വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജനുവരി 

ദൈവരാജ്യഭരണം 100 വർഷം പിന്നിടുമ്പോൾ. . .

ദൈവരാജ്യഭരണം 100 വർഷം പിന്നിടുമ്പോൾ. . .

‘യഹോവേ, നിത്യതയുടെ രാജാവേ, നിന്‍റെ പ്രവൃത്തികൾ മഹനീയവും വിസ്‌മയകരവും ആകുന്നു.’—വെളി. 15:3.

1, 2. ദൈവരാജ്യം എന്തെല്ലാം സാക്ഷാത്‌കരിക്കും, അത്‌ വരുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്?

എ.ഡി. 31-ലെ വസന്തകാലത്ത്‌ കഫർന്നഹൂമിന്‌ അടുത്തുള്ള ഒരു മലമുകളിൽവെച്ച് യേശു തന്‍റെ അനുഗാമികളെ “നിന്‍റെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കാൻ പഠിപ്പിച്ചു. (മത്താ. 6:10) ആ രാജ്യം എന്നെങ്കിലും വരുമോ എന്ന് അനേകർ ഇന്ന് സംശയിക്കുന്നു. എന്നിരുന്നാലും, ദൈവത്തിന്‍റെ രാജ്യം വരേണമേ എന്ന നമ്മുടെ ആത്മാർഥമായ പ്രാർഥനയ്‌ക്ക് ഉത്തരം ലഭിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്.

2 സ്വർഗത്തിലും ഭൂമിയിലും ആയി സ്ഥിതിചെയ്യുന്ന തന്‍റെ കുടുംബത്തെ ഏകീകരിക്കാൻ യഹോവ ദൈവരാജ്യത്തെ ഉപയോഗിക്കും. ആ ദിവ്യോദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെടുകതന്നെ ചെയ്യും. (യെശ. 55:10, 11) വാസ്‌തവത്തിൽ നമ്മുടെ കാലത്ത്‌, ഇപ്പോൾത്തന്നെ, യഹോവ രാജാവ്‌ ആയിത്തീർന്നിരിക്കുകയാണ്‌! ഇക്കഴിഞ്ഞ 100 വർഷത്തെ പുളകപ്രദമായ സംഭവവികാസങ്ങൾ അത്‌ അടയാപ്പെടുത്തുന്നു. ദശലക്ഷക്കണക്കിനു വരുന്ന വിശ്വസ്‌തരായ തന്‍റെ പ്രജകൾക്കുവേണ്ടി ദൈവം മഹനീയവും വിസ്‌മയകരവും ആയ സംഗതികൾ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. (സെഖ. 14:9; വെളി. 15:3) എന്നാൽ, യഹോവ രാജാവായിത്തീരുന്നതും യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിച്ച ദൈവരാജ്യം വരുന്നതും രണ്ടും രണ്ടു സംഗതികളാണ്‌. ഈ രണ്ട് സംഭവങ്ങളും തമ്മിൽ എന്താണ്‌ വ്യത്യാസം, അത്‌ നമുക്ക് എന്ത് അർഥമാക്കുന്നു?

യഹോവയുടെ സിംഹാസനസ്ഥനായ രാജാവ്‌ നടപടികളിലേക്ക്

3. (എ) യേശു രാജാവായി സ്ഥാനാരോഹണം ചെയ്‌തത്‌ എപ്പോൾ, എവിടെവെച്ച്? (ബി) 1914-ൽ ദൈവരാജ്യം സ്ഥാപിതമായെന്ന് നിങ്ങൾ എങ്ങനെ തെളിയിക്കും? (അടിക്കുറിപ്പ് കാണുക.)

3 ദാനിയേൽ രേഖപ്പെടുത്തിയ 2,500 വർഷം പഴക്കമുള്ള ഒരു പ്രവചനത്തിന്മേൽ 19-‍ാ‍ം നൂറ്റാണ്ടിന്‍റെ അവസാത്തോടടുത്ത്‌ കൂടുതലായ  പ്രകാശം ചൊരിയപ്പെട്ടു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും.” (ദാനീ. 2:44) 1914 എന്ന വർഷം നിർണായകമായിരിക്കുമെന്ന് ദശാബ്ദങ്ങളോളം ബൈബിൾവിദ്യാർഥികൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ഭാവിയെക്കുറിച്ച് ശുഭാപ്‌തിവിശ്വാസം നിറഞ്ഞവരായിരുന്നു അന്ന് അനേകരും. ഒരു എഴുത്തുകാരൻ പ്രസ്‌താവിക്കുന്നതുപോലെ, “1914-ലെ ലോകം പ്രത്യാശയും വാഗ്‌ദാനവും നിറഞ്ഞതായിരുന്നു.” എന്നിരുന്നാലും, ആ വർഷം അവസാനം ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ബൈബിൾപ്രവചനം സത്യമായിത്തീർന്നു. പിന്നാലെ അരങ്ങേറിയ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും മഹാവ്യാധികളും ഇതര ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയും, 1914-ൽ യേശുക്രിസ്‌തു ദൈവരാജ്യത്തിന്‍റെ രാജാവായി സ്വർഗത്തിൽ ഭരിക്കാൻ തുടങ്ങിയിരുന്നെന്ന് അസന്ദിഗ്‌ധമായി തെളിയിച്ചു. * തന്‍റെ പുത്രനെ മിശിഹൈകരാജാവെന്നനിലയിൽ അവരോധിച്ചുകൊണ്ട് യഹോവ ഒരു പുതിയ അർഥത്തിൽ രാജാവ്‌ ആയിത്തീർന്നിരുന്നു!

