വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജനുവരി 

നിത്യതയുടെ രാജാ​വായ യഹോ​വയെ ആരാധി​പ്പിൻ!

നിത്യതയുടെ രാജാ​വായ യഹോ​വയെ ആരാധി​പ്പിൻ!

‘നിത്യ​രാജാ​വിന്‌ എന്നു​മെ​ന്നേക്കും ബഹുമാ​നവും മഹത്ത്വ​വും.’—1 തിമൊ. 1:17.

1, 2. (എ) ആരാണ്‌ ‘നിത്യ​രാ​ജാവ്‌,’ ഈ വി​ശേഷണം സമുചി​തമായി​രിക്കു​ന്നത്‌ എന്തു​കൊണ്ട്? (ലേഖനാ​രംഭ​ത്തിലെ ചിത്രം കാണുക.) (ബി) യഹോവയുടെ രാജത്വത്തിന്‍റെ ഏത്‌ സവി​ശേഷത​യാണ്‌ നമ്മെ അവ​നോട്‌ അടു​പ്പിക്കു​ന്നത്‌?

സ്വാസിലാൻഡിലെ സോബൂസ രണ്ടാമൻ രാജാവ്‌ 61 വർഷ​ത്തോളം നാടു​വാണു. ആധുനി​കനാ​ളിൽ മറ്റൊരു ഏകാധി​പതി​യും ഇത്ര ദീർഘ​കാലം രാജാ​വായി​രുന്നി​ട്ടില്ല. സോബൂസ രാജാവിന്‍റെ വാഴ്‌ച​യുടെ ദൈർഘ്യം വളരെ ശ്രദ്ധേ​യമാ​ണെങ്കി​ലും, ക്ഷണഭം​ഗു​രമായ മനുഷ്യായുസ്സിന്‍റെ പരി​മിതി​യി​ല്ലാതെ ഭരണം നടത്തുന്ന ഒരു രാജാ​വുണ്ട്. ബൈബിൾ അവനെ ‘നിത്യ​രാ​ജാവ്‌’ അഥവാ നിത്യത​യുടെ രാജാവ്‌ എന്നാണ്‌ വിളിക്കു​ന്നത്‌. (1 തിമൊ. 1:17) “യഹോവ എന്നെ​ന്നേക്കും രാജാ​വാ​കുന്നു” എന്ന് ഘോഷി​ച്ചു​കൊണ്ട് ഒരു സങ്കീർത്തന​ക്കാരൻ ആ പരമാ​ധികാ​രി​യുടെ പേര്‌ വെളി​പ്പെ​ടുത്തി.—സങ്കീ. 10:16.

2 ദൈവഭരണത്തിന്‍റെ ദൈർഘ്യം അവന്‍റെ വാഴ്‌ചയെ മനുഷ്യ​രുടേ​തിൽനിന്ന് വ്യതി​രി​ക്തമാ​ക്കുന്നു. എന്നി​രുന്നാ​ലും, യഹോവ ഭരണം നടത്തുന്ന വിധ​മാണ്‌ നമ്മെ അവനി​ലേക്ക് അടു​പ്പിക്കു​ന്നത്‌. പുരാതന ഇസ്രാ​യേലിൽ 40 വർഷം ഭരിച്ച ഒരു രാജാവ്‌ ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട് ഇങ്ങനെ പറഞ്ഞു: “യഹോവ കരു​ണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷ​മയും മഹാദ​യയും ഉള്ളവൻ തന്നേ. . . . യഹോവ തന്‍റെ സിംഹാ​സനത്തെ സ്വർഗ്ഗത്തിൽ സ്ഥാപി​ച്ചിരി​ക്കുന്നു; അവന്‍റെ രാജത്വം സകല​ത്തെയും ഭരി​ക്കുന്നു.” (സങ്കീ. 103:8, 19) യഹോവ നമ്മുടെ രാജാവ്‌ മാത്രമല്ല, അവൻ നമ്മുടെ പിതാ​വു​മാണ്‌—നമ്മുടെ സ്‌നേഹവാ​നായ സ്വർഗീ​യപി​താവ്‌. ഇവിടെ രണ്ട് ചോ​ദ്യങ്ങൾ ഉദി​ക്കുന്നു: ഏത്‌ വിധത്തി​ലാണ്‌ യഹോവ ഒരു പിതാവാ​യിരു​ന്നിട്ടു​ള്ളത്‌? ഏദെ​നിലെ മത്സരം​മുതൽ യഹോവ എങ്ങനെ​യാണ്‌ തന്‍റെ രാജത്വം പ്രയോ​ഗി​ച്ചിട്ടു​ള്ളത്‌? ഈ ചോ​ദ്യങ്ങ​ളുടെ ഉത്തരം, യഹോ​വ​യോട്‌ കൂടുതൽ അടുക്കാ​നും മുഴുഹൃദയത്തോടെ അവനെ ആരാ​ധിക്കാ​നും നമ്മെ പ്ര​ചോദി​തരാ​ക്കും.

 നിത്യതയുടെ രാജാവ്‌ ഒരു സാർവത്രി​കകുടും​ബം ഉളവാക്കുന്നു

3. യഹോവ​യുടെ സാർവ​ത്രികകു​ടുംബ​ത്തിലെ ആദ്യത്തെ അംഗം ആരായി​രുന്നു, ‘ദൈവ​പു​ത്രന്മാർ’ എന്ന നിലയിൽ വേറെ ആരെല്ലാം സൃഷ്ടിക്കപ്പെട്ടു?

