടനവധി യുദ്ധങ്ങളുടെ കേവലം ഒരു തുടക്കം മാത്രമായിരുന്നു ഒന്നാം ലോകയുദ്ധമെന്ന് സമീപകാല ലോകസംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 1914 മുതൽ സാമ്പത്തികമേഖലയിലും ശാസ്‌ത്രസാങ്കേതികരംഗത്തും വൻകുതിച്ചുചാട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യക്ഷാമം ഇന്നും ലോകസുരക്ഷയ്‌ക്ക് തീരാഭീഷണിയായി തുടരുന്നു. കൂടാതെ പകർച്ചവ്യാധികൾ, പ്രകൃതിവിപത്തുകൾ, മറ്റു മാരകരോഗങ്ങൾ എന്നിവ നിമിത്തം വർഷന്തോറും ദശലക്ഷങ്ങളാണ്‌ മരണമടയുന്നത്‌ എന്ന അപ്രിയസത്യം ആർക്കാണ്‌ നിഷേധിക്കാനാവുക? മനുഷ്യചരിത്രത്തിൽ ഇതഃപര്യന്തം ഉണ്ടായിട്ടില്ലാത്തത്ര വ്യാപ്‌തിയിലും ആവൃത്തിയിലും ആക്കത്തിലും ആണ്‌ ഈ കെടുതികൾ ആഞ്ഞടിക്കുന്നത്‌. ഇക്കാര്യങ്ങളുടെ പ്രസക്തി നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?

കുതിരക്കാരുടെ സവാരിയെത്തുടർന്ന് ലോകാവസ്ഥകൾ അടിക്കടി മോശമായിക്കൊണ്ടിരിക്കുന്നു (4, 5 ഖണ്ഡികകൾ കാണുക)

6. ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി ആർ തിരിച്ചറിഞ്ഞു, അത്‌ അവരെ എന്ത് ചെയ്യുന്നതിലേക്ക് നയിച്ചു?

6 ഒന്നാം ലോകയുദ്ധവും സ്‌പാനിഷ്‌ ഇൻഫ്‌ളുവൻസയും പൊട്ടിപ്പുറപ്പെട്ടതോടെ ആളുകളിൽ അനേകരുടെയും ശ്രദ്ധ അതിലേക്കായി. എന്നിരുന്നാലും ജാതികളുടെ കാലങ്ങൾ അഥവാ “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം” 1914-ൽ അവസാനിക്കുന്നതിനായി അഭിഷിക്തക്രിസ്‌ത്യാനികൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. (ലൂക്കോ. 21:24) അന്ന് സംഭവിക്കാനിരുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് പൂർണമായ ഒരു ഗ്രാഹ്യമില്ലായിരുന്നു. എന്നിരുന്നാലും, ദിവ്യഭരണാധിപത്യത്തോടുള്ള ബന്ധത്തിൽ 1914 എന്ന വർഷം ചരിത്രത്തിലെ ഒരു വ്യതിയാനബിന്ദുവായി അവർ തിരിച്ചറിഞ്ഞിരുന്നു. ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി തിരിച്ചറിഞ്ഞയുടൻ ദൈവരാജ്യം വാഴ്‌ച ആരംഭിച്ചിരിക്കുന്നുവെന്ന് അവർ സധൈര്യം ഉദ്‌ഘോഷിച്ചു. രാജ്യത്തെപ്പറ്റി പ്രഘോഷിക്കാനുള്ള അവരുടെ ഉദ്യമങ്ങൾ സമൂഹത്തിൽ ചെറുതല്ലാത്ത ചലനങ്ങൾതന്നെ സൃഷ്ടിച്ചു. കടുത്ത പീഡനമായിരുന്നു ഫലം. ഈ പീഡനങ്ങൾതന്നെയും ബൈബിൾപ്രവചനത്തിന്‍റെ മറ്റൊരു നിവൃത്തിയായിരുന്നു. പിന്നീടുവന്ന ദശകങ്ങളിൽ രാജ്യത്തിന്‍റെ ശത്രുക്കൾ “നിയമംവഴി ദുരിതമുണ്ടാ”ക്കാൻ ശ്രമിച്ചു. അനേകർക്ക് കൊടിയമർദനം സഹിക്കേണ്ടിവന്നു; പലരെയും തുറുങ്കിലടച്ചു; അതിൽ ചില സഹോദരങ്ങളെ ശത്രുക്കൾ വെടിവെച്ചും തൂക്കിലേറ്റിയും ഗളച്ഛേദം ചെയ്‌തും കൊന്നുകളഞ്ഞു.—സങ്കീ. 94:20, പി.ഒ.സി; വെളി. 12:15.