4. പുതുതായി സിംഹാസനസ്ഥനായ രാജാവ്‌ ഏത്‌ സത്വരനടപടി കൈക്കൊണ്ടു, അടുത്തതായി അവൻ ആരിലേക്ക് ശ്രദ്ധ തിരിച്ചു?

4 ദൈവം പുതുതായി വാഴിച്ച രാജാവിന്‍റെ ആദ്യദൗത്യം തന്‍റെ പിതാവിന്‍റെ മുഖ്യശത്രുവായ സാത്താനോട്‌ യുദ്ധം ചെയ്യുക എന്നതായിരുന്നു. യേശുവും അവന്‍റെ ദൂതന്മാരും പിശാചിനെയും അവന്‍റെ ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് നിഷ്‌കാസനം ചെയ്‌തു. ഇത്‌ സ്വർഗത്തിൽ അത്യധികം ആഹ്ലാദം കൈവരുത്തിയെങ്കിലും ഭൂമിയിൽ അഭൂതപൂർവമായ അനർഥങ്ങൾക്ക് വഴിവെച്ചു. (വെളിപാട്‌ 12:7-9, 12 വായിക്കുക.) അടുത്തതായി, തന്‍റെ ഭൗമികപ്രജകളിലേക്ക് രാജാവ്‌ ശ്രദ്ധ തിരിച്ചു. അവരെ ശുദ്ധീകരിക്കാനും അഭ്യസിപ്പിക്കാനും ദൈവേഷ്ടം ചെയ്യാനായി സംഘടിപ്പിക്കാനും വേണ്ടിയായിരുന്നു അത്‌. ദൈവരാജ്യഭരണത്തിന്‍റെ ഈ മൂന്ന് ധർമങ്ങളോടുള്ള അവരുടെ അനുകൂപ്രതികരണം നമുക്കിന്ന് ഒരു നല്ല മാതൃക പ്രദാനം ചെയ്യുന്നത്‌ എങ്ങനെയെന്ന് നമുക്ക് പരിചിന്തിക്കാം.

മിശിഹൈകരാജാവ്‌ വിശ്വസ്‌തപ്രജകളെ ശുദ്ധീകരിക്കുന്നു

5. മിശിഹൈകരാജാവ്‌ 1914-നും 1919-ന്‍റെ പ്രാരംഭഭാഗത്തിനും ഇടയിൽ ഏതു ശുദ്ധീകരണം നടത്തി?

5 സിംഹാസനസ്ഥനായ രാജാവ്‌ സാത്താന്‍റെയും അവന്‍റെ ദുർഭൂതങ്ങളുടെയും ദുഷിച്ച സ്വാധീനത്തിൽനിന്ന് സ്വർഗത്തെ വിമുക്തമാക്കിയശേഷം, യഹോവ അവന്‌ മറ്റൊരു നിർദേശം നൽകി. ഭൂമിയിലെ അവന്‍റെ അനുഗാമികളുടെ ആത്മീയാവസ്ഥ പരിശോധിച്ച് അവരെ ശുദ്ധീകരിക്കാനായിരുന്നു അത്‌. മലാഖി പ്രവാചകൻ ഇതിനെ ഒരു ആത്മീയ ശുദ്ധീകരണനടപടിയായി വർണിച്ചു. (മലാ. 3:1-3) 1914-നും 1919-ന്‍റെ പ്രാരംഭഭാഗത്തിനും ഇടയിൽ ഇത്‌ സംഭവിച്ചെന്ന് ചരിത്രം വ്യക്തമാക്കുന്നു. * യഹോവയുടെ സാർവത്രികകുടുംബത്തിന്‍റെ ഭാഗമായിരിക്കുന്നതിന്‌ നാം നിർമലർ അഥവാ വിശുദ്ധർ ആയിരിക്കേണ്ടതുണ്ട്. (1 പത്രോ. 1:15, 16) വ്യാജമതത്തിന്‍റെയും ഈ ലോകത്തിന്‍റെ രാഷ്‌ട്രീയകാര്യാദികളുടെയും ഏതെങ്കിലും വിധത്തിലുള്ള കറ പുരളാതിരിക്കാൻ നാം ജാഗ്രത പാലിക്കണം.

