വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ലൂക്കോസ്‌ 5:1-39

ഉള്ളടക്കം

  • അത്ഭുതമായി മീൻ പിടിക്കുന്നു; ആദ്യശിഷ്യർ (1-11)

  • കുഷ്‌ഠരോഗിയെ സുഖപ്പെടുത്തുന്നു (12-16)

  • യേശു തളർവാരോഗിയെ സുഖപ്പെടുത്തുന്നു (17-26)

  • യേശു ലേവിയെ വിളിക്കുന്നു (27-32)

  • ഉപവാത്തെക്കുറിച്ചുള്ള ചോദ്യം (33-39)

5  ഒരിക്കൽ യേശു ഗന്നേസരെത്ത്‌ തടാകത്തിന്‍റെ*+ കരയിൽ നിൽക്കുകയായിരുന്നു. ദൈവവചനം കേൾക്കാൻവേണ്ടി വന്ന ജനക്കൂട്ടം യേശുവിനെ തിക്കിക്കൊണ്ടിരുന്നു.  അപ്പോൾ തടാകത്തിന്‍റെ തീരത്ത്‌ രണ്ടു വള്ളം കിടക്കുന്നതു യേശു കണ്ടു. മീൻപിടുത്തക്കാർ അവയിൽനിന്ന് ഇറങ്ങി വലകൾ കഴുകുകയായിരുന്നു.+  ആ വള്ളങ്ങളിലൊന്നിൽ യേശു കയറി. അതു ശിമോന്‍റേതായിരുന്നു. വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ യേശു ശിമോനോട്‌ ആവശ്യപ്പെട്ടു. പിന്നെ യേശു അതിൽ ഇരുന്ന് ജനക്കൂട്ടത്തെ പഠിപ്പിക്കാൻതുടങ്ങി.  സംസാരിച്ചുതീർന്നപ്പോൾ യേശു ശിമോനോട്‌, “ആഴമുള്ളിടത്തേക്കു നീക്കി വല ഇറക്കുക” എന്നു പറഞ്ഞു.  അപ്പോൾ ശിമോൻ പറഞ്ഞു: “ഗുരുവേ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.+ എങ്കിലും അങ്ങ് പറഞ്ഞതുകൊണ്ട് ഞാൻ വല ഇറക്കാം.”  അവർ അങ്ങനെ ചെയ്‌തപ്പോൾ വലിയൊരു മീൻകൂട്ടം വലയിൽപ്പെട്ടു. ഭാരം കാരണം വല കീറാൻതുടങ്ങി.+  അതുകൊണ്ട് അവർ മറ്റേ വള്ളത്തിലുള്ള കൂട്ടാളികളോട്‌, വന്ന് സഹായിക്കാൻ ആംഗ്യം കാണിച്ചു. അവരും വന്ന് രണ്ടു വള്ളവും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു.  ഇതു കണ്ടിട്ട് ശിമോൻ പത്രോസ്‌ യേശുവിന്‍റെ കാൽക്കൽ വീണ്‌ ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞാനൊരു പാപിയാണ്‌. എന്നെ വിട്ട് പോയാലും.”  അവർക്കു കിട്ടിയ മീന്‍റെ പെരുപ്പം കണ്ട് പത്രോസും കൂടെയുണ്ടായിരുന്ന എല്ലാവരും ആകെ അമ്പരന്നുപോയിരുന്നു. 10  ശിമോന്‍റെ കൂട്ടാളികളായ യാക്കോബ്‌, യോഹന്നാൻ എന്നീ സെബെദിപുത്രന്മാരും+ അതിശയിച്ചുപോയി. എന്നാൽ യേശു ശിമോനോടു പറഞ്ഞു: “പേടിക്കാതിരിക്കൂ! നീ ഇനിമുതൽ മനുഷ്യരെ ജീവനോടെ പിടിക്കും.”+ 11  അപ്പോൾ, അവർ വള്ളങ്ങൾ കരയ്‌ക്കടുപ്പിച്ചിട്ട് എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.+ 12  മറ്റൊരിക്കൽ യേശു ഒരു നഗരത്തിൽ ചെന്നു. ദേഹമാസകലം കുഷ്‌ഠം ബാധിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. യേശുവിനെ കണ്ട ആ മനുഷ്യൻ യേശുവിന്‍റെ മുന്നിൽ കമിഴ്‌ന്നുവീണ്‌, “കർത്താവേ, ഒന്നു മനസ്സുവെച്ചാൽ അങ്ങയ്‌ക്ക് എന്നെ ശുദ്ധനാക്കാം”+ എന്നു യാചിച്ചുപറഞ്ഞു. 