വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജനുവരി 

നിത്യതയുടെ രാജാവായ യഹോവയെ ആരാധിപ്പിൻ!

നിത്യതയുടെ രാജാവായ യഹോവയെ ആരാധിപ്പിൻ!

‘നിത്യരാജാവിന്‌ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും.’—1 തിമൊ. 1:17.

1, 2. (എ) ആരാണ്‌ ‘നിത്യരാജാവ്‌,’ ഈ വിശേഷണം സമുചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) യഹോവയുടെ രാജത്വത്തിന്‍റെ ഏത്‌ സവിശേഷതയാണ്‌ നമ്മെ അവനോട്‌ അടുപ്പിക്കുന്നത്‌?

സ്വാസിലാൻഡിലെ സോബൂസ രണ്ടാമൻ രാജാവ്‌ 61 വർഷത്തോളം നാടുവാണു. ആധുനികനാളിൽ മറ്റൊരു ഏകാധിപതിയും ഇത്ര ദീർഘകാലം രാജാവായിരുന്നിട്ടില്ല. സോബൂസ രാജാവിന്‍റെ വാഴ്‌ചയുടെ ദൈർഘ്യം വളരെ ശ്രദ്ധേയമാണെങ്കിലും, ക്ഷണഭംഗുരമായ മനുഷ്യായുസ്സിന്‍റെ പരിമിതിയില്ലാതെ ഭരണം നടത്തുന്ന ഒരു രാജാവുണ്ട്. ബൈബിൾ അവനെ ‘നിത്യരാജാവ്‌’ അഥവാ നിത്യതയുടെ രാജാവ്‌ എന്നാണ്‌ വിളിക്കുന്നത്‌. (1 തിമൊ. 1:17) “യഹോവ എന്നെന്നേക്കും രാജാവാകുന്നു” എന്ന് ഘോഷിച്ചുകൊണ്ട് ഒരു സങ്കീർത്തനക്കാരൻ ആ പരമാധികാരിയുടെ പേര്‌ വെളിപ്പെടുത്തി.—സങ്കീ. 10:16.

2 ദൈവഭരണത്തിന്‍റെ ദൈർഘ്യം അവന്‍റെ വാഴ്‌ചയെ മനുഷ്യരുടേതിൽനിന്ന് വ്യതിരിക്തമാക്കുന്നു. എന്നിരുന്നാലും, യഹോവ ഭരണം നടത്തുന്ന വിധമാണ്‌ നമ്മെ അവനിലേക്ക് അടുപ്പിക്കുന്നത്‌. പുരാതന ഇസ്രായേലിൽ 40 വർഷം ഭരിച്ച ഒരു രാജാവ്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. . . . യഹോവ തന്‍റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്‍റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ. 103:8, 19) യഹോവ നമ്മുടെ രാജാവ്‌ മാത്രമല്ല, അവൻ നമ്മുടെ പിതാവുമാണ്‌—നമ്മുടെ സ്‌നേഹവാനായ സ്വർഗീയപിതാവ്‌. ഇവിടെ രണ്ട് ചോദ്യങ്ങൾ ഉദിക്കുന്നു: ഏത്‌ വിധത്തിലാണ്‌ യഹോവ ഒരു പിതാവായിരുന്നിട്ടുള്ളത്‌? ഏദെനിലെ മത്സരംമുതൽ യഹോവ എങ്ങനെയാണ്‌ തന്‍റെ രാജത്വം പ്രയോഗിച്ചിട്ടുള്ളത്‌? ഈ ചോദ്യങ്ങളുടെ ഉത്തരം, യഹോയോട്‌ കൂടുതൽ അടുക്കാനും മുഴുഹൃദയത്തോടെ അവനെ ആരാധിക്കാനും നമ്മെ പ്രചോദിതരാക്കും.

 നിത്യതയുടെ രാജാവ്‌ ഒരു സാർവത്രികകുടുംബം ഉളവാക്കുന്നു

3. യഹോവയുടെ സാർവത്രികകുടുംബത്തിലെ ആദ്യത്തെ അംഗം ആരായിരുന്നു, ‘ദൈവപുത്രന്മാർ’ എന്ന നിലയിൽ വേറെ ആരെല്ലാം സൃഷ്ടിക്കപ്പെട്ടു?