6. ആത്മീയാഹാരം പ്രദാനം ചെയ്യപ്പെടുന്നത്‌ എങ്ങനെ, അത്‌ ജീവത്‌പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്?

6 അതിനു ശേഷം യേശു ഒരു “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ നിയോഗിക്കാൻ തന്‍റെ രാജകീയാധികാരം ഉപയോഗിച്ചു. യേശുവിന്‍റെ പരിപാലനയിൻകീഴിൽ “ഒരൊറ്റ ആട്ടിൻകൂട്ടമായിത്തീരു”ന്ന സകലർക്കും പോഷകപ്രദമായ ആത്മീയാഹാരം ഈ അടിമ ക്രമമായി പ്രദാനം ചെയ്യുമായിരുന്നു. (മത്താ. 24:45-47; യോഹ. 10:16) 1919 മുതൽ അഭിഷിക്തസഹോദരന്മാരുടെ ഒരു ചെറിയ കൂട്ടം “വീട്ടുകാർക്കു” ഭക്ഷണം പ്രദാനം ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്വം വിശ്വസ്‌തമായി നിർവഹിച്ചുപോരുന്നു. ഈ സരണിയിലൂടെ പ്രദാനം ചെയ്യപ്പെടുന്ന സമൃദ്ധമായ ആത്മീയാഹാരം വിശ്വാസത്തിൽ വളരാൻ സഹായിച്ചുകൊണ്ട് നമ്മെ പരിപോഷിപ്പിക്കുന്നു. ആത്മീയവും ധാർമികവും മാനസികവും ശാരീരികവും ആയി ശുദ്ധരായി നിലകൊള്ളാനുള്ള നമ്മുടെ നിശ്ചയത്തെ അത്‌ ഊട്ടിയുറപ്പിക്കുന്നു. കൂടാതെ, ഇന്ന് ഭൂമിയിൽ ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനമായ വേലയിൽ പൂർണമായ ഒരു പങ്കുണ്ടായിരിക്കാനാകുംവിധം ഈ ആത്മീയാഹാരം നമ്മെ അഭ്യസിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. ഈ കരുതലുകളെ നിങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുന്നുണ്ടോ?

ലോകവ്യാപകമായി പ്രസംഗിക്കാൻ രാജാവ്‌ തന്‍റെ പ്രജകളെ അഭ്യസിപ്പിക്കുന്നു

7. ഭൂമിയിലായിരുന്നപ്പോൾ യേശു ഏത്‌ സുപ്രധാനവേല തുടങ്ങിവെച്ചു, അത്‌ എപ്പോൾവരെ തുടരുമായിരുന്നു?

7 തന്‍റെ ഭൗമികശുശ്രൂഷയുടെ ആരംഭത്തിൽ യേശു ഇങ്ങനെ പ്രഖ്യാപിച്ചു: “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്‍റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ  അയച്ചിരിക്കുന്നത്‌.” (ലൂക്കോ. 4:43) മൂന്നര വർഷക്കാലം യേശു ശ്രദ്ധയൂന്നിയത്‌ ഈ വേലയിൽ മാത്രമായിരുന്നു. അവൻ തന്‍റെ ശിഷ്യന്മാരോട്‌, “നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പ്രസംഗിക്കുവിൻ” എന്ന് നിർദേശിച്ചു. (മത്താ. 10:7) തന്‍റെ അനുഗാമികൾ “ഭൂമിയുടെ അറ്റംവരെയും” ഈ സന്ദേശം ഘോഷിക്കുമെന്ന് പുനരുത്ഥാനത്തിനു ശേഷം യേശു മുൻകൂട്ടിപ്പറഞ്ഞു. (പ്രവൃ. 1:8) ഈ ജീവത്‌പ്രധാനവേലയിൽ നമ്മുടെ കാലംരെയും താൻ വ്യക്തിപരമായി ഉൾപ്പെട്ടിരിക്കുമെന്ന് യേശു അവർക്ക് ഉറപ്പുകൊടുത്തു.—മത്താ. 28:19, 20.