13  യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്‌, ശുദ്ധനാകുക” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അയാളുടെ കുഷ്‌ഠം മാറി.+ 14  ഇത്‌ ആരോടും പറയരുതെന്നു കല്‌പിച്ചിട്ട് യേശു ആ മനുഷ്യനോടു പറഞ്ഞു: “എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് മോശ കല്‌പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിനുള്ള യാഗം അർപ്പിക്കണം.+ അത്‌ അവർക്കൊരു തെളിവാകട്ടെ.”+ 15  എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത പരന്നുകൊണ്ടേയിരുന്നു. യേശു പറയുന്നതു കേൾക്കാനും രോഗങ്ങൾ മാറിക്കിട്ടാനും വലിയ ജനക്കൂട്ടങ്ങൾ വരാറുണ്ടായിരുന്നു.+ 16  എങ്കിലും പ്രാർഥിക്കാൻവേണ്ടി യേശു മിക്കപ്പോഴും വിജനമായ സ്ഥലങ്ങളിലേക്കു പോകുമായിരുന്നു. 17  ഒരു ദിവസം യേശു പഠിപ്പിക്കുമ്പോൾ, ഗലീലയിലെയും യഹൂദ്യയിലെയും എല്ലാ ഗ്രാമങ്ങളിൽനിന്നും യരുശലേമിൽനിന്നും വന്ന പരീശന്മാരും നിയമം പഠിപ്പിക്കുന്നവരും അവിടെ ഇരിപ്പുണ്ടായിരുന്നു. ആളുകളെ സുഖപ്പെടുത്താനുള്ള ശക്തി യഹോവ* യേശുവിനു നൽകിയിരുന്നു.+ 18  ശരീരം തളർന്നുപോയ ഒരാളെ അപ്പോൾ ചില പുരുഷന്മാർ കിടക്കയോടെ ചുമന്നുകൊണ്ടുവന്നു. അയാളെ യേശുവിന്‍റെ മുന്നിൽ കിടത്താനായി അകത്ത്‌ കൊണ്ടുവരാൻ അവർ ശ്രമിച്ചു.+ 19  പക്ഷേ, ജനക്കൂട്ടം കാരണം അകത്ത്‌ കൊണ്ടുവരാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ മേൽക്കൂരയിൽ കയറി ഓടു നീക്കി അയാളെ കിടക്കയോടെ ജനമധ്യത്തിൽ യേശുവിന്‍റെ മുന്നിലേക്ക് ഇറക്കി. 20  അവരുടെ വിശ്വാസം കണ്ടിട്ട് യേശു ആ മനുഷ്യനോട്‌, “നിന്‍റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 21  അപ്പോൾ ശാസ്‌ത്രിമാരും പരീശന്മാരും മനസ്സിൽ പറഞ്ഞു: “ഇങ്ങനെ പറയാൻ ഇവൻ ആരാണ്‌? ദൈവനിന്ദയല്ലേ ഇവൻ പറയുന്നത്‌? ദൈവത്തിനല്ലാതെ ആർക്കെങ്കിലും പാപങ്ങൾ ക്ഷമിക്കാൻ കഴിയുമോ?”+ 22  അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയിട്ട് യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്താണ്‌ ആലോചിക്കുന്നത്‌? 23  ഏതാണ്‌ എളുപ്പം? ‘നിന്‍റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതോ അതോ ‘എഴുന്നേറ്റ്‌ നടക്കുക’ എന്നു പറയുന്നതോ? 24  എന്നാൽ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന്‌ അധികാരമുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” യേശു തളർവാതരോഗിയോടു പറഞ്ഞു: “എഴുന്നേറ്റ്‌, കിടക്ക എടുത്ത്‌ വീട്ടിലേക്കു പോകൂ എന്നു ഞാൻ നിന്നോടു പറയുന്നു.”