7. മനുഷ്യരിൽ ബഹുഭൂരിപക്ഷവും ലോകസംഭവങ്ങളുടെ യഥാർഥ അർഥം വിവേചിച്ചറിയാൻ പരാജയപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്?

7 ദൈവരാജ്യം ഇപ്പോൾത്തന്നെ സ്വർഗത്തിൽ സ്ഥാപിതമാണെന്നതിന്‌ ഇത്രയധികം തെളിവുകളുണ്ടായിരുന്നിട്ടും മനുഷ്യവർഗത്തിൽ ഭൂരിഭാഗവും അത്‌ അംഗീകരിക്കാത്തത്‌ എന്തുകൊണ്ടാണ്‌?  നാളുകളായി ദൈവജനം ലോകത്തിനു മുമ്പാകെ ചൂണ്ടിക്കാണിച്ചിരിക്കുന്ന നിയതമായ ചില ബൈബിൾപ്രവചനങ്ങളും ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയും തമ്മിൽ ബന്ധിപ്പിച്ചു ചിന്തിക്കാൻ അവർക്ക് കഴിയാത്തത്‌ എന്തുകൊണ്ടാണ്‌? കണ്ണാൽ കാണാനാകുന്ന കാര്യങ്ങളിൽമാത്രം മിക്കവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടായിരിക്കുമോ അത്‌? (2 കൊരി. 5:7) അനുദിന ജീവിതവ്യാപാരങ്ങളിൽ അത്രമേൽ മുഴുകിപ്പോകുന്നത്‌ ദൈവം ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണാനാകാത്തവിധം അവരെ അന്ധരാക്കുന്നുണ്ടോ? (മത്താ. 24:37-39) സാത്താൻ ഉന്നമിപ്പിക്കുന്ന പ്രചാരണകോലാഹലങ്ങളിൽപ്പെട്ട് അവരിൽ ചിലരുടെ ശ്രദ്ധ വ്യതിചലിച്ചുപോയിരിക്കുകയാണോ? (2 കൊരി. 4:4) ആത്മമണ്ഡലത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ‘കാണാൻ’ ഒരു വ്യക്തിക്ക് വിശ്വാസവും ആത്മീയഗ്രഹണപ്രാപ്‌തിയും ആവശ്യമാണ്‌. എന്നാൽ യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാത്തവിധം അന്ധരല്ലാത്തതിൽ നാം എത്ര ധന്യരാണ്‌!

ദുഷ്ടമനുഷ്യർ ദോഷത്തിൽനിന്ന് ദോഷത്തിലേക്ക്

8-10. (എ) 2 തിമൊഥെയൊസ്‌ 3:1-5 ഇന്ന് എങ്ങനെ നിറവേറിയിരിക്കുന്നു? (ബി) ദുഷ്ടത അടിക്കടി വർധിച്ചുവരികയാണെന്ന് പറയാനാകുന്നത്‌ എന്തുകൊണ്ട്?

8 ദൈവരാജ്യം ഭൗമികകാര്യങ്ങളുടെ മേൽ സമ്പൂർണനിയന്ത്രണം ഏറ്റെടുക്കാൻ ഇനി തെല്ലും അമാന്തിക്കുകയില്ലെന്നു പറയാൻ രണ്ടാമതൊരു കാരണംകൂടിയുണ്ട്: ദുഷ്ടത പ്രവർത്തിച്ചുകൊണ്ട് മനുഷ്യരാശി ദോഷത്തിൽനിന്നു ദോഷത്തിലേക്ക് കൂപ്പുകുത്തുകയാണ്‌. 2 തിമൊഥെയൊസ്‌ 3:1-5 വരെ മുൻകൂട്ടിപ്പറഞ്ഞിരുന്ന സ്വഭാവസവിശേഷതകളും സ്ഥിതിവിശേഷങ്ങളും ഏകദേശം ഒരു നൂറ്റാണ്ടുകാലമായി ലോകരംഗത്ത്‌ പ്രത്യക്ഷരം നിവർത്തിച്ചിരിക്കുന്നു. എന്തിന്‌, മുന്നോട്ടു പോകുന്തോറും അത്തരം സ്വഭാവസവിശേഷതകൾ ഭൂമിയുടെ സകല ഭാഗങ്ങളിലേക്കും അതിശീഘ്രം വ്യാപിക്കുകയാണ്‌. നിങ്ങൾക്കും അത്‌ അനുഭവവേദ്യമാകുന്നില്ലേ? ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം.—2 തിമൊഥെയൊസ്‌ 3:1, 13 വായിക്കുക.