8. രാജാവ്‌ തന്‍റെ ഭൗമികപ്രജകളെ കർമോത്സുകരാക്കിയത്‌ എങ്ങനെ?

8 ആയിരത്തിത്തൊള്ളായിരത്തി പത്തൊൻപതോടെ “രാജ്യത്തിന്‍റെ ഈ സുവിശേഷം” ഒരു പുതിയ മാനം കൈവരിച്ചിരുന്നു. (മത്താ. 24:14) സ്വർഗത്തിൽ വാഴ്‌ച നടത്തുകയായിരുന്ന രാജാവ്‌ ആ സമയമാപ്പോഴേക്കും ഭൗമിപ്രജകളുടെ ശുദ്ധീകരിക്കപ്പെട്ട ഒരു ചെറിയ കൂട്ടത്തെ കൂട്ടിച്ചേർത്തിരുന്നു. ദൈവത്തിന്‍റെ സ്ഥാപിതരാജ്യത്തിന്‍റെ സുവിശേഷം മുഴുഭൂമിയിലും ഘോഷിപ്പിൻ എന്ന യേശുവിന്‍റെ ആഹ്വാത്തോട്‌ അവർ ആവേശത്തോടെ പ്രതികരിച്ചു. (പ്രവൃ. 10:42) ഉദാഹരണത്തിന്‌, 1922 സെപ്‌റ്റംബറിൽ യു.എസ്‌.എ-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്‍റിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്ന 20,000-ഓളം ആളുകൾ സമ്മേളിച്ചു. റഥർഫോർഡ്‌ സഹോദരൻ “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന അഭിധാനത്തിലുള്ള പ്രസംഗത്തിൽ പിൻവരുന്ന പ്രകാരം പ്രഖ്യാപിച്ചപ്പോൾ അലയടിച്ച ആവേശം ഒന്ന് ഭാവനയിൽ കാണുക: “ഇതാ, രാജാവു വാഴുന്നു! നിങ്ങൾ അവന്‍റെ പരസ്യപ്രചാരകരാണ്‌. അതുകൊണ്ട്, രാജാവിനെയും അവന്‍റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ.” ഒരു പ്രത്യേക ‘സേവനദിനത്തിൽ’ പങ്കെടുക്കാനുള്ള ക്ഷണത്തോട്‌ പ്രതികരിച്ച 2,000 പ്രതിനിധികൾ കൺവെൻഷൻ സ്ഥലത്തുനിന്ന് 72 കിലോമീറ്റർ ദൂരത്തോളം വീടുകൾ സന്ദർശിച്ചു. ഉത്സാഹഭരിതരായിത്തീർന്ന അവരിൽ ഒരാൾ ഇങ്ങനെ ഉദ്‌ഘോഷിച്ചു: “രാജ്യത്തെ പ്രസിദ്ധമാക്കാനുള്ള ആഹ്വാനവും കൂടിവന്നവരുടെ അത്യുത്സാഹത്തോടെയുള്ള പ്രതികരണവും എനിക്ക് ഒരിക്കലും മറക്കാനാവില്ല!” ഇത്‌ ഒറ്റപ്പെട്ട ഒരു അഭിപ്രായമായിരുന്നില്ല.

9, 10. (എ) രാജ്യപ്രഘോഷകരെ പരിശീലിപ്പിക്കാനായി എന്തെല്ലാം ക്രമീകരണങ്ങളാണ്‌ ചെയ്‌തിട്ടുള്ളത്‌? (ബി) ഈ പരിശീലനക്രമീകരണങ്ങളിൽനിന്ന് നിങ്ങൾ വ്യക്തിപരമായി എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?

9 ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിരണ്ട് ആയപ്പോഴേക്കും ലോകമെങ്ങും 58 ദേശങ്ങളിലായി 17,000-ത്തിലധികം രാജ്യപ്രഘോഷകർ സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവർക്ക് പരിശീലനം ആവശ്യമായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ, നിയുക്തരാജാവ്‌ തന്‍റെ ശിഷ്യന്മാർക്ക് എന്ത്, എവിടെ, എങ്ങനെ പ്രസംഗിക്കണം എന്ന വ്യക്തമായ നിർദേശങ്ങൾ നൽകുകയുണ്ടായി. (മത്താ. 10:5-7; ലൂക്കോ. 9:1-6; 10:1-11) സമാനമായി ഇന്ന്, രാജ്യപ്രസംഗവേലയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫലപ്രദമായി പ്രസംഗിക്കാനുള്ള നിർദേശങ്ങളും ഉപകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് യേശു ഉറപ്പുവരുത്തുന്നു. (2 തിമൊ. 3:17) ക്രിസ്‌തീയസഭയിലൂടെ യേശു തന്‍റെ പ്രജകളെ ശുശ്രൂഷയ്‌ക്കായി പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ലോകവ്യാപകമായി 1,11,000-ത്തിലധികം സഭകളിൽ നടത്തപ്പെടുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളാണ്‌ പരിശീലനം നൽകാൻ അവൻ ഉപയോഗിക്കുന്ന സരണികളിൽ ഒന്ന്. ഈ പ്രബോധനത്തിൽനിന്ന് പ്രയോജനം നേടിക്കൊണ്ട്, “എല്ലാത്തരം ആളുകൾക്കും” ആകർഷകമായ വിധത്തിൽ പ്രസംഗിക്കാനും പഠിപ്പിക്കാനും 70 ലക്ഷത്തിലധികംവരുന്ന രാജ്യപ്രഘോഷകർ ഇന്ന് സജ്ജരാണ്‌.1 കൊരിന്ത്യർ 9:20-23 വായിക്കുക; അടിക്കുറിപ്പ്.

