കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 പത്രൊസ്‌ 2:1-22

2  എന്നാൽ ദൈവജനത്തിനിടയിൽ കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നു. അങ്ങനെ, നിങ്ങളുടെ ഇടയിലും വ്യാജോപദേഷ്ടാക്കൾ ഉണ്ടാകും. ഇവർ നാശകരമായ മതഭേദങ്ങളെ രഹസ്യത്തിൽ കടത്തിക്കൊണ്ടുവന്നും തങ്ങളെ വിലയ്‌ക്കുവാങ്ങിയ നാഥനെപ്പോലും തള്ളിപ്പറഞ്ഞും തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തും.  അവരുടെ ദുഷ്‌ചെയ്‌തികളെ * പലരും അനുകരിക്കും. അവർനിമിത്തം സത്യമാർഗം നിന്ദിക്കപ്പെടും.  ദുർമോഹത്തോടെ, കപടവാക്കുകൾകൊണ്ട് അവർ നിങ്ങളെ ചൂഷണം ചെയ്യും. പൂർവകാലത്തുതന്നെ അവർക്കായി ഒരുക്കിയ ശിക്ഷാവിധിക്ക് താമസം ഉണ്ടാകുകയില്ല; അവരുടെ വിനാശം ഉറങ്ങുകയുമില്ല.  പാപം ചെയ്‌ത ദൂതന്മാരെ വെറുതെവിടാതെ ന്യായവിധിക്കായി വെച്ചുകൊള്ളേണ്ടതിന്‌ ദൈവം അവരെ ടാർട്ടറസിലെ * അന്ധകാരഗർത്തങ്ങളിലേക്കു തള്ളിയിട്ടു.  പുരാതനലോകത്തെയും അവൻ ശിക്ഷിക്കാതെ വിട്ടില്ല. എന്നാൽ ഭക്തികെട്ടവരുടെ ലോകത്തെ ജലപ്രളയത്താൽ നശിപ്പിച്ചപ്പോൾ അവൻ നീതിപ്രസംഗിയായ നോഹയെ വേറെ ഏഴുപേരോടൊപ്പം സംരക്ഷിച്ചു.  അതുപോലെ സൊദോം, ഗൊമോറ പട്ടണങ്ങളെ ചാമ്പൽക്കൂമ്പാരമാക്കി അവൻ അവിടത്തെ നിവാസികളെ ന്യായംവിധിക്കുകയും വരുങ്കാലത്ത്‌ ഭക്തികെട്ടു ജീവിക്കുന്നവർക്ക് അതൊരു ദൃഷ്ടാന്തമാക്കുകയും ചെയ്‌തു.  എന്നാൽ അധർമികളുടെ അഴിഞ്ഞാട്ടത്തിൽ * ഏറെ ഹൃദയവ്യഥ അനുഭവിച്ചിരുന്ന നീതിമാനായ ലോത്തിനെ അവൻ വിടുവിച്ചു.  അവരുടെ ഇടയിൽ വസിച്ചപ്പോൾ നാൾതോറും താൻ കണ്ടതും കേട്ടതുമായ അധർമപ്രവൃത്തികൾ ആ നീതിമാന്‍റെ നീതിനിഷ്‌ഠമായ ഹൃദയത്തെ തീവ്രമായി വേദനിപ്പിച്ചുവല്ലോ.  ആകയാൽ തന്‍റെ ഭക്തന്മാരെ എങ്ങനെ പരീക്ഷകളിൽനിന്നു വിടുവിക്കണമെന്നും 10  നീതികെട്ടവരെ ന്യായവിധിദിവസത്തിൽ ഛേദിച്ചുകളയേണ്ടതിനായി എപ്രകാരം സൂക്ഷിക്കണമെന്നും യഹോവ അറിയുന്നു; വിശേഷിച്ച്, ദുഷ്‌കാമത്താൽ വെറിപൂണ്ട് അന്യജഡത്തെ മലിനപ്പെടുത്താൻ നടക്കുന്നവരെയും കർത്തൃത്വത്തെ തുച്ഛീകരിക്കുന്നവരെയുംതന്നെ. ധിക്കാരികളും തന്നിഷ്ടക്കാരുമായ അവർക്ക് മഹിമാധനരെപ്പോലും അധിക്ഷേപിക്കാൻ ഭയമില്ല. 11  അതേസമയം ബലവും ശക്തിയുമേറിയ ദൂതന്മാരാകട്ടെ, യഹോവയുടെ സന്നിധിയിൽ അവനോടുള്ള ഭയാദരവുനിമിത്തം അധിക്ഷേപവാക്കുകളാൽ അവർക്കെതിരെ കുറ്റമാരോപിക്കുന്നില്ല. 12  തങ്ങൾക്ക് അറിഞ്ഞുകൂടാത്തതിനെ ദുഷിക്കുന്ന ഈ മനുഷ്യർ, പിടിയിലകപ്പെട്ട് കൊല്ലപ്പെടാൻ മാത്രമായി പിറന്ന വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വന്തവഷളത്തത്താൽ നശിച്ചുപോകും. 