വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 7:1-52

ഉള്ളടക്കം

  • യേശു കൂടാരോത്സത്തിനു പോകുന്നു (1-13)

  • ഉത്സവസയത്ത്‌ യേശു പഠിപ്പിക്കുന്നു (14-24)

  • ക്രിസ്‌തുവിനെക്കുറിച്ച് വ്യത്യസ്‌തമായ അഭിപ്രായങ്ങൾ (25-52)

7  ഇതിനു ശേഷം യേശു ഗലീലയിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. ജൂതന്മാർ കൊല്ലാൻ നോക്കുന്നതുകൊണ്ട്+ യഹൂദ്യയിലേക്കു പോകാൻ യേശു ആഗ്രഹിച്ചില്ല.  എന്നാൽ ജൂതന്മാരുടെ കൂടാരോത്സവം+ അടുത്തിരുന്നതുകൊണ്ട്  യേശുവിന്‍റെ അനിയന്മാർ+ യേശുവിനോടു പറഞ്ഞു: “ഇവിടെ നിൽക്കാതെ യഹൂദ്യയിലേക്കു പോകൂ. യേശു ചെയ്യുന്നതൊക്കെ ശിഷ്യന്മാരും കാണട്ടെ.  പ്രസിദ്ധി ആഗ്രഹിക്കുന്ന ആരും രഹസ്യമായിട്ട് ഒന്നും ചെയ്യാറില്ലല്ലോ. ഇതൊക്കെ ചെയ്യുന്ന സ്ഥിതിക്കു യേശുവിനെ ലോകം കാണട്ടെ.”  എന്നാൽ യേശുവിന്‍റെ അനിയന്മാർ യേശുവിൽ വിശ്വസിച്ചിരുന്നില്ല.+  അതുകൊണ്ട് യേശു അവരോടു പറഞ്ഞു: “എന്‍റെ സമയം ഇതുവരെ വന്നിട്ടില്ല.+ നിങ്ങൾക്കു പക്ഷേ, ഏതു സമയമായാലും കുഴപ്പമില്ലല്ലോ.  നിങ്ങളെ വെറുക്കാൻ ലോകത്തിനു കാരണം ഒന്നുമില്ല. എന്നാൽ അതിന്‍റെ പ്രവൃത്തികൾ ദുഷിച്ചതാണെന്നു ഞാൻ സാക്ഷി പറയുന്നതുകൊണ്ട് ലോകം എന്നെ വെറുക്കുന്നു.+  നിങ്ങൾ ഉത്സവത്തിനു പൊയ്‌ക്കോ. ഇതുവരെ എന്‍റെ സമയമാകാത്തതുകൊണ്ട് ഞാൻ ഇപ്പോൾ ഉത്സവത്തിനു വരുന്നില്ല.”+  അവരോട്‌ ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ താമസിച്ചു. 10  എന്നാൽ യേശുവിന്‍റെ അനിയന്മാർ ഉത്സവത്തിനു പോയിക്കഴിഞ്ഞപ്പോൾ യേശുവും പോയി. പരസ്യമായിട്ടല്ല, രഹസ്യമായിട്ടാണു പോയത്‌. 11  “ആ മനുഷ്യൻ എവിടെ” എന്നു ചോദിച്ചുകൊണ്ട് ജൂതന്മാർ ഉത്സവത്തിനിടെ യേശുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. 12  ജനമെല്ലാം യേശുവിനെക്കുറിച്ച് അടക്കം പറഞ്ഞു. “യേശു ഒരു നല്ല മനുഷ്യനാണ്‌” എന്നു ചിലരും “അല്ല, അവൻ ജനങ്ങളെ വഴിതെറ്റിക്കുന്നവനാണ്‌”+ എന്നു മറ്റു ചിലരും പറഞ്ഞു. 13  എന്നാൽ ജൂതന്മാരെ പേടിച്ചിട്ട് ആരും യേശുവിനെക്കുറിച്ച് പരസ്യമായി സംസാരിച്ചില്ല.+ 14  ഉത്സവം പകുതിയായപ്പോൾ യേശു ദേവാലയത്തിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി. 