10 ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനു പുറമേ,  സഭാമൂപ്പന്മാർ, പയനിയർമാർ, ഏകാകികളായ സഹോദരന്മാർ, ക്രിസ്‌തീയദമ്പതികൾ, മിഷനറിമാർ എന്നിവർക്കായി ബൈബിൾസ്‌കൂളുകളുണ്ട്. കൂടാതെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും അവരുടെ ഭാര്യമാർക്കും, സഞ്ചാരമേൽവിചാരകന്മാർക്കും അവരുടെ ഭാര്യമാർക്കും വേണ്ടിയും സ്‌കൂളുകൾ ക്രമീകരിച്ചിട്ടുണ്ട്. * ക്രിസ്‌തീയദമ്പതികൾക്കായുള്ള ബൈബിൾ സ്‌കൂളിന്‍റെ ഒരു ക്ലാസ്സിലെ വിദ്യാർഥികൾ തങ്ങളുടെ വിലമതിപ്പ് പ്രകടിപ്പിച്ചത്‌ ഇങ്ങനെയാണ്‌: “ഞങ്ങൾക്കു ലഭിച്ച ഈ സവിശേഷപരിശീലനം യഹോവയോടുള്ള ഞങ്ങളുടെ സ്‌നേഹം ആഴമുള്ളതാക്കുകയും മറ്റുള്ളവരെ സഹായിക്കാൻ ഞങ്ങളെ ഏറെ സജ്ജരാക്കുകയും ചെയ്‌തിരിക്കുന്നു.”

11. എതിർപ്പിന്മധ്യേയും സഹിച്ചുനിൽക്കാൻ രാജ്യപ്രഘോഷകർക്ക് സാധിച്ചിരിക്കുന്നത്‌ എങ്ങനെ?

11 സമഗ്രമായ ഈ രാജ്യപ്രസംഗവേലയും പരിശീലനം നൽകാനുള്ള പ്രയത്‌നങ്ങളും ശത്രുവായ സാത്താന്‍റെ കണ്ണിൽപ്പെടാതെപോയിട്ടില്ല. രാജ്യന്ദേശത്തെയും സന്ദേശവാഹകരെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ട് വേലയ്‌ക്കു തടയിടാൻ അവൻ ശ്രമിക്കുന്നു. പക്ഷേ, അവന്‍റെ ശ്രമങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. യഹോവ തന്‍റെ പുത്രനെ “എല്ലാ വാഴ്‌ചയ്‌ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും . . . അത്യന്തം മീതെ” അവരോധിച്ചിരിക്കുന്നു. (എഫെ. 1:20-22) രാജാവെന്ന നിലയിൽ തന്‍റെ അധികാരം, ശിഷ്യന്മാരെ സംരക്ഷിക്കാനും നയിക്കാനും ആയി ഉപയോഗിച്ചുകൊണ്ട് പിതാവിന്‍റെ ഹിതം ചെയ്യപ്പെടുന്നു എന്ന് യേശു ഉറപ്പുവരുത്തുന്നു. * സുവാർത്ത ഇന്ന് ഭൂമിയിൽ അങ്ങോളമിങ്ങോളം പ്രഘോഷിക്കപ്പെടുകയാണ്‌; തന്മൂലം ആത്മാർഥഹൃദയരായ ദശലക്ഷങ്ങളാണ്‌ യഹോവയുടെ വഴികളെക്കുറിച്ച് പഠിക്കുന്നത്‌. ഈ മഹത്തായ വേലയിൽ ഒരു പങ്കുണ്ടായിരിക്കാനാകുന്നത്‌ എത്ര ശ്രേഷ്‌ഠമായ ഒരു പദവിയാണ്‌!

