കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 തിമൊഥെയൊസ്‌ 2:1-26

2  ആകയാൽ എന്‍റെ മകനേ, ക്രിസ്‌തുയേശുവിലുള്ള കൃപയാൽ ശക്തിയാർജിക്കുക.  നീ എന്നിൽനിന്നു കേട്ടതും അനേകം സാക്ഷികളാൽ സ്ഥിരീകരിക്കപ്പെട്ടതുമായ കാര്യങ്ങൾ വിശ്വസ്‌തരായ പുരുഷന്മാർക്കു പകർന്നുകൊടുക്കുക; അങ്ങനെ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ സജ്ജരായിത്തീരും.  ക്രിസ്‌തുയേശുവിന്‍റെ ഒരു ഉത്തമ പടയാളിയെന്നനിലയിൽ കഷ്ടം സഹിക്കുന്നതിൽ നീയും പങ്കുകാരനാകുക.  പടയാളിയായി സേവനമനുഷ്‌ഠിക്കുന്ന ഒരുവന്‌ തന്നെ സൈന്യത്തിൽ ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതുള്ളതിനാൽ, അയാൾ മറ്റു കാര്യങ്ങളിൽ വ്യാപൃതനായി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നില്ല.  ഇനി, കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരുവൻ, ചട്ടപ്രകാരമല്ല മത്സരിക്കുന്നതെങ്കിൽ അവനു വിജയകിരീടം ലഭിക്കുകയില്ല.  അതുപോലെ, അധ്വാനിക്കുന്ന കർഷകനാണ്‌ വിളവിന്‍റെ ആദ്യഫലം അനുഭവിക്കേണ്ടത്‌.  ഞാൻ ഈ പറയുന്നത്‌ എപ്പോഴും മനസ്സിൽപ്പിടിച്ചുകൊള്ളണം; കർത്താവ്‌ സകലത്തിലും നിനക്കു വിവേകം നൽകും.  യേശുക്രിസ്‌തു ദാവീദിന്‍റെ സന്തതിയായി ജനിച്ചുവെന്നും മരിച്ച് ഉയിർപ്പിക്കപ്പെട്ടുവെന്നും ഓർത്തുകൊള്ളുക; ഇതാകുന്നു ഞാൻ പ്രസംഗിക്കുന്ന സുവിശേഷം.  ഇതുനിമിത്തമാണ്‌ ഒരു ദുഷ്‌പ്രവൃത്തിക്കാരനെപ്പോലെ ചങ്ങല ധരിച്ച് ഞാൻ കഷ്ടം സഹിക്കുന്നത്‌. എന്നാൽ ദൈവത്തിന്‍റെ വചനമോ ബന്ധിക്കപ്പെട്ടിട്ടില്ല. 10  അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവർ നിത്യതേജസ്സോടെ ക്രിസ്‌തുയേശുവിലെ രക്ഷ പ്രാപിക്കേണ്ടതിന്‌ അവർക്കുവേണ്ടി ഞാൻ സകലതും സഹിക്കുന്നു. 11  നാം അവനോടുകൂടെ മരിച്ചെങ്കിൽ അവനോടുകൂടെ ജീവിക്കുകയും ചെയ്യും; 12  നാം സഹിച്ചുനിൽക്കുന്നെങ്കിൽ അവനോടുകൂടെ രാജാക്കന്മാരായി വാഴും; നാം അവനെ തള്ളിപ്പറയുന്നെങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും; 13  നാം അവിശ്വസ്‌തരായിത്തീർന്നാലും അവൻ വിശ്വസ്‌തനായിരിക്കും; തന്‍റെ പ്രകൃതിക്കു നിരക്കാത്തതു പ്രവർത്തിക്കാൻ അവനു കഴിയുകയില്ലല്ലോ. ഈ വചനം വിശ്വാസയോഗ്യമാകുന്നു. 14  ഈ കാര്യങ്ങൾ അവരെ സദാ ഓർമിപ്പിക്കുക. വാക്കുകളെച്ചൊല്ലി തർക്കിക്കരുതെന്ന് ദൈവസന്നിധിയിൽ നീ അവർക്കു താക്കീതു നൽകണം; എന്തെന്നാൽ കേൾവിക്കാരെ തെറ്റിച്ചുകളയുമെന്നല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. 