കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 കൊരിന്ത്യർ 10:1-18

10  നേരിൽ കാണുമ്പോൾ നിസ്സാരനെന്നും അകലെയായിരിക്കുമ്പോൾ തന്‍റേടമുള്ളവനെന്നും നിങ്ങൾ കരുതുന്ന പൗലോസ്‌ എന്ന ഞാൻ ക്രിസ്‌തുവിന്‍റെ സൗമ്യതയെയും ദയയെയും മുൻനിറുത്തി നിങ്ങളോട്‌ അപേക്ഷിക്കുന്നു.  ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു ചിന്തിക്കുന്ന ചിലരുടെ കാര്യത്തിൽ കാണിക്കണമെന്ന് ഉദ്ദേശിച്ചിട്ടുള്ള തന്‍റേടം നിങ്ങളുടെ അടുക്കൽ വരുമ്പോൾ കാണിക്കാൻ ഇടവരുത്തരുതെന്നു ഞാൻ യാചിക്കുകയാണ്‌.  ജഡത്തിൽ ജീവിക്കുന്നെങ്കിലും ഞങ്ങൾ ജഡപ്രകാരമല്ല പോരാടുന്നത്‌.  പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല; കോട്ടകളെപ്പോലും തകർത്തുകളയാൻതക്ക ശക്തിയുള്ള ദൈവിക ആയുധങ്ങളാണവ.  ദൈവപരിജ്ഞാനത്തിനെതിരായി ഉയർന്നുവരുന്ന വാദമുഖങ്ങളെയും എല്ലാ വൻപ്രതിബന്ധങ്ങളെയും ഞങ്ങൾ ഇടിച്ചുകളയുന്നു; സകല ചിന്താഗതികളെയും കീഴടക്കി ഞങ്ങൾ അവയെ ക്രിസ്‌തുവിനോടുള്ള അനുസരണത്തിന്‌ അടിമപ്പെടുത്തുന്നു.  നിങ്ങളുടെ അനുസരണം തികഞ്ഞുവന്നാലുടൻ, അനുസരിക്കാത്തവരായി ശേഷിക്കുന്നവരെ ശിക്ഷിക്കാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്‌.  ബാഹ്യമായി മാത്രമേ നിങ്ങൾ കാര്യങ്ങളെ കാണുന്നുള്ളൂ. താൻ ക്രിസ്‌തുവിനുള്ളവനെന്ന് ഒരുവൻ കരുതുന്നെങ്കിൽ, അവനെപ്പോലെതന്നെ ഞങ്ങളും ക്രിസ്‌തുവിനുള്ളവരാണെന്ന് അവൻ മനസ്സിലാക്കിക്കൊള്ളട്ടെ.  കർത്താവ്‌ ഞങ്ങൾക്കു തന്നിരിക്കുന്ന അധികാരം നിങ്ങളെ പടുത്തുയർത്താനാണ്‌, തകർക്കാനല്ല; ആ അധികാരത്തെക്കുറിച്ചു ഞാൻ കുറച്ചധികം അഭിമാനിച്ചാൽത്തന്നെ അതു ന്യായയുക്തമാണുതാനും.  എന്‍റെ കത്തുകളാൽ ഞാൻ നിങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നു നിങ്ങൾ വിചാരിക്കാതിരിക്കാനാണ്‌ ഇതു പറയുന്നത്‌. 10  “അവന്‍റെ കത്തുകൾ ഘനവും ഊറ്റവുമുള്ളത്‌. നേരിൽ കാണുമ്പോഴോ അവൻ കാഴ്‌ചയ്‌ക്കു ദുർബലനും അവന്‍റെ സംസാരം കഴമ്പില്ലാത്തതുമാണ്‌” എന്നു ചിലർ പറയുന്നുവല്ലോ. 11  അകലെയായിരിക്കുമ്പോൾ കത്തുകളിലെ വാക്കുകളിൽ ഞങ്ങൾ എങ്ങനെയോ, അങ്ങനെതന്നെയായിരിക്കും അടുത്തായിരിക്കുമ്പോൾ പ്രവൃത്തിയിലും എന്ന് അക്കൂട്ടർ മനസ്സിലാക്കിക്കൊള്ളട്ടെ. 12  ആത്മപ്രശംസ നടത്തുന്ന ചിലരുടെ കൂട്ടത്തിൽ ചേരാനോ അവരോടു ഞങ്ങളെ തുലനം ചെയ്യാനോ അല്ല ഞങ്ങൾ തുനിയുന്നത്‌. അവർ സ്വന്തം മാനദണ്ഡങ്ങൾകൊണ്ട് തങ്ങളെത്തന്നെ അളക്കുന്നു; തങ്ങളെ തങ്ങളോടുതന്നെ തുലനം ചെയ്യുന്നു; ഇങ്ങനെയുള്ളവർക്കു തിരിച്ചറിവില്ല. 13  പരിധി വിട്ടു ഞങ്ങൾ അഭിമാനിക്കുകയില്ല. ദൈവം അളന്നു നിശ്ചയിച്ചുതന്ന പരിധി ഞങ്ങൾ പാലിക്കും; ആ പരിധിയിൽ നിങ്ങളും ഉൾപ്പെടുന്നു. 14  നിങ്ങളെ കയ്യെത്തിച്ചുപിടിക്കാൻ നിങ്ങൾ ഞങ്ങളുടെ പരിധിക്കപ്പുറത്തല്ലല്ലോ. ക്രിസ്‌തുവിനെക്കുറിച്ചുള്ള സുവിശേഷം ഘോഷിച്ചുകൊണ്ട് നിങ്ങളുടെ അടുക്കലേക്ക് ആദ്യം കടന്നുവന്നതുതന്നെ ഞങ്ങളാണ്‌. 15  അതെ, ഞങ്ങൾ അതിർത്തി കടന്ന്, മറ്റൊരുവന്‍റെ അധ്വാനത്തിൽ അഭിമാനിക്കുകയല്ല; നിങ്ങളുടെ വിശ്വാസം വർധിച്ചുവരുമ്പോൾ ഞങ്ങളുടെ അതിർത്തിക്കുള്ളിൽ, നിങ്ങൾക്കിടയിൽത്തന്നെ വളരെ ഫലം കൊയ്യാമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. 16  ഞങ്ങളുടെ പ്രവർത്തനമണ്ഡലം ഇനിയും ഏറെ വ്യാപിക്കും; അങ്ങനെ, നിങ്ങളുടേതിനും വളരെ അപ്പുറത്തുള്ള ദേശങ്ങളിലും സുവിശേഷവുമായി ഞങ്ങൾ കടന്നുചെല്ലും; അപ്പോൾ മറ്റൊരുവൻ കൃഷിയിറക്കിയ വയലിൽ എന്തെങ്കിലും ചെയ്‌തിട്ട് അഭിമാനിക്കുന്നു എന്ന് ഞങ്ങളെക്കുറിച്ച് ആർക്കും പറയാനാവില്ല. 17  “അഭിമാനിക്കുന്നവൻ യഹോവയിൽ അഭിമാനിക്കട്ടെ.” 18  സ്വയം പ്രശംസിക്കുന്നവനല്ല, യഹോവ പ്രശംസിക്കുന്നവനത്രേ സ്വീകാര്യൻ.

അടിക്കുറിപ്പുകള്‍