വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 അവരുടെ വിശ്വാ​സം അനുക​രി​ക്കുക | ദാവീദ്‌

‘യുദ്ധം യഹോ​വ​യ്‌ക്കു​ള്ളത്‌’

‘യുദ്ധം യഹോ​വ​യ്‌ക്കു​ള്ളത്‌’

ദാവീദ്‌ വീഴാ​തി​രി​ക്കാൻ നന്നേ പാടു​പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. പടയാ​ളി​കൾ തിക്കി​ത്തി​രക്കി ദാവീ​ദി​നെ മറിക​ടന്ന് പായു​ക​യാണ്‌. പോർക്ക​ള​ത്തിൽനിന്ന് പിന്തി​രി​ഞ്ഞോ​ടുന്ന അവരുടെ കണ്ണുക​ളിൽ ഭീതി തളം​കെട്ടി നിന്നി​രു​ന്നു. എന്താണ്‌ അവിടെ സംഭവി​ച്ചത്‌? പരി​ഭ്ര​മ​ത്തോ​ടെ അവർ ഒരു വാക്ക് ഉരുവി​ടു​ന്നതു ദാവീദ്‌ കേട്ടു​കാ​ണും. അത്‌ ഒരാളു​ടെ പേരാ​യി​രു​ന്നു. ആ മനുഷ്യൻ അതാ, താഴ്‌വ​ര​യിൽ ധിക്കാ​ര​ത്തോ​ടെ തല ഉയർത്തി നിൽക്കു​ന്നു! ഇത്ര ഭീമാ​കാ​ര​നായ ഒരാളെ ദാവീദ്‌ ജീവി​ത​ത്തിൽ ഇന്നേവരെ കണ്ടിട്ടു​ണ്ടാ​കില്ല.

ഗൊല്യാത്ത്‌! പടയാ​ളി​കൾ അയാളെ ഭയപ്പെ​ട്ട​തി​ന്‍റെ കാരണം ദാവീ​ദി​നു വ്യക്തമാ​യി​ക്കാ​ണും. അസാധാ​ര​ണ​മായ വലിപ്പം! പർവതം​പോ​ലൊ​രാൾ! ആ വമ്പൻ പടച്ചട്ട​യു​ടെ ഭാരം ഒഴിച്ചു​നി​റു​ത്തി​യാൽപ്പോ​ലും അയാൾക്കു രണ്ടു വലിയ മനുഷ്യ​രു​ടെ തൂക്കം കാണും. പരിച​യ​സ​മ്പ​ന്ന​നായ ആ യോദ്ധാ​വി​ന്‍റെ വരവ്‌ ആയുധ​സ​ജ്ജ​നാ​യി​ട്ടാണ്‌. അതിശ​ക്ത​നായ ഗൊല്യാ​ത്തി​ന്‍റെ പോർവി​ളി അവിടെ മുഴങ്ങി​ക്കേട്ടു. ഇസ്രാ​യേൽ​സൈ​ന്യ​ത്തെ​യും അവരുടെ രാജാ​വായ ശൗലി​നെ​യും അയാൾ വെല്ലു​വി​ളി​ക്കു​ന്ന​തി​ന്‍റെ ശബ്ദം അവി​ടെ​യുള്ള മലനി​ര​ക​ളിൽ തട്ടി പ്രതി​ധ്വ​നി​ക്കു​ന്നതു നിങ്ങൾക്കു ഭാവന​യിൽ കാണാൻ കഴിയു​ന്നു​ണ്ടോ? മുന്നോ​ട്ടു വന്ന് തന്നോടു പോരാ​ടാൻ ചങ്കൂറ്റ​മു​ള്ള​വരെ അയാൾ വിളി​ക്കു​ക​യാണ്‌. അയാളെ നേർക്കു​നേർ പൊരു​തി​ത്തോൽപ്പി​ച്ചാൽ യുദ്ധം ഒഴിവാ​ക്കാ​മ​ത്രേ!—1 ശമുവേൽ 17:4-10.

ഇസ്രാ​യേ​ല്യ​രു​ടെ മുട്ടു കൂട്ടി​യി​ടി​ച്ചു. ശൗൽ രാജാ​വും ഭയന്നു. ഒരു മാസത്തി​ലേ​റെ​യാ​യി സ്ഥിതി ഇതാ​ണെന്നു ദാവീദ്‌ അറിഞ്ഞു. ദിവസ​വും ഗൊല്യാത്ത്‌ വെല്ലു​വി​ളി മുഴക്കും. ഇസ്രാ​യേ​ല്യ​സൈ​ന്യ​വും ഫെലി​സ്‌ത്യ​സൈ​ന്യ​വും യുദ്ധം ചെയ്യാതെ ഒരേ നിൽപ്പു​തന്നെ. ദാവീ​ദിന്‌ ആകെ വിഷമ​മാ​യി. ഇസ്രാ​യേൽ രാജാ​വും തന്‍റെ മൂന്നു ജ്യേഷ്‌ഠ​ന്മാർ ഉൾപ്പെട്ട ഇസ്രാ​യേൽ​സൈ​ന്യ​വും പേടി​ച്ചു​വി​റ​യ്‌ക്കു​ന്നത്‌ എത്ര നാണ​ക്കേ​ടാണ്‌! ദാവീ​ദി​ന്‍റെ കണ്ണിൽ, വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ച്ചി​രുന്ന ഗൊല്യാത്ത്‌ അപമാ​നി​ച്ചത്‌ ഇസ്രാ​യേൽ​സൈ​ന്യ​ത്തെ മാത്ര​മാ​യി​രു​ന്നില്ല. അയാൾ ഇസ്രാ​യേ​ലി​ന്‍റെ ദൈവ​മായ യഹോ​വ​യെ​യാ​ണു വാസ്‌ത​വ​ത്തിൽ നിന്ദി​ച്ചത്‌. നന്നേ ചെറു​പ്പ​മാ​യി​രുന്ന ദാവീ​ദി​നു പക്ഷേ ഇപ്പോൾ എന്തു ചെയ്യാ​നാ​കും? ദാവീ​ദി​ന്‍റെ വിശ്വാ​സ​ത്തിൽനിന്ന് ഇന്നു നമുക്ക് എന്തു പഠിക്കാം?—1 ശമുവേൽ 17:11-14.

