കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് തങ്ങൾ ഉത്‌പാദിപ്പിക്കുന്ന ഭീമമായ അളവിലുള്ള വിവരങ്ങൾ, ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിനായി കമ്പ്യൂട്ടറിൽ ശേഖരിച്ചുവെക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങൾ സൂക്ഷിക്കുന്ന രീതിക്ക് ഒരു സമൂലമാറ്റം വരുത്താൻ ശാസ്‌ത്രജ്ഞന്മാർ ആഗ്രഹിക്കുന്നു; പ്രകൃതിയിൽ കാണുന്ന വളരെ മികച്ച ഒരു വിവരസംഭരണ സംവിധാനം—ഡിഎൻഎ—അനുകരിച്ചുകൊണ്ട്!

സവിശേഷത: ജീവകോശങ്ങളിൽ കാണുന്ന ഡിഎൻഎ-യിൽ കോടിക്കണക്കിന്‌ ജീവശാസ്‌ത്രപരമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. “മാമത്തുകളുടെ എല്ലുളിൽനിന്നുപോലും അവ ശേഖരിക്കാനും . . . ആ വിവരങ്ങൾ വായിച്ചു മനസ്സിലാക്കാനും സാധിക്കും” എന്ന് യൂറോപ്യൻ ബയോ-ഇൻഫൊർമാറ്റിക്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ നിക്ക് ഗോൾഡ്‌മാൻ പറയുന്നു. “ഡിഎൻഎ അവിശ്വസനീയമാംവണ്ണം ചെറുതും സാന്ദ്രതയുള്ളതും വിവരങ്ങൾ സംഭരിച്ചുവെക്കാൻ ഊർജം ആവശ്യമില്ലാത്തതും ആയ ഒന്നാണ്‌. അതുകൊണ്ട് അതു സൂക്ഷിക്കുന്നതും ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതും എളുപ്പമാണ്‌” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഡിഎൻഎ-ക്ക് മനുഷ്യനിർമിതവിവരങ്ങൾ സംഭരിക്കാൻ കഴിയുമോ? കഴിയും എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

സിഡി-കളിലും മറ്റും വിവരങ്ങൾ സംഭരിച്ചുവെക്കുന്നതുപോലെ, കോഡുഭാഷയിലുള്ള വാക്കുകളും ചിത്രങ്ങളും ശബ്ദവും ഉൾപ്പെടുത്തി ശാസ്‌ത്രജ്ഞർ ഡിഎൻഎ രൂപീകരിച്ചു. പിന്നീട്‌, ഈ ഫയലുകളിൽ സംഭരിച്ചുവെച്ചിരുന്ന വിവരങ്ങൾ 100 ശതമാനം കൃത്യതയോടെ വായിച്ചെടുക്കാൻ ഗവേഷകർക്ക് സാധിച്ചു. താമസിയാതെ ഈ രീതി ഉപയോഗിച്ച് ഒരു ഗ്രാം കൃത്രിമ ഡിഎൻഎ-യിൽ 30 ലക്ഷം സിഡി-യിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ സംഭരിച്ചുവെക്കാനാകും എന്ന് ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നു, നൂറുണക്കിനോ ആയിരക്കണക്കിനോ വർഷത്തേക്കുപോലും. ഈ സംവിധാനത്തിന്‌ ലോകത്തിലെ മുഴുവൻ കമ്പ്യൂട്ടറുകളിലുമുള്ള വിവരങ്ങൾ ശേഖരിച്ചുവെക്കാനാകും. അതുകൊണ്ട് ഡിഎൻഎ-യെ “ഏറ്റവും മികച്ച വിവരസംഭരണ ഉപാധി” എന്നു വിളിച്ചിരിക്കുന്നു.

നിങ്ങൾക്ക് എന്തു തോന്നുന്നു? ഡിഎൻഎ-യുടെ ഈ സംഭരണശേഷി രൂപപ്പെട്ടത്‌ പരിണാപ്രക്രിയയിലൂടെയാണോ? അതോ ആരെങ്കിലും അത്‌ രൂപകൽപ്പന ചെയ്‌തതാണോ? ▪ (g13-E 12)