വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യശയ്യ 19:1-25

ഉള്ളടക്കം

  • ഈജിപ്‌തിന്‌ എതിരെയുള്ള പ്രഖ്യാപനം (1-15)

  • ഈജിപ്‌ത്‌ യഹോവയെ അറിയും (16-25)

    • ഈജിപ്‌തിൽ യഹോയ്‌ക്ക് ഒരു യാഗപീഠം (19)

19  ഈജിപ്‌തിന്‌ എതിരെയുള്ള ഒരു പ്രഖ്യാപനം:+ അതാ, യഹോവ വേഗതയേറിയ ഒരു മേഘത്തിൽ ഈജിപ്‌തിലേക്കു വരുന്നു. ഈജിപ്‌തിലെ ഒരു ഗുണവുമില്ലാത്ത ദൈവങ്ങൾ+ സത്യദൈവത്തിന്‍റെ മുന്നിൽ വിറയ്‌ക്കും, ഈജിപ്‌തിന്‍റെ ഹൃദയം പേടിച്ച് ഉരുകിപ്പോകും.   “ഞാൻ ഈജിപ്‌തുകാരെ ഈജിപ്‌തുകാർക്കെതിരെ എഴുന്നേൽപ്പിക്കും, അവർ പരസ്‌പരം പോരടിക്കും, അവർ ഓരോരുത്തരും തന്‍റെ സഹോദരനും അയൽക്കാരനും എതിരെ തിരിയും, നഗരം നഗരത്തോടും രാജ്യം രാജ്യത്തോടും പോരാടും.   ഈജിപ്‌തിന്‍റെ ആത്മാവ്‌ കുഴങ്ങിപ്പോകും, ഞാൻ അതിന്‍റെ പദ്ധതികൾ തകിടംമറിക്കും,+ അവർ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിലും ആത്മാക്കളുടെ ഉപദേശം തേടുന്നവരിലും* ഭാവി പറയുന്നവരിലും മന്ത്രവാദികളിലും അഭയം തേടും.+   ഞാൻ ഈജിപ്‌തിനെ നിർദയനായ ഒരു യജമാനന്‍റെ കൈയിൽ ഏൽപ്പിക്കും, നിഷ്‌ഠുരനായ ഒരു രാജാവ്‌ അവരെ ഭരിക്കും”+ എന്നു സൈന്യങ്ങളുടെ കർത്താവായ യഹോവ പ്രഖ്യാപിക്കുന്നു.   കടലിലെ വെള്ളം വറ്റിപ്പോകും, നദി വരണ്ടുണങ്ങിപ്പോകും.+   നദികൾ ചീഞ്ഞുനാറും; ഈജിപ്‌തിലെ നൈലിന്‍റെ കനാലുകൾ വെള്ളം കുറഞ്ഞ് വറ്റിവരളും. ഈറ്റയും ഞാങ്ങണയും അഴുകിപ്പോകും.+   നൈൽ നദിയുടെ തീരങ്ങളിലും അതിന്‍റെ അഴിമുഖത്തും ഉള്ള ചെടികളും നൈലിന്‍റെ കരയിലെ വിത്തു പാകിയ എല്ലാ കൃഷിയിടങ്ങളും+ ഉണങ്ങിപ്പോകും.+ കാറ്റ്‌ അതിനെ ഊതിപ്പറപ്പിക്കും; അത്‌ ഇല്ലാതാകും.   മീൻപിടുത്തക്കാർ ദുഃഖിച്ചുകരയും, നൈലിൽ ചൂണ്ടയിടുന്നവർ വിലപിക്കും, വല വീശുന്നവർ എണ്ണത്തിൽ ചുരുക്കമാകും.   ചീകി വെടിപ്പാക്കിയ ലിനൻനാരുകൊണ്ട് പണിയെടുക്കുന്നവരും+ തറിയിൽ വെള്ളത്തുണി നെയ്‌തെടുക്കുന്നവരും ലജ്ജിതരാകും. 10  അവളുടെ നെയ്‌ത്തുകാർ തകർന്നുപോകും, കൂലിക്കാരെല്ലാം ദുഃഖിച്ചുകരയും. 11  സോവാന്‍റെ പ്രഭുക്കന്മാർ+ വിഡ്‌ഢികളാണ്‌. ഫറവോന്‍റെ മഹാജ്ഞാനികളായ ഉപദേഷ്ടാക്കൾ മണ്ടത്തരം വിളമ്പുന്നു.+ “ഞാൻ ജ്ഞാനികളുടെ പിൻമുറക്കാരനാണ്‌; പുരാതനരാജാക്കന്മാരുടെ വംശജൻ” എന്നു നിങ്ങൾ ഫറവോനോട്‌ എങ്ങനെ പറയും? 12  ആ സ്ഥിതിക്കു നിന്‍റെ ജ്ഞാനികൾ എവിടെ?+ സൈന്യങ്ങളുടെ അധിപനായ യഹോവ ഈജിപ്‌തിനെക്കുറിച്ച് തീരുമാനിച്ചിരിക്കുന്നത്‌ എന്തെന്ന് അറിയാമെങ്കിൽ അവർ നിനക്കു പറഞ്ഞുതരട്ടെ. 13  സോവാന്‍റെ പ്രഭുക്കന്മാർ അവിവേകം കാണിച്ചിരിക്കുന്നു; നോഫിന്‍റെ* പ്രഭുക്കന്മാർ+ വഞ്ചിതരായിരിക്കുന്നു; അവളുടെ ഗോത്രത്തലവന്മാർ ഈജിപ്‌തിനെ വഴിതെറ്റിച്ചിരിക്കുന്നു. 