3 തന്‍റെ ഏകജാതനായ പുത്രനെ സൃഷ്ടിച്ചപ്പോൾ യഹോവയ്‌ക്ക് എത്രയധികം സന്തോഷം തോന്നിയിട്ടുണ്ടാകണം! ഒരു സാമാന്യപ്രജയോട്‌ എന്നതുപോലെയല്ല ദൈവം തന്‍റെ ആദ്യജാനോട്‌ ഇടപെട്ടത്‌. പകരം, യഹോവ അവനെ ഒരു പുത്രനെന്നനിലയിൽ സ്‌നേഹിക്കുകയും തന്‍റെ കുടുംത്തിലെ പൂർണതയുള്ള മറ്റ്‌ അംഗങ്ങളെ സൃഷ്ടിക്കുന്നതിന്‍റെ ആനന്ദം തന്നോടൊപ്പം പങ്കിടാൻ അവനെ ക്ഷണിക്കുകയും ചെയ്‌തു. (കൊലോ. 1:15-17) അവരിൽ എണ്ണമറ്റ ദൂതന്മാർ ഉൾപ്പെട്ടിരുന്നു. “അവന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി” വർണിച്ചിരിക്കുന്ന ദൂതന്മാർ ദൈവത്തെ സന്തോത്തോടെ സേവിക്കുന്നു. ‘ദൈവപുത്രന്മാർ’ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് അവൻ അവരെ മാനിക്കുന്നു. യഹോവയുടെ സാർവത്രികകുടുംബത്തിന്‍റെ ഭാഗമാണ്‌ അവർ.—സങ്കീ. 103:20-22; ഇയ്യോ. 38:6.

4. ദൈവത്തിന്‍റെ സാർവത്രികകുടുംബത്തിൽ മനുഷ്യരും അംഗങ്ങളായിത്തീർന്നത്‌ എങ്ങനെ?

4 ആകാശവും ഭൂമിയും സൃഷ്ടിച്ചശേഷം യഹോവ തന്‍റെ സാർവത്രികകുടുംബത്തെ വിപുലമാക്കി. സ്വയം നിലനിർത്താൻ പര്യാപ്‌തമായ വിധത്തിൽ യഹോവ ഭൂമിയെ അതിമനോഹരമായി ഒരുക്കി. തുടർന്ന് ഭൗമികസൃഷ്ടിക്രിയയ്‌ക്ക് മകുടം ചാർത്തിക്കൊണ്ട്, തന്‍റെ സ്വരൂപത്തിൽ അവൻ ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചു. (ഉല്‌പ. 1:26-28) സ്രഷ്ടാവ്‌ എന്ന നിലയിൽ യഹോവയ്‌ക്ക് ആദാമിൽനിന്ന് ഉചിതമായും അനുസരണം പ്രതീക്ഷിക്കാമായിരുന്നു. പിതാവ്‌ എന്ന നിലയിൽ, തന്‍റെ എല്ലാ മാർഗനിർദേശങ്ങളും അവൻ നൽകിയത്‌ സ്‌നേഹത്തോടും ദയയോടും കൂടെ ആയിരുന്നു. ആ കല്‌പനകൾ യാതൊരു വിധത്തിലും മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന്‌ കൂച്ചുവിലങ്ങിടുന്നതായിരുന്നില്ല.—ഉല്‌പത്തി 2:15-17 വായിക്കുക.

5. തന്‍റെ മനുഷ്യമക്കളെക്കൊണ്ട് ഭൂമി നിറയ്‌ക്കാൻ ദൈവം എന്ത് ക്രമീകരണം ചെയ്‌തു?

5 മനുഷ്യരായ ഏകാധിപതികളിൽനിന്ന് വ്യത്യസ്‌തനായി യഹോവ തന്‍റെ പ്രജകളെ സ്വന്തം കുടുംത്തിലെ വിശ്വസ്‌തരായ അംഗങ്ങളായി വീക്ഷിക്കുകയും അവർക്ക് ഉത്തരവാദിത്വങ്ങൾ പങ്കിട്ട് നൽകുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്‌, ഇതര സൃഷ്ടികളുടെമേൽ അവൻ ആദാമിന്‌ അധികാരം നൽകി. മൃഗങ്ങൾക്ക് പേരിടാനുള്ള വെല്ലുവിളി നിറഞ്ഞതും എന്നാൽ സംതൃപ്‌തിദായകവും ആയ നിയമനവും ആദാമിന്‌ കൊടുത്തു. (ഉല്‌പ. 1:26; 2:19, 20) ഭൂമിയിൽ നിവസിക്കുന്നതിന്‌ പൂർണതയുള്ള ദശലക്ഷക്കണക്കിന്‌ മനുഷ്യരെ ഓരോരുത്തരെയായി ദൈവം സൃഷ്ടിച്ചില്ല. പകരം, ആദാമിനുവേണ്ടി പൂർണതയുള്ള ഒരു പൂരകത്തെ—ഹവ്വാ എന്ന സ്‌ത്രീയെ—സൃഷ്ടിക്കാൻ യഹോവ തീരുമാനിച്ചു. (ഉല്‌പ. 2:21, 22) തുടർന്ന്, അവരുടെ സന്തതികളെക്കൊണ്ട് ഭൂമി നിറയ്‌ക്കാനുള്ള അവസരം അവൻ ആ ദമ്പതികൾക്ക് നൽകി. സമാധാനപൂർണമായ സാഹചര്യങ്ങൾക്കു കീഴിൽ പറുദീസയെ മുഴുഭൂമിയിലേക്കും ക്രമാനുഗതമായി വ്യാപിപ്പിക്കാൻ മനുഷ്യർക്ക് സാധിക്കുമായിരുന്നു. യഹോവയുടെ സാർവത്രികകുടുംബത്തിന്‍റെ ഭാഗമെന്നനിലയിൽ, സ്വർഗീയദൂതന്മാരോട്‌ ചേർന്ന് അവർക്ക് യഹോവയെ നിത്യം ആരാധിക്കാനാകുമായിരുന്നു. എത്ര അത്ഭുതാവഹമായ പ്രത്യാശ! യഹോവയുടെ പിതൃനിർവിശേഷ സ്‌നേഹത്തിന്‍റെ എത്ര ഉദാത്തമായ പ്രകടനം!