“ഇവനെ അഭി​ഷേകം ചെയ്‌ക; ഇവൻ തന്നേ ആകുന്നു!”

മാസങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവ​മാണ്‌. സന്ധ്യ മയങ്ങാ​റാ​യി. ബേത്ത്‌ലെ​ഹെ​മിന്‌ അടുത്തുള്ള കുന്നിൻചെ​രി​വു​ക​ളിൽ അപ്പന്‍റെ ആടുകളെ മേയ്‌ക്കു​ക​യാ​യി​രു​ന്നു ദാവീദ്‌. സാധ്യ​ത​യ​നു​സ​രിച്ച് അപ്പോ​ഴും കൗമാരം കടന്നി​ട്ടി​ല്ലാത്ത, പവിഴ​നി​റ​മുള്ള, സുമു​ഖ​നായ ഒരു യുവാ​വാ​യി​രു​ന്നു അവൻ. ആർക്കും ആകർഷണം തോന്നുന്ന ആ കണ്ണുക​ളിൽ വിവേകം പ്രതി​ഫ​ലി​ച്ചി​രു​ന്നു. പ്രശാ​ന്ത​സു​ന്ദ​ര​മായ ചുറ്റു​പാ​ടു​ക​ളിൽ ഒറ്റയ്‌ക്ക് ഇരിക്കു​മ്പോൾ കിന്നരം വായി​ക്കു​ന്ന​താ​യി​രു​ന്നു അവന്‍റെ വിനോ​ദം. ദൈവ​ത്തി​ന്‍റെ സൃഷ്ടി​ക​ളു​ടെ മനോ​ഹാ​രിത അവന്‍റെ മനസ്സിനെ തൊട്ടു​ണർത്തി. മണിക്കൂ​റു​ക​ളോ​ളം അങ്ങനെ ആസ്വദിച്ച് പരിശീ​ലി​ച്ചത്‌ അവന്‍റെ സംഗീ​ത​വൈ​ഭ​വ​ത്തി​ന്‍റെ മാറ്റു കൂട്ടി. പക്ഷേ പെട്ടെന്ന്, അന്നു വൈകു​ന്നേരം അപ്പൻ ദാവീ​ദി​നെ വിളി​പ്പി​ച്ചു. അദ്ദേഹ​ത്തിന്‌ ഇപ്പോൾത്തന്നെ അവനെ കാണണം.—1 ശമുവേൽ 16:12.

വീട്ടി​ലെ​ത്തി​യ ദാവീദ്‌ കണ്ടത്‌, അപ്പനായ യിശ്ശായി നന്നേ വൃദ്ധനായ ഒരാ​ളോ​ടു സംസാ​രി​ക്കു​ന്ന​താണ്‌. ശമുവേൽ എന്ന ആ വിശ്വ​സ്‌ത​പ്ര​വാ​ച​കനെ യഹോവ അയച്ചതു യിശ്ശാ​യി​യു​ടെ ആൺമക്ക​ളിൽ ഒരാളെ ഇസ്രാ​യേ​ലി​ന്‍റെ അടുത്ത രാജാ​വാ​യി അഭി​ഷേകം ചെയ്യാ​നാണ്‌. ശമുവേൽ അതി​നോ​ടകം ദാവീ​ദി​ന്‍റെ ഏഴു ജ്യേഷ്‌ഠ​ന്മാ​രെ കണ്ടുക​ഴി​ഞ്ഞി​രു​ന്നു. പക്ഷേ അവരെ ആരെയും താൻ തിര​ഞ്ഞെ​ടു​ത്തി​ട്ടില്ല എന്നു യഹോവ ശമു​വേ​ലി​നു വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. പക്ഷേ ദാവീദ്‌ വന്നപ്പോൾ യഹോവ ശമു​വേ​ലി​നോട്‌, “ഇവനെ അഭി​ഷേകം ചെയ്‌ക; ഇവൻ തന്നേ ആകുന്നു” എന്നു പറഞ്ഞു. അകം തുരന്ന് പൊള്ള​യാ​ക്കിയ ഒരു കൊമ്പിൽ വിശേ​ഷ​തൈ​ല​വു​മാ​യാ​ണു ശമുവേൽ വന്നത്‌. ദാവീ​ദി​ന്‍റെ ജ്യേഷ്‌ഠ​ന്മാ​രു​ടെ മുന്നിൽവെച്ച് ശമുവേൽ അതു തുറന്ന് തൈലം ദാവീ​ദി​ന്‍റെ തലയിൽ ഒഴിച്ച് അഭി​ഷേകം ചെയ്‌തു. അതോടെ ദാവീ​ദി​ന്‍റെ ജീവിതം മാറി​മ​റി​ഞ്ഞെന്നു പറയാം. “യഹോ​വ​യു​ടെ ആത്മാവു അന്നുമു​തൽ ദാവീ​ദി​ന്മേൽ വന്നു” എന്നു ബൈബിൾ പറയുന്നു.—1 ശമുവേൽ 16:1, 5-13.

