‘വാത്സല്യമില്ലാത്തവരായിരിക്കും.’ ദുഃഖപൂർണമായ ആ പ്രസ്‌താവനയിലൂടെ ‘അന്ത്യകാലം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ നാളിലെ പലരുടെയും സ്വഭാവത്തെക്കുറിച്ചു പറയുകയാണു ബൈബിൾ. (2 തിമൊഥെയൊസ്‌ 3:1, 3, 4) കുടുംബവൃത്തത്തിൽ പടർന്നുപിടിക്കുന്ന ബാലപീഡനം എന്ന മഹാവ്യാധി ഈ പ്രവചനത്തിന്‍റെ സത്യതയ്‌ക്ക് അടിവരയിടുന്നു. “വാത്സല്യമില്ലാത്ത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ആസ്റ്റോർഗോസ്‌ എന്ന മൂല ഗ്രീക്കുപദം കുടുംബാംഗങ്ങൾക്കിടയിൽ വിശേഷിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിൽ ഉണ്ടായിരിക്കേണ്ട സ്‌നേഹത്തിന്‍റെ അഭാവത്തെയാണു കാണിക്കുന്നത്‌. * മിക്കവാറും ബാലപീഡനം അരങ്ങേറുന്നത്‌ അത്തരമൊരു കുടുംബാന്തരീക്ഷത്തിലാണ്‌.

മിക്കപ്പോഴും പീഡകരായെത്തുന്നത്‌ അച്ഛനോ അച്ഛന്‍റെ സ്ഥാനത്തുള്ള ഒരാളോ ആണെന്നു ചില ഗവേഷണങ്ങൾ കാണിക്കുന്നു. പുരുഷന്മാരായ മറ്റു ബന്ധുക്കളും അങ്ങനെ ചെയ്‌തേക്കാം. മിക്ക ഇരകളും പെൺകുട്ടികളാണെങ്കിലും ആൺകുട്ടികളെയും പീഡിപ്പിക്കാറുണ്ട്. നിങ്ങൾ കരുതുന്നതുപോലെ സ്‌ത്രീകളായ പീഡകരുടെ എണ്ണവും കുറവല്ല. റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്ന ബാലപീഡനങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്‌ ഒരുപക്ഷേ കൂടപ്പിറപ്പുകളിൽനിന്നുള്ള പീഡനമായിരിക്കാം. പ്രായക്കൂടുതലുള്ള, കരുത്തനായ കുട്ടി പ്രായം കുറഞ്ഞ, ദുർബലനായ കുട്ടിയെ ലൈംഗിക പ്രവൃത്തികളിലേക്കു വലിച്ചിഴയ്‌ക്കുന്നു. മാതാപിതാക്കളെന്ന നിലയിൽ അത്തരം സംഗതികളെ നിങ്ങൾ വെറുപ്പോടെയായിരിക്കും വീക്ഷിക്കുക എന്നതിനു സംശയമില്ല.

നിങ്ങളുടെ കുടുംബത്തെ ഈ പ്രശ്‌നങ്ങളിൽനിന്ന് എങ്ങനെ രക്ഷിക്കാനാകും? എല്ലാ കുടുംബങ്ങളിലെയും എല്ലാ അംഗങ്ങളും സഭ്യമല്ലാത്ത പെരുമാറ്റത്തെ തടയുന്ന ചില തത്ത്വങ്ങൾ മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം മാർഗനിർദേശം കണ്ടെത്താനാകുന്ന ഏറ്റവും പറ്റിയ ഇടം ദൈവവചനമായ ബൈബിളാണ്‌.

