കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 തെസ്സലൊനീക്യർ 2:1-17

2  സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ സാന്നിധ്യത്തെയും അവന്‍റെ അടുക്കൽ നമ്മെ കൂട്ടിച്ചേർക്കുന്നതിനെയുംപറ്റി ഞങ്ങൾക്കു നിങ്ങളോടു പറയാനുള്ളത്‌:  യഹോവയുടെ ദിവസം വന്നെത്തിയിരിക്കുന്നുവെന്ന് അറിയിക്കുന്ന ഒരു അരുളപ്പാടിനാലോ* മൊഴിയാലോ ഞങ്ങളുടേതെന്നു തോന്നിക്കുന്ന ഒരു ലേഖനത്താലോ നിങ്ങൾ സുബോധം വിട്ട് വേഗത്തിൽ ചഞ്ചലപ്പെട്ടുപോകുകയോ ആവേശംകൊള്ളുകയോ അരുത്‌.  ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; ആ ദിവസത്തിനുമുമ്പ് വിശ്വാസത്യാഗം സംഭവിക്കുകയും നാശപുത്രനായ അധർമമനുഷ്യൻ വെളിപ്പെടുകയും വേണം.  അവൻ, “ദൈവം” എന്നു വിളിക്കപ്പെടുന്നതോ പൂജനീയമായി കണക്കാക്കപ്പെടുന്നതോ ആയ സകലത്തിനും മീതെ തന്നെത്തന്നെ ഉയർത്തി ദൈവത്തിന്‍റെ ആലയത്തിൽ ഇരുന്ന് ദൈവമാണെന്നു നടിക്കുന്ന എതിരാളിയത്രേ.  നിങ്ങളോടുകൂടെ ആയിരുന്നപ്പോൾത്തന്നെ ഈ കാര്യങ്ങളെക്കുറിച്ചു ഞാൻ പറയാറുണ്ടായിരുന്നല്ലോ.  സമയത്തിനുമുമ്പ് അവൻ വെളിപ്പെടാതിരിക്കാൻ തക്കവണ്ണം പ്രതിബന്ധമായി നിൽക്കുന്നതെന്തെന്ന് നിങ്ങൾക്കറിയാമല്ലോ.  അധർമത്തിന്‍റെ നിഗൂഢശക്തി ഇപ്പോൾത്തന്നെ വ്യാപരിക്കുന്നുണ്ട്; പ്രതിബന്ധമായി നിൽക്കുന്നവൻ വഴിയിൽനിന്നു നീങ്ങുകയേ വേണ്ടൂ.  അപ്പോൾ അധർമിയായവൻ വെളിപ്പെട്ടുവരും. അവനെ കർത്താവായ യേശു തന്‍റെ വായിലെ ശ്വാസത്താൽ നിഗ്രഹിച്ച് തന്‍റെ സാന്നിധ്യത്തിന്‍റെ പ്രഭാവത്താൽ ഒടുക്കിക്കളയും.  അധർമമനുഷ്യന്‍റെ സാന്നിധ്യം സാത്താന്‍റെ പ്രവർത്തനത്തിനൊത്തവിധം സകലവിധ വീര്യപ്രവൃത്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും 10  അനീതിയോടും എല്ലാത്തരം വഞ്ചനയോടുംകൂടെ ആയിരിക്കും. ഇതൊക്കെയും, നശിച്ചുകൊണ്ടിരിക്കുന്നവർക്ക് ഒരു ശിക്ഷയായി ഭവിക്കും; രക്ഷിക്കപ്പെടാൻ തക്കവണ്ണം അവർ സത്യത്തെ സ്‌നേഹിച്ചു കൈക്കൊള്ളാത്തതിനാൽത്തന്നെ. 11  സത്യത്തിൽ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന എല്ലാവർക്കും ശിക്ഷാവിധി വരേണ്ടതിന്‌ 12  അവർ വ്യാജം വിശ്വസിക്കത്തക്കവിധം ദൈവം അവരെ മിഥ്യാബോധത്തിനു വിട്ടുകൊടുക്കും. 13  എന്നാൽ യഹോവയ്‌ക്കു പ്രിയരായ സഹോദരന്മാരേ, ആത്മാവിനാലുള്ള* വിശുദ്ധീകരണം, സത്യത്തിലുള്ള നിങ്ങളുടെ വിശ്വാസം എന്നിവയാൽ ആദിയിൽത്തന്നെ ദൈവം നിങ്ങളെ രക്ഷയ്‌ക്കായി തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട് നിങ്ങൾക്കുവേണ്ടി ദൈവത്തിനു സദാ നന്ദി നൽകാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. 14  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ മഹത്ത്വം നിങ്ങൾ പ്രാപിക്കേണ്ടതിന്‌ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ ദൈവം നിങ്ങളെ ഈ രക്ഷയിലേക്കു വിളിച്ചിരിക്കുന്നു. 15  ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറച്ചുനിൽക്കുകയും വാക്കാലും ലേഖനത്താലും ഞങ്ങൾ ഉപദേശിച്ചുതന്ന കാര്യങ്ങൾ മുറുകെപ്പിടിക്കുകയും ചെയ്യുവിൻ. 16  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവും, നമ്മെ സ്‌നേഹിച്ച് തന്‍റെ കൃപയാൽ നമുക്ക് നിത്യാശ്വാസവും മഹനീയ പ്രത്യാശയും നൽകിയ നമ്മുടെ പിതാവായ ദൈവവും 17  നിങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകർന്ന് സകല സത്‌പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ സ്ഥിരപ്പെടുത്തട്ടെ.

അടിക്കുറിപ്പുകള്‍

2തെസ്സ 2:2* അല്ലെങ്കിൽ, നിശ്വസ്‌ത മൊഴി. ഗ്രീക്കിൽ, ന്യൂമ; അനുബന്ധം 8 കാണുക.
2തെസ്സ 2:13* അനുബന്ധം 8 കാണുക.