വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

എഫെസ്യർ 5:1-33

ഉള്ളടക്കം

  • നല്ല സംസാരം, പെരുമാറ്റം (1-5)

  • വെളിച്ചത്തിന്‍റെ മക്കളായി നടക്കുക (6-14)

  • ആത്മാവിനാൽ നിറയുക (15-20)

    • സമയം ഏറ്റവും നന്നായി ഉപയോഗിക്കുക (16)

  • ഭാര്യാഭർത്താക്കന്മാർക്കുള്ള ഉപദേശം (21-33)

5  അതുകൊണ്ട് പ്രിയമക്കളായി ദൈവത്തെ അനുകരിക്കുക.+  നമ്മളെ* സ്‌നേഹിച്ച്+ നമുക്കുവേണ്ടി* യാഗവും ബലിയും ആയി, ദൈവത്തിനുള്ള ഒരു സുഗന്ധമായി,+ തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ക്രിസ്‌തുവിനെപ്പോലെ നിങ്ങളും സ്‌നേഹത്തിൽ ജീവിക്കുക.+  ലൈംഗിക അധാർമികത,* എതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല.+ അവ വിശുദ്ധർക്കു യോജിച്ചതല്ല.+  നാണംകെട്ട പെരുമാറ്റം, മൗഢ്യസംസാരം, അശ്ലീലഫലിതം+ ഇങ്ങനെ നിങ്ങൾക്കു ചേരാത്തതൊന്നും പാടില്ല. പകരം ദൈവത്തോടുള്ള നന്ദിവാക്കുകളാണു വേണ്ടത്‌.+  അധാർമികപ്രവൃത്തികൾ* ചെയ്യുന്നവൻ,+ അശുദ്ധൻ, അത്യാഗ്രഹി+—അത്തരക്കാരൻ ഒരു വിഗ്രഹാരാധകനാണ്‌—ഇവർക്കൊന്നും ക്രിസ്‌തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്തിൽ ഒരു അവകാശവുമില്ല+ എന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾക്ക് അതിനെക്കുറിച്ച് നല്ല ബോധ്യവുമുണ്ട്.  പൊള്ളയായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കാരണം അത്തരം കാര്യങ്ങളുടെ പേരിൽ അനുസരണംകെട്ടവരുടെ മേൽ ദൈവക്രോധം വരാനിരിക്കുകയാണ്‌.  അതുകൊണ്ട് നിങ്ങൾ അവരുടെകൂടെ കൂടരുത്‌.  മുമ്പ് നിങ്ങൾ ഇരുട്ടായിരുന്നു. പക്ഷേ ഇപ്പോൾ കർത്താവിനുള്ളവരായതുകൊണ്ട്+ വെളിച്ചമാണ്‌.+ വെളിച്ചത്തിന്‍റെ മക്കളായി നടക്കുക.  വെളിച്ചത്തിന്‍റെ ഫലമാണല്ലോ എല്ലാ തരം നന്മയും നീതിയും സത്യവും.+ 10  കർത്താവിനു സ്വീകാര്യമായത്‌ എന്താണെന്ന് എപ്പോഴും ഉറപ്പുവരുത്തണം.+ 11  ഇരുട്ടിന്‍റെ പ്രവൃത്തികളിൽ ഇനി പങ്കുചേരരുത്‌.+ അവകൊണ്ട് പ്രയോജനമില്ലല്ലോ. പകരം, അവയുടെ തനിനിറം വെളിച്ചത്താക്കുകയാണു വേണ്ടത്‌. 12  അവർ രഹസ്യമായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പറയാൻപോലും നാണം തോന്നുന്നു. 13  വെളിച്ചത്താകുന്ന* കാര്യങ്ങളെയെല്ലാം വെളിപ്പെടുത്തുന്നതു വെളിച്ചമാണ്‌. അങ്ങനെ വെളിപ്പെടുന്നതെല്ലാം വെളിച്ചമാണ്‌. 14  അതുകൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌: “ഉറങ്ങുന്നവനേ, ഉണരുക. മരിച്ചവരിൽനിന്ന് എഴുന്നേൽക്കുക.+ അപ്പോൾ ക്രിസ്‌തു നിന്‍റെ മേൽ പ്രകാശിക്കും.”+ 15  അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് 16  സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.*+ കാരണം കാലം ദുഷിച്ചതാണ്‌. 17  ബുദ്ധിയില്ലാത്തവരെപ്പോലെ നടക്കുന്നതു മതിയാക്കി എപ്പോഴും യഹോവയുടെ* ഇഷ്ടം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക.+ 18  വീഞ്ഞു കുടിച്ച് മത്തരാകരുത്‌.+ അതു താന്തോന്നിത്തത്തിലേക്കു* നയിക്കും. പകരം, നിങ്ങളിൽ നിറയേണ്ടതു ദൈവാത്മാവാണ്‌. 19  നിങ്ങൾ പരസ്‌പരം* സംസാരിക്കുമ്പോൾ നിങ്ങളുടെ വായിൽനിന്ന് സങ്കീർത്തനങ്ങളും ദൈവത്തിനുള്ള സ്‌തുതികളും ആത്മീയഗീതങ്ങളും വരട്ടെ.+ നിങ്ങളുടെ ഹൃദയങ്ങളിൽനിന്ന് യഹോവയ്‌ക്കായി*+ പാട്ടും സംഗീതവും+ ഉയരട്ടെ. 20  നമ്മുടെ ദൈവവും പിതാവും ആയവനു നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ നാമത്തിൽ+ എല്ലായ്‌പോഴും എല്ലാത്തിനുവേണ്ടിയും നന്ദി പറയുക.+ 21  ക്രിസ്‌തുവിനെ ഭയപ്പെട്ട് അന്യോന്യം കീഴ്‌പെട്ടിരിക്കുക.+ 22  ഭാര്യമാർ കർത്താവിന്‌ എന്നപോലെ അവരുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കട്ടെ.+ 23  കാരണം സഭയെന്ന ശരീരത്തിന്‍റെ രക്ഷകനായ ക്രിസ്‌തു സഭയുടെ തലയായിരിക്കുന്നതുപോലെ+ ഭർത്താവ്‌ ഭാര്യയുടെ തലയാണ്‌.+ 24  സഭ ക്രിസ്‌തുവിനു കീഴ്‌പെട്ടിരിക്കുന്നതുപോലെ ഭാര്യയും ഭർത്താവിന്‌ എല്ലാ കാര്യങ്ങളിലും കീഴ്‌പെട്ടിരിക്കണം. 25  സഭയെ സ്‌നേഹിച്ച് സഭയ്‌ക്കുവേണ്ടി തന്നെത്തന്നെ വിട്ടുകൊടുത്ത+ ക്രിസ്‌തുവിനെപ്പോലെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ എന്നും സ്‌നേഹിക്കുക.+ 26  സഭയെ ദൈവവചനമെന്ന ജലംകൊണ്ട് കഴുകി വെടിപ്പാക്കി വിശുദ്ധീകരിക്കാനും+ 27  കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാതെ+ വിശുദ്ധയും കളങ്കരഹിതയും ആയി+ എല്ലാ മഹിമയോടുംകൂടെ തന്‍റെ മുന്നിൽ നിറുത്താനും വേണ്ടിയാണു ക്രിസ്‌തു അതു ചെയ്‌തത്‌. 28  അങ്ങനെതന്നെ, ഭർത്താക്കന്മാരും ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവൻ തന്നെത്തന്നെ സ്‌നേഹിക്കുന്നു. 29  ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുത്തിട്ടില്ലല്ലോ. ക്രിസ്‌തു സഭയുടെ കാര്യത്തിൽ ചെയ്യുന്നതുപോലെ വാത്സല്യത്തോടെ അതിനെ പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്‌? 30  ക്രിസ്‌തുവിന്‍റെ ശരീരത്തിലെ അവയവങ്ങളായ നമ്മുടെ+ കാര്യത്തിൽ ക്രിസ്‌തു ചെയ്യുന്നത്‌ അതുതന്നെയാണ്‌. 31  “അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും;* അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.”+ 32  വളരെ പ്രധാനപ്പെട്ടതാണ്‌ ഈ പാവനരഹസ്യം.+ ഞാൻ ഇപ്പോൾ പറയുന്നതു ക്രിസ്‌തുവിനെയും സഭയെയും കുറിച്ചാണ്‌.+ 33  എങ്കിലും നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണം.+ അതേസമയം ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുകയും വേണം.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “നിങ്ങളെ.”
മറ്റൊരു സാധ്യത “നിങ്ങൾക്കുവേണ്ടി.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
ലൈംഗിക അധാർമിതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “ശാസന കിട്ടുന്ന.”
അക്ഷ. “സമയം വിലയ്‌ക്കു വാങ്ങുക.”
അനു. എ5 കാണുക.
അഥവാ “ദുർമാർഗത്തിലേക്ക്.”
മറ്റൊരു സാധ്യത “നിങ്ങളോടുതന്നെ.”
അനു. എ5 കാണുക.
അഥവാ “ഭാര്യയുടെകൂടെ കഴിയും.”