3 തന്‍റെ ഏകജാ​തനായ പുത്രനെ സൃഷ്ടിച്ചപ്പോൾ യഹോവ​യ്‌ക്ക് എത്രയ​ധികം സന്തോഷം തോന്നി​യി​ട്ടുണ്ടാ​കണം! ഒരു സാമാ​ന്യ​പ്രജ​യോട്‌ എന്നതു​പോ​ലെയല്ല ദൈവം തന്‍റെ ആദ്യജാ​ത​നോട്‌ ഇട​പെട്ടത്‌. പകരം, യഹോവ അവനെ ഒരു പു​ത്രനെ​ന്നനി​ലയിൽ സ്‌നേ​ഹിക്കു​കയും തന്‍റെ കുടും​ബ​ത്തിലെ പൂർണ​തയുള്ള മറ്റ്‌ അംഗങ്ങളെ സൃഷ്ടിക്കുന്നതിന്‍റെ ആനന്ദം തന്നോ​ടൊപ്പം പങ്കിടാൻ അവനെ ക്ഷണിക്കു​കയും ചെയ്‌തു. (കൊലോ. 1:15-17) അവരിൽ എണ്ണമറ്റ ദൂതന്മാർ ഉൾപ്പെട്ടി​രുന്നു. “അവന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂ​ഷക്കാ​രായി” വർണി​ച്ചിരി​ക്കുന്ന ദൂതന്മാർ ദൈവത്തെ സന്തോ​ഷ​ത്തോടെ സേവി​ക്കുന്നു. ‘ദൈവ​പു​ത്രന്മാർ’ എന്ന് അഭി​സം​ബോധന ചെയ്‌തു​കൊണ്ട് അവൻ അവരെ മാനി​ക്കുന്നു. യഹോവ​യുടെ സാർവത്രികകുടുംബത്തിന്‍റെ ഭാഗ​മാണ്‌ അവർ.—സങ്കീ. 103:20-22; ഇയ്യോ. 38:6.

4. ദൈവത്തിന്‍റെ സാർവ​ത്രികകു​ടും​ബത്തിൽ മനുഷ്യ​രും അംഗങ്ങ​ളായി​ത്തീർന്നത്‌ എങ്ങനെ?

4 ആകാ​ശവും ഭൂമി​യും സൃഷ്ടിച്ചശേഷം യഹോവ തന്‍റെ സാർവ​ത്രികകു​ടും​ബത്തെ വിപുല​മാക്കി. സ്വയം നിലനിർത്താൻ പര്യാ​പ്‌തമായ വിധത്തിൽ യഹോവ ഭൂമിയെ അതി​മനോ​ഹര​മായി ഒരുക്കി. തുടർന്ന് ഭൗമികസൃഷ്ടിക്രിയയ്‌ക്ക് മകുടം ചാർത്തി​ക്കൊണ്ട്, തന്‍റെ സ്വരൂ​പത്തിൽ അവൻ ആദ്യമ​നുഷ്യ​നായ ആദാ​മിനെ സൃഷ്ടിച്ചു. (ഉല്‌പ. 1:26-28) സ്രഷ്ടാവ്‌ എന്ന നിലയിൽ യഹോവ​യ്‌ക്ക് ആദാ​മിൽനിന്ന് ഉചിതമാ​യും അനു​സരണം പ്രതീക്ഷി​ക്കാമാ​യി​രുന്നു. പിതാവ്‌ എന്ന നിലയിൽ, തന്‍റെ എല്ലാ മാർഗ​നിർദേശ​ങ്ങളും അവൻ നൽകി​യത്‌ സ്‌നേ​ഹത്തോ​ടും ദയയോ​ടും കൂടെ ആയി​രുന്നു. ആ കല്‌പനകൾ യാ​തൊരു വിധത്തി​ലും മനുഷ്യന്‍റെ സ്വാത​ന്ത്ര്യ​ത്തിന്‌ കൂച്ചുവി​ലങ്ങി​ടുന്നതാ​യിരു​ന്നില്ല.—ഉല്‌പത്തി 2:15-17 വായിക്കുക.

5. തന്‍റെ മനുഷ്യ​മക്ക​ളെ​ക്കൊണ്ട് ഭൂമി നിറയ്‌ക്കാൻ ദൈവം എന്ത് ക്രമീ​കരണം ചെയ്‌തു?

5 മനുഷ്യ​രായ ഏകാധി​പതിക​ളിൽനിന്ന് വ്യത്യ​സ്‌ത​നായി യഹോവ തന്‍റെ പ്രജകളെ സ്വന്തം കുടും​ബ​ത്തിലെ വിശ്വ​സ്‌തരായ അംഗങ്ങ​ളായി വീക്ഷി​ക്കു​കയും അവർക്ക് ഉത്തരവാ​ദി​ത്വങ്ങൾ പങ്കിട്ട് നൽകു​കയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്‌, ഇതര സൃഷ്ടികളുടെമേൽ അവൻ ആദാ​മിന്‌ അധി​കാരം നൽകി. മൃഗങ്ങൾക്ക് പേരിടാ​നുള്ള വെല്ലു​വിളി നിറ​ഞ്ഞതും എന്നാൽ സംതൃപ്‌തിദായകവും ആയ നിയമ​നവും ആദാ​മിന്‌ കൊ​ടുത്തു. (ഉല്‌പ. 1:26; 2:19, 20) ഭൂമി​യിൽ നിവസി​ക്കുന്ന​തിന്‌ പൂർണ​തയുള്ള ദശല​ക്ഷക്കണ​ക്കിന്‌ മനു​ഷ്യരെ ഓരോ​രു​ത്തരെ​യായി ദൈവം സൃഷ്ടിച്ചില്ല. പകരം, ആദാമി​നു​വേണ്ടി പൂർണ​തയുള്ള ഒരു പൂരകത്തെ—ഹവ്വാ എന്ന സ്‌ത്രീയെ—സൃഷ്ടിക്കാൻ യഹോവ തീരു​മാ​നിച്ചു. (ഉല്‌പ. 2:21, 22) തുടർന്ന്, അവരുടെ സന്തതി​കളെ​ക്കൊണ്ട് ഭൂമി നിറ​യ്‌ക്കാ​നുള്ള അവസരം അവൻ ആ ദമ്പതി​കൾക്ക് നൽകി. സമാ​ധാന​പൂർണമായ സാഹ​ചര്യ​ങ്ങൾക്കു കീഴിൽ പറുദീ​സയെ മുഴു​ഭൂമി​യി​ലേക്കും ക്രമാ​നുഗത​മായി വ്യാ​പിപ്പി​ക്കാൻ മനുഷ്യർക്ക് സാധി​ക്കുമാ​യി​രുന്നു. യഹോവ​യുടെ സാർവത്രികകുടുംബത്തിന്‍റെ ഭാഗ​മെന്നനി​ലയിൽ, സ്വർഗീ​യദൂത​ന്മാ​രോട്‌ ചേർന്ന് അവർക്ക് യഹോ​വയെ നിത്യം ആരാധി​ക്കാനാകു​മായി​രുന്നു. എത്ര അത്ഭു​താവ​ഹമായ പ്രത്യാശ! യഹോവ​യുടെ പിതൃനിർവിശേഷ സ്‌നേഹത്തിന്‍റെ എത്ര ഉദാ​ത്തമായ പ്രകടനം!