മത്സരികളായ പുത്രന്മാർ ദൈവത്തിന്‍റെ രാജത്വം തിരസ്‌കരിക്കുന്നു

6. (എ) ദൈവത്തിന്‍റെ കുടുംബത്തിൽ മത്സരം ആരംഭിച്ചത്‌ എങ്ങനെ? (ബി) മത്സരം ഉണ്ടായി എന്നത്‌ സകലത്തിന്‍റെയും മേൽ ദൈവത്തിന്‌ നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് അർഥമാക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്?

6 സങ്കടകരമെന്നു പറയട്ടെ, യഹോവ തങ്ങളുടെ പരമാധികാരിയായിരിക്കുന്നതിൽ ആദാമും ഹവ്വായും സംതൃപ്‌തരായിരുന്നില്ല. പകരം സാത്താനെ—ദൈവത്തിന്‍റെ മത്സരിയായ ഒരു ആത്മപുത്രനെ—അനുഗമിക്കാൻ അവർ തീരുമാനിച്ചു. (ഉല്‌പ. 3:1-6) ദൈവഭരണത്തിൽനിന്ന് അകന്ന ജീവിതം അവർക്കും അവരുടെ സന്തതികൾക്കും വേദനയും കഷ്ടപ്പാടും മരണവും വരുത്തിവെച്ചു. (ഉല്‌പ. 3:16-19; റോമ. 5:12) ദൈവത്തിന്‌ ഭൂമിയിൽ അനുസരണമുള്ള പ്രജകൾ ഇല്ലാതായിത്തീർന്നു. അതിന്‍റെ അർഥം സകലത്തിന്‍റെയും മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയുടെയും അതിലെ നിവാസികളുടെയും മേലുള്ള തന്‍റെ പരമാധികാരം അവൻ വിട്ടൊഴിഞ്ഞു എന്നാണോ? ഒരിക്കലുമല്ല! മനുഷ്യനെയും അവന്‍റെ ഭാര്യയെയും തോട്ടത്തിൽനിന്ന് പുറത്താക്കിക്കൊണ്ട് യഹോവ തന്‍റെ അധികാരം പ്രയോഗിച്ചു. അവർ തിരികെ പ്രവേശിക്കാതിരിക്കാൻ ഏദെൻ തോട്ടത്തിന്‍റെ കവാടത്തിങ്കൽ അവൻ കെരൂബുകളെ കാവൽനിറുത്തുകയും ചെയ്‌തു. (ഉല്‌പ. 3:23, 24) അതേസമയം, അനുസരണമുള്ള ആത്മപുത്രന്മാരും മാനുഷപുത്രന്മാരും അടങ്ങിയ ഒരു സാർവത്രികകുടുംബം ഉളവാക്കുക എന്ന തന്‍റെ ഉദ്ദേശ്യം നിറവേറുമെന്ന് ഉറപ്പു നൽകിക്കൊണ്ട് ദൈവം തന്‍റെ പിതൃതുല്യസ്‌നേഹം പ്രകടമാക്കുകയും ചെയ്‌തു. ആദാമ്യപാപത്തിന്‍റെ ഫലങ്ങൾ ഇല്ലാതാക്കുകയും സാത്താനെ കഥാവശേഷനാക്കുകയും ചെയ്യുമായിരുന്ന ഒരു “സന്തതി”യെ അവൻ വാഗ്‌ദാനം ചെയ്‌തു.—ഉല്‌പത്തി 3:15 വായിക്കുക.

7, 8. (എ) നോഹയുടെ കാലമാപ്പോഴേക്കും സാഹചര്യങ്ങൾ എത്രത്തോളം വഷളായിത്തീർന്നിരുന്നു? (ബി) ഭൂമിയെ ശുദ്ധീകരിച്ച് മാനവകുടുംബത്തെ സംരക്ഷിക്കാൻ യഹോവ എന്ത് ക്രമീകരണങ്ങൾ ചെയ്‌തു?

