വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

യശയ്യ 49:1-26

ഉള്ളടക്കം

  • യഹോയുടെ ദാസനു കിട്ടിയ നിയമനം (1-12)

    • ജനതകൾക്ക് ഒരു വെളിച്ചം (6)

  • ഇസ്രായേലിനെ ആശ്വസിപ്പിക്കുന്നു (13-26)

49  ദ്വീപുകളേ, ഞാൻ പറയുന്നതു കേൾക്കുക, ദൂരെയുള്ള ജനതകളേ,+ ശ്രദ്ധിക്കുക. ഞാൻ ജനിക്കുന്നതിനു മുമ്പേ*+ യഹോവ എന്നെ വിളിച്ചിരിക്കുന്നു. ഞാൻ എന്‍റെ അമ്മയുടെ ഗർഭത്തിലായിരുന്നപ്പോൾമുതൽ ദൈവം എന്‍റെ പേര്‌ വിളിച്ചിരിക്കുന്നു.   ദൈവം എന്‍റെ നാവ്‌* മൂർച്ചയേറിയ ഒരു വാൾപോലെയാക്കി; തന്‍റെ കൈയുടെ നിഴലിൽ എന്നെ മറച്ചു;+ ദൈവം എന്നെ കൂർത്ത അമ്പുപോലെയാക്കി; തന്‍റെ ആവനാഴിയിൽ എന്നെ ഒളിപ്പിച്ചു.   ദൈവം എന്നോടു പറഞ്ഞു: “ഇസ്രായേലേ, നീ എന്‍റെ ദാസൻ,+ നിന്നിലൂടെ ഞാൻ എന്‍റെ മഹത്ത്വം വെളിപ്പെടുത്തും.”+   എന്നാൽ ഞാൻ പറഞ്ഞു: “ഞാൻ അധ്വാനിച്ചതെല്ലാം വെറുതേയായി, ഇല്ലാത്ത ഒന്നിനുവേണ്ടി ഞാൻ എന്‍റെ ഊർജം പാഴാക്കി. എന്നാൽ യഹോവയാണ്‌ എന്നെ ന്യായം വിധിക്കുന്നത്‌,* എന്‍റെ കൂലി* എന്‍റെ ദൈവത്തിന്‍റ കൈയിലുണ്ട്.”+   ഗർഭത്തിൽവെച്ചുതന്നെ എന്നെ തന്‍റെ ദാസനായി രൂപപ്പെടുത്തിയ യഹോവ ഇസ്രായേലിനെ തന്‍റെ അടുത്ത്‌ കൂട്ടിച്ചേർക്കേണ്ടതിന്‌+ യാക്കോബിനെ തിരികെ കൊണ്ടുചെല്ലാൻ എന്നോടു പറഞ്ഞിരിക്കുന്നു. ഞാൻ യഹോവയുടെ മുമ്പാകെ മഹത്ത്വമുള്ളവനായിത്തീരും, എന്‍റെ ദൈവം എന്‍റെ ബലമായിത്തീർന്നിരിക്കും.   ദൈവം പറഞ്ഞു: “യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേൽപ്പിക്കാനും ഞാൻ ശേഷിപ്പിച്ച ഇസ്രായേൽ ജനത്തെ തിരികെ കൊണ്ടുവരാനും ഉള്ള എന്‍റെ ദാസനായി മാത്രം നീ കഴിഞ്ഞാൽ പോരാ. ഞാൻ നിന്നെ ജനതകൾക്ക് ഒരു വെളിച്ചമായി നൽകിയിരിക്കുന്നു.+ അങ്ങനെ ഭൂമിയുടെ അറ്റംവരെ എന്‍റെ രക്ഷ എത്തും.”+  ഭരണാധികാരികളുടെ ദാസനോട്‌, ജനതകൾ വെറുക്കുകയും സകലരും നിന്ദിക്കുകയും ചെയ്യുന്നവനോട്‌,+ ഇസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്‍റെ പരിശുദ്ധനും ആയ യഹോവ പറയുന്നു:+ “ഇസ്രായേലിന്‍റെ പരിശുദ്ധനും വിശ്വസ്‌തദൈവവും+ നിന്നെ തിരഞ്ഞെടുത്തവനും+ ആയ യഹോവ നിമിത്തം രാജാക്കന്മാർ കണ്ട് എഴുന്നേൽക്കുകയും പ്രഭുക്കന്മാർ കുമ്പിടുകയും ചെയ്യും.”   യഹോവ ഇങ്ങനെ പറയുന്നു: “പ്രീതി തോന്നിയ കാലത്ത്‌ ഞാൻ നിനക്ക് ഉത്തരം തന്നു,+ രക്ഷയുടെ ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു.+ ജനത്തിനു നിന്നെ ഒരു ഉടമ്പടിയായി നൽകാനും+ ദേശം പൂർവസ്ഥിതിയിലാക്കാനും വിജനമായിക്കിടക്കുന്ന അവരുടെ ഓഹരി അവർക്കു തിരികെ നൽകാനും+ ഞാൻ നിന്നെ കാത്തുരക്ഷിച്ചു.   തടവുകാരോടു ‘പുറത്ത്‌ വരുക!’ എന്നും+ ഇരുട്ടിൽ ഇരിക്കുന്നവരോടു+ ‘വെളിയിലേക്കു വരുക!’ എന്നും പറയാൻ ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. അവർ വഴിയോരത്ത്‌ മേഞ്ഞുനടക്കും, നടന്നുറച്ച എല്ലാ പാതകൾക്കും* സമീപം മേച്ചിൽപ്പുറങ്ങളുണ്ടാകും. 10  അവർക്കു വിശക്കില്ല, അവർക്കു ദാഹിക്കില്ല,+ കൊടുംചൂടോ പൊരിവെയിലോ അവർക്ക് ഏൽക്കില്ല,+ അവരോടു കരുണയുള്ളവനായിരിക്കും അവരെ നയിക്കുന്നത്‌,+ അവൻ അവരെ അരുവികൾക്കരികിലൂടെ നടത്തും.+ 11  ഞാൻ എന്‍റെ പർവതങ്ങളെല്ലാം പാതകളാക്കും. എന്‍റെ പ്രധാനവീഥികളെല്ലാം ഉയർത്തും.+ 12  അതാ, അവർ അങ്ങു ദൂരെനിന്ന് വരുന്നു!+ അതാ, അവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീം ദേശത്തുനിന്നും വരുന്നു!”+ 13  ആകാശമേ, സന്തോഷിച്ചാർക്കുക, ഭൂമിയേ, ആനന്ദിക്കുക.+ പർവതങ്ങൾ ഉല്ലസിച്ച് ആനന്ദഘോഷം മുഴക്കട്ടെ,+ യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നല്ലോ,+ കഷ്ടപ്പെടുന്ന തന്‍റെ ജനത്തോട്‌ അവൻ കരുണ കാണിക്കുന്നു.+ 14  എന്നാൽ സീയോൻ ഇങ്ങനെ പറയുന്നു: “യഹോവ എന്നെ ഉപേക്ഷിച്ചിരിക്കുന്നു,+ യഹോവ എന്നെ മറന്നുകളഞ്ഞു.”+ 15  മുല കുടിക്കുന്ന കുഞ്ഞിനെ ഒരു അമ്മയ്‌ക്കു മറക്കാനാകുമോ? താൻ പ്രസവിച്ച മകനോട്‌ ഒരു സ്‌ത്രീ അലിവ്‌ കാട്ടാതിരിക്കുമോ? ഇവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ ഒരിക്കലും മറക്കില്ല.+ 16  ഇതാ! എന്‍റെ കൈവെള്ളയിൽ ഞാൻ നിന്‍റെ പേര്‌ കൊത്തിവെച്ചിരിക്കുന്നു, നിന്‍റെ മതിലുകൾ എപ്പോഴും എന്‍റെ മുന്നിലുണ്ട്. 17  നിന്‍റെ പുത്രന്മാർ ധൃതിയിൽ മടങ്ങിവരുന്നു. നിന്നെ തകർത്ത്‌ നശിപ്പിച്ചവർ നിന്നെ വിട്ട് പോകും. 18  തല ഉയർത്തി ചുറ്റും നോക്കുക! അവരെല്ലാം ഒരുമിച്ചുകൂടുന്നു.+ അവർ നിന്‍റെ അടുത്തേക്കു വരുന്നു, യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ, നീ അവരെയെല്ലാം ആഭരണംപോലെ അണിയും, ഒരു മണവാട്ടിയെപ്പോലെ നീ അവരെയെല്ലാം ധരിക്കും. 19  നിന്‍റെ ദേശം തകർന്നും നശിച്ചും കിടന്നു,+ ജനവാസസ്ഥലങ്ങൾ വിജനമായിത്തീർന്നു. എന്നാൽ അതിൽ നിവാസികൾ തിങ്ങിനിറയും.