മത്സരികളായ പു​ത്രന്മാർ ദൈവത്തിന്‍റെ രാജത്വം തിരസ്‌കരിക്കുന്നു

6. (എ) ദൈവത്തിന്‍റെ കുടും​ബത്തിൽ മത്സരം ആരംഭി​ച്ചത്‌ എങ്ങനെ? (ബി) മത്സരം ഉണ്ടായി എന്നത്‌ സകലത്തിന്‍റെയും മേൽ ദൈവ​ത്തിന്‌ നിയ​ന്ത്രണം നഷ്ടപ്പെട്ടു എന്ന് അർഥമാ​ക്കു​ന്നില്ലാ​ത്തത്‌ എന്തു​കൊണ്ട്?

6 സങ്കടകര​മെന്നു പറയട്ടെ, യഹോവ തങ്ങളുടെ പരമാധി​കാരി​യായി​രിക്കു​ന്നതിൽ ആദാമും ഹവ്വായും സംതൃപ്‌തരായിരുന്നില്ല. പകരം സാത്താനെ—ദൈവത്തിന്‍റെ മത്സരി​യായ ഒരു ആത്മപു​ത്രനെ—അനുഗമി​ക്കാൻ അവർ തീരു​മാ​നിച്ചു. (ഉല്‌പ. 3:1-6) ദൈവ​ഭരണ​ത്തിൽനിന്ന് അകന്ന ജീവിതം അവർക്കും അവരുടെ സന്തതികൾക്കും വേദ​നയും കഷ്ടപ്പാ​ടും മരണവും വരുത്തി​വെച്ചു. (ഉല്‌പ. 3:16-19; റോമ. 5:12) ദൈവ​ത്തിന്‌ ഭൂമി​യിൽ അനുസര​ണമുള്ള പ്രജകൾ ഇല്ലാതാ​യിത്തീർന്നു. അതിന്‍റെ അർഥം സകലത്തിന്‍റെയും മേലുള്ള നിയ​ന്ത്രണം നഷ്ടപ്പെട്ട് ഭൂമി​യു​ടെയും അതിലെ നിവാ​സിക​ളു​ടെയും മേലുള്ള തന്‍റെ പരമാ​ധി​കാരം അവൻ വിട്ടൊ​ഴിഞ്ഞു എന്നാണോ? ഒരിക്ക​ലുമല്ല! മനു​ഷ്യ​നെയും അവന്‍റെ ഭാര്യ​യെയും തോട്ട​ത്തിൽനിന്ന് പുറത്താ​ക്കി​ക്കൊണ്ട് യഹോവ തന്‍റെ അധി​കാരം പ്രയോ​ഗിച്ചു. അവർ തിരികെ പ്ര​വേശിക്കാ​തിരി​ക്കാൻ ഏദെൻ തോട്ടത്തിന്‍റെ കവാട​ത്തിങ്കൽ അവൻ കെരൂബു​കളെ കാവൽനിറു​ത്തു​കയും ചെയ്‌തു. (ഉല്‌പ. 3:23, 24) അതേ​സമയം, അനുസര​ണമുള്ള ആത്മപു​ത്രന്മാ​രും മാനു​ഷപു​ത്രന്മാ​രും അടങ്ങിയ ഒരു സാർവത്രി​കകുടും​ബം ഉളവാ​ക്കുക എന്ന തന്‍റെ ഉദ്ദേശ്യം നിറ​വേറു​മെന്ന് ഉറപ്പു നൽകി​ക്കൊണ്ട് ദൈവം തന്‍റെ പിതൃതുല്യസ്‌നേഹം പ്രകട​മാക്കു​കയും ചെയ്‌തു. ആദാമ്യപാപത്തിന്‍റെ ഫലങ്ങൾ ഇല്ലാതാ​ക്കു​കയും സാത്താനെ കഥാ​വശേഷ​നാക്കു​കയും ചെയ്യു​മായി​രുന്ന ഒരു “സന്തതി”യെ അവൻ വാഗ്‌ദാനം ചെയ്‌തു.—ഉല്‌പത്തി 3:15 വായിക്കുക.

7, 8. (എ) നോഹ​യുടെ കാലമാ​യ​പ്പോ​ഴേക്കും സാഹച​ര്യങ്ങൾ എത്ര​ത്തോളം വഷളാ​യിത്തീർന്നി​രുന്നു? (ബി) ഭൂമിയെ ശുദ്ധീക​രിച്ച് മാനവ​കുടും​ബത്തെ സംരക്ഷി​ക്കാൻ യഹോവ എന്ത് ക്രമീക​രണങ്ങൾ ചെയ്‌തു?