രാജാവ്‌ തന്‍റെ പ്രജകളെ വർധിച്ച പ്രവർത്തനത്തിനായി സംഘടിപ്പിക്കുന്നു

12. രാജ്യം സ്ഥാപിതമായതുമുതൽ നടത്തിയിട്ടുള്ള സംഘടനാപരമായ ചില പരിഷ്‌കരണങ്ങളെക്കുറിച്ച് പറയുക.

12 ദൈവരാജ്യം 1914-ൽ സ്ഥാപിതമായതുമുതൽ, തന്‍റെ പിതാവിന്‍റെ ഹിതം നിറവേറ്റാനായി ദൈവദാസർ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന വിധത്തെ രാജാവ്‌ സ്‌ഫുടം ചെയ്‌തിരിക്കുന്നു. (യെശയ്യാവു 60:17 വായിക്കുക.) 1919-ൽ, പ്രസംഗവേലയ്‌ക്ക് നേതൃത്വമെടുക്കാൻ ഓരോ സഭയിലും സേവന ഡയറക്‌ടറെ നിയമിച്ചു. 1927-ൽ, ഞായറാഴ്‌ചകളിലെ വീടുതോറുമുള്ള വേല സംഘടിപ്പിക്കപ്പെട്ടു. 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന തിരുവെഴുത്തധിഷ്‌ഠിതനാമം സ്വീകരിച്ചപ്പോൾ, രാജ്യത്തെ പിന്തുണയ്‌ക്കുന്നവർ വർധിച്ച പ്രവർത്തനത്തിന്‌ പ്രചോദിതരായിത്തീർന്നു. (യെശ. 43:10-12) 1938-ൽ, സഭകളിൽ ഉത്തരവാദിത്വം വഹിക്കുന്നവരെ ജനാധിപത്യതിരഞ്ഞെടുപ്പുകളിലൂടെ കണ്ടെത്തുന്ന രീതി ദിവ്യാധിപത്യനിയമനങ്ങൾക്കു വഴിമാറി. 1972-ൽ, കേവലം ഒരു സഭാമേൽവിചാരകനുപകരം മൂപ്പന്മാരുടെ ഒരു സംഘം സഭയുടെ മേൽനോട്ടം വഹിക്കുന്ന രീതി നിലവിൽവന്നു. ‘തങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്‍റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്നതിൽ’ ഒരു പങ്കുവഹിക്കാനായി ലക്ഷ്യംവെച്ചുപ്രവർത്തിക്കാൻ യോഗ്യതയുള്ള എല്ലാ പുരുഷന്മാർക്കും പ്രോത്സാഹനം ലഭിച്ചു. (1 പത്രോ. 5:2) 1976-ൽ, ആഗോളരാജ്യവേലയ്‌ക്ക് മേൽനോട്ടം വഹിക്കാൻ ഭരണസംഘം ആറ്‌ കമ്മിറ്റികളായി സംഘടിപ്പിക്കപ്പെട്ടു. അതെ, യഹോവയുടെ നിയമിതരാജാവ്‌ രാജ്യത്തിന്‍റെ പ്രജകളെ ദിവ്യാധിപത്യപരമായ  ഒരു വിധത്തിൽത്തന്നെ പടിപടിയായി സംഘടിപ്പിച്ചിരിക്കുന്നു.

13. ദൈവരാജ്യ വാഴ്‌ചയുടെ 100 വർഷത്തെ ഭരണനേട്ടങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എന്തു പ്രഭാവം ചെലുത്തിയിരിക്കുന്നു?

13 മിശിഹൈകരാജാവിന്‍റെ വാഴ്‌ചയുടെ ആദ്യത്തെ 100 വർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് പരിചിന്തിക്കുക. യഹോവയുടെ നാമത്തിനായി അവൻ ഒരു ജനതയെ ശുദ്ധീകരിച്ചെടുത്തിരിക്കുന്നു. 239 ദേശങ്ങളിൽ അവൻ രാജ്യപ്രസംഗവേലയ്‌ക്ക് ചുക്കാൻ പിടിച്ചിരിക്കുന്നു; ദശലക്ഷങ്ങളെ അവൻ യഹോവയുടെ വഴികളിൽ അഭ്യസിപ്പിച്ചിരിക്കുന്നു. തന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കാൻ സന്നദ്ധരായ 70 ലക്ഷത്തിലധികംവരുന്ന വിശ്വസ്‌തപ്രജകളെ അവൻ കൂട്ടിവരുത്തിയിരിക്കുന്നു. (സങ്കീ. 110:3) അതെ, മിശിഹൈകരാജ്യം മുഖാന്തരമുള്ള യഹോവയുടെ പ്രവൃത്തികൾ തികച്ചും മഹനീയവും വിസ്‌മയകരവും തന്നെ! എന്നാൽ ഏറെ ആവേശജനകമായ സംഭവങ്ങൾ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ!