9 ഇന്ന് ജോലിസ്ഥലത്തും കായികരംഗത്തും വിനോദമേഖലയിലും ഫാഷൻവ്യവസായത്തിലും സ്വീകാര്യമായിത്തീർന്നിരിക്കുന്ന പലതും 1940-കളിലും 1950-കളിലും ആളുകളെ ഞെട്ടിച്ചിരുന്ന സംഗതികളാണ്‌. മനഃസാക്ഷി മരവിപ്പിക്കുന്ന അക്രമവും അധാർമികതയും ഇന്ന് സർവസാധാരണമാണ്‌. മറ്റാരെയുംകാൾ നിഷ്‌ഠുരമായും നിർലജ്ജമായും നിർദയമായും പെരുമാറുന്ന ഒരു പരിവേഷം സ്വയം സൃഷ്ടിച്ചെടുക്കാനായി ആളുകൾ ഇന്ന് മത്സരിക്കുന്നതുപോലെയുണ്ട്. അരനൂറ്റാണ്ടു മുമ്പ് കുടുംബം ഒന്നിച്ച് കാണാൻ അറച്ചിരുന്ന പരിപാടികളാണ്‌ ‘കുടുംബചിത്രങ്ങളും’ ടെലിവിഷൻ ഷോകളും ആയി ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്നത്‌. സ്വവർഗാനുരാഗികൾ വിനോദ-ഫാഷൻരംഗത്ത്‌ ശക്തമായ സ്വാധീനം ചെലുത്തുകയും തങ്ങളുടെ ജീവിശൈലി സാമാന്യജനത്തിന്മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതായി പലരും തിരിച്ചറിയുന്നു. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം ദൈവത്തിന്‍റെ വീക്ഷണം അറിയാവുന്നതിനാൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാനാകും!—യൂദാ 14, 15 വായിക്കുക.

 10 ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലും മറ്റും ചെറുപ്പക്കാരുടെ പക്ഷത്തെ മത്സരമായി മാതാപിതാക്കളും മറ്റുള്ളവരും കണ്ടിരുന്ന കാര്യങ്ങളും പതിറ്റാണ്ടുകൾക്കു ശേഷം ഇന്നത്തെ യുവതലമുറയുടെ പെരുമാറ്റരീതികളും തമ്മിൽ ഒന്ന് താരതമ്യം ചെയ്‌തുനോക്കുക. തന്‍റെ മക്കളെങ്ങാനും പുകവലിക്കാനോ കുടിക്കാനോ ‘കുഴഞ്ഞാടാനോ’ ഒക്കെ തുടങ്ങിയിട്ടുണ്ടോ എന്നായിരുന്നു അന്നത്തെ മാതാപിതാക്കളുടെ ആശങ്കയും ഭയവും. അത്‌ അസ്ഥാനത്തല്ലായിരുന്നുതാനും. ഇന്നാകട്ടെ, കാര്യങ്ങൾ അതിനെല്ലാം അപ്പുറം കൈവിട്ടുപോയിരിക്കുന്നു: 15 വയസ്സുള്ള ഒരു വിദ്യാർഥി സഹപാഠികളുടെ നേരെ നിറയൊഴിക്കുന്നു; രണ്ടു പേർ കൊല്ലപ്പെടുന്നു, 13 പേർക്ക് പരിക്ക്. കുടിച്ച് ലക്കുകെട്ട കുറെ പയ്യന്മാർ ഒൻപത്‌ വയസ്സുള്ള ഒരു പെൺകുട്ടിയെ അരുങ്കൊല ചെയ്യുന്നു; അവളുടെ അപ്പനെയും ബന്ധുവിനെയും മർദിച്ചവശരാക്കുന്നു. ഒരു ഏഷ്യൻ രാജ്യത്ത്‌ കഴിഞ്ഞ പത്തു വർഷത്തെ കുറ്റകൃത്യങ്ങളിൽ പകുതിയും ചെയ്‌തത്‌ യുവജനങ്ങളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാര്യങ്ങൾ അങ്ങേയറ്റം അധഃപതിച്ചിരിക്കുന്നു എന്ന വസ്‌തുത ആർക്കാണ്‌ നിഷേധിക്കാനാകുക?

11. സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അനേകം ആളുകൾ തിരിച്ചറിയാത്തത്‌ എന്തുകൊണ്ട്?

11 അപ്പൊസ്‌തലനായ പത്രോസ്‌ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെയാണ്‌ ഇന്ന് അനേകരുടെയും മനോഭാവം: ‘അന്ത്യകാലത്ത്‌, സ്വന്തം മോഹങ്ങൾ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാത്തോടെ വരുമെന്ന് ആദ്യംതന്നെ അറിഞ്ഞുകൊള്ളുവിൻ. “തന്‍റെ ആഗമനത്തെക്കുറിച്ച് അവൻ വാഗ്‌ദാനം ചെയ്‌തിട്ടെന്ത്? നമ്മുടെ പിതാക്കന്മാരുടെ കാലംമുതലേ സകലതും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നുവല്ലോ” എന്ന് അവർ പറയും.’ (2 പത്രോ. 3:3, 4) എന്തുകൊണ്ടായിരിക്കാം ആളുകൾ ഇത്തരത്തിൽ പ്രതികരിക്കുന്നത്‌? ഏതൊരു സാഹചര്യവും പഴകിപ്പതിയുന്തോറും ആളുകൾക്ക് അതിലുള്ള ഗൗരവം നഷ്ടപ്പെടുന്നു. ഒരു അടുത്ത സുഹൃത്തിന്‍റെ പെരുമാറ്റത്തിലെ പെട്ടെന്നുള്ള ഒരു അപ്രതീക്ഷിത മാറ്റം നമ്മെ ഞെട്ടിപ്പിച്ചേക്കാം. എന്നാൽ സമൂഹത്തിന്‍റെ ധാർമികത അനുക്രമം അധഃപതിക്കുന്നത്‌ ആരിലും അത്രതന്നെ ഞെട്ടൽ ഉളവാക്കണമെന്നില്ല. എന്നാൽ അതുകൊണ്ടുമാത്രം സാഹചര്യം അപകടരഹിതമായിത്തീരുന്നില്ല.

12, 13. (എ) ലോകസംഭവവികാസങ്ങൾ നിമിത്തം നാം നിരുത്സാഹിതരാകേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്? (ബി) “ദുഷ്‌കരമായ” സാഹചര്യങ്ങളെ തരണംചെയ്യാൻ എന്തു തിരിച്ചറിയുന്നത്‌ നമ്മെ സഹായിക്കും?

12 “അന്ത്യകാലത്ത്‌” സാഹചര്യങ്ങൾ “വിശേഷാൽ ദുഷ്‌കരമാ”യിരിക്കുമെന്ന് അപ്പൊസ്‌തലനായ പൗലോസ്‌ മുന്നറിയിപ്പ് നൽകി. (2 തിമൊ. 3:1) സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക ദുഷ്‌കരമാണെങ്കിലും അസാധ്യമായിരിക്കുമെന്ന് അവൻ പറഞ്ഞില്ല. അതുകൊണ്ടുതന്നെ യാഥാർഥ്യത്തിൽനിന്ന് നാം ഒളിച്ചോടേണ്ടതില്ല. എന്തെല്ലാം ഭയജനകമായ സാഹചര്യങ്ങളും പ്രാതികൂല്യങ്ങളും നേരിടേണ്ടിവന്നാലും യഹോവയുടെയും അവന്‍റെ ആത്മാവിന്‍റെയും ക്രിസ്‌തീയസഭയുടെയും സഹായത്തോടെ നമുക്ക് അതെല്ലാം വിജയകരമായി തരണംചെയ്യാൻ കഴിയും. നമുക്ക് നിശ്ചയമായും വിശ്വസ്‌തരായി നിലകൊള്ളാനാകും. എന്തുകൊണ്ടെന്നാൽ സ്വന്തശക്തിയല്ല, ദൈവത്തിൽനിന്നുള്ള “അസാമാന്യശക്തി”യാണ്‌ നമ്മെ പുലർത്തുന്നത്‌.—2 കൊരി. 4:7-10.