15  അപ്പോൾ ജൂതന്മാർ, “വിദ്യാലയത്തിൽ* പഠിച്ചിട്ടില്ലാത്ത+ യേശുവിനു തിരുവെഴുത്തുകളെക്കുറിച്ച്* ഇത്രമാത്രം അറിവ്‌ എവിടെനിന്ന് കിട്ടി”+ എന്ന് ആശ്ചര്യത്തോടെ ചോദിച്ചു. 16  യേശു അവരോടു പറഞ്ഞു: “ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങൾ എന്‍റേതല്ല, എന്നെ അയച്ച ദൈവത്തിന്‍റേതാണ്‌.+ 17  ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതാണോ+ അതോ എന്‍റെ സ്വന്തം ആശയമാണോ എന്നു തിരിച്ചറിയും. 18  സ്വന്തം ആശയങ്ങൾ പറയുന്നവൻ തനിക്കു മഹത്ത്വം കിട്ടണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ തന്നെ അയച്ചവന്‍റെ മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവൻ+ സത്യവാനാണ്‌. അവനിൽ നീതികേടില്ല. 19  മോശ നിങ്ങൾക്കു നിയമം നൽകിയല്ലോ.+ പക്ഷേ നിങ്ങളിൽ ഒരാൾപ്പോലും അത്‌ അനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നത്‌ എന്തിനാണ്‌?”+ 20  ജനം യേശുവിനോടു പറഞ്ഞു: “അതിന്‌ ആരാണു നിങ്ങളെ കൊല്ലാൻ നോക്കുന്നത്‌? നിങ്ങൾക്കു ഭൂതം ബാധിച്ചിട്ടുണ്ട്.” 21  അപ്പോൾ യേശു പറഞ്ഞു: “ഞാൻ ഒരു കാര്യം ചെയ്‌തു. അതു കണ്ടപ്പോൾ നിങ്ങളെല്ലാം ആശ്ചര്യപ്പെട്ടുപോയി. 22  അങ്ങനെയെങ്കിൽ മോശ ഏർപ്പെടുത്തിയ പരിച്ഛേദനയോ?*+ (പരിച്ഛേദന വാസ്‌തവത്തിൽ മോശയിൽനിന്നല്ല, പൂർവികരിൽനിന്നാണു വന്നത്‌.)+ നിങ്ങൾ ശബത്തിൽ മനുഷ്യനെ പരിച്ഛേദന ചെയ്യുന്നു. 23  മോശയുടെ നിയമം ലംഘിക്കാതിരിക്കാൻ ഒരാളെ ശബത്തിൽ പരിച്ഛേദന ചെയ്യാമെങ്കിൽ, ശബത്തിൽ ഞാൻ ഒരു മനുഷ്യനെ പൂർണമായി സുഖപ്പെടുത്തിയതിനു നിങ്ങൾ എന്‍റെ നേരെ രോഷംകൊള്ളുന്നത്‌ എന്തിനാണ്‌?+ 24  പുറമേ കാണുന്നതുവെച്ച് വിധിക്കാതെ നീതിയോടെ വിധിക്കുക.”+ 25  അപ്പോൾ യരുശലേംകാരിൽ ചിലർ ചോദിച്ചു: “ഈ മനുഷ്യനെയല്ലേ അവർ കൊല്ലാൻ നോക്കുന്നത്‌?+ 26  എന്നിട്ടും കണ്ടോ, അയാൾ പരസ്യമായി സംസാരിക്കുന്നു. അവരാകട്ടെ ഒന്നും പറയുന്നുമില്ല. ഇനി ഇതു ക്രിസ്‌തുവാണെന്നു പ്രമാണിമാർക്ക് ഉറപ്പായിക്കാണുമോ? 27  പക്ഷേ ഈ മനുഷ്യൻ എവിടെനിന്നാണെന്നു നമുക്ക് അറിയാമല്ലോ.+ എന്നാൽ ക്രിസ്‌തു വരുമ്പോൾ എവിടെനിന്ന് വന്നെന്ന് ആർക്കും അറിയാൻ പറ്റില്ല.” 28  ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ യേശു വിളിച്ചുപറഞ്ഞു: “നിങ്ങൾക്ക് എന്നെ അറിയാം. ഞാൻ എവിടെനിന്ന് വന്നെന്നും അറിയാം. സ്വന്തം തീരുമാനമനുസരിച്ച് വന്നതല്ല ഞാൻ.