വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2014 ജനുവരി 

 കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം

ഒരു നല്ല ശ്രോതാവ്‌ ആയിരിക്കാൻ

ഒരു നല്ല ശ്രോതാവ്‌ ആയിരിക്കാൻ

വെല്ലുവിളി

“ഞാൻ പറയുന്നതു നിങ്ങൾ കേൾക്കുന്നില്ല!” എന്നു നിങ്ങളുടെ ഇണ പറയുന്നു. ‘ഞാൻ കേൾക്കുന്നുണ്ടായിരുന്നു’ എന്നു നിങ്ങൾ നിങ്ങളോടുതന്നെ പറയുന്നു. എന്നാൽ ഇണ പറഞ്ഞതിൽനിന്നും വ്യത്യസ്‌തമായ എന്തോ ആണ്‌ നിങ്ങൾ കേട്ടത്‌. അതിന്‍റെ ഫലമായി അടുത്ത തർക്കം പൊന്തിവരുന്നു.

ഇത്തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം. എന്നാൽ ആദ്യമായി, കേൾക്കുന്നുണ്ടെന്നു വിചാരിച്ചിട്ടുപോലും ഇണ പറയുന്ന കാര്യങ്ങളിലെ പ്രധാവിവരങ്ങൾ എന്തുകൊണ്ടാണ്‌ നിങ്ങൾക്കു നഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

എന്തുകൊണ്ട് അതു സംഭവിക്കുന്നു?

നിങ്ങൾ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയിലോ ക്ഷീണിതനോ ആണ്‌; അല്ലെങ്കിൽ രണ്ടും. കുട്ടികൾ ഒച്ചവെക്കുന്നു, ടി.വി. വളരെ ഉച്ചത്തിലാണ്‌ വെച്ചിരിക്കുന്നത്‌, നിങ്ങളാണെങ്കിൽ ജോലിസ്ഥലത്തുണ്ടായ ഒരു പ്രശ്‌നത്തെക്കുറിച്ചു ചിന്തിക്കുകയാണ്‌. ഇപ്പോൾ നിങ്ങളുടെ ഇണ നിങ്ങളോടു സംസാരിച്ചുതുടങ്ങുന്നു—രാത്രി അതിഥികളുണ്ടാകും എന്നതിനെക്കുറിച്ചെന്തോ. നിങ്ങൾ “ശരി” എന്നു പറയുന്നു. എന്നാൽ ഇണ പറഞ്ഞത്‌ എന്താണെന്ന് നിങ്ങൾ യഥാർഥത്തിൽ കേട്ടോ? സാധ്യതയില്ല.

ഊഹാപോഹങ്ങൾ നടത്തുന്നു. ഇതൊരു അപകടകരമായ പ്രവണതയാണ്‌. ഇണയുടെ വാക്കുകളിൽ എന്തോ ഒളിഞ്ഞിരിക്കുന്നതായി നിങ്ങൾ അനുമാനിക്കുന്നു. എന്നാൽ ആ സാഹചര്യത്തെക്കുറിച്ചു നിങ്ങൾ അമിതമായി ചിന്തിച്ചതായിരിക്കാം പ്രശ്‌നം. ഉദാഹരണത്തിന്‌, “ഈ ആഴ്‌ചയിൽ നിങ്ങൾ പതിവിലും കൂടുതൽ സമയം ജോലി ചെയ്‌തു” എന്ന് ഇണ പറയുന്നു. ഇതിനെ ഒരു വിമർശനമായി കരുതി “അത്‌ എന്‍റെ തെറ്റല്ല! നീ വളരെയധികം പണം ചെലവാക്കുന്നതു കാരണമാണ്‌ എനിക്കു കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്നത്‌” എന്നു നിങ്ങൾ പറയുന്നു. ഉന്മേഷപ്രദമായൊരു വാരാന്ത്യം ഒരുമിച്ചു ചെലവഴിക്കാം എന്നു പറയാനിരുന്ന ഇണ, “ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നില്ല” എന്ന് ആക്രോശിക്കുന്നു.