13 അന്ത്യകാലത്തെക്കുറിച്ചുള്ള തന്‍റെ പ്രവചനം പൗലോസ്‌ ആരംഭിക്കുന്നതുതന്നെ “എന്നറിഞ്ഞുകൊള്ളുക” എന്നു പറഞ്ഞുകൊണ്ടാണ്‌. തുടർന്ന് പറഞ്ഞ കാര്യങ്ങൾ നിശ്ചയമായും സംഭവിക്കും എന്നതിന്‍റെ ഒരു ഉറപ്പാണ്‌ ആ പദപ്രയോഗം. അധഃപതിച്ച മനുഷ്യസമൂഹം യഹോവ ഇടപെടുന്ന ഘട്ടംവരെ ദോഷത്തിൽനിന്ന് ദോഷത്തിലേക്ക് മുതിർന്നുവരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കടുത്ത ധാർമിക അപചയത്തിന്‍റെ ഫലമായി ചരിത്രത്തിൽ അങ്ങിങ്ങായി ചില ജനതകളും സമൂഹങ്ങളും മൺമറഞ്ഞുപോയിട്ടുള്ളതായി ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും, മാനവജാതി ഒന്നാകെ ഇന്നത്തെ അളവോളം സദാചാരജീർണതയ്‌ക്ക് അടിപ്പെട്ട ഒരു കാലഘട്ടം ചരിത്രത്തിന്‍റെ നാൾവഴികളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഇവയുടെയെല്ലാം അന്തരാർഥത്തിനു നേരെ അനേകരും കണ്ണടച്ചേക്കാം. എന്നിരുന്നാലും, ദൈവരാജ്യം പെട്ടെന്നുതന്നെ നിർണായകമായ നടപടി സ്വീകരിക്കുമെന്ന് നമുക്ക് പൂർണമായും വിശ്വസിക്കാം എന്നാണ്‌ 1914 മുതൽ സംജാതമായിട്ടുള്ള സമാനതകളില്ലാത്ത ഈ ആഗോളസ്ഥിതിവിശേഷം സൂചിപ്പിക്കുന്നത്‌.

ഈ തലമുറ നീങ്ങിപ്പോകുകയില്ല

14-16. ദൈവരാജ്യം എത്രയും വേഗം ‘വരും’ എന്നു വിശ്വസിക്കാനുള്ള മൂന്നാമത്തെ കാരണം എന്താണ്‌?

14 അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്ന് ഉറപ്പുണ്ടായിരിക്കുന്നതിന്‌ ദൈവജനത്തിന്‍റെ ആധുനികകാലചരിത്രം മൂന്നാതൊരു കാരണംകൂടി നൽകുന്നു. ഉദാഹരണത്തിന്‌, ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമാകുന്നതിനു മുമ്പ് അഭിഷിക്തക്രിസ്‌ത്യാനികളുടെ ഒരു കൂട്ടം ദൈവത്തെ തീക്ഷ്ണതയോടെ സേവിച്ചിരുന്നു. 1914-ൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ചുള്ള അവരുടെ ചില കണക്കുകൂട്ടലുകൾ നിറവേറാതെ വന്നപ്പോൾ അവർ എന്താണ്‌ ചെയ്‌തത്‌? അവരിൽ ഭൂരിഭാഗവും പരിശോധനകൾക്കും പീഡനത്തിനും  മധ്യേ നിർമലത പാലിച്ചുകൊണ്ട് യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടർന്നു. ആ അഭിഷിക്തരിൽ മിക്കവാറും എല്ലാവരുംതന്നെ കഴിഞ്ഞ അനേകവർഷങ്ങൾകൊണ്ട് തങ്ങളുടെ ഭൗമികജീവിതം വിശ്വസ്‌തതയോടെ പൂർത്തിയാക്കിയിരിക്കുന്നു.

15 വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചുള്ള തന്‍റെ വിശദമായ പ്രവചനത്തിൽ, “ഇവയെല്ലാം സംഭവിക്കുവോളം ഈ തലമുറ ഒരുപ്രകാരത്തിലും നീങ്ങിപ്പോകുകയില്ല” എന്ന് യേശു പറഞ്ഞു. (മത്തായി 24:33-35 വായിക്കുക.) യേശു പറഞ്ഞ “ഈ തലമുറ”യിൽ അഭിഷിക്തക്രിസ്‌ത്യാനികളുടെ രണ്ട് കൂട്ടങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് നാം മനസ്സിലാക്കുന്നു. 1914-ൽ ജീവിച്ചിരുന്നവരാണ്‌ ആദ്യഗണം. ക്രിസ്‌തുവിന്‍റെ സാന്നിധ്യത്തിന്‍റെ അടയാളം ആ വർഷം അവർ എളുപ്പത്തിൽ തിരിച്ചറിയുകയും ചെയ്‌തു. ഈ ഗണത്തിൽപ്പെടുന്നവർ 1914-ൽ ജീവിച്ചിരുന്നവരായിരുന്നു എന്നു മാത്രമല്ല, ആ വർഷമോ അതിനു മുമ്പോ ദൈവപുത്രന്മാർ എന്ന നിലയിൽ ആത്മാഭിഷിക്തരായിത്തീർന്നവരും ആയിരുന്നു.—റോമ. 8:14-17.