 7 പിന്നീ​ടുള്ള നൂറ്റാ​ണ്ടു​കളിൽ ചില മനുഷ്യർ യഹോ​വ​യോട്‌ വിശ്വ​സ്‌ത​രായി​രുന്നു. ഹാ​ബേലും ഹാനോ​ക്കും അവരിൽപ്പെ​ടുന്നു. എന്നി​രുന്നാ​ലും, മനുഷ്യ​രിൽ ബഹുഭൂ​രിപ​ക്ഷവും യഹോ​വയെ തങ്ങളുടെ പിതാ​വും രാജാ​വും ആയി അംഗീ​കരി​ക്കാൻ കൂട്ടാക്കി​യില്ല. നോഹ​യുടെ കാലമാ​യ​പ്പോ​ഴേക്കും ഭൂമി “അതി​ക്രമം​കൊണ്ടു നിറഞ്ഞി​രുന്നു.” (ഉല്‌പ. 6:11) ഇതിന്‍റെ അർഥം യഹോവ​യ്‌ക്ക് ഭൗമിക​കാര്യാ​ദികളു​ടെമേൽ നിയ​ന്ത്രണം നഷ്ട​പ്പെട്ടി​രുന്നു എന്നാണോ? ചരി​ത്രരേഖ എന്താണ്‌ വെളി​പ്പെ​ടുത്തു​ന്നത്‌?

8 നോഹ​യുടെ ചരിത്രം പരി​ചിന്തി​ക്കുക. നോഹ​യെയും അവന്‍റെ കുടും​ബ​ത്തെയും സംരക്ഷി​ക്കു​മായി​രുന്ന ബൃഹത്തായ ഒരു പെട്ടകം നിർമി​ക്കാൻ വിശ​ദമായ രൂപരേ​ഖയും നിർദേശ​ങ്ങളും യഹോവ അവന്‌ നൽകി. നോഹയെ ഒരു “നീതി​പ്ര​സംഗി” ആയി നിയമി​ച്ചു​കൊണ്ട് മുഴുമാ​നവകു​ടുംബ​ത്തോടും ദൈവം വലിയ സ്‌നേഹം കാണി​ക്കു​കയും ചെയ്‌തു. (2 പത്രോ. 2:5) നോഹ​യുടെ സന്ദേ​ശത്തിൽ, അനുത​പിക്കാ​നുള്ള ആഹ്വാ​നവും ആസന്നമായ നാശ​ത്തെക്കുറി​ച്ചുള്ള മുന്ന​റിയി​പ്പു​കളും അടങ്ങി​യി​രുന്നു എന്നതിന്‌ സംശ​യമില്ല. പക്ഷേ അത്‌ ബധിര​കർണ​ങ്ങളി​ലാണ്‌ പതിച്ചത്‌. അക്ര​മാസ​ക്തവും അങ്ങേയറ്റം അസാന്മാർഗി​കവും ആയ ഒരു ലോ​കത്തി​ലാണ്‌ നോ​ഹയും അവന്‍റെ കുടും​ബവും പതി​റ്റാണ്ടു​ക​ളോളം ജീവി​ച്ചത്‌. കരു​തലുള്ള ഒരു പിതാവ്‌ എന്ന നിലയിൽ യഹോവ ആ എട്ട് വിശ്വ​സ്‌ത​മനു​ഷ്യരെ സംരക്ഷി​ക്കു​കയും അനു​ഗ്രഹി​ക്കു​കയും ചെയ്‌തു. ഒരു ആഗോ​ള​പ്രളയം വരു​ത്തി​ക്കൊണ്ട്, മത്സരി​കളായ മനുഷ്യ​രു​ടെയും ദുഷ്ട​ദൂതന്മാ​രു​ടെയും മേൽ യഹോവ തന്‍റെ പരമാ​ധി​കാരം പ്രയോ​ഗിച്ചു. അതെ, കാര്യങ്ങൾ യഹോവ​യുടെ പൂർണനി​യന്ത്ര​ണത്തിൽത്തന്നെ ആയി​രുന്നു.—ഉല്‌പ. 7:17-24.

യഹോവ എല്ലായ്‌പോ​ഴും തന്‍റെ രാജത്വം പ്ര​യോഗി​ച്ചി​ട്ടുണ്ട് (6, 8, 10, 12, 17 ഖണ്ഡികകൾ കാണുക)

പ്രളയശേഷം യഹോവ​യുടെ രാജത്വം

9. പ്രളയാ​നന്തരം മനുഷ്യ​വർഗ​ത്തിന്‌ യഹോവ എന്ത് അവസരം നൽകി?

9 നോ​ഹയും കുടും​ബവും ശുദ്ധീ​കരി​ക്കപ്പെട്ട ഭൂമി​യി​ലേക്ക് ആദ്യചു​വടു​വെച്ച് ശുദ്ധ​വായു ശ്വസിച്ച​പ്പോൾ യഹോവ​യുടെ കരുത​ലി​നെയും സംര​ക്ഷണ​ത്തെയും പ്രതി അവരുടെ ഹൃദയങ്ങൾ നിസ്സം​ശയമാ​യും കൃതജ്ഞതാനിർഭരമായി. ഉടൻതന്നെ ഒരു യാഗ​പീഠം പണിത്‌, യഹോ​വയെ ആരാധി​ച്ചു​കൊണ്ട് നോഹ യാഗങ്ങൾ അർപ്പിച്ചു. ദൈവം നോഹ​യെയും കുടും​ബ​ത്തെയും അനു​ഗ്രഹി​ക്കു​കയും “സന്താനപു​ഷ്ടിയു​ള്ളവ​രായി പെരുകി ഭൂമി​യിൽ നിറവിൻ” എന്ന് അവ​രോട്‌ കല്‌പി​ക്കു​കയും ചെയ്‌തു. (ഉല്‌പ. 8:20–9:1) ആരാധ​നയിൽ ഏകീകൃതരാകാനും ഭൂമി​യിൽ നിറയാ​നും മനുഷ്യ​വർഗ​ത്തിന്‌ അങ്ങനെ മറ്റൊരു അവസരം​കൂടെ കൈവന്നു.

10. (എ) പ്രളയാ​നന്തരം യഹോവ​യ്‌ക്കെ​തി​രെയുള്ള മത്സരം എങ്ങനെ, എവിടെ​വെച്ച് തല​പൊക്കി? (ബി) തന്‍റെ ഉദ്ദേശ്യനിവൃത്തി ഉറപ്പാ​ക്കാൻ യഹോവ എന്ത് നടപടി സ്വീക​രിച്ചു?