ദൈവവചനവും ശാരീരിക ബന്ധങ്ങളും

കുടുംബത്തിലെ എല്ലാവരും ബൈബിളിലെ ധാർമിക നിലവാരങ്ങൾ പിൻപറ്റിയാൽ മാത്രമേ ഭവനം സുരക്ഷിതമായ ഒരിടമായിരിക്കുകയുള്ളൂ. ബൈബിൾ യാതൊരു മറയും കൂടാതെ ലൈംഗികതയെക്കുറിച്ചു ചർച്ച ചെയ്യുന്നുണ്ട്. മാന്യമെങ്കിലും വളച്ചുകെട്ടില്ലാത്ത തുറന്ന വിശദീകരണമാണു ബൈബിൾ നൽകുന്നത്‌. ലൈംഗികബന്ധം ഭാര്യക്കും ഭർത്താവിനും ആസ്വദിക്കാനാകുന്ന ഒരു അനുഗ്രഹമായിരിക്കാനാണു ദൈവം ഉദ്ദേശിച്ചത്‌. (സദൃശവാക്യങ്ങൾ 5:15-20) എന്നാൽ ഭാര്യാഭർതൃബന്ധത്തിനു പുറത്തുള്ള ലൈംഗികതയെ ബൈബിൾ കുറ്റംവിധിക്കുന്നു. ഉദാഹരണത്തിന്‌ ബന്ധുവേഴ്‌ചയെ ബൈബിൾ തുറന്നു കുറ്റംവിധിക്കുന്നു. ലേവ്യപുസ്‌തകം 18-‍ാ‍ം അധ്യായത്തിൽ ബന്ധുവേഴ്‌ചയുടെ വ്യത്യസ്‌ത രൂപങ്ങളെ വിലക്കിയിട്ടുണ്ട്. പിൻവരുന്ന വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ  തക്കവണ്ണം [വേഴ്‌ചയിലേർപ്പെടുന്നതിന്‌] അവരോടു അടുക്കരുതു; ഞാൻ യഹോവ ആകുന്നു.”​—⁠ലേവ്യപുസ്‌തകം 18:⁠6.

മരണശിക്ഷ അർഹിക്കുന്ന “മ്ലേച്ഛത”യുടെ കൂട്ടത്തിലാണ്‌ യഹോവ ബന്ധുവേഴ്‌ചയെ പട്ടികപ്പെടുത്തിയിരിക്കുന്നത്‌. (ലേവ്യപുസ്‌തകം 18:26, 29) വ്യക്തമായും, സ്രഷ്ടാവിന്‌ ഇതു സംബന്ധിച്ച് ഉയർന്ന മാനദണ്ഡങ്ങളുണ്ട്. കുടുംബത്തിനുള്ളിലെ ബാലപീഡനം നിയമവിരുദ്ധമായി കണ്ടുകൊണ്ട് ഇന്ന് പല ഗവൺമെന്‍റുകളും സമാനമായ നയം സ്വീകരിച്ചിരിക്കുന്നു. ഒരു മുതിർന്ന വ്യക്തി ലൈംഗികതയ്‌ക്കു വിധേയനാക്കുന്ന ഒരു കുട്ടി ബലാത്സംഗത്തിന്‌ ഇരയായതായിട്ടാണ്‌ പലപ്പോഴും നിയമം കണക്കാക്കുന്നത്‌. ബലം പ്രയോഗിച്ചു കീഴ്‌പെടുത്തുന്നില്ലാത്ത കേസുകളിൽ ബലാത്സംഗം എന്ന ശക്തമായ പദം ഉപയോഗിക്കുന്നത്‌ എന്തിനാണ്‌?

കുട്ടികളെക്കുറിച്ചു ബൈബിൾ പറഞ്ഞിരിക്കുന്നത്‌ പല വിദഗ്‌ധരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതായത്‌ മുതിർന്നവരെപ്പോലെ ന്യായവാദം ചെയ്യാനുള്ള പ്രാപ്‌തി കുട്ടികൾക്കില്ലെന്ന സത്യം. ഉദാഹരണത്തിന്‌, “ബാലന്‍റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 22:15 പ്രസ്‌താവിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ പിൻവരുന്ന പ്രകാരം എഴുതാൻ നിശ്വസ്‌തനാക്കപ്പെട്ടു: “ഞാൻ ശിശുവായിരുന്നപ്പോൾ . . . ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുളളതു ത്യജിച്ചുകളഞ്ഞു.”​—⁠1 കൊരിന്ത്യർ 13:11.