14  യഹോവ അവളുടെ മേൽ പരിഭ്രാന്തിയുടെ ആത്മാവിനെ ചൊരിഞ്ഞിരിക്കുന്നു;+ ഒരു മദ്യപാനി സ്വന്തം ഛർദിയിൽ ചവിട്ടി നിലതെറ്റിനടക്കുന്നതുപോലെ, എല്ലാ കാര്യങ്ങളിലും ഈജിപ്‌ത്‌ വഴിതെറ്റിനടക്കാൻ അവർ ഇടയാക്കിയിരിക്കുന്നു. 15  അന്ന് ഈജിപ്‌തിന്‌ ഒന്നും ചെയ്യാനുണ്ടായിരിക്കില്ല, തലയും വാലും തളിരും ഞാങ്ങണയും* വെറുതേയിരിക്കേണ്ടിവരും. 16  സൈന്യങ്ങളുടെ അധിപനായ യഹോവ തങ്ങൾക്കെതിരെ കൈ ഓങ്ങിയിരിക്കുന്നതു കണ്ട് അന്ന് ഈജിപ്‌ത്‌ ഒരു സ്‌ത്രീയെപ്പോലെ പേടിച്ചുവിറയ്‌ക്കും.+ 17  ഈജിപ്‌ത്‌ യഹൂദാദേശത്തെ പേടിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവ തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന തീരുമാനം കാരണം യഹൂദാദേശത്തിന്‍റെ പേര്‌ കേൾക്കുമ്പോൾത്തന്നെ അവർ ഭയന്നുവിറയ്‌ക്കും.+ 18  സൈന്യങ്ങളുടെ അധിപനായ യഹോവയോടു കൂറു പുലർത്തുമെന്ന് ആണയിടുകയും കനാന്യഭാഷ സംസാരിക്കുകയും ചെയ്യുന്ന അഞ്ചു നഗരങ്ങൾ അന്ന് ഈജിപ്‌ത്‌ ദേശത്തുണ്ടായിരിക്കും.+ അതിൽ ഒരു നഗരത്തിന്‍റെ പേര്‌ വിനാശകാരിയായ നഗരം എന്നായിരിക്കും. 19  അന്നാളിൽ ഈജിപ്‌ത്‌ ദേശത്തിന്‍റെ നടുവിൽ യഹോവയ്‌ക്ക് ഒരു യാഗപീഠവും അതിന്‍റെ അതിർത്തിയിൽ യഹോവയ്‌ക്ക് ഒരു തൂണും ഉണ്ടായിരിക്കും. 20  അത്‌ ഈജിപ്‌തിൽ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഒരു അടയാളവും തെളിവും ആയിരിക്കും. തങ്ങളെ ഉപദ്രവിക്കുന്നവർ നിമിത്തം അവർ യഹോവയോടു കരഞ്ഞപേക്ഷിക്കുമ്പോൾ അവൻ ഒരു രക്ഷകനെ, മഹാനായ ഒരുവനെ, അയയ്‌ക്കും; അവൻ അവരെ രക്ഷിക്കും. 21  അങ്ങനെ ഈജിപ്‌തുകാർ യഹോവയെ അറിയും. അവർ അന്ന് യഹോവയെ അറിഞ്ഞ് ബലികളും കാഴ്‌ചകളും അർപ്പിക്കും. അവർ യഹോവയ്‌ക്കു നേർച്ച നേർന്ന് അതു നിറവേറ്റും. 22  യഹോവ ഈജിപ്‌തിനെ അടിക്കും;+ ദൈവം അതിനെ അടിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. അപ്പോൾ അവർ യഹോവയിലേക്കു തിരിച്ചുവരും. ദൈവം അവരുടെ യാചനകൾ കേട്ട് അവരെ സുഖപ്പെടുത്തും. 23  അന്ന്, ഈജിപ്‌തിൽനിന്ന് അസീറിയയിലേക്ക് ഒരു പ്രധാനവീഥിയുണ്ടായിരിക്കും.+ അസീറിയ ഈജിപ്‌തിലേക്കും ഈജിപ്‌ത്‌ അസീറിയയിലേക്കും വരും. ഈജിപ്‌ത്‌ അസീറിയയോടൊപ്പം ദൈവത്തെ സേവിക്കും. 24  ഇസ്രായേൽ മൂന്നാമനായി ഈജിപ്‌തിനോടും അസീറിയയോടും ചേരും.+ അവർ ഭൂമിയുടെ മധ്യേ ഒരു അനുഗ്രഹമായിരിക്കും. 25  കാരണം, “എന്‍റെ ജനമായ ഈജിപ്‌തും എന്‍റെ സൃഷ്ടിയായ അസീറിയയും എന്‍റെ അവകാശമായ ഇസ്രായേലും അനുഗൃഹീതരായിരിക്കട്ടെ”+ എന്നു പറഞ്ഞ് സൈന്യങ്ങളുടെ അധിപനായ യഹോവ അവരെ അനുഗ്രഹിച്ചിട്ടുണ്ടാകും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “മെംഫിസിന്‍റെ.”
മറ്റൊരു സാധ്യത “പനയോയും ഈറ്റയും.”