 7 പിന്നീടുള്ള നൂറ്റാണ്ടുകളിൽ ചില മനുഷ്യർ യഹോയോട്‌ വിശ്വസ്‌തരായിരുന്നു. ഹാബേലും ഹാനോക്കും അവരിൽപ്പെടുന്നു. എന്നിരുന്നാലും, മനുഷ്യരിൽ ബഹുഭൂരിപക്ഷവും യഹോവയെ തങ്ങളുടെ പിതാവും രാജാവും ആയി അംഗീകരിക്കാൻ കൂട്ടാക്കിയില്ല. നോഹയുടെ കാലമാപ്പോഴേക്കും ഭൂമി “അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” (ഉല്‌പ. 6:11) ഇതിന്‍റെ അർഥം യഹോവയ്‌ക്ക് ഭൗമികകാര്യാദികളുടെമേൽ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു എന്നാണോ? ചരിത്രരേഖ എന്താണ്‌ വെളിപ്പെടുത്തുന്നത്‌?

8 നോഹയുടെ ചരിത്രം പരിചിന്തിക്കുക. നോഹയെയും അവന്‍റെ കുടുംത്തെയും സംരക്ഷിക്കുമായിരുന്ന ബൃഹത്തായ ഒരു പെട്ടകം നിർമിക്കാൻ വിശദമായ രൂപരേഖയും നിർദേശങ്ങളും യഹോവ അവന്‌ നൽകി. നോഹയെ ഒരു “നീതിപ്രസംഗി” ആയി നിയമിച്ചുകൊണ്ട് മുഴുമാനവകുടുംബത്തോടും ദൈവം വലിയ സ്‌നേഹം കാണിക്കുകയും ചെയ്‌തു. (2 പത്രോ. 2:5) നോഹയുടെ സന്ദേശത്തിൽ, അനുതപിക്കാനുള്ള ആഹ്വാനവും ആസന്നമായ നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും അടങ്ങിയിരുന്നു എന്നതിന്‌ സംശയമില്ല. പക്ഷേ അത്‌ ബധിരകർണങ്ങളിലാണ്‌ പതിച്ചത്‌. അക്രമാസക്തവും അങ്ങേയറ്റം അസാന്മാർഗികവും ആയ ഒരു ലോകത്തിലാണ്‌ നോഹയും അവന്‍റെ കുടുംബവും പതിറ്റാണ്ടുളോളം ജീവിച്ചത്‌. കരുതലുള്ള ഒരു പിതാവ്‌ എന്ന നിലയിൽ യഹോവ ആ എട്ട് വിശ്വസ്‌തമനുഷ്യരെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തു. ഒരു ആഗോപ്രളയം വരുത്തിക്കൊണ്ട്, മത്സരികളായ മനുഷ്യരുടെയും ദുഷ്ടദൂതന്മാരുടെയും മേൽ യഹോവ തന്‍റെ പരമാധികാരം പ്രയോഗിച്ചു. അതെ, കാര്യങ്ങൾ യഹോവയുടെ പൂർണനിയന്ത്രണത്തിൽത്തന്നെ ആയിരുന്നു.—ഉല്‌പ. 7:17-24.

യഹോവ എല്ലായ്‌പോഴും തന്‍റെ രാജത്വം പ്രയോഗിച്ചിട്ടുണ്ട് (6, 8, 10, 12, 17 ഖണ്ഡികകൾ കാണുക)

പ്രളയശേഷം യഹോവയുടെ രാജത്വം

9. പ്രളയാനന്തരം മനുഷ്യവർഗത്തിന്‌ യഹോവ എന്ത് അവസരം നൽകി?

9 നോഹയും കുടുംബവും ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലേക്ക് ആദ്യചുവടുവെച്ച് ശുദ്ധവായു ശ്വസിച്ചപ്പോൾ യഹോവയുടെ കരുതലിനെയും സംരക്ഷണത്തെയും പ്രതി അവരുടെ ഹൃദയങ്ങൾ നിസ്സംശയമായും കൃതജ്ഞതാനിർഭരമായി. ഉടൻതന്നെ ഒരു യാഗപീഠം പണിത്‌, യഹോവയെ ആരാധിച്ചുകൊണ്ട് നോഹ യാഗങ്ങൾ അർപ്പിച്ചു. ദൈവം നോഹയെയും കുടുംത്തെയും അനുഗ്രഹിക്കുകയും “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ” എന്ന് അവരോട്‌ കല്‌പിക്കുകയും ചെയ്‌തു. (ഉല്‌പ. 8:20–9:1) ആരാധനയിൽ ഏകീകൃതരാകാനും ഭൂമിയിൽ നിറയാനും മനുഷ്യവർഗത്തിന്‌ അങ്ങനെ മറ്റൊരു അവസരംകൂടെ കൈവന്നു.

10. (എ) പ്രളയാനന്തരം യഹോവയ്‌ക്കെതിരെയുള്ള മത്സരം എങ്ങനെ, എവിടെവെച്ച് തലപൊക്കി? (ബി) തന്‍റെ ഉദ്ദേശ്യനിവൃത്തി ഉറപ്പാക്കാൻ യഹോവ എന്ത് നടപടി സ്വീകരിച്ചു?