വന്യമൃഗങ്ങളെ കീഴട​ക്കി​യ​തി​ന്‍റെ ബഹുമതി ദാവീദ്‌ യഹോ​വ​യ്‌ക്കു കൊടു​ത്തു

രാജാ​ധി​കാ​രം കൈയാ​ളു​ന്ന​തി​നെ​ക്കു​റിച്ച് ദാവീദ്‌ അപ്പോൾമു​തൽ ദിവാ​സ്വ​പ്‌നം കണ്ടുതു​ട​ങ്ങി​യോ? ഇല്ല. വലിയ​വ​ലിയ  ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കേണ്ട സമയ​ത്തെ​ക്കു​റിച്ച് യഹോ​വ​യു​ടെ ആത്മാവ്‌ തന്നെ അറിയി​ക്കു​ന്ന​തു​വരെ അതിനാ​യി കാത്തി​രി​ക്കാൻ ദാവീദ്‌ തയ്യാറാ​യി​രു​ന്നു. അക്കാല​യ​ള​വിൽ ആടുകളെ മേയ്‌ക്കുന്ന ആ എളിയ ജോലി അവൻ തുടർന്നു. വളരെ ആത്മാർഥ​ത​യോ​ടെ​യും ധൈര്യ​ത്തോ​ടെ​യും ദാവീദ്‌ ചെയ്‌ത ഒരു ജോലി​യാ​യി​രു​ന്നു അത്‌. രണ്ടു വട്ടം അപ്പന്‍റെ ആടുക​ളു​ടെ ജീവനു ഭീഷണി​യു​ണ്ടാ​യി. ഒരിക്കൽ ഒരു സിംഹം വന്നു, മറ്റൊ​രി​ക്കൽ ഒരു കരടി​യും. ദൂരെ മാറി​നിന്ന് അവയെ ആട്ടി​യോ​ടി​ക്കാ​നല്ല ദാവീദ്‌ ശ്രമി​ച്ചത്‌. പകരം, അപ്പന്‍റെ നിസ്സഹാ​യ​രായ ആടുക​ളു​ടെ ജീവൻ രക്ഷിക്കാൻ പാഞ്ഞു​ചെന്ന ദാവീദ്‌ അവയു​മാ​യി പോരാ​ടി. രണ്ടു തവണയും ആ ക്രൂര​മൃ​ഗ​ങ്ങളെ അവൻ ഒറ്റയ്‌ക്കു കൊന്നു!—1 ശമുവേൽ 17:34-36; യശയ്യ 31:4.

കുറച്ച് കാലത്തി​നു ശേഷം ദാവീ​ദി​നെ ശൗൽ രാജാവ്‌ വിളി​പ്പി​ച്ചു. അവനെ​പ്പ​റ്റി​യുള്ള വാർത്ത ശൗലിന്‍റെ ചെവി​യി​ലും എത്തിയി​രു​ന്നു. ശൗൽ അപ്പോ​ഴും ശക്തനായ ഒരു യോദ്ധാ​വാ​യി​രു​ന്നെ​ങ്കി​ലും, യഹോ​വ​യു​ടെ നിർദേ​ശ​ങ്ങളെ ധിക്കരി​ച്ച​തു​കൊണ്ട് അദ്ദേഹ​ത്തി​നു ദൈവാം​ഗീ​കാ​രം നഷ്ടപ്പെ​ട്ടി​രു​ന്നു. യഹോവ തന്‍റെ ആത്മാവി​നെ ശൗലിൽനിന്ന് എടുത്ത​തു​കൊണ്ട് ഒരു ദുരാ​ത്മാവ്‌ പലപ്പോ​ഴും ശൗലിനെ ബാധിച്ചു. അതോടെ ദേഷ്യ​വും സംശയ​വും അക്രമ​വാ​സ​ന​യും അദ്ദേഹത്തെ പിടി​കൂ​ടി. എന്നാൽ ദുരാ​ത്മാവ്‌ ബാധി​ക്കു​മ്പോ​ഴെ​ല്ലാം ശൗലിന്‌ ആശ്വാസം പകർന്നി​രുന്ന ഒന്നായി​രു​ന്നു സംഗീതം. ഒരു സംഗീ​ത​ജ്ഞ​നാ​യും യോദ്ധാ​വാ​യും ദാവീ​ദി​നുള്ള കീർത്തി ശൗലിന്‍റെ കൂട്ടാ​ളി​ക​ളിൽ ചിലർ കേട്ടി​രു​ന്നു. അങ്ങനെ​യാ​ണു ദാവീ​ദി​നെ ശൗൽ വിളി​പ്പി​ച്ചത്‌. പെട്ടെ​ന്നു​തന്നെ ദാവീദ്‌ ശൗലിന്‍റെ കൊട്ടാ​ര​ത്തി​ലെ സംഗീ​ത​ക്കാ​രിൽ ഒരാളാ​യി. ശൗലിന്‍റെ ആയുധ​വാ​ഹ​ക​രു​ടെ കൂട്ടത്തി​ലും ദാവീ​ദു​ണ്ടാ​യി​രു​ന്നു.—1 ശമുവേൽ 15:26-29; 16:14-23.

ദാവീ​ദി​ന്‍റെ ഈ വിശ്വാ​സ​ത്തിൽനിന്ന്, പ്രത്യേ​കിച്ച് ചെറു​പ്പ​ക്കാർക്കു ധാരാളം പാഠങ്ങൾ പഠിക്കാ​നുണ്ട്. ഒഴിവു​വേ​ളകൾ, യഹോ​വ​യോട്‌ അടുക്കാൻ സഹായി​ക്കുന്ന കാര്യങ്ങൾ ചെയ്യാ​നാ​ണു ദാവീദ്‌ ഉപയോ​ഗി​ച്ച​തെന്നു ശ്രദ്ധി​ച്ചോ? ഇനി, ജീവി​ത​ത്തിൽ പ്രാ​യോ​ഗി​ക​മാ​യി ഉപകാ​ര​പ്പെ​ടുന്ന, ഒരു തൊഴിൽ കിട്ടാൻ സഹായി​ക്കുന്ന വൈദ​ഗ്‌ധ്യ​ങ്ങൾ അവൻ ക്ഷമാപൂർവം വളർത്തി​യെ​ടു​ത്തു. എല്ലാറ്റി​ലും ഉപരി​യാ​യി ദാവീദ്‌ യഹോ​വ​യു​ടെ ആത്മാവി​ന്‍റെ വഴിന​ട​ത്തി​പ്പി​ന​നു​സ​രി​ച്ചാ​ണു കാര്യങ്ങൾ ചെയ്‌തത്‌. എത്ര വിശി​ഷ്ട​മായ പാഠങ്ങ​ളാ​ണു നമു​ക്കെ​ല്ലാം പഠിക്കാ​നു​ള്ളത്‌!—സഭാ​പ്ര​സം​ഗി 12:1.