10 ജല​പ്രളയം പക്ഷേ, അപൂർണത കഴു​കിക്ക​ളഞ്ഞില്ല. സാത്താ​നും മത്സരി​കളായ ദൂതന്മാ​രും മനുഷ്യ​രുടെ മേൽ തുടർന്നും അദൃശ്യസ്വാധീനം ചെലു​ത്തി​ക്കൊണ്ടി​രുന്നു. വൈ​കാതെ, യഹോവ​യുടെ സത്‌ഭ​രണത്തി​നെ​തിരെ വീണ്ടും മത്സരം തല​പൊക്കി. ഉദാ​ഹരണ​ത്തിന്‌, നോഹ​യുടെ കൊച്ചുമകന്‍റെ മകനായ നി​മ്രോദ്‌ യഹോവ​യുടെ ഭരണത്തി​നെ​തി​രെയുള്ള മത്സര​ത്തിന്‌ ഒരു പുതിയ മാനം നൽകി. ‘യഹോവ​യുടെ മുമ്പാകെ നായാട്ടു വീരൻ’ എന്നാണ്‌ നി​മ്രോ​ദിനെ വിശേഷി​പ്പിച്ചി​രിക്കു​ന്നത്‌. അവൻ ബാബേൽ പോലുള്ള മഹാന​ഗരങ്ങൾ പണിയു​കയും “ശിനാർദേശത്ത്‌” തന്നെത്തന്നെ രാജാ​വാക്കു​കയും ചെയ്‌തു. (ഉല്‌പ. 10:8-12) മത്സരി​യായ ഈ രാജാവി​നും, ‘ഭൂമി​യിൽ നിറവാ​നുള്ള’ ദൈവത്തിന്‍റെ ഉദ്ദേശ്യ​ത്തിന്‌ തടയിടാ​നുള്ള അവന്‍റെ ശ്രമങ്ങൾക്കും എതിരെ നിത്യത​യുടെ രാജാവ്‌ എന്ത് നടപടി എടു​ക്കുമാ​യി​രുന്നു? ദൈവം ജനത്തിന്‍റെ ഭാഷ കലക്കി. അങ്ങനെ, നിമ്രോദിന്‍റെ സംഭ്രാ​ന്തരായ പ്രജകളെ അവൻ “ഭൂത​ലത്തിൽ എങ്ങും ചിന്നി​ച്ചു​കളഞ്ഞു.” തങ്ങളുടെ വ്യാജാ​രാധ​നയും മാനുഷ​ഭരണാധി​പത്യ​ശൈലി​യും അവർ തങ്ങ​ളോ​ടൊപ്പം കൊ​ണ്ടു​പോയി.—ഉല്‌പ. 11:1-9.

11. തന്‍റെ സ്‌നേഹി​തനായ അബ്രാ​ഹാ​മി​നോട്‌ യഹോവ വിശ്വ​സ്‌തത​യോടെ ഇട​പെട്ടത്‌ എങ്ങനെ?

11 പ്രളയാ​നന്തരം അനേ​കരും വ്യാ​ജദൈ​വങ്ങളെ​യാണ്‌ ആരാ​ധിച്ച​തെങ്കി​ലും വിശ്വ​സ്‌തരായ ചില മനുഷ്യർ യഹോ​വയെ മഹത്ത്വ​പ്പെടു​ത്തു​ന്നതിൽ തുടർന്നു. ഊർ എന്ന സ്വന്ത​പട്ടണ​ത്തിലെ സുഖ​സൗക​ര്യങ്ങൾ അനുസ​രണപൂർവം ഉപേ​ക്ഷിച്ച് വർഷങ്ങ​ളോളം കൂടാര​ങ്ങളിൽ വസിച്ച അബ്രാ​ഹാമാ​യി​രുന്നു അതിലൊ​രാൾ. (ഉല്‌പ. 11:31; എബ്രാ. 11:8, 9) അബ്രാ​ഹാം പര​ദേശി​യായി പല നാടു​കളിൽ മാറി​മാറി പാർത്ത​പ്പോൾ അവന്‍റെ ചുറ്റു​മു​ണ്ടായി​രുന്ന മാനു​ഷരാ​ജാ​ക്കന്മാർ പലപ്പോ​ഴും മതിലു​കളുള്ള പട്ടണങ്ങ​ളിലാ​യി​രുന്നു പാർത്തിരു​ന്നത്‌. എന്നാൽ അബ്രാ​ഹാ​മി​നെയും അവന്‍റെ കുടും​ബ​ത്തെയും യഹോവ സംര​ക്ഷിച്ചു. യഹോവ​യുടെ പിതൃതുല്യസംരക്ഷണത്തെപ്പറ്റി സങ്കീർത്തന​ക്കാരൻ ഇങ്ങനെ ഘോ​ഷിച്ചു: ‘അവരെ പീഡിപ്പി​പ്പാൻ  (ദൈവം) ആരെയും സമ്മതി​ച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്ക​ന്മാരെ ശാസിച്ചു.’ (സങ്കീ. 105:13, 14) തന്‍റെ സ്‌നേഹി​തനായ അബ്രാ​ഹാമി​നോ​ടുള്ള വിശ്വ​സ്‌തത നിമിത്തം യഹോവ അവന്‌ ഈ വാഗ്‌ദാനം നൽകി: ‘നിന്നിൽനിന്നു രാജാ​ക്കന്മാർ ഉത്ഭവി​ക്കും.’—ഉല്‌പ. 17:6; യാക്കോ. 2:23.

12. യഹോവ ഈജിപ്‌തിന്‍റെ മേൽ തന്‍റെ പരമാ​ധി​കാരം പ്രകട​മാക്കി​യത്‌ എങ്ങനെ, അത്‌ അവന്‍റെ തിര​ഞ്ഞെടു​ക്കപ്പെട്ട ജനത്തിന്‌ എന്ത് കൈവ​രുത്തി?