10 ജലപ്രളയം പക്ഷേ, അപൂർണത കഴുകിക്കളഞ്ഞില്ല. സാത്താനും മത്സരികളായ ദൂതന്മാരും മനുഷ്യരുടെ മേൽ തുടർന്നും അദൃശ്യസ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. വൈകാതെ, യഹോവയുടെ സത്‌ഭരണത്തിനെതിരെ വീണ്ടും മത്സരം തലപൊക്കി. ഉദാഹരണത്തിന്‌, നോഹയുടെ കൊച്ചുമകന്‍റെ മകനായ നിമ്രോദ്‌ യഹോവയുടെ ഭരണത്തിനെതിരെയുള്ള മത്സരത്തിന്‌ ഒരു പുതിയ മാനം നൽകി. ‘യഹോവയുടെ മുമ്പാകെ നായാട്ടു വീരൻ’ എന്നാണ്‌ നിമ്രോദിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌. അവൻ ബാബേൽ പോലുള്ള മഹാനഗരങ്ങൾ പണിയുകയും “ശിനാർദേശത്ത്‌” തന്നെത്തന്നെ രാജാവാക്കുകയും ചെയ്‌തു. (ഉല്‌പ. 10:8-12) മത്സരിയായ ഈ രാജാവിനും, ‘ഭൂമിയിൽ നിറവാനുള്ള’ ദൈവത്തിന്‍റെ ഉദ്ദേശ്യത്തിന്‌ തടയിടാനുള്ള അവന്‍റെ ശ്രമങ്ങൾക്കും എതിരെ നിത്യതയുടെ രാജാവ്‌ എന്ത് നടപടി എടുക്കുമായിരുന്നു? ദൈവം ജനത്തിന്‍റെ ഭാഷ കലക്കി. അങ്ങനെ, നിമ്രോദിന്‍റെ സംഭ്രാന്തരായ പ്രജകളെ അവൻ “ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.” തങ്ങളുടെ വ്യാജാരാധനയും മാനുഷഭരണാധിപത്യശൈലിയും അവർ തങ്ങളോടൊപ്പം കൊണ്ടുപോയി.—ഉല്‌പ. 11:1-9.

11. തന്‍റെ സ്‌നേഹിതനായ അബ്രാഹാമിനോട്‌ യഹോവ വിശ്വസ്‌തതയോടെ ഇടപെട്ടത്‌ എങ്ങനെ?

11 പ്രളയാനന്തരം അനേകരും വ്യാജദൈവങ്ങളെയാണ്‌ ആരാധിച്ചതെങ്കിലും വിശ്വസ്‌തരായ ചില മനുഷ്യർ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിൽ തുടർന്നു. ഊർ എന്ന സ്വന്തപട്ടണത്തിലെ സുഖസൗകര്യങ്ങൾ അനുസരണപൂർവം ഉപേക്ഷിച്ച് വർഷങ്ങളോളം കൂടാരങ്ങളിൽ വസിച്ച അബ്രാഹാമായിരുന്നു അതിലൊരാൾ. (ഉല്‌പ. 11:31; എബ്രാ. 11:8, 9) അബ്രാഹാം പരദേശിയായി പല നാടുകളിൽ മാറിമാറി പാർത്തപ്പോൾ അവന്‍റെ ചുറ്റുമുണ്ടായിരുന്ന മാനുഷരാജാക്കന്മാർ പലപ്പോഴും മതിലുകളുള്ള പട്ടണങ്ങളിലായിരുന്നു പാർത്തിരുന്നത്‌. എന്നാൽ അബ്രാഹാമിനെയും അവന്‍റെ കുടുംത്തെയും യഹോവ സംരക്ഷിച്ചു. യഹോവയുടെ പിതൃതുല്യസംരക്ഷണത്തെപ്പറ്റി സങ്കീർത്തനക്കാരൻ ഇങ്ങനെ ഘോഷിച്ചു: ‘അവരെ പീഡിപ്പിപ്പാൻ  (ദൈവം) ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു.’ (സങ്കീ. 105:13, 14) തന്‍റെ സ്‌നേഹിതനായ അബ്രാഹാമിനോടുള്ള വിശ്വസ്‌തത നിമിത്തം യഹോവ അവന്‌ ഈ വാഗ്‌ദാനം നൽകി: ‘നിന്നിൽനിന്നു രാജാക്കന്മാർ ഉത്ഭവിക്കും.’—ഉല്‌പ. 17:6; യാക്കോ. 2:23.

12. യഹോവ ഈജിപ്‌തിന്‍റെ മേൽ തന്‍റെ പരമാധികാരം പ്രകടമാക്കിയത്‌ എങ്ങനെ, അത്‌ അവന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‌ എന്ത് കൈവരുത്തി?