“ഇവന്‍റെ നിമിത്തം ആരും അധൈ​ര്യ​പ്പെ​ടേണ്ടാ”

ശൗലിനെ സേവി​ക്കുന്ന സമയത്തും ആടുകളെ മേയ്‌ക്കാ​നാ​യി ദാവീദ്‌ ഇടയ്‌ക്കൊ​ക്കെ വീട്ടി​ലേക്കു പോകു​മാ​യി​രു​ന്നു. ചില സമയത്ത്‌ കുറച്ച് അധികം കാലം കഴിഞ്ഞേ മടങ്ങി​വരൂ. ഒരിക്കൽ അങ്ങനെ പോയ​പ്പോ​ഴാ​ണു ശൗലിന്‍റെ സൈന്യ​ത്തി​ലുള്ള, തന്‍റെ മൂത്ത മക്കളുടെ ക്ഷേമം അന്വേ​ഷി​ക്കാ​നാ​യി യിശ്ശായി ദാവീ​ദി​നെ പറഞ്ഞയ​ച്ചത്‌. അനുസ​ര​ണ​യോ​ടെ ദാവീദ്‌ മൂന്നു ജ്യേഷ്‌ഠ​ന്മാർക്കുള്ള സാധന​ങ്ങ​ളും എടുത്ത്‌ ഏലാ താഴ്‌വ​ര​യി​ലേക്കു പോയി. അവിടെ എത്തിയ​പ്പോൾ കണ്ട കാഴ്‌ച ദാവീ​ദി​നെ നിരാ​ശ​നാ​ക്കി. ലേഖന​ത്തി​ന്‍റെ തുടക്ക​ത്തിൽ കണ്ടതു​പോ​ലെ, രണഭൂ​മി​യിൽ ആകെപ്പാ​ടെ ഒരു സ്‌തം​ഭ​നാ​വസ്ഥ! വില്ലാ​കൃ​തി​യിൽ നീണ്ടു​പ​രന്ന് കിടക്കുന്ന ആ താഴ്‌വ​ര​യി​ലെ മലഞ്ചെ​രി​വു​ക​ളിൽ രണ്ടു സൈന്യ​ങ്ങ​ളും യുദ്ധം ചെയ്യാതെ മുഖാ​മു​ഖം നിൽക്കു​ന്നു.—1 ശമുവേൽ 17:1-3, 15-19.

ദാവീ​ദി​നു താങ്ങാ​വു​ന്ന​തി​നും അപ്പുറ​മാ​യി​രു​ന്നു അത്‌. ജീവനുള്ള ദൈവ​മായ യഹോ​വ​യു​ടെ സൈന്യം വെറു​മൊ​രു മനുഷ്യ​നെ കണ്ട് പേടി​ച്ചോ​ടു​ക​യോ? അതും ഒരു വ്യാജാ​രാ​ധ​കനെ! ഗൊല്യാ​ത്തി​ന്‍റെ വെല്ലു​വി​ളി​യെ, യഹോ​വയെ അപമാ​നി​ക്കു​ന്ന​തി​നു തുല്യ​മാ​യാ​ണു ദാവീദ്‌ കണ്ടത്‌. അതു​കൊണ്ട് ഗൊല്യാ​ത്തി​നെ കീഴ്‌പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റിച്ച് ദാവീദ്‌ പടയാ​ളി​ക​ളോ​ടു വാതോ​രാ​തെ സംസാ​രി​ക്കാൻ തുടങ്ങി. അധികം വൈകാ​തെ ദാവീ​ദി​ന്‍റെ മൂത്ത ജ്യേഷ്‌ഠ​നായ എലിയാ​ബി​ന്‍റെ ചെവി​യി​ലും ഇക്കാര്യം എത്തി. എലിയാബ്‌ ദാവീ​ദി​നെ വല്ലാതെ വഴക്കു പറഞ്ഞു. യുദ്ധം കണ്ട് രസിക്കാ​നാ​ണു ദാവീദ്‌ വന്നതെ​ന്നാ​യി​രു​ന്നു എലിയാ​ബി​ന്‍റെ വാദം. പക്ഷേ ദാവീദ്‌ പറഞ്ഞു: “ഞാൻ ഇപ്പോൾ എന്തു ചെയ്‌തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു?” എന്നിട്ട് ഗൊല്യാ​ത്തി​നെ തോൽപ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ആത്മവി​ശ്വാ​സ​ത്തോ​ടെ പറഞ്ഞു​ന​ട​ക്കാൻ തുടങ്ങി. ആരോ ഇക്കാര്യം ശൗലിനെ അറിയി​ച്ചു. ദാവീ​ദി​നെ ഹാജരാ​ക്കാൻ രാജക​ല്‌പ​ന​യു​ണ്ടാ​യി.—1 ശമുവേൽ 17:23-31.