ലൈംഗിക പ്രവൃത്തികളെക്കുറിച്ചോ വർഷങ്ങൾ നീണ്ടുനിൽക്കുന്ന അതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ചോ ഒരു കുട്ടിക്ക് ഒരു രൂപവുമില്ല. അതുകൊണ്ടുതന്നെ ലൈംഗികതയിൽ ഏർപ്പെടുന്നതിനു മനസ്സോടെ അനുവാദം കൊടുക്കാൻ ഒരു  കുട്ടിക്കും സാധിക്കില്ല എന്നതു പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു വസ്‌തുതയാണ്‌. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരു മുതിർന്ന വ്യക്തിക്ക് (അല്ലെങ്കിൽ ഒരുവിധം പ്രായമുള്ള ഒരു കുട്ടിക്ക്) ഇര പീഡനം ചോദിച്ചുവാങ്ങിയതാണെന്നോ അതിനെ എതിർത്തില്ലെന്നോ പറഞ്ഞ് തന്‍റെ ഭാഗം ന്യായീകരിക്കാനാവില്ല. മുതിർന്ന വ്യക്തി ബലാത്സംഗം സംബന്ധിച്ച് കുറ്റക്കാരനാണ്‌. പലപ്പോഴും ജയിൽശിക്ഷ കിട്ടുന്ന ഒരു കുറ്റകൃത്യമാണിത്‌. ബലാത്സംഗത്തിന്‌ ഉത്തരവാദി ബലാത്സംഗിയാണ്‌, അല്ലാതെ നിസ്സഹായനായ ഇരയല്ല.

പക്ഷേ ദുഃഖകരമെന്നു പറയട്ടെ, അത്തരം മിക്ക കുറ്റകൃത്യങ്ങളും ശിക്ഷിക്കപ്പെടാതെ പോകുന്നു ഇന്ന്. ഉദാഹരണത്തിന്‌ ഓസ്‌ട്രേലിയയിൽ കുറ്റവാളികളുടെ 10 ശതമാനം മാത്രമാണു നിയമത്തിന്‍റെ മുമ്പിൽ വരുന്നത്‌; അതിൽ കുറ്റവാളിയെന്നു കോടതി വിധിക്കുന്നവരുടെ എണ്ണമാകട്ടെ ചുരുക്കവും. മറ്റു രാജ്യങ്ങളിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. ക്രിസ്‌തീയ കുടുംബങ്ങളെ സംരക്ഷിക്കാൻ ഗവൺമെന്‍റുകൾക്കു കാര്യമായൊന്നും ചെയ്യാനാവില്ലെങ്കിലും ബൈബിൾ തത്ത്വങ്ങൾക്കു ധാരാളം കാര്യങ്ങൾ ചെയ്യാനാകും.

തന്‍റെ വചനത്തിൽ ഈ തത്ത്വങ്ങൾ രേഖപ്പെടുത്തിയ ദൈവത്തിനു മാറ്റംവന്നിട്ടില്ലെന്ന് യഥാർഥ ക്രിസ്‌ത്യാനികൾക്ക് അറിയാം. നാം ചെയ്യുന്ന സകലതും, മറ്റുള്ളവരുടെ കണ്ണിൽപ്പെടാത്തവപോലും, അവൻ കാണുന്നു. “സകലവും അവന്‍റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു” എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു.​—⁠എബ്രായർ 4:13.

ദൈവത്തിന്‍റെ കൽപ്പനകൾ ലംഘിച്ചുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിച്ചാൽ നാം ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. അതേസമയം കുടുംബജീവിതത്തെക്കുറിച്ചുള്ള കൽപ്പനകൾ നാം അനുസരിക്കുമ്പോൾ ദൈവം നമ്മെ അനുഗ്രഹിക്കുന്നു. ആ കൽപ്പനകളിൽ ചിലത്‌ ഏതൊക്കെയാണ്‌?