12 ദൈവം അബ്രാഹാമിന്‍റെ പു​ത്രനായ യിസ്‌ഹാക്കി​നോ​ടും പൗ​ത്രനായ യാ​ക്കോബി​നോ​ടും താൻ അവരെ അനു​ഗ്രഹിക്കു​മെന്ന വാഗ്‌ദാനം ആവർത്തിച്ചു. അതിൽ, അവരുടെ സന്തതി​പരമ്പ​രയിൽനിന്ന് രാജാ​ക്കന്മാർ ഉത്ഭവി​ക്കും എന്ന വാഗ്‌ദാ​നവും ഉൾപ്പെട്ടു. (ഉല്‌പ. 26:3-5; 35:11) എന്നാൽ രാജാ​ക്കന്മാർ ഉത്ഭവി​ക്കുന്ന​തിനു മുമ്പ് യാക്കോബിന്‍റെ സന്തതികൾ ഈജിപ്‌തിൽ അടിമക​ളായി. അത്‌, ഭൂമി​യുടെ മേലുള്ള തന്‍റെ പരമാ​ധി​കാരം യഹോവ വി​ട്ടൊഴി​ഞ്ഞി​രുന്നു എന്നും തന്‍റെ വാഗ്‌ദാനം അവൻ നിറവേ​റ്റുമാ​യിരു​ന്നില്ല എന്നും അർഥ​മാക്കി​യോ? ഒരിക്കലു​മില്ല! തക്കസ​മയത്ത്‌ യഹോവ തന്‍റെ ശക്തി വെളി​പ്പെടു​ത്തു​കയും ശാഠ്യ​ക്കാ​രനായ ഫറവോന്‍റെ മേൽ തന്‍റെ പരമാ​ധി​കാരം പ്രകട​മാക്കു​കയും ചെയ്‌തു. അടിമ​ത്തത്തി​ലായി​രുന്ന ഇസ്രാ​യേല്യർ യഹോ​വയിൽ ആശ്ര​യിച്ചു, അവൻ അവരെ വിസ്‌മയാവ​ഹമായ ഒരു വിധത്തിൽ ചെങ്ക​ടലി​ലൂടെ വിടു​വിക്കു​കയും ചെയ്‌തു. വ്യക്തമാ​യും യഹോവ അപ്പോ​ഴും അഖിലാ​ണ്ഡപരമാ​ധികാരി​യായി​രുന്നു. ഒരു സ്‌നേഹവാ​നായ പിതാവ്‌ എന്ന നിലയിൽ തന്‍റെ ജനത്തെ സംരക്ഷി​ക്കാ​നായി അവൻ തന്‍റെ മഹാശക്തി ഉപയോ​ഗിച്ചു.—പുറപ്പാടു 14:13, 14 വായിക്കുക.

യഹോവ ഇസ്രാ​യേ​ലിന്‌ രാജാവ്‌ ആയിത്തീരുന്നു

13, 14. (എ) ഇസ്രാ​യേല്യർ ആലപിച്ച ഗീതത്തിൽ യഹോവ​യുടെ രാജ​ത്വ​ത്തെക്കു​റിച്ച് അവർ എന്താണ്‌ പ്ര​ഘോഷി​ച്ചത്‌? (ബി) രാജത്വം സംബ​ന്ധിച്ച് ദൈവം ദാവീ​ദി​നോട്‌ എന്ത് വാഗ്‌ദാനം ചെയ്‌തു?

13 ഈജി​പ്‌തിൽനിന്ന് അത്ഭു​തകര​മായി വിടു​വി​ക്കപ്പെട്ട ഇസ്രാ​യേല്യർ ഉട​നെതന്നെ യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട് ഒരു വിജയ​ഗീതം ആലപിച്ചു. പുറ​പ്പാട്‌ 15-‍ാ‍ം അധ്യാ​യത്തിൽ രേഖപ്പെ​ടുത്തി​യിരി​ക്കുന്ന ആ ഗീതത്തിൽ, 18-‍ാ‍ം വാക്യ​ത്തിലെ ഈ പ്രഖ്യാ​പ​നവും ഉൾപ്പെ​ടുന്നു: “യഹോവ എന്നും എന്നേക്കും രാജാ​വായി വാഴും.” അതെ, യഹോവ ആ പുതിയ ജനത​യ്‌ക്കു മേൽ രാജാ​വാ​യിത്തീർന്നു. (ആവ. 33:5) എന്നി​രുന്നാ​ലും, ഒരു അദൃശ്യരാജാവായി യഹോവ അവ​രോ​ടൊപ്പം ഉണ്ടായി​രു​ന്നതിൽ ജനം തൃപ്‌തരായിരുന്നില്ല. ഈജി​പ്‌ത്‌ വിട്ട് 400 വർഷ​ത്തിനു ശേഷം, വിജാ​തീ​യരായ അയൽക്കാർക്ക് ഉണ്ടാ​യിരു​ന്നതു​പോലെ തങ്ങൾക്കും ഒരു മാനു​ഷരാ​ജാവ്‌ വേണ​മെന്ന് അവർ ദൈവ​ത്തോട്‌ ആവശ്യ​പ്പെട്ടു. (1 ശമൂ. 8:5) ഒരു മാനു​ഷരാ​ജാ​വിനെ വാഴി​ച്ചെങ്കി​ലും യഹോവ അപ്പോ​ഴും രാജാവു​തന്നെ​യായി​രുന്നു. ഇസ്രായേലിന്‍റെ രണ്ടാമത്തെ മാനു​ഷരാജാ​വായ ദാവീദിന്‍റെ ഭരണസ​മയത്ത്‌ ഈ വസ്‌തുത വ്യക്ത​മായി.