15  സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യംചെയ്‌തുകൊണ്ട് ലജ്ജിക്കാൻ വകയില്ലാത്ത വേലക്കാരനായി, ദൈവമുമ്പാകെ അംഗീകൃതനായി നിലകൊള്ളാൻ നിന്നാലാവോളം ശ്രമിക്കുക. 16  വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥഭാഷണങ്ങൾ ഒഴിവാക്കുക; അവയിൽ മുഴുകുന്നവരുടെ അഭക്തി ഒന്നിനൊന്ന് ഏറിവരും. 17  അവരുടെ വാക്കുകൾ കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിക്കും. ഹുമനയൊസും ഫിലേത്തൊസും അക്കൂട്ടത്തിൽപ്പെട്ടവരാണ്‌. 18  “പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു” എന്നു വാദിച്ചുകൊണ്ട് സത്യത്തിൽനിന്നു വ്യതിചലിച്ചുപോയിരിക്കുന്ന ഇവർ ചിലരുടെ വിശ്വാസത്തെ മറിച്ചുകളഞ്ഞിരിക്കുന്നു. 19  എന്നാൽ ദൈവം ഉറപ്പിച്ച അടിസ്ഥാനം ഇളകാതെ നിൽക്കുന്നു. “യഹോവ തനിക്കുള്ളവരെ അറിയുന്നു” എന്നും “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആ അടിസ്ഥാനത്തിന്മേൽ മുദ്ര കുത്തിയിരിക്കുന്നു. 20  ഒരു വലിയ വീട്ടിൽ പൊന്നുകൊണ്ടും വെള്ളികൊണ്ടും നിർമിച്ച പാത്രങ്ങൾ മാത്രമല്ല, മരംകൊണ്ടും മണ്ണുകൊണ്ടും നിർമിച്ചവയും ഉണ്ടായിരിക്കും. ചിലത്‌ മാന്യമായ കാര്യങ്ങൾക്കും മറ്റു ചിലത്‌ ഹീനകാര്യങ്ങൾക്കും ഉപയോഗിക്കപ്പെടുന്നു. 21  ഹീനകാര്യങ്ങൾക്കായുള്ളവയിൽനിന്ന് ഒരുവൻ തന്നെത്തന്നെ അകറ്റിനിറുത്തിയാൽ അവൻ മാന്യമായ ഉപയോഗത്തിനുള്ള ഒരു പാത്രമായിരിക്കും; വിശുദ്ധവും ഉടമസ്ഥനു പ്രയോജനകരവും സത്‌പ്രവൃത്തികൾക്കൊക്കെയും ഒരുക്കപ്പെട്ടതുമായ ഒരു പാത്രംതന്നെ. 22  ആകയാൽ യൗവനമോഹങ്ങളെ വിട്ടോടി, ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം, സ്‌നേഹം, സമാധാനം എന്നിവ പിന്തുടരുക. 23  മൗഢ്യവും അർഥശൂന്യവുമായ തർക്കങ്ങൾ, കലഹം ഉളവാക്കുന്നുവെന്നറിഞ്ഞ് അവയിൽനിന്ന് ഒഴിഞ്ഞിരിക്കുക. 24  കർത്താവിന്‍റെ ദാസൻ കലഹിക്കുന്നവൻ ആയിരിക്കരുത്‌; പിന്നെയോ എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നവനും പഠിപ്പിക്കാൻ യോഗ്യനും ക്ഷമയോടെ ദോഷം സഹിക്കുന്നവനും 25  എതിർക്കുന്നവരെ സൗമ്യതയോടെ തിരുത്തുന്നവനും ആയിരിക്കണം. ഒരുപക്ഷേ, വിരോധികൾക്കു ദൈവം സത്യത്തിന്‍റെ പരിജ്ഞാനത്തിനായി അനുതാപം നൽകിയിട്ട്, 26  പിശാച്‌ തന്‍റെ ഇഷ്ടം നിറവേറ്റാനായി അവരെ പിടിച്ചിരിക്കുന്നെങ്കിലും അവർ സുബോധത്തിലേക്കു വന്ന് അവന്‍റെ കെണിയിൽനിന്നു വിടുതൽ പ്രാപിക്കാൻ ഇടയായേക്കാം.

അടിക്കുറിപ്പുകള്‍