16 “ഈ തലമുറ”യിൽ ഉൾപ്പെടുന്ന രണ്ടാമത്തെ ഗണം ഒന്നാമത്തെ ഗണത്തിന്‍റെ സമകാലികരായ അഭിഷിക്തരാണ്‌. ഒന്നാമത്തെ ഗണത്തിലുള്ളവർ ജീവിച്ചിരുന്ന കുറെ നാളുകളെങ്കിലും അവരും കേവലം ജീവിച്ചിരുന്നു എന്നല്ല അതിനർഥം. പകരം, ഒന്നാമത്തെ ഗണത്തിലുള്ളവർ ഭൂമിയിൽ ഉണ്ടായിരിക്കെത്തന്നെ ആത്മാഭിഷേകം പ്രാപിച്ച വ്യക്തികളാണ്‌ അവർ. അതുകൊണ്ട്, ഇന്നുള്ള എല്ലാ അഭിഷിക്തരും യേശു പറഞ്ഞ “ഈ തലമുറ”യിൽ ഉൾപ്പെടുന്നില്ല. ഇന്ന് ഈ രണ്ടാം ഗണത്തിൽപ്പെടുന്ന വ്യക്തികൾക്കുതന്നെ പ്രായമേറിവരികയാണ്‌. എന്നിരുന്നാലും മത്തായി 24:34-ലെ യേശുവിന്‍റെ വാക്കുകൾ, “ഈ തലമുറ”യിലെ ചിലരെങ്കിലും മഹാകഷ്ടത്തിന്‍റെ ആരംഭം കാണുന്നതിനു മുമ്പ് “ഒരുപ്രകാരത്തിലും നീങ്ങിപ്പോകുകയില്ല” എന്നു നമുക്ക് ഉറപ്പുനൽകുന്നു. ദുഷ്ടന്മാരെ നശിപ്പിക്കാനും പുതിയ ഭൂമി ആനയിക്കാനും ദൈവരാജ്യത്തിന്‍റെ രാജാവ്‌ നടപടി സ്വീകരിക്കുംമുമ്പ്, ഇനി നമ്മുടെ മുന്നിൽ അവശേഷിച്ചിരിക്കുന്ന സമയം വളരെ കുറവാണെന്ന് ഈ വസ്‌തുത അസന്ദിഗ്‌ധമായി തെളിയിക്കുന്നു.—2 പത്രോ. 3:13.

ക്രിസ്‌തു ഉടൻതന്നെ സമ്പൂർണജയം നേടും

17. നാം പരിചിന്തിച്ച ഈ മൂന്നു തെളിവുകളും കൂട്ടിവായിക്കുമ്പോൾ നാം എന്തു നിഗമനത്തിൽ എത്തിച്ചേരുന്നു?

17 നാം പരിചിന്തിച്ച ഈടുറ്റ ഈ മൂന്നു തെളിവുകളിൽനിന്ന് നമുക്ക് എന്ത് നിഗമനത്തിലെത്താൻ സാധിക്കും? അന്ത്യത്തിന്‍റെ നാളും നാഴികയും നമുക്ക് കൃത്യമായി അറിയാൻ കഴിയുകയില്ല എന്ന് യേശു വ്യക്തമായി പറയുകയുണ്ടായി. അതുകൊണ്ടുതന്നെ അത്‌ കണക്കുകൂട്ടിയെടുക്കാൻ നാം തുനിയുന്നുമില്ല. (മത്താ. 24:36; 25:13) എന്നിരുന്നാലും, പൗലോസ്‌ സൂചിപ്പിച്ചതുപോലെ ആ “കാലം” ഏതാണെന്ന് തിരിച്ചറിയാൻ നമുക്കു സാധിക്കും, നാം അത്‌ തിരിച്ചറിയുന്നുമുണ്ട്. (റോമർ 13:11 വായിക്കുക.) അതെ, അന്ത്യനാളുകളുടെ ആ നിർണായകകാലത്താണ്‌ നാം ഇന്ന് ജീവിക്കുന്നത്‌. യഹോവയാം ദൈവവും യേശുക്രിസ്‌തുവും ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കും ബൈബിൾപ്രവചനങ്ങൾക്കും തികഞ്ഞ ശ്രദ്ധ നൽകുന്ന ഏതൊരാൾക്കും, ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോട്‌ നാം ഏറ്റവും അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിന്‍റെ അനിഷേധ്യമായ തെളിവുകൾ പകൽപോലെ വ്യക്തമാണ്‌.