+ നിന്നെ വിഴുങ്ങിയവർ+ അങ്ങ് അകലെയായിരിക്കും.+ 20  മക്കളെ നഷ്ടപ്പെട്ട കാലത്ത്‌ നിനക്കു ജനിച്ച പുത്രന്മാർ ഇങ്ങനെ പറയുന്നതു നീ കേൾക്കും: ‘എനിക്കു താമസിക്കാൻ ഇവിടെ തീരെ സ്ഥലമില്ല, എനിക്ക് ഇവിടെ കുറച്ചുകൂടെ സ്ഥലം വേണം.’+ 21  അപ്പോൾ നീ ഇങ്ങനെ മനസ്സിൽ പറയും: ‘ഞാൻ മക്കളെ നഷ്ടപ്പെട്ടവളും വന്ധ്യയും ആയിരുന്നു, ഞാൻ തടവുകാരിയായി അന്യദേശത്ത്‌ താമസിച്ചു, പിന്നെ എനിക്കു കിട്ടിയ ഈ മക്കൾ ആരുടേതാണ്‌? ആരാണ്‌ ഇവരെ വളർത്തിയത്‌?+ ഞാൻ ഒറ്റയ്‌ക്കു കഴിയുകയായിരുന്നു,+ പിന്നെ ഇവരെല്ലാം എവിടെനിന്ന് വന്നു?’”+ 22  പരമാധികാരിയാം കർത്താവായ യഹോവ പറയുന്നു: “ഞാൻ ജനതകൾ കാൺകെ എന്‍റെ കൈ പൊക്കും, ജനങ്ങൾക്കായി ഞാൻ എന്‍റെ അടയാളം* ഉയർത്തും.+ അവർ നിന്‍റെ പുത്രന്മാരെ കൈകളിൽ* എടുത്തുകൊണ്ടുവരും; നിന്‍റെ പുത്രിമാരെ തോളിൽ വെച്ച് കൊണ്ടുവരും.+ 23  രാജാക്കന്മാർ നിന്‍റെ രക്ഷിതാക്കളാകും,+ അവരുടെ രാജ്ഞിമാർ നിന്‍റെ വളർത്തമ്മമാരും. അവർ നിലംവരെ കുമ്പിട്ട് നിന്നെ നമസ്‌കരിക്കും,+ അവർ നിന്‍റെ കാലിലെ പൊടി നക്കും.+ ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും. എന്നിൽ പ്രത്യാശ വെക്കുന്നവർ അപമാനിതരാകില്ല.”+ 24  കരുത്തനായ ഒരുവന്‍റെ കൈയിൽനിന്ന് ബന്ദികളെ രക്ഷപ്പെടുത്താനാകുമോ? മർദകനായ ഭരണാധികാരിയുടെ കൈയിൽനിന്ന് തടവുകാരെ മോചിപ്പിക്കാനാകുമോ? 25  എന്നാൽ യഹോവ പറയുന്നത്‌ ഇതാണ്‌: “കരുത്തനായവന്‍റെ ബന്ദികളെപ്പോലും രക്ഷിക്കും,+ മർദകന്‍റെ തടവുകാരെയും മോചിപ്പിക്കും.+ നിന്നെ എതിർക്കുന്നവരെ ഞാനും എതിർക്കും,+ ഞാൻ നിന്‍റെ പുത്രന്മാരെ രക്ഷിക്കും. 26  നിന്നെ ഉപദ്രവിക്കുന്നവർ സ്വന്തം മാംസം തിന്നാൻ ഞാൻ ഇടയാക്കും. മധുരമുള്ള വീഞ്ഞുപോലെ അവർ സ്വന്തം രക്തം കുടിക്കും, അവർ കുടിച്ച് മത്തരാകും. യാക്കോബിന്‍റെ ശക്തനായ ദൈവവും+ നിന്‍റെ രക്ഷകനും+ നിന്‍റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവയാണു ഞാനെന്നു സകലരും അറിയേണ്ടിവരും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “ഗർഭപാത്രത്തിൽവെച്ചുതന്നെ.”
അക്ഷ. “വായ്‌.”
അഥവാ “യഹോവ എനിക്കു ന്യായം നടത്തിത്തരും.”
അഥവാ “പ്രതിഫലം.”
മറ്റൊരു സാധ്യത “തരിശായ എല്ലാ കുന്നുകൾക്കും.”
അഥവാ “കൊടിമരം.”
അക്ഷ. “മാർവിത്തിൽ.”