മിശിഹൈകരാജ്യത്തിന്‍റെ ഭാവിയനുഗ്രഹങ്ങൾ

14. (എ) “നിന്‍റെ രാജ്യം വരേണമേ” എന്ന് പ്രാർഥിക്കുമ്പോൾ നാം എന്താണ്‌ ദൈവത്തോട്‌ ചോദിക്കുന്നത്‌? (ബി) 2014-ലെ വാർഷികവാക്യം ഏതാണ്‌, അത്‌ തികച്ചും ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്?

14 യഹോവ തന്‍റെ പുത്രനായ യേശുക്രിസ്‌തുവിനെ 1914-ൽ മിശിഹൈകരാജാവായി വാഴിച്ചെങ്കിലും, “നിന്‍റെ രാജ്യം വരേണമേ” എന്ന നമ്മുടെ പ്രാർഥനയ്‌ക്കുള്ള പൂർണമായ ഉത്തരമായിരുന്നില്ല അത്‌. (മത്താ. 6:10) യേശു തന്‍റെ “ശത്രുക്കളുടെ മദ്ധ്യേ വാഴു”മെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (സങ്കീ. 110:2) സാത്താന്‍റെ നിയന്ത്രണത്തിലുള്ള മാനുഷഭരണകൂടങ്ങൾ ഇപ്പോഴും ദൈവരാജ്യത്തിനെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്‌. ദൈവരാജ്യം വരേണമേ എന്ന് നാം പ്രാർഥിക്കുമ്പോൾ, മിശിഹൈകരാജാവും സഹഭരണാധികാരികളും മാനുഷഭരണാധിപത്യത്തിന്‌ അന്ത്യംകുറിച്ചുകൊണ്ട് ദൈവരാജ്യത്തിന്‍റെ ഭൂമിയിലെ എതിരാളികളെ നീക്കം ചെയ്യേണമേ എന്നാണ്‌ നാം ദൈവത്തോട്‌ അപേക്ഷിക്കുന്നത്‌. ദൈവരാജ്യം “ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പി”ക്കും എന്ന ദാനീയേൽ 2:44-ലെ പ്രാവചനികവാക്കുകൾ അങ്ങനെ നിവൃത്തിയാകും. അത്‌ ദൈവരാജ്യത്തിന്‍റെ രാഷ്‌ട്രീയവൈരികളെ വേരോടെ പിഴുതുകളയും. (വെളി. 6:1, 2; 13:1-18; 19:11-21) ഈ സംഭവങ്ങൾ നമ്മുടെ തൊട്ടടുത്ത്‌ എത്തിനിൽക്കുകയാണ്‌. ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായതിന്‍റെ 100-‍ാ‍ം വാർഷികമാണ്‌ 2014. അതുകൊണ്ടുതന്നെ, “നിന്‍റെ രാജ്യം വരേണമേ” എന്ന മത്തായി 6:10-ലെ വാക്കുകൾ 2014-ലെ വാർഷികവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്‌ തികച്ചും ഉചിതമാണ്‌!

2014-ലെ വാർഷികവാക്യം: “നിന്‍റെ രാജ്യം വരേണമേ.”—മത്തായി 6:10

15, 16. (എ) ആയിരവർഷവാഴ്‌ചയുടെ സമയത്ത്‌ ആവേശജനകമായ ഏതെല്ലാം സംഭവങ്ങൾ അരങ്ങേറും? (ബി) മിശിഹൈകരാജാവെന്ന നിലയിലുള്ള യേശുവിന്‍റെ അവസാന നടപടി എന്തായിരിക്കും, സകല സൃഷ്ടിയെയുംകുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തോടുള്ള ബന്ധത്തിൽ ആ നടപടി എന്ത് അർഥമാക്കും?

