വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

1 തെസ്സലോനിക്യർ 4:1-18

ഉള്ളടക്കം

  • ലൈംഗിക അധാർമിയ്‌ക്കെതിരെ മുന്നറിയിപ്പ് (1-8)

  • അന്യോന്യം സ്‌നേഹിക്കുന്നതിൽ പുരോഗതി വരുത്തുക (9-12)

    • ‘സ്വന്തം കാര്യം നോക്കി ജീവിക്കുക’ (11)

  • ക്രിസ്‌തുവിൽ മരിച്ചവരെ ആദ്യം ഉയിർപ്പിക്കും (13-18)

4  അവസാനമായി സഹോദരങ്ങളേ, ഒരു കാര്യംകൂടെ പറയട്ടെ: ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ+ എങ്ങനെ ജീവിക്കാമെന്നു ഞങ്ങളിൽനിന്ന് നിങ്ങൾക്കു നിർദേശങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. നിങ്ങൾ അങ്ങനെ ജീവിക്കുന്നുമുണ്ട്. പക്ഷേ നിങ്ങൾ അതിൽ ഇനിയും പുരോഗമിക്കണമെന്നാണു കർത്താവായ യേശുവിന്‍റെ പേരിൽ ഞങ്ങൾ നിങ്ങളോട്‌ അപേക്ഷിക്കുകയും അഭ്യർഥിക്കുകയും ചെയ്യുന്നത്‌.  കർത്താവായ യേശുവിലൂടെ ഞങ്ങൾ നിങ്ങൾക്കു തന്ന നിർദേശങ്ങൾ നിങ്ങൾക്ക് അറിയാവുന്നതാണല്ലോ.  നിങ്ങൾ ലൈംഗിക അധാർമികതയിൽനിന്ന്*+ അകന്നിരിക്കണമെന്നും വിശുദ്ധരായിരിക്കണമെന്നും+ ആണ്‌ ദൈവത്തിന്‍റെ ഇഷ്ടം.  വിശുദ്ധിയിലും+ മാനത്തിലും സ്വന്തം ശരീരത്തെ* വരുതിയിൽ നിറുത്താൻ+ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം.  അല്ലാതെ, ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ+ നിങ്ങൾ അനിയന്ത്രിതമായ കാമാവേശത്തോടെ+ ആർത്തിപൂണ്ട് നടക്കരുത്‌.  ഇക്കാര്യത്തിൽ ആരും പരിധിക്കപ്പുറം പോകുകയോ സഹോദരനെ മുതലെടുക്കുകയോ അരുത്‌. കാരണം ഇതിനെല്ലാം യഹോവ* ശിക്ഷ നടപ്പാക്കും. ഞങ്ങൾ നേരത്തേതന്നെ ഇതു നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്‌, ശക്തമായ മുന്നറിയിപ്പും തന്നിട്ടുണ്ട്.  കാരണം അശുദ്ധരായിരിക്കാനല്ല, വിശുദ്ധരായിരിക്കാനാണു+ ദൈവം നമ്മളെ വിളിച്ചിരിക്കുന്നത്‌.  അതുകൊണ്ട് ഇക്കാര്യങ്ങൾ വകവെക്കാത്തയാൾ മനുഷ്യനെയല്ല, നിങ്ങൾക്കു പരിശുദ്ധാത്മാവിനെ+ തരുന്ന ദൈവത്തെയാണു വകവെക്കാതിരിക്കുന്നത്‌.+  എന്തായാലും സഹോദരസ്‌നേഹത്തെക്കുറിച്ച്+ ഞങ്ങൾ നിങ്ങൾക്ക് എഴുതേണ്ടതില്ല. അന്യോന്യം സ്‌നേഹിക്കാൻ+ ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. 10  വാസ്‌തവത്തിൽ, മാസിഡോണിയയിലെങ്ങുമുള്ള സഹോദരങ്ങളോടെല്ലാം നിങ്ങൾ ഇപ്പോൾത്തന്നെ സ്‌നേഹത്തോടെ പെരുമാറുന്നുണ്ട്. എങ്കിലും സഹോദരങ്ങളേ, ഇനിയും കൂടുതൽ പുരോഗതി വരുത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌. 11  ഞങ്ങൾ നിങ്ങളോടു നിർദേശിച്ചതുപോലെ അടങ്ങിയൊതുങ്ങി കഴിയാനും*+ സ്വന്തം കാര്യം നോക്കി,+ സ്വന്തകൈകൊണ്ട് ജോലി ചെയ്‌ത്‌ ജീവിക്കാനും+ ആത്മാർഥമായി ശ്രമിക്കുക. 12  അങ്ങനെയായാൽ, പുറത്തുള്ളവരുടെ മുന്നിൽ+ നിങ്ങൾക്കു മാന്യതയോടെ നടക്കാനാകും; നിങ്ങൾക്ക് ഒന്നിനും ഒരു കുറവുണ്ടാകുകയുമില്ല. 13  സഹോദരങ്ങളേ, മരിച്ച് ഉറക്കത്തിലായവരെക്കുറിച്ച്+ നിങ്ങൾ അറിവില്ലാത്തവരായിരിക്കരുത്‌ എന്നാണു ഞങ്ങളുടെ ആഗ്രഹം. അങ്ങനെയാകുമ്പോൾ ഒരു പ്രത്യാശയുമില്ലാത്ത+ മറ്റുള്ളവരെപ്പോലെ നിങ്ങൾക്കു ദുഃഖിക്കേണ്ടിവരില്ല. 14  യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും+ ചെയ്‌തെന്നു നമ്മൾ വിശ്വസിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ, യേശുവിന്‍റെ അനുഗാമികളായി മരണത്തിൽ നിദ്രകൊണ്ടവരെയും ദൈവം ഉയിർപ്പിച്ച് യേശുവിനോടൊപ്പം കൊണ്ടുവരും.+ 15  യഹോവയുടെ* വചനത്തിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരു കാര്യം നിങ്ങളോടു പറയാം: നമ്മുടെ കൂട്ടത്തിൽ കർത്താവിന്‍റെ സാന്നിധ്യസമയത്ത്‌ ജീവനോടെ ബാക്കിയുള്ളവർ, അതിനോടകം മരിച്ചവരെക്കാൾ* മുമ്പന്മാരാകില്ല. 16  കാരണം അധികാരസ്വരത്തിലുള്ള ആഹ്വാനത്തോടും മുഖ്യദൂതന്‍റെ+ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടും കൂടെ കർത്താവ്‌ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ ക്രിസ്‌തുവിനോടുള്ള യോജിപ്പിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കും.+ 17  അതിനു ശേഷം, അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻവേണ്ടി,+ നമ്മുടെ കൂട്ടത്തിൽ ജീവനോടെ ബാക്കിയുള്ളവരെ മേഘങ്ങളിൽ+ എടുക്കും. അങ്ങനെ, നമ്മൾ എപ്പോഴും കർത്താവിന്‍റെകൂടെയായിരിക്കും.+ 18  അതുകൊണ്ട് ഇക്കാര്യങ്ങൾ പറഞ്ഞ് പരസ്‌പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക.

അടിക്കുറിപ്പുകള്‍

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “പാത്രത്തെ.”
അനു. എ5 കാണുക.
അഥവാ “ശാന്തമായൊരു ജീവിതം നയിക്കാനും.”
അനു. എ5 കാണുക.
അക്ഷ. “ഉറങ്ങിരെക്കാൾ.”