12 ദൈവം അബ്രാഹാമിന്‍റെ പുത്രനായ യിസ്‌ഹാക്കിനോടും പൗത്രനായ യാക്കോബിനോടും താൻ അവരെ അനുഗ്രഹിക്കുമെന്ന വാഗ്‌ദാനം ആവർത്തിച്ചു. അതിൽ, അവരുടെ സന്തതിപരമ്പരയിൽനിന്ന് രാജാക്കന്മാർ ഉത്ഭവിക്കും എന്ന വാഗ്‌ദാനവും ഉൾപ്പെട്ടു. (ഉല്‌പ. 26:3-5; 35:11) എന്നാൽ രാജാക്കന്മാർ ഉത്ഭവിക്കുന്നതിനു മുമ്പ് യാക്കോബിന്‍റെ സന്തതികൾ ഈജിപ്‌തിൽ അടിമകളായി. അത്‌, ഭൂമിയുടെ മേലുള്ള തന്‍റെ പരമാധികാരം യഹോവ വിട്ടൊഴിഞ്ഞിരുന്നു എന്നും തന്‍റെ വാഗ്‌ദാനം അവൻ നിറവേറ്റുമായിരുന്നില്ല എന്നും അർഥമാക്കിയോ? ഒരിക്കലുമില്ല! തക്കസമയത്ത്‌ യഹോവ തന്‍റെ ശക്തി വെളിപ്പെടുത്തുകയും ശാഠ്യക്കാരനായ ഫറവോന്‍റെ മേൽ തന്‍റെ പരമാധികാരം പ്രകടമാക്കുകയും ചെയ്‌തു. അടിമത്തത്തിലായിരുന്ന ഇസ്രായേല്യർ യഹോവയിൽ ആശ്രയിച്ചു, അവൻ അവരെ വിസ്‌മയാവഹമായ ഒരു വിധത്തിൽ ചെങ്കടലിലൂടെ വിടുവിക്കുകയും ചെയ്‌തു. വ്യക്തമായും യഹോവ അപ്പോഴും അഖിലാണ്ഡപരമാധികാരിയായിരുന്നു. ഒരു സ്‌നേഹവാനായ പിതാവ്‌ എന്ന നിലയിൽ തന്‍റെ ജനത്തെ സംരക്ഷിക്കാനായി അവൻ തന്‍റെ മഹാശക്തി ഉപയോഗിച്ചു.—പുറപ്പാടു 14:13, 14 വായിക്കുക.

യഹോവ ഇസ്രായേലിന്‌ രാജാവ്‌ ആയിത്തീരുന്നു

13, 14. (എ) ഇസ്രായേല്യർ ആലപിച്ച ഗീതത്തിൽ യഹോവയുടെ രാജത്വത്തെക്കുറിച്ച് അവർ എന്താണ്‌ പ്രഘോഷിച്ചത്‌? (ബി) രാജത്വം സംബന്ധിച്ച് ദൈവം ദാവീദിനോട്‌ എന്ത് വാഗ്‌ദാനം ചെയ്‌തു?

13 ഈജിപ്‌തിൽനിന്ന് അത്ഭുതകരമായി വിടുവിക്കപ്പെട്ട ഇസ്രായേല്യർ ഉടനെതന്നെ യഹോവയെ സ്‌തുതിച്ചുകൊണ്ട് ഒരു വിജയഗീതം ആലപിച്ചു. പുറപ്പാട്‌ 15-‍ാ‍ം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആ ഗീതത്തിൽ, 18-‍ാ‍ം വാക്യത്തിലെ ഈ പ്രഖ്യാനവും ഉൾപ്പെടുന്നു: “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” അതെ, യഹോവ ആ പുതിയ ജനതയ്‌ക്കു മേൽ രാജാവായിത്തീർന്നു. (ആവ. 33:5) എന്നിരുന്നാലും, ഒരു അദൃശ്യരാജാവായി യഹോവ അവരോടൊപ്പം ഉണ്ടായിരുന്നതിൽ ജനം തൃപ്‌തരായിരുന്നില്ല. ഈജിപ്‌ത്‌ വിട്ട് 400 വർഷത്തിനു ശേഷം, വിജാതീയരായ അയൽക്കാർക്ക് ഉണ്ടായിരുന്നതുപോലെ തങ്ങൾക്കും ഒരു മാനുഷരാജാവ്‌ വേണമെന്ന് അവർ ദൈവത്തോട്‌ ആവശ്യപ്പെട്ടു. (1 ശമൂ. 8:5) ഒരു മാനുഷരാജാവിനെ വാഴിച്ചെങ്കിലും യഹോവ അപ്പോഴും രാജാവുതന്നെയായിരുന്നു. ഇസ്രായേലിന്‍റെ രണ്ടാമത്തെ മാനുഷരാജാവായ ദാവീദിന്‍റെ ഭരണസമയത്ത്‌ ഈ വസ്‌തുത വ്യക്തമായി.