15 ദൈവത്തിന്‍റെ ശത്രുക്കളെ തുടച്ചുനീക്കിയശേഷം, മിശിഹൈകരാജാവ്‌ സാത്താനെയും അവന്‍റെ ഭൂതങ്ങളെയും അഗാധത്തിലേക്ക് എറിഞ്ഞ് ആയിരം വർഷത്തേക്ക് അടച്ചുപൂട്ടി മുദ്രവെക്കും. (വെളി. 20:1-3) അങ്ങനെ ആ ദുഷ്ടസ്വാധീനം അരങ്ങൊഴിയുന്നതോടെ, ദൈവരാജ്യം യേശുവിന്‍റെ മറുവിലയാഗത്തിന്‍റെ പ്രയോജനങ്ങൾ മനുഷ്യവർഗത്തിന്മേൽ ചൊരിയാനും ആദാമ്യപാപത്തിന്‍റെ ഫലങ്ങൾ നിർമാർജനം ചെയ്യാനും ആരംഭിക്കും. മരണനിദ്രയിൽ കഴിയുന്ന അസംഖ്യം ആളുകളെ രാജാവ്‌ പുനരുത്ഥാനത്തിലൂടെ ജീവനിലേക്ക് കൊണ്ടുവരും. യഹോയെക്കുറിച്ച് അവരെ പഠിപ്പിക്കാനുള്ള വിപുലമായ ഒരു വിദ്യാഭ്യാസപദ്ധതിയും അവൻ നടപ്പിലാക്കും. (വെളി. 20:12, 13) ഏദെൻ തോട്ടത്തിൽ മാഞ്ഞുപോയ ആ പഴയ പറുദീസ മുഴുഭൂമിയിലും ആവിർഭവിക്കും. വിശ്വസ്‌തരായ സകലരെയും രാജാവ്‌ മാനുഷപൂർണതയിലേക്ക് കൈപിടിച്ചുയർത്തും.

16 ക്രിസ്‌തുവിന്‍റെ ആയിരവർഷവാഴ്‌ചയുടെ അവസാത്തോടെ മിശിഹൈകരാജ്യം അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാത്‌കരിച്ചിരിക്കും. തുടർന്ന് യേശു രാജ്യം തന്‍റെ പിതാവിന്‌ കൈമാറും. (1 കൊരിന്ത്യർ 15:24-28 വായിക്കുക.) യഹോവയ്‌ക്കും ഭൂമിയിലെ അവന്‍റെ മക്കൾക്കും ഇടയിൽ ഒരു മധ്യസ്ഥന്‍റെ ആവശ്യം മേലാൽ ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്‍റെ സ്വർഗത്തിലെ സകല പുത്രന്മാരും ഭൂമിയിലെ അവന്‍റെ മക്കളും അവന്‍റെ സാർവത്രികകുടുംബത്തിന്‍റെ ഭാഗമെന്ന നിലയിൽ തങ്ങളുടെ സ്വർഗീയ പിതാവിനോട്‌ സമാധാനബന്ധത്തിൽ ഏകീഭവിക്കും.

17. ദൈവരാജ്യത്തോടുള്ള ബന്ധത്തിൽ എന്തു ചെയ്യാനാണ്‌ നിങ്ങളുടെ ദൃഢനിശ്ചയം?

17 ദൈവരാജ്യഭരണത്തിന്‍റെ 100 വർഷത്തെ ആവേശജനകമായ സംഭവങ്ങൾ, കാര്യങ്ങൾ ഇപ്പോഴും യഹോവയുടെ പൂർണനിയന്ത്രണത്തിലാണെന്നും ഭൂമിയെക്കുറിച്ചുള്ള അവന്‍റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെടുമെന്നും നമുക്ക് ഉറപ്പുതരുന്നു. അവന്‍റെ വിശ്വസ്‌തപ്രജകളായിരുന്നുകൊണ്ട് രാജാവിനെയും രാജ്യത്തെയും പ്രസിദ്ധമാക്കുന്നതിൽ നമുക്ക് തുടരാം. “നിന്‍റെ രാജ്യം വരേണമേ” എന്ന നമ്മുടെ ആത്മാർഥമായ പ്രാർഥനയ്‌ക്ക് യഹോവ പെട്ടെന്നുതന്നെ ഉത്തരം നൽകുമെന്നുള്ള പൂർണബോധ്യത്തോടെ നമുക്ക് മുന്നേറാം.

^ ഖ. 3 ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്‍റെ 88-92 പേജുകൾ കാണുക.

^ ഖ. 5 2013 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്‍റെ 22-23 പേജുകളിലെ 12-‍ാ‍ം ഖണ്ഡിക കാണുക.

^ ഖ. 10 2012 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്‍റെ 13-17 പേജുകളിലെ “ദിവ്യാധിപത്യസ്‌കൂളുകൾയഹോവയുടെ സ്‌നേഹത്തിന്‍റെ തെളിവ്‌” എന്ന ലേഖനം കാണുക.

^ ഖ. 11 വിവിധ രാജ്യങ്ങളിൽ ലഭിച്ചിട്ടുള്ള നിയമവിജയങ്ങളുടെ ദൃഷ്ടാന്തങ്ങൾക്കായി 1998 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്‍റെ 19-22 പേജുകൾ കാണുക.