കേൾക്കുംമുമ്പെ പരിഹാരം തേടുന്നു. “ചില സാഹചര്യങ്ങളിൽ എനിക്ക് എന്‍റെ വികാങ്ങളൊന്നു പ്രകടിപ്പിക്കുകയേ വേണ്ടൂ. എന്നാൽ മാർക്കിന്‌ * അത്‌ പരിഹരിക്കാനാണു ധൃതി. എനിക്ക് അതു പരിഹരിക്കുകയല്ല വേണ്ടത്‌. എന്‍റെ വികാരങ്ങൾ അദ്ദേഹം മനസ്സിലാക്കാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ” എന്ന് മോനിക്ക പറയുന്നു. പ്രശ്‌നം? മാർക്കിന്‍റെ മനസ്സ് പ്രശ്‌നപരിഹാരത്തിനായി പായുകയാണ്‌. അതുകൊണ്ട് മോനിക്ക പറയുന്ന കാര്യങ്ങളിൽ ചിലതോ അല്ലെങ്കിൽ അതു മുഴുവനോ അദ്ദേഹത്തിനു നഷ്ടമായേക്കാം.

പ്രശ്‌നത്തിന്‍റെ കാരണം എന്തുന്നെയായിരുന്നാലും ഒരു നല്ല ശ്രോതാവായിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

 നിങ്ങൾക്കു ചെയ്യാനാകുന്നത്‌

മുഴുശ്രദ്ധയും നൽകുക. നിങ്ങളുടെ ഇണയ്‌ക്കു പ്രധാനപ്പെട്ട എന്തോ പറയാനുണ്ട്. നിങ്ങൾക്ക് അത്‌ ഇപ്പോൾ ശ്രദ്ധിക്കാനാകുമോ? ഇല്ലായിരിക്കാം. നിങ്ങളുടെ മനസ്സ് മറ്റു കാര്യങ്ങളിലായിരിക്കാം. അങ്ങനെയെങ്കിൽ കേൾക്കുന്നതായി ഭാവിക്കാതിരിക്കുക. സാധിക്കുമെങ്കിൽ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യം മാറ്റിവെച്ചിട്ട് ഇണയ്‌ക്കു പൂർണശ്രദ്ധ നൽകുക. അല്ലെങ്കിൽ നിങ്ങൾക്ക് ഇണ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്ന സമയംവരെ കാത്തിരിക്കാൻ ഇണയോട്‌ ആവശ്യപ്പെടുക.—ബൈബിൾ തത്ത്വം: യാക്കോബ്‌ 1:19.

ഇടയ്‌ക്കു കയറി സംസാരിക്കാതിരിക്കാൻ തീരുമാനിക്കുക. ഇണ സംസാരിക്കുകയാണെങ്കിൽ ഇടയ്‌ക്കു കയറി സംസാരിക്കാനോ തർക്കിക്കാനോ ഉള്ള പ്രവണത ചെറുക്കുക. നിങ്ങൾക്കു സംസാരിക്കാനുള്ള അവസരം ലഭിക്കും. ഇപ്പോൾ മറ്റേയാളെ ശ്രദ്ധിക്കുക.—ബൈബിൾ തത്ത്വം: സദൃശവാക്യങ്ങൾ 18:13.

ചോദ്യങ്ങൾ ചോദിക്കുക. ഇത്‌ ഇണ പറയുന്നത്‌ കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. മോനിക്ക പറയുന്നു: “മാർക്ക് എന്നോടു ചോദ്യങ്ങൾ ചോദിക്കുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നും. കാരണം, അതുവഴി ഞാൻ പറയുന്ന കാര്യങ്ങളിൽ അദ്ദേഹം തത്‌പരനാണെന്ന് എനിക്കു മനസ്സിലാകുന്നു.”