ധൈര്യം പകരുന്ന ഈ വാക്കുകൾ ഗൊല്യാ​ത്തി​നെ​പ്പറ്റി ദാവീദ്‌ ശൗലി​നോ​ടു പറഞ്ഞു: “ഇവന്‍റെ നിമിത്തം ആരും അധൈ​ര്യ​പ്പെ​ടേണ്ടാ.” ശൗലും കൂട്ടരും ഗൊല്യാ​ത്തി​ന്‍റെ വാക്കുകൾ കേട്ട് ശരിക്കും ഭയന്നി​രി​ക്കു​ക​യാ​യി​രു​ന്നു. ഭീമാ​കാ​ര​നായ ആ മനുഷ്യ​നു​മാ​യി അവർ തങ്ങളെ താരത​മ്യം ചെയ്‌തു​കാ​ണും.  സ്വാഭാ​വി​ക​മാ​യി ആർക്കും പറ്റി​പ്പോ​കാ​വുന്ന ഒരു തെറ്റ്‌! കൂടി​പ്പോ​യാൽ തങ്ങളൊ​ക്കെ അയാളു​ടെ വയറി​ന്‍റെ​യോ നെഞ്ചി​ന്‍റെ​യോ അത്രയേ വരൂ എന്ന് അവർ ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. യുദ്ധസ​ജ്ജ​നായ ആ മല്ലൻ അവരെ കശക്കി​യെ​റി​യു​ന്നത്‌ അവർ ഭാവന​യിൽ കണ്ടു. പക്ഷേ ദാവീദ്‌ ആ രീതി​യി​ലല്ല ചിന്തി​ച്ചത്‌. നമ്മൾ കാണാൻപോ​കു​ന്ന​തു​പോ​ലെ, ദാവീദ്‌ പ്രശ്‌ന​ങ്ങളെ മറ്റൊരു കണ്ണിലൂ​ടെ​യാ​ണു കണ്ടത്‌. അതു​കൊ​ണ്ടാണ്‌ ഗൊല്യാ​ത്തി​നെ നേരി​ടാൻ ദാവീദ്‌ സ്വയം മുന്നോ​ട്ടു വന്നത്‌.—1 ശമുവേൽ 17:32.

ശൗൽ അതിനെ എതിർത്തു: “ഈ ഫെലി​സ്‌ത്യ​നോ​ടു ചെന്നു അങ്കം പൊരു​തു​വാൻ നിനക്കു പ്രാപ്‌തി​യില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യം​മു​തൽ യോദ്ധാ​വാ​കു​ന്നു.” ദാവീദ്‌ ശരിക്കും ഒരു കുട്ടി​യാ​യി​രു​ന്നോ? അല്ല. പക്ഷേ ദാവീ​ദി​നു സൈന്യ​ത്തിൽ ചേരാ​നുള്ള പ്രായ​മാ​യി​ട്ടി​ല്ലാ​യി​രു​ന്നു. കണ്ടാലും അവൻ തീരെ ചെറു​പ്പ​മാ​യി​രു​ന്നി​രി​ക്കാം. എന്നാൽ ഒരു വീര​യോ​ദ്ധാ​വാ​യി ഇതി​നോ​ടകം പേരെ​ടു​ത്തി​രുന്ന ദാവീദ്‌ സാധ്യ​ത​യ​നു​സ​രിച്ച് അപ്പോ​ഴേ​ക്കും കൗമാ​ര​പ്രാ​യം പിന്നി​ടാ​റാ​യി​രു​ന്നു.—1 ശമുവേൽ 16:18; 17:33.

മുമ്പ് സിംഹ​വും കരടി​യും ആക്രമി​ച്ച​പ്പോൾ സംഭവിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച് വർണി​ച്ചു​കൊണ്ട് ദാവീദ്‌ ശൗലിനു ധൈര്യം പകർന്നു. അവൻ വീമ്പി​ള​ക്കു​ക​യാ​യി​രു​ന്നോ? അല്ല. ആ ഏറ്റുമു​ട്ട​ലു​ക​ളിൽ താൻ എങ്ങനെ​യാ​ണു വിജയി​ച്ച​തെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. അവൻ പറഞ്ഞു: “സിംഹ​ത്തി​ന്‍റെ കയ്യിൽനി​ന്നും കരടി​യു​ടെ കയ്യിൽനി​ന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലി​സ്‌ത്യ​ന്‍റെ കയ്യിൽനി​ന്നും എന്നെ രക്ഷിക്കും.” അവന്‍റെ വാക്കു​കൾക്കു വഴങ്ങിയ ശൗൽ ഒടുവിൽ പറഞ്ഞു: “ചെല്ലുക; യഹോവ നിന്നോ​ടു​കൂ​ടെ ഇരിക്കും.”—1 ശമുവേൽ 17:37.