14 ദാവീദ്‌ നിയമ​പെട്ടകം യെരു​ശ​ലേമി​ലേക്ക് കൊ​ണ്ടുവന്ന ആഹ്ലാദ​ഭരി​തമായ സന്ദർഭത്തിൽ ലേവ്യർ ഒരു സ്‌തു​തി​ഗീതം ആലപിച്ചു. അതിൽ ശ്രദ്ധേ​യമായ ഒരു പ്രസ്‌താവന അടങ്ങി​യി​രുന്നു. 1 ദിനവൃത്താന്തം 16:31-ൽ അത്‌ ഇങ്ങനെ രേഖപ്പെ​ടുത്തി​യിരി​ക്കുന്നു: “യഹോവ വാഴുന്നു (“രാജാവാ​യിത്തീർന്നിരി​ക്കുന്നു,” NW) എന്നു ജാതിക​ളുടെ  മദ്ധ്യേ ഘോഷി​ക്കട്ടെ.” ‘യഹോവ നിത്യത​യുടെ രാജാവ്‌ ആണല്ലോ, അങ്ങനെ​യെങ്കിൽ അന്ന് അവൻ എങ്ങനെ​യാണ്‌ രാജാവ്‌ ആയിത്തീർന്നത്‌?’ എന്ന് നാം ചിന്തി​ച്ചേക്കാം. യഹോവ തന്‍റെ ഭരണാ​ധി​കാരം പ്രക​ടിപ്പി​ക്കുന്ന സന്ദർഭ​ങ്ങളിൽ അവൻ രാജാവ്‌ ആയിത്തീരുന്നു എന്ന് പറയാം. അതു​പോലെ, എപ്പോ​ഴെങ്കി​ലും തന്നെ പ്രതി​നി​ധാനം ചെയ്യു​ന്നതി​നോ ഒരു പ്രത്യേ​കസാ​ഹച​ര്യത്തെ കൈകാ​ര്യം ചെയ്യു​ന്നതി​നോ യഹോവ ഒരു ക്രമീ​കരണം ഏർപ്പെ​ടുത്തു​മ്പോ​ഴും അവൻ രാജാവ്‌ ആയിത്തീരുകയാണ്‌. യഹോവ​യുടെ രാജത്വത്തിന്‍റെ ഈ സവി​ശേഷവശ​ത്തിന്‌ ദൂരവ്യാ​പകപ്രാ​ധാന്യ​മുണ്ട്. ദാവീദിന്‍റെ രാജത്വം നിത്യം നിലനിൽക്കു​മെന്ന് അവന്‍റെ മരണ​ത്തിന്‌ മുമ്പ് യഹോവ അവ​നോട്‌ വാഗ്‌ദാനം ചെയ്‌തു: “നിന്‍റെ . . . സന്തതിയെ . . . ഞാൻ നിനക്കു പിന്തു​ടർച്ച​യായി സ്ഥിര​പ്പെടു​ത്തു​കയും അവന്‍റെ രാജത്വം ഉറപ്പാ​ക്കു​കയും ചെയ്യും.” (2 ശമൂ. 7:12, 13) കാര്യങ്ങൾ ആത്യ​ന്തിക​മായി ചുരുൾനി​വർന്ന​പ്പോൾ, 1000-ത്തില​ധികം വർഷ​ത്തിനു ശേഷം ദാവീദിന്‍റെ ഈ “സന്തതി” പ്രത്യക്ഷ​നായി. അവൻ ആരായി​രുന്നു, അവൻ എപ്പോൾ രാജാവാ​യിത്തീ​രുമായി​രുന്നു?

യഹോവ ഒരു പുതിയ രാജാ​വിനെ അവരോധിക്കുന്നു

15, 16. യേശു എപ്പോ​ഴാണ്‌ ഭാവി​രാജാ​വായി അഭി​ഷേകം ചെയ്യ​പ്പെട്ടത്‌, ഭൂമിയി​ലായി​രുന്ന​പ്പോൾ തന്‍റെ ഭരണത്തി​നു​വേണ്ടി യേശു എന്ത് ക്രമീക​രണങ്ങൾ ചെയ്‌തു?

15 എ.ഡി. 29-ൽ, ‘സ്വർഗരാ​ജ്യം സമീപി​ച്ചി​രുന്നു’ എന്ന് യോ​ഹന്നാൻ സ്‌നാ​പകൻ പ്രസംഗി​ക്കാൻ തുടങ്ങി. (മത്താ. 3:2) യോ​ഹന്നാൻ യേശു​വിനെ സ്‌നാ​നപ്പെടു​ത്തിയ സമയത്ത്‌ യഹോവ യേശു​വിനെ വാഗ്‌ദത്തമി​ശിഹാ​യും ദൈവരാജ്യത്തിന്‍റെ ഭാവി​രാജാ​വും ആയി അഭി​ഷേകം ചെയ്‌തു. പിൻവരുന്ന വാക്കു​കളിൽ തനിക്ക് യേശു​വിനോ​ടുള്ള പിതൃവാത്സല്യം യഹോവ പ്രകട​മാക്കി: “ഇവൻ എന്‍റെ പ്രിയപു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദിച്ചി​രി​ക്കുന്നു.”—മത്താ. 3:17.

16 തന്‍റെ ശു​ശ്രൂഷയി​ലുട​നീളം യേശു തന്‍റെ പിതാ​വിനെ മഹത്ത്വ​പ്പെ​ടുത്തി. (യോഹ. 17:4) ദൈവരാ​ജ്യ​ത്തെക്കു​റിച്ച് പ്രസം​ഗിച്ചു​കൊ​ണ്ടാണ്‌ അവൻ ഇത്‌ ചെയ്‌തത്‌. (ലൂക്കോ. 4:43) ആ രാജ്യം വരുന്ന​തിനു​വേണ്ടി പ്രാർഥി​ക്കാൻ അവൻ തന്‍റെ അനു​ഗാമി​കളെ പഠിപ്പി​ക്കു​കയും ചെയ്‌തു. (മത്താ. 6:10) നിയു​ക്തരാ​ജാവ്‌ എന്നനി​ലയിൽ യേശു​വിന്‌ തന്‍റെ എതി​രാളി​ക​ളോട്‌ “ദൈവരാ​ജ്യം നിങ്ങ​ളുടെ ഇടയിൽത്തന്നെ ഉണ്ട്” എന്ന് പ്രഖ്യാ​പിക്കാ​നാകു​മായി​രുന്നു. (ലൂക്കോ. 17:21) പിന്നീട്‌, തന്‍റെ മരണത്തിന്‍റെ തലേരാ​ത്രി​യിൽ യേശു തന്‍റെ അനുഗാ​മി​കളു​മായി “രാജ്യ​ത്തി​നായി ഒരു ഉടമ്പടി” ചെയ്‌തു. അങ്ങനെ, തന്‍റെ വിശ്വ​സ്‌ത​ശിഷ്യ​രിൽ ചിലർക്ക് ദൈവ​രാജ്യ​ത്തിൽ തന്നോ​ടൊപ്പം രാജാ​ക്കന്മാ​രായി ഭരിക്കാ​നുള്ള പ്രത്യാശ അവൻ നൽകി.—ലൂക്കോസ്‌ 22:28-30 വായിക്കുക.