പറയുന്ന വാക്കുകൾക്കു പകരം ആശയത്തിനു കാതോർക്കുക. ശരീരഭാഷയിലൂടെയും കണ്ണുകളുടെ ചലനങ്ങളിലൂടെയും ശബ്ദത്തിലൂടെയും ഇണ എന്താണു പറയാൻ ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കുക. എങ്ങനെ പറയുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ അർഥം മാറിയേക്കാം. “കുഴപ്പമില്ല” എന്ന് ഇണ പറയുന്നത്‌ ചിപ്പോൾ “കുഴപ്പമുണ്ട്” എന്ന അർഥത്തിലായിരിക്കാം. “നിങ്ങൾ എന്നെ സഹായിക്കുന്നില്ല” എന്നു പറയുന്നതിന്‍റെ അർഥം “നിങ്ങൾ എനിക്കു പ്രാധാന്യം കൽപ്പിക്കുന്നില്ല എന്ന് എനിക്കു തോന്നുന്നു” എന്നായിരിക്കാം. വാക്കുളിലൂടെ പറയുന്നില്ലെങ്കിലും ശരിയായ ആശയം മനസ്സിലാക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ പറഞ്ഞ ആശയത്തെപ്രതിയല്ല പകരം പറഞ്ഞ വാക്കുകളെപ്രതിയുള്ള ഒരു തർക്കത്തിൽ അത്‌ അവസാനിച്ചേക്കാം.

കേൾക്കുന്നവരായിരിക്കുക. കേൾക്കുന്ന കാര്യം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കാതിരിക്കുകയോ അവിടം വിട്ടുപോകുകയോ ചെയ്യാതിരിക്കുക. ഉദാഹരണത്തിന്‌ നിങ്ങളുടെ ഇണ നിങ്ങളെ കുറ്റപ്പെടുത്തുകയാണെന്നിരിക്കട്ടെ. “കേട്ടുകൊണ്ടിരിക്കുക. ഇണ പറയുന്നതിൽ ആത്മാർഥതാത്‌പര്യം കാണിക്കുക. ഇതിന്‌ ഒരു പരിധിവരെയുള്ള പക്വത ആവശ്യമാണ്‌. പക്ഷേ അതിനു തക്ക മൂല്യമുണ്ട്” എന്നു വിവാഹിതനായിട്ട് 60 വർഷം കഴിഞ്ഞ ഗ്രിഗറി പറയുന്നു.—ബൈബിൾ തത്ത്വം: സദൃശവാക്യങ്ങൾ 18:15.

ഇണയിൽ ആത്മാർഥമായി താത്‌പര്യമെടുക്കുക. നന്നായി ശ്രദ്ധിക്കുന്നത്‌ കേവലം ഒരു വൈദഗ്‌ധ്യം അല്ല, അതു സ്‌നേഹത്തിന്‍റെ പ്രവൃത്തികൂടിയാണ്‌. ഇണ പറയുന്നതിൽ നിങ്ങൾക്ക് ആത്മാർഥമായ താത്‌പര്യമുള്ളപ്പോൾ കേൾക്കുക എന്നത്‌ കൂടുതൽ സ്വാഭാവികവും എളുപ്പവും ആയിത്തീരും. ഇപ്രകാരം ചെയ്യുകവഴി “നിങ്ങൾ ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്‌പര്യവുംകൂടെ നോക്കണം” എന്ന ബൈബിളിന്‍റെ ഉദ്‌ബോധനത്തിനു ചെവികൊടുക്കുകയായിരിക്കും.—ഫിലിപ്പിയർ 2:4. ▪ (g13-E 12)

^ ഖ. 9 ഈ ലേഖനത്തിലെ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

കൂടുതല്‍ അറിയാന്‍

കുടുംജീവിതം സന്തോരിമാക്കൂ!

സന്തോരിമായ ദാമ്പത്യത്തിന്‌ ദൈവത്തെ വഴികാട്ടിയാക്കുക

നിങ്ങളുടെ ദാമ്പത്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ടു ലളിതമായ ചോദ്യങ്ങൾ.