വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 9:1-43

ഉള്ളടക്കം

  • ശൗൽ ദമസ്‌കൊസിലേക്കു പോകുമ്പോൾ (1-9)

  • ശൗലിനെ സഹായിക്കാൻ അനന്യാസിനെ അയയ്‌ക്കുന്നു (10-19എ)

  • ദമസ്‌കൊസിൽ ശൗൽ യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നു (19ബി-25)

  • ശൗൽ യരുശലേം സന്ദർശിക്കുന്നു (26-31)

  • പത്രോസ്‌ ഐനെയാസിനെ സുഖപ്പെടുത്തുന്നു (32-35)

  • ഉദാരതിയായ ഡോർക്കസിനെ ഉയിർപ്പിക്കുന്നു (36-43)

9  കർത്താവിന്‍റെ ശിഷ്യന്മാർക്കെതിരെ അപ്പോഴും ഭീഷണി ഉയർത്തിക്കൊണ്ടിരുന്ന ശൗൽ അവരെ ഇല്ലാതാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ+ മഹാപുരോഹിതന്‍റെ അടുത്ത്‌ ചെന്നു.  കർത്താവിന്‍റെ മാർഗക്കാരായ*+ വല്ല സ്‌ത്രീപുരുഷന്മാരെയും ദമസ്‌കൊസിൽ കണ്ടാൽ അവരെ പിടിച്ചുകെട്ടി യരുശലേമിലേക്കു കൊണ്ടുവരാനായി അവിടെയുള്ള സിനഗോഗുകളിലേക്കു കത്തുകൾ തന്നയയ്‌ക്കാൻ ശൗൽ ആവശ്യപ്പെട്ടു.  ശൗൽ യാത്ര ചെയ്‌ത്‌ ദമസ്‌കൊസിൽ എത്താറായപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം ശൗലിനു ചുറ്റും മിന്നി;+  ശൗൽ നിലത്ത്‌ വീണു. “ശൗലേ, ശൗലേ, നീ എന്തിനാണ്‌ എന്നെ ഉപദ്രവിക്കുന്നത്‌” എന്ന് ആരോ ചോദിക്കുന്നതും കേട്ടു.  “കർത്താവേ, അങ്ങ് ആരാണ്‌” എന്നു ശൗൽ ചോദിച്ചപ്പോൾ, “നീ ഉപദ്രവിക്കുന്ന+ യേശുവാണു ഞാൻ.+  എഴുന്നേറ്റ്‌ നഗരത്തിലേക്കു ചെല്ലുക; നീ എന്തു ചെയ്യണമെന്ന് അവിടെവെച്ച് നിനക്കു പറഞ്ഞുതരും” എന്നു യേശു പറഞ്ഞു.  ശൗലിന്‍റെകൂടെ യാത്ര ചെയ്‌തിരുന്ന പുരുഷന്മാർ ആ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല.+ അവർ സ്‌തബ്ധരായി നിന്നു.  ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. കണ്ണുകൾ തുറന്നാണിരുന്നതെങ്കിലും ശൗലിന്‌ ഒന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ശൗലിനെ കൈയിൽ പിടിച്ച് ദമസ്‌കൊസിലേക്കു കൊണ്ടുപോയി.  മൂന്നു ദിവസം ശൗലിനു കാഴ്‌ചയില്ലായിരുന്നു;+ ശൗൽ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്‌തില്ല. 10  ദമസ്‌കൊസിൽ അനന്യാസ്‌+ എന്നൊരു ശിഷ്യനുണ്ടായിരുന്നു. കർത്താവ്‌ ഒരു ദിവ്യദർശനത്തിൽ അദ്ദേഹത്തെ, “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ,” അനന്യാസ്‌ വിളികേട്ടു. 11  കർത്താവ്‌ അനന്യാസിനോടു പറഞ്ഞു: “എഴുന്നേറ്റ്‌ നേർവീഥി എന്ന തെരുവിലേക്കു ചെല്ലുക. അവിടെ യൂദാസിന്‍റെ വീട്ടിൽ ചെന്ന് തർസൊസുകാരനായ+ ശൗൽ എന്ന ആളെ അന്വേഷിക്കുക. അവൻ ഇപ്പോൾ പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്‌. 12  അനന്യാസ്‌ എന്നൊരാൾ വന്ന് തന്‍റെ മേൽ കൈകൾ വെക്കുമെന്നും അങ്ങനെ തനിക്കു കാഴ്‌ച തിരിച്ചുകിട്ടുമെന്നും അവൻ ഒരു ദർശനത്തിൽ കണ്ടിരിക്കുന്നു.”+ 13  എന്നാൽ അനന്യാസ്‌ പറഞ്ഞു: “കർത്താവേ, അയാൾ യരുശലേമിലുള്ള അങ്ങയുടെ വിശുദ്ധരെ വളരെയധികം ദ്രോഹിച്ചതായി പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. 14  ഈ പ്രദേശത്ത്‌ അങ്ങയുടെ പേര്‌ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അറസ്റ്റു ചെയ്യാൻ* അയാൾക്കു മുഖ്യപുരോഹിതന്മാരിൽനിന്ന് അധികാരവും കിട്ടിയിട്ടുണ്ട്.”+ 15  എന്നാൽ കർത്താവ്‌ അനന്യാസിനോടു പറഞ്ഞു: “നീ ചെല്ലുക; ജനതകളുടെയും രാജാക്കന്മാരുടെയും+ ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്‍റെ പേര്‌ വഹിക്കാൻ+ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ്‌ ആ മനുഷ്യൻ.+ 16  എന്‍റെ പേരിനുവേണ്ടി അവൻ എന്തെല്ലാം സഹിക്കേണ്ടതാണെന്നു ഞാൻ അവനു വ്യക്തമായി കാണിച്ചുകൊടുക്കും.”+ 17  അങ്ങനെ അനന്യാസ്‌ ആ വീട്ടിലേക്കു പോയി. അനന്യാസ്‌ ചെന്ന് ശൗലിന്‍റെ മേൽ കൈകൾ വെച്ച്, “ശൗലേ, സഹോദരാ, ഇങ്ങോട്ടു വരുന്ന വഴിക്കു നിനക്കു പ്രത്യക്ഷനായ, കർത്താവായ യേശുവാണ്‌ എന്നെ അയച്ചത്‌. നിനക്കു കാഴ്‌ച തിരിച്ചുകിട്ടാനും നിന്നിൽ പരിശുദ്ധാത്മാവ്‌ നിറയാനും വേണ്ടിയാണ്‌ എന്നെ അയച്ചിരിക്കുന്നത്‌”+ എന്നു പറഞ്ഞു. 18  പെട്ടെന്നു ചെതുമ്പൽപോലുള്ള എന്തോ ശൗലിന്‍റെ കണ്ണുകളിൽനിന്ന് വീണു; ശൗലിനു കാഴ്‌ച തിരിച്ചുകിട്ടി. ശൗൽ എഴുന്നേറ്റ്‌ സ്‌നാനമേറ്റു; 19  ഭക്ഷണം കഴിച്ച് ആരോഗ്യം വീണ്ടെടുത്തു. കുറച്ച് ദിവസം ശൗൽ ദമസ്‌കൊസിലെ ശിഷ്യന്മാരോടൊപ്പം താമസിച്ചു.+ 20  വൈകാതെതന്നെ, ശൗൽ സിനഗോഗുകളിൽ ചെന്ന് യേശു ദൈവപുത്രനാണെന്നു പ്രസംഗിക്കാൻതുടങ്ങി. 21  എന്നാൽ ശൗലിന്‍റെ പ്രസംഗം കേട്ടവരെല്ലാം അതിശയത്തോടെ, “യരുശലേമിൽ ഈ പേര്‌ വിളിച്ചപേക്ഷിച്ചവരെ ക്രൂരമായി ഉപദ്രവിച്ചിരുന്നത്‌ ഇയാളല്ലേ?+ അങ്ങനെയുള്ളവരെ പിടിച്ച് മുഖ്യപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകാനല്ലേ* ഇയാൾ ഇവിടെയും വന്നത്‌”+ എന്നു പറഞ്ഞു. 22  എന്നാൽ ശൗൽ കൂടുതൽക്കൂടുതൽ ശക്തി പ്രാപിച്ചു. യേശുതന്നെയാണു ക്രിസ്‌തുവെന്നു യുക്തിസഹമായി തെളിയിച്ചുകൊണ്ട്+ ശൗൽ ദമസ്‌കൊസിൽ താമസിച്ചിരുന്ന ജൂതന്മാരെ നിശ്ശബ്ദരാക്കി. 23  കുറെ ദിവസം കഴിഞ്ഞപ്പോൾ ജൂതന്മാർ ഒരുമിച്ചുകൂടി ശൗലിനെ കൊല്ലാൻ പദ്ധതിയിട്ടു.+ 24  എന്നാൽ ശൗൽ അവരുടെ ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞു. ശൗലിനെ കൊല്ലാനായി അവർ രാവും പകലും നഗരകവാടങ്ങളിൽ ശക്തമായ കാവൽ ഏർപ്പെടുത്തി. 25  അതുകൊണ്ട് ശൗലിന്‍റെ ശിഷ്യന്മാർ രാത്രിയിൽ ശൗലിനെ ഒരു കൊട്ടയിലാക്കി നഗരമതിലിന്‍റെ കിളിവാതിലിലൂടെ താഴേക്ക് ഇറക്കി.+ 26  യരുശലേമിൽ എത്തിയപ്പോൾ+ ശൗൽ ശിഷ്യന്മാരോടൊപ്പം ചേരാൻ ശ്രമിച്ചു. പക്ഷേ അവർക്കെല്ലാം ശൗലിനെ പേടിയായിരുന്നു. കാരണം, ശൗൽ ഒരു ശിഷ്യനായെന്ന് അവർ വിശ്വസിച്ചില്ല. 27  അപ്പോൾ ബർന്നബാസ്‌+ ശൗലിന്‍റെ സഹായത്തിന്‌ എത്തി. ബർന്നബാസ്‌ ശൗലിനെ അപ്പോസ്‌തലന്മാരുടെ അടുത്ത്‌ കൂട്ടിക്കൊണ്ടുപോയി; ശൗൽ വഴിയിൽവെച്ച് കർത്താവിനെ കണ്ടതും+ കർത്താവ്‌ ശൗലിനോടു സംസാരിച്ചതും ദമസ്‌കൊസിൽ ശൗൽ യേശുവിന്‍റെ നാമത്തിൽ ധൈര്യത്തോടെ പ്രസംഗിച്ചതും അവരോടു വിശദമായി പറഞ്ഞു.+ 28  അങ്ങനെ ശൗൽ അവരോടൊപ്പം താമസിച്ച്, കർത്താവിന്‍റെ നാമത്തിൽ ധൈര്യത്തോടെ സംസാരിച്ചുകൊണ്ട് യരുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു. 29  ശൗൽ ഗ്രീക്കുഭാഷക്കാരായ ജൂതന്മാരോടു സംസാരിക്കുകയും അവരുമായി ചൂടുപിടിച്ച ചർച്ചകൾ നടത്തുകയും ചെയ്‌തുപോന്നു. എന്നാൽ അവർ ശൗലിനെ വകവരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.+ 30  ഇക്കാര്യം അറിഞ്ഞ സഹോദരന്മാർ ശൗലിനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുവന്നിട്ട് തർസൊസിലേക്ക് അയച്ചു.+ 31  അതിനു ശേഷം യഹൂദ്യ, ഗലീല, ശമര്യ+ എന്നിവിടങ്ങളിലെല്ലാം സഭയ്‌ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി; സഭ ശക്തിപ്പെട്ടു. യഹോവയുടെ* വഴിയിൽ* നടക്കുകയും പരിശുദ്ധാത്മാവിൽനിന്നുള്ള ആശ്വാസം+ സ്വീകരിക്കുകയും ചെയ്‌തപ്പോൾ സഭയുടെ അംഗസംഖ്യ വർധിച്ചുവന്നു. 32  ദേശത്തെല്ലാം സഞ്ചരിക്കുകയായിരുന്ന പത്രോസ്‌ ലുദ്ദയിൽ+ താമസിച്ചിരുന്ന വിശുദ്ധരുടെ അടുത്തും ചെന്നു. 33  എട്ടു വർഷമായി ശരീരം തളർന്ന് കിടപ്പിലായിരുന്ന ഐനെയാസ്‌ എന്നൊരാൾ അവിടെയുണ്ടായിരുന്നു. 34  പത്രോസ്‌ അയാളെ കണ്ട്, “ഐനെയാസേ, ഇതാ യേശുക്രിസ്‌തു നിന്നെ സുഖപ്പെടുത്തുന്നു.+ എഴുന്നേറ്റ്‌ നിന്‍റെ കിടക്ക വിരിക്കുക”+ എന്നു പറഞ്ഞു. ഉടനടി അയാൾ എഴുന്നേറ്റു. 35  അയാളെ കണ്ടപ്പോൾ ലുദ്ദയിലും ശാരോൻ സമതലത്തിലും താമസിച്ചിരുന്ന എല്ലാവരും കർത്താവിലേക്കു തിരിഞ്ഞു. 36  യോപ്പയിൽ തബീഥ എന്നു പേരുള്ള ഒരു ശിഷ്യയുണ്ടായിരുന്നു. തബീഥ എന്നതിന്‍റെ ഗ്രീക്കുപദമാണു ഡോർക്കസ്‌.* ഡോർക്കസ്‌ ധാരാളം നല്ല കാര്യങ്ങളും ദാനധർമങ്ങളും ചെയ്‌തുപോന്നു. 37  ആ ഇടയ്‌ക്കു ഡോർക്കസ്‌ രോഗം ബാധിച്ച് മരിച്ചു. അവർ ഡോർക്കസിനെ കുളിപ്പിച്ച് മുകളിലത്തെ മുറിയിൽ കിടത്തി. 38  യോപ്പയുടെ അടുത്തുള്ള നഗരമായ ലുദ്ദയിൽ പത്രോസുണ്ടെന്നു കേട്ടപ്പോൾ ശിഷ്യന്മാർ രണ്ടു പേരെ അവിടേക്ക് അയച്ചു. “അങ്ങ് എത്രയും പെട്ടെന്നു ഞങ്ങളുടെ അടുത്ത്‌ വരേണമേ” എന്ന് അവർ പത്രോസിനോട്‌ അപേക്ഷിച്ചു. 39  പത്രോസ്‌ അവരോടൊപ്പം ചെന്നു. അവിടെ എത്തിയപ്പോൾ അവർ പത്രോസിനെ മുകളിലത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. വിധവമാരെല്ലാം അവിടെ വന്ന് ഡോർക്കസ്‌ അവരോടൊപ്പമുണ്ടായിരുന്നപ്പോൾ ഉണ്ടാക്കിയ നിരവധി കുപ്പായങ്ങളും* വസ്‌ത്രങ്ങളും പത്രോസിനെ കാണിച്ച് കരഞ്ഞു. 40  പത്രോസ്‌ എല്ലാവരെയും പുറത്ത്‌ ഇറക്കിയിട്ട്+ മുട്ടുകുത്തി പ്രാർഥിച്ചു. എന്നിട്ട് മൃതശരീരത്തിനു നേരെ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്ക്” എന്നു പറഞ്ഞു. തബീഥ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോൾ തബീഥ എഴുന്നേറ്റിരുന്നു.+ 41  പത്രോസ്‌ തബീഥയെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് വിശുദ്ധരെയും വിധവമാരെയും വിളിച്ച്, ജീവൻ തിരിച്ചുകിട്ടിയ തബീഥയെ കാണിച്ചുകൊടുത്തു.+ 42  യോപ്പ മുഴുവൻ ഈ സംഭവം അറിഞ്ഞു; ധാരാളം പേർ കർത്താവിൽ വിശ്വസിച്ചു.+ 43  പത്രോസ്‌ കുറെ നാൾ തോൽപ്പണിക്കാരനായ ശിമോന്‍റെകൂടെ യോപ്പയിൽ താമസിച്ചു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ബന്ധിക്കാൻ; ബന്ധനത്തിലാക്കാൻ”
അക്ഷ. “ബന്ധിച്ച് കൊണ്ടുപോകാനല്ലേ.”
അനു. എ5 കാണുക.
അഥവാ “യഹോയോടുള്ള ഭയത്തിൽ.”
ഗ്രീക്കുപേരായ ഡോർക്കസിന്‍റെയും അരമാപേരായ തബീഥയുടെയും അർഥം “ഗസൽമാൻ” എന്നാണ്‌. വലുപ്പം കുറഞ്ഞ ഒരുതരം മാനാണു ഗസൽമാൻ.
അഥവാ “പുറങ്കുപ്പാങ്ങളും.”