17. ഒന്നാം നൂറ്റാ​ണ്ടിൽ ഏത്‌ പരിമി​തമായ വിധത്തിൽ യേശു തന്‍റെ രാജ്യാ​ധി​കാരം പ്രയോ​ഗി​ച്ചുതു​ടങ്ങി, എന്നാൽ അവൻ എന്തിനു​വേണ്ടി കാത്തിരി​ക്കണമാ​യി​രുന്നു?

17 ദൈവരാജ്യത്തിന്‍റെ രാജാ​വായി യേശു എന്ന് ഭരിക്കാൻ തുട​ങ്ങുമാ​യി​രുന്നു? അവന്‌ ഉടനെ ഭരണം തുടങ്ങാൻ കഴിയു​മാ​യിരു​ന്നില്ല. പിറ്റേന്ന് ഉച്ചതി​രിഞ്ഞ് യേശു വധിക്ക​പ്പെടു​കയും അവന്‍റെ അനുഗാ​മികൾ ചിതറി​പ്പോ​കു​കയും ചെയ്‌തു. (യോഹ. 16:32) എന്നി​രുന്നാ​ലും, മുമ്പ് എന്ന​ത്തെയും​പോ​ലെതന്നെ കാര്യങ്ങൾ യഹോവ​യുടെ പൂർണനി​യന്ത്രണ​ത്തിലായി​രുന്നു. മൂന്നാം ദിവസം അവൻ തന്‍റെ പുത്രനെ ഉയിർപ്പിച്ചു. തുടർന്ന്, എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌ത്‌ നാളിൽ യേശു തന്‍റെ അഭിഷി​ക്തസഹോ​ദരന്മാ​രുടെ ക്രിസ്‌തീ​യസഭ​യുടെ മേൽ ഒരു ആത്മീയരാ​ജ്യം സ്ഥാപിച്ചു. (കൊലോ. 1:13) എങ്കിലും, വാഗ്‌ദത്ത“സന്തതി” എന്ന നിലയിൽ ഭൂമി​യുടെ മേൽ പൂർണമായ രാജ​കീയാ​ധി​കാരം ഏറ്റെടു​ക്കുന്ന​തിന്‌ യേശു പി​ന്നെയും കാത്തിരി​ക്കണമാ​യി​രുന്നു. യഹോവ തന്‍റെ പുത്ര​നോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്‍റെ ശത്രു​ക്കളെ നിന്‍റെ പാദ​പീഠമാ​ക്കു​വോളം നീ എന്‍റെ വലത്തു​ഭാഗത്തി​രിക്ക.”—സങ്കീ. 110:1.

നിത്യതയുടെ രാജാ​വിനെ ആരാധിക്കുക

18, 19. നാം എന്ത് ചെയ്യാൻ പ്രചോ​ദി​തരാ​കുന്നു, അടുത്ത ലേഖ​നത്തിൽ നാം എന്ത് പഠിക്കും?

18 സഹസ്രാ​ബ്ദങ്ങ​ളായി സ്വർഗത്തി​ലും ഭൂമിയി​ലും യഹോവ​യുടെ രാജത്വം വെല്ലുവി​ളിക്ക​പ്പെട്ടിരി​ക്കുന്നു. എങ്കിലും, യഹോവ ഒരി​ക്കലും തന്‍റെ പരമാ​ധി​കാരം വെച്ചൊ​ഴിഞ്ഞി​ട്ടില്ല, കാര്യങ്ങൾ പൂർണമാ​യും അവന്‍റെ നിയന്ത്ര​ണത്തിൽത്ത​ന്നെയായി​രുന്നു. നോഹ, അബ്രാ​ഹാം, ദാവീദ്‌ എന്നിവ​രെ​പ്പോ​ലെയുള്ള തന്‍റെ വിശ്വ​സ്‌തരായ പ്രജകളെ, സ്‌നേഹവാ​നായ ഒരു പിതാവ്‌ എന്ന നിലയിൽ യഹോവ സംരക്ഷി​ക്കു​കയും അവർക്കു​വേണ്ടി കരുതു​കയും ചെയ്‌തു. ഇത്‌ നമ്മുടെ രാജാ​വിനു കീഴ്‌പെടാ​നും അവ​നോട്‌ അടുത്തു​ചെല്ലാ​നും നമ്മെ പ്ര​ചോദി​പ്പിക്കു​ന്നില്ലേ?

19 എങ്കിലും നാം ഇങ്ങനെ ചോ​ദി​ച്ചേക്കാം: നമ്മുടെ നാളിൽ യഹോവ രാജാവ്‌ ആയി​ത്തീർന്നി​രിക്കു​ന്നത്‌ എങ്ങനെ​യാണ്‌? യഹോവ​യുടെ രാജ്യത്തിന്‍റെ വിശ്വസ്‌തപ്രജ​കളായി​രുന്നു​കൊണ്ട് അവന്‍റെ സാർവ​ത്രികകു​ടുംബ​ത്തിലെ പൂർണ​തയുള്ള പു​ത്രന്മാരാ​യിത്തീ​രാൻ നമുക്ക് എങ്ങനെ കഴിയും? ദൈവത്തിന്‍റെ രാജ്യം വരേണമേ എന്നു നാം പ്രാർഥിക്കുന്നതിന്‍റെ അർഥം എന്താണ്‌? ഈ ചോ​ദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖ​നത്തിൽ നമുക്ക് ലഭിക്കും.