+ 25  അപ്പോൾ എല്ലാവരും നോക്കിനിൽക്കെ അയാൾ എഴുന്നേറ്റ്‌ കിടക്ക എടുത്ത്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട് വീട്ടിലേക്കു പോയി. 26  എല്ലാവരും വിസ്‌മയിച്ച് ദൈവത്തെ സ്‌തുതിക്കാൻതുടങ്ങി. അവർ ഭയഭക്തിയോടെ, “അതിശയിപ്പിക്കുന്ന കാര്യങ്ങളാണു നമ്മൾ ഇന്നു കണ്ടത്‌” എന്നു പറഞ്ഞു. 27  പിന്നീട്‌ യേശു അവിടെനിന്ന് പോകുമ്പോൾ ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതി പിരിക്കുന്നിടത്ത്‌ ഇരിക്കുന്നതു കണ്ട്, “എന്നെ അനുഗമിക്കുക”+ എന്നു പറഞ്ഞു. 28  അയാൾ എഴുന്നേറ്റ്‌ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. 29  പിന്നെ ലേവി യേശുവിനുവേണ്ടി വീട്ടിൽ ഒരു വലിയ വിരുന്ന് ഒരുക്കി. നികുതിപിരിവുകാരുടെയും മറ്റും വലിയൊരു കൂട്ടം അവരോടൊപ്പം ഭക്ഷണത്തിന്‌ ഇരുന്നു.+ 30  ഇതു കണ്ട് പരീശന്മാരും അവരിൽപ്പെട്ട ശാസ്‌ത്രിമാരും പിറുപിറുത്തുകൊണ്ട് യേശുവിന്‍റെ ശിഷ്യന്മാരോട്‌, “നിങ്ങൾ എന്താ നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നത്‌”+ എന്നു ചോദിച്ചു. 31  അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.+ 32  നീതിമാന്മാരെയല്ല, പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനാണു ഞാൻ വന്നത്‌.”+ 33  അവർ യേശുവിനോടു പറഞ്ഞു: “യോഹന്നാന്‍റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിച്ച് പ്രാർഥിക്കാറുണ്ട്. പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ ചെയ്യാറുണ്ട്. അങ്ങയുടെ ശിഷ്യന്മാരോ തിന്നുകുടിച്ച് നടക്കുന്നു.”+ 34  യേശു അവരോടു പറഞ്ഞു: “മണവാളൻ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാരോട്‌ ഉപവസിക്കണമെന്നു പറയാൻ പറ്റുമോ? 35  എന്നാൽ മണവാളനെ+ അവരുടെ അടുത്തുനിന്ന് കൊണ്ടുപോകുന്ന കാലം വരും. അന്ന് അവർ ഉപവസിക്കും.”+ 36  പിന്നെ യേശു അവരോട്‌ ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ആരും പുതിയ വസ്‌ത്രത്തിൽനിന്ന് ഒരു കഷണം മുറിച്ചെടുത്ത്‌ പഴയ വസ്‌ത്രത്തിൽ തുന്നിച്ചേർക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ കഷണം വിട്ടുപോരും. മാത്രമല്ല പഴയതുമായി അതു ചേരുകയുമില്ല.+ 37  അതുപോലെ ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ വീഞ്ഞ്, തുരുത്തി പൊട്ടിക്കും; വീഞ്ഞ് ഒഴുകിപ്പോകും. തുരുത്തിയും നശിക്കും. 38  പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ്‌ ഒഴിച്ചുവെക്കേണ്ടത്‌. 39  പഴയ വീഞ്ഞു കുടിച്ച ആർക്കും പുതിയത്‌ ഇഷ്ടപ്പെടില്ല. ‘പഴയതായിരുന്നു നല്ലത്‌’ എന്ന് അവർ പറയും.”

അടിക്കുറിപ്പുകള്‍

അതായത്‌, ഗലീലക്കടൽ.
അനു. എ5 കാണുക.