കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 കൊരിന്ത്യർ 1:1-24

1  ദൈവേഷ്ടത്താൽ ക്രിസ്‌തുയേശുവിന്‍റെ അപ്പൊസ്‌തലനായിരിക്കുന്ന പൗലോസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്‌ക്കും അഖായയിൽ എല്ലായിടത്തുമുള്ള സകല വിശുദ്ധന്മാർക്കും എഴുതുന്നത്‌:  നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്‌തുവിൽനിന്നും നിങ്ങൾക്ക് കൃപയും* സമാധാനവും ഉണ്ടാകുമാറാകട്ടെ.  മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്‍റെയും ദൈവവുമായി, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെടുമാറാകട്ടെ.  ദൈവത്തിൽനിന്ന് നമുക്കു ലഭിക്കുന്ന ആശ്വാസത്താൽ ഏതു കഷ്ടതയിലുമുള്ളവരെ ആശ്വസിപ്പിക്കാൻ നാം പ്രാപ്‌തരായിരിക്കേണ്ടതിന്‌ നമ്മുടെ കഷ്ടതകളിലൊക്കെയും അവൻ നമ്മെ ആശ്വസിപ്പിക്കുന്നു.  ക്രിസ്‌തുവിനെപ്രതിയുള്ള കഷ്ടങ്ങൾ പെരുകുന്നതോടൊപ്പം ക്രിസ്‌തുവിലൂടെ ലഭിക്കുന്ന ആശ്വാസവും നമ്മിൽ നിറഞ്ഞുകവിയുന്നു.  ഞങ്ങൾ കഷ്ടം അനുഭവിക്കുന്നെങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്‌ക്കുംവേണ്ടിയത്രേ; ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ അതും നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിത്തന്നെ. ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടങ്ങൾ ക്ഷമയോടെ സഹിക്കാൻ അതു നിങ്ങളെ പ്രാപ്‌തരാക്കുന്നു.  ഞങ്ങളുടെ കഷ്ടങ്ങളിലെന്നപോലെ ഞങ്ങളുടെ ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും എന്ന് അറിയുന്നതിനാൽ നിങ്ങളെ സംബന്ധിച്ച് ഞങ്ങൾക്കുള്ള പ്രത്യാശ ഉറപ്പുള്ളതാണ്‌.  സഹോദരന്മാരേ, ഏഷ്യാപ്രവിശ്യയിൽ ഞങ്ങൾ സഹിച്ച കഷ്ടങ്ങൾ നിങ്ങൾ അറിയാതെ പോകരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ജീവനോടിരിക്കുമോ എന്നുപോലും ആശങ്കതോന്നുമാറ്‌ സഹിക്കാവുന്നതിനപ്പുറമായി ഞങ്ങൾ ഞെരുക്കപ്പെട്ടു.  ഞങ്ങൾ മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നതായി ഞങ്ങൾക്കു തോന്നി. ഞങ്ങളിലല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ഞങ്ങൾ ആശ്രയിക്കേണ്ടതിനത്രേ ഇതു സംഭവിച്ചത്‌. 10  അത്ര ഭയങ്കരമായ വിപത്തിൽനിന്നാണ്‌ അവൻ ഞങ്ങളെ വിടുവിച്ചത്‌; ഇനിയും അവൻ ഞങ്ങളെ രക്ഷിക്കുമെന്ന് ഞങ്ങൾ അവനിൽ പ്രത്യാശ വെച്ചിരിക്കുന്നു. 11  നിങ്ങളും ഞങ്ങൾക്കുവേണ്ടി യാചനകഴിച്ചുകൊണ്ട് തുണനിൽക്കണം. അങ്ങനെ, അനേകരുടെ പ്രാർഥനയാൽ ഞങ്ങൾക്കു ലഭിച്ച കൃപനിമിത്തം അനേകർ ഞങ്ങൾക്കുവേണ്ടി നന്ദിയർപ്പിക്കാൻ ഇടയാകട്ടെ. 12  ഞങ്ങൾ ലോകത്തിൽ ജീവിച്ചതും വിശേഷാൽ നിങ്ങളോട്‌ ഇടപെട്ടതും ജഡികജ്ഞാനപ്രകാരമല്ല, ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വിശുദ്ധിയോടും ദൈവദത്തമായ ആത്മാർഥതയോടുംകൂടെ ആയിരുന്നെന്ന് ഞങ്ങളുടെ മനസ്സാക്ഷി സാക്ഷ്യം പറയുന്നു; ഇതിൽ ഞങ്ങൾ അഭിമാനിക്കുകയും ചെയ്യുന്നു. 