+ എന്നെ അയച്ചത്‌ യഥാർഥത്തിലുള്ള ഒരു വ്യക്തിയാണ്‌. നിങ്ങൾക്കോ ആ വ്യക്തിയെ അറിയില്ല.+ 29  എന്നാൽ എനിക്ക് അറിയാം.+ കാരണം ഞാൻ ആ വ്യക്തിയുടെ പ്രതിനിധിയാണ്‌. ആ വ്യക്തിയാണ്‌ എന്നെ അയച്ചത്‌.” 30  അതുകൊണ്ട് അവർ യേശുവിനെ പിടികൂടാൻ വഴികൾ അന്വേഷിച്ചു.+ പക്ഷേ യേശുവിന്‍റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും യേശുവിനെ പിടിച്ചില്ല.+ 31  ജനക്കൂട്ടത്തിൽ അനേകർ യേശുവിൽ വിശ്വസിച്ചു.+ “ക്രിസ്‌തു വരുമ്പോൾ ഈ മനുഷ്യൻ ചെയ്‌തതിൽ കൂടുതൽ എന്ത് അത്ഭുതങ്ങൾ ചെയ്യാനാണ്‌” എന്ന് അവർ പറഞ്ഞു. 32  ജനം യേശുവിനെക്കുറിച്ച് ഇങ്ങനെ അടക്കം പറയുന്നതു പരീശന്മാർ കേട്ടപ്പോൾ അവരും മുഖ്യപുരോഹിതന്മാരും യേശുവിനെ പിടിക്കാൻ* ഭടന്മാരെ അയച്ചു. 33  അപ്പോൾ യേശു പറഞ്ഞു: “ഞാൻ അൽപ്പസമയംകൂടെ നിങ്ങളുടെകൂടെയുണ്ടായിരിക്കും. പിന്നെ ഞാൻ എന്നെ അയച്ച വ്യക്തിയുടെ അടുത്തേക്കു പോകും.+ 34  നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകുന്നിടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല.”+ 35  അപ്പോൾ ജൂതന്മാർ തമ്മിൽത്തമ്മിൽ ചോദിച്ചു: “നമുക്കു കണ്ടുപിടിക്കാൻ പറ്റാത്ത ഏതു സ്ഥലത്തേക്കായിരിക്കും ഈ മനുഷ്യൻ പോകുന്നത്‌? ഗ്രീക്കുകാരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ജൂതന്മാരുടെ അടുത്ത്‌ ചെന്ന് അവിടെയുള്ള ഗ്രീക്കുകാരെ പഠിപ്പിക്കാനാണോ ഇയാളുടെ ഉദ്ദേശ്യം? 36  ‘നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകുന്നിടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല’ എന്ന് ഇപ്പോൾ പറഞ്ഞതിന്‍റെ അർഥം എന്തായിരിക്കും?” 37  ഉത്സവത്തിന്‍റെ+ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ അവസാനദിവസം യേശു എഴുന്നേറ്റുനിന്ന് ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അയാൾ എന്‍റെ അടുത്ത്‌ വന്ന് കുടിക്കട്ടെ.+ 38  എന്നിൽ വിശ്വസിക്കുന്നവന്‍റെ കാര്യത്തിൽ തിരുവെഴുത്തു പറയുന്നതു സത്യമാകും: ‘അവന്‍റെ ഉള്ളിൽനിന്ന് ജീവജലത്തിന്‍റെ അരുവികൾ ഒഴുകും.’”+ 39  തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിക്കാനിരുന്ന ദൈവാത്മാവിനെക്കുറിച്ചാണു യേശു പറഞ്ഞത്‌. അതുവരെ യേശു മഹത്ത്വീകരിക്കപ്പെടാത്തതുകൊണ്ട്+ അവർക്ക് അപ്പോഴും ദൈവാത്മാവ്‌ ലഭിച്ചിരുന്നില്ല.