ദാവീ​ദി​ന്‍റേ​തു​പോ​ലുള്ള വിശ്വാ​സം നിങ്ങൾക്കും വേണ​മെ​ന്നു​ണ്ടോ? അവന്‍റെ വിശ്വാ​സം യാഥാർഥ്യ​ത്തി​നു നിരക്കാത്ത ഒരു ആദർശ​ത്തിൽ അടിസ്ഥാ​ന​പ്പെ​ട്ട​ത​ല്ലാ​യി​രു​ന്നെന്നു ശ്രദ്ധി​ക്കുക. അത്‌ അവന്‍റെ മനസ്സിൽ തോന്നിയ വെറു​മൊ​രു ആഗ്രഹ​വു​മ​ല്ലാ​യി​രു​ന്നു. അനുഭ​വ​ജ്ഞാ​ന​ത്തിൽനി​ന്നും ദൈവ​ത്തെ​ക്കു​റി​ച്ചുള്ള അറിവിൽനി​ന്നും ഉണ്ടായ​താ​യി​രു​ന്നു ദാവീ​ദി​ന്‍റെ വിശ്വാ​സം. വാഗ്‌ദാ​നങ്ങൾ പാലി​ക്കു​ന്ന​വ​നും സ്‌നേ​ഹ​ത്തോ​ടെ സംരക്ഷി​ക്കു​ന്ന​വ​നും ആണ്‌ യഹോവ എന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ദാവീ​ദി​നു​ണ്ടാ​യി​രു​ന്ന​തു​പോ​ലുള്ള വിശ്വാ​സം നേടി​യെ​ടു​ക്കാൻ, നമ്മൾ ബൈബി​ളിൽനിന്ന് ദൈവ​ത്തെ​ക്കു​റിച്ച് പഠിച്ചു​കൊ​ണ്ടേ​യി​രി​ക്കണം. പഠിക്കുന്ന കാര്യ​ങ്ങ​ള​നു​സ​രിച്ച് ജീവി​ക്കു​മ്പോൾ നമ്മുടെ ജീവി​ത​ത്തിൽ നല്ല ഫലങ്ങളു​ണ്ടാ​കും. അതു നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തും.—എബ്രായർ 11:1.

“യഹോവ ഇന്നു നിന്നെ എന്‍റെ കയ്യിൽ ഏല്‌പി​ക്കും”

ശൗൽ തന്‍റെ പടക്കോ​പ്പു ദാവീ​ദി​നെ ധരിപ്പി​ക്കാൻ നോക്കി. ഗൊല്യാ​ത്തി​ന്‍റേ​തു​പോ​ലെ ചെമ്പു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അതും. അടുക്ക​ടു​ക്കാ​യി ശൽക്കങ്ങ​ളുള്ള, ഭാര​മേ​റിയ, വലി​യൊ​രു പടച്ചട്ട​യും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നി​രി​ക്കാം. ഇതെല്ലാം ധരിച്ച് നടക്കാൻ നോക്കിയ ദാവീ​ദിന്‌ അതു വളരെ ബുദ്ധി​മു​ട്ടാ​യി തോന്നി. ഒരു പടയാ​ളി​യാ​കാ​നുള്ള പരിശീ​ല​ന​മൊ​ന്നും കിട്ടാ​ത്ത​തു​കൊണ്ട് പടക്കോ​പ്പു ധരിച്ച് ദാവീ​ദി​നു ശീലമി​ല്ലാ​യി​രു​ന്നു. പോരാ​ത്ത​തിന്‌ എല്ലാ ഇസ്രാ​യേ​ല്യ​രി​ലും​വെച്ച് ഏറ്റവും പൊക്ക​മു​ണ്ടാ​യി​രുന്ന ശൗൽ അണിഞ്ഞി​രു​ന്ന​താ​യി​രു​ന്നു അതെന്ന് ഓർക്കണം. (1 ശമുവേൽ 9:2) അതു​കൊണ്ട് അതെല്ലാം അഴിച്ചു​മാ​റ്റി ദാവീദ്‌ തന്‍റെ സാധാ​ര​ണ​വ​സ്‌ത്രം ധരിച്ചു. അതായത്‌, ആടുകളെ കാക്കുന്ന ഇടയന്‍റെ വസ്‌ത്രം.—1 ശമുവേൽ 17:38-40.

ദാവീദ്‌ കവണയും ആടുകളെ മേയ്‌ക്കുന്ന വടിയും എടുത്തു. തോളിൽ ഒരു സഞ്ചിയും ഇട്ടു. കവണ എന്തിനു കൊള്ളാ​മെന്നു നമുക്കു തോന്നി​യേ​ക്കാം. പക്ഷെ, അതൊരു ഉഗ്രൻ ആയുധ​മാണ്‌. തോലു​കൊ​ണ്ടുള്ള രണ്ടു വള്ളിയു​ടെ നടുക്ക് കല്ലു വെക്കാൻ പാകത്തിൽ ഒരു സ്ഥലമു​ണ്ടാ​കും. ഒരു ഇടയനു പറ്റിയ ആയുധം! അതു തലയ്‌ക്കു മുകളിൽ അതി​വേ​ഗ​ത്തിൽ കറക്കി​യിട്ട് വള്ളിയു​ടെ ഒരറ്റം വിടു​മ്പോൾ കല്ലു ലക്ഷ്യസ്ഥാ​ന​ത്തേക്കു പായും. ഉന്നം തെറ്റാതെ മാരക​മാ​യി മുറി​വേൽപ്പി​ക്കാൻ പറ്റിയ ആയുധ​മാണ്‌ ഇത്‌. അതു​കൊ​ണ്ടു​തന്നെ ചില​പ്പോ​ഴൊ​ക്കെ കവണക്കാ​രു​ടെ സേനാ​വി​ഭാ​ഗ​ങ്ങളെ യുദ്ധത്തിൽ ഉപയോ​ഗി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

സുസജ്ജ​നാ​യ ദാവീദ്‌ എതിരാ​ളി​യെ നേരി​ടാൻ വേഗത്തിൽ പുറ​പ്പെട്ടു. താഴ്‌വ​ര​യി​ലെ വറ്റിക്കി​ട​ക്കുന്ന തോട്ടിൽനിന്ന് മിനു​സ​മുള്ള അഞ്ചു ചെറു​ക​ല്ലു​കൾ പെറു​ക്കു​മ്പോൾ ദാവീദ്‌ എത്രയ​ധി​കം പ്രാർഥി​ച്ചു​കാ​ണു​മെന്നു നമുക്ക് ഊഹി​ക്കാ​നേ കഴിയൂ. ആ കല്ലുക​ളു​മാ​യി യുദ്ധഭൂ​മി​യി​ലേക്ക് അവൻ നടക്കു​ക​യാ​യി​രു​ന്നില്ല, ഓടു​ക​യാ​യി​രു​ന്നു.