13  നിങ്ങൾ അറിഞ്ഞും ഗ്രഹിച്ചും ഇരിക്കുന്ന കാര്യങ്ങളല്ലാതെ ഒന്നും ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നില്ല; നിങ്ങൾ അവസാനത്തോളം അവ ഹൃദയത്തിൽ കരുതിക്കൊള്ളുമെന്നു ഞാൻ പ്രത്യാശിക്കുന്നു. 14  ഞങ്ങൾ നിങ്ങൾക്ക് അഭിമാനകാരണമായിരിക്കുന്നുവെന്ന് നിങ്ങൾ ഏറെക്കുറെ മനസ്സിലാക്കിയിരിക്കുന്നുവല്ലോ; അതുപോലെ, നമ്മുടെ കർത്താവായ യേശുവിന്‍റെ നാളിൽ നിങ്ങൾ ഞങ്ങൾക്കും അഭിമാനകാരണമായിരിക്കും. 15  ഈ ബോധ്യമുള്ളതുകൊണ്ടാണ്‌ നിങ്ങൾക്കു രണ്ടാമതും സന്തോഷിക്കാൻ കാരണമുണ്ടാകേണ്ടതിനു നിങ്ങളുടെ അടുക്കൽ വരണമെന്നു ഞാൻ നേരത്തേ ഉദ്ദേശിച്ചത്‌. 16  മാസിഡോണിയയിലേക്കു പോകുന്നവഴി നിങ്ങളെ സന്ദർശിക്കണമെന്നും മാസിഡോണിയയിൽനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുത്തെത്തണമെന്നും അവിടെനിന്ന് നിങ്ങൾ എന്നെ യെഹൂദ്യയിലേക്കു യാത്ര അയയ്‌ക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു. 17  ഞാൻ ഇങ്ങനെ തീരുമാനിച്ചത്‌ ലാഘവബുദ്ധിയോടെയോ? “ഉവ്വ്” എന്നും “ഇല്ല” എന്നും ഒരേസമയം പറയത്തക്കവിധം ജഡികരീതിയിലോ ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത്‌? 18  നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകൾ ഒരേസമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല; ദൈവം വിശ്വസ്‌തനാണെന്നത്‌ എത്ര തീർച്ചയാണോ അത്രതന്നെ തീർച്ചയാണത്‌. 19  ഞാനും സില്വാനൊസും തിമൊഥെയൊസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ ക്രിസ്‌തുയേശു ഒരേസമയം ഉവ്വ് എന്നും ഇല്ല എന്നും ആയിരുന്നില്ല. അവനിൽ ഉവ്വ് എന്നത്‌ എപ്പോഴും ഉവ്വ് എന്നുതന്നെയാണ്‌. 20  ദൈവത്തിന്‍റെ വാഗ്‌ദാനങ്ങൾ എത്രയുണ്ടെങ്കിലും അവയെല്ലാം അവൻ മുഖാന്തരം ഉവ്വ് എന്നായിരിക്കുന്നു. അതുകൊണ്ടത്രേ ദൈവമഹത്ത്വത്തിനായി നാം അവനിലൂടെ ദൈവത്തോട്‌ “ആമേൻ” എന്നു പറയുന്നത്‌. 21  എന്നാൽ നിങ്ങളും ഞങ്ങളും ക്രിസ്‌തുവിനുള്ളവരെന്ന് ഉറപ്പുനൽകുന്നതും നമ്മെ അഭിഷേകം ചെയ്‌തിരിക്കുന്നതും ദൈവമാണ്‌. 22  അവൻ നമ്മുടെമേൽ തന്‍റെ മുദ്ര പതിപ്പിക്കുകയും അച്ചാരമായി തന്‍റെ ആത്മാവിനെ* നമ്മുടെ ഹൃദയങ്ങളിൽ പകരുകയും ചെയ്‌തിരിക്കുന്നു. 23  നിങ്ങളെ കൂടുതൽ വിഷമിപ്പിക്കരുതെന്നു കരുതിയാണ്‌ ഞാൻ ഇതുവരെ കൊരിന്തിലേക്കു വരാതിരുന്നത്‌. ഇതിന്‌ ദൈവംതന്നെ എനിക്കു സാക്ഷി. 24  ഞങ്ങൾ നിങ്ങളുടെ വിശ്വാസത്തിന്മേൽ ആധിപത്യം പുലർത്തുന്നവരല്ല; നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്‌; നിങ്ങൾ ഉറച്ചുനിൽക്കുന്നത്‌ നിങ്ങളുടെ വിശ്വാസത്താൽത്തന്നെയല്ലോ.

അടിക്കുറിപ്പുകള്‍

2കൊരി 1:2യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
2കൊരി 1:22* അനുബന്ധം 8 കാണുക.