+ 40  ഇതു കേട്ടിട്ട് ജനക്കൂട്ടത്തിൽ ചിലർ “ഇതുതന്നെയാണ്‌ ആ പ്രവാചകൻ”+ എന്നു പറയാൻതുടങ്ങി. 41  “ഇതു ക്രിസ്‌തുതന്നെ”+ എന്നു മറ്റു ചിലർ പറഞ്ഞു. എന്നാൽ വേറെ ചിലർ ചോദിച്ചു: “അതിനു ക്രിസ്‌തു ഗലീലയിൽനിന്നാണോ വരുന്നത്‌?+ 42  ക്രിസ്‌തു ദാവീദിന്‍റെ വംശജനായി,+ ദാവീദിന്‍റെ ഗ്രാമമായ+ ബേത്ത്‌ലെഹെമിൽനിന്ന്+ വരുമെന്നല്ലേ തിരുവെഴുത്തു പറയുന്നത്‌?” 43  അങ്ങനെ, യേശുവിനെക്കുറിച്ച് ജനത്തിന്‍റെ ഇടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായി. 44  അവരിൽ ചിലർ യേശുവിനെ പിടികൂടാൻ* ആഗ്രഹിച്ചെങ്കിലും ആരും അതിനു മുതിർന്നില്ല. 45  ഭടന്മാർ മുഖ്യപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുത്ത്‌ മടങ്ങിച്ചെന്നു. പരീശന്മാർ അവരോട്‌, “നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത്‌ എന്താണ്‌” എന്നു ചോദിച്ചു. 46  “ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”+ എന്ന് അവർ പറഞ്ഞു. 47  അപ്പോൾ പരീശന്മാർ ചോദിച്ചു: “നിങ്ങളെയും അവൻ വഴിതെറ്റിച്ചോ? 48  പ്രമാണിമാരിലോ പരീശന്മാരിലോ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ, ഇല്ലല്ലോ?+ 49  എന്നാൽ നിയമം അറിഞ്ഞുകൂടാത്ത ഈ ജനം ശപിക്കപ്പെട്ടവരാണ്‌.” 50  അവരിൽ ഒരാളായ നിക്കോദേമൊസ്‌ മുമ്പ് യേശുവിന്‍റെ അടുത്ത്‌ പോയിട്ടുള്ള ആളായിരുന്നു. നിക്കോദേമൊസ്‌ അപ്പോൾ അവരോടു ചോദിച്ചു: 51  “ഒരാൾക്കു പറയാനുള്ളതു കേൾക്കാതെയും അയാൾ ചെയ്യുന്നത്‌ എന്താണെന്നു മനസ്സിലാക്കാതെയും അയാളെ വിധിക്കുന്നതു നമ്മുടെ നിയമമനുസരിച്ച് ശരിയാണോ?”+ 52  അപ്പോൾ അവർ നിക്കോദേമൊസിനോടു ചോദിച്ചു: “എന്താ, താങ്കളും ഒരു ഗലീലക്കാരനാണോ? തിരുവെഴുത്തുകൾ പരിശോധിച്ചുനോക്ക്, ഗലീലയിൽനിന്ന് ഒരു പ്രവാചകനും എഴുന്നേൽക്കില്ലെന്ന് അപ്പോൾ മനസ്സിലാകും.”*

അടിക്കുറിപ്പുകള്‍

അതായത്‌, റബ്ബിമാരുടെ വിദ്യാങ്ങളിൽ.
അക്ഷ. “ലിഖിങ്ങളെക്കുറിച്ച്.”
പദാവലി കാണുക.
അഥവാ “അറസ്റ്റു ചെയ്യാൻ.”
അഥവാ “അറസ്റ്റു ചെയ്യാൻ.”
പുരാതനകാലത്തെ ആധികാരിമായ പല കൈയെഴുത്തുപ്രതിളും 53-‍ാ‍ം വാക്യംമുതൽ 8-‍ാ‍ം അധ്യാത്തിന്‍റെ 11-‍ാ‍ം വാക്യംവരെ ഒഴിവാക്കിയിരിക്കുന്നു.