18. ദൈവരാജ്യത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്നവരെ എന്തു കാത്തിരിക്കുന്നു?

18 വെള്ളക്കുതിരപ്പുറത്ത്‌ സഞ്ചരിക്കുന്ന ജയശാലിയായ യേശുക്രിസ്‌തുവിന്‌ ലഭിച്ചിരിക്കുന്ന അതിമഹത്തായ അധികാരം തിരിച്ചറിയാൻ വിസമ്മതിക്കുന്നവർ തങ്ങളുടെ ആ വലിയ പിഴവ്‌ അംഗീകരിക്കാൻ പെട്ടെന്നുതന്നെ നിർബന്ധിതരാകും. അവർക്ക് രക്ഷപെടാനാവില്ല. ആ സമയത്ത്‌, “ആർക്കു നിൽക്കാൻ കഴിയും?” എന്ന് സംഭ്രാന്തരായി അനേകർ നിലവിളിക്കും. (വെളി. 6:15-17) എന്നുവരികിലും, വെളിപാടിലെ അടുത്ത അധ്യായംതന്നെ ഇതിന്‌ ഉത്തരം നൽകുന്നുണ്ട്. അഭിഷിക്തരും ഭൗമികപ്രത്യാശയുള്ളവരും ദൈവാംഗീകാരം ആസ്വദിച്ചുകൊണ്ട് ആ നാളിൽ നിശ്ചയമായും നിവർന്നു‘നിൽക്കും.’ തുടർന്ന് ആ വേറെ ആടുകളിൽപ്പെട്ട “ഒരു മഹാപുരുഷാരം” മഹാകഷ്ടത്തെ അതിജീവിക്കും.—വെളി. 7:9, 13-15.

19. അന്ത്യനാളുകൾ പെട്ടെന്നുതന്നെ അവസാനിക്കുമെന്നതിന്‍റെ തെളിവുകൾ തിരിച്ചറിയുകയും അംഗീകരിക്കുകയും അതിനു ചേർച്ചയിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നവരെന്ന നിലയിൽ നിങ്ങൾ എന്താണ്‌ നോക്കിപ്പാർത്തിരിക്കുന്നത്‌?

19 ആവേശഭരിതമായ ഈ നാളുകളിൽ ഒന്നൊന്നായി ചുരുൾനിവരുന്ന ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയിൽ നാം മനസ്സും ഹൃദയവും അർപ്പിക്കുന്നുവെങ്കിൽ സാത്താന്‍റെ ലോകത്തിന്‍റെ ശബ്ദകോലാഹലങ്ങളിൽപ്പെട്ട് നമ്മുടെ ശ്രദ്ധ പതറുകയില്ല. ലോകസംഭവങ്ങളുടെ അന്തരാർഥം നമ്മുടെ കണ്ണിന്‌ മറവായിരിക്കുകയുമില്ല. അഭക്തമനുഷ്യസമൂഹത്തിന്‌ എതിരെയുള്ള അന്തിമയുദ്ധത്തിൽ നീതിയോടെ പൊരുതിക്കൊണ്ട് യേശുക്രിസ്‌തു പെട്ടെന്നുതന്നെ തന്‍റെ ജൈത്രയാത്ര പൂർത്തിയാക്കും. (വെളി. 19:11, 19-21) അതേത്തുടർന്ന്, ദൈവവചനം ഉറപ്പുനൽകുന്ന ധന്യവും ഭാസുരവും ആയ ജീവിതത്തിലേക്ക് നാം നടന്നുകയറുന്നത്‌ ഒന്നു ഭാവനയിൽ കാണുക!—വെളി. 20:1-3, 6; 21:3, 4.