വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യശയ്യ 54:1-17

ഉള്ളടക്കം

  • വന്ധ്യയായ സീയോനു ധാരാളം പുത്രന്മാർ ഉണ്ടാകും (1-17)

    • യഹോവ സീയോന്‍റെ ഭർത്താവ്‌ (5)

    • സീയോന്‍റെ പുത്രന്മാരെ യഹോവ പഠിപ്പിക്കും (13)

    • സീയോന്‌ എതിരെ ഉണ്ടാക്കുന്ന ആയുധങ്ങൾ നിഷ്‌ഫലം (17)

54  “വന്ധ്യേ, പ്രസവിച്ചിട്ടില്ലാത്തവളേ, ആനന്ദിച്ചാർക്കുക!+ പ്രസവവേദന അറിഞ്ഞിട്ടില്ലാത്തവളേ,+ ഉല്ലസിച്ച് സന്തോഷാരവം മുഴക്കുക.+ ഉപേക്ഷിക്കപ്പെട്ടവളുടെ പുത്രന്മാർ* ഭർത്താവുള്ളവളുടെ* പുത്രന്മാരെക്കാൾ അധികമാണ്‌”+ എന്ന് യഹോവ പറയുന്നു.   “നിന്‍റെ കൂടാരം വലുതാക്കുക.+ കൂടാരത്തുണികൾ ചേർത്ത്‌ നിന്‍റെ മഹത്ത്വമാർന്ന വാസസ്ഥലം വിശാലമാക്കുക, മടിച്ചുനിൽക്കേണ്ടാ! നിന്‍റെ കൂടാരക്കയറുകളുടെ നീളം കൂട്ടുക, കൂടാരക്കുറ്റികൾ അടിച്ചുറപ്പിക്കുക.+   നീ ഇടത്തേക്കും വലത്തേക്കും പരക്കും. നിന്‍റെ സന്തതി രാജ്യങ്ങൾ കൈവശമാക്കും, അവർ വിജനമായ നഗരങ്ങളിൽ താമസമാക്കും.+   പേടിക്കേണ്ടാ,+ നിനക്കു നാണക്കേടു സഹിക്കേണ്ടി വരില്ല;+ ലജ്ജ തോന്നേണ്ടാ, നീ നിരാശപ്പെടേണ്ടി വരില്ല. യുവതിയായിരുന്നപ്പോൾ നിനക്ക് ഉണ്ടായ നാണക്കേടു നീ മറന്നുപോകും, വൈധവ്യത്തിന്‍റെ അപമാനം നീ ഇനി ഓർക്കില്ല.”   “നിന്‍റെ മഹാസ്രഷ്ടാവ്‌+ നിനക്കു ഭർത്താവിനെപ്പോലെയാണല്ലോ.*+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ്‌ ആ ദൈവത്തിന്‍റെ പേര്‌. ഇസ്രായേലിന്‍റെ പരിശുദ്ധനാണു നിന്‍റെ വീണ്ടെടുപ്പുകാരൻ;+ മുഴുഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടും.”+   നിന്‍റെ ദൈവം പറയുന്നു: “ഭർത്താവ്‌ ഉപേക്ഷിച്ച, ദുഃഖിതയായ* ഒരു സ്‌ത്രീയെ എന്നപോലെ,+ യൗവനത്തിൽത്തന്നെ ഭർത്താവ്‌ ഉപേക്ഷിച്ച ഒരുവളെ എന്നപോലെ, യഹോവ നിന്നെ വിളിച്ചിരിക്കുന്നു.”   “അൽപ്പസമയത്തേക്കു ഞാൻ നിന്നെ ഉപേക്ഷിച്ചു, എന്നാൽ മഹാകരുണയോടെ ഞാൻ നിന്നെ തിരികെച്ചേർക്കും.+   ക്രോധത്തിന്‍റെ കുത്തൊഴുക്കിൽ ഞാൻ എന്‍റെ മുഖം ഒരു നിമിഷത്തേക്കു നിന്നിൽനിന്ന് മറച്ചു,+ എന്നാൽ നിത്യമായ അചഞ്ചലസ്‌നേഹത്താൽ ഞാൻ നിന്നോടു കരുണ കാണിക്കും”+ എന്നു നിന്‍റെ വീണ്ടെടുപ്പുകാരനായ+ യഹോവ പറയുന്നു.   “എനിക്ക് ഇതു നോഹയുടെ കാലംപോലെയാണ്‌.+ നോഹയുടെ വെള്ളം ഇനി ഭൂമിയെ മൂടില്ല എന്നു ഞാൻ സത്യം ചെയ്‌തതുപോലെ,+ ഞാൻ ഇതാ, നിന്നോടും ഒരു സത്യം ചെയ്യുന്നു: ഞാൻ ഇനി നിന്നോടു കോപിക്കുകയോ നിന്നെ ശകാരിക്കുകയോ ഇല്ല.+ 10  പർവതങ്ങൾ നീങ്ങിപ്പോയേക്കാം, കുന്നുകൾ ഇളകിയേക്കാം, എന്നാൽ നിന്നോടുള്ള എന്‍റെ അചഞ്ചലസ്‌നേഹം ഒരിക്കലും നീങ്ങിപ്പോകില്ല,+ എന്‍റെ സമാധാനത്തിന്‍റെ ഉടമ്പടി ഇളകുകയുമില്ല”+ എന്നു നിന്നോടു കരുണയുള്ള+ യഹോവ പറയുന്നു. 11  “കൊടുങ്കാറ്റിൽ ആടിയുലഞ്ഞവളേ, ആശ്വസിപ്പിക്കാൻ ആരോരുമില്ലാത്ത+ ക്ലേശിതയായ സ്‌ത്രീയേ,+ നിന്‍റെ കല്ലുകൾ ഉറപ്പുള്ള ചാന്ത് ഇട്ട് കെട്ടുന്നു, ഇന്ദ്രനീലക്കല്ലുകൊണ്ട് നിനക്ക് അടിസ്ഥാനമിടുന്നു.+ 12  നിന്‍റെ കോട്ടമതിലിന്‍റെ മുകളിലെ അരമതിൽ ഞാൻ മാണിക്യംകൊണ്ട് പണിയും; വെട്ടിത്തിളങ്ങുന്ന കല്ലുകൾകൊണ്ട് നിന്‍റെ കവാടങ്ങളും അമൂല്യരത്‌നങ്ങൾകൊണ്ട് നിന്‍റെ അതിർത്തികളും തീർക്കും. 13  നിന്‍റെ പുത്രന്മാരെയെല്ലാം* യഹോവ പഠിപ്പിക്കും,+ നിന്‍റെ പുത്രന്മാർ* അളവറ്റ സമാധാനം ആസ്വദിക്കും.+ 14  നിന്നെ നീതിയിൽ സുസ്ഥിരമായി സ്ഥാപിക്കും.+ മർദകർ നിന്നിൽനിന്ന് ഏറെ അകലെയായിരിക്കും,+ നീ ഒന്നിനെയും പേടിക്കില്ല, ഭയം തോന്നാൻ നിനക്ക് ഒരു കാരണവുമുണ്ടായിരിക്കില്ല, അതു നിന്‍റെ അടുത്തേക്കു വരില്ല.+ 15  ആരെങ്കിലും നിന്നെ ആക്രമിക്കുന്നെങ്കിൽ, അതു ഞാൻ കല്‌പിച്ചിട്ടായിരിക്കില്ല. നിന്നെ ആക്രമിക്കാൻ വരുന്നവരെല്ലാം പരാജയമടയും.”+ 16  “ആയുധം ഉണ്ടാക്കുന്നവനെ സൃഷ്ടിച്ചതു ഞാനാണ്‌! അയാൾ കനൽ ഊതുന്നു, ആയുധം പണിയുന്നു. നാശം വിതയ്‌ക്കാനായി ഞാൻ വിനാശകനെയും സൃഷ്ടിച്ചിരിക്കുന്നു.+ 17  നിനക്ക് എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല,+ നിന്നെ ന്യായം വിധിക്കാൻ ഉയരുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും, ഇതെല്ലാം യഹോവയുടെ ദാസരുടെ ജന്മാവകാശമാണ്‌! ഞാൻ അവരെ നീതിമാന്മാരായി കണക്കാക്കുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “മക്കൾ.”
അഥവാ “യജമാനുള്ളളുടെ.”
അഥവാ “യജമാനെപ്പോലെയാല്ലോ.”
അക്ഷ. “ആത്മാവിൽ മുറിവേറ്റ.”
അഥവാ “മക്കളെയെല്ലാം.”
അഥവാ “മക്കൾ.”