സ്‌നേഹം കൂട്ടിയിണക്കിയ ഒരു കുടുംബം

“എല്ലാറ്റിനെയും സ്‌നേഹം നന്നായി സംയോജിപ്പിക്കുന്നു.” (കൊലൊസ്സ്യർ 3:​14, ഓശാന ബൈബിൾ) ബൈബിൾ വ്യക്തമാക്കുന്നതുപോലെ സ്‌നേഹം കേവലം ഒരു മാനസികാവസ്ഥയല്ല. അത്‌ എന്തിനു പ്രചോദനമേകുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണു സ്‌നേഹം നിർവചിക്കപ്പെടുന്നത്‌​—⁠അതായത്‌ ചെയ്യാൻ പ്രേരിപ്പിക്കുന്ന അല്ലെങ്കിൽ ചെയ്യുന്നതിൽനിന്നു വിലക്കുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ. (1 കൊരിന്ത്യർ 13:4-8) കുടുംബാന്തരീക്ഷത്തിൽ സ്‌നേഹം കാണിക്കുക എന്നു പറഞ്ഞാൽ പരസ്‌പരം മാന്യതയോടും ആദരവോടും ദയയോടുംകൂടെ ഇടപെടുക എന്നാണ്‌. ഓരോ കുടുംബാംഗത്തോടുമുള്ള ദൈവത്തിന്‍റെ വീക്ഷണത്തിനു ചേർച്ചയിൽ ജീവിക്കുക എന്നർഥം. ദൈവം ഓരോരുത്തർക്കും മാന്യമായ, പ്രധാനപ്പെട്ട ഒരു റോൾ നൽകിയിട്ടുണ്ട്.

കുടുംബനാഥനെന്ന നിലയിൽ സ്‌നേഹം കാണിക്കുന്നതിൽ മുൻകയ്യെടുക്കേണ്ടതു പിതാവാണ്‌. കുട്ടികളുടെയും ഭാര്യയുടെയുംമേൽ അധികാരം ദുർവിനിയോഗം ചെയ്യുന്ന ഒരു സ്വേച്ഛാധിപതിയായിരിക്കാനുള്ള സ്വാതന്ത്ര്യം തനിക്കില്ല എന്ന കാര്യം ഒരു ക്രിസ്‌തീയ പിതാവിന്‌ അറിയാം. മറിച്ച് ശിരഃസ്ഥാനത്തിന്‍റെ കാര്യത്തിൽ മാതൃകാപുരുഷനെന്ന നിലയിൽ അദ്ദേഹം ക്രിസ്‌തുവിലേക്കു നോക്കുന്നു. (എഫെസ്യർ 5:23, 25) അതുകൊണ്ട് അദ്ദേഹം ഭാര്യയോട്‌ ആർദ്രതയോടും സ്‌നേഹത്തോടും കൂടിയും കുട്ടികളോടു ക്ഷമയോടും മയത്തോടും കൂടിയും ഇടപെടും. അദ്ദേഹം വിശ്വസ്‌തതയോടെ അവരെ സംരക്ഷിക്കുമെന്നു മാത്രമല്ല, അവരുടെ സമാധാനത്തിനും നിഷ്‌കളങ്കതയ്‌ക്കും വിശ്വാസത്തിനും സുരക്ഷിതത്വത്തിനും പോറലേൽപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാകുന്നതു തടയാൻ തന്‍റെ കഴിവിന്‍റെ പരമാവധി യത്‌നിക്കുകയും ചെയ്യും.

അതുപോലെതന്നെ, ഭാര്യക്കും അമ്മയ്‌ക്കും സുപ്രധാനവും മാന്യവുമായ റോളുണ്ട്. ജന്തുലോകത്തെ അമ്മമാർ സഹജമായിത്തന്നെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനെ ദൃഷ്ടാന്തമായി ഉപയോഗിച്ചുകൊണ്ട് ബൈബിൾ യഹോവയുടെയും യേശുവിന്‍റെയും സംരക്ഷണത്തെ വർണിക്കുന്നു. (മത്തായി 23:37) മാനവ കുടുംബത്തിലെ അമ്മമാർക്കും കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ സമാനമായ നിശ്ചയദാർഢ്യം വേണം. തന്നെക്കാളധികമായി കുട്ടികളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും പരിഗണന നൽകിക്കൊണ്ട് അമ്മമാർ സ്‌നേഹം കാണിക്കുന്നു. പരസ്‌പരമോ കുട്ടികളോടുള്ള ബന്ധത്തിലോ അധികാര ദുർവിനിയോഗമോ ദുഷിച്ച പെരുമാറ്റമോ ഭയപ്പെടുത്തലുകളോ കടന്നുവരാൻ അവർ അനുവദിക്കില്ല; മാത്രമല്ല കുട്ടികൾക്കിടയിൽ അത്തരം പെരുമാറ്റം അവർ അനുവദിച്ചുകൊടുക്കുകയുമില്ല.