ഓടി​യ​ടു​ക്കു​ന്ന എതിരാ​ളി​യെ കണ്ടപ്പോൾ ഗൊല്യാ​ത്തിന്‌ എന്തു തോന്നി​ക്കാ​ണും? ‘പവിഴ​നി​റ​മുള്ള, കോമ​ള​രൂ​പ​നായ’ ദാവീദ്‌ വെറു​മൊ​രു ‘ബാലനാ​യി​രു​ന്ന​തി​നാൽ’ അയാൾ പുച്ഛ​ത്തോ​ടെ അവനെ നോക്കി. ഗൊല്യാത്ത്‌ അലറി​ക്കൊണ്ട്, “നീ വടിക​ളു​മാ​യി എന്‍റെ നേരെ വരുവാൻ ഞാൻ നായോ“ എന്നു ചോദി​ച്ചു. ദാവീ​ദി​ന്‍റെ കൈയി​ലി​രുന്ന വടി കണ്ടെങ്കി​ലും ഗൊല്യാത്ത്‌ ആ കവണ ശ്രദ്ധി​ച്ചു​കാ​ണില്ല. ഫെലി​സ്‌ത്യ​ദേ​വ​ന്മാ​രു​ടെ നാമത്തിൽ ഗൊല്യാത്ത്‌ ദാവീ​ദി​നെ ശപിച്ചു. നിന്ദ്യ​നായ ദാവീ​ദി​നെ കൊന്ന് അവന്‍റെ ശവശരീ​രം ആകാശ​ത്തി​ലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇട്ടു​കൊ​ടു​ക്കും എന്ന് അയാൾ ശപഥം ചെയ്‌തു.—1 ശമുവേൽ 17:41-44.

ആ വാക്കു​കൾക്കു ദാവീദ്‌ നൽകിയ മറുപടി വിശ്വാ​സ​ത്തി​ന്‍റെ വലി​യൊ​രു അടയാ​ള​മാ​യി ഇന്നോളം നില​കൊ​ള്ളു​ന്നു. ആ ചെറു​പ്പ​ക്കാ​രൻ ഗൊല്യാ​ത്തി​നോട്‌ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നതു നിങ്ങൾക്കു മനക്കണ്ണിൽ കാണാ​നാ​കു​ന്നു​ണ്ടോ: “നീ വാളും കുന്തവും വേലു​മാ​യി എന്‍റെ നേരെ വരുന്നു; ഞാനോ നീ നിന്ദി​ച്ചി​ട്ടുള്ള യിസ്രാ​യേൽനി​ര​ക​ളു​ടെ ദൈവ​മായ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ നാമത്തിൽ നിന്‍റെ നേരെ വരുന്നു.” മനുഷ്യ​ന്‍റെ കൈക്ക​രു​ത്തും ആയുധ​ബ​ല​വും വളരെ നിസ്സാ​ര​മാ​ണെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ഗൊല്യാത്ത്‌ ദൈവ​മായ യഹോ​വ​യോ​ടാണ്‌ അനാദ​രവ്‌ കാണി​ച്ചത്‌. യഹോവ തീർച്ച​യാ​യും പ്രതി​ക​രി​ക്കും. ദാവീദ്‌ പറഞ്ഞതു​പോ​ലെ, “യുദ്ധം യഹോ​വെ​ക്കു​ള്ളത്‌.”—1 ശമുവേൽ 17:45-47.

 ഗൊല്യാ​ത്തി​ന്‍റെ ആ വലിപ്പ​വും ആയുധ​സ​ന്നാ​ഹ​ങ്ങ​ളും ദാവീദ്‌ ശ്രദ്ധി​ച്ചി​ല്ലെന്നല്ല. പക്ഷേ അക്കാര്യ​ങ്ങൾ തന്‍റെ ധൈര്യം ചോർത്തി​ക്ക​ള​യാൻ അവൻ അനുവ​ദി​ച്ചില്ല. ശൗലും സൈനി​ക​രും വരുത്തിയ ആ തെറ്റ്‌ അവൻ ആവർത്തി​ച്ചില്ല. ദാവീദ്‌ ഗൊല്യാ​ത്തു​മാ​യി തന്നെ താരത​മ്യം ചെയ്യു​ന്ന​തി​നു പകരം യഹോ​വ​യു​മാ​യി അവനെ തട്ടിച്ചു​നോ​ക്കി. മറ്റു മനുഷ്യ​രെ വെച്ചു​നോ​ക്കു​മ്പോൾ ആ ഒമ്പതര അടി (2.9 മീ.) ഉയരക്കാ​രൻ ആജാനു​ബാ​ഹു​വാ​ണെ​ങ്കി​ലും പ്രപഞ്ച​ത്തി​ന്‍റെ പരമാ​ധി​കാ​രി​യു​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ അവൻ എന്തുണ്ട്? വാസ്‌ത​വ​ത്തിൽ മറ്റെല്ലാ മനുഷ്യ​രെ​യും​പോ​ലെ അവനും വെറു​മൊ​രു പ്രാണി​യാ​യി​രു​ന്നു. യഹോവ അവനെ നശിപ്പി​ക്കാ​നുള്ള സമയം അടു​ത്തെ​ത്തി​യി​രു​ന്നു.