14 ദാവീദ്‌ നിയമപെട്ടകം യെരുലേമിലേക്ക് കൊണ്ടുവന്ന ആഹ്ലാദഭരിതമായ സന്ദർഭത്തിൽ ലേവ്യർ ഒരു സ്‌തുതിഗീതം ആലപിച്ചു. അതിൽ ശ്രദ്ധേയമായ ഒരു പ്രസ്‌താവന അടങ്ങിയിരുന്നു. 1 ദിനവൃത്താന്തം 16:31-ൽ അത്‌ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “യഹോവ വാഴുന്നു (“രാജാവായിത്തീർന്നിരിക്കുന്നു,” NW) എന്നു ജാതികളുടെ  മദ്ധ്യേ ഘോഷിക്കട്ടെ.” ‘യഹോവ നിത്യതയുടെ രാജാവ്‌ ആണല്ലോ, അങ്ങനെയെങ്കിൽ അന്ന് അവൻ എങ്ങനെയാണ്‌ രാജാവ്‌ ആയിത്തീർന്നത്‌?’ എന്ന് നാം ചിന്തിച്ചേക്കാം. യഹോവ തന്‍റെ ഭരണാധികാരം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങളിൽ അവൻ രാജാവ്‌ ആയിത്തീരുന്നു എന്ന് പറയാം. അതുപോലെ, എപ്പോഴെങ്കിലും തന്നെ പ്രതിനിധാനം ചെയ്യുന്നതിനോ ഒരു പ്രത്യേകസാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനോ യഹോവ ഒരു ക്രമീകരണം ഏർപ്പെടുത്തുമ്പോഴും അവൻ രാജാവ്‌ ആയിത്തീരുകയാണ്‌. യഹോവയുടെ രാജത്വത്തിന്‍റെ ഈ സവിശേഷവശത്തിന്‌ ദൂരവ്യാപകപ്രാധാന്യമുണ്ട്. ദാവീദിന്‍റെ രാജത്വം നിത്യം നിലനിൽക്കുമെന്ന് അവന്‍റെ മരണത്തിന്‌ മുമ്പ് യഹോവ അവനോട്‌ വാഗ്‌ദാനം ചെയ്‌തു: “നിന്‍റെ . . . സന്തതിയെ . . . ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്‍റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” (2 ശമൂ. 7:12, 13) കാര്യങ്ങൾ ആത്യന്തികമായി ചുരുൾനിവർന്നപ്പോൾ, 1000-ത്തിലധികം വർഷത്തിനു ശേഷം ദാവീദിന്‍റെ ഈ “സന്തതി” പ്രത്യക്ഷനായി. അവൻ ആരായിരുന്നു, അവൻ എപ്പോൾ രാജാവായിത്തീരുമായിരുന്നു?

യഹോവ ഒരു പുതിയ രാജാവിനെ അവരോധിക്കുന്നു

15, 16. യേശു എപ്പോഴാണ്‌ ഭാവിരാജാവായി അഭിഷേകം ചെയ്യപ്പെട്ടത്‌, ഭൂമിയിലായിരുന്നപ്പോൾ തന്‍റെ ഭരണത്തിനുവേണ്ടി യേശു എന്ത് ക്രമീകരണങ്ങൾ ചെയ്‌തു?

15 എ.ഡി. 29-ൽ, ‘സ്വർഗരാജ്യം സമീപിച്ചിരുന്നു’ എന്ന് യോഹന്നാൻ സ്‌നാപകൻ പ്രസംഗിക്കാൻ തുടങ്ങി. (മത്താ. 3:2) യോഹന്നാൻ യേശുവിനെ സ്‌നാനപ്പെടുത്തിയ സമയത്ത്‌ യഹോവ യേശുവിനെ വാഗ്‌ദത്തമിശിഹായും ദൈവരാജ്യത്തിന്‍റെ ഭാവിരാജാവും ആയി അഭിഷേകം ചെയ്‌തു. പിൻവരുന്ന വാക്കുകളിൽ തനിക്ക് യേശുവിനോടുള്ള പിതൃവാത്സല്യം യഹോവ പ്രകടമാക്കി: “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.”—മത്താ. 3:17.

16 തന്‍റെ ശുശ്രൂഷയിലുടനീളം യേശു തന്‍റെ പിതാവിനെ മഹത്ത്വപ്പെടുത്തി. (യോഹ. 17:4) ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടാണ്‌ അവൻ ഇത്‌ ചെയ്‌തത്‌. (ലൂക്കോ. 4:43) ആ രാജ്യം വരുന്നതിനുവേണ്ടി പ്രാർഥിക്കാൻ അവൻ തന്‍റെ അനുഗാമികളെ പഠിപ്പിക്കുകയും ചെയ്‌തു. (മത്താ. 6:10) നിയുക്തരാജാവ്‌ എന്നനിലയിൽ യേശുവിന്‌ തന്‍റെ എതിരാളിളോട്‌ “ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെ ഉണ്ട്” എന്ന് പ്രഖ്യാപിക്കാനാകുമായിരുന്നു. (ലൂക്കോ. 17:21) പിന്നീട്‌, തന്‍റെ മരണത്തിന്‍റെ തലേരാത്രിയിൽ യേശു തന്‍റെ അനുഗാമികളുമായി “രാജ്യത്തിനായി ഒരു ഉടമ്പടി” ചെയ്‌തു. അങ്ങനെ, തന്‍റെ വിശ്വസ്‌തശിഷ്യരിൽ ചിലർക്ക് ദൈവരാജ്യത്തിൽ തന്നോടൊപ്പം രാജാക്കന്മാരായി ഭരിക്കാനുള്ള പ്രത്യാശ അവൻ നൽകി.—ലൂക്കോസ്‌ 22:28-30 വായിക്കുക.

17. ഒന്നാം നൂറ്റാണ്ടിൽ ഏത്‌ പരിമിതമായ വിധത്തിൽ യേശു തന്‍റെ രാജ്യാധികാരം പ്രയോഗിച്ചുതുടങ്ങി, എന്നാൽ അവൻ എന്തിനുവേണ്ടി കാത്തിരിക്കണമായിരുന്നു?

17 ദൈവരാജ്യത്തിന്‍റെ രാജാവായി യേശു എന്ന് ഭരിക്കാൻ തുടങ്ങുമായിരുന്നു? അവന്‌ ഉടനെ ഭരണം തുടങ്ങാൻ കഴിയുമായിരുന്നില്ല. പിറ്റേന്ന് ഉച്ചതിരിഞ്ഞ് യേശു വധിക്കപ്പെടുകയും അവന്‍റെ അനുഗാമികൾ ചിതറിപ്പോകുകയും ചെയ്‌തു. (യോഹ. 16:32) എന്നിരുന്നാലും, മുമ്പ് എന്നത്തെയുംപോലെതന്നെ കാര്യങ്ങൾ യഹോവയുടെ പൂർണനിയന്ത്രണത്തിലായിരുന്നു. മൂന്നാം ദിവസം അവൻ തന്‍റെ പുത്രനെ ഉയിർപ്പിച്ചു. തുടർന്ന്, എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ നാളിൽ യേശു തന്‍റെ അഭിഷിക്തസഹോദരന്മാരുടെ ക്രിസ്‌തീയസഭയുടെ മേൽ ഒരു ആത്മീയരാജ്യം സ്ഥാപിച്ചു. (കൊലോ. 1:13) എങ്കിലും, വാഗ്‌ദത്ത“സന്തതി” എന്ന നിലയിൽ ഭൂമിയുടെ മേൽ പൂർണമായ രാജകീയാധികാരം ഏറ്റെടുക്കുന്നതിന്‌ യേശു പിന്നെയും കാത്തിരിക്കണമായിരുന്നു. യഹോവ തന്‍റെ പുത്രനോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക.”—സങ്കീ. 110:1.

നിത്യതയുടെ രാജാവിനെ ആരാധിക്കുക

18, 19. നാം എന്ത് ചെയ്യാൻ പ്രചോദിതരാകുന്നു, അടുത്ത ലേഖനത്തിൽ നാം എന്ത് പഠിക്കും?

18 സഹസ്രാബ്ദങ്ങളായി സ്വർഗത്തിലും ഭൂമിയിലും യഹോവയുടെ രാജത്വം വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. എങ്കിലും, യഹോവ ഒരിക്കലും തന്‍റെ പരമാധികാരം വെച്ചൊഴിഞ്ഞിട്ടില്ല, കാര്യങ്ങൾ പൂർണമായും അവന്‍റെ നിയന്ത്രണത്തിൽത്തന്നെയായിരുന്നു. നോഹ, അബ്രാഹാം, ദാവീദ്‌ എന്നിവരെപ്പോലെയുള്ള തന്‍റെ വിശ്വസ്‌തരായ പ്രജകളെ, സ്‌നേഹവാനായ ഒരു പിതാവ്‌ എന്ന നിലയിൽ യഹോവ സംരക്ഷിക്കുകയും അവർക്കുവേണ്ടി കരുതുകയും ചെയ്‌തു. ഇത്‌ നമ്മുടെ രാജാവിനു കീഴ്‌പെടാനും അവനോട്‌ അടുത്തുചെല്ലാനും നമ്മെ പ്രചോദിപ്പിക്കുന്നില്ലേ?

19 എങ്കിലും നാം ഇങ്ങനെ ചോദിച്ചേക്കാം: നമ്മുടെ നാളിൽ യഹോവ രാജാവ്‌ ആയിത്തീർന്നിരിക്കുന്നത്‌ എങ്ങനെയാണ്‌? യഹോവയുടെ രാജ്യത്തിന്‍റെ വിശ്വസ്‌തപ്രജകളായിരുന്നുകൊണ്ട് അവന്‍റെ സാർവത്രികകുടുംബത്തിലെ പൂർണതയുള്ള പുത്രന്മാരായിത്തീരാൻ നമുക്ക് എങ്ങനെ കഴിയും? ദൈവത്തിന്‍റെ രാജ്യം വരേണമേ എന്നു നാം പ്രാർഥിക്കുന്നതിന്‍റെ അർഥം എന്താണ്‌? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനത്തിൽ നമുക്ക് ലഭിക്കും.