കുടുംബത്തിലെ ഓരോരുത്തരും മാന്യതയോടും ആദരവോടുംകൂടെ പരസ്‌പരം ഇടപെടുമ്പോൾ ആശയവിനിമയം വർധിക്കും. എഴുത്തുകാരനായ വില്യം പ്രെൻഡർഗസ്റ്റ് പറയുന്നതു ശ്രദ്ധിക്കുക: “ചെറുപ്രായത്തിലുള്ളവരോ കൗമാരക്കാരോ ആയിക്കൊള്ളട്ടെ തങ്ങളുടെ കുട്ടികളോട്‌ എല്ലാ അച്ഛനമ്മമാരും ദിവസവും മുടങ്ങാതെ അടുത്ത്‌ ആശയവിനിമയം നടത്തണം.” “ലൈംഗിക ദുരുപയോഗമെന്ന പ്രശ്‌നത്തിനുള്ള ഏറ്റവും പറ്റിയ പരിഹാരം ഇതാണെന്നു തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വാസ്‌തവത്തിൽ മുടങ്ങാതെയുള്ള, സ്‌നേഹപുരസ്സരമായ അത്തരം സംഭാഷണമാണ്‌ ബൈബിൾ ശുപാർശ ചെയ്യുന്നതും. (ആവർത്തനപുസ്‌തകം 6:6, 7) ആ നിർദേശം പ്രാവർത്തികമാക്കുമ്പോൾ വീട്‌ ഓരോ അംഗത്തിനും മനസ്സുതുറന്ന് സുരക്ഷിതമായി ആശയവിനിമയം നടത്താനാകുന്ന ഒരിടമായി മാറും.

ശരിയാണ്‌, നാം ഒരു ദുഷ്ടലോകത്തിലാണു ജീവിക്കുന്നത്‌; എല്ലാ ദുഷ്‌പെരുമാറ്റങ്ങളും തടയാൻ നമുക്കാവില്ല. എന്നിരുന്നാലും സുരക്ഷിതത്വം തളംകെട്ടിനിൽക്കുന്ന ഒരു വീടിന്‌ തികച്ചും വ്യത്യസ്‌തമായ ഒരു ലോകം സൃഷ്ടിക്കാനാകും. വീടിനു പുറത്തുവെച്ച് ഏതെങ്കിലും ഒരംഗത്തിന്‌ ഉപദ്രവം സഹിക്കേണ്ടിവന്നാൽ സാന്ത്വനത്തിനും സഹാനുഭൂതിക്കുമായി എവിടേക്ക് ഓടിക്കയറണം എന്നതു സംബന്ധിച്ച് അവർക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടിവരില്ല. അത്തരമൊരു വീട്‌ ഒരു അഭയസ്ഥാനമാണ്‌; പ്രക്ഷുബ്ധമായ ഈ ലോകത്ത്‌ കയറിനിൽക്കാൻ പറ്റിയ സുരക്ഷിതമായ ഒരിടം. നിങ്ങളുടെ വീട്‌ അത്തരമൊരു സ്ഥലമാക്കിത്തീർക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!

^ ഖ. 2 ഈ പുരാതന ഗ്രീക്കുപദത്തെ ഇപ്രകാരം നിർവചിച്ചിരിക്കുന്നു: “കുടുംബത്തോടുള്ള ബന്ധത്തിൽ മനസ്സു കല്ലാക്കുക.” ഒരു ബൈബിൾഭാഷാന്തരം ഈ വാക്യം ഇങ്ങനെ വിവർത്തനം ചെയ്‌തിരിക്കുന്നു: “അവർക്ക് . . . കുടുംബസ്‌നേഹം ഉണ്ടായിരിക്കില്ല.”