ദാവീദ്‌ ശത്രു​വി​ന്‍റെ നേരെ പാഞ്ഞടു​ത്തു. സഞ്ചിയിൽനിന്ന് ഒരു കല്ല് എടുത്ത്‌ കവണയിൽ വെച്ച് തലയ്‌ക്കു മുകളിൽ നന്നായി കറക്കി. വേഗത കൂടി​ക്കൂ​ടി അതു കാറ്റിൽ ചൂളം​കു​ത്തി. ഗൊല്യാ​ത്തും ദാവീ​ദി​ന്‍റെ നേർക്ക് അടുത്തു. ഗൊല്യാ​ത്തി​ന്‍റെ പരിച​വാ​ഹകൻ അയാളു​ടെ തൊട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്നി​രി​ക്കണം. ഗൊല്യാ​ത്തി​ന്‍റെ അസാധാ​ര​ണ​മായ ഉയരം ഈ സാഹച​ര്യ​ത്തിൽ അയാളു​ടെ ഒരു ദൗർബ​ല്യ​മാ​യെന്നു പറയാം. സാധാ​ര​ണ​മ​നു​ഷ്യ​രു​ടെ ഉയരമുള്ള ഒരു പരിച​വാ​ഹകൻ ആ അതികാ​യന്‍റെ തലയ്‌ക്കൊ​പ്പം എങ്ങനെ പരിച ഉയർത്തും? സംരക്ഷ​ണ​മി​ല്ലാത്ത ആ ഭാഗം​ത​ന്നെ​യാ​ണു ദാവീദ്‌ ഉന്നം​വെ​ച്ച​തും.—1 ശമുവേൽ 17:41.

ദൈവമായ യഹോ​വ​യു​ടെ മുന്നിൽ ഏതു രാക്ഷസ​നും വെറും നിസ്സാ​ര​നാ​ണെന്നു ദാവീ​ദി​നു തോന്നി

ദാവീദ്‌ കല്ലു തൊടു​ത്തു​വി​ട്ടു. നിശ്ശബ്ദ​തയെ ഭേദി​ച്ചു​കൊണ്ട് ആ കല്ലു ലക്ഷ്യത്തി​ലേക്കു പായു​ന്നതു നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? ദാവീ​ദി​നു മറ്റൊരു കല്ലു തൊടു​ക്കേ​ണ്ടി​വ​രി​ല്ലെന്ന് യഹോവ ഉറപ്പാക്കി. കല്ലു ലക്ഷ്യത്തി​ലെത്തി. അതു ഗൊല്യാ​ത്തി​ന്‍റെ നെറ്റി​യിൽ ആഴ്‌ന്നി​റങ്ങി. അയാൾ മുഖം​കു​ത്തി മണ്ണി​ലേക്കു വീണു. ആ ഭീമൻ നിലം​പ​തി​ച്ചു! പരിച​വാ​ഹകൻ അപ്പോഴേ ഓടി​ക്കാ​ണും. ഗൊല്യാ​ത്തി​ന്‍റെ അടുത്ത്‌ എത്തിയ ദാവീദ്‌ അയാളു​ടെ​തന്നെ വാൾകൊണ്ട് അയാളു​ടെ തല വെട്ടി​യെ​ടു​ത്തു.—1 ശമുവേൽ 17:48-51.

ശൗലി​നും പടയാ​ളി​കൾക്കും ധൈര്യ​മാ​യി. പോർവി​ളി മുഴക്കി അലറി​ക്കൊണ്ട് അവർ ഫെലി​സ്‌ത്യ​രു​ടെ നേരെ പാഞ്ഞു. ആ യുദ്ധം എങ്ങനെ അവസാ​നി​ച്ചു? “യഹോവ . . . നിങ്ങ​ളെ​യെ​ല്ലാം ഞങ്ങളുടെ കൈക​ളിൽ ഏല്‌പി​ക്കും” എന്നു ദാവീദ്‌ ഗൊല്യാ​ത്തി​നോ​ടു പറഞ്ഞത്‌ അന്നു സത്യമാ​യി.—1 ശമുവേൽ 17:47, 52, 53, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം.

ഇന്നു ദൈവ​ത്തി​ന്‍റെ ദാസന്മാർ യുദ്ധങ്ങ​ളിൽ പങ്കെടു​ക്കാ​റില്ല. ആ കാലം കഴിഞ്ഞു. (മത്തായി 26:52) എങ്കിലും ഇന്നു നമ്മൾ ദാവീ​ദി​ന്‍റെ ആ വിശ്വാ​സം അനുക​രി​ക്കണം. ദാവീ​ദി​നെ​പ്പോ​ലെ യഹോ​വയെ ഒരു യഥാർഥ​വ്യ​ക്തി​യാ​യി നമ്മൾ കാണണം. ആ ദൈവത്തെ മാത്രമേ നമ്മൾ സേവി​ക്കാ​വൂ, ആ ദൈവം മാത്ര​മാ​ണു നമ്മളുടെ ഭക്ത്യാ​ദ​രവ്‌ അർഹി​ക്കു​ന്നത്‌. പ്രശ്‌ന​ങ്ങ​ളു​ടെ​യെ​ല്ലാം മുന്നിൽ നമ്മൾ തീരെ നിസ്സാ​ര​രാ​ണെന്നു ചില​പ്പോൾ തോന്നി​യേ​ക്കാം. പക്ഷേ യഹോ​വ​യു​ടെ അപരി​മേ​യ​മായ ശക്തിയു​ടെ മുന്നിൽ അവയെ​ല്ലാം തീർത്തും നിസ്സാ​ര​മാ​ണെന്ന് ഓർക്കുക. യഹോ​വയെ നമ്മുടെ ദൈവ​മാ​യി സ്വീക​രി​ക്കു​ക​യും ദാവീ​ദി​നെ​പ്പോ​ലെ യഹോ​വ​യിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും ചെയ്‌താൽ ഒരു പ്രതി​ബ​ന്ധ​വും, ഒരു പ്രശ്‌ന​വും നമ്മളെ അലട്ടേ​ണ്ട​തില്ല. യഹോ​വ​യു​ടെ ശക്തിക്ക് അതീത​മാ​യി ഒന്നും​ത​ന്നെ​യില്ല! ▪ (wp16-E No. 5)