13  തങ്ങളുടെ ദുഷ്‌കർമത്തിന്‍റെ ഫലം അവർ അനുഭവിക്കും. പട്ടാപ്പകൽ സുഖഭോഗങ്ങളിൽ ആറാടുന്നത്‌ അവർക്ക് ആനന്ദം. നിങ്ങളുടെ വിരുന്നുകളിൽ വഞ്ചന ഉപദേശിച്ചുകൊണ്ട് മദിച്ചുരസിക്കുന്ന അവർ, കറകളും കളങ്കങ്ങളുമത്രേ. 14  അവരുടെ കണ്ണുകളിൽ വ്യഭിചാരാസക്തിയും പാപത്തോടുള്ള തീരാദാഹവും നിറഞ്ഞുനിൽക്കുന്നു. ചഞ്ചലചിത്തരെ അവർ വശീകരിക്കുന്നു. അവർ അത്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരും ശപിക്കപ്പെട്ട സന്തതികളുമത്രേ. 15  നേർവഴി വിട്ട് തെറ്റിപ്പോയ അവർ ബെയോരിന്‍റെ മകനായ ബിലെയാമിന്‍റെ മാർഗത്തിൽ നടന്നിരിക്കുന്നു. അനീതിയുടെ കൂലി കൊതിച്ച അവന്‌ 16  തന്‍റെ അപരാധത്തിനു തക്ക ശാസന കിട്ടി. മിണ്ടാപ്രാണിയായ കഴുത മനുഷ്യശബ്ദത്തിൽ സംസാരിച്ച് പ്രവാചകന്‍റെ ഭ്രാന്തഗതിക്കു തടയിട്ടുവല്ലോ. 17  അവർ വെള്ളമില്ലാത്ത ഉറവകളും കൊടുങ്കാറ്റു പറപ്പിക്കുന്ന മൂടൽമഞ്ഞുമാകുന്നു. കൊടിയ കൂരിരുട്ട് അവർക്കായി കരുതിവെച്ചിരിക്കുന്നു. 18  അവർ പൊള്ളയായ വമ്പു പറയുന്നു; വഴിപിഴച്ചവരുടെ ഇടയിൽനിന്നു രക്ഷപ്പെട്ടുവരുന്നവരെ അവർ ജഡികമോഹങ്ങളിലും ദുഷ്‌കാമവൃത്തികളിലും കുടുക്കുന്നു. 19  മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്‌ദാനം ചെയ്യുന്ന ഇവർതന്നെ അധർമത്തിന്‍റെ അടിമകളാകുന്നു; കാരണം, ഒരുവൻ ഏതിനാൽ തോൽപ്പിക്കപ്പെടുന്നുവോ അതിന്‍റെ അടിമയാണവൻ. 20  കർത്താവും രക്ഷകനുമായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്താൽ ലോകത്തിന്‍റെ മാലിന്യങ്ങളിൽനിന്ന് അകന്നുമാറിയവർ വീണ്ടും അവയിൽ കുടുങ്ങി അവയ്‌ക്ക് അടിമപ്പെട്ടാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിത്തീരും. 21  നീതിയുടെ മാർഗം നന്നായി ഗ്രഹിച്ചശേഷം തങ്ങളെ ഏൽപ്പിച്ച വിശുദ്ധകൽപ്പനയിൽനിന്നു പിന്തിരിയുന്നതിനെക്കാൾ അതു ഗ്രഹിക്കാതിരിക്കുന്നതായിരുന്നു അവർക്കു നല്ലത്‌. 22  “സ്വന്തം ഛർദിയിലേക്കു തിരിഞ്ഞ നായ്‌; കുളിച്ചിട്ട് ചെളിയിൽ ഉരുളാൻ പോയ പന്നി” എന്നീ പഴഞ്ചൊല്ലുകൾ ഇവരുടെ കാര്യത്തിൽ അന്വർഥമായിരിക്കുന്നു.

അടിക്കുറിപ്പുകള്‍

2പത്രോ 2:2 * ഗലാത്യർ 5:19-ന്‍റെ അടിക്കുറിപ്പു കാണുക.
2പത്രോ 2:4 * നോഹയുടെ നാളിലെ അനുസരണംകെട്ട ദൂതന്മാരെ ദൈവം ആക്കിയിരിക്കുന്ന തടവറതുല്യമായ അധമാവസ്ഥയെ കുറിക്കുന്നു.
2പത്രോ 2:7 * ഗലാത്യർ 5:19-ന്‍റെ